‘ഓർമകളിൽ നിറയുന്നത് പുസ്തകങ്ങൾക്കിടയിലെ അച്ഛൻ’: എൻ.വി.കൃഷ്ണവാര്യരുടെ മകൾ ഡോ. വാണി കൃഷ്ണവാര്യർ

എൻ.വി. കൃഷ്ണവാര്യർ, ഭാര്യ പി.വി. ലക്ഷ്മിക്കുട്ടി എന്നിവർക്കൊപ്പം മകൾ ഡോ. വാണി കൃഷ്ണവാര്യർ (ഫയൽ ഫോട്ടോ)
എൻ.വി. കൃഷ്ണവാര്യർ, ഭാര്യ പി.വി. ലക്ഷ്മിക്കുട്ടി എന്നിവർക്കൊപ്പം മകൾ ഡോ. വാണി കൃഷ്ണവാര്യർ (ഫയൽ ഫോട്ടോ)

ഷാർജ : ബഹുഭാഷാ പണ്ഡിതനായ സാഹിത്യകാരൻ എൻ.വി.കൃഷ്ണവാര്യർ ഓർമയായിട്ട് വ്യാഴാഴ്ച 34 വർഷം പൂർത്തിയാവുന്നു. ദീർഘകാലം മാതൃഭൂമി ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. ഒരു തലമുറയെ എഴുത്തിന്റെ ലോകത്തേക്ക് വഴികാട്ടിയായിനിന്ന എൻ.വി. മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരനായിരുന്നു. എഴുതിയും വായിച്ചും മക്കളെ സ്നേഹിച്ചും മതിവരാത്ത അച്ഛനെക്കുറിച്ചാണ് എൻ.വി. യുടെ മകൾ ഡോ. വാണി കൃഷ്ണവാര്യർക്ക് ഏറ്റവുംകൂടുതൽ ഓർക്കാനുള്ളത്. ദുബായിൽ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണവർ.

'അച്ഛനെക്കുറിച്ചോർക്കാത്ത നേരമില്ല. എന്തെങ്കിലും കുത്തിക്കുറിക്കുമ്പോൾ, വായനയിൽ, യാത്രയിൽ, വേദനയിൽ..അങ്ങിനെയെപ്പോഴും അച്ഛൻ കൂടെയുണ്ടെന്ന് തോന്നും'. എൻ.വി.യുടെ മകൾ ഡോ.വാണി പറഞ്ഞു. വാണി ജനിക്കുമ്പോൾ എൻ.വി. കൃഷ്ണവാര്യർ കോഴിക്കോട് മാതൃഭൂമിയിൽ ജോലി ചെയ്യുകയായിരുന്നു. താമസം മാതൃഭൂമിയോട് ചേർന്നുള്ള ഗോഡൗൺ താമസയിടമാക്കി പരിഷ്കരിച്ച കെട്ടിടത്തിൽ. ഏറെ പരിമിതമായ സൗകര്യത്തിലായിരുന്നു ആ സമയം എൻ.വി.യും കുടുംബവും കഴിഞ്ഞിരുന്നത്.

'വീട്ടിലെ സ്വീകരണമുറി അച്ഛന്റെ ഓഫീസ് മുറി കൂടിയായിരുന്നു. മുറിയുടെ നിലംതൊട്ട് ഉത്തരംവരെ അലമാരകളിൽ നിറയെ തിങ്ങിനിറഞ്ഞ് പുസ്തകങ്ങൾ. ആ പുസ്തകങ്ങൾക്ക് നടുവിൽ ചാരുകസേരയിലിരുന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന അച്ഛനെ ഇന്നലെ കണ്ടതുപോലെ തോന്നുന്നു'. - വാണി പറഞ്ഞു. അക്കാലത്ത് മലയാളത്തിലെ ഒട്ടേറെ മുതിർന്ന സാഹിത്യകാരൻമാർ വീട്ടിൽവന്നതും അച്ഛനൊപ്പം ആഹാരംകഴിച്ചതുമെല്ലാം മകളോർക്കുന്നു. ആ ചെറിയ താമസയിടത്തിൽ മഹാന്മാർ വന്നുപോയത് എൻ.വി.യോടുള്ള ആദരവായിരുന്നു. കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം. ഗേൾസ് സ്‌കൂളിൽ വാണി രണ്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ഗാന്ധിനഗർ കോളനി എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് കടലിനുസമീപമായി സ്വന്തമായൊരു വീടുണ്ടാക്കി താമസം മാറിയത്. ഇപ്പോഴും ആ സ്ഥലം എൻ.വി.യുടെ കുടുംബത്തിന്റെ പേരിലുണ്ട്. വീടിനടുത്തുള്ള സ്‌കൂളിൽ മകൾ പഠിക്കണമെന്നായിരുന്നു എൻ.വി.എപ്പോഴും ആഗ്രഹിച്ചത്. കടൽത്തീരത്ത് താമസിച്ച നിർധനരായ കുട്ടികൾക്കൊപ്പമാണ് വാണിയും സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത്. അത് അച്ഛന്റെ നിർബന്ധമായിരുന്നു. മലയാളം മീഡിയത്തിൽ മക്കൾ പഠിച്ച് വളരണമെന്നും എൻ.വി. ആഗ്രഹിച്ചു.

എൻ.വി.യുടെ മകൾ എന്നനിലയിൽ സ്‌കൂളിൽ ഉയർന്ന പരിഗണന കിട്ടിയതായും വാണി ഓർക്കുന്നു. തൊടിയിലെ ചെടികൾക്ക് വളമായിടാൻ ദൂരെ പറമ്പിലുള്ള ചാണകംവാരിക്കൊണ്ടുവരാനും അച്ഛൻ പറയും, അതൊക്കെ മണ്ണിൽ പണിയെടുക്കുന്ന മനുഷ്യരോടുള്ള അച്ഛന്റെ ആഭിമുഖ്യമായിരുന്നുവെന്ന് പിന്നീട് എൻ.വി. യുടെ മക്കൾ ഓർക്കാറുണ്ട്. മകളെയെടുത്ത് കടലിൽ കുളിക്കാൻകൊണ്ടുപോയ അച്ഛനും വാണിയുടെ മനസ്സിൽ നിറയുന്നു. അച്ഛന്റെ തോളിലിരുന്നുള്ള സുരക്ഷാബോധം പറഞ്ഞറിയിക്കാൻ സാധിക്കില്ല.

പിന്നീട് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടറായി എൻ.വി. തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ കുടുംബവും അങ്ങോട്ടേക്ക് മാറി. മക്കൾ സംസ്‌കൃതം പഠിക്കണമെന്നും എൻ.വി. ആഗ്രഹിച്ചു. അതിനുവേണ്ട പ്രോത്സാഹനവും നൽകി. അവധിക്കാലങ്ങളിൽ മക്കളെ കൂടുതൽ ഉറങ്ങാൻപോലും അനുവദിക്കാതെ അച്ഛൻ സംസ്‌കൃതം പഠിപ്പിച്ചതും വാണിയുടെ ഓർമയിലുണ്ട്. അതിരാവിലെ കാളിദാസ കാവ്യങ്ങളടക്കം വായിക്കാൻ ആവശ്യപ്പെട്ടു. മക്കൾ വാക്കുകൾ തപ്പിവായിക്കാൻ തുടങ്ങുമ്പോഴേക്കും അച്ഛൻ ഹൃദ്യസ്ഥമാക്കിയ ശ്ലോകങ്ങൾ ചൊല്ലിത്തീർന്നിട്ടുണ്ടാവും. വാക്കുകളുടെ അർഥവും വിശദമായി എൻ.വി.പഠിപ്പിക്കും. തലേന്ന് പഠിച്ച സംസ്‌കൃത ശ്ലോകങ്ങൾ പിറ്റേന്ന് കാണാപാഠമായി ചൊല്ലണമെന്നും അച്ഛന്റെ നിർബന്ധമാണ്.

ഇപ്പോഴും കഠിനമായ സംസ്‌കൃതം അറിയാതെയാകുമ്പോൾ അച്ഛനുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നുവെന്നും വാണി പറഞ്ഞു. വീട്ടിലെല്ലാവരും ഒന്നിച്ചിരുന്ന് അക്ഷരശ്ലോകവും ചൊല്ലി.

കുഞ്ഞുപ്രായത്തിലെ പോസ്റ്റ് ഓഫീസിൽപോയി കത്തുകൾ രജിസ്റ്റർ ചെയ്തയക്കാൻപോലും എൻ.വി.മകളെ പ്രേരിപ്പിച്ചു. കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യണമെന്ന അച്ഛന്റെ നിർബന്ധമായിരുന്നു അതെല്ലാം. വീട്ടുകാര്യങ്ങളെല്ലാം അമ്മ ഭംഗിയായി നിർവഹിച്ചു.

ഓഫീസിലേക്ക് പോകുമ്പോൾ ഖദർ കുപ്പായത്തിന്റെ കീശയിൽ അമ്മ വെച്ചുകൊടുത്ത 10 രൂപയും ചുവന്ന 'പോക്കറ്റ് ഡയറി' യും മകളുടെ മനസ്സിലുണ്ട്. വൈകീട്ട് ജോലികഴിഞ്ഞെത്തുമ്പോൾ മക്കൾക്ക് വായിക്കാൻ പുസ്തകങ്ങളും കൊണ്ടുവന്നു. കഞ്ഞിയും ചെറുപയറും ചുട്ട പപ്പടവുമായിരുന്നു എൻ.വി.യുടെ ഇഷ്ടഭക്ഷണം. ഏതുസമയത്തും എഴുത്തും വായനയുമായി കഴിഞ്ഞ അച്ഛൻ കടൽത്തീരത്ത് ധ്യാനമിരിക്കുന്നതും മകളുടെ ഓർമയിലുണ്ട്. ഓർമശക്തിയിൽ അച്ഛൻ 'സഞ്ചരിക്കുന്ന സർവവിജ്ഞാനകോശ' മാണ്.

ജീവിതവിജയത്തിൽ അച്ഛൻ പഠിപ്പിച്ചുതന്ന ശ്ലോകങ്ങൾതന്നെയാണ് ഇന്നും വാണിക്ക് കൈമുതൽ. ജീവിതത്തിൽ ആഡംബരമില്ലാത്ത അച്ഛന്റെ മകളായി ജനിക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ സന്തോഷം. 72 - മത്തെ വയസ്സിലായിരുന്നു എൻ.വി. മരിച്ചത്. 'അച്ഛൻ മരിക്കുമ്പോൾ തമിഴ്നാട്ടിൽ മെഡിക്കൽ പഠനത്തിലായിരുന്നു. തിരിച്ചെത്തുമ്പോൾ അച്ഛൻ ആശുപത്രി ഐ.സി.യു. വിലായി. 15 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് അച്ഛൻ മരിച്ചത്.

സർക്കാർ ബഹുമതികളോടെ അച്ഛനെ സംസ്കരിക്കുന്നത് കണ്ണീരോടെ നോക്കിനിന്നതും എങ്ങിനെ മറക്കാനാണ്'- മകൾ ഡോ. വാണി കൃഷ്ണവാര്യർ വിതുമ്പിക്കൊണ്ട് പറഞ്ഞു. 2009 - ൽ എൻ.വി. യുടെ ഭാര്യ പി.വി. ലക്ഷ്മിക്കുട്ടിയും മരിച്ചു. ഡോ. പാർവതി, ഡോ.ഉഷ എന്നിവരാണ് വാണിയുടെ സഹോദരങ്ങൾ. 22 വർഷമായി ദുബായിലുണ്ട്. എൻജിനിയറായ രാധാകൃഷ്ണനാണ് ഭർത്താവ്. ഹരികൃഷ്ണൻ, ഡോ.ആതിര (യു.കെ.) എന്നിവർ മക്കളാണ്.

Content Highlights: N.V Krishna Warrier, Dr. Vani Krishna Warrier, Mathrubhumi