മലയാളി മൗനത്തിന്റെ മൂല്യം പഠിച്ചിട്ടുണ്ടെങ്കിൽ അത് എം.ടിയിൽ നിന്നാണ് - എം.എന്‍. കാരശ്ശേരി

എം.എന്‍. കാരശ്ശേരി | ഫോട്ടോ: പി.പി. ബിനോജ്‌
എം.എന്‍. കാരശ്ശേരി | ഫോട്ടോ: പി.പി. ബിനോജ്‌

എം.ടി.യെക്കുറിച്ച് ആളുകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള പല ധാരണകളേയും പരാമര്‍ശിച്ചും അവയെ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിച്ചുമാണ്, എം.ടി. വാസുദേവന്‍ നായരുടെ നവതിയാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി സംഘടിപ്പിച്ച 'സുകൃത'ത്തില്‍ എം.എന്‍. കാരശ്ശേരി സംസാരിച്ചത്.  അഞ്ച് ദിവസം നീണ്ട പരിപാടിയുടെ സമാപനദിനത്തില്‍ 'എം.ടി. ഒരു സമീപദൃശ്യം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ എം.എന്‍. കാരശ്ശേരി എം.ടി.യോടൊപ്പമുള്ള വര്‍ഷങ്ങള്‍ നീണ്ട ഇടപഴകലില്‍നിന്ന് താന്‍ മനസ്സിലാക്കിയ എം.ടി. വാസുദേവന്‍ നായരെ വരച്ചിടുകയായിരുന്നു. പ്രഭാഷണത്തില്‍നിന്ന്‌; 

എം.ടി. വാസുദേവന്‍ നായരുടെ വ്യക്തിത്വത്തെ എങ്ങനെയാണ് വിശകലനം ചെയ്യുക? ഇത് ചില്ലറ ബുദ്ധിമുട്ടല്ല. ഞാൻ ഈ സമയത്ത് ഓര്‍മിക്കുന്നത് എസ്.കെ. പൊറ്റെക്കാട്ടിനെയാണ്. അദ്ദേഹം 1970-ല്‍ 'ലണ്ടന്‍ നോട്ട്ബുക്ക്'എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിലെ വളരെ കൗതുകകരമായൊരു അനുഭവമുണ്ട്. അദ്ദേഹം ലണ്ടനില്‍ ചെന്നു. രണ്ട് മൂന്ന് ആഴ്ചയേ ഉണ്ടായിരുന്നുള്ളു. ചെലവാക്കാന്‍ കൈയില്‍ കാശില്ലാതെ അവിടെ വളരെ കഷ്ടപ്പാടായിരുന്നു. അന്ന് ഡോ. കെ.എം. ജോര്‍ജ് അവിടെയുണ്ട്. അവര്‍ രണ്ടുപേരുംകൂടി പാര്‍ക്കിലിരിക്കുമ്പോള്‍ ഒരു സായിപ്പ് നടന്ന് പോകുന്നുണ്ട്. ജോര്‍ജ് ചോദിച്ചു; 'എസ്.കെ., ആ പോകുന്നത് ആരാണെന്നറിയാമോ?' 
'ഇല്ലല്ലോ. ആരാ അത്?'  
'അതാണ് ടി.എസ്. എലിയറ്റ്'- ജോര്‍ജ് പറഞ്ഞു. 
എസ്.കെ ആകെ അമ്പരന്നു. 
'അയ്യോ. ജോര്‍ജേ, എനിക്കൊന്ന് പരിചയപ്പെടണമല്ലോ'എന്നദ്ദേഹം പറഞ്ഞു.
അങ്ങനെ എഴുത്തുകാരെ കാണാനും സംസാരിക്കാനുമുള്ള സൗകര്യം അന്ന് യൂറോപ്പിലില്ല. ലണ്ടനില്‍ തീരെയില്ല. ടി.എസ്. എലിയറ്റ് 1965-ല്‍ മരിച്ചുപോയി. ഈ പുസ്തകം വരുന്നത് പിന്നേയും അഞ്ച് വര്‍ഷം കഴിഞ്ഞിട്ടാണ്. 

എം.ടി. വാസുദേവന്‍ നായരെ കാണുമ്പോള്‍ ചെന്ന് കണ്ടുകളയാം എന്ന് ധൈര്യമുള്ള എത്രപേര്‍ ഈ കൂട്ടത്തിലുണ്ടെന്ന് ആലോചിക്കുക. അങ്ങനെ ധൈര്യമുള്ള ഒരാളല്ല ഞാന്‍. അദ്ദേഹത്തിന്റെ അറിവോ അനുവാദമോ ഇല്ലാതെ ഇത്രയും കൊല്ലത്തിനിടയ്ക്ക് രണ്ട് വട്ടമാണ് ഞാന്‍ അദ്ദേഹത്തെ ചെന്ന് കണ്ടത്. അത് തുഞ്ചന്‍പറമ്പിലെ ഒന്നുരണ്ട് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. എനിക്ക് ധൈര്യമില്ല, ധൈര്യപ്പെടാന്‍ പാടില്ല. എന്താണ് കാര്യം? അതായത്, മനുഷ്യര്‍ക്ക് സ്വകാര്യത, മലയാളികള്‍ക്ക് മനസ്സിലാകാന്‍ പച്ചമലയാളത്തില്‍ പറയാം, 'പ്രൈവസി' എന്നൊരു സാധനമുണ്ടെന്ന് നമ്മളെ ആര് പഠിപ്പിക്കും? എം.ടി. വാസുദേവന്‍ നായര്‍ പഠിപ്പിക്കും. 

എന്താണത്? എന്റെ സ്വകാര്യതയിലേക്ക് നിങ്ങളിങ്ങനെ ഇരച്ചുകേറി വരാന്‍ പാടില്ല. നിങ്ങളുടെ സ്വകാര്യതയിലേക്ക് ഞാനൊരിക്കലും കടന്നുകയറുകയില്ല. എം.ടി.യോട് കുറച്ചൊക്കെ അടുത്ത് പെരുമാറിയിട്ട് എനിക്ക് മനസ്സിലായ ഒരു പ്രധാനപ്പെട്ട കാര്യം അദ്ദേഹം നമ്മള്‍ മലയാളികളെ അത് പഠിപ്പിക്കുന്നു എന്നതാണ്. നമുക്ക് പല എഴുത്തുകാരേയും പരിചയമുണ്ട്. അവരുടെയടുത്ത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. ഉദാഹരണം, ബഷീര്‍. ഞാന്‍ ബഷീറിന് ആദ്യം ഒരു കത്തയച്ചു; 'എനിക്ക് താങ്കളെ ഒന്ന് വന്ന് കാണണമെന്നുണ്ട്. എപ്പോള്‍ വരുന്നതാണ് താങ്കള്‍ക്ക് സൗകര്യം?' എന്ന്.  
അതിന്റെ മറുപടി;
'താങ്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ വീട്ടിലേക്ക് വരാം' എന്നായിരുന്നു. വലിയ വ്യത്യാസമില്ലേ? കാരണം, ഇത് രണ്ടും രണ്ട് ലോകമാണ്. 

എം.ടി. വാസുദേവന്‍ നായരുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എഴുത്താണ്. ഈ മനുഷ്യന്‍ 112 രചനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. 19 കഥാസമാഹാരങ്ങള്‍, 9 നോവല്‍ അങ്ങനെ. ഈ സദസ്സിലെ എത്രപേര്‍ക്ക് ആലോചിക്കാന്‍ പറ്റും, എത്ര തിരക്കഥയെഴുതി എം.ടി.യെന്ന്? 60 സ്‌ക്രിപ്റ്റ് എഴുതി. ആലോചിച്ചുനോക്കൂ. അദ്ദേഹത്തിന് കുട്ടിക്കാലം തൊട്ടുതന്നെ സ്വന്തം ദാരിദ്ര്യത്തോട് പൊരുതണം. മാതൃഭൂമിയില്‍ ജോലി ചെയ്യുമ്പോള്‍ ഒഴിവുസമയം ഉപയോഗിച്ച് എം.ബി. ട്യൂട്ടോറിയലില്‍ ക്ലാസെടുക്കണം, കഥയെഴുതണം, നോവല്‍ എഴുതണം. പത്രാധിപത്യമുണ്ട്, അവനവന്റെ വായനയുണ്ട്, ഇങ്ങനെ ഒരുപിടി പണികളുണ്ട്. അദ്ദേഹം അമ്പത്തിരണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അതൊന്നും ചെറിയ സംഗതികളല്ല. മലയാളഭാഷയില്‍ ഇത്രയും തിരക്കുള്ളൊരു എഴുത്തുകാരനുണ്ടായിട്ടില്ല. ഇദ്ദേഹം എഴുതാത്ത സാഹിത്യശാഖകളില്ല. നോവലുണ്ട്, ചെറുകഥയുണ്ട്, ഉപന്യാസമുണ്ട്, സാഹിത്യപഠനമുണ്ട്, ബാലസാഹിത്യമുണ്ട്, നാടകമുണ്ട്, പരിഭാഷയുണ്ട്; നിരന്തരം ജോലി ചെയ്യുന്നു. എന്റെ അറിവില്‍ ഉറങ്ങാത്തപ്പോള്‍ എം.ടി. വിശ്രമിക്കുന്നത് ഉച്ചയ്ക്ക് രണ്ടുമണിതൊട്ട് വൈകുന്നേരം നാലുമണിവരെ കിടക്കുന്നതാണ്. ആ സമയത്ത് ഉറങ്ങുന്നുണ്ടോ എന്നറിയില്ല. ആ സമയത്ത് അദ്ദേഹം പണികളൊന്നും ചെയ്യാറില്ല. അതും ഈ അടുത്ത് തുടങ്ങിയതായിരിക്കും, പണ്ടതിനൊന്നും നേരമുണ്ടാകില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ വിശ്രമം എന്ന് പറയുന്നത് ഒരുമാസത്തോളം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സയാണ്. ആ ചികിത്സയ്ക്ക് പോകുമ്പോഴും അവിടുത്തെ എംപ്ലോയീസ് യൂണിയന്റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാൻ ആളുകൾ അദ്ദേഹത്തെ കൊണ്ടുപോകുമായിരുന്നു.

എം.എന്‍. കാരശ്ശേരിയും എം.ടിയും | ഫോട്ടോ: കെ.കെ. സന്തോഷ്‌

എം.ടി. വാസുദേവന്‍ നായരെന്ന വ്യക്തിയോട് കുറച്ച് അടുത്ത് പെരുമാറിയതില്‍നിന്ന് ഞാന്‍ എന്താണ് പഠിച്ചത്, ഞാനെങ്ങനെ അതിനെ വ്യാഖ്യാനിക്കുന്നു എന്ന് പറയാന്‍ ശ്രമിച്ച് പരാജയപ്പെടാന്‍ പോവുകയാണ് ഞാന്‍. കാരണം, എം.ടി.യുടെ പ്രധാനപ്പെട്ട പണി മൗനമാണ്. മൗനത്തെ നിങ്ങളെങ്ങനെ വ്യാഖ്യാനിക്കും? ഞാനിവിടെ ചുരുങ്ങിയത് ഒരു മണിക്കൂര്‍ സംസാരിക്കണമെന്നാണ്. അഞ്ച് മിനിറ്റ് സംസാരിക്കാത്ത ഒരാളെക്കുറിച്ചാണ് ഈ സംസാരിക്കേണ്ടത്. മാധവിക്കുട്ടിയെപ്പറ്റിയോ ബഷീറിനെപ്പറ്റിയോ സംസാരിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. കാരണം, നമ്മള്‍ കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം നമുക്ക് പറയാം. പക്ഷേ ഈ മനുഷ്യന്റെ പ്രധാനപ്പെട്ട പണി മിണ്ടാതിരിക്കലാണ്. ഇങ്ങനെ മൗനത്തിന് ഒരു മൂല്യമുണ്ട് എന്ന് മലയാളി എവിടെനിന്നെങ്കിലും പഠിച്ചിട്ടുണ്ട് എങ്കില്‍ (പഠിച്ചെന്ന് എനിക്ക് അഭിപ്രായമില്ല കേട്ടോ) അത് എം.ടി. വാസുദേവന്‍ നായരില്‍ നിന്നാണ്.

അദ്ദേഹം എന്തുകൊണ്ടാണ് മറുപടി പറയാത്തത്? അദ്ദേഹത്തിന് റിയാക്ഷന്‍ എന്നല്ല, ആക്ഷന്‍തന്നെയില്ല. കാരണം അദ്ദേഹത്തിന് വേറെ പണിയുണ്ട്. എന്താ പണി? അദ്ദേഹത്തിന് വായിക്കാനുണ്ട്. ഞാന്‍ ഒരു ദിവസം എം.ടി.യോട് ചോദിച്ചു; 'ഒരു ദിവസം എത്ര പേജ് വായിക്കും?'
'300 പേജ്.'- ഇത് രണ്ടുകൊല്ലം മുമ്പ് പറഞ്ഞ മറുപടിയാണ്. 

അവസാനം കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു; 'എന്തൊക്കെയാണ്? കാലിന്റെ വേദന എങ്ങനെയുണ്ട്?'
അതിന് മറുപടി പറയാതെ അദ്ദേഹമങ്ങനെ നിന്നു.
ഞാന്‍ ചോദിച്ചു; 'വായനയൊക്കെയുണ്ടോ?'
'അതൊന്നും പറയേണ്ട കാരശ്ശേരി.' - എം.ടി. ഒരു സങ്കടം പറഞ്ഞുകേട്ടത് ഇതാണ്. വേറെ എന്തിനെപ്പറ്റിയെങ്കിലും സങ്കടം അദ്ദേഹം വല്ലവരോടും പറഞ്ഞിട്ടുണ്ടാകും. എന്നോട് പറഞ്ഞിട്ടില്ല. 
വേറെ ആരോടും പറഞ്ഞത് ഞാന്‍ കേട്ടിട്ടുമില്ല. കാരണം, മൗനം എന്നുളളത് വളരെ ശക്തമായൊരു ഭാഷയാണ്. അത് മിണ്ടാതിരിക്കുമ്പോള്‍ മാത്രമല്ല. 

മിണ്ടാതിരിക്കുന്നതിനെപ്പറ്റി എം.ടി. പറഞ്ഞ ഒരു കഥ ഞാന്‍ പറയാം. നമ്മള്‍ സാധാരണ ധരിക്കുന്നത്, എം.ടി. വാസുദേവന്‍ നായര്‍ക്ക് വേറെ എന്തുണ്ടെങ്കിലും നര്‍മബോധമില്ലെന്നാണ്. അദ്ദേഹത്തിന്റെ നര്‍മബോധം പ്രവര്‍ത്തിക്കുന്നത് അപൂര്‍വമായി ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ വളരെ ക്ഷുഭിതനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. എന്നോട് പറഞ്ഞു; 'ഒരു പത്രക്കാരന്‍ എഴുതിയിരിക്ക്യാ, ഇന്നവഴിക്കാവും എം.ടി. വാസുദേവന്‍ നായര്‍ ചിന്തിക്കുന്നത് എന്ന്. പിന്നെ അയാളുടെ കത്ത് വന്നു; ഓണപ്പതിപ്പിലേക്ക് ഒരു മാറ്റര്‍ വേണമെന്ന്'. അപ്പോള്‍ ഞാന്‍ മറുപടി അയച്ചു; 'ഞാന്‍ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നാ പിന്നെ ആ വഴിക്ക് ഒരു ലേഖനമങ്ങോട്ട് എഴുതിയാല്‍ മതി' എന്ന്. ഇതുപോലൊരിക്കല്‍ യാത്രകഴിഞ്ഞ് വന്നിരിക്കുമ്പോള്‍ എന്തോ ഒരു ഏനക്കേടുണ്ടെന്ന് എനിക്ക് തോന്നി. ചോദിക്കാന്‍ പറ്റില്ല. നിങ്ങള്‍ ചോദിക്കാന്‍ പാടില്ലാത്തത് ചോദിച്ചാല്‍ നിങ്ങളോട് ദേഷ്യപ്പെട്ട് സമയം കളയാന്‍ അദ്ദേഹമില്ല. ആ ചോദ്യം അദ്ദേഹം കേട്ടില്ലെന്ന് നടിക്കും. അത്രേയുള്ളു. വേറെ വിശേഷമൊന്നുമില്ല. രണ്ടാമതും അത് ചോദിക്കാനുള്ള വകതിരിവില്ലായ്മ നിങ്ങള്‍ കാണിച്ചാല്‍ പിന്നെ മിക്കവാറും നിങ്ങള്‍ക്ക് അനുവദിക്കുന്ന സമയംതന്നെ കുറവായിരിക്കും. 

എന്നോട് പറഞ്ഞു; 'നമ്മള്‍ കുറച്ച് പ്രൈവസിക്ക് വേണ്ടിയാണ് കാറിലൊക്കെ പോകുന്നത്. ട്രെയ്‌നില്‍ പോയാല്‍ മതി. കഴിഞ്ഞ ദിവസം ട്രെയ്‌നില്‍ പോയപ്പോള്‍ വലിയ കഷ്ടപ്പാട് പറ്റി. ഒരുത്തന്‍ വന്ന് പരിചയപ്പെട്ടു. അവന്‍ ഭാര്യയെ ഫോണില്‍ വിളിച്ച് ഭാര്യക്കൊന്ന് സംസാരിക്കണം എന്ന് പറഞ്ഞു.'
എം.ടി. വാസുദേവന്‍ നായരെ ബഹുമാനിക്കുന്ന രീതി! ഇതാണ് നമ്മുടെ ബോധമില്ലായ്മ. എപ്പോഴെങ്കിലും നമ്മള്‍ കരുതുന്നുണ്ടോ. ഒരു ഫോണ്‍ ചെയ്യുമ്പോള്‍ ഈ സമയത്താണോ എന്നൊക്കെ.

എം.ടി.യോട് ഫോണില്‍ സംസാരിക്കുന്നത് ബഹുതമാശയാണ്. 
'ഞാന്‍ കാരശ്ശേരിയാണ്.'
'ആ'
'കോഴിക്കോട് ഉണ്ടോ?'
'ആ.'
'എനിക്ക് നാളെയൊന്ന് വന്ന് കണ്ടാല്‍ കൊള്ളമെന്നുണ്ട്.'
'ആ'
'ഞാന്‍ വൈകുന്നേരം നാലുമണിക്ക് വീട്ടില്‍ വരട്ടെ?'
'ആ.'
കഴിഞ്ഞു!
ഞാന്‍ അമ്പരക്കും. ദൈവമേ മൊബൈല്‍ ഉള്ള കാലത്താണ് ഇദ്ദേഹം പ്രേമിച്ചിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി! 
ഇതുകൊണ്ടൊക്കെ വളരെ നേട്ടമുണ്ടായൊരു സമുദായമാണ് മലയാളികളെന്ന് നമ്മള്‍ മനസ്സിലാക്കണം. അനാവശ്യമായി ഒരു വാക്ക് അദ്ദേഹത്തിന്റെ കഥകളിലില്ല എന്ന് നമുക്കൊക്കെ അറിയാം. ഞാനതിന് ഉദാഹരണം പറയേണ്ട കാര്യമില്ല. കാരണം. ക്ലാസില്‍ ഞങ്ങളൊക്കെ ചെയ്തുകൊണ്ടിരുന്നതാണ്. 'ഇരുട്ടിന്റെ ആത്മാവും' 'കുട്ട്യേടത്തി'യും 'പള്ളിവാളും കാല്‍ച്ചിലമ്പു'മൊക്കെ ക്ലാസില്‍ പഠിപ്പിക്കുമ്പോഴൊക്കെ എങ്ങനെയാണ് ഈ വാക്ക് ചുരുക്കുക എന്ന്. 

എം.എന്‍. കാരശ്ശേരി | ഫോട്ടോ: പി.പി. ബിനോജ്‌

2016- ല്‍ നോര്‍വെയില്‍ പോയി. എനിക്ക് അവിടെ കാണേണ്ട വളരെ പ്രധാനപ്പെട്ട ഒരു സാധനം ഇബ്‌സന്റെ വീട്, അദ്ദേഹത്തിന്റെ ശവകുടീരം, അദ്ദേഹം പ്രവര്‍ത്തിച്ച സ്ഥലം, ലൈബ്രറി ഒക്കെയാണ്. എന്റെ കൂടെ അനിതാ പ്രതാപുമുണ്ട്. ഇബ്‌സന് ഒരു ശത്രുവുണ്ടായിരുന്നു. -സ്വീഡിഷ് ഭാഷയിലെഴുതിയിരുന്ന ഓഗസ്റ്റ് സ്ട്രിങ് ബെര്‍ഗ്. ഇബ്സന്‍ എന്തെഴുതിയാലും സ്ട്രിങ് ബെര്‍ഗ് അടച്ചാക്ഷേപിച്ച് ലേഖനമെഴുതുമായിരുന്നു. സ്ഥിരമായി ഇരുവരും തമ്മില്‍ ലഹളയായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ കണ്ടൊരു ദൃശ്യം ഞാനൊരിക്കലും മറക്കില്ല. അദ്ദേഹം കിടന്ന് മരിച്ച കട്ടിലും എഴുത്ത് മേശയുമെല്ലാം അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുമേശയുടെ മുകളില്‍ വലിയൊരു പെയ്ന്റിങ് ഉണ്ടായിരുന്നു. എനിക്ക് പെട്ടെന്ന് മനസ്സിലാവാത്തതുകൊണ്ട് ഗൈഡിനോട് ഇതാരുടെ ചിത്രമാണെന്ന് ചോദിച്ചു.
'സ്ട്രിങ് ബെര്‍ഗിന്റെ ചിത്രമാണെന്ന്'  അയാള്‍ പറഞ്ഞു. 
ഇബ്സന്റെ എഴുത്തുമുറിയില്‍ സ്ട്രിങ് ബെര്‍ഗിനെ കണ്ടുകൊണ്ടാണ് അദ്ദേഹം എഴുതുന്നത്. അപ്പോള്‍ എത്രയോ ആളുകളുടെ വീട്ടില്‍ എം.ടി. വാസുദേവന്‍ നായരുടെ ഫോട്ടോയുണ്ടാകുമെന്നാണ് എന്റെ തോന്നല്‍. എം.ടി. ഉല്‍പാദിപ്പിച്ച അസൂയക്ക് കണക്കില്ല. 

എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാത്തത്? എന്തുകൊണ്ടാണ് മറുപടി പറയാത്തത്? ഇത്രേയുള്ളു; നമ്മളതിനെപ്പറ്റി സംസാരിച്ചാല്‍ ആര്‍ക്കാണ് മനസ്സിലാകുക? നമ്മള്‍ സംസാരിക്കാതെ മനസ്സിലാകുന്നതേ മനസ്സിലാകുകയുള്ളു. സമയത്തിന് വിലയുണ്ട്. സ്വകാര്യതയ്ക്കും. ഇത്രയധികം സമയം ഉപയോഗിച്ച ആളെ കാണാന്‍ പ്രയാസമാണ്. അദ്ദേഹത്തിന് എപ്പോഴും സമയത്തെപ്പറ്റിയാണ് പരിഭ്രമം. ആളുകളെ പിരിച്ചുവിടാന്‍ എം.ടി.ക്ക് നല്ല നിശ്ചയമാണ്. ആളുകളെ സ്വീകരിക്കാനുള്ളതിനേക്കാളും അദ്ദേഹത്തിനുള്ള നൈപുണ്യം ആളുകളെ 'ഡിസ്മിസ്' ചെയ്യാനാണ്. അത് ചെയ്യുന്ന രീതി ചിലപ്പോള്‍ ചെറിയൊരു മുഖഭാവമായിരിക്കും. ചിലപ്പോള്‍ 'എന്നാ ശരി' എന്നായിരിക്കും. അദ്ദേഹം നിങ്ങളോട് ഒന്നും ആവശ്യപ്പെടുന്നില്ല. നിങ്ങളുടെ ഒരു സൗജന്യവും സൗമനസ്യവും അദ്ദേഹത്തിന് വേണ്ട. 

'വാക്കില്‍ ഇത്ര പിശുക്കുള്ള ആള്‍ പണത്തിന്റെ കാര്യത്തില്‍ എത്രത്തോളം പിശുക്കനായിരിക്കും' എന്ന് ഒരുപാട് തവണ ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ കേട്ടത് ശരിയല്ലെന്ന് ഞാന്‍ പറയും. സഹായിക്കണം എന്ന് അദ്ദേഹത്തിന് തോന്നുന്ന ഒരാളെ ആ ആള്‍ ആവശ്യപ്പെടാതെയോ വേറൊരാള്‍ ചൂണ്ടിക്കാണിച്ചിട്ടോ എല്ലാം അദ്ദേഹം സഹായിക്കും. ഒരൊറ്റ കണ്ടീഷനേയുള്ളു. അതാരും അറിയരുത്, ആരോടും പറയരുത്. ഒരനുഭവം പറയാം. തുഞ്ചന്‍ ട്രസ്റ്റില്‍ രാമായണം അച്ചടിക്കണം. അധ്യാത്മരാമായണം കിളിപ്പാട്ട്. എം.ടി.ക്കൊരു യാത്ര പോകണമായിരുന്നു. യാത്രകഴിഞ്ഞ് വന്നാല്‍ പിന്നെ ഒന്നോ രണ്ട് ദിവസമേയുള്ളു തുഞ്ചന്‍ ഉത്സവത്തിന്. അപ്പോഴേക്കും രാമായണമിറക്കണം എന്ന് എം.ടി.ക്കുണ്ട്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 'നൂറ് കോപ്പി ഞാനേറ്റെന്ന്.' ഒരു നിബന്ധനയുണ്ട്. എം.ടി. ഇപ്പോള്‍ ഓഫീസില്‍ വിളിച്ച് പറയണം. ഞാന്‍ പറയുന്ന പ്രസ്സില്‍ ഞാന്‍ പറയുന്ന പൈസ പറയുന്ന സമയത്ത് കൊടുക്കണമെന്നും എന്നാലേ ഇത് ഇന്‍സിസിസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളു എന്ന് ഞാന്‍ പറഞ്ഞു. എം.ടി. വിളിച്ചുപറഞ്ഞു. പുസ്തകമിറങ്ങി. അദ്ദേഹം പോര്‍ച്ചുഗീസില്‍ പോയി വന്നു. ഞാന്‍ അമ്പരപ്പിക്കുന്ന ഒരു കാര്യം കേട്ടു. ഒരു ലക്ഷം രൂപയായിരുന്നു ഞാന്‍ പറഞ്ഞത്. അത്രയും പണം അവിടെയില്ലായിരുന്നു. 65000 രൂപയാണ് ഉണ്ടായിരുന്നത്. അത് പരിഹരിക്കാന്‍ അവിടെ ജോലി ചെയ്തിരുന്ന ഒരാളുടെ ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് ആ പണം നല്‍കി. അതെന്നോട് പറയാത്തതില്‍ ഞാന്‍ അയാളുടെ അടുത്ത് ലഹളകൂടി. ഒരുവാക്ക് പറയാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു;'അതുവേണ്ട സാര്‍, ഞാന്‍ ചെയര്‍മാനോട് പറഞ്ഞതാണല്ലോ കാരശ്ശേരി മാഷ് പറഞ്ഞ പണം കൊടുത്തേക്കാമെന്ന്' എന്ന്.

ബാലസമാജം എന്ന പേരില്‍ കുട്ടികള്‍ക്കുവേണ്ടി അവിടെയൊരു ലൈബ്രറിയുണ്ടായിരുന്നു. ഇത്ര ദാരിദ്ര്യമുള്ള സമയത്ത് ഒരു ദിവസം ലൈബ്രറിയില്‍ ഒരുപാട് പുസ്തകങ്ങള്‍ വന്നു. ഗ്രാന്റൊന്നും കിട്ടിയിട്ടില്ല, പിന്നെ ഇതെങ്ങനെ വന്നതെന്ന് എനിക്ക് മനസ്സിലായില്ല. 'പുസ്തകം വാങ്ങിയോ? ഫണ്ട് ഉണ്ടായിരുന്നില്ലല്ലോ' എന്ന് എം.ടി.യോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു; 'അതെനിക്കൊരു അവാര്‍ഡ് കിട്ടി'യെന്ന്.
അദ്ദേഹത്തിന് കിട്ടിയ ഒരു അവാര്‍ഡ് ഒരുലക്ഷം രൂപ അവിടെ പുസ്തകം വാങ്ങാന്‍ കൊടുത്തത് ട്രസ്റ്റില്‍ മെമ്പറായ, അത്തരം കാര്യങ്ങളില്‍ അദ്ദേഹത്തോട് ഇടപഴകുന്ന, ഞാന്‍ അറിഞ്ഞിട്ടില്ല. തുഞ്ചന്‍ ട്രസ്റ്റിന് കേരള-കേന്ദ്ര സര്‍ക്കാരുകള്‍ കൊടുത്തതിനേക്കാള്‍ പണം എം.ടി. വാസുദേവന്‍ നായര്‍ ഒറ്റയ്ക്ക് പിരിപ്പിച്ച് നല്‍കിയിട്ടുണ്ട്. എങ്ങനെയാണത് പിരിപ്പിക്കുന്നത്? 
ഉദാഹരണം ഞാന്‍ പറയാം. അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം കിട്ടി. വേറെ എന്തോ ആവശ്യത്തിനായി ബോംബേയിലേക്ക് പോയപ്പോള്‍ അദ്ദേഹത്തെ ഒരു ഡിന്നറിന് വിളിക്കണമെന്ന് ലീല ഹോട്ടല്‍ ശൃംഖലയുടെ മുതലാളി കൃഷ്ണന്‍ നായര്‍ക്ക് തോന്നി. ഒരു സുഹൃത്ത് മുഖാന്തരം എം.ടി. 'ഞാനില്ല' എന്ന് പറഞ്ഞു. കാരണം തിരക്കിയപ്പോള്‍ 'തുഞ്ചന്‍ പറമ്പിലേക്കുവേണ്ടി എന്തെങ്കിലും ചെയ്യാം' എന്ന് പറഞ്ഞിരുന്ന ആളാണ് കൃഷ്ണന്‍ നായര്‍. അദ്ദേഹമത് ചെയ്തിട്ടില്ല. പിന്നെ ഞാനെന്തിനാ ഊണുകഴിക്കാന്‍ പോകുന്നത്?' എന്നദ്ദേഹം ചോദിച്ചു. വിദേശത്ത് എവിടെപ്പോയാലും ആര് ക്ഷണിച്ചാലും എം.ടി. ചോദിക്കുന്നത് 'തുഞ്ചന്‍ പറമ്പിന് എന്ത് തരും' എന്നാണ്. വ്യക്തിപരമായി അദ്ദേഹം എത്രയോ ആളുകളെ സഹായിച്ചത് വര്‍ഷങ്ങള്‍ കഴിഞ്ഞ് അവര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം അതേക്കുറിച്ച് ആരോടും പറയില്ല. മറ്റേയാള്‍ അത് പറയുന്നത് അദ്ദേഹത്തിനൊട്ട് ഇഷ്ടവുമല്ല. നിങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അദ്ദേഹത്തിനൊന്നുമില്ല. 

അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നപ്പോള്‍ ബാലപംക്തി കൈകാര്യം ചെയ്തിരുന്നു. വിഷുപ്പതിപ്പിലൂടെ ഒരുപാട് എഴുത്തുകാരെ അദ്ദേഹം കണ്ടെത്തി. പൊതുവെ ആളുകളുടെ ഒരു ധാരണ അദ്ദേഹം പുതിയ തലമുറയില്‍പ്പെട്ട ആളുകളെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ഒന്നും ചെയ്യാത്തയാളാണ് എന്നാണ്. എം.ടി.ക്ക് ഇഷ്ടമില്ലാത്തത് രണ്ട് കാര്യങ്ങളാണ്. പ്രസംഗിക്കുക, അവതാരിക എഴുതുക. ഇത് രണ്ടും സാഹചര്യവശാല്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ രണ്ട് സമാഹാരങ്ങളിപ്പോള്‍ മലയാളത്തിലുണ്ട്. അവതാരികകളുണ്ട്. മാതൃഭൂമിക്ക് വേണ്ടി അത് എഡിറ്റ് ചെയ്യുമ്പോള്‍ നൂറോളം അവതാരികകളുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്റെ സുഹൃത്ത് ഹുസൈന്‍ കാരാടിയുടെ 'മുച്ചക്രവണ്ടി' എന്ന പുസ്തകം മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. എം.ടി. അദ്ദേഹത്തിന് എഴുതിയ കത്ത് അതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം എത്രയോ ആളുകള്‍ക്ക് കത്തുകളയക്കുന്നുണ്ട്. കത്തുകള്‍ക്ക് മറുപടി അയക്കുന്നുണ്ട്. അതിനൊന്നും യാതൊരു പബ്ലിസിറ്റിയുമില്ല. എന്‍.വി. കൃഷ്ണവാര്യര്‍, സുകുമാര്‍ അഴീക്കോട്, കുഞ്ഞുണ്ണിമാഷ്, ബഷീര്‍, എന്നിവരെല്ലാം കൃത്യമായി മറുപടികളയക്കും. ഇതിനൊക്കെ വലിയ പ്രസിദ്ധിയുണ്ട്. എം.ടി. മറുപടി അയക്കാം. അയക്കാതിരിക്കാം. നിങ്ങള്‍ക്കെന്ത് തോന്നും എന്നുകരുതി അദ്ദേഹം കത്തെഴുതില്ല. അദ്ദേഹത്തിന് തോന്നും എഴുതും. അവിടെയാണ് അതിന്റെ വ്യത്യാസം. 

എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: കൃഷ്ണപ്രദീപ് പി.

എം.ടി. വാസുദേവന്‍ നായര്‍ ഒരു മഹാഭാഗ്യവാനായ എഴുത്തുകാരനാണെന്ന് എല്ലാവരും പറയാറുണ്ട്. ഞാനും പറയാറുണ്ട്. അത് സത്യവുമാണ്. എം.ടി.യെ ഉപമിച്ച് പറയാറുള്ള ഒരു എഴുത്തുകാരന്‍ ചങ്ങമ്പുഴയാണ്. അദ്ദേഹം 37-ാമത്തെ വയസ്സില്‍ മരിച്ചുപോയി. ജീവിച്ചിരിക്കുന്ന കാലത്ത് ഇത്രയും വലിയ പൂജകിട്ടി, ഇത്രകാലം സുദീര്‍ഘമായി ഇരിക്കുന്നു. അതൊരു ചെറിയ ഭാഗ്യമല്ല. പക്ഷേ അതിന്റെ പിറകിലുള്ള ഒരു പ്രധാനപ്പെട്ട കാര്യം അദ്ദേഹത്തിന്റെ അധ്വാനമാണ്. അധ്വാനം എന്നുപറഞ്ഞാല്‍ ചെറുതല്ല. അതിന് ഞാന്‍ കണ്ട അനേകം ഉദാഹരണങ്ങളിലൊന്നുരണ്ടെണ്ണം പറയാം. 
'ദയ എന്ന പെണ്‍കുട്ടി' എന്ന ബാലസാഹിത്യകൃതി സിനിമയായി വരുന്നു. അതേക്കുറിച്ച് അദ്ദേഹംതന്നെ പറഞ്ഞു; 'അതിലെനിക്കൊരു പ്രശ്‌നമുണ്ടായി.'
അറേബ്യയാണ് കഥയുടെ പശ്ചാത്തലം. അതിലൊരു പെണ്‍കുട്ടി ഡാന്‍സ് ചെയ്യുകയും മദ്യം സല്‍ക്കരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഒരു അറേബ്യന്‍ പെണ്‍കിടാവ് മദ്യം വിളമ്പുന്നു, ഡാന്‍സ് ചെയ്യുന്നു, ആളുകളോട് സ്വതന്ത്രമായി  ഇടപഴകുന്നു. ഇത് പ്രശ്‌നമാകാം എന്ന് തോന്നി. എന്തു ചെയ്യും? അദ്ദേഹം ചെയ്തതെന്താണെന്നറിയാമോ?  
ഇസ്ലാമിന് മുമ്പുള്ള ഒരു കഥയാണിതെന്ന് സങ്കല്‍പ്പിച്ചു. അന്ന് അറേബ്യ എന്താണ്? എങ്ങനെയാണ്? അവിടുത്തെ ഭൂപ്രകൃതി, കാലാവസ്ഥ, ഭക്ഷണം, വേഷം, മറ്റ് ആചാര മര്യാദകള്‍, ഇതുമുഴുവന്‍ കുത്തിയിരുന്ന് പഠിച്ചു. എന്നിട്ട് തിരക്കഥയെഴുതി. ആ സിനിമ വിവാദമൊന്നുമുണ്ടാക്കിയില്ല. അദ്ദേഹത്തിന് വിവാദത്തിനൊന്നും നേരമില്ല. 

അമ്പത് കൊല്ലം മുമ്പ് അദ്ദേഹത്തിന്റെ ഒന്നാമത്തെ സിനിമ വരുമ്പോള്‍ അത് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമക്കുള്ള അവാര്‍ഡ് നേടി. അതേപ്പറ്റി സംസാരിച്ചപ്പോള്‍ എം.ടി. പറഞ്ഞ ഒരു സങ്കടം കേട്ട് അന്ന് അദ്ദേഹത്തെ പേടിച്ച് ഞാന്‍ ചിരിച്ചില്ല. 'അതിലൊരു അപകടം പറ്റി. അതിന്റെ പ്രൊഡ്യൂസര്‍ ഞാന്‍തന്നെയായിരുന്നു.' മികച്ച സിനിമയ്ക്ക് സംവിധായകന് സമ്മാനം കൊടുത്താല്‍ പിന്നെ പ്രൊഡ്യൂസര്‍ക്ക് സമ്മാനം നല്‍കുന്ന സംവിധാനം അന്നില്ല'- അദ്ദേഹം പറഞ്ഞു
'അന്നെത്ര രൂപ പോയി?'
'20000 രൂപ.'
കണക്കൊക്കെ കൃത്യമാണ് വാസുദേവന്‍ നായര്‍ക്ക്. അദ്ദേഹത്തിന്റെ ഓര്‍മശക്തി എന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഒരു പ്രസംഗത്തില്‍ പറയുന്നുണ്ട്. എന്റെ ഒരേയൊരു ശക്തി ഓര്‍മശക്തിയാണെന്ന്. ഒരു ദിവസം എന്നോട് പറഞ്ഞു, 'എസ്.എസ്.എല്‍.സി.യുടെ രജിസ്റ്റര്‍ നമ്പര്‍ എനിക്കോര്‍മയുണ്ട്. 51931.'
'ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് ഏതിനാണ്?' 
'കണക്കിന്.'
'എത്ര?'
'97'
'മലയാളത്തിനോ?'
'67.'
ഞാനാകെ അമ്പരന്നു. 
'ഇതെന്തുപറ്റി?' 
പുള്ളി പതിവില്ലാതെ ഒരു ഇളംചിരിയോടെ പറഞ്ഞു; 
'അന്നൊന്നും മാര്‍ക്ക് കിട്ടില്ല. എനിക്ക് മലയാളത്തില്‍ 97 കിട്ടാന്‍ തക്കത്തിലെഴുതി എന്നാണ് എന്റെ വിശ്വാസം.'
ബാക്കിയുള്ള എല്ലാം പരീക്ഷയും അദ്ദേഹത്തിന് ഓര്‍മയുണ്ടാകും.  

നിങ്ങളദ്ദേഹത്തെ പരിചയപ്പെട്ടു. അദ്ദേഹമിങ്ങനെ മിണ്ടാതിരിക്കും. നിങ്ങളുടെ ശരീരഭാഷ, മുഖഭാവം, വര്‍ത്തമാനം, ശബ്ദം ഒക്കെ നോക്കിയിരിക്കുകയാണ്. എന്താകാര്യം? അദ്ദേഹത്തിന്റെ വിജയത്തിലെ  പ്രധാനപ്പെട്ട ഒരു രഹസ്യം ഞാന്‍ പറയാം, മുഖസ്തുതി അനുവദിക്കുന്ന രീതിയില്ല. എം.ടി. വാസുദേവന്‍ നായരോട് നിങ്ങള്‍ക്ക് പോയി മുഖസ്തുതി പറയാന്‍ സാധിക്കില്ല. ഇവിടെ പലരോടും അത് പറഞ്ഞില്ലെങ്കില്‍ കാര്യം നടക്കില്ല. എന്റെ ഗുരുനാഥനാണ് അഴീക്കോട് മാഷ്. അദ്ദേഹത്തോട് ആര്‍ക്കും വര്‍ത്താനം തുടങ്ങാം. അദ്ദേഹത്തിന്റെ പ്രസംഗം മോശമാണെന്ന് പറഞ്ഞാല്‍ പിന്നെ മാപ്പില്ല. എം.ടി. വാസുദേവന്‍ നായരോട് നിങ്ങള്‍ക്ക് ഏഷണി പറയാന്‍ പറ്റില്ല. ഞാനൊരിക്കല്‍ അത് പരീക്ഷിച്ച് നോക്കിയതാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവം മാറി. 'ഓ...നിങ്ങളീ തരത്തിലാണല്ലേ... ഞാനങ്ങനെ വിചാരിച്ചില്ലല്ലോ' എന്നായിരുന്നു അതിന്റെ അര്‍ഥം. ഞാന്‍ പെട്ടെന്ന് തീപൊള്ളിയ മാതിരിയായി. ഞാനത് മനപ്പൂര്‍വ്വം ചെയ്തതാണ്. പിന്നെ, വാസുദേവന്‍ നായര്‍ക്ക് നിങ്ങളോട് മുഖസ്തുതി പറയുന്ന പണിയുമില്ല. ഒരു ഏഷണിയും അദ്ദേഹം കേള്‍ക്കില്ല. ഒരു മുഖസ്തുതിയും അദ്ദേഹം കേള്‍ക്കില്ല. പിന്നെ നമ്മുടെ സാഹിത്യകാരന്മാര്‍ക്കില്ലാത്ത ഗുണം അദ്ദേഹത്തിനുള്ളത്- ആത്മപ്രശംസ തീരെയില്ല. 

ഇപ്പോള്‍ എത്രയോ വര്‍ഷമായി അദ്ദേഹം കഥയെഴുതിയിട്ട്. സുഗതകുമാരി ടീച്ചര്‍ ഒരിക്കലെഴുതി; 'ഇനിയീ മനസ്സില്‍ കവിതയില്ല.' എം.ടി. എപ്പോഴും നോക്കുന്നത് എനിക്ക് വല്ലതും പറയാനുണ്ടോ? എനിക്ക് വല്ലതും എഴുതാനുണ്ടോ? എന്നാണ്. അല്ലാതെ എഴുതില്ല. എഴുതിയില്ലെങ്കിലും അദ്ദേഹത്തിനൊന്നുമില്ല. കെട്ടകഥകള്‍, വേണ്ടത്രയായില്ല എന്ന കഥകള്‍ അദ്ദേഹത്തിന്റേത് ഇല്ലെന്ന് പറയുന്നില്ല. അതിന്റെ എണ്ണം വളരെ കുറവാണ്. അദ്ദേഹത്തിന് അത് വളരെ കൃത്യമാണ്. ആളുകളോട് കടപ്പെടാതെ നോക്കുക എന്നത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രീതിയാണ്. യാതൊരു തരത്തിലും ഒരു റിക്വസ്റ്റ് അദ്ദേഹം നടത്തില്ല, എന്റെ അറിവിലില്ല. ഒരുദാഹരണം പറയാം. 'വളര്‍ത്തുമൃഗങ്ങള്‍' എന്ന സിനിമ. എം.ബി. ശ്രീനിവാസനാണ് അതിന്റെ സംഗീതസംവിധായകന്‍. പാട്ടെഴുതുന്നത് യൂസഫലി കേച്ചേരി. എം.ബി.എസിന് ഈ പണി കഴിഞ്ഞ് പെട്ടെന്ന് അമേരിക്കയിലേക്ക് പോകേണ്ട കാര്യമുണ്ട്. യൂസഫലി കേച്ചേരിയുടെ അനന്തരവകള്‍ക്ക് പെട്ടെന്ന് വിവാഹം തീരുമാനിച്ചതിനാല്‍ അദ്ദേഹത്തിന് വരാന്‍ കഴിയില്ല എന്ന് പറഞ്ഞു. എം.ബി.എസ് വന്ന് ബീച്ച് ഹോട്ടലില്‍ കാത്തിരിക്കുകയാണ്. ഇനി എന്തുചെയ്യും? ഏതെങ്കിലും ഒരു കവിയോട്, ഒരു ഗാനരചയിതാവിനോട് നാലോ അഞ്ചോ പാട്ടെഴുതി തരണം എന്ന് പറയണം. വാസുദേവന്‍ നായര്‍ വീട്ടില്‍ ചെന്നിരുന്ന് അഞ്ച് പാട്ടുകളെഴുതി. 

'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന ഒരു പുസ്തകമുണ്ട്. അത് യാത്രാവിവരണമാണ്. എം.ടി. ആത്മകഥ എഴുതിയിട്ടില്ല. എഴുതാന്‍ ഉദ്ദേശമില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം ആത്മകഥ എഴുതിയിരുന്നെങ്കില്‍ അതിനിടാവുന്ന ഒന്നാംതരം പേരാണ് ആള്‍ക്കൂട്ടത്തില്‍ തനിയെ. അദ്ദേഹം നമുക്കിടയിലുള്ളൊരു ആളാണ്. എന്നാലിത്തിരി അകലത്തിലാണ്. 

എം.ടി. വാസുദേവന്‍ നായര്‍ക്ക് രാഷ്ട്രീയമില്ല എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളോ കഥകളോ ചില പ്രസംഗങ്ങളോ ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് അദ്ദേഹത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മരാഷ്ട്രീയം എന്താണെന്ന് മനസ്സിലാകും. എഴുത്തുകാരന്റെ പണി എഴുത്താണ്. എഴുത്തുകാരന്റെ ആക്ടിവിസം എന്ന് പറയുന്നത് പ്രധാനമായും എഴുത്തിലാണ്. അങ്ങനെയല്ലാത്ത എഴുത്തുകാരും ഇവിടെയുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ആക്ടിവിസം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന സമ്പ്രദായം എന്ന് പറയുന്നത് എഴുത്തിലാണ്. ഗവ. വിക്ടോറിയ കോളേജില്‍ ബി.എസ്.സി.ക്ക് പഠിക്കുമ്പോള്‍ നെഹ്‌റു അവിടെ പ്രസംഗം നടത്തി. എം.ടി. നെഹ്‌റുവിന്റെ വലിയ ആരാധകനാണ്. ചെന്ന് പ്രസംഗം കേട്ടു. പക്ഷേ അദ്ദേഹം ഒരു കഥയെഴുതാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി വരുമ്പോള്‍ അവിടുത്തെ പാവപ്പെട്ടവരെയെല്ലാം പോലീസ് അടിച്ചോടിച്ചു. അതിനെപ്പറ്റി ക്ഷോഭം തോന്നി കഥയെഴുതാന്‍ എം.ടി. തീരുമാനിച്ചു. അതിന്റെ വിശദാംശങ്ങളെല്ലാം ശേഖരിച്ച് നോട്‌സ് എഴുതി. ആ കഥയെഴുതലുണ്ടായില്ല. 

മഹാഭാരതം വായിക്കുമ്പോള്‍ ഘടോല്‍ക്കചന്‍ എന്ന് പറയുന്ന ഭീമപുത്രന്‍ അതിഭീകരമായി പൊരുതി മരിച്ചു. 'കുമാരന്‍ മരിച്ചുപോയല്ലോ' എന്ന് യുധിഷ്ഠിരനും മറ്റുള്ളവരുമൊക്കെ സങ്കടപ്പെട്ടിരിക്കുമ്പോള്‍ കൃഷ്ണഭഗവാന്‍ വരുന്നു. കൃഷ്ണന്‍ ആദ്യം പറഞ്ഞത് 'നന്നായില്ലേ' എന്നാണ്. അടുത്ത ചോദ്യം; 'രാക്ഷസനല്ലേ, അല്ലെങ്കില്‍ നമ്മള്‍ കൊല്ലേണ്ടിവരുമായിരുന്നില്ലേ? എന്നാണ്. ഇതിനോട് തോന്നുന്ന അതിശക്തമായ പ്രതികരണത്തില്‍ നിന്നാണ് സത്യത്തില്‍ 'രണ്ടാമൂഴ'മുണ്ടാകുന്നത്. ഇതിനെതിരായി ഒരു ലേഖനമെഴുതാം, ഒരു പ്ലക്കാര്‍ഡ് പിടിച്ച് പ്രകടനം നടത്താം. എം.ടി. വാസുദേവന്‍ നായര്‍ക്ക് പറ്റുന്നത് 'രണ്ടാമൂഴം' എഴുതലാണ്. 

എം.ടി.യ്ക്കുള്ള പ്രധാനപ്പെട്ട ഒരു ഗുണം അദ്ദേഹം നേരുപറയും എന്നുള്ളതാണ്. നിങ്ങളോട് ഇല്ലാത്ത ഒരു ലോഹ്യവും അദ്ദേഹം ഭാവിച്ചിട്ടില്ല. അതോര്‍ക്കേണ്ടതാണ്. ഒഡിഷയിലെ പ്രശസ്തയായ എഴുത്തുകാരിയാണ് പ്രതിഭാ റായ്. വലിയ ബന്ധമാണ് അവര്‍ തമ്മില്‍. അവരാണ് 'ദ്രൗപതി' എഴുതിയത്. 
'യു ആര്‍ മൈ സിസ്റ്റര്‍. ഐ ഹാവ് നോ സിസ്റ്റേഴ്‌സ്' എന്ന് എം.ടി. അവരോട് പറഞ്ഞപ്പോള്‍ ആസാമീസ് എഴുത്തുകാരി ഇന്ദിര ഗോസ്വാമി ചോദിച്ചു; 'വാട്ട് എബൗട്ട് മി'?' 
'യു ആര്‍ ഓണ്‍ലി മൈ ഫ്രണ്ട്. ഷീ ഈസ് മൈ സിസ്റ്റര്‍.'
ഇങ്ങനെ പറയാന്‍ യാതൊരു മടിയുമില്ല എം.ടി.ക്ക്. 
അദ്ദേഹം മിക്കകാര്യങ്ങളും ഓര്‍ത്തിരിക്കും. ആ ഓര്‍ത്തിരിക്കുന്നത് പറയേണ്ട അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ അദ്ദേഹം പറയുകയുള്ളു. ഇത്രയും സിദ്ധിയുള്ളൊരാള്‍. ചെറിയ പ്രായത്തിലാണ് അദ്ദേഹത്തിന് ലോക ചെറുകഥാമത്സരത്തില്‍ 'വളര്‍ത്തുമൃഗങ്ങള്‍'ക്ക് അവാര്‍ഡ് കിട്ടുന്നത്. കേരള സാഹിത്യ അക്കാദമിയുടെ രണ്ടാമത്തെ അവാര്‍ഡ് എം.ടി.ക്ക് ലഭിച്ചു- 'രണ്ടാമൂഴ'ത്തിന്. എം.ടി.ക്ക് ഗാഢമായ വ്യക്തിബന്ധങ്ങളുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം എന്‍.പി. മുഹമ്മദുമായുള്ള ബന്ധമാണ്. ബഷീര്‍ എന്ന് എം.ടി. സാധാരണ പറയാറില്ല. ഗുരു എന്നാണ് പറയുക. ബഷീര്‍ എന്ന് വല്ലപ്പോഴും പറയും. പക്ഷേ ഗുരു എന്ന് ആരെപ്പറ്റിയും പറയില്ല. പി. ഭാസ്‌കരന്‍, രാമു കാര്യാട്ട് എന്നിവരുമായി നല്ല ബന്ധമായിരുന്നു. അവരൊരുമിച്ച് സിനിമയെടുത്തിട്ടേയില്ല. 

എം.ടി.യുടെ അധ്വാനത്തിന് ഒരുദാഹരണം ഞാന്‍ പറയാം. എം.ടി.യുടെ പ്രിയസുഹൃത്താണ് വെട്ടൂര്‍ രാമന്‍ നായര്‍. അദ്ദേഹം പാലാ കേന്ദ്രമായി സഹൃദയ പബ്ലിക്കേഷന്‍സ് തുടങ്ങി. ഒരു ദിവസം വെട്ടൂര്‍ വന്ന് എം.ടി.യോട്, എന്തെങ്കിലുമൊരു മാറ്റര്‍ തരണമെന്ന് പറഞ്ഞു. ആലോചിച്ച ശേഷം എം.ടി. പറഞ്ഞു; 
'എന്റെ നാല് തിരക്കഥകള്‍ക്ക് ദേശീയ പുരസ്‌കാരം കിട്ടിയിട്ടുണ്ട്. ആ നാലുംകൂടി പുസ്തകമാക്കി വെട്ടൂര്‍ അച്ചടിച്ചോളൂ.'
അപ്പോള്‍ വെട്ടൂരിന് സന്തോഷമായി. ചെറിയ സംഗതിയല്ല. ദേശീയ പുരസ്‌കാരം ലഭിച്ച എം.ടി.യുടെ നാല് തിരക്കഥകള്‍ ഒന്നിച്ച് വരികയാണ്. എന്നാല്‍ 'സദയം' എന്ന സിനിമയുടെ തിരക്കഥ നോക്കിയപ്പോള്‍ കണ്ടില്ല. ഒരുപാട് തിരഞ്ഞു. അത് അദ്ദേഹത്തിന്റെ കൈവശമില്ലെന്ന് മനസ്സിലായി. എം.ടി. ആ സിനിമയുടെ സംവിധായകനെ വിളിച്ചു. അസോസിയേറ്റിനോടും അന്വേഷിച്ചു. തിരക്കഥ കിട്ടിയില്ല. എം.ടിയുടെ കൈയ്യക്ഷരത്തിലുള്ള ആ സ്‌ക്രിപ്റ്റ് എന്നെങ്കിലും തിരിച്ച് കിട്ടിയേക്കാം. എം.ടി. സിനിമയുടെ വീഡിയോ സി.ഡി. വീട്ടിലിരുന്ന് കണ്ടുകൊണ്ട് വീണ്ടും സ്‌ക്രിപ്റ്റ് എഴുതി. അങ്ങനെയാണ് 'സദയം' എന്ന തിരക്കഥ ഉള്‍പ്പെടുത്തിട്ടുള്ള, നാല് തിരക്കഥകളടങ്ങിയ ആ പുസ്തകമിറക്കുന്നത്. എനിക്ക്, എന്റെ പരിചയത്തില്‍ ഈയളവില്‍ കഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം കുറവാണ്. 

മാധവിക്കുട്ടിയെപ്പറ്റി കേന്ദ്രസാഹിത്യ അക്കാദമിയുടെ ഒരു  ഡോക്യുമെന്ററിയുണ്ടായിരുന്നു. അത് കഴിഞ്ഞ്, സംസാരിച്ചപ്പോള്‍ എം.ടി. എന്നോട് പറഞ്ഞു; 
'കേന്ദ്രസാഹിത്യ അക്കാദമി ബഷീറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയുണ്ടാക്കാന്‍ എന്നോട് പറഞ്ഞിരുന്നു.'
ഞാന്‍ ഞെട്ടി.
'എന്നിട്ട് എം.ടി. അത് ഏറ്റെടുത്തില്ലേ?'
'ഇല്ല, അതുവേണ്ട.' 
'അതെന്താ?'
'ഒരു ചെറുപ്പക്കാരന്‍ ഒരു ഡോക്യുമെന്ററി എടുത്തു. ഇനി അതിന്റെ പുറമെ എന്റെയൊരു ഡോക്യുമെന്ററി വേണ്ട.'
എം.എ. റഹ്‌മാന്‍ 'ബഷീര്‍ ദ മാന്‍' എന്ന ഡോക്യുമെന്ററി എടുത്തിട്ടുണ്ട്. ഇനി കേന്ദ്രസാഹിത്യ അക്കാദമി ഫണ്ട് ചെയ്താലും റിക്വസ്റ്റ് ചെയ്താലും എം.ടി. വാസുദേവന്‍ നായര്‍ വേറെയൊന്നെടുക്കുന്നില്ല. ഈയളവില്‍ അടുത്ത തലമുറയിലെ ആളുകളെ പരിഗണിക്കുന്നയാളാണ് എം.ടി. എന്ന് എത്രപേര്‍ക്കറിയാം? റഹ്‌മാന്‍ പിന്നീടാണ് കുളങ്ങളെക്കുറിച്ചുള്ള എം.ടി.യുടെ ഡോക്യുമെന്ററി എടുക്കുന്നത്. 

എല്ലാ മലയാളികള്‍ക്കുംവേണ്ടി, എം.ടി. വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരനെയല്ല, പത്രാധിപരെയല്ല, സിനിമാക്കാരനെയല്ല, ആ സാംസ്‌കാരിക പ്രവര്‍ത്തകനെയല്ല, ഇങ്ങനെ സമയത്തെപ്പറ്റിയും മൗനത്തെപ്പറ്റിയും സ്വകാര്യതയെപ്പറ്റിയും സത്യസന്ധമായ പെരുമാറ്റത്തെ പറ്റിയും നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍ക്ക് ഞാന്‍ എല്ലാ ആയുസ്സും ആരോഗ്യവും സന്തോഷവും നേരുന്നു.

Content Highlights: M.T@90, M.T. Vasudevan Nair, M.N.Karassery speech, M.T. Navathi Sukritham, Mathrubhumi