'ഇതോടൊപ്പം ഒരു ചെക്കുണ്ട്, ചെറിയ ആശ്വാസത്തിന്...' ജീവിതം മുന്നില്‍ നിന്നുതുഴഞ്ഞ എം.ടി!

#കെ. കുഞ്ഞികൃഷ്ണന്‍
ഫോട്ടോ: എന്‍.എം പ്രദീപ്‌
ഫോട്ടോ: എന്‍.എം പ്രദീപ്‌

ങ്ങളുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം ഏറ്റവും അടുപ്പമുള്ളയാളാണ് എം.ടി. സുഹൃത്ത്, തത്വചിന്തകന്‍, വഴികാട്ടി എന്നതിനപ്പുറം അദ്ദേഹം എനിക്ക് കുടുംബമാണ്, ഏകദേശം ആറ് പതിറ്റാണ്ടുകളായി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാര്‍ഗദര്‍ശിയായിരുന്ന മറ്റൊരാളില്ല, കുടുംബം, എഴുത്ത് എന്നീ മേഖലകളിലെല്ലാം തന്നെ. അത് സാഹിത്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; ഒരു ലേഖനത്തില്‍ തീര്‍ക്കാവുന്നതുമല്ല. ഞങ്ങളുടെ മക്കള്‍ക്ക് ഒരു മാമനേയുള്ളൂ. 'എം.ടി. മാമന്‍'. മൂത്ത മകന്‍ ജയദീപ് മുട്ടിലിഴഞ്ഞ് നടക്കുന്ന കാലത്ത് അവന്റെ ജീവന്‍ രക്ഷിച്ചത് എം.ടി.യായിരുന്നു. 'സിതാര'യില്‍ പോയപ്പോള്‍ നിലത്ത് മുട്ടുകുത്തി കളിച്ചുകൊണ്ടിരുന്ന എം.ടി.യുടെ മൂത്ത മകള്‍ സിതാര (പാപ്പ) യോടൊപ്പം ഇരിക്കവേ അവന്‍ അവിടെയുണ്ടായിരുന്ന ഗോട്ടിയെടുത്ത് വിഴുങ്ങാന്‍ നോക്കി, തൊണ്ടയില്‍ കുടുങ്ങി, പിടയുമ്പോള്‍, ഞങ്ങള്‍ രണ്ടുപേരും ഇതികര്‍ത്തവ്യമൂഢരായി നില്‍ക്കുമ്പോള്‍ എം.ടി. അവന്റെ കഴുത്തിന് പിറകില്‍ ശക്തിയായി തട്ടി. ഗോട്ടി പുറത്തേക്ക് തെറിച്ചുവീണു! അദ്ദേഹം അപ്പോഴത് ചെയ്തില്ലായിരുന്നുവെങ്കില്‍... ഇപ്പോഴും പേടി തോന്നുന്നു.

മദ്രാസിലും തിരുവനന്തപുരത്ത് ആദ്യ നിയമനകാലത്ത് താമസിച്ചിരുന്നപ്പോഴും എം.ടി. വരുന്നത് ഞങ്ങളുടെ രണ്ട് മക്കള്‍ക്കും ഉത്സവമായിരുന്നു. മദിരാശിയിലെ പാംഗ്രോവ് ഹോട്ടലിലായിരുന്നു ആദ്യകാലങ്ങളില്‍ താമസിച്ചിരുന്നത്. എത്തുന്ന ദിവസം തന്നെ ഫോണ്‍ ചെയ്യും. കുട്ടികളെയും വിളിച്ചുകൊണ്ട് ഭക്ഷണം കഴിക്കാന്‍ പോകാനാവശ്യപ്പെടും, സിനിമാക്കാരുടെ തിരക്കുകള്‍ തുടങ്ങുന്നതിന് മുമ്പ്. സ്‌കൂളില്‍ നിന്ന് വരുന്ന കുട്ടികള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടും. മദിരാശിയിലെയും തിരുവനന്തപുരത്തെയും വലിയ ഹോട്ടലുകളിലൊക്കെ ഞങ്ങളെ കൊണ്ടുപോകുന്നത് അദ്ദേഹമായിരുന്നു. മദിരാശിയിലെ ഫ്ളാറ്റില്‍ ഒരു തവണ ഞങ്ങളെ വിളിക്കാന്‍ വന്നപ്പോള്‍ ഞങ്ങള്‍ക്കൊരു സന്ദര്‍ശകയുണ്ടായിരുന്നു. അവര്‍ കുറെ കഴിഞ്ഞ് പോയപ്പോള്‍ അദ്ദേഹം എന്നെയുംകൂട്ടി താഴെയിറങ്ങി; ഭാര്യ രാഗിണിയോട് പറഞ്ഞു. 'കുഞ്ഞികൃഷ്ണന്‍ ഓഫീസില്‍ പോകുമ്പോള്‍ എടുക്കുന്ന ബ്രീഫ്കേസ് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതത്ര പോരാ! ഞാന്‍ കഴിഞ്ഞ തവണ ദുബായില്‍ പോയപ്പോള്‍ ഒരു ബ്രീഫ്കേസ് കൊണ്ടുവന്നിട്ടുണ്ട്. ഇനി അതെടുത്താല്‍ മതി. വളരെ വില കൂടിയ തുകല്‍ കൊണ്ടുള്ള ഒന്നാന്തരം ബ്രീഫ്കേസ്. അതിന്റെ കൂടെ ഒരു സ്വര്‍ണം പൂശിയ ക്രോസ് ബാള്‍ പോയിന്റ് പെന്നും. ആദ്യമായി കിട്ടുന്ന ക്രോസ്പെന്‍. TIME മാഗസിനിലൊക്കെ പരസ്യത്തില്‍ മാത്രം കണ്ടിരുന്ന വിശിഷ്ട വസ്തു. എനിക്ക് പെന്നുകളോടുള്ള കമ്പം കണ്ട് പിന്നീട് പലപ്പോഴും അദ്ദേഹം പെന്നുകള്‍ കൊണ്ടുവന്ന് തന്നിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം തന്നെ കൊണ്ടുവന്ന് തന്നിരുന്ന സ്വര്‍ണം പൂശിയ സ്ട്രാപ്പുള്ള റാഡോ വാച്ചുകെട്ടി, ഞങ്ങളൊരുമിച്ച് കന്യാകുമാരിയിലേക്ക് യാത്ര ചെയ്തപ്പോള്‍ രാഗിണി കളിയാക്കി പറഞ്ഞു: ഇപ്പോള്‍ കണ്ടാല്‍ ഒരു 'ദുബായ് റിട്ടേണ്‍ഡ്' ലുക്ക് ഉണ്ട്!

വീട്ടില്‍ വരുമ്പോഴൊക്കെ എന്നെക്കാള്‍ കൂടുതല്‍ വര്‍ത്തമാനം പറയുന്നത് രാഗിണിയോടാണ്. ഞങ്ങള്‍ക്കധികവും സാഹിത്യവും പുസ്തകങ്ങളും എഴുത്തുകാരും മാത്രമേ ചര്‍ച്ചാവിഷയങ്ങളാവാറുള്ളൂ. തിരുവനന്തപുരത്ത് വന്നുകൊണ്ടിരുന്ന കാലത്ത് (പലപ്പോഴും ഞങ്ങളുടെ കൂടെ താമസിക്കുമായിരുന്നു, തിരുവനന്തപുരത്ത് മാത്രമല്ല ഡല്‍ഹിയിലും) രാഗിണി പല പ്രാവശ്യവും ഞങ്ങളുടെ അയല്‍വാസിയും കുട്ടികളുടെ സുഹൃത്തുമായിരുന്ന ഒരു പയ്യനെ എങ്ങിനെയെങ്കിലും ഒരു സിനിമയില്‍ കയറ്റണമെന്ന് വാശിപിടിച്ച് പറയുമായിരുന്നു. ഓരോ തവണയും നോക്കാമെന്ന് മറുപടിയും കേള്‍ക്കാം. ഒരിക്കല്‍ വന്നപ്പോള്‍ പറഞ്ഞു. 'രാഗിണി പറഞ്ഞതുകൊണ്ട് മാത്രം ഞാന്‍ ആ പയ്യനുവേണ്ടി ഒരു റോള്‍ എഴുതിയിട്ടുണ്ട്'. അങ്ങിനെയാണ് സുകൃതം എന്ന സിനിമയിലൂടെ കൃഷ്ണകുമാര്‍ എന്ന നടന്‍ രംഗത്തു വരുന്നത്. പിന്നീട് ടെലിവിഷന്‍-സിനിമാതാരവും ഇപ്പോള്‍ ബി.ജെ.പിയുടെ നേതാവുമായ തിരുവനന്തപുരത്ത് അസംബ്ലി സ്ഥാനാര്‍ത്ഥിയായിരുന്ന കൃഷ്ണകുമാര്‍. സിനിമയുടെ പ്രിവ്യൂ കഴിഞ്ഞ് (അദ്ദേഹത്തിന്റെ മിക്ക സിനിമകളുടെയും പ്രിവ്യൂവിന് ഞങ്ങളുണ്ടാവും) രാഗിണിയെ ചുമലില്‍ ചേര്‍ത്തുപിടിച്ച് ചോദിച്ചു. 'സന്തോഷായില്ലേ?' തിരിഞ്ഞ് എന്നോട് ചിരിച്ചുകൊണ്ടു പറഞ്ഞു. 'രാഗിണിയുടെ ശല്യം സഹിക്കാന്‍ പറ്റാത്തതുകൊണ്ട് മാത്രം ചേര്‍ത്ത റോളാണിത്'. 

എണ്‍പതുകളുടെ ഒടുവിലാണ്; എം.ടി.ക്ക് ഒരു സിനിമയ്ക്ക് സ്റ്റേറ്റ് അവാര്‍ഡ് വാങ്ങാന്‍ വരാനുണ്ട്. നേരിട്ട് വാങ്ങാന്‍ സൗകര്യമില്ല. അതിനാല്‍ അനന്തിരവന്‍ വിശ്വനാഥ് പകരം അത് മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിക്കും. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ജി.എന്‍. പണിക്കര്‍ എന്നെ വിളിച്ച് സ്ഥിരീകരിക്കാന്‍ ചോദിച്ചു. 'അല്ലാ, നിങ്ങള്‍ക്ക് എം.ടി.യുമായി ഇത്രയടുത്ത ബന്ധമുണ്ടോ?' ഞങ്ങളുടെ മകന്‍ വിച്ചു അവാര്‍ഡ് വാങ്ങി. അവന്‍ മദിരാശിയിലായിരുന്നു പ്ലസ്ടുവിന് പഠിച്ചിരുന്നത്. ഞങ്ങള്‍ ഡല്‍ഹിയിലും. മദിരാശിയില്‍ സ്‌കൂളിലെ അവന്റെ ഏറ്റവുമടുത്ത കൂട്ടുകാരന്‍ കാനഡയില്‍ പഠിച്ചതാണ്. അവന്റെ സ്വാധീനം കൊണ്ടാവണം വിച്ചുവിന് പ്ലസ്ടു കഴിഞ്ഞാല്‍ അമേരിക്കയില്‍ പഠിക്കണമെന്ന് മോഹം. അവന്‍ അപേക്ഷാഫോറങ്ങള്‍ വരുത്തി. ആദ്യത്തെ സെമസ്റ്ററിന്റെ ഫീസും യാത്രച്ചെലവുമേ ഞങ്ങള്‍ക്ക് ചെലവ് വരൂ എന്നൊക്കെ ബോധ്യപ്പെടുത്തി. മാത്രവുമല്ല, ബാങ്കില്‍നിന്ന് പഠിക്കാന്‍ കടവും കിട്ടും. ഇന്‍ഡ്യാന പോലീസിലെ ബ്ലൂമിങ്ങ്ടണില്‍ അവന് ഇഷ്ടവിഷയങ്ങള്‍ പഠിക്കാന്‍ പ്രവേശനം കിട്ടണം. 'ടോഫല്‍' പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി. പക്ഷേ, അപേക്ഷയുടെ കൂടെ പത്ത് ലക്ഷം ഉറുപ്പിക മൂല്യമുള്ള ഒരു Capability Certificate വേണം, അവന് ചെലവിന് കൊടുക്കാന്‍ പ്രാപ്തിയുണ്ടെന്ന് തെളിയിക്കാന്‍. എം.ടി.യോട് വിവരം പറഞ്ഞു. ഉടനെ കോഴിക്കോട്ടേക്ക് വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എത്തുമ്പോഴേക്കും ബാങ്കിന്റെ സമയം കഴിഞ്ഞിരുന്നു. പക്ഷേ, എം.ടി. നടക്കാവിലെ ബാങ്ക് മാനേജരെ കാത്തിരിക്കാന്‍ ചട്ടം കെട്ടിയിരുന്നു. നിശ്ചിതഫോറത്തില്‍ പത്ത് ലക്ഷം ഉറുപ്പികയുടെ ഉറപ്പിലാണ് വിച്ചു (വിശ്വനാഥ്) അമേരിക്കന്‍ സര്‍വകലാശാലയില്‍ പ്രവേശനം നേടിയത്. 1996 ലായിരുന്നു ഇത്. 1987 ല്‍ എനിക്കൊരു മാരുതി കാര്‍ അലോട്ട്മെന്റ് കിട്ടിയപ്പോള്‍ (അന്ന് അത് നറുക്കെടുപ്പിലൂടെ കിട്ടുന്ന ഭാഗ്യമാണ്) നിശ്ചിത തീയതിക്കുള്ളില്‍ അതെടുക്കണമെങ്കില്‍, പണം വേണം. ഗവണ്‍മെന്റ് ലോണ്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പണം കിട്ടിയിട്ടില്ല. 1,87,000 ആയിരുന്നു കാറിന്റെ വില. കോഴിക്കോട്ട് ചെന്ന് ബാങ്കില്‍ നിന്ന് പണമെടുത്ത് മടങ്ങാനായിരുന്നു എം.ടി. പറഞ്ഞത്. വണ്ടി വൈകിയതിനാല്‍ എത്താന്‍ വൈകി. ചെക്ക് ബുക്കുമായി എം.ടി. ബാങ്ക് മാനേജരുടെയടുത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അപ്പോഴത്തേയ്ക്കും ഗവണ്‍മെന്റ് ലോണിന്റെ പണം എന്റെ അക്കൗണ്ടിലെത്തിയെന്ന് ഓഫീസില്‍ നിന്ന് എം.ടി.യുടെ വീട്ടിലേക്ക് പി.എ. വിളിച്ചുപറഞ്ഞതിനാല്‍ സഹായം സ്വീകരിക്കേണ്ടി വന്നില്ല.

തിരുവനന്തപുരത്ത് നിന്ന് രണ്ടു തവണയും എന്നെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയത് മൂത്തമകന്റെ വിദ്യാഭ്യാസ സന്നിദ്ധഘട്ടത്തിലായിരുന്നു. ആദ്യം പത്താംക്ലാസ് പരീക്ഷയ്ക്ക് മുമ്പ്. എനിക്ക് ഡല്‍ഹിയില്‍ താമസസ്ഥലം ശരിയായിട്ടില്ല. അതിനാല്‍ രാഗിണിയും കുട്ടികളും തിരുവനന്തപുരത്തു തന്നെ തുടര്‍ന്നു. രണ്ട് ചെലവുകള്‍ എന്റെ ശമ്പളത്തില്‍ നിന്ന് നടത്തണം. ഒരു ദിവസം രാത്രി രാഗിണി എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു. എം.ടി.യുടെ കത്തും ചെക്കും വന്നിട്ടുണ്ട്. കത്തില്‍ എഴുതിയത് രാഗിണിയെ നിരുദ്ധകണ്ഠയാക്കി. 'അവിടെ ബുദ്ധിമുട്ടാണെന്നറിയാം. ഇതോടൊപ്പം ഒരു ചെക്കുണ്ട്, ചെറിയ ആശ്വാസത്തിന്'. എന്നായിരുന്നു എഴുതിയിരുന്നത്. 25,000 ക യുടെതായിരുന്നു ചെക്ക്. ആയിടക്കൊരിക്കല്‍ പട്ടത്തെ വൃന്ദാവന്‍ ഹൗസിംഗ് കോളനിയിലെ വാടക ഫ്ളാറ്റില്‍ വന്നപ്പോള്‍ രാഗിണിയെ ചേര്‍ത്തുപിടിച്ച്, എന്താവശ്യമുണ്ടെങ്കിലും തന്നോട് ചോദിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ചോദിക്കാത്തതാണ് വിഷമം എന്നു പറഞ്ഞിരുന്നു. പിന്നെയൊരു തവണ രണ്ട് കൊല്ലം കഴിഞ്ഞ് മകനും ബാംഗ്ലൂരിലെ പ്രശസ്തമായ ആര്‍.വി. എന്‍ജിനീയറിംഗ് കോളേജില്‍ പ്രവേശനം കിട്ടിയപ്പോഴും അദ്ദേഹത്തിന്റെ സഹായം വലിയ നിധി പോലെ ആശ്വാസമായിരുന്നു. അതും ഞങ്ങളാവശ്യപ്പെടാതെ തന്നെ സ്നേഹം നിറഞ്ഞ ഒരു കത്തിനോടൊപ്പം കിട്ടി.

രാഗിണിയുടെ തളിപ്പറമ്പിലുള്ള 'പഞ്ചവടി' എന്ന പഴയവീട് കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെ താമസിക്കാന്‍ കഴിയാത്ത ഒരവസ്ഥയിലെത്തിയിരുന്നു. 1990കളില്‍. എം.ടി. കോഴിക്കോട്ട് നിന്നും പ്രശസ്തനായ ആര്‍.കെ. രമേശിനെയും കൂട്ടി പണിതുടങ്ങാനുള്ള ഏര്‍പ്പാടുകള്‍ ആലോചിക്കാനായാണ് തളിപ്പറമ്പില്‍ വന്നത്. രമേശ് വളരെ വിശദമായി നോക്കി. പക്ഷേ അദ്ദേഹം കോഴിക്കോടാണ്, ഞങ്ങള്‍ ഡല്‍ഹിയിലും. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് രമേശ് വിശദമായി പറഞ്ഞു. കണ്ണൂരിലുള്ള ഒരു ആര്‍ക്കിടെക്ടിനെ പറഞ്ഞേര്‍പ്പാടാക്കി. എല്ലാം കഴിഞ്ഞ് ഞങ്ങള്‍ എന്റെ ഗ്രാമമായ പെരളത്ത് അമ്മാമന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയി. യാത്രതിരിക്കുന്നതിന് മുമ്പ് എം.ടി.രാഗിണിയെ അകത്തെ ഒരു മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി ഒരു പൊതി ഏല്പിച്ചുകൊണ്ട് പറഞ്ഞു, 'പണി ഉടനെ തുടങ്ങിക്കോളൂ, ഈ സംഖ്യ ഉപയോഗിക്കാം'. അത് ഒരു ലക്ഷം ഉറുപ്പികയായിരുന്നു! രാഗിണിക്ക് ആരും അതുവരെ അത്ര വലിയ സംഖ്യ കൊടുത്തിരുന്നില്ല. ഒരു പക്ഷേ, ജീവിതത്തില്‍ ആദ്യമായി കയ്യില്‍ കിട്ടിയ ആദ്യത്തെ ലക്ഷമായിരുന്നു അത്. 

ഒരു തവണ 1998-ല്‍ ഡല്‍ഹിയില്‍ നിന്ന് എനിക്ക് രക്തത്തില്‍ പഞ്ചസാര കൂടിവരുന്നു എന്ന വിഷമം വലയ്ക്കുമ്പോള്‍ നാട്ടിലേക്കുള്ള യാത്രയില്‍ കോഴിക്കോട്ടിറങ്ങി, മാതൃഭൂമി ഓഫീസില്‍ പോകാനാവശ്യപ്പെട്ടു. ഞാനെത്തുമ്പോള്‍ അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഒരു പാക്കറ്റ് തയ്യാറാക്കിവെച്ചിരുന്നു. മധുരം ചേര്‍ക്കാത്ത ച്യവനപ്രാശം, കുറെ ആയുര്‍വേദ ഗുളികകള്‍ എന്നിവയൊക്കെ അതിലുണ്ട്. എല്ലാ ദിവസവും നടക്കാനും ഭക്ഷണം ക്രമീകരിക്കണമെന്നും ചിലവ ഒഴിവാക്കണമെന്നും എന്നോടാവശ്യപ്പെട്ടു. പുലി നഖം കെട്ടിയ ഒരു രുദ്രാക്ഷമാല എന്നോട് സ്ഥിരമായി ധരിക്കണമെന്നാവശ്യപ്പെട്ട് രാഗിണിയുടെ കയ്യില്‍ കൊടുത്തു. ഞാനിപ്പോഴും രുദ്രാക്ഷം ധരിക്കുന്നു.

അതീവദൃഢവും ഗാഢവുമായ ഏതോ ഒരു പൂര്‍വജന്മബന്ധമാണ് എനിക്ക് എം.ടി.യോട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആദ്യം വായിച്ച നോവലുകളിലൊന്നാണ് നാലുകെട്ട്. കഥകളും വായിച്ചിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍, ആഴ്ചപ്പതിപ്പില്‍ കേരളത്തിലെ വിഷപ്പാമ്പുകളെപ്പറ്റി പരമ്പരയെഴുതിയിരുന്ന ജ്യേഷ്ഠസഹോദരതുല്യനായിരുന്ന ഡോ. കെ.ജി. അടിയോടിയുടെ മാറ്ററുകളും ചിത്രങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഓഫീസില്‍ കൊടുക്കാന്‍ പോകുമ്പോഴാണ് ആദ്യമായി കാണുന്നത്. ആദ്യം കാണുമ്പോള്‍, എന്‍.വി. കൃഷ്ണവാരിയര്‍ ഇല്ലാതിരുന്നതിനാല്‍ എം.ടി.യായിരുന്നു വാങ്ങിനോക്കിയത്. അത് പക്ഷേ, ആരാധനാപാത്രമായ എം.ടി.യാണെന്നറിഞ്ഞത് പിന്നെയാണ്. അധികം വര്‍ത്തമാനമൊന്നും പറഞ്ഞിരുന്നില്ലെങ്കിലും സ്നേഹത്തോടെയാണ് പെരുമാറിയത്. ഒരിക്കല്‍ കോണിപ്പടികളിലേക്കുള്ള വഴി തെറ്റിയപ്പോള്‍ എഴുന്നേറ്റ് വന്ന്, താഴത്തേക്കുള്ള വഴി വരെ കൂടെവന്നു. ജീവിത്തില്‍ പിന്നീടെല്ലാം വഴികാട്ടിയായി! പയ്യന്നൂര്‍ കോളേജില്‍ ജൂനിയര്‍ ലക്ചററായി ജോലിചെയ്യുമ്പോള്‍ കൂടുതല്‍ അടുപ്പമായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാനെഴുതിയവ പ്രസിദ്ധീകരിച്ചുതുടങ്ങി. പിന്നീട് കോഴിക്കോട് സര്‍വകലാശാലയില്‍ എം.എസ്സിക്ക് പഠിക്കുമ്പോഴായിരുന്നു എനിക്ക് മുന്‍പെന്നോ അപേക്ഷിച്ച ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവിന്റെ ജോലി കിട്ടിയത്. ഗോവയിലായിരുന്നു നിയമനം. എം.ടി. എനിക്ക് വേണ്ടി അന്നവിടെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറായിരുന്ന മാലി മാധവന്‍നായര്‍ക്ക് ഒരു കത്തെഴുതി. പക്ഷേ, മംഗലാപുരം-ഗോവ യാത്രയില്‍ ഹൊനാവറിലെ കടത്തുബോട്ട് നിര്‍ത്തുന്നതിന് മുമ്പ് ഞാന്‍ ചാടിയിറങ്ങിയതിനാല്‍ വെള്ളത്തില്‍ വീണ് നിയമന രേഖകളും ചില സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായി. ഞാന്‍ കോഴിക്കോട്ടേക്ക് പഠനം തുടരാന്‍ മടങ്ങി, കോളേജില്‍ ജോലി തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതിനാല്‍, മറ്റ് ജോലികള്‍ക്ക് അപേക്ഷ അയച്ച കൂട്ടത്തില്‍ ഒന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലില്‍ അസിസ്റ്റന്റ് എഡിറ്ററടേതായിരുന്നു. നിയമനത്തിനുള്ള വിദഗ്ദ്ധരുടെ കമ്മിറ്റിയില്‍ എം.ടി.യും അക്കിത്തവുമുണ്ടായിരുന്നു. എഴുത്ത് പരീക്ഷയും അഭിമുഖവുമുണ്ടായിരുന്നു. എം.ടി. എന്നോടൊന്നും ചോദിച്ചതേയില്ല. വൈകുന്നേരം തിക്കോടിയന്‍ പറഞ്ഞതനുസരിച്ച് മാതൃഭൂമിയിലെ കെ.പി. ഉണ്ണികൃഷ്ണനെയും വി.കെ മാധവന്‍കുട്ടിയേയും കാണാന്‍ ചെന്നപ്പോള്‍ അവരാണ് പറഞ്ഞത്, എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാവരുടെയും ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ ആരെ നിയമിക്കണമെന്ന ചോദ്യം വന്നപ്പോള്‍- ഏഴ് പേരില്‍ ഞാനൊഴികെയുള്ളവര്‍ ഡല്‍ഹിയിലെ പ്രഗത്ഭരായിരുന്നു, അക്കിത്തം എന്റെ പേര് പറഞ്ഞുവെന്നും എം.ടി. അത് പിന്താങ്ങി, എന്നെ നല്ലപോലെ അറിയാമെന്നും മിടുക്കാനാണെന്ന് പറഞ്ഞതും അവര്‍ പറഞ്ഞു. ജോലിയില്‍ ചേര്‍ന്നപ്പോള്‍ എം.ടി. തന്ന ഉപദേശം 'ഓരോ സ്റ്റോറിയും ഒരു ന്യൂസാക്കണം' എന്നായിരുന്നു.

ഡല്‍ഹിയില്‍ നിന്ന് രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ എനിക്ക് കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ ജൂനിയര്‍ സയന്റിഫിക്ക് ഓഫീസറായി മാറ്റം കിട്ടി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ പതിവായി നിരൂപണങ്ങളെഴുതാറുണ്ടായിരുന്നു. മാത്രവുമല്ല, അക്കാലത്തെ ഏറ്റവും വില്പനയുണ്ടായിരുന്ന ഡെസ്മണ്ട് മോറിസിന്റെ 'നഗ്‌നവാനരന്‍' വിവര്‍ത്തനം ചെയ്യിച്ച് എം.ടി. പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ ജാപ്പനീസ് നോവലായ ജൂനിയിറോ തനി സാക്കിയുടെ 'താക്കോല്‍' പ്രസിദ്ധീകരിച്ചിരുന്നു. 1974 ല്‍ ഓണം വിശേഷാല്‍പ്പതിപ്പ്, 'പ്രശ്നസംസ്ഥാനത്തിന്റെ പ്രശ്നങ്ങളെ'ക്കുറിച്ചായിരുന്നു. അതില്‍ ശാസ്ത്ര ഗവേഷണത്തെക്കുറിച്ചൊരു ലേഖനമെഴുതാന്‍ എം.ടി. എനിക്കൊരു കത്തയച്ചു. 'ഗവേഷണം എന്ന പ്രഹസനം' എന്ന തലക്കെട്ടില്‍ ഞാനൊരു ലേഖനമെഴുതി. ഓണപ്പതിപ്പിലെ ലേഖനം പലരും ശ്രദ്ധിച്ചു. എനിക്ക് അഭിനന്ദനക്കത്തുകള്‍ കുറെ കിട്ടി. പക്ഷേ, ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചിലര്‍ അതിന്റെ മേധാവിയെ ഇകഴ്ത്തുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ഞാനനുഭവിച്ച പീഡനങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. എം.ടി. അന്ന് കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരുന്ന ഡോ.എം.എസ്. സ്വാമിനാഥന് സുദീര്‍ഘമായ കത്തയച്ചു. എന്നെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്. എന്നെ സമാശ്വസിപ്പിച്ചതിന്റെ ഓര്‍മ്മകള്‍ എഴുതി അറിയിക്കാവുന്നതില്‍ എത്രയോ അപ്പുറം. ഏതായാലും ആ ലേഖനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായതും എനിക്ക് ദൂരദര്‍ശനില്‍ ജോലി കിട്ടാനിടയായതും. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനിലൂടെ സെലക്ഷന്‍ കിട്ടി. അതില്‍ ഉയര്‍ന്ന റാങ്കും കിട്ടി. കല്‍ക്കത്തയിലായിരുന്നു നിയമനം. കല്‍ക്കത്തയിലെ മാതൃഭൂമി പ്രതിനിധിയായ എം.എസ്. മണിയോട് ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുതരണമെന്നാവശ്യപ്പെട്ടത് എം.ടി.യായിരുന്നു. കല്‍ക്കത്തയില്‍ നിന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മദ്രാസിലേക്ക് മാറ്റം കിട്ടി. അക്കാലത്ത് എം.ടി.ക്ക് മദ്രാസ് സ്വന്തം നഗരം പോലെയായിരുന്നു. അദ്ദേഹത്തിന് സിനിമയില്‍ ഏറ്റവും തിരക്കുള്ള കാലമായതിനാല്‍ തുടര്‍ച്ചയായി മദ്രാസിലേക്ക് യാത്ര ചെയ്തിരുന്നു.

തിരുവനന്തപുരത്ത് ഞാന്‍ ദൂരദര്‍ശന്‍ ഡയറക്ടറായിരിക്കുമ്പോള്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരുടെ സെലക്ഷന്‍ അതീവ സമ്മര്‍ദ്ദമുള്ള പ്രക്രിയയായിരുന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്ളവര്‍ ആരാണെന്ന് പുറത്തറിയരുത്. ഔദ്യോഗികമായി കത്തെഴുതിയാല്‍ പുറത്തറിയും. അതിനാല്‍ ഫോണിലാണ് ഞാന്‍ എം.ടി.യെ വിളിച്ചതും എന്തുതിരക്കുണ്ടെങ്കിലും മാറ്റിവെക്കണമെന്നാവശ്യപ്പെട്ടതും. അദ്ദേഹവും ഒ.എന്‍.വി. കുറുപ്പും ഞാനും കാറില്‍ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞു, ''ഒരു ചക്രം പൂര്‍ണമാവുന്നു. വിധിയുടെ കളി. കുഞ്ഞികൃഷ്ണനെ സെലക്ട് ചെയ്യാനുള്ള കമ്മിറ്റിയില്‍ ഞാനുണ്ടായിരുന്നു. ഇപ്പോള്‍ കുഞ്ഞികൃഷ്ണനുവേണ്ടി സെലക്ഷന്‍ നടത്താനും ഞാനുണ്ട്''.

പത്രാധിപരെന്ന നിലയില്‍, ഒരു മൂന്നാം കണ്ണുള്ള, പക്ഷേ സൂക്ഷ്മാംശങ്ങളില്‍ കഴുകദൃഷ്ടി പതിപ്പിക്കുന്ന ആളാണ് എം.ടി. ഒരു തവണ, അദ്ദേഹം രണ്ടാമതും ആഴ്ചപ്പതിപ്പിന്റെ പത്രാധിപസ്ഥാനം ഏറ്റെടുത്തപ്പോള്‍ 'സാഹിത്യത്തിലെ സെന്‍സര്‍ഷിപ്പിനെ'പ്പറ്റി ഒരു കവര്‍ സ്റ്റോറി തയ്യാറാക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ വളരെ മിനക്കെട്ട് ഒരു നല്ലതെന്ന ബോധ്യത്തോടെ നീണ്ട ലേഖനം അയച്ചുകൊടുത്തു. ദസ്തയേവ്സ്‌കിയുടെ 'കുറ്റവും ശിക്ഷയും' നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ പരാമര്‍ശിച്ചിരുന്നു. ഒരു ദിവസം എം.ടി. എന്നെ ഫോണില്‍ വിളിച്ച് ചോദിക്കുന്നു. കുറ്റവും ശിക്ഷയും ആരാണെഴുതിയത്? ദസ്തയേവ്സ്‌കി എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ലേഖനത്തില്‍ അതല്ലല്ലോ എഴുതിയിരിക്കുന്നത്, ടോള്‍സ്റ്റോയ് എന്നാണല്ലോ എന്നദ്ദേഹം കാര്‍ക്കശ്യത്തോടെ പറഞ്ഞപ്പോള്‍, എന്റെ അശ്രദ്ധയില്‍ ജാള്യത തോന്നി. എം.ടി. എന്ന പത്രാധിപരോട് കൂടുതല്‍ ബഹുമാനവും. ജംഗ്ള്‍ ബുക്കിന്റെ പുനരാഖ്യാനമായ 'കാട്ടിലെ കഥകള്‍' മലയാളത്തിലാക്കിയപ്പോഴും (ആഴ്ചപ്പതിപ്പില്‍ എന്റെ ആദ്യത്തെ പരമ്പര: വില്‍കി കോളിന്‍സിന്റെ 'മൂണ്‍സ്റ്റോണ്‍', കിപ്ലിംഗിന്റെ ജംഗ്ള്‍ ബുക്ക് ഇവയിലൊന്ന് തിരഞ്ഞെടുത്തെഴുതാനായിരുന്നു എന്നോട് എം.ടി. പറഞ്ഞിരുന്നത്) ഇത് പോലെ തിരുത്തലുകള്‍ നടത്തിയായിരുന്നു, 'നഗ്‌നവാനരന്' മലയാളത്തില്‍ വലിയ സ്വീകാര്യത കിട്ടിയതും.

തിരുവനന്തപുരം ദൂരദര്‍ശന്‍ ഡയറക്ടറായി ഞാന്‍ ജോലിചെയ്യുന്ന കാലത്താണ് പ്രഗത്ഭ സംവിധായകരെ കൊണ്ട് ചലച്ചിത്രങ്ങളെടുപ്പിക്കാന്‍ തുടങ്ങിയത്. മലയാളത്തില്‍ ഞാന്‍ ആദ്യം വിളിച്ചത് എം.ടി.യെയായിരുന്നു. അത് കഴിഞ്ഞാണ് അടൂര്‍ ഗോപാലകൃഷ്ണനെയും അരവിന്ദനെയും കെ.ജി.ജോര്‍ജിനെയും സമീപിച്ചത്. എം.ടി. ഒഴിഞ്ഞുമാറിയത് എന്നെ നിരാശനാക്കി. പിന്നീട് വളരെയേറെ നിര്‍ബന്ധിച്ചശേഷമാണ് പൊറ്റെക്കാടിന്റെ കഥ കടത്തുതോണിയെ ആസ്പദമാക്കി 'കടവ്' തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. 'കടവി'ന് സിങ്കപ്പൂര്‍ ഫെസ്റ്റിവലില്‍ സമ്മാനം കിട്ടിയപ്പോള്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ അത് തങ്ങളാണ് സ്വീകരിക്കേണ്ടതെന്ന നിലപാടെടുത്തു. ഒടുവില്‍ അക്കാലത്തെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി കമലാനാഥന്‍ നയപരമായ തീരുമാനമെടുത്തു. ദൂരദര്‍ശന്‍ നിര്‍മ്മിച്ചാലും പുരസ്‌കാരങ്ങള്‍ക്കുള്ള അര്‍ഹത സംവിധായകനാണ്. എം.ടി. അഭ്യര്‍ത്ഥിച്ച് കൊണ്ട് എടുത്ത ഈ തീരുമാനം ബുദ്ധദേവ് ദാസ് ഗുപ്ത തുടങ്ങിയ പല പ്രഗത്ഭ സംവിധായകര്‍ക്കും ഉപകാരപ്രദമായി. മദിരാശി ദൂരദര്‍ശന്‍ കേന്ദ്രം 1978-ല്‍ കേരള കലാമണ്ഡലത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി 30 മിനുട്ട് ദൈര്‍ഘ്യമുള്ളത് എടുക്കാന്‍ തീരുമാനിച്ചു. അന്നത്തെ ഡയറക്ടര്‍ ജനറല്‍ പി.വി. കൃഷ്ണമൂര്‍ത്തി എന്നോട് അത് തയ്യാറാക്കാനും നെഗറ്റീവ് ഫിലിമിലെടുക്കാനും നിര്‍ദ്ദേശിച്ചു. സാധാരണ ടെലിവിഷനില്‍ പോസിറ്റീവ് റിവേഴ്സല്‍ 16 എംഎം ഫിലിമാണ് ഉപയോഗിച്ചിരുന്നത്. ഡോക്യുമെന്ററിയുടെ സ്‌ക്രിപ്റ്റ് ആരെഴുതും എന്ന് രണ്ടാമതൊരാലോചന വേണ്ടിയിരുന്നില്ല. പക്ഷേ, പ്രശ്നം പ്രതിഫലത്തിന്റെ കാര്യത്തിലായിരുന്നു. എം.ടി. സമ്മതിച്ചു. ഒരു നോട്ട് ബുക്കില്‍ സ്‌ക്രിപറ്റ് പെട്ടെന്ന് തന്നെ എഴുതി അയച്ചുതന്നു. മറ്റാരെങ്കിലുമാണ് ആവശ്യപ്പെട്ടിരുന്നെതെങ്കില്‍ പറ്റില്ലെന്ന് പറയുമായിരുന്നു എന്ന് പറഞ്ഞു.

സാഹിത്യകാരന്മാരുടെ സംഘത്തില്‍ ചൈനയില്‍ പോയി മടങ്ങുമ്പോള്‍ എം.ടി. ഡല്‍ഹിയില്‍ ഞങ്ങളുടെ വീട്ടിലായിരുന്നു താമസിച്ചത്. ചൈനയിലെ കാഴ്ചകളെക്കുറിച്ച് പറഞ്ഞപ്പോള്‍, ചൈനക്കാര്‍ വന്‍തോതില്‍ ഇളനീര്‍വെള്ളം പാക്ക് ചെയ്ത് വില്പന നടത്തുന്നതിനെക്കുറിച്ച് വാചാലനായിരുന്നു. അത് കേരളത്തില്‍ നടപ്പാക്കിയാല്‍ വലിയ വാണിജ്യ സാധ്യതകളുള്ളതാവുമെന്ന് ആവേശപൂര്‍വ്വം പറഞ്ഞപ്പോള്‍, സാഹിത്യത്തിനും എഴുത്തിനുമപ്പുറം എത്ര ദീര്‍ഘദൃഷ്ടിയോടെയാണ് ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ വെക്കുന്നതെന്ന് മനസ്സിലാക്കാം. പല യാത്രകളിലും ഇത്തരം സൂക്ഷ്മാംശങ്ങള്‍ സാഹിത്യവുമായി ബന്ധമില്ലാത്തതും സമൂഹത്തിനാകെ പ്രയോജനപ്പെടുന്നവ- അദ്ദേഹം ഉള്‍ക്കൊള്ളുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 'വാരാണസി' എഴുതുന്നതിന് മുന്‍പ് അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങളൊരുക്കാനും ചുറ്റിക്കാണാനും കാശിയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ സഹപ്രവര്‍ത്തകനായ ആചാര്യയോട് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പിന്നീടൊരിക്കല്‍ ആചാര്യ വന്ന് എന്നെ കണ്ടപ്പോള്‍ എം.ടി.യെക്കുറിച്ച് പറഞ്ഞത് എം.ടി. കേവലമൊരു മഹാനായ എഴുത്തുകാരന്‍ മാത്രമല്ല, അദ്ദേഹം അതുവരെ പരിചയപ്പെട്ട ആരെക്കാളും ഏതു വിഷയത്തെക്കുറിച്ചായാലും അഗാധമായ പാണ്ഡിത്യവും തുറന്ന മനസ്സും താല്പര്യമുള്ള 'യുഗപുരുഷ'നാണെന്നാണ്. അധികം സംസാരിക്കുന്നയാളല്ല എം.ടിയെന്ന് ആചാര്യയോട് സൂചിപ്പിച്ചിരുന്നു. ആചാര്യ സാഹിത്യകാരനാണ്. തനിക്കങ്ങിനെ തോന്നിയിട്ടേയില്ല എന്നായിരുന്നു ആചാര്യയുടെ പ്രതികരണം.

Content Highlights: K.Kunhikrishnan, M.T Vasudevan Nair, Mathrubhumi