'ശക്തമായ അടിയൊഴുക്ക്, വാസുവേട്ടന്‍ പറഞ്ഞതാണ് ശരി, ഇതു വേണ്ടായിരുന്നു'

#എം.സി. രാജനാരായണന്‍
പ്രതീകാത്മക ചിത്രം | ചിത്രീകരണം: ദ്വിജിത്ത്‌
പ്രതീകാത്മക ചിത്രം | ചിത്രീകരണം: ദ്വിജിത്ത്‌

വാരാണസി എന്ന നോവല്‍ എഴുതുവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വാരാണസി യാത്രയില്‍ കൂടെ പോകുവാനും നാല് നാളുകള്‍ അവിടെ തങ്ങി പരിഭാഷകനായി പ്രവര്‍ത്തിക്കുവാനും കഴിഞ്ഞത് അവിസ്മരണീയമായ അനുഭവമാണ്. കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു നഗരത്തിന്റെ വഴികളും വഴിത്താരകളും സ്മാരകശിലകളുള്‍പ്പെടെ വിശദമായി രേഖപ്പെടുത്തിയ അപൂര്‍വം രചനകളില്‍ ഒന്നാണ് എം.ടി.യുടെ വാരാണസി. 

ഡല്‍ഹിയില്‍ നിന്ന് കാശി വിശ്വനാഥ് എക്സ്പ്രസ്സിലായിരുന്നു ഞങ്ങളുടെ വാരാണസി യാത്ര. ഉച്ചസമയം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് കാലത്ത് വാരാണസിയിലെത്തുന്ന ട്രെയിനാണ് കാശി വിശ്വനാഥ് എക്സ്പ്രസ്സ്. അവിടെ യു.പി. ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം കാഴ്ചകള്‍ കാണാന്‍ ഇറങ്ങുകയും തിരിച്ച് ഉച്ചയ്ക്ക് ഗസ്റ്റ് ഹൗസിലെത്തി ലഞ്ച് കഴിച്ച് അല്‍പനേരം വിശ്രമിച്ച് തിരികെ നഗരകാഴ്ചകള്‍ക്കായി പോകുകയുമായിരുന്നു പതിവ്. അവിടെ കണ്ട കാഴ്ചകള്‍ നിരവധിയാണ്- പരിചയപ്പെട്ട വ്യക്തികളും.

എം.ടി. സംശയങ്ങള്‍ മലയാളത്തില്‍ എന്നോട് ചോദിക്കുന്നത് ഞാന്‍ ബന്ധപ്പെട്ടവരോട് തിരിച്ച് ഹിന്ദിയില്‍ ചോദിച്ച് മറുപടി പരിഭാഷപ്പെടുത്തുകയുമായിരുന്നു രീതി. സൈക്കിള്‍റിക്ഷയാണ് അവിടത്തെ പ്രധാന സഞ്ചാരോപാധി. ഓട്ടോറിക്ഷകളും ടാക്സികളും കുറവായിരുന്നു. ഞങ്ങള്‍ ഗംഗാതീരത്തേക്കും തിരിച്ച് ഗസ്റ്റ് ഹൗസിലേക്കും യാത്ര ചെയ്തിരുന്നത് അധികവും സൈക്കിള്‍ റിക്ഷയില്‍ തന്നെയാണ്. ഗസ്റ്റ് ഹൗസിലെ റസ്റ്ററന്റില്‍ നിന്നായിരുന്നു പ്രധാനമായും ഭക്ഷണം. എം.ടി. എപ്പോഴും നല്ല ടിപ്സ് നല്‍കുമായിരുന്നു. അത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ബില്ലിന്റെ കൂടെ ഒരു ചെറിയ സംഖ്യയാണ് നമുക്ക്. അവര്‍ക്കത് വലിയ കാര്യവും.'' വെജും നോണ്‍വെജും എല്ലാമായി നല്ല ഭക്ഷണമാണ് അവിടെ ലഭിച്ചിരുന്നത്.

ഘാട്ടുകള്‍ എന്നറിയപ്പെടുന്ന സ്നാനഘട്ടങ്ങളിലേക്ക് സൈക്കിള്‍ റിക്ഷയില്‍ പോകുമ്പോള്‍ തൊട്ടുതൊട്ടിരിക്കുന്നത് സാക്ഷാല്‍ എം.ടി. വാസുദേവന്‍ നായരാണെന്നത് അവിശ്വനീയമായി തോന്നുമെങ്കിലും അത് പകല്‍വെളിച്ചം പോലെ സത്യമാണെന്നത് മനസ്സ് തിരിച്ചറിഞ്ഞത് അഭിമാനത്തോടെയാണ്, അളവറ്റ ആഹ്ളാദത്തോടെയും. ഗംഗാതീരത്ത് ചെറുതും വലുതുമായി നിരവധി അമ്പലങ്ങളുണ്ട്.

അവയ്ക്കരികിലായുള്ള ചില ശിലാഫലകങ്ങളില്‍ അവിടെ ജീവഹാനി സംഭവിച്ചവരുടെ പേരുവിവരങ്ങളും കാണാമായിരുന്നു. അതില്‍ ചില മലയാളി പേരുകളും ഞങ്ങള്‍ വായിച്ചു. എം.ടി. പറഞ്ഞു: ''നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇവിടെ നമ്മുടെ നാട്ടുകാരുടെ സാന്നിധ്യമുണ്ടായിരുന്നു.' കാലത്തും സന്ധ്യയ്ക്കും ഗംഗാതീരത്തെ ക്ഷേത്രസമുച്ചയങ്ങളില്‍ ഗംഗാ ആരതി ആഘോഷിക്കപ്പെടുന്നു. സന്ധ്യയ്ക്ക് നടക്കുന്ന ആരതി കാണുവാന്‍ വലിയ ജനാവലി ഉണ്ടാകാറുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗദര്‍ശനം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനമായ ക്ഷേത്രം കാലഭൈരവന്റേതാണ്. അവിടത്തെ ദര്‍ശനം വിശ്വാസപ്രകാരം നിര്‍ബന്ധിതവുമാണ്. പ്രധാന ക്ഷേത്രമായ കാശിവിശ്വനാഥ ക്ഷേത്രത്തിനോട് തൊട്ടുതന്നെയാണ് പള്ളിയും. ഒരു ചുമരിനാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.

വിശ്വനാഥക്ഷേത്രത്തില്‍ ഭക്തര്‍ സ്വയം പൂജ ചെയ്യുന്ന കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി. തലങ്ങും വിലങ്ങും പൂജാരിമാരും അനുചരന്മാരും വിലസുന്നുണ്ടെങ്കിലും ഭക്തര്‍ സ്വയം അഭിഷേകം ചെയ്യുന്നു. ദീപം കാണിക്കുന്നു. ശിവലിംഗത്തില്‍ പാലഭിഷേകം ചെയ്യുന്ന ഭക്തരാണ് അധികവും. സ്ത്രീപുരഷന്മാര്‍ ഒരുമിച്ച് പൂജിക്കുന്നതും കാണാമായിരുന്നു- ഒരുപക്ഷേ ദമ്പതിമാരായിരിക്കാം. തിരക്ക് വന്നുംപോയുമിരിക്കുന്ന രീതിയാണ്. നാനാ ഭാഷക്കാരും ജാതിക്കാരും വേഷക്കാരുമെല്ലാം ഉണ്ട്. ക്യൂ പെട്ടെന്ന് നീങ്ങുന്നതിനാല്‍ തിരക്കിന്റെ കാഠിന്യം അനുഭവപ്പെട്ടിരുന്നില്ല. സ്വയം ഭക്തര്‍ പൂജിക്കുന്നത് നോക്കിനിന്നപ്പോള്‍ എം.ടി. പറഞ്ഞു: ''ഇവിടത്തെ രീതി ഇതായിരിക്കാം.'' ''നമ്മുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തം.''

മരിക്കാനായി കാശിയിലെത്തുന്നവരുണ്ടെന്നത് ഏറെ വിചിത്രമാണ്. നേരെ സ്വര്‍ഗയാത്ര ചെയ്യാനാകുമെന്നാണ് വിശ്വാസം. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഇത്തരത്തില്‍ അവിടെ റൂമെടുത്ത് താമസിക്കുന്നവര്‍ നിരവധിയത്രെ. അതില്‍ അധികവും ഉത്തരേന്ത്യക്കാര്‍ തന്നെയാണ്. കല്‍പടവുകള്‍ക്കരികിലായി ബലികര്‍മങ്ങള്‍ നടത്തുന്ന പൂജാരിമാരെ കാണാം.

എം.ടി. വാരാണസിക്ക് നല്‍കിയ നിര്‍വചനം 'മരണം കൊണ്ട് ജീവിക്കുന്ന നഗരം' (വാരാണസി എന്ന താത്വികമാനമുള്ള നോവലില്‍ ഇതേ വരികള്‍ വായിക്കാം.) ഡോം രാജ എന്ന ശ്മശാനത്തിന്റെ രാജാവിന്റെ ഗൃഹത്തില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന, നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അഗ്‌നിയില്‍ നിന്ന് തീ പകര്‍ന്നുകൊണ്ട് ചിത കൊളുത്തിയാലേ മോക്ഷം ലഭിക്കുകയുള്ളൂ എന്നാണ് രൂഢമൂലമായ വിശ്വാസം. സഹായികളും അനുചരന്മാരുമായി വലിയ നിരതന്നെ ഡോം രാജിനുണ്ട്. അദ്ദേഹത്തെ കാണുവാനുള്ള ഞങ്ങളുടെ ശ്രമം സഫലമായില്ല. ഡോം രാജയാകട്ടെ എപ്പോഴും സോമരസത്തിന്റെ ഉന്മാദത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

എം.ടി. വാസുദേവന്‍ നായര്‍ | പി.പി. ബിനോജ്‌

വരണ, അസി എന്നീ രണ്ടു നദികള്‍ ഒന്നിക്കുന്ന ഇടം എന്ന നിലക്കാണ് വാരാണസി എന്ന പേര് ലഭിച്ചതെന്നാണ് ചരിത്രം. ശക്തമായ മഴ പെയ്തിരുന്നതിനാല്‍ ഗംഗ ഇരുകരകളും മുട്ടി നുരഞ്ഞു പതഞ്ഞൊഴുകുന്ന കാഴ്ച ഭീതിജനകമായിരുന്നു. കല്‍പടവുകള്‍ക്കരികില്‍ തോണിക്കാര്‍ നിലയുറപ്പിച്ചിരുന്നത് യാത്രക്കാരെ കയറ്റി ഒരു ഘാട്ടില്‍ നിന്ന് മറ്റൊരു ഘാട്ടിലേക്ക് കുറേ ദൂരം തോണിയാത്ര ചെയ്യുവാനായിരുന്നു. ചിലരൊക്കെ അങ്ങനെ ചെറുതോണികള്‍ കയറി പോകുന്നതു കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു ''വാസുവേട്ടാ നമുക്കും ഒന്നു പോയാലോ?' ''വേണ്ട, നല്ല ഒഴുക്കുണ്ട്.' കുത്തിയൊഴുകുന്ന ഒഴുക്ക് നോക്കിക്കൊണ്ട് എം.ടി. പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും നിര്‍ബന്ധിച്ചു. ''സന്ദര്‍ശകര്‍ യാത്ര ചെയ്യുന്നുണ്ടല്ലോ. നമുക്കും പോയിനോക്കാം.'' മനസ്സില്ലാ മനസ്സോടെയാണ് എം.ടി. തോണിയില്‍ കയറിയത്. ചെറുപ്പക്കാരനായ തോണിക്കാരന്‍ രാംലാല്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ''ഡര്‍നെ കി കോയി ബാത് നഹിം'.

കല്‍പ്പടവുകള്‍ക്കരികില്‍കൂടി തന്നെയാണ് തോണി തുഴഞ്ഞതെങ്കിലും (പലപ്പോഴും കല്‍പ്പടവുകളില്‍ തുഴകൊണ്ട് കുത്തിക്കൊണ്ട്) ഒഴുക്കിന്റെ ശക്തി അപാരമായിരുന്നു. ഒഴുക്കില്‍ ഉലഞ്ഞാടിക്കൊണ്ടാണ് തോണി നീങ്ങിയത്. കരയില്‍ നിന്നുള്ള കാഴ്ച പോലെയല്ല, തോണിയില്‍ ഇരുന്നപ്പോള്‍ അനുഭവപ്പെട്ടത്. ശരിക്കും ഭയം തോന്നുന്ന അവസ്ഥ. ഞാന്‍ അല്‍പം അങ്കലാപ്പോടെ പറഞ്ഞു: ''ശക്തമായ അടിയൊഴുക്കുണ്ട്. വാസുവേട്ടന്‍ പറഞ്ഞതാണ് ശരി. സോറി, ഇതു വേണ്ടായിരുന്നു.''

''സാരമില്ല, നീന്തല്‍ അറിയില്ലേ? പിന്നെ പേടിക്കാനൊന്നുമില്ല.'' ഞങ്ങളുടെ സംഭാഷണത്തിലെ സംശയം അറിഞ്ഞിട്ടെന്നവണ്ണം തോണിക്കാരന്‍ പറഞ്ഞു: ''മേം ആപ്കോ ആരാം സെ ലേ ചലൂംഗാ.'' അധികദൂരമില്ലെങ്കിലും അതൊരു പേടിപ്പെടുത്തിയ യാത്ര തന്നെയായിരുന്നു. കല്‍പടവുകളില്‍ ഇറങ്ങി നഗരത്തിലേക്ക് നടക്കുമ്പോഴും എം.ടി. ഒന്നും പറഞ്ഞില്ല. ആ യാത്ര അതിന്റെ സ്പിരിറ്റില്‍ എടുത്തതുപോലെയാണ് തോന്നിയത്. വേറെ വല്ലവരുമായിരുന്നെങ്കില്‍ വിമര്‍ശിക്കാന്‍ കിട്ടിയ അവസരം ഉപയോഗിക്കുമായിരുന്നു.

ബുദ്ധിസ്റ്റ് സ്തൂപങ്ങളും സ്മാരകങ്ങളുമുള്ള സാരാനാഥിലേക്ക് ഓട്ടോറിക്ഷ പിടിച്ചാണ് പോയത്. ഓട്ടോറിക്ഷക്കാരനുമായി ഞാന്‍ വിലപേശുന്നത് നോക്കിനിന്ന എം.ടി. പറഞ്ഞു: ''സാരമില്ല, അയാള്‍ക്കും എന്തെങ്കിലും കിട്ടണ്ടേ? നമുക്ക് പോകാം.'' അങ്ങനെ വാരാണസിയില്‍ നിന്ന് കുറച്ചകലെയുള്ള സാരാനാഥിലെത്തി. അവിടത്തെ കാഴ്ചകള്‍ കണ്ട് തിരിച്ച് വാരാണസിയിലേക്ക് മടങ്ങാമെന്ന നിലയിലാണ് ഓട്ടോ പിടിച്ചത്. സാരാനാഥിലെ കാഴ്ചകളെല്ലാം അതീവ താത്പര്യത്തോടെയാണ് എം.ടി. കണ്ടുകൊണ്ടിരുന്നത്. ധാരാളം സന്ദര്‍ശകര്‍- സ്വദേശികളും വിദേശികളും അവിടെ എത്തിയിരുന്നു.

നാലു ദിവസത്തെ വാരാണസി വാസത്തിനും അവിടത്തെ നിരന്തരമായ കാഴ്ചകള്‍ക്കും ശേഷം ഡല്‍ഹിയിലേക്ക് മടങ്ങുമ്പോള്‍ ഒരു പാഠമെന്ന നിലക്ക് മനസ്സില്‍ തങ്ങിനിന്നത് ഗംഗയിലൂടെയുള്ള തോണിയാത്രയാണ്. ഇരുകരകളും മുട്ടി കടല്‍പോലെ നിറഞ്ഞുകവിഞ്ഞ് നിന്ന ഗംഗയിലൂടെയുള്ള തോണിയാത്രയുടെ അപകടം എം.ടി. മനസ്സിലാക്കിയത് ഒഴുക്കും തോണികളുടെ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ടാണ്. പിന്നെ എന്നെ നിരാശപ്പെടുത്താതിരിക്കാന്‍ വേണ്ടി മാത്രമാണ് യാത്രക്ക് സമ്മതിച്ചത്. അതൊരു പാഠഭേദം തന്നെയായിരുന്നു.

Content Highlights: Explore MT Vasudevan Nair`s unforgettable journey to Varanasi. Discover the spiritual heart of India, its ghats, temples, and the profound reflections of a literary master.