ജയിച്ച് മരണം, തോല്‍ക്കാതെ എം.ടി.

#എം.സി. രാജനാരായണന്‍
എം.ടി.വാസുദേവൻ നായർ | Photo: Mathrubhumi
എം.ടി.വാസുദേവൻ നായർ | Photo: Mathrubhumi

''ഹാന്മാരായ എഴുത്തുകാരെല്ലാം മരണത്തെക്കുറിച്ച് സീരിയസ്സായി എഴുതിയിട്ടുണ്ട്, ജീവിതംപോലെ തന്നെ.'' എം.ടി. പറയുന്നത് സശ്രദ്ധം കേട്ടിരിക്കുകയാണ് ഞങ്ങള്‍ - ഞാനും തമിഴ് സാഹിത്യകാരി ശിവശങ്കരിയും. ഡല്‍ഹിയിലെ കൊണോട്ട് പ്ലേസിനടുത്തുള്ള പനോരമ റസ്‌റ്റോറന്റാണ് സ്ഥലം. പതിനൊന്നാം നിലയിലെ ഈ റെസ്റ്റോബാര്‍ തിരഞ്ഞെടുത്തത് എം.ടി.ക്കും ശിവശങ്കരിക്കും ഏറെ ബോധിച്ചിരുന്നു. ''ഐ റിയലി അപ്രീഷ്യേറ്റ് യുവര്‍ ചോയ്‌സ്'' അവര്‍ അവിടെ എത്തിയ ഉടനെ എന്നോട് പറഞ്ഞു. ഒരു അര്‍ദ്ധ മന്ദസ്മിതത്തോടെ എം.ടി.യും അത് അംഗീകരിച്ചു. വലിയ തിരക്കില്ല, ഏറെയും ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍. ഇരുകോര്‍ണറുകളിലും ചിലരുണ്ട്. ഇരുണ്ട ചുവന്ന പ്രകാശത്തില്‍ വെളുത്ത നിഴല്‍രൂപങ്ങള്‍പോലെ നീങ്ങുന്ന പരിചാരകര്‍. സ്ഥലം അത്രയധികം പോപ്പുലര്‍ അല്ലാത്തതുകൊണ്ടാണ് തിരക്ക് കുറഞ്ഞിരിക്കുന്നത്.
എം.ടി. എപ്പോള്‍ ഡല്‍ഹിയിലെത്തിയാലും ഒരു ലഞ്ചോ ഡിന്നറോ ഒരുമിച്ച് കഴിക്കുക എന്നത് ഒരു അലിഖിത നിയമം പോലെയായിരുന്നു. കടവിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ എം.ടി. ഡല്‍ഹിയില്‍ വന്ന് തങ്ങിയത് അശോക് ഹോട്ടലിലായിരുന്നു. അതിനുമുമ്പ് കടവിന്റെ പ്രദര്‍ശനത്തിനായി വന്നപ്പോള്‍ മൂന്നുനാലു ദിവസം കേരളഹൗസിലായിരുന്നു  താമസം. അന്ന് ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലായിരുന്നു തങ്ങിയത്. (കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രോഗ്രാമിനായി എത്തിച്ചേര്‍ന്നതായിരുന്നു.)

നിറസന്ധ്യയില്‍ നഗരവിളക്കുകള്‍ പ്രകാശിച്ചിരുന്നു. പതിനൊന്നാം നിലയില്‍നിന്ന് ചില്ലുജാലകങ്ങളിലൂടെയുള്ള കാഴ്ച മനോജ്ഞമായിരുന്നു. സംഭാഷണവിഷയം പ്രധാനമായും സാഹിത്യവും സിനിമയും തന്നെ. രണ്ടാമൂഴത്തെക്കുറിച്ച് ശിവശങ്കരി ആവേശപൂര്‍വ്വം പറഞ്ഞത്  എം.ടി. നിസ്സംഗതയോടെ കേട്ടിരുന്നു. അതിലുമുണ്ടല്ലോ മരണം നൃത്തമാടുന്ന യുദ്ധവും സംഘട്ടനങ്ങളും. സിനിമയെക്കുറിച്ചും തുടങ്ങിയത് ശിവശങ്കരിയാണ്. ''പണ്ടത്തെ തമിഴ് സിനിമകള്‍ അവസാനിച്ചിരുന്നത് ഒന്നുകില്‍ വിവാഹം അല്ലെങ്കില്‍ മരണം.'' ''ഏതാണ്ട് എല്ലാ സിനിമകളുടേയും ക്ലൈമാക്‌സ് ഇതുപോലെതന്നെ.''
ബര്‍ഗമാന്റെ വിശ്വവിഖ്യാതമായ 'സെവന്‍ത് സീലിലെ' നായകന്‍ മരണവുമായാണ് അറിയാതെ ചെസ്സ് കളിക്കുന്നത്. എം.ടി. പറഞ്ഞു. ''ബര്‍ഗമാന്‍  പടങ്ങള്‍ പൊതുവെ ഫിലോസഫിക്കലാണ് - സെവന്‍ത് സീല്‍ പ്രത്യേകിച്ചും.''
“'എന്നെ ഒരിക്കലും തോല്‍പ്പിക്കാനാവില്ല എന്നാണല്ലോ മരണം പറയുന്നത്.''

“'അതെ, അതിശക്തമാണ് ആ സീനുകള്‍'' ''അന്ത്യത്തിലെ മരണത്തിനോടൊപ്പമുള്ള നൃത്തവും''

എം.ടി. യുമായുള്ള ചതുരംഗക്കളിയിലും അന്തിമമായി മരണം വിജയിച്ചുവെങ്കിലും എതിരാളി മൃത്യുഞ്ജയനായ, അനശ്വരനായ സാക്ഷാല്‍ എം.ടി. വാസുദേവന്‍ നായരായിരുന്നുവെന്ന് മാത്രം. സാഹിത്യം നിലനില്‍ക്കുന്ന കാലംവരെ എം.ടി.യും അദ്ദേഹത്തിന്റെ രചനകളും ജ്വലിച്ചുനില്‍ക്കുകതന്നെ ചെയ്യും.നാലുകെട്ടുമായി ആരംഭ–ം.ടി.യുടെ ജൈത്രയാത്ര (എം.ടി.ക്ക് പ്രഥമ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നാലുകെട്ടിലൂടെ ലഭിച്ചു.)

പിന്നീട്  മലയാളസാഹിത്യത്തില്‍ അനുപമങ്ങളായ നിരവധി നിര്‍മ്മിതികള്‍കൊണ്ട് അനശ്വരതയുടെ മേഖലയിലേക്ക്  ഉയരുന്നതായിരുന്നു. നാലുകെട്ടിന് അവാര്‍ഡ് ലഭിക്കുമ്പോള്‍ വെറും ഇരുപത്തിമൂന്ന് വയസ്സായിരുന്നുവെങ്കില്‍ മുപ്പതിന് മുമ്പുതന്നെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും എം.ടി.യെ തേടിയെത്തി. രണ്ടാമൂഴത്തിലെത്തുമ്പോള്‍ ആരാധകരെ, അനുവാചകരെ, വിസ്മയിപ്പിക്കുന്ന മാസ്മരലോകത്തേക്ക് എം.ടി. ആനയിച്ചു. പുതിയൊരു ഭീമന്റെ സൃഷ്ടിയാണ് രണ്ടാമൂഴത്തില്‍ സഫലമായത്, യുദ്ധനിപുണനായ  സഹാനുഭൂതിയുടെ ആള്‍രൂപം. കലഹിക്കാനെന്നപോലെ സ്‌നേഹിക്കാനും അറിയുന്ന ഭീമസേനന്‍ എന്നും രണ്ടാമന്‍. തത്തുല്യമായ ഒരു പുനരാവിഷ്‌കരണമാണ് ഒരു വടക്കന്‍വീരഗാഥയിലൂടെ  എം.ടി. നടത്തിയത്. ചതിയനല്ലാത്ത, ആയോധനകലയില്‍ നിപുണനായ ഒരു പുതിയ ചന്തുവിന്റെ ഉദയത്തിന്  ഒരു വടക്കന്‍വീരഗാഥ സാക്ഷിയായി. പ്രേക്ഷകര്‍ അത് ഇരുകൈകളും നീട്ടി  സ്വീകരിക്കുയും ചെയ്തു.

ആദ്യചിത്രമായ നിര്‍മാല്യത്തിലൂടെതന്നെ ഏറ്റവും മികച്ച പടത്തിനുള്ള നാഷണല്‍ അവാര്‍ഡ് എം.ടി. നേടി - പി.ജെ. ആന്റണി മികച്ച നടനുമായി. അറുപതിലധികം തിരക്കഥകളില്‍ ബഹുഭൂരിപക്ഷവും മലയാളസിനിമയുടെ ഗതിവിഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ നിസ്തുലമായ  പങ്ക് വഹിച്ചവതന്നെയാണ്. ജീവിതത്തോട് അടുത്തുനില്‍ക്കുന്ന, തൊട്ടുരുമ്മുന്ന കഥാപാത്രങ്ങളും സംഭാഷണങ്ങളും എം.ടി.യുടെ തിരക്കഥകള്‍ക്ക് പത്തരമാറ്റിന്റെ മൂല്യം നല്‍കി. എം.ടി. - ഹരിഹരന്‍, എം.ടി. - ഐ.വി.ശശി കൂട്ടുകെട്ടുകള്‍ നിരനിരയായി മികച്ച സൃഷ്ടികള്‍ക്ക് വഴിയൊരുക്കിയത്  മലയാള സിനിമയുടെ ആഘോഷമായി മാറുകയു ചെയ്തു.

ദീര്‍ഘകാലം കഥയോ നോവലോ എഴുതിയില്ലെങ്കിലും സാഹിത്യനഭസ്സിലെ നക്ഷത്രംപോലെ എം.ടി. എന്നും ജ്വലിച്ചുനിന്നു. ഷെര്‍ലക് എന്ന കഥകൊണ്ട് കഥാസാഹിത്യത്തെ പുനര്‍നിര്‍വചിക്കുവാന്‍ എം.ടി.ക്ക് സാധിച്ചു. അമേരിക്കന്‍ ജീവിതമാണ് അതില്‍ സാക്ഷാത്ക്കരിക്കുന്നതെങ്കിലും ലോകത്തിന്റെ തന്നെ ഒരു പരിച്ഛേദമായി ഷെര്‍ലക്ക് രൂപാന്തരം പ്രാപിക്കുന്നു. ഗദ്യത്തിലെ പദ്യമായി, കാവ്യാത്മക രചനയായി മഞ്ഞ് സാഹിത്യത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നു. വാരാണസിയിലെത്തുമ്പോള്‍ എം.ടി. ഫിലോസഫിയുടെ ഉയരങ്ങള്‍ കീഴടക്കുന്നു. ഇനിയും പുനര്‍വായനയ്ക്ക്, വിചിന്തനങ്ങള്‍ക്ക് തലമുറകള്‍ക്ക് വഴിയൊരുക്കുന്നവയാണ് എം.ടി.യുടെ പ്രധാന രചനകള്‍. വാരാണസിയെക്കുറിച്ച് എം.ടി. എഴുതി, ''മരണം കൊണ്ട് ജീവിക്കുന്ന നഗരം''. ആന്ദ്രെ തര്‍ക്കോവ്‌സ്‌ക്കിയുടെ വാക്കുകള്‍ കടമെടുത്താല്‍ 'കാലത്തിലെ കൊത്തുവേലയാണ്' എം.ടി.യുടെ കൃതികള്‍. അവ എന്നെന്നും മലയാളമനസ്സില്‍, സിനിമാനഭസ്സില്‍ സുവര്‍ണ്ണശോഭയണിഞ്ഞ് നിലകൊള്ളുകതന്നെ ചെയ്യും.

Content Highlights: Mt vasudevan Nair