‘അച്ഛന്റെ ലൈബ്രറിയിൽ വല്ലാത്ത ഒറ്റപ്പെടലാണിപ്പോൾ, പുസ്തകങ്ങളെയും എന്നെയും തനിച്ചാക്കി പോയി’

എം.ടി. വാസുദേവൻ നായരുടെ മകൾ അശ്വതി വി. നായർ എഴുതിയ ഈ കുറിപ്പ് അച്ഛൻ എന്ന വലിയ വായനക്കാരനിലേക്കുള്ള തിരിച്ചുനടത്തമാണ്. അപാരവും അപൂർവവുമായ അച്ഛന്റെ ലൈബ്രറിയിലൂടെ നടക്കുമ്പോൾ, അവയിലെ പുസ്തകങ്ങളെ തൊടുമ്പോൾ എവിടെയൊക്കെയോ അച്ഛന്റെ മണവും സാന്ത്വനവും. എഴുതിയതിന്റെ പതിന്മടങ്ങ് വായിച്ച്, വായനയെ സാധനയാക്കിമാറ്റിയ എഴുത്തുകാരനായിരുന്നു എം.ടി. എന്ന് ഈ കുറിപ്പിലൂടെ നാം തിരിച്ചറിയുന്നു -പുതിയ തലമുറ എഴുത്തുകാർക്ക് ഇതിൽനിന്ന് ഏറെ പഠിക്കാനുണ്ട്.
ജൂലായ് 15 എം.ടി.യുടെ ജന്മദിനമാണ്.
ചുണ്ടിന്റെ അറ്റത്ത് എരിയുന്ന ബീഡി, ഒരു കൈ മീശപിരിക്കുന്നു, മറ്റേ കൈയിൽ സശ്രദ്ധം വായിക്കുന്ന പുസ്തകം -സ്വീകരണമുറിയിലെ സോഫയിൽ അച്ഛൻ ഇങ്ങനെ ഇരിക്കുന്ന ചിത്രമാണ് വീട്ടിലേക്ക് കയറിവരുമ്പോൾ എപ്പോഴും മനസ്സിലേക്കുവരുന്നത്. അച്ഛന്റെ ചുറ്റും എപ്പോഴും പുസ്തകങ്ങളുണ്ടാവും. മേശപ്പുറത്തെ പുസ്തകങ്ങളുടെ കൂമ്പാരം വീഴാൻതുടങ്ങുമ്പോൾ ഒരു വിളിവരും:
‘‘വാവേ, ഇതൊക്കെ ഒന്ന് അടുക്കിവെക്ക്.’’ ഞാൻ പുസ്തകങ്ങളെടുത്ത് ലൈബ്രറിയിൽക്കൊണ്ടുപോയി വെക്കും. പുസ്തകങ്ങളുടെ സ്ഥാനം എനിക്ക് കൃത്യമായറിയാം.
അച്ഛൻ മരിച്ചിട്ട് ഒന്നരക്കൊല്ലത്തോളം എനിക്ക് ആ മുറിയിലേക്ക് കയറിച്ചെല്ലാൻതന്നെ ബുദ്ധിമുട്ടായിരുന്നു. വലിയ ഒരിടവേളയ്ക്കുശേഷം ഞാൻ ആ പുസ്തകങ്ങളെ കൈയിലെടുത്തു, ചട്ടകൾ തലോടി, താളുകൾ മറിച്ചുനോക്കി. എത്രയോ ഓർമ്മകളാണ് ഈ പുസ്തകങ്ങൾ എനിക്ക് തിരിച്ചുതരുന്നത്! ഓരോ പുസ്തകവും ഓരോ ഓർമ്മപുതുക്കലായി മാറുന്നു.
സാഹിത്യമോ സിനിമയോ ചർച്ചചെയ്യുന്നതിനിടയിൽ പെെട്ടന്നായിരിക്കും വിളിക്കുന്നത്:
‘‘ഒരു പ്രത്യേക പുസ്തകം വേണം. ഒന്നുനോക്ക്.’’
ഞാനത് തപ്പിയെടുത്ത് കൊണ്ടുകൊടുത്താൽ അച്ഛന്റെ മുഖത്ത് ഒരു ചെറിയ ചിരിയുണ്ടാവും. ചിലപ്പോൾ കൂടെയിരിക്കുന്നവരോട് പറയും:
‘‘ഇവൾക്ക് വേഗം കിട്ടും.’’
മാർക്കേസും സൗൾ ബെല്ലോയും മുറകാമിയും സാലിഞ്ചറും റുഷ്ദിയും ഹെമിങ്വേയും ഹിച്ച്കോക്കും ലീലാവതി ടീച്ചറും കുമാരനാശാനും തകഴിയും ചിലപ്പതികാരവും ടാഗോറും എലിയറ്റും ഷേക്സ്പിയറുമൊക്കെ ഒരേമുറിയിൽ ഒരേ ഷെൽഫിൽ (എ.ഐ. കാലഘട്ടത്തിലെ ഭാവനകൾക്കുമുൻപേ ഇവിടെ അതൊക്കെ കണ്ടിരിക്കുന്നു). വർഷങ്ങൾക്കുമുൻപ് ഷെൽഫുകൾ മാറ്റിപ്പണിയുമ്പോൾ ഞാൻ ഒരു ക്രമീകരണം നടത്താൻ ശ്രമിച്ചു. അമേരിക്കൻ, ആഫ്രിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ ഇംഗ്ലീഷ്, മലയാളം, ഏഷ്യൻ എന്നിങ്ങനെ ഒരു വിശാലമായ തരംതിരിക്കൽ. അച്ഛനുപക്ഷേ, അത് ശരിയായില്ല. അങ്ങനെ ലൈബ്രറി പണ്ടത്തെ രീതിയിലേക്കുതന്നെ പോയി. പുസ്തകങ്ങളുടെ എണ്ണം കൂടിയപ്പോൾ ഓഫീസ് ഫ്ളാറ്റിലേക്കും അച്ഛന്റെ ലൈബ്രറി വളർന്നു.
ഷെൽഫുകളിലൂടെ വെറുതേ കണ്ണോടിച്ചപ്പോൾ പെട്ടെന്നാണ് ഒരു വലിയ പുസ്തകം കണ്ണിൽപ്പെടുന്നത്. ലാമോണ്ട് ഹെംപ്പലിന്റെ Environmental Governance. അച്ഛൻ ധാരാളം നോൺ ഫിക്ഷൻ വായിക്കുമായിരുന്നു. പക്ഷേ, ഇതുകണ്ട ഓർമ്മയില്ല. വളരെ ഗൗരവമുള്ള വിഷയമാണെന്ന് പുസ്തകം മറിച്ചുനോക്കിയപ്പോൾ മനസ്സിലായി. അതിന്റെ തൊട്ടുതാഴെയുള്ള ഷെൽഫിൽ ഹോളിവുഡ് സിനിമയുടെ ഒരു മായികലോകംപോലെ ചില പുസ്തകങ്ങൾ. വിവിയൻ ലീ, ബെറ്റി ഡേവിസ്, റീറ്റ ഹേവർത്ത്, റിച്ചാർഡ് ബർട്ടൻ, സ്റ്റുവാർട്ട് ഗ്രേഞ്ചർ എന്നിവരുടെ ജീവചരിത്രങ്ങൾ. Gone with the Wind എന്ന സിനിമ ആദ്യമായി കണ്ടത് ഒരു അവധിക്കാലത്താണ്. വിവിയൻ ലീയുടെ പ്രകടനത്തെപ്പറ്റി അച്ഛൻ സംസാരിച്ചത് ഓർത്തുപോയി. രണ്ട് ഓസ്കറുകൾ നേടിയ അവരുടെ രണ്ടുസിനിമയും അച്ഛനോടൊപ്പമിരുന്നാണ് കണ്ടത്. അച്ഛന് ഏറെ ഇഷ്ടപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ചാർളി ചാപ്ലിന്റെ ആത്മകഥ MY AUTOBIOGRAPHY. അച്ഛനത് ആവർത്തിച്ചുവായിച്ചിരുന്നു. മരിക്കുന്നതിന് കുറച്ചുമാസംമുൻപ് അതിനെക്കുറിച്ച് എന്റെ മകനോടും പറഞ്ഞു. പിന്നെ, പൗളിൻ കേലിന്റെ 5001 Night at the movies.
ജീവചരിത്രങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് അടുത്ത ഷെൽഫിൽ കടുംപച്ചനിറത്തിൽ മനോഹരമായ തുണികൊണ്ട് പൊതിഞ്ഞ ഒരു ഹാർഡ് ബൗണ്ട് പുസ്തകത്തിലേക്ക് കണ്ണുപോയത്. ഇർവിങ് സ്റ്റോണിന്റെ Lust for Life . വിൻസെൻറ് വാൻഗോഗിന്റെ ജീവചരിത്രം. അച്ഛൻ വാങ്ങിയപ്പോൾ അതിന്റെ വില 33 രൂപ! ഇന്ന് അതുപോലെ ഒരു എഡിഷൻ കിട്ടുമോ? സംശയമാണ്. ജീവചരിത്രരചനയുടെ ഒരു നല്ല മാതൃകയായി അച്ഛൻ ആ പുസ്തകത്തെ വിശേഷിപ്പിച്ചിരുന്നു
അടുത്ത ഷെൽഫിൽ അതാ ജിദ്ദു കൃഷ്ണമൂർത്തി. ആത്മീയതയും അച്ഛന് വായനവിഷയമായിരുന്നു. ശങ്കരാചാര്യർ, ഭാഗവതം, ഉപനിഷത്ത്, ഓഷോ, ഋഗ്വേദം, ശ്രീ എം. എന്നിങ്ങനെ പലരും ഇവിടെയുണ്ട്. റിച്ചാർഡ് ബാക്കിന്റെ ജോനാഥൻ ലിവിങ്സ്റ്റൺ സീഗള്ളും മെസ്സയാസ് ഹാൻഡ് ബുക്കും മുഹമ്മദ് മാർമഡ്യൂക് പിക്തോൾ എഴുതിയ The meaning of the holy quran-നുമൊക്കെ പലവുരു അച്ഛൻ വായിച്ചതായി ഓർക്കുന്നു.
ആരുടെ പുസ്തകങ്ങളാണ് ഇവിടെ ഏറ്റവും കൂടുതലുള്ളത് എന്നുചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ-ഹെമിങ്വേ. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ഇവിടെയുണ്ട്. ഷേക്സ്പിയറും ഇഷ്ടമായിരുന്നു. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു പേപ്പറുണ്ടെന്ന് അറിഞ്ഞ ഉടനെ ഷേക്സ്പിയറിന്റെ നാടകങ്ങളുടെ ഏറ്റവും നല്ല എഡിഷനുകൾ വാങ്ങിത്തന്നു. ബൈൻഡ്ചെയ്ത കുറെ ചെറിയ പുസ്തകങ്ങൾ കാണാം. ലോകത്തിലെ ആദ്യത്തെ പൾപ്പ് ഫിക്ഷൻ മാസികയായ ആർഗസിയുടെ പതിപ്പുകളാണവ. 1882-ൽ തുടങ്ങി 1978-ൽ പ്രസിദ്ധീകരണം നിർത്തിയ ആ മാസിക പൾപ്പ്വുഡിന്റെ കടലാസുകൊണ്ട് ഉണ്ടാക്കിയതിനാലാണത്രേ ആ പേര് വന്നത്.
ഇനി മലയാളപുസ്തകങ്ങളുടെ ഭാഗത്തേക്ക് വരാം. കവിത, നോവൽ, ചെറുകഥ, പഠനം, നാടകം, ആത്മീയഗ്രന്ഥങ്ങൾ എന്നിങ്ങനെ പലവകയാണ് ഈ ഷെൽഫിൽ. ആട്ടക്കഥകളും കഥകളിവിജ്ഞാനകോശവും ആട്ടപ്രകാരത്തെക്കുറിച്ചുള്ള പുസ്തകങ്ങളുമുണ്ട്. അതുപോലെ വടക്കൻപാട്ടുകൾ. സിനിമകളുടെ ആവശ്യത്തിനായി റഫറൻസിന് വാങ്ങിച്ചതാവാം. രണ്ടുവാല്യമുള്ള 63 ആട്ടക്കഥകളൊക്കെ വളരെ പഴയ പുസ്തകങ്ങളാണ്. കുമാരനാശാൻ, ചങ്ങമ്പുഴ, വള്ളത്തോൾ തുടങ്ങിയവരുടെ സമ്പൂർണകൃതികൾ; ശ്രീമദ് ഭാഗവതം, ദേവീഭാഗവതം, അമരകോശം, ഋഗ്വേദത്തിന്റെ ഭാഷാഭാഷ്യം, ഗീതഗോവിന്ദം, കാളിദാസകൃതികൾ, സംസ്കൃതനാടക തർജമകൾ സി.വി. രാമൻപിള്ളയുടെ കൃതികൾ, കാരൂരിന്റെ കഥകൾ, മലബാർ മാന്വൽ, ചരിത്രപഠനങ്ങൾ, പുറനാനൂറ്, ചിലപ്പതികാരം എന്നിവയുടെ മലയാള തർജമകൾ, ലീലാവതി ടീച്ചറുടെ കൃതികൾ, ഒ.എൻ.വി., അയ്യപ്പപ്പണിക്കർ, വൈലോപ്പിള്ളി എന്നിവരുടെ കൃതികൾ... നീണ്ടുനീണ്ടുപോകുന്നതാണ് അച്ഛന്റെ മലയാള പുസ്തകശേഖരം. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയും വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലോപീഡിയയും ഏറെ ഇഷ്ടപ്പെട്ട പുസ്തകങ്ങളായിരുന്നു.
നിഘണ്ടുക്കളോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു അച്ഛന്. ദ്വിഭാഷാ-ത്രിഭാഷാ നിഘണ്ടുക്കളും ഇംഗ്ലീഷിൽ റാൻഡം ഹൗസ്, ഓക്സ്ഫർഡ്, കോളിൻസ് മലയാളത്തിൽ ശബ്ദതാരാവലിയുമൊക്കെ സ്ഥിരമായി ഉപയോഗിച്ചിരുന്നു. വ്യക്തിപരമായും എഴുത്തിലും ടി.ജെ.എസ്. ജോർജിനോട് അച്ഛന് ആരാധനയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വളരെ താത്പര്യത്തോടെ വായിച്ചിരുന്നു.
എടുത്തുപറയേണ്ട മറ്റൊന്ന് ആന്തോളജികളുടെ ശേഖരമാണ്. GREATEST SHORT STORIES എന്ന ഏഴുവാല്യമുള്ള വളരെ പഴയ ആന്തോളജിമുതൽ പുതിയ ഓ ഹെന്റ്രി പ്രൈസ് സ്റ്റോറീസ് വരെ. 2002 മുതൽ 2024 വരെയുള്ള ബേസ്റ്റ് അമേരിക്കൻ ഷോർട് സ്റ്റോറീസ് എന്ന ആന്തോളജി എല്ലാ വർഷവും മുടങ്ങാതെ അമേരിക്കയിലെ ഡോ. വിജയ് മേനോൻ അച്ഛനായി അയക്കുമായിരുന്നു. അച്ഛൻ മരിച്ചെങ്കിലും അദ്ദേഹം കഴിഞ്ഞവർഷവും ആ പതിവ് തെറ്റിച്ചില്ല. പിന്നെ, ആന്റൺ ചെക്കോവിന്റെ സമ്പൂർണ ചെറുകഥാസമാഹാരം, സോവിയറ്റ്, ഇന്ത്യൻ ലിറ്ററേച്ചർ ജേണലുകളും മറ്റനേകം ആന്തോളജികളും...
ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യവും അച്ഛന് പ്രിയപ്പെട്ടതായിരുന്നു. രാജാ റാവു, ആർ.കെ. നാരായൻ തുടങ്ങി പുതിയ കാലത്തെ വിക്രംസേഥും അമിതാവ് ഘോഷും മനു എസ്. പിള്ളയും വരെ. മറ്റ് ഇന്ത്യൻഭാഷകളിലെ എഴുത്തുകാരെയും നന്നായി വായിച്ചിരുന്നു. ടാഗോർ, ബിഭൂതി ഭൂഷൺ ബന്ദോപധ്യായ്, കമലാദേവി ചതോപധ്യായ്, മനോജ് ദാസ്, അമൃതാ പ്രീതം, പ്രേംചന്ദ്, നിർമൽ വർമ, ഖുർറത്തലെയ്ൻ ഹൈദർ, പ്രതിഭ റായ്, യു.ആർ. അനന്തമൂർത്തി, ദാമോദർ മൗസോ മുതലായവരുടെ പുസ്തകങ്ങൾ അച്ഛന് പ്രിയപ്പെട്ടതായി ഇക്കൂട്ടത്തിൽക്കാണാം. ആഫ്രിക്കൻ അമേരിക്കൻ സാഹിത്യവും അച്ഛൻ ആഴത്തിൽ ശ്രദ്ധിച്ചിരുന്നു.
ക്രൈം നോവലുകളും ത്രില്ലറുകളും ഭയങ്കര ഇഷ്ടമായിരുന്നു അച്ഛന്. ഇംഗ്ലീഷ് പുസ്തകങ്ങളിൽ വലിയൊരു പങ്ക് ഇത്തരം പുസ്തകങ്ങളാണ്. ഷെർലക് ഹോംസും അഗതാ ക്രിസ്റ്റിയും ഹിച്ച്കോക്കും ആർതർ ഹെയ്ലിയും ഫോർസിത്തും പാറ്റേഴ്സണും സിഡ്നി ഷെൽഡനുമൊക്കെ വലിയ കൂട്ടായിരുന്നു. ആ താത്പര്യം കുറച്ചൊക്കെ എന്നിലേക്കും അച്ഛൻ പകർന്നിട്ടുണ്ട്. കുട്ടിക്കാലത്ത് The famous five-വും nancy drew -വുംഒക്കെ വാങ്ങിച്ചുതന്നു. അത്തരം പുസ്തകങ്ങൾ ആസ്വദിച്ച ഞാൻ പിന്നെ വീട്ടിലുള്ളതൊക്കെ എടുത്ത് വായിക്കാൻ തുടങ്ങി. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ സിനിമയാകുമ്പോൾ അവയുടെ കാസറ്റോ സി.ഡി.യോ തപ്പിപ്പിടിച്ച് കാണും.
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛൻ എന്നോട് കുറച്ചൊക്കെ വാചാലനാകുന്നത്. ഇംഗ്ലീഷ് സാഹിത്യം പഠനവിഷയമായി എടുത്തതുകൊണ്ട് സംസാരിക്കാൻ ഞങ്ങൾക്ക് വിഷയങ്ങളുണ്ടായിരുന്നു. ഒരു അമേരിക്കൻയാത്രകഴിഞ്ഞ് വന്നപ്പോൾ അച്ഛന്റെ കൈയിൽ റോബർട്ട് ജെയിംസ് വോളറിന്റെ the bridges of madison county എന്നൊരു പുസ്തകം കണ്ടു. കോളേജിലെ ബുക്ക് ക്ലബ്ബിൽ ആ ആഴ്ചത്തെ റിവ്യൂ അവതരിപ്പിക്കാൻ ഒന്നുംകിട്ടാതെ ഇരിക്കുന്ന സമയം. ഞാൻ അച്ഛനോട് അത് വാങ്ങി വായിച്ചു. വളരെ സീരിയസായ ഒരു പ്രണയകഥയാണത്. ക്ലാസിൽ പോയി അതിനെക്കുറിച്ച് പറയുമ്പോൾ തൊണ്ടയിടറി. ഞാൻ തിരിച്ചു വന്നിട്ട് അച്ഛനോട് അത് വായിച്ചോ എന്ന് ചോദിച്ചു. അതിന് മറിച്ചൊരു ചോദ്യമായിരുന്നു മറുപടി: ‘‘നിനക്കിഷ്ടായോ?’’ ഉവ്വെന്നുപറഞ്ഞപ്പോൾ ഒരു നേർത്ത ചിരി. കുറച്ചുവർഷങ്ങൾക്കുശേഷം അത് സിനിമയായി. അച്ഛൻ ഏറെ ആരാധിച്ചിരുന്ന ക്ലിൻറ് ഈസ്റ്റ്വുഡും മെറിൽ സ്ട്രീപ്പും തകർത്തഭിനയിച്ച ആ സിനിമയുടെ സി.ഡി. അച്ഛൻ സംഘടിപ്പിച്ചു. ഞങ്ങൾ ഒരുമിച്ചാണ് കണ്ടതും. അതുപോലെ പാട്രിക് സസ്കിൻഡ് എഴുതിയ Perfume. നോവൽ സിനിമയാകുമ്പോൾ സംഭവിക്കുന്നതിനെക്കുറിച്ചൊക്കെ ഇത്തരം പഴയതും പുതിയതുമായ പുസ്തകങ്ങളെ മുൻനിർത്തി അച്ഛൻ സംസാരിക്കുമായിരുന്നു.
ഞാൻ മൂന്നിലോ നാലിലോ പഠിക്കുമ്പോൾ ഒരു യാത്രകഴിഞ്ഞുവന്ന അച്ഛൻ അന്നുരാത്രി കിടന്ന് വായിക്കുന്ന പുസ്തകത്തിന്റെ പേര് ഞാൻ ശ്രദ്ധിച്ചു. Eternal curse on the reader of these pages ഞാൻ പേടിച്ചു. ഈശ്വരാ, അച്ഛൻ എന്തിനാ ഇതൊക്കെ വായിക്കുന്നത്? ഞാൻ അന്ന് ഉറങ്ങിയില്ല. പിറ്റേന്നുരാത്രികൊണ്ട് അച്ഛനത് വായിച്ചുതീർത്തു. നാളെ എന്താണാവോ സംഭവിക്കുക എന്നൊക്കെ ആലോചിച്ച് ഞാൻ ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ അച്ഛൻ മുറിയിലില്ല. പതുക്കെ പടിയിറങ്ങി താഴെ പോയപ്പോൾ ആളതാ പത്രംവായിച്ചിരിക്കുന്നു. എനിക്ക് സമാധാനമായി. വർഷങ്ങൾക്കുശേഷം ഞാൻ അത് വായിച്ചപ്പോൾ വളരെ സങ്കീർണമായ മനുഷ്യബന്ധങ്ങളുടെ കഥയാണതെന്ന് മനസ്സിലായി.
കോവിഡിന് ഒരു കൊല്ലംമുൻപ് ഞാൻ അമേരിക്കയിൽ പോയി വന്നപ്പോൾ ഒരു ബാഗ് നിറയെ പുസ്തകങ്ങൾ വാങ്ങിയാണ് വന്നത്. അതിൽ രണ്ടെണ്ണം അച്ഛന് വലിയ ഇഷ്ടമായി. ജോനാസ് ജോനാസ്സന്റെ The Hundred Year Old Man Who Climbed Out the Window And Disappeared. തമാശയിലൂടെ വളരെ ഗൗരവമുള്ള കാര്യങ്ങൾ പറഞ്ഞു പോകുന്ന ഒരു നോവലായിരുന്നു അത്. പ്രായംകൊണ്ട് അച്ഛന് ആ കഥാപാത്രത്തോട് അടുപ്പംതോന്നിക്കാണും. പിന്നെ ആന്തണി ഡോയെർ എഴുതിയ All The Light You Cannot See. ഹെന്നിങ് മാൻകെല്ലിനെയും അച്ഛന് ഏറെ ഇഷ്ടമായിരുന്നു.
കോവിഡ്കാലം അച്ഛന് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വായിക്കാൻ പുതുതായി ഒന്നുമില്ല. കോഴിക്കോട് മാനാഞ്ചിറയിലെ സെക്കൻഡ് ഹാൻഡ് കടയിൽപ്പോയി പുസ്തകമെടുക്കാൻ വയ്യ. എന്റെ കൈയിലുള്ളതൊക്കെയും വായിച്ചുകഴിഞ്ഞു. വായനയില്ലാതെ അസ്വസ്ഥനാവുന്ന അച്ഛനെ അപ്പോഴാണ് കണ്ടത്. പഴയ പുസ്തകങ്ങൾ വീണ്ടുംവീണ്ടും വായിച്ചുകൊണ്ട് ആ കാലം കടന്നുപോയി.
ഇടയ്ക്ക് എന്റെ ഫ്ളാറ്റിൽ താമസിക്കാൻ വന്നാൽ ആദ്യം ബുക്ക് ഷെൽഫിലേക്ക് നോക്കും. പുതിയത് വല്ലതുമുണ്ടോ? ഇല്ലെങ്കിലും പഴയതൊക്കെ ഒന്ന് എടുത്തുനോക്കും. പുസ്തകങ്ങളെ തൊടുന്നതുപോലും അച്ഛന് നിർവൃതിയായിരുന്നു.
ഇപ്പോൾ അച്ഛന്റെ ലൈബ്രറിയിൽ നിൽക്കുമ്പോൾ വല്ലാത്ത ഒറ്റപ്പെടലാണ്. പുസ്തകങ്ങളെയും എന്നെയും തനിച്ചാക്കി അച്ഛൻ പോയി. ഇത്രയധികം ജോലിത്തിരക്കുകൾക്കിടയിലും അനേകായിരം പുസ്തകങ്ങൾ വായിക്കാൻ അച്ഛന് എങ്ങനെ സാധിച്ചു എന്നാലോചിക്കുമ്പോൾ അദ്ഭുതംതോന്നുന്നു.
കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച കുട്ടി പുസ്തകങ്ങളെ, അക്ഷരങ്ങളെ വായിച്ചും സ്നേഹിച്ചും മനനംചെയ്തും എഴുതിയും ഒഴിവാക്കിയും വളർന്നുവളർന്ന് ആ ഭാഷയെയും സംസ്കൃതിയെയും ലോകസാഹിത്യഭൂപടത്തിൽ അടയാളപ്പെടുത്തിയത് വായനയോടുള്ള ആ അഭിനിവേശംകൊണ്ടാവാമെന്ന് ധരിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. അച്ഛൻ എഴുതിയ പുസ്തകങ്ങളെപ്പോലെ വായിച്ചുകൂട്ടിയ പുസ്തകങ്ങളും എനിക്ക് അച്ഛന്റെ സാന്നിധ്യം നൽകുന്നു. അവയെ തൊടുമ്പോൾ ഞാൻ അച്ഛനെ തൊടുന്നു.
Content Highlights: Insights into MT Vasudevan Nair's vast and diverse personal library., The influence of world literature, biographies, and classics on MT's writing., A daughter's emotional connection to her father through his collection of books., MT's reading habits during the COVID-19 pandemic and his lifelong passion for literature., Reflections on how MT put Malayalam literature on the global map through deep reading.