'അപ്പുണ്ണിയുടെ പ്രതികാരം എന്റെ കണ്ണുകളെ ചെറിപ്പഴം പോലെ ചുവപ്പിച്ചിരുന്നു'

#സന്തോഷ് ഏച്ചിക്കാനം
സന്തോഷ് ഏച്ചിക്കാനം, എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: മാതൃഭൂമി
സന്തോഷ് ഏച്ചിക്കാനം, എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: മാതൃഭൂമി

മൗനത്തിന്റെ മതില്‍ക്കെട്ടിനകത്തായതുകൊണ്ടുതന്നെ ചിരപരിചിതനായ ഒരു സന്ദര്‍ശകനെപ്പോലെ എം.ടി. എന്ന മനുഷ്യനിലേക്ക് എളുപ്പത്തില്‍ കയറിച്ചെന്ന്, സൗഹൃദത്തിന്റെ അനര്‍ഘമായ നിമിഷങ്ങള്‍ നേടിയെടുക്കാന്‍ മറ്റു പലരേയും പോലെ എനിക്കും സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ എഴുത്തിന്റെ ലോകം പക്ഷേ അങ്ങനെയായിരുന്നില്ല. വിലക്കുകളും വിലങ്ങും അഴികളും വാതിലുകളുമില്ലാത്ത തുറന്ന വാക്കുകള്‍ കടന്ന് പരമാവധി വായനക്കാര്‍ എം.ടിക്കരികിലെത്തി. ആള്‍ക്കൂട്ടത്തില്‍ തനിയെ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരാളായി ഞാനുമുണ്ടായിരുന്നു. അപ്പോള്‍'കര്‍ക്കിടക'ത്തിലെ ഉണ്ണിയെന്ന വിശന്നകുട്ടിയുടെ കണ്ണുനീര്‍ എന്റെ കവിളില്‍ പറ്റിയിരിപ്പുണ്ടായിരുന്നു. അപ്പുണ്ണിയുടെ പ്രതികാരം എന്റെ കണ്ണുകളെ ചെറിപ്പഴം പോലെ ചുവപ്പിച്ചിരുന്നു. എം.ടി. എന്ന മനുഷ്യനും എഴുത്തുകാരനുമിടയില്‍ ഇതില്‍ കഥയയേത് ജീവിതമേത് എന്നന്വേഷിച്ചുകൊണ്ട് നഖങ്ങള്‍ പരമാവധി അകത്തേക്കിറക്കിയ കാലുകളുമായി ഷെര്‍ലക്കിനെപ്പോലെ ഞാന്‍ നിശബ്ദം നടന്നുകൊണ്ടിരുന്നു.

ഒടുവില്‍ 2006-ലെ ഒരു സാഹിത്യസദസ്സില്‍ വെച്ച് എം.ടി. മൗനങ്ങളുടെ കല്‍ക്കെട്ടുകള്‍ക്കപ്പുറത്തേക്ക് എന്നെ വിളിച്ചു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ അന്ന് സാഹിത്യ അക്കാദമി ഹാളില്‍ തോമസ് മുണ്ടശ്ശേരി പുരസ്‌കാര ദാനച്ചടങ്ങ് നടക്കുകയായിരുന്നു. പ്രഗല്ഭരായ എഴുത്തുകാര്‍ക്കൊപ്പം മുന്‍നിരയില്‍ ഏതാണ്ട് മധ്യഭാഗത്തായി എം.ടി. ഇരിക്കുന്നു. പിന്നില്‍ പുതിയ തലമുറക്കാരായ ഞങ്ങള്‍ രണ്ട് മൂന്ന് യുവാക്കളും. ഞാന്‍ വേഗം എം.ടി.ക്ക് നേരെ പിന്നില്‍ ചെന്നിരുന്നു.

ഞാനദ്ദേഹത്തിന്റെ ചീകിവെച്ച തലമുടികളിലേക്കും വെള്ള കലര്‍ന്ന ചാരനിറമുളള ഷര്‍ട്ടിലേക്കും കോളറിനകത്തേക്കിറങ്ങിപ്പോകുന്ന കഴുത്തിലേക്കുമൊക്കെ വെറുതേ നോക്കിക്കൊണ്ടിരുന്നു. കാറ്റില്‍ ബീഡിയുടെ മണം. ഇദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ എത്ര നിക്കോട്ടിന്‍ ഉണ്ടാകും? എന്തിനാണിങ്ങനെ ബീഡി വലിക്കുന്നത്? ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുമ്പോള്‍ ഇനി പുനത്തിലല്ല ആര് നിര്‍ബന്ധിച്ചാലും എത്ര വലിയ സൗഹൃദത്തിന്റെ പേരിലാണെങ്കിലും മദ്യം കുടിക്കാന്‍ പോയതെന്തിനാണ്...? അന്ന് എന്നെങ്കിലും സംഭവിച്ചു പോയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പിന്നീട് വന്ന നല്ല സിനിമകളും കഥകളുമൊക്കെ കിട്ടുമായിരുന്നോ? അങ്ങനെ ഓരോന്ന് വിചാരിച്ചുകൊണ്ടിരുന്നപ്പോള്‍ എന്തിനാണിങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്നാലോചിച്ച് എനിക്ക് തന്നെ ചിരിവന്നു. അപ്പോഴേക്കും മുന്‍നിരയിലുള്ള അതിഥികള്‍ക്ക് സ്വാഗതം പറഞ്ഞുകഴിഞ്ഞ ആള്‍ പതുക്കെ പിന്നിലേക്ക് കടന്ന് എന്റെ പേരിനടുത്തെത്തി.

സന്തോഷ് ഏച്ചിക്കാനം. യുവകഥാകൃത്ത്... എഴുത്തിലെ രാഷ്ട്രീയം... എന്നൊക്കെ പറഞ്ഞ് എന്നെ പുകഴ്ത്തി വീര്‍പ്പിച്ച് വരുന്നതിനിടയില്‍ അദ്ദേഹം 'കൊമാല'യിലേക്കു കൂടി ഒന്നു കയറിയിറങ്ങിപ്പോയി. 2006-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍ പേജായി അച്ചടിച്ചു വരികയും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കഥയാണത്. 'കൊമാല' എന്നു കേട്ടതും എം.ടി. ഒന്ന് നിവര്‍ന്നിരുന്നു. കണ്ണ് കൊണ്ട് എന്നെ പരതി. ഞാന്‍ എണീറ്റുനിന്ന് സദസ്സിനെ വന്ദിക്കുന്നത് കണ്ട് അദ്ദേഹം കസേരയില്‍ നിന്ന് അല്പം ചരിഞ്ഞ് മുഖം എനിക്കു നേരെ തിരിച്ചു.
'നല്ല കഥയായിരുന്നു.'
ആ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ സന്തോഷം എന്നെ ഇലപോലെയെടുത്ത് മേലോട്ടുയര്‍ത്തി.
ആ കാറ്റില്‍ ഞാന്‍ അവിടെയൊക്കെ പറന്നുനടന്നു.
'താങ്ക് യു സര്‍'
ഞാന്‍ പറഞ്ഞു. ഒരു കഥയ്ക്ക് മൗനത്തിന്റെ കനത്ത കല്ലുകളെ തകര്‍ക്കാന്‍ സാധിക്കുമെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി.
'സന്തോഷ് കൊല്‍ക്കത്ത പോയിരുന്നില്ലേ? ഭാഷാപരിഷദ് പുരസ്‌കാരം വാങ്ങാന്‍?
ഇതെങ്ങനെ ഇദ്ദേഹം അറിഞ്ഞു. ഞാന്‍ അല്‍ഭുതപ്പെട്ടു!

ഇന്ത്യയിലെ വിവിധ ഭാഷകളിലെ യുവ എഴുത്തുകാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വര്‍ഷാവര്‍ഷം കൊടുക്കുന്ന പ്രധാനപ്പെട്ട അവാര്‍ഡാണ് ഭാഷാപരിഷദ് പുരസ്‌കാരം. എനിക്ക് പക്ഷേ അത് വാങ്ങാന്‍ പോകാന്‍ സാധിച്ചില്ല. ട്രെയിനൊക്കെ ബുക്ക് ചെയ്ത് എല്ലാം നേരത്തേ പ്ലാന്‍ ചെയ്ത് റെഡിയാക്കി വെച്ചതായിരുന്നു. പക്ഷേ ആ സമയത്താണ് ഗര്‍ഭിണിയായ എന്റെ ഭാര്യയെ അപ്രതീക്ഷിതമായ ചില പ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഡോക്ടര്‍ പറഞ്ഞ ഡേറ്റിനും ഏതാണ്ട് ഇരുപത് ദിവസം മുമ്പേ എന്റെ കടിഞ്ഞൂല്‍ പുത്രന്‍ അമ്മയുടെ വയറ്റില്‍ കിടന്ന് ബഹളം കൂട്ടാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു;
'എടാ ക്ഷമി. നീ എട്ട് ഒന്‍പതു മാസം കിടന്നില്ലേ? ഒരു വണ്‍ വീക്ക്... ഞാന്‍ കൊല്‍ക്കത്ത പോയി അവാര്‍ഡും വാങ്ങിച്ച് 'ശടേ'ന്നു തിരിച്ചെത്താം. അതുവരെ ഒന്നഡ്ജസ്റ്റ് ചെയ്യ്.'
എവിടെ, എന്റയല്ലേ മോന്‍. അവന്‍ വയറ്റില്‍ കെടന്ന് കുത്തിമറിഞ്ഞപ്പോള്‍ കാലില്‍ പൊക്കിള്‍  കൊടി ചുറ്റി. അതോടെ നോര്‍മല്‍ ഡെലിവറി പെട്ടെന്ന് സിസേറിയനായി. അന്ന് രാത്രിയായിരുന്നു ട്രെയിന്‍. എങ്ങനെ പോകും? ആകെ ടെന്‍ഷനായി. കാര്യം പറഞ്ഞപ്പോള്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തോ കാശ് തന്നേക്കാമെന്നുവരെ സംഘാടകര്‍ പറഞ്ഞു. പക്ഷേ, ഭാര്യയെ ആ നിലയില്‍ അവിടെയിട്ട് പുരസ്‌കാരം വാങ്ങാന്‍ പോകുവാന്‍ എന്റെ മനസ്സനുവദിച്ചില്ല. അപ്പോഴേക്കും ഭാഷാപരിഷദിനു പകരം നേഴ്‌സ് മകനെ കൊണ്ടുവന്ന് എന്റെ കൈയിലേല്‍പ്പിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരം...!
ആ സമയം ഞാന്‍ കൊല്‍ക്കത്തയെപ്പോലും മറന്നുപോയി.

എന്റെ ഉത്തരത്തിനായി എം.ടി. കാത്തിരിക്കുന്നു. ഞാന്‍ നടന്ന സംഭവം പറഞ്ഞു. അനുകൂലമല്ലാതിരുന്ന എന്റെ സാഹചര്യങ്ങളെ മനസ്സിലാക്കിയെങ്കിലും അദ്ദേഹം നിരാശനായി. 
'ഇറ്റ് ഈസ് വണ്‍ ഓഫ് ദ ബെസ്റ്റ് അവാര്‍ഡ് ഗിവണ്‍ ടു യങ് റൈറ്റേഴ്‌സ് ഇന്‍ ഇന്‍ഡ്യ. ഞാനൊക്കെയായിരുന്നു തന്നെ സജസ്റ്റ് ചെയ്തത്. വാങ്ങണമായിരുന്നു. അതൊക്കെ നമുക്ക് കിട്ടുന്ന വലിയ അംഗീകാരങ്ങളല്ലേ?'
അതുംകൂടി കേട്ടതോടെ എനിക്കാകെ വിഷമമായിപ്പോയി.
എം.ടി.യൊക്കെ നിര്‍ദ്ദേശിച്ചിട്ട് കിട്ടിയ അവാര്‍ഡ്....'സാരമില്ല, 'എം.ടി. എന്നെ നോക്കി മൃദുവായി ചിരിച്ചു എന്നുവരുത്തി സദസ്സിനു അഭിമുഖമായി ഇരുന്നു.

അപ്പോഴാണ് ആ അവാര്‍ഡിന്റെ മഹത്വത്തെപ്പറ്റി ശരിക്കും ഞാന്‍ മനസ്സിലാക്കിയത്. അതിനുശേഷം എം.ടിയെക്കാണുന്നത് വയനാട്ടില്‍ എം.പി വീരേന്ദ്രകുമാറിന്റെ വസതിയില്‍ വെച്ചാണ്. എന്‍.എസ്. മാധവനായിരുന്നു ആ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം. അതിന്റെ ജൂറിയില്‍ ഞാനുമുണ്ടായിരുന്നു. പത്മപ്രഭാ പുരസ്‌കാര ചടങ്ങിന് ക്ഷണിതാക്കളായവരൊക്കെ വീട്ടില്‍ ചെല്ലണമെന്നും ഉച്ചഭക്ഷണം കഴിക്കണമെന്നും എം.പി.വിക്ക് നിര്‍ബ്ബന്ധമായിരുന്നു. അറിവുപോലെത്തന്നെ വിശാലമായിരുന്നു അദ്ദേഹത്തിന്റെ ആതിഥേയത്വവും. അപ്രതീക്ഷിതമായി ഒരു മുറിയിലേക്ക് കടന്നപ്പോള്‍ എം.ടി. ഊണു കഴിച്ച് കട്ടിലില്‍ വിശ്രമിക്കുന്നു. ഞാന്‍ ഭവ്യതയോടെ അരികില്‍ ചെന്നു.
സുഖമല്ലേ സര്‍?
അതിനു മറുപടിയായി 'നേരത്തേ വന്നോ?'എന്നദ്ദേഹം ചോദിച്ചു.
ചടങ്ങു കഴിഞ്ഞപ്പോള്‍ കുറേ ആരാധകര്‍ അവര്‍ കൊണ്ടുവന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ എഴുത്തുകാരന്റെ കൈയ്യൊപ്പ് ചാര്‍ത്തിക്കിട്ടാന്‍ തിരക്കുകൂട്ടിക്കൊണ്ടിരുന്നു.
അതിനിടയില്‍ ഓണത്തിനിടയില്‍ പുട്ടുകച്ചോടം എന്നുപറഞ്ഞ പോലെ ഞാന്‍ 'പ്രിയപ്പെട്ട എം.ടി.ക്ക് സ്‌നേഹത്തോടെ 'എന്നെഴുതി നീളത്തില്‍ ഒരു ഒപ്പും വരച്ച് എന്റെ സ്വന്തം പുസ്തകം അദ്ദേഹത്തിന് നല്‍കി. അദ്ദേഹം അതുവാങ്ങി 'നീ ആള് കൊള്ളാമല്ലോടാ' എന്ന അര്‍ഥത്തില്‍ എന്നെ നോക്കി.

മൂന്നാമത്തെ കൂടിക്കാഴ്ച കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു. എന്റെ കൂടെ കഥാകൃത്ത് ഉണ്ണിയും എഡിറ്റര്‍ കമല്‍റാം സജീവും. മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥാപുരസ്‌കാര നിര്‍ണ്ണയ സമിതിയിലെ ജൂറി അംഗങ്ങളായിരുന്നു സാറാ ജോസഫും ഉണ്ണിയും ഞാനും. ചെയര്‍മാന്‍ എം.ടി. അന്ന് ബീഡിവലിക്കിടയിലെ ഇടവേളകളില്‍ എം.ടി. കുറച്ച് അധികനേരം ഞങ്ങളോട് സംസാരിച്ചു. കാഴ്ചയുടെ പ്രശ്‌നം കാരണം കൂടുതല്‍ വായിക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലായിരുന്നു അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലുമായി ടീപ്പോയില്‍ ചിതറിക്കിടക്കുന്ന നിരവധി പുസ്തകങ്ങള്‍. എം.ടിയില്‍ എഴുത്തുകാരനേക്കാള്‍ വലിയ വായനക്കാരനുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് വര്‍ഷങ്ങള്‍ക്കു മുമ്പ് നാടകകൃത്തും നിരൂപകനുമായ എന്‍. ശശിധരന്‍ അദ്ദേഹവുമായി നടത്തിയ ദീര്‍ഘമായ മുഖാമുഖത്തിലൂടെയാണ്. 

ഇപ്പോള്‍ നവതിയിലെത്തി നില്‍ക്കുമ്പോള്‍ പോലും പുകവലിയിലെ ഉന്മേഷം പോലെ അനിര്‍വ്വചനീയമായ ഒരനുഭൂതി എം.ടി. വായനയിലും കണ്ടെത്തുന്നുണ്ടെന്ന സത്യം ഏറ്റവുമൊടുവില്‍ കണ്ട  അഭിമുഖത്തില്‍പ്പോലുമുണ്ട്. ശ്രീലങ്കന്‍ എഴുത്തുകാരനായ ഷെഹാന്‍ കരുണതിലകയുടെ ബുക്കര്‍ സമ്മാനം കിട്ടിയ 'ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ'യുടെ മുപ്പതാം പേജ് വായിച്ചു കൊണ്ടിരിക്കുകയാണദ്ദേഹം. ഒറ്റ പരാതിയേയുള്ളൂ. പഴയതുപോലെ വേഗത്തില്‍ വായിച്ചുപോകാന്‍ സാധിക്കുന്നില്ല.

മാതൃഭൂമിയുടെ കഴിഞ്ഞ വര്‍ഷത്തെ 'കാ' ഫെസ്റ്റിവെലിന്റെ ഉല്‍ഘാടനവേദിയിയില്‍ എം.ടി. എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ പലരും സംശയിച്ചു. തൊണ്ണൂറിലെത്തുന്ന അദ്ദേഹം ഇത്രയും ദൂരം യാത്ര ചെയ്ത് തിരുവനന്തപുരത്ത് വരുമോ? വന്നാല്‍ തന്നെ നിന്നുകൊണ്ട് ഒരു വലിയ ആള്‍ക്കൂട്ടത്തെ അഭിസംബാധന ചെയ്യാനുള്ള ആരോഗ്യം അദ്ദേഹത്തിനുണ്ടാകുമോ? എല്ലാ സന്ദേഹങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ട് 45 മിനിറ്റ് നിന്ന നില്‍പ്പില്‍ പ്രായാധിക്യമുണ്ടെങ്കിലും പരമാവധി സ്പഷ്ടമായ ശബ്ദത്തില്‍ സമകാലിക സംഭവങ്ങളെ, പ്രത്യേകിച്ച് മതനിരപേക്ഷതയെ തിരിച്ചുപിടിച്ച് ജനാധിപത്യത്തെ പുന:സ്ഥാപിക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റി അദ്ദേഹം സംസാരിച്ചു. എന്താണീ ഊര്‍ജ്ജത്തിന്റെ രഹസ്യം? ആരോട് ചോദിക്കും? അതിനുള്ള ഉത്തരവും മൗനമായിരിക്കുമോ...?

Content Highlights: M.T.@90, M.T. Vasudevan Nair, Santhosh Echikkanam writes memories of M.T. Vasudevan Nair