കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രസക്തമാകുന്നു, കരുണയറ്റ കാലത്തിന്റെ 'ശിലാലിഖിതം'

#വീരാന്‍കുട്ടി
എം.ടി. വാസുദേവന്‍ നായര്‍, വീരാന്‍കുട്ടി | ഫോട്ടോ: മാതൃഭൂമി
എം.ടി. വാസുദേവന്‍ നായര്‍, വീരാന്‍കുട്ടി | ഫോട്ടോ: മാതൃഭൂമി

കാലബാധിതമായ മനുഷ്യാവസ്ഥ ഘനീഭവിച്ചു കിടപ്പുണ്ട് എം.ടിയുടെ ഓരോ കഥാപാത്രത്തിലും. അവര്‍ വെറും വ്യക്തികളല്ല. വ്യവസ്ഥയുടെ ഭാരത്തിനൊപ്പം കാലക്കേടും അവരില്‍ സന്നിഹിതം. ചെറുകഥകളില്‍ മിന്നിമായുന്ന കഥാപാത്രങ്ങളില്‍പോലും അതുണ്ട്. 'ശിലാലിഖിതം' എന്ന കഥയിലെ ചരിത്രാന്വേഷകനായ പ്രൊഫ. ഗോപാലന്‍കുട്ടി അതിലൊരാളാണ്. തന്റെ ഗവേഷണ പ്രബന്ധത്തിന് ബെനഡിറ്റൊ ക്രോചെയുടെ വാക്കുകള്‍ മുഖമൊഴിയായി നല്‍കുന്നുണ്ട് അയാള്‍. രാഷ്ട്രീയത്തിന്റെ, ശാസ്ത്രത്തിന്റെ പക്ഷംചേരാത്ത ചരിത്രം ഷണ്ഡത്വമാണെന്ന ക്രോചെയുടെ നിലപാട് ഗവേഷണ പ്രബന്ധത്തിന്  ആമുഖമാക്കുന്ന അദ്ദേഹം, സ്വയം എങ്ങനെ ആത്മസുഖം മാത്രം ലക്ഷ്യംവെക്കുന്ന ഒരു അരാഷട്രീയ ജീവിതം നയിക്കുന്നു എന്ന് കഥ ധ്വനിഭംഗിയോടെ ബോധ്യപ്പെടുത്തുന്നുണ്ട്. അയാള്‍ ക്രോചെയെ വായിച്ചിട്ടില്ല എന്ന് എം.ടി എഴുതുന്നുണ്ട്. ഗോപാലന്‍കുട്ടിയുടെ വ്യക്തിത്വത്തിലെ ആത്മാര്‍ത്ഥതയുടെ അഭാവം ഇങ്ങനെ കഥാരംഭത്തില്‍ തന്നെ വെളിപ്പെടുന്നു.

ഉല്‍ഘനനത്തിലുടെ കണ്ടെടുക്കുന്ന ശിലാരേഖകളിലൂടെ ചരിത്രത്തിലിടം നേടാന്‍ ശ്രമിക്കുന്ന ഗോപാലന്‍കുട്ടി, കാരക്കുളം കുന്നിലെ നരിമടകള്‍ ബുദ്ധവിഹാരങ്ങളാണെന്നുറപ്പിക്കാനുള്ള കഠിനയത്‌നത്തിലാണ്. വിഗ്രഹത്തില്‍ ബുദ്ധനെ തിരയുന്ന അദ്ദേഹത്തില്‍ കരുണയുടെ തരിമ്പും ശേഷിക്കുന്നില്ലെന്ന് കൊച്ചുമകള്‍ രേണുക വേദനയോടെ തിരിച്ചറിയുന്നുണ്ട്. 

അമ്മയെ കാണാന്‍ വന്ന അയാള്‍ മകള്‍ക്കൊപ്പം പറമ്പിലൂടെ നടക്കുമ്പോള്‍ ചോലയോടു ചേര്‍ന്നുള്ള പൊന്തയില്‍നിന്ന് ഒരു സ്ത്രീയുടെ മരണഞരക്കം കേള്‍ക്കുന്നു. ഒന്നുചെന്നു നോക്കാനുള്ള മകളുടെ യാചന വകവെയ്ക്കാതെ ധൃതിപ്പെട്ട് വീട്ടിലേക്ക് നടക്കുകയാണയാള്‍. ബന്ധുവും വീട്ടുവേലയില്‍ അമ്മയുടെ സഹായിയുമായ നാരായണിയുടെ മകളായിരുന്നു അതെന്നറിഞ്ഞിട്ടും അയാളില്‍ ഭാവമാറ്റമുണ്ടാകുന്നില്ല. തന്റെ കൗമാരത്തെ പ്രലോഭിപ്പിക്കുകയും രതികാമനയെ തട്ടിയുണര്‍ത്തകയും ചെയ്ത നാരായണിയുടെ ഓര്‍മപോലും ആ നിസംഗതയെ ബാധിച്ചില്ല. 

അമ്മയെ കാണാനുള്ള വരവിന് മറ്റൊരുദ്ദേശം കൂടിയുണ്ട്. വീടും സ്ഥലവും വിറ്റ് ഒപ്പംപോരാന്‍ അമ്മയെ നിര്‍ബന്ധിക്കണം. ഭാര്യയുടെ തീരുമാനമാണത്. താമസിക്കുന്നിടം കൊള്ളില്ലെന്ന് അമ്മയെ ബോധ്യപ്പെടുത്തിയാല്‍ സംഗതി നടന്നേക്കും. 'ഞാന്‍ ഈ നാടങ്ങട് വിട്ടുപോണംന്നോ?'എന്ന അമ്മയുടെ ചോദ്യത്തിന് 'എന്ത് നാട്? ആ ചോലേടെ വക്കില് ഇന്നലെ രാത്രി തൊട്ട് ഒരുത്തി ചാവാന്‍ കെടക്വാ. ആരെങ്കിലും ഒന്നു തിരിഞ്ഞ് നോക്യോ?' എന്നായിരുന്ന മകന്റെ മറുപടി. അവളെ രക്ഷിക്കുന്നതിന് പകരം തന്റെ കാര്യം നേടാന്‍ ആ മരണപ്പിടച്ചിലിനെ ഉപായമാക്കുന്ന അയാളില്‍ ആത്മവഞ്ചന പൂര്‍ണമാകുന്നു.

സ്വന്തം കാര്യങ്ങളില്‍ കൃത്യതയും ശ്രദ്ധയുമുള്ള ആളാണ് ഗോപാലന്‍കുട്ടി. ഒരു കാര്യവും വച്ചുതാമസിപ്പിക്കില്ല. ഭാര്യയെ നല്ല അനുസരണയുള്ളയാള്‍. നടത്തം, എണ്ണ തേച്ചുകുളി എല്ലാം കൃത്യമായി ചെയ്യും. സിഗരറ്റോ മദ്യമോ ഉപയോഗിക്കില്ല. തറവാട്ടിലുള്ളവര്‍ക്കെല്ലാം കൂടിയ ആയുസ്സ് ആയതിനാല്‍ സ്വത്ത് വീതം വെപ്പ് നീളുന്നതില്‍ ഭാര്യയ്ക്കുള്ള അരിശത്തില്‍ അയാള്‍ തെറ്റൊന്നും കാണുന്നില്ല. 

മറ്റുള്ളവര്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കാത്തതില്‍ അയാള്‍ പുറപ്പെടുവിക്കുന്ന ദേഷ്യം, അയാളിലെ ആത്മവഞ്ചനയെ ഒന്നുകൂടി തീവ്രമാക്കുന്നു. കരുണയുടെ അഭാവം ഗോപാലന്‍കുട്ടിയില്‍ മാത്രമൊതുങ്ങുന്നില്ല. രാപ്പകല്‍ ഒരുവള്‍ കാട്ടുപൊന്തയില്‍ പാതി ജീവനുമായി കിടന്നിട്ടും രക്ഷയ്‌ക്കെത്താതെ അവളെക്കുറിച്ച് അപവാദം പറഞ്ഞ്  മാറിനിന്ന കുടുംബാംഗങ്ങള്‍, മരിച്ചെന്നറിഞ്ഞപ്പോള്‍ വ്യസനസമേതം കുഴിവെട്ടാന്‍ കാണിക്കുന്ന ധൃതിയില്‍ കരുണയില്ലായ്മയുടെ പുതിയ കാലം അനാവൃതമാകുന്നു.

ബുദ്ധനെപറ്റി ഗവേഷണം ചെയ്യുന്ന അച്ഛനില്‍ വറ്റിപ്പോകുന്ന കരുണ കൊച്ചുമകളില്‍ ഉറവപൊട്ടുന്നതാണ് ഈ കഥ പകരുന്ന വിസ്മയങ്ങളിലൊന്ന്. ''അയ്യോ നിലവിളിക്കണ് ണ്ടച്ഛോ. നമുക്കൊന്നിറങ്ങി നോക്കിയാലോ'എന്ന് അവളെടുക്കുന്ന സന്നദ്ധത അച്ഛന്‍ കെടുത്തിക്കളയുകയാണുണ്ടായത്. ആരും പത്മാവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതില്‍ അരിശപ്പെടുന്ന അച്ഛനോട് അവള്‍ക്ക് പരിഭവമുണ്ട്. ആരും ഡോക്ടറെ കൊണ്ടുവരാന്‍ തയ്യാറാകാത്തതില്‍ അച്ഛന്‍ നീരസം കാട്ടിയപ്പോള്‍ 'അച്ഛന് വിളിച്ച് കൊണ്ടരാര്ന്നില്ലേ? എന്നവള്‍ ചോദിക്കുന്നുമുണ്ട്.

അച്ഛനിലെ മനുഷ്യപ്പറ്റില്ലായ്മയെ മകള്‍ തിരിച്ചറിഞ്ഞതിന്റെ അടയാളം അവളുടെ പിണക്കത്തിലും അടക്കിപ്പിടിച്ച അമര്‍ഷത്തിലും കാണാം. ആരുമറിയാതെ പത്മാവതിയുടെ മരണവായില്‍ വെള്ളമൊഴിച്ചുകൊടുത്ത് അവള്‍ അച്ഛന്റെ കടം വീട്ടുന്നു. അയാള്‍ നിവര്‍ത്തിയ കുടയുടെ തണല്‍ വേണ്ടെന്നുവച്ച് അവള്‍ നടന്നുണ്ടാക്കുന്ന അകലം, ഭൗതിക നേട്ടങ്ങള്‍ക്കായുള്ള ജ്ഞാനാന്വേഷണത്തിന്റെ അസംബന്ധതയെ അഗാധമായി ധ്വനിപ്പിക്കുന്നുണ്ട്. കഥ വന്ന് കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും ആ അകലം കൂടുന്നേയുള്ളു എന്നതാണ് ഗോപാലന്‍കുട്ടിയെയും 'ശിലാലിഖിത'ത്തെയും ഇന്നും സമകാലികവും പ്രസക്തവുമാക്കുന്നത്. 

സംഭവങ്ങളെ, പാത്രസ്വഭാവത്തെ സംഭാഷണവാക്യങ്ങളിലൂടെ ക്രമത്തില്‍, സാവധാനം ഉരുക്കഴിക്കുന്ന രചനാതന്ത്രം ഈ കഥയിലും എം.ടി. വിജയകരമായി നിര്‍വ്വഹിച്ചിരിക്കുന്നു. അത് സൃഷ്ടിക്കുന്ന ആകാംക്ഷ, വാക്കില്‍ കരുണയും പ്രവൃത്തിയില്‍ ക്രൗര്യവും എന്ന വൈരുദ്ധ്യത്തെ വിശ്വസനീയമായി ആലേഖനം ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. നിരന്തര പരിണാമിയായ എം.ടിയിലെ കഥാകാരന്‍ തീര്‍ത്ത കഥനഭംഗി ഏറ്റവും പുതിയ കഥയായി 'ശിലാലിഖിത'ത്തെ സ്ഥാനപ്പെടുത്തുന്നു.

Content Highlights: M.T@90, M.T. Vasudevan Nair, Shilalikhitham story, M.T. Vasudevan Nair, Veerankutty