എം.ടി:ഫോക്കസ്സിലൊതുങ്ങാത്ത പ്രഭാവലയം- കെ.ആര്‍. വിനയന്‍

#കെ.ആർ വിനയൻ
ഫോട്ടോ: കെ.ആർ വിനയൻ
ഫോട്ടോ: കെ.ആർ വിനയൻ

ന്റെ പ്രൈമറി സ്‌കൂള്‍കാലം മുതലേ അമ്മ ജോലിക്ക് പോയി തുടങ്ങിയിരുന്നു. ഗ്രാമത്തിലെ വീടിനടുത്തുള്ള ബ്രാഞ്ച് പോസ്റ്റാഫീസില്‍ പോസ്റ്റ്മാസ്റ്ററായിരുന്നു. (പോസ്റ്റുമാസ്റ്റര്‍ക്ക് സ്ത്രീലിംഗ പദമുണ്ടോ എന്നെനിയ്ക്കറിഞ്ഞുകൂടാ) അക്കാലത്ത് വീട്ടില്‍ എല്ലാവരേക്കാളും കൂടുതല്‍ ഗൗരവമായ വായനാശീലമുണ്ടായിരുന്നത് അമ്മയ്ക്കാണ്. പോസ്റ്റാഫീസില്‍ കാലത്ത് മുതല്‍ വൈകുന്നേരം വരെയുള്ള സമയത്തിനുളളില്‍ കാര്യമായി ഒന്നു രണ്ടു മണിക്കൂറേ ജോലി ഉണ്ടാകാറുള്ളൂ. ഒഴിവുസമയങ്ങളില്‍ അമ്മ പുസ്തകങ്ങള്‍ ഏകാഗ്രതയോടെ വായിച്ചിരുന്നു. അമ്മയുടെ പോസ്റ്റല്‍ ബാഗിനുള്ളില്‍ എപ്പോഴും പുസ്തകങ്ങളുണ്ടാകാറുണ്ട്. അമ്മയില്‍ നിന്നാണ് എനിക്ക് ചെറിയ ക്‌ളാസു മുതലേ പുസ്തകങ്ങള്‍ കിട്ടിയിരുന്നത്. ബഷീറും ഉറൂബുംസി.രാധാകൃഷ്ണനുമായിരുന്നു അമ്മയുടെ പ്രിയപ്പെട്ട എഴുത്തുകാര്‍. ബുധനാഴ്ചകളില്‍ മാതൃഭൂമി പത്രത്തിനോടൊപ്പമെത്തുന്ന ആഴ്ചപ്പതിപ്പ് വിദഗ്ദമായി അമ്മ പോസ്റ്റാഫീസിലേയ്ക്ക് ഞങ്ങളാരുമറിയാതെ ഒളിച്ചുകടത്തും. ശനിയാഴ്ചയേ ഞങ്ങള്‍ കുട്ടികള്‍ക്ക് വായിക്കാന്‍ കിട്ടാറുള്ളൂ.

എട്ടാം ക്‌ളാസില്‍ പഠിക്കുന്ന കാലത്താണ് കോട്ടപ്പടി തമ്പുരാന്‍പടിയിലെ ഗ്രാമീണ വായനശാലയില്‍ അംഗമായി ചേര്‍ന്നത്. എം.ടിയുടേയും മാധവിക്കുട്ടിയുടേയും ടി. പത്മനാഭന്റെയും നന്തനാരുടേയും പുസ്തകങ്ങള്‍ കിട്ടുന്നത് ഈ വായനാശാലയില്‍ നിന്നായിരുന്നു. അമ്മ അപ്പോഴേയ്ക്കും എം.ടി.യുടെ ഒരുവിധം പുസ്തകങ്ങളെല്ലാം വായിച്ചുകഴിഞ്ഞിരുന്നു. ഒരു ദിവസം ഞാന്‍ 'നാലുകെട്ടി'ന്റെ പ്രസിദ്ധിയെപ്പറ്റി പറഞ്ഞപ്പോള്‍ അമ്മയ്ക്കത് വേണ്ടത്ര രുചിച്ചില്ല. മറുപടിയായി പറഞ്ഞു:'അതില്‍ കാര്യമായ പുതുമയൊന്നുമില്ലാ അതിലെഴുതിയ പല കാര്യങ്ങളും നായര്‍ കുടുംബക്കാരായ നമ്മുടെയെല്ലാം വീടുകളില്‍ നടക്കുന്നതുതന്നെയാണ്. നടന്നുകൊണ്ടിരിക്കുന്നതുമാണ്.' അമ്മ പറയുന്നതിന്റെ ചില വശങ്ങളില്‍ ശരികളുണ്ടെന്ന് എനിക്കും തോന്നിത്തുടങ്ങി.

അമ്മയ്ക്ക് വലിയ അടുപ്പമുണ്ടായിരുന്ന ഒരു ടീച്ചറുണ്ടായിരുന്നു: കാര്‍ത്ത്യായനിട്ടീച്ചര്‍. അവര്‍ അക്കാലങ്ങളില്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് വരുമ്പോള്‍ ചിലപ്പോള്‍ പോസ്റ്റാഫീസിലോ- അല്ലെങ്കില്‍ വീട്ടിലോ അമ്മയെ കാണാന്‍ വരും. ഞങ്ങള്‍ കുട്ടികള്‍ക്ക് അവര്‍ കാര്‍ത്ത്യായനി വല്യമ്മയായിരുന്നു. സംഭാഷണങ്ങള്‍ക്കിടക്കെല്ലാം പലപ്പോഴും ഒരു വാസു കഥാപാത്രമായി വന്നുനിറയും. കാലം കുറേകഴിഞ്ഞാണ് ഞങ്ങളറിയുന്നത്, അവര്‍ എം.ടി. വാസുദേവന്‍ നായരുടെ കാര്‍ത്ത്യായനി ഓപ്പോളായിരുന്നുവെന്ന്.

പ്രീഡിഗ്രി കാലത്താണ് 'മഞ്ഞ്' കോളേജ് ലൈബ്രറിയില്‍ നിന്നും കിട്ടുന്നത്.അമ്മയും ഞാനുമത് പല ആവൃത്തി വായിച്ചിട്ടുണ്ടാവണം. മനസ്സിനുള്ളില്‍ പ്രണയം തളിരിട്ട് നിലാവില്‍ രഹസ്യമായി കാറ്റിലാടാന്‍ തുടങ്ങുന്നതുകൊണ്ടുമാവാം മഞ്ഞ് അന്ന് എന്നെ വല്ലാതെ ലഹരി പിടിപ്പിച്ചു. ഇന്നും അതിലെ പകുതിയിലേറെ ഭാഗങ്ങള്‍ ഹൃദിസ്ഥമാണ്.

അച്ഛനും പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ തന്നെയായിരുന്നു. ഇടയ്ക്കല്ലാം അച്ഛനെ കാണാനും വരാറുണ്ടായിരുന്നു ഒരു വാസുദേവന്‍ നായര്‍. അദ്ദേഹവും പതിവ് ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് തന്റെ പത്‌നിയുടെ തറവാട്ടിലേയ്ക്ക് പോകുന്ന വഴിയാണ് ഞങ്ങളുടെ വീട്ടില്‍ കയറാറുള്ളത്. അമ്മയുടെ കുടുംബ താവഴിയിലെ ഒരു സ്ത്രീയായിരുന്നു അദ്ദേഹത്തിന്റെ പത്‌നി. ഞങ്ങളുടെ വീട്ടില്‍ നിന്നും അധികം ദൂരമില്ല അവരുടെ വീട്ടിലേയ്ക്ക്. ഒരു ദിവസം അദ്ദേഹം മകളുടെ വിവാഹം ക്ഷണിയ്ക്കാനായി വീട്ടിലെത്തി. അന്നാണ് ഞങ്ങള്‍ അറിയുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'സിനിക്ക്' എന്ന തൂലികാനാമത്തില്‍ സിനിമാനിരൂപണം എഴുതുന്ന വ്യക്തിയാണ് ഈ വാസുദേവന്‍ നായരെന്ന്!

അക്കാലങ്ങളില്‍ കോളേജിലേയ്ക്കുള്ള സൈക്കിള്‍ യാത്രയില്‍ സൈക്കിളിന്റെ പുറകിലെ കൊട്ടയില്‍, സുഹൃത്ത് വെള്ളൂരെ കൃഷ്ണകുമാറിന്റെ ഒരു ചെറിയ ബോക്‌സ് ക്യാമറ ഫിലിമില്ലാതെ ഞാന്‍ കൊണ്ടുനടന്നിരുന്നു. സിനിക്കിന്റെ മകളുടെ വിവാഹത്തിന് അച്ഛനോടൊപ്പം ഞാനും ഗരുവായൂരിലേക്ക് പോയി. അന്ന് രഹസ്യമായി ഫിലിം നിറച്ച ക്യാമറയുണ്ടായിരുന്നു കയ്യില്‍. നേരത്തേ മനസ്സില്‍ കണക്കുകൂട്ടിയത് പോലെത്തന്നെ ആ വിവാഹച്ചടങ്ങില്‍ വച്ച് സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായരെ ഞാന്‍ നേരില്‍ കണ്ടു. കാര്‍ത്ത്യായനി വല്യമ്മയുടെ പിന്‍ബലത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. ഒരു ഭാവവ്യത്യാസവുമില്ലാതെ മറുപടി വന്നു - 'വേണ്ട ഞാനീ വിവാഹചടങ്ങിലെ ഒരു കഥാപാത്രമല്ല.' 'സര്‍ എനിയ്ക്ക് വേണ്ടതും കഥാപാത്രത്തെയല്ല അവരുടെ സൃഷ്ടികര്‍ത്താവിനെയാണ്.' തൊട്ടടുത്ത കസേരയിലിരുന്ന് പേപ്പര്‍ വായിച്ചുകൊണ്ടിരുന്ന ജുബ്ബാക്കാരന്‍ തടിച്ച കണ്ണടയിലൂടെ എന്നെ നോക്കി ഉറക്കെ ചിരിച്ചും കൊണ്ടുപറഞ്ഞു: 'അതെ നിങ്ങള്‍ പറഞ്ഞതാണ് ശരി. വാസൂ അയാളുടെ ആവശ്യം ഗൗരവമുള്ളതാണ്. അയാളൊരു ചിത്രമെടുത്തോട്ടെ.' അങ്ങനെ ഗുരുവായൂര്‍ അമ്പലത്തിന്റെ വടക്കേകുളത്തിനു കിഴക്കുവശത്തെ പൂതേരി ബംഗ്‌ളാവിലെ വിവാഹ ഹാളിന്റെ മുറ്റത്തെ മാവില്‍ ചുവട്ടില്‍ നിന്ന് എം.ടി. എന്റെ ക്യാമറയുടെ ഉള്ളറകളിലേയ്ക്ക് വെയില്‍നാളം പോലെ പടര്‍ന്നിറങ്ങി. 

മറ്റൊന്നും സംസാരിയ്ക്കാന്‍ ആ സന്ദര്‍ഭം എന്നെ പ്രാപ്തനാക്കിയില്ല. എങ്കിലും വെറുതെ ഒരു ചോദ്യം മാത്രം 'സാര്‍ ആരാണാ ജുബ്ബാക്കാരന്‍?' 'അതോ അദ്ദേഹമാണ് ശോഭനാ പരമേശ്വരന്‍ നായര്‍. ഒരു മികച്ച ഫോട്ടോഗ്രാഫറാണ്.' പിന്നീട് അധിക സമയം അവിടെ നിന്നില്ല. പുറത്തിറങ്ങി ക്യാമറ സൈക്കിള്‍ കൊട്ടയില്‍ പതുക്കെ നിക്ഷേപിയ്ക്കുമ്പോള്‍ എനിയ്‌ക്കൊരു സംശയം: ക്യാമറയ്ക്ക് ഭാരം കൂടിയിട്ടുണ്ടോ? ഷര്‍ട്ടിന്റെ മുകളിലെ മൂന്ന് കുടുക്കുകള്‍ ഇടാതെ താഴേക്ക് നോക്കി നില്ക്കുന്ന എം.ടി.യുടെ ആ ചിത്രം ഒരു പാട് കാലം ഞാനെന്റെ സ്വകാര്യ നിധിയായി കൊണ്ടുനടന്നു. കോളേജ് കാലത്ത് വളരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഞാന്‍ ഷര്‍ട്ടിന്റെയും മുകളിലെ കുടുക്കുകളും ശ്രദ്ധയോടെ ഇടാതെ തന്നെ ഉന്തി നില്ക്കുന്ന നെഞ്ഞിന്‍ കൂട് പുറത്ത് കാണിച്ച് മുണ്ടും മടക്കി കുത്തി നടക്കാന്‍ ഒരുമ്പെട്ടു. പക്ഷെ രണ്ടുദിവസമേ അതിന് ആയുസ്സുണ്ടായതുള്ളൂ. പലരും ചോദിച്ചു: 'നമ്മള്‍ മനുഷ്യര്‍ വൃത്തികേടുകള്‍ മറയ്ക്കാനാണ് സ്വതവേ വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത്. പക്ഷെ തന്റെ ഈ പരിതാപകരമായ ശരീരാവസ്ഥ എന്തിനാണ് മറ്റുള്ളവരെ കാണിച്ച് സഹതാപമുണ്ടാക്കുന്നത്?' വീട്ടില്‍ നടക്കുമ്പോള്‍ മുത്തശ്ശിയും പറഞ്ഞു, 'മോനേ നിന്നെ ആരെങ്കിലും പാടവരമ്പില്‍ കരിങ്കണ്ണ് തട്ടാതിരിയ്ക്കാനായി മുളയില്‍ കെട്ടി നിര്‍ത്തിയെന്ന് വരും. ശോഷിച്ച ശരീരം നാട്ടുകാരെ കാണിക്കണ്ടാ.' അന്ന് വൈകുന്നേരം ആ പരിപാടിയോട് ഞാന്‍ വിട പറഞ്ഞു.

നിര്‍ത്താത്ത ബീഡി വലിയും പുസ്തക വായനയുമാണത്രെ എം.ടി.യുടെ വിശേഷപ്പെട്ട മറ്റു രണ്ടു കര്‍മ്മങ്ങളെന്ന്, അക്കാലത്ത് വായനശാലയില്‍ നിന്നും സുഹൃത്ത് നരേന്ദ്രന്‍ ആരോടോ പറയുന്നത് കേട്ടു. ബീഡിവലി ഏതായാലും വീട്ടില്‍ പറ്റില്ല; എന്നാല്‍ വായന ഗൗരവമായി ശ്രമിക്കാവുന്നതുമാണ്. അങ്ങനെ അമ്മയെ മറികടക്കാനെന്നോണം വായനയെ ഞാന്‍ ഗൗരവമായി കൂടെ കൂട്ടി.

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്ത് കൂടി ഇടയ്‌ക്കെല്ലാം അച്ഛനെ കാണാനായി വീട്ടില്‍ വരാറുണ്ടായിരുന്നു. എടപ്പാളുകാരന്‍ ശിവരാമന്‍ നായര്‍. വന്നാല്‍ ഒരുപാട് സമയം അച്ഛനുമായി സംസാരിച്ച് ചിലപ്പോള്‍ ഭക്ഷണവും കഴിച്ചാണ് തിരിച്ചുപോകാറ്. വളരെക്കാലം കഴിഞ്ഞാണ് ഞങ്ങള്‍ കുട്ടികളറിഞ്ഞത് - എം.ടി.യുടെ സിനിമയിലൂടെ പരുക്കന്‍ രൂപഭാവത്തോടെ അഭിനയിക്കാനെത്തിയ സുകുമാരന്റെ അച്ഛനാണ് ഇദ്ദേഹമെന്ന്. 1976-ല്‍ ഗുരുവായൂരില്‍ വച്ച് നടക്കുന്ന സുകമാരന്റെ താഴെയുള്ള സഹോദരിയുടെ വിവാഹത്തിന് ശിവരാമനങ്കിള്‍ ഞങ്ങളെയെല്ലാവരേയും വീട്ടില്‍ വന്ന് ക്ഷണിച്ചു. അച്ഛന്റെ കൂടെ ഞാനും അമ്പലനടയിലെത്തി. രഹസ്യമായി സഞ്ചിയില്‍ ക്യാമറ കരുതിയിരുന്നു. ഇതേ കാലങ്ങളില്‍ ചാവക്കാട് - ഒരുമനയൂര്‍ ഭാഗങ്ങളില്‍ വച്ചായിരുന്നു 'പല്ലവി' എന്ന മലയാള സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. വിവാഹച്ചടങ്ങിന് സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തില്‍ മെയ്ക്കപ്പോടെ തന്നെ കള്ളിമുണ്ടും ചുറ്റിയിട്ടായിരുന്നു അഭിനേതാവ് സോമന്‍ പങ്കെടുത്തത്. എം.ടി യും ഹരിഹരനും സദസ്സിലുണ്ടായിരുന്നു. അവിടെ വച്ചും എം.ടി.യുടെ ചില ചിത്രങ്ങളെടുക്കാന്‍ സന്ദര്‍ഭം ലഭിച്ചു.

ഡിഗ്രിയ്ക്ക് ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് ഞങ്ങളുടെ തന്നെ തറവാട്ടിലെ ഒരംഗമായിരുന്ന കെ.ആര്‍. പണിക്കരെ നേരില്‍ കാണുന്നത്. അദ്ദേഹം കോഴിക്കോട് മാതൃഭൂമിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മയും ഞങ്ങള്‍ കുട്ടികളുമെല്ലാം അദ്ദേഹത്തെ രാഘവേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അദ്ദേഹമാണ് ഞാനെടുത്ത ചിത്രങ്ങള്‍ ജി.എന്‍. പിള്ളയെ കാണിക്കുന്നത്. പിള്ള സാറാണ് എന്നെ എം.ടി.യുടെ മുറിയിലേയ്ക്ക് കൊണ്ടുപോകുന്നത്. ചിത്രങ്ങളെല്ലാം വളരെ സൂക്ഷ്മതയോടെ നോക്കിയതിനു ശേഷം എം.ടി. പറഞ്ഞു: 'ഇതല്ലാം തല്ക്കാലം ഇവിടെ ഇരുന്നോട്ടെ. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാം.' അധികം വൈകാതെ തന്നെ ആ ചിത്രങ്ങള്‍ മാതൃഭൂമി വീക്കിലികളില്‍ എന്റെ പേരോടുകൂടി തന്നെ പ്രസിദ്ധീകരിച്ചുവന്നു. അന്നത്തെ  ഒരു ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയ്ക്ക് ഇതിലപ്പുറം ഇനി എന്തുവേണം? പിന്നീട് കോഴിക്കോട് പോകാന്‍ സന്ദര്‍ഭങ്ങള്‍ കിട്ടുമ്പോഴെല്ലാം മാതൃഭൂമി ഓഫീസില്‍ കയറാന്‍ ശ്രമിക്കും. ജി.എന്‍.പിള്ള സാറും, ചിത്രകാരന്‍ നമ്പൂതിരിയുമായിരുന്നു ചെറുപ്പത്തിനെ മാറ്റി വെച്ചുകൊണ്ടുള്ള സൗഹൃദങ്ങള്‍. 

ആഴ്ചപ്പതിനകത്തും, പുറംകവറിലും എന്റെ ചിത്രങ്ങള്‍ ഇടക്കെല്ലാം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. രണ്ടു തവണ എം.ടി.യുടെ വീട് സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. ചിത്രങ്ങളെടുത്തുവെങ്കിലും ഒന്നും വേണ്ടത്ര സംതൃപ്തി തന്നില്ല. നേരില്‍ കാണുന്ന എം.ടിയോടും, ക്യാമറയിലൂടെ കാണുന്ന എം.ടി യേയും ഒരു സൗഹൃദം സ്ഥാപിയ്ക്കാന്‍ എനിയ്ക്ക് സങ്കോചമായിരുന്നു. ഇതുവരെയും ഗൗരവമായിട്ട് എന്നോട് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും- ഇപ്പോഴും എനിക്കാ പരിഭ്രമം ബാക്കി നില്ക്കുന്നുണ്ട്. ഒരു ദിവസം സന്ധ്യയ്ക്ക് എം.ടി.യേയും കുടുംബത്തേയും ഗുരുവായൂരമ്പലനടയില്‍ വച്ചു കാണാനിടയായി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നൃത്തങ്ങള്‍ നോക്കി നില്ക്കുകയായിരുന്നു. വെറുതെ ഒരു സൗഹൃദം പുതുക്കാനായി ഞാന്‍ അരികില്‍ ചെന്നു. വളരെ ഗൗരവത്തോടെ ചുളിഞ്ഞ പുരികം പൊക്കി എന്നെ നോക്കി പതുക്കെയൊന്ന് ചുണ്ടുകള്‍ വളച്ചു. മറ്റൊന്നും കാര്യമായി ചോദിക്കാനില്ലാത്തതുകൊണ്ട് സ്വയം മരവിപ്പ് ഒഴിവാക്കാനായി മാത്രം ഞാന്‍ ചോദിച്ചു: 'സര്‍ കോവിലനെ കണ്ടില്ലേ?' 'ഇല്ലാ- ഞാന്‍ മറ്റു ചില തിരക്കുകളിലായിരുന്നു.' കുറച്ചു നേരം കൂടെ നിശ്ശബ്ദനായി അരികില്‍ നിന്ന് പിരിഞ്ഞുപോന്നു. 

മൂന്ന് ദിവസം കഴിഞ്ഞ് കോളേജില്‍ നിന്നും മടങ്ങുമ്പോള്‍ ഞാന്‍ കോവിലന്റെ വീട്ടില്‍ കയറി. ആവശ്യം എം.ടി.യെ കഴിഞ്ഞ ഞായറാഴ്ച ഗുരുവായൂര്‍ നടയില്‍നിന്നും കണ്ടിരുന്നു എന്ന വിശേഷവാര്‍ത്ത കോവിലനെ അറിയിക്കുക എന്നതായിരുന്നു. ഞാനും കോവിലന്റെ മുന്നില്‍ പുരികം ചുളിച്ച് ഒരു എംടിയന്‍ കൃത്രിമ ഗൗരവത്തോടെ കുറച്ചു സമയം ഇരുന്നു. കോവിലന്‍ പറമ്പിലെ കൃഷിയെപ്പറ്റിയും കിണറ്റിലെ വെള്ളത്തിന്റെ ഉറവയെപ്പറ്റിയൊക്കെ സംസാരിച്ചു, എനിയ്ക്ക് ചായയും പഴവും തന്നു. പക്ഷെ എന്തോ എനിക്ക് വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാവുന്നില്ല. ഒടുവില്‍ മേശപ്പുറത്തിരുന്ന പുസ്തകം അലസമായി മറിച്ച് നോക്കി എം.ടിയെ അമ്പലനടയില്‍ വച്ച് കണ്ട വിവരം പറഞ്ഞു. കോവിലന്‍ പതുക്കെ ശബ്ദം താഴ്ത്തി അല്പം നാടകീയമായി പറഞ്ഞു: 'ശനിയാഴ്ച കാലത്ത് കോഴിക്കോട് നിന്നും ഇവിടെ ഫോണില്‍ വിളിച്ച് ഞായറാഴ്ച എന്നെ കാണാനായി മാത്രം കുടുംബസമേതം വരുന്നുണ്ടെന്നും ഉച്ചയ്ക്ക് ഭക്ഷണം വേണ്ടിവരുമെന്നും പറഞ്ഞു. സമയം കിട്ടിയാല്‍ അമ്പലം വരെയും ഒരു പക്ഷെ പോയേയ്ക്കുമെന്നും പറഞ്ഞു.' എന്റെ താടിയെല്ലുകള്‍ വിറയ്ക്കുന്നതുപോലെ തോന്നി- ഗ്‌ളാസിലെ ചൂട് ചായ പകുതി കുടിച്ച് തിടുക്കത്തില്‍ ഞാനവിടെ നിന്നും ഇറങ്ങി. പുല്ലാനിക്കുന്നിന്റെ നെറുകയില്‍ നിന്നം മുള്ളുവേലികള്‍ അതിരിട്ട ചരല്‍പാതയിലൂടെ അരികന്നിയൂരിലെ ബസ്സ്‌സ്റ്റോപ്പിലേയ്ക്ക് വലിഞ്ഞുനടക്കുമ്പോള്‍, ഒരു വലിയ കാര്യം എം.ടി. എന്നെ പഠിപ്പിച്ചിരുന്നു: അവനവന് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമേ അന്വേഷിച്ചറിയാവൂ. ആവശ്യമില്ലാത്ത സംഗതികള്‍ പറയുകയോ അന്വേഷിക്കുകയോ ചെയ്യാതിരിക്കുന്നതാണ് ശാന്തജീവിതത്തിന് ഉത്തമം!

1990-ന്റെ അവസാനത്തില്‍ കേരളത്തില്‍ നിന്നും ജോലി സംബന്ധമായി ഹൈദരാബാദിലേയ്‌ക്കെത്തി. ഫോട്ടോഗ്രാഫിക്കായി ഇന്ത്യയിലെ പലയിടത്തും എത്താന്‍ അവസരങ്ങളുണ്ടായി. പലതവന്ന കാശി സന്ദര്‍ശിച്ചു ചിത്രങ്ങളെടുത്തു. ഒടുവില്‍ അതില്‍ നിന്നും ഏതാണ്ട് നൂറ് ചിത്രങ്ങള്‍ ഒതുക്കിയെടുത്ത് എം.ടി.യെ കാണിക്കാനായി കോഴിക്കോട്ടെ വീട്ടിലെത്തി. അദ്ദേഹം അതില്‍ നിന്നും അറുപത്തഞ്ചണ്ണം തിരഞ്ഞെടുത്തു. അങ്ങനെയാണ് ബനാറസ് യൂണിവേഴ്‌സിറ്റിയിലെ ഹാളില്‍ ഞാന്‍ 'വാരണസി' ചിത്രപ്രദര്‍ശനം നടത്തിയത്. പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലും ആ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ എനിക്ക് അവസരങ്ങളുണ്ടായി. 2009-ലാണ് സുഹൃത്ത് വി.കെ.ശ്രീരാമന്‍ എം.ടി.യുടെ 'നാലുകെട്ട്' നോവലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കണമെന്ന് ആലോചിക്കുന്നത്. അതിനായി കേരളത്തിലെ പല സ്ഥലങ്ങളിലും ചുറ്റിക്കറങ്ങി 142 നാലുകെട്ടു വീടുകളുടെ ചിത്രങ്ങള്‍ എടുത്തു. അതില്‍നിന്നും തൃശൂരിലെ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കാനായി 50 ചിത്രങ്ങള്‍ എം.ടി.തന്നെയാണ് തിരഞ്ഞെടുത്തത്. 2015-ല്‍ ഏഷ്യാനെറ്റ് സംഘം മാങ്ങാട് രത്‌നാകരന്റെ നേതൃത്വത്തില്‍ കോഴിക്കോട്‌വെച്ച് നടത്തിയ 'എം.ടി: ചിത്രങ്ങളിലൂടെ' എന്ന ഫോട്ടോ പ്രദര്‍ശനത്തിനും എം.ടി. നിര്‍ദ്ദേശിച്ചത് അനുസരിച്ച് എന്റെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും എം.ടി.യെ നേരില്‍ കാണാനോ ചിത്രങ്ങളെടുക്കാനോ എന്റെ മനസ്സിന് സങ്കോചമാണ്. അദ്ദേഹവുമായുള്ള ഒരു ഫോട്ടോ ഷൂട്ടും എനിക്ക് സംതൃപ്തിയോ ശാന്തതയോ നല്കിയിട്ടില്ല. 

 എം.ടി.യുടെ തൊണ്ണൂറാം ജന്മദിനം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വെച്ച് ആഘോഷിക്കുന്ന അവസരത്തില്‍ റനിതയും ഞാനും കൂടി ഉച്ച കഴിഞ്ഞ് തിരൂരിലെത്തി. തുഞ്ചന്‍ പറമ്പില്‍ വലിയ ആള്‍ക്കൂട്ടമായിരുന്നു. പന്തലില്‍ ആരോ പ്രസംഗിക്കുന്നുണ്ട്. അതിനുള്ളില്‍ ഇരിയ്ക്കാന്‍ സ്ഥലമില്ല. എം.ടി.യുടെ ഏറ്റവും അടുത്ത സുഹൃത്ത് കല്‍ക്കത്ത വേണുവേട്ടന്‍ സംഘാടകനായതുകൊണ്ട് പലയിടത്തും ഓടിനടക്കുന്നതുകണ്ടു. 'എം.ടി.യെ ഇന്ന് ഇനി നേരില്‍ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അദ്ദേഹം പതിവിലും വളരെ ക്ഷീണിതനാണ്. ആരേയും മുറിയില്‍ സ്വീകരിക്കുന്നില്ല.' വേണുവേട്ടന്‍ നിസ്സഹായത പറഞ്ഞു. ഹൈദരാബാദില്‍നിന്നും ഇതിനായിട്ടുമാത്രം വന്ന ഞങ്ങള്‍ക്ക് കണ്ടേ പറ്റൂ എന്ന വാശിയോടെ അദ്ദേഹത്തിന്റെ മുറിയുടെ അടുത്തേക്ക് നടന്നു. മുറ്റത്തൊന്നും ആരുമില്ല. ചില്ലുജനലിലൂടെ ഞങ്ങളെ അദ്ദേഹം കണ്ടിട്ടുണ്ടാവണം. ഒരാള്‍ വന്ന് വാതില്‍ തുറന്ന് അകത്തേക്ക് ക്ഷണിച്ചു. കുറച്ചുനേരം പരസ്പരം നോക്കി. സ്ഥിരം മൗനം തന്നെ. ക്ഷീണിതനാണെങ്കിലും പുരുഷസിംഹത്തിന്റെ ഗര്‍ജ്ജനം സ്ഫുരിയ്ക്കുന്ന ഭാവത്തിന് വലിയ മാറ്റമൊന്നുമില്ല. കയ്യില്‍ ക്യാമറയുണ്ടായിരുന്നുവെങ്കിലും ഞാനത് പുറത്തെടുത്തില്ല. പതിഞ്ഞ സ്വരത്തില്‍  ഞാന്‍ പറഞ്ഞു: 'വാസുവേട്ടാ ഈ ചടങ്ങിന് മാത്രമായിട്ടാണ് ഞങ്ങള്‍ രണ്ടാളും ഹൈദരാബാദില്‍ നിന്നും ഇവിടെ എത്തിയത്. എനിക്ക് ഒരു സ്വാര്‍ത്ഥമായ ആവശ്യമുണ്ട്' അദ്ദേഹം ഗൗരവം വിടാതെ എന്നെ നോക്കി, ഞാന്‍ കുറച്ചുകൂടെ അരികിലേയ്ക്ക് നീങ്ങി നിന്ന്: 'വാസുവേട്ടനെ ഞാനൊന്നു തൊട്ടോട്ടെ?' തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യത്തിനോടൊപ്പം തന്നെ ഞാനദ്ദേഹത്തിന്റെ കയ്യിലും മുഖത്തും തൊട്ട്, ആശംസകള്‍ പറഞ്ഞ് തിരിഞ്ഞുനോക്കാതെ മുറിയില്‍ നിന്നും പുറത്തേക്ക് നടന്നു.

Content Highlights: mt@90 kr vinayan writes about mt vasudevan nair