'അറിവിന്റെ ആഴം വിസ്മയിപ്പിക്കും; ആ കാരുണ്യവും ആത്മസംസ്‌കാരവും സ്‌നേഹത്തോടെ ഓർക്കുന്നു'

#കെ.പി. സുധീര
എം.പി. വീരേന്ദ്രകുമാര്‍ | ഫോട്ടോ: ഇ.എസ്. അഖില്‍/മാതൃഭൂമി
എം.പി. വീരേന്ദ്രകുമാര്‍ | ഫോട്ടോ: ഇ.എസ്. അഖില്‍/മാതൃഭൂമി

എം.പി. വീരേന്ദ്രകുമാര്‍ ജീവിതത്തിന്റെ പടിയിറങ്ങിയിട്ട് അഞ്ച് വര്‍ഷമാവുന്നു. ഒരിക്കല്‍ തന്റെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ബോധം തിരികെ വന്ന് കണ്ണ് തുറന്നപ്പോള്‍ തന്നെ നോക്കി പുഞ്ചിരി തൂകിയ നഴ്‌സിനോട് അദ്ദേഹം ചോദിച്ചുവത്രെ: 'എന്റെ ഹൃദയം കീറി മുറിച്ച് ഞാന്‍ ബോധമില്ലാതെ കിടന്നപ്പോഴും സൂര്യനുദിച്ചിരുന്നു അല്ലേ?' താനില്ലെങ്കിലും ലോകം മുമ്പോട്ട് പോവും എന്ന സത്യം താന്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാലും അദ്ദേഹമില്ലാതെയും കാലം മുമ്പോട്ടൊഴുകുന്നു എന്ന കയ്ക്കുന്ന സത്യം നമ്മില്‍ പലര്‍ക്കും അംഗീകരിക്കാനാവുന്നില്ല.

അറിവിന്റെ നിറവായ ആ മനുഷ്യന്‍ ഭൂമുഖത്തില്ലാത്തതിന്റെ കുറവ് പല വിധത്തില്‍ നാമെല്ലാം അനുഭവിക്കുന്നു. ഉന്നതമായ വ്യക്തിപ്രഭാവമുള്ള ആ മനുഷ്യന്‍ വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും പെരുമാറി. ഓരോരുത്തരെപ്പറ്റിയും ശരിക്കറിയാം. കഴിവുള്ളവരെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കും, സമന്മാരോടെന്ന വിധം ഇടപെടും. വീരേന്ദ്രകുമാര്‍ ഒരു കേവലവ്യക്തിയല്ല, സമ്പൂര്‍ണ മനുഷ്യനായിരുന്നു. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം വന്നു പോകുന്ന അപൂര്‍വ പ്രതിഭകളിലൊരാള്‍- ലോകത്തിന്റെ ക്ഷാമത്തിലും ക്ഷേമത്തിലും ഉത്കണ്ഠയുള്ള ഒരാള്‍.

മാതൃഭൂമിയുടെ  ഗൃഹലക്ഷ്മി നടത്തിയ ചെറുകഥാ മത്സരത്തില്‍ രണ്ടുതവണ ഒന്നാം സ്ഥാനം ഈയുള്ളവള്‍ക്ക് ലഭിച്ചിരുന്നു. പുരസ്‌കാര സമര്‍പ്പണവേദിയില്‍  അഭിനന്ദിച്ചപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു. ആ അഭിനന്ദനം എഴുത്തില്‍ എനിക്ക് പ്രത്യേക ഊര്‍ജം നല്‍കി.

പിന്നീട് രണ്ടുതവണ മാതൃഭൂമി ഗൃഹലക്ഷ്മി വേദി എന്ന സ്ത്രീ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ഞാന്‍ പ്രവര്‍ത്തിച്ചപ്പോഴും വീരേന്ദ്രകുമാര്‍ സാറിനൊപ്പം വേദികള്‍ പങ്കിടാന്‍ കഴിഞ്ഞു. സാറിന്റെ അര്‍ഥഗൗരവമുള്ള എത്രയോ പ്രസംഗങ്ങള്‍ ഞാന്‍ കേട്ടു. ഒരുദിവസം ഒരു പുസ്തകമൊക്കെ വായിച്ചുതീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ അറിവിന്റെ ആഴം ആരെയും വിസ്മയിപ്പിക്കും.

ജന്മനാടായ വയനാടിനെക്കുറിച്ച് അദ്ദേഹം പല പ്രസംഗങ്ങളിലും പറയാറുണ്ട്. വയനാട്ടുകാരനായി ജനിച്ചതില്‍ എന്നും അദ്ദേഹത്തിന് അഭിമാനമുണ്ടായിരുന്നു. സാറിന്റെ എല്ലാ പുസ്തകങ്ങളും എനിക്കും കൈയൊപ്പിട്ട് തന്നിട്ടുണ്ട്. ഭൗമതയിലുറച്ച ജീവിതദര്‍ശനങ്ങളാണ് ആ എഴുത്തിലും പ്രസംഗത്തിലും കാണുക. സാധാരണക്കാര്‍ക്ക് കുടിക്കാനുള്ള ജലം ഊറ്റി പാനീയങ്ങള്‍ ഉണ്ടാക്കുന്ന കൊക്കകോള പോലുള്ള വന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരേ തദ്ദേശീയരുടെ പ്രക്ഷോഭത്തിന് അദ്ദേഹം നേതൃത്വം നല്‍കി.

എഴുത്തുകാരായ ഞങ്ങളെയും സമരപ്പന്തലിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചു. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി നടത്തിയ മാര്‍ച്ചും മയിലമ്മയുടെ സമരവീര്യവും ഉള്‍ക്കണ്ണില്‍ തെളിയുന്നു.

വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിസ്തരിച്ചെഴുതുമ്പോഴാണ് പൊതുജനങ്ങളധികവും അതേക്കുറിച്ചറിയുക. ലോകാരോഗ്യ സംഘടനയെക്കുറിച്ചും ഗാട്ടിനെക്കുറിച്ചും വിവരസാങ്കേതികവിദ്യയെക്കുറിച്ചും അദ്ദേഹം പഠിച്ച് വിസ്തരിച്ച് മാതൃഭൂമി പത്രത്തിലെഴുതി- ലോകത്തിലെ പല നൂതന പരിഷ്‌കാരങ്ങളും നിയമങ്ങളും സാധാരണക്കാരനെ സ്വന്തം ലേഖനത്തിലൂടെ സവിസ്തരം അറിയിക്കുക തന്റെ കടമയെന്ന് അദ്ദേഹം എണ്ണി.

സാറിന്റെ മിക്ക രചനകളുടെയും പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. 'ഹൈമവതഭൂവില്‍' എന്ന വിശിഷ്ട കൃതിയുടെ കല്പറ്റയില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പ്രമുഖ എഴുത്തുകാരായ യു.ആര്‍. അനന്തമൂര്‍ത്തി, കെ. സച്ചിദാനന്ദന്‍, സി. രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഞാനും പങ്കെടുത്തിരുന്നു. പുസ്തകപരിചയം നടത്താനുള്ള അവസരവും ലഭിച്ചു. എന്റെ കൃതികളിലേറെയും പ്രകാശനം നടത്തിയതും അദ്ദേഹംതന്നെ. ഖലീല്‍ ജിബ്രാനെക്കുറിച്ച് ഞാനെഴുതിയ 'ജിബ്രാന്‍-അനശ്വരതയുടെ രഹസ്യം' എന്ന പുസ്തകം വീരേന്ദ്രകുമാര്‍ സാറിനാണ് സമര്‍പ്പിച്ചത്.

എന്റെ ഓരോ പുസതകത്തിന്റെയും ആദ്യകോപ്പി അദ്ദേഹത്തിന് ഓഫീസില്‍ പോയി സമര്‍പ്പിക്കുകയാണ് പതിവ്. വിദേശങ്ങളില്‍ നടക്കുന്ന എഴുത്തുകാരുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പോവും മുമ്പ് ആ മഹാന്റെ പാദത്തില്‍ തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. കോഴിക്കോട്ട് കെ.പി. കേശവമേനോന്റെ പേരിലുള്ള ഹാള്‍ വീരേന്ദ്രകുമാര്‍ സാറിന്റെ സ്വപ്നമായിരുന്നു. അതദ്ദേഹം യാഥാര്‍ഥ്യമാക്കി- യഥാതഥമായ സ്വപ്നങ്ങളേ അദ്ദേഹം കണ്ടിരുന്നുള്ളൂ. വിചാരിച്ച കാര്യങ്ങള്‍ കേവലം വാക്കുകളിലൊതുക്കാതെ പ്രാവര്‍ത്തികമാക്കിയിരുന്നു. കേശവമേനോന്‍ ഹാളിനോട് ചേര്‍ത്ത് നിര്‍മിച്ച മാതൃഭൂമി ബുക്സ്റ്റാളില്‍ എഴുത്തുകാര്‍ക്ക് ഇരിക്കാന്‍ പ്രത്യേക സംവിധാനവുമൊരുക്കി. അദ്ദേഹം കോഴിക്കോട്ടുള്ളപ്പോള്‍ രാജാജി റോഡിലുള്ള മാതൃഭൂമി ബുക്സ്റ്റാളില്‍ മിക്ക ദിവസവും എത്തും. അദ്ദേഹത്തിന്റെ ജീവാംശമാണ് അവിടം എന്ന് തോന്നിയിട്ടുണ്ട്. എഴുത്തുകാരെ വിളിച്ചു വരുത്തി ചില്ലിട്ട ആ പ്രത്യേക മുറിയില്‍ ഞങ്ങള്‍ 'എംഡി'യുടെ അറിവിന്റെ ശ്രോതാക്കളായി മാറിയിട്ടുണ്ട്. ഉന്നതങ്ങളില്‍നിന്ന് താഴ്ന്ന തലത്തിലേക്ക് ഒഴുകിവരുന്ന നീരുറവപോലെയാണ് ആ മഹിത വ്യക്തിത്വം.

അനന്യമായ നര്‍മബോധത്തിനുടമയായിരുന്നു വീരേന്ദ്രകുമാര്‍. പ്രസംഗത്തിനിടയില്‍ ആ നര്‍മങ്ങള്‍ കേട്ട് ആളുകള്‍ പൊട്ടിച്ചിരിച്ചു. നര്‍മംകൊണ്ട് മര്‍മത്തില്‍ സ്പര്‍ശിക്കുന്ന ഒരു നിസ്തുലരീതി അദ്ദേഹം സൂക്ഷിച്ചു. വാക്കും പ്രവൃത്തിയും തമ്മിലുള്ള ധ്രുവീകരണം അദ്ദേഹത്തിനില്ലായിരുന്നു. മനുഷ്യ മഹത്ത്വത്തിന്റെ രഹസ്യമറിഞ്ഞ ആ വലിയ മനുഷ്യന്‍ എല്ലാവരെയും സ്‌നേഹിച്ചു. മരണത്തിന്റെ മഹനീയസൗന്ദര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്, എഴുതിയിട്ടുണ്ട്.

കല്പറ്റ പുളിയാര്‍മലയിലെ സാറിന്റെ വീട്ടില്‍ എത്രയോ തവണ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹധര്‍മിണി ഉഷച്ചേച്ചിയുടേയും കുടുംബാംഗങ്ങളുടയും  സ്‌നേഹമസൃണമായ പെരുമാറ്റം മറക്കാവുന്നതല്ല. സര്‍, അങ്ങയുടെ സ്‌നേഹവും കാരുണ്യവും അന്യനെ സ്‌നേഹിക്കാന്‍ വെമ്പുന്ന ആത്മസംസ്‌കാരവും ഞങ്ങള്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു.

Content Highlights: M.P. Veerendrakumar memories