ദുൻയാവിനോട് മുഴുവൻ ഈറയുമായി ചരൽക്കല്ലു വാരിപ്പിടിച്ചുനിന്ന ആ സഹപാഠിയുടെ കണ്ണുകളിലെ തീ

ഇളംപ്രായത്തിൽ എന്റെ വലിയ പ്രശ്‌നം വായിക്കാനൊന്നുമില്ല എന്നതായിരുന്നു. കഥകളും നോവലുകളും വായിക്കാനും പാട്ടുകേൾക്കാനും ആയിരുന്നു കൗതുകം. ഈ കാര്യത്തിൽ ഓർത്തിരിക്കാതെ ഒരു സൗകര്യം വീണുകിട്ടി. സ്‌കൂളും മദ്രസയും ഇല്ലാത്ത വെള്ളിയാഴ്ചതോറും വലിയുമ്മയുടെ ഉപദേശപ്രകാരം ഉച്ചതിരിഞ്ഞാൽ അവരെ പോയിക്കാണുമായിരുന്നു. അവരുടെ കാലം കഴിഞ്ഞിട്ടും 'മഞ്ചറക്കണ്ടി'എന്നു പേരായ ആ വലിയ തറവാട്ടിലേക്കുള്ള വെള്ളിയാഴ്ച സന്ദർശനം ഞാൻ അവസാനിപ്പിച്ചില്ല.
ആ വീടുഭരിക്കുന്നത് വലിയ മൂത്താപ്പയുടെ മൂത്ത മകൻ എൻ.എം. മുഹമ്മദ് ഹാജിയും വീടരു(ഭാര്യ)മാണ്. മൂപ്പരെ ഞങ്ങൾ വല്ലികാക്ക എന്നും വീടരെ വല്ലിത്താത്ത എന്നും വിളിച്ചു.
ആയിശക്കുട്ടി എന്നു പേരായ വല്ലിത്താത്ത നല്ല മൊഞ്ചത്തിയായിരുന്നു.വെളുത്ത് മെലിഞ്ഞ് നീണ്ടിട്ട്. എല്ലാവരോടും സൗമ്യമായും സന്തോഷമായും പെരുമാറും. വീട്ടിൽ വരുന്നവരെ സത്ക്കരിക്കാൻ അവർക്ക് വളരെ ഉത്സാഹമായിരുന്നു. അവരുടേതുപോലെ അത്ര ഇമ്പം തോന്നിക്കുന്ന പുഞ്ചിരി ഞാൻ ഏറെ കണ്ടിട്ടില്ല. ആ ലങ്കുന്ന (തിളങ്ങുന്ന) പല്ലുകളുടെ ശോഭയും അവരുടെ കണ്ണുകളിലെ സ്‌നേഹവായ്പും മഞ്ചറക്കണ്ടിയിലെ ചായയിലും മധുരപലഹാരങ്ങളിലും ഒരു പ്രത്യേക രുചിയായി പടർന്നിരുന്നു.
അവരുടെ മൂത്ത മകൻ അഷ്‌റഫിന്റെ രണ്ടു കാലിനും വൈകല്യമുണ്ടായിരുന്നു. പിറവിയിലേ ഉള്ളതാണ്. നാട്ടുകാർ പറയുക 'പെറീക്കലേ ഉള്ളതാ' എന്നാണ്. എന്റെ ഭാഗ്യത്തിന് അഷ്‌റഫ് നല്ല വായനക്കാരനായിരുന്നു; നല്ല കാരംബോഡ് കളിക്കാരനും. കാരംസിൽ എനിക്ക് താത്പര്യവും ലേശം മിടുക്കും ഉണ്ടായത് അവനോട് പൊരുതിയിട്ടാണ്.
അവന്റെ ചുറ്റിലും ഉണ്ടായിരുന്ന ബാലമാസികകളും ബാലസാഹിത്യങ്ങളുമായിരുന്നു വലിയ ആകർഷണം. അന്ന് ഇറങ്ങിയിരുന്ന 'ചിലമ്പൊലി' മുതലായ മാസികകൾ കൃത്യമായി അവിടെ തപാലിൽ വന്നിരുന്നു.
അഷ്റഫ് അങ്ങനെയിങ്ങനെയൊന്നും മാസികയും പുസ്തകവും ആർക്കും കൊടുക്കുകയില്ല. വായിക്കും എന്നും ഒരാഴ്ചകഴിഞ്ഞാൽ കേടുകൂടാതെ തിരിച്ചെത്തിക്കും എന്നും ഉറപ്പുള്ളവർക്ക് മാത്രമേ കൊടുക്കൂ. ഈ രണ്ട് കാര്യത്തിലും ചിട്ടക്കാരനായിരുന്നതിനാൽ എനിക്ക് എല്ലാം തന്നിരുന്നു. വെള്ളിയാഴ്ചകൾ അങ്ങനെ ആഘോഷങ്ങളായി.
ആ പ്രായത്തിൽ ഏറ്റവും വശീകരിച്ചത് സുമംഗലയാണ്. അവരുടെ ലളിതമനോഹരമായ പ്രതിപാദനരീതി എന്റെ സാഹിത്യതാത്പര്യം വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പൂച്ചക്കുറിഞ്ഞ്യാരെപ്പറ്റിയും നായക്കുട്ടികളെപ്പറ്റിയും ആ എഴുത്തുകാരി നടത്തിയ വർണനകൾ എന്റെ മനസ്സിനെ ചുറ്റുപാടുമുള്ള പ്രകൃതിയോടും ജീവജാലങ്ങളോടും ചേർത്തുനിർത്തി. പഞ്ചതന്ത്രം കഥകളുടെ കവാടം എനിക്കു തുറന്നുതന്നത് സുമംഗലയാണ്. അതിലെ നർമത്തോടും വിവേകത്തോടും തോന്നിയ കമ്പം ജീവിതത്തിലൊരിക്കലും എന്നെ വിട്ടുപോയില്ല.
പത്രവായനാകമ്പം വളരെക്കൂടുതലായിരുന്നതുകൊണ്ട് ഞാൻ ഒഴിവുനേരമെല്ലാം വായനശാലയിലാണ്. ആ വായനശാലയ്ക്കു 'സർവ്വോദയ' എന്നു പേര് - അങ്ങാടിയിലെ പ്രധാനപ്പെട്ട പീടികയുടെ മുകളിലത്തെ മുറി. അവിടെ മാതൃഭൂമി, ചന്ദ്രിക എന്നീ ദിനപത്രങ്ങളും മലയാളമനോരമ ആഴ്ചപ്പതിപ്പ്, സിനിമാമാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഏതാനും പുസ്തകങ്ങളുമുണ്ട്. പിന്നെ പഞ്ചായത്ത് റേഡിയോ. വാർത്തകളിലും വിശേഷങ്ങളിലും എനിക്ക് വലിയ ഹരം തോന്നിയിരുന്നു. എന്തും ആദ്യം അറിയുന്നതിലും അത് മറ്റുള്ളവരോട് പറയുന്നതിലും ഒരു പ്രത്യേക സന്തോഷം.
ആ വായനശാലയിലിരുന്നാണ് ഞങ്ങളുടെ നാട്ടിലെ ബീഡിതെരപ്പുകാർ തെരച്ചിരുന്നത്. ഒ.എം.കുട്ടി, അണ്ണൻ എന്ന് വിളിപ്പേരുള്ള മമ്മദ്, ആലിക്കുട്ടി തുടങ്ങിയ യുവാക്കൾ മുറം മടിയിൽവെച്ച് നിരന്തരം ബീഡി തെരച്ചു. കാരശ്ശേരിയിലെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പുകച്ചുതീർക്കാനുള്ള ബീഡികൾക്ക് രൂപം കൊടുക്കുമ്പോൾ അവർ നിർത്താതെ ഒച്ചയും ചിരിയുമായി വർത്തമാനം പറയുമായിരുന്നു. നാട്ടുവിശേഷങ്ങൾ, വീട്ടുവിശേഷങ്ങൾ, അവിടെ വന്നിരിക്കുന്നവർ പത്രവായനക്കെന്നതിനെക്കാൾ മനസ്സ് കൊടുത്തിരുന്നത് ഈ സംസാരസദസ്സിനാണ്. പ്രായം കുറഞ്ഞ കേൾവിക്കാരൻ ഞാനായിരുന്നു. - അങ്ങനെ എന്റെ വീട്ടിന് ചുറ്റും, നാട്ടിന് ചുറ്റും നിശ്ശബ്ദമായി ഇരമ്പുന്ന ജീവിതം എന്ത് എന്ന് ഞാൻ അറിഞ്ഞു. രാഷ്ട്രീയകാര്യങ്ങളുടെ നാടൻ വിശകലനം, കുടുംബകലഹങ്ങൾ, മതകാര്യങ്ങൾ, പ്രണയബന്ധങ്ങൾ, കള്ളഗർഭങ്ങൾ, കളവുകൾ, കടബാധ്യതകൾ, സിനിമാക്കഥകൾ, സിനിമാതാരങ്ങളുടെ രഹസ്യബന്ധങ്ങൾ, മറ്റുള്ളവരുടെ ഏപ്പപ്പേരുകൾ, സ്വകാര്യങ്ങൾ...
പരദൂഷണവും തമാശയും ഏഷണിയും സാമൂഹികവിമർശനവും ധാർമ്മികരോഷവും കഥകളും പഴമൊഴികളും കൂടിക്കലർന്നൊഴുകുന്ന നാട്ടുവർത്തമാനത്തിന്റെ ചൂടും ചൂരുമുള്ള മേളം. ഇതിന് പാശ്ചാത്തലമായി റേഡിയോവും പത്രങ്ങളും. കൊയ്ത്തുകഴിഞ്ഞ പാടത്ത് കളിക്കുന്ന കൂട്ടുകാരിൽ നിന്നകന്ന് ഈ വാർത്താവലോകനത്തിൽ മുങ്ങുന്നത് ആരോഗ്യം കുറഞ്ഞ എനിക്ക് വലിയ രസമായി. അങ്ങനെ എന്റെ ചങ്ങാതിമാർ മുതിർന്ന ആളുകളായിത്തീർന്നു. എന്റെ കളിപ്പാട്ടം 'വലിയ' വാർത്തകളായിത്തീർന്നു. എനിക്ക് നേരത്തെ മൂപ്പെത്തി.
ഇങ്ങനെ കിട്ടുന്ന ചില വാർത്തകൾ മറ്റുള്ളവരെ അറിയിക്കണമെന്ന് ഒരു ഉത്സാഹം തോന്നി. ആ കാലത്ത് പത്രവാർത്തകളുടെ അടിയിൽ കാണാറുണ്ടായിരുന്ന 'സ്വ.ലേ' എന്നത് സ്വന്തം ലേഖകൻ -എന്നതിന്റെയും 'ഒ.ലേ.' എന്നത് ഒരു ലേഖകൻ എന്നതിന്റെയും ചുരുക്കമാണെന്ന് ഞാൻ മനസ്സിലാക്കി; 'ഒ.ലേ' എന്നാൽ പത്രസ്ഥാപനത്തിൽ ജോലി ചെയ്യാത്ത ആളാണെന്നും.
എന്തുകൊണ്ട് എനിക്ക് 'ഒ.ലേ' ആയിക്കൂടാ? ഞാൻ എഴുത്തുകാരനല്ലേ? എനിക്ക് തൂലികാനാമം ഇല്ലേ?
നാട്ടിൽ വെള്ളം കയറിയതിനെപ്പറ്റിയും പേപ്പട്ടിശല്യം ഉണ്ടായതിനെപ്പറ്റിയും ചില വയസ്സായ ആളുകൾ മരിച്ചുപോയതിനെപ്പറ്റിയും കല്യാണങ്ങളെപ്പറ്റിയും 'ഒ.ലേ' എന്ന അടിക്കുറിപ്പ് വെച്ച് ഞാൻ വാർത്തകൾ അയച്ചു. ചന്ദ്രികയിലേക്കാണ് അയച്ചത്. അക്കാലത്ത് നാട്ടിൽ അധികം പ്രചാരം ചന്ദ്രികയ്ക്ക് ആയതു കൊണ്ടാവാം. അവയിൽ പലതും അച്ചടിച്ചുവന്നു. പക്ഷേ, ഒരു സങ്കടം ബാക്കിയായി: ഞാൻ ആണ് അത് എഴുതി അയച്ചത് എന്ന് ആരും മനസ്സിലാക്കിയില്ല!
റിപ്പോർട്ട് ചെയ്യാൻ പാടില്ലാത്ത വാർത്തകളുണ്ട്. എനിക്ക് കുട്ടിക്കാലത്തേ അറിയാം. അതിലൊന്നാണ് കള്ളഗർഭം. അതിന് അന്ന് നാട്ടിൽ പറഞ്ഞിരുന്നത് 'വെറും പള്ളേല് ഉണ്ടായി'; എന്നാണ്. രഹസ്യക്കാരന് നാട്ടിലെ വിശേഷണം 'കള്ളപ്പുതിയാപ്പിള' എന്നും. അത്തരം ബന്ധത്തിൽ ഇടയ്ക്ക് ഒരു കുട്ടി പിറക്കും. അവനെ 'ഹറാം പിറന്നവൻ' എന്നാണ് നിന്ദിക്കുക. ഹറാം (നിഷിദ്ധം) ആയ ബന്ധത്തിൽ പിറന്നവൻ എന്നർഥം. 'ഹറാത്ത്' എന്ന് അവനെ പറയുകയും വിളിക്കുകയും ചെയ്യും.
ഇങ്ങനെ ബാപ്പയില്ലാതെ ഉണ്ടായ ഒരു സഹപാഠി ഈ ഏപ്പപ്പേര് സഹിക്കാനാകാതെ പഠിപ്പ് നിർത്തിയത് എനിക്ക് നല്ല ഓർമ്മയുണ്ട്. ചരൽക്കല്ല് വാരിയെറിഞ്ഞും ചീത്ത പറഞ്ഞും പൊട്ടിക്കരഞ്ഞും നടത്തിയ പ്രതിരോധങ്ങൾ തീർത്തും തോറ്റതോടെയാണ് ചെറിയ ക്ലാസിൽവെച്ച് അവൻ സ്‌കൂളിൽ വരാതായത്. പകയിലും സങ്കടത്തിലുംമുങ്ങി ദുൻയാവിനോട് (ലോകം) മുഴുവൻ ഈറയുമായി വലത്തേ കൈയിൽ ചരൽക്കല്ലു വാരിപ്പിടിച്ച് നിൽക്കുന്ന ആ കുട്ടിയുടെ കണ്ണുകളിലെ തീ എന്റെ ഓർമ്മകളെ ഇപ്പോഴും ചുട്ടുപൊള്ളിക്കാറുണ്ട്.
പഴയ കാലമല്ലേ? ഗർഭം നിരോധിക്കാനുള്ള ഉപായങ്ങളൊന്നും ആർക്കും അറിയില്ല. പാവപ്പെട്ട യുവതികളിൽ പലരും പെൺകൊതിയന്മാരുടെ തോന്നിവാസങ്ങൾക്കു വിധേയരായാൽ പള്ളവീർക്കും. ഉത്തരവാദപ്പെട്ടവൻ കെട്ടുന്നത് അപൂർവമാണ്. കലക്കുകയാണ് അധികം ചെയ്യുക. ആ നാടൻ പ്രയോഗത്തിൽ പലരും മരിച്ചുപോകും. ചിലർ ആയുസ്സിന്റെ നീട്ടംകൊണ്ടു ബാക്കിയാവും. ചിലർ പുഴയിൽചാടിയോ നഞ്ഞ് കുടിച്ചൊ മരക്കൊമ്പിലെ കയറിൽ തൂങ്ങിയോ തീർന്നുകളയും.
ഇതൊന്നും അല്ലാത്ത ഒരു പരിപാടി അന്നുണ്ട് - ഗർഭസത്യാഗ്രഹം. ഗർഭത്തിന് ഉത്തരവാദിയായവന്റെ വീട്ടുപടിക്കൽ ഒരു പ്ലക്കാർഡും പിടിച്ച് സ്ത്രീ രാപകൽ കുത്തിയിരിക്കുന്ന സമരമാണ് 'ഗർഭസത്യാഗ്രഹം' അയാളോ കുടുംബക്കാരോ നാട്ടുകാരോ പ്രശ്‌നത്തിന് സമാധാനം ഉണ്ടാക്കിക്കൊടുക്കണം.
എന്റെ കുട്ടിക്കാലത്ത് നാട്ടിൽ ഇങ്ങനെയൊരു സത്യാഗ്രഹം ഉണ്ടായി. കഷ്ടം! നാട്ടുകാർക്ക് അത് തമാശയായിരുന്നു. 'ഓൾക്ക് ഉളുപ്പുണ്ടോ' എന്നായിരുന്നു മിക്കവരുടെയും ചോദ്യം. ഭാര്യയും മക്കളും ഉള്ള അവന് ഉളുപ്പുണ്ടോ എന്ന് ആരും ചോദിച്ചില്ല! കുറ്റം അവളുടേത് മാത്രമായിരുന്നു. 'ഓൾക്ക് അടക്കം ഇല്ലാത്തേയ്‌ന് നാട്ടുകാര് എന്തുചെയ്യാനാ?' എന്ന് എല്ലാവരും കൈമലർത്തി.
ആ സംഭവം റിപ്പോർട്ട് ചെയ്യണം എന്ന് എനിക്ക് വല്ലാതെ തോന്നിയിരുന്നു. എങ്കിലും ചെയ്തില്ല.
അത്തരം അക്രമങ്ങൾ നാട്ടിൽ വേറെയും ഉണ്ടായിരുന്നു. എല്ലാം എല്ലാവർക്കും അറിയാം. ആരും ആരോടും ഉറക്കെപ്പറയില്ല. എല്ലാവരും എല്ലാവരോടും അടക്കം പറയും. ജന്മിമാരുടേതോ പണക്കാരുടേതോ ആകുമ്പോൾ ഒച്ച ഒന്നുകൂടി താഴും.
ആ ഗർഭസത്യാഗ്രഹക്കാരി ദിവസങ്ങൾ കഴിഞ്ഞ് തോറ്റ് എഴുന്നേറ്റുപോയി. പൊന്തിയ വയറും കീറിയ നീല ബ്ലൗസും മുഷിഞ്ഞ തുണിയും പാറിപ്പറന്ന തലമുടിയും അവമാനം കുടിപാർക്കുന്ന കണ്ണുകളുമായി നിസ്സഹായതയുടെ രൂപം പോലെ ആ യുവതി എന്റെ ബോധത്തിൽ ഇരിപ്പുറപ്പിച്ചു. അമ്മട്ടിലുള്ള ഏതു വാർത്ത കേൾക്കുമ്പോഴും ഒരു കൽപ്രതിമയുടേത് എന്നപോലെ ആ മുഖം ഉള്ളിൽ തെളിയും...
കുട്ടിക്കാലത്ത് ഞാൻ നാട്ടിലെ വായനശാലാ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായിത്തീർന്നു. പി.ടി.സി. മുഹമ്മദ് ആയിരുന്നു സെക്രട്ടറി. അപ്പോൾ ഒരാലോചന: എന്തുകൊണ്ട് വായനശാലയ്‌ക്കൊരു ൈകയെഴുത്ത് മാസിക തുടങ്ങിക്കൂടാ? വിഷയം കമ്മിറ്റിയിൽ വെച്ചു. പാസായി. എല്ലാ ഉത്തരവാദിത്വവും സസന്തോഷം ഞാൻ ഏറ്റു. പത്രാധിപരായും എന്നെത്തന്നെ വെച്ചു. അങ്ങനെ 'കുസുമം' കൈയെഴുത്ത് മാസിക ഇറങ്ങി. മിക്ക ലേഖനങ്ങളും കഥകളും എഴുതിയത് ഞാൻ. ചിലത് മറ്റുള്ളവരുടെ പേരിലാണെന്നുമാത്രം. കൈപ്പട അന്നു നന്നായിരുന്നതിനാൽ മുഴുവൻ പേജുകളും പകർത്തിയെഴുതിയതും ഞാൻ. കവർചിത്രമായി ഒരു ചെമ്പരത്തിപ്പൂവ് വരച്ചതും 'വിനീതനായ ഈയുള്ളവൻ തന്നെ.'
അങ്ങനെ സ്വ.ലേ.പോലും ആകും മുൻപേ ഞാൻ എഡിറ്ററായി. ബീഡിതെരപ്പ് സദസ്സ് 'പത്രപ്രവർത്തക'നായി എന്നെ അംഗീകരിച്ചു. ഹൈസ്‌കൂൾ അയൽനാട്ടിലായതുകൊണ്ട് ഈ കിസ്സയൊന്നും അവിടത്തെ സഹപാഠികൾ അറിഞ്ഞിരുന്നില്ല. ഞാൻ എന്തുവകയിലാണ് പാഠപുസ്തകങ്ങൾക്ക് പുറത്ത് ആണും പെണ്ണും അറിയാത്തതും ജാതിയും മതവും തിരിയാത്തതുമായ ഒരു പേര് എഴുതിവരുന്നത് എന്നവർ മനസ്സിലാക്കിയില്ല. ന്യായം! ഒമ്പതാം ക്ലാസിൽ വെച്ച് സ്‌കൂൾ അധികൃതർ അറിയാതെ 'ദീപം' എന്നൊരു കൈയെഴുത്തു മാസിക ഇറക്കി, ആ പ്രശ്‌നവും പരിഹരിച്ചു.
പത്താം ക്ലാസ് കഴിഞ്ഞതോടെ ഒ.ലേ. പണി വീണ്ടും തുടങ്ങി. അങ്ങനെ അന്യായമെന്ന് എനിക്ക് തോന്നിയ കാര്യങ്ങൾ നാലാളെ അറിയിക്കുന്നതിലൂടെ ഞാൻ സ്വകാര്യമായി ഒരു പോര് തുടങ്ങി.
കോഴിക്കോട്ട് ഗുരുവായൂരപ്പൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നതോടെ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ എഴുതിത്തുടങ്ങി. എഴുതിയത് അധികവും കഥകളാണ്-ഇതാ, ഇവിടെ ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ട്, കെട്ടോ!
ബി.എ. ക്ലാസിൽ സീനിയർ ആയിരുന്ന എസ്. സുന്ദർദാസും സഹപാഠിയായിരുന്ന ബാലകൃഷ്ണൻ ആറാട്ടുപുഴയും എന്റെ കഥകളുടെയും ലേഖനങ്ങളുടെയും പരിമിതികളെപ്പറ്റി പലപ്പോഴും പറഞ്ഞു. അവർക്ക് എന്നോട് സത്യമായും ഇഷ്ടമാണ് എന്ന് ഉറപ്പ് ഉണ്ടായിരുന്നതിനാൽ വിമർശനങ്ങളെ ഞാൻ മാനിച്ചു. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കാനേഷ് പൂനൂര് പറഞ്ഞു: ''നീ കഥയെഴുത്ത് നിർത്തി ലേഖനം എഴുതണം''
എനിക്ക് സങ്കടമൊന്നും തോന്നിയില്ല. 'ജന്മനാ പത്രപ്രവർത്തക'നായ ഒരാൾ കഥയെഴുതിയില്ലെങ്കിൽ എന്താ, ലേഖനം എഴുതിയാലും പോരേ? വാർത്ത എഴുതിയാൽ പോരേ? അങ്ങനെ കഥാരചന നേർത്തുനേർത്തു വന്നു. ചന്ദ്രിക അടക്കമുള്ള പത്രങ്ങൾക്ക് വാർത്തകളയക്കുന്നത് കൂടി. ഒ.ലേ.യ്ക്കു പിടിപ്പതു പണി കാണുമല്ലോ.
ബി.എ.ക്കു പഠിക്കുന്ന കാലത്ത് കോഴിക്കോട്ടങ്ങാടിയിലൂടെ അലയുമ്പോൾ മോഹം കലശലായി: പത്രപ്രവർത്തകനാവണം. ആ പൂതി പിന്നെപ്പിന്നെ സുവ്യക്തമായിവന്നു- എനിക്ക് കോഴിക്കോട്ട് മാതൃഭൂമിയിൽ സഹപത്രാധിപരാവണം! അതു പുറത്ത് പറയാൻ ധൈര്യം കിട്ടിയില്ല.
അക്ഷരങ്ങളും സംഭവങ്ങളും ചുറ്റിലും മിന്നാമിന്നികളെപ്പോലെ പാറിപ്പറന്നു. ഏതൊക്കെയോ വഴികളിലൂടെ ജീവിതം മുന്നോട്ടുപോയി...