'നീ മുപ്പത് വയസ്സിനപ്പുറം കടക്കില്ല; എന്ത് സംഭവിക്കും? ഞാനെങ്ങനെ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ എഴുതും?'

ഒരു ദിവസം എംബസിയിലിരുന്ന് ഞാന്‍ അങ്ങുദൂരെ തലശ്ശേരിയിലെ ഒരു മുത്തശ്ശിമാവിന്‍ ചുവട്ടിലിരുന്ന് ഭാവികാലം പ്രവചിക്കുന്ന ഒരു പക്ഷിശാസ്ത്രക്കാരനെക്കുറിച്ചും അയാളുടെ പക്ഷിയെക്കുറിച്ചും ഓര്‍ത്തുപോയി.
ഓഫീസിലെ പണിത്തിരക്കുകള്‍ക്കിടയിലും പല ചെറിയ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പതിവായി എന്റെ തലയില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമായിരുന്നു. പല ചിന്തകളും അസംബന്ധങ്ങളായിരുന്നു.
എന്തിനാണ് മലയാളി ആണുങ്ങള്‍ കുടുമ ഉപേക്ഷിച്ചത്?
ഇതാണ് എന്റെ ഒരു ചിന്ത.
കുട്ടിക്കാലത്ത് തലയില്‍ കുടുമ കെട്ടി കാതുകളില്‍ കടുക്കനിട്ട് നടക്കാന്‍ എനിക്ക് വളരെ മോഹമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ യുവാവാകുമ്പോഴേക്ക് മയ്യഴിയിലെ ആണുങ്ങളുടെ തലയില്‍നിന്ന് കുടുമ പാടേ അപ്രത്യക്ഷമായിരുന്നു. മയ്യഴിക്കാര്‍ക്ക് ഫ്രഞ്ച് വേഷത്തിലായിരുന്നു കമ്പം. ഞങ്ങളുടെ സര്‍ക്കാരാശുപത്രിയിലെ ഒരു കമ്പൗണ്ടര്‍ പാന്റും കോട്ടും ടൈയും ധരിച്ചുകൊണ്ടാണ് ജോലിക്കുപോയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പ്രഭുകുടുംബങ്ങളിലെ സ്ത്രീകള്‍ ചെയ്യുന്നതുപോലെ അദ്ദേഹം തന്റെ തല ഒരു കറുത്ത വലകൊണ്ട് മൂടിയിരുന്നു. മുടി പാറാതിക്കാനായിരുന്നു അത്. എന്റെ വീടിന്റെ മുമ്പിലൂടെയാണ് അദ്ദേഹം ആശുപത്രിയില്‍ പോയിരുന്നത്. എനിക്കൊരിക്കലും അദ്ദേഹത്തെ അനുകരിക്കാന്‍ തോന്നിയിരുന്നില്ല. കുടുമവെച്ചും കടുക്കനിട്ടും നടക്കാനായിരുന്നു എനിക്ക് മോഹം.
സാഹിത്യത്തില്‍ ഞാന്‍ ആധുനികനാണെങ്കിലും മറ്റെല്ലാ കാര്യങ്ങളിലും ഞാനൊരു പഴഞ്ചനാണ്. അറുപതു കൊല്ലങ്ങള്‍ക്കുമുമ്പ്, തലശ്ശേരി ബസ്സ്റ്റാന്‍ഡിലെ അമ്മമ്മ മരത്തിനു ചുവട്ടിലായിരുന്നു പ്രായംചെന്ന ആ പക്ഷിനോട്ടക്കാരന്റെ ഇരിപ്പ്. മരം ഇപ്പോഴും അവിടെയുണ്ടെങ്കിലും മരച്ചുവട്ടില്‍ അയാള്‍ ഇരിപ്പില്ല. ആ സ്ഥാനം കുട നന്നാക്കുന്നവരും ചെരിപ്പുകുത്തികളും കൈവശപ്പെടുത്തിയിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ ഒന്നൊന്നായി തിരിച്ചുവന്നിട്ടും ആ പക്ഷിശാസ്ത്രക്കാരനെന്താണ് മരച്ചോട്ടില്‍ തിരിച്ചുവരാത്തതെന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു.
പണ്ടൊരിക്കല്‍ വെറും കൗതുകത്തിന്റെ പേരില്‍ ഞാനാ പക്ഷിശാസ്ത്രക്കാരന്റെ മുമ്പില്‍ ചെന്നിരുന്നു. ഞാനപ്പോള്‍ കൗമാരപ്രായത്തോട് മുട്ടിനില്‍ക്കുന്ന ഒരു ബാലനായിരുന്നു. വയോധികന്‍ കൂട്ടില്‍നിന്ന് തത്തയെ പുറത്തെടുത്തു. ശീട്ടുകളുടെ ഒരടുക്ക് നിവര്‍ത്തി അതിന്റെ മുമ്പിലിട്ടു. പക്ഷി ഒരു ശീട്ട് കൊത്തിയെടുത്ത് അയാളുടെ മുമ്പില്‍ വെച്ചു. മുമ്പില്‍ കുന്തിച്ചിരിക്കുന്ന എന്റെ മുഖത്തും ശീട്ടിലും മാറിമാറി നോക്കി അയാള്‍ പറഞ്ഞു:
''നീ മുപ്പത് വയസ്സിനപ്പുറം കടക്കില്ല.''
ഈ സംഭവത്തെക്കുറിച്ച് മുമ്പൊരിടത്ത് ഞാനെഴുതിയിട്ടുണ്ട്. പലരോടും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. ആരും അത് വിശ്വസിക്കുവാന്‍ തയാറായിരുന്നില്ല. എഴുത്തുകാരനും വായനക്കാരും തമ്മിലുള്ള പരസ്പരവിശ്വാസത്തിന് മുകളിലാണ് എഴുത്ത് നില്‍ക്കുന്നത്. എന്നിട്ടും...
പക്ഷിശാസ്ത്രക്കാരന്‍ സത്യംപറഞ്ഞതില്‍ ഞാന്‍ സന്തോഷിച്ചു. സാധാരണഗതിയില്‍ ആരും ഇതുപോലുള്ള കാര്യങ്ങള്‍ തുറന്നുപറയുകയില്ല. അതേസമയം, എന്റെയുള്ളില്‍ ഒരു ഞെട്ടലുണ്ടാകുകയും ചെയ്തു. അത് സ്വാഭാവികമാണല്ലോ. അടുത്തനിമിഷം ഞാന്‍ സ്വയം ആശ്വസിപ്പിച്ചു. ഒരു കുരുത്തംകെട്ട പക്ഷി പറഞ്ഞ തോന്ന്യാസം കേട്ട് നീയെന്തിനിങ്ങനെ ഭയപ്പെടണം?
ആ പാവം പക്ഷിശാസ്ത്രകാരന് ഒരു ആയിരം ഉറുപ്പിക കൊടുക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, എന്റെ കീശയില്‍ ഏതാനും നാണയത്തുട്ടുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനപ്പോള്‍ കീശയിലും ആത്മാവിലും ദാരിദ്ര്യമുള്ള ഒരാളായിരുന്നു. പില്‍ക്കാലം കീശ സമ്പന്നമായി. പക്ഷേ, ആത്മാവ് ദരിദ്രവാസിയായി തുടര്‍ന്നു.
''അയാള്‍ക്ക് ഞാന്‍ ആയിരം ഉറുപ്പിക കൊടുത്തു.''
- മദാമ്മ പറഞ്ഞു.
മദാമ്മ അത്രയും വലിയൊരു തുക കൊടുത്തത് ജോത്സ്യന്‍ പ്രതാപനാണ്. പക്ഷിക്കെങ്ങനെ മനുഷ്യന്റെ ഭാവി പ്രവചിക്കുവാന്‍ കഴിയും? ചിലപ്പോള്‍ കഴിയുമായിരിക്കും. ആര്‍ക്കറിയാം. നമുക്കറിയാത്ത കാര്യങ്ങള്‍ പക്ഷിക്ക് അറിഞ്ഞുകൂടെന്നില്ല. ഞാന്‍ മുപ്പത് വയസ്സ് കടക്കുകയില്ലെങ്കില്‍ എന്തുസംഭവിക്കും? എങ്കില്‍ ഞാനെങ്ങനെ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ എഴുതും?
എങ്ങനെ ആധുനിക സാഹിത്യമെഴുതി യുവാക്കളെ വഴിതെറ്റിക്കും? എങ്ങനെ സാഹിത്യ അക്കാദമിയുടെ അധ്യക്ഷനാകും? എങ്ങനെ എഴുത്തച്ഛന്‍ പുരസ്‌കാരം വാങ്ങും? എങ്ങനെ മതേതരവാദികളോടൊപ്പം ചേര്‍ന്ന് വര്‍ഗീയതയെ പ്രതിരോധിക്കും? എങ്ങനെ മമ്മൂട്ടിയുടെ ഭ്രമയുഗം കാണും?
എങ്ങനെ എന്‍.പി. വിജയകൃഷ്ണന്റെ കെ.സി. നാരായണന്റെ എഴുത്തും എഴുത്തിനിരുത്തും എന്ന പുസ്തകം വായിക്കും? എങ്ങനെ എംബസിക്കാലം എഴുതും? ഇതൊന്നും സംഭവിക്കില്ലായിരുന്നു, ഞാന്‍ മുപ്പത് വയസ്സ് കടന്നില്ലെങ്കില്‍.
ആ പക്ഷി ഒരു ശീട്ട് കൊക്കിലെടുത്ത് എന്റെ ഭാവികാലം മുഴുവന്‍ മായ്ച്ചുകളയുവാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ, പക്ഷി പരാജയപ്പെട്ടു. മുപ്പത് വയസ്സില്‍ പോകേണ്ടിയിരുന്ന ഞാന്‍ ഈ എമ്പതാം വയസ്സിലും ഇവിടെത്തന്നെയുണ്ട്.
ഞാന്‍ എല്ലാ പക്ഷികളോടുമായി പറഞ്ഞു. നിങ്ങള്‍ ആകാശത്തില്‍ പറന്നുകളിച്ചാല്‍ മതി. മനുഷ്യന്റെ ഭാവികാലത്തില്‍ ഇടപെടരുത്.
''ആയിരം ഉറുപ്പിക കുറഞ്ഞുപോയോ?'' -മദാമ്മ സന്ദേഹിച്ചു.
''ഇല്ല, ധാരാളമാണ്.''
-ഞാന്‍ പറഞ്ഞു.
അക്കാലത്ത് ആയിരം ഉറുപ്പിക വളരെ വലിയൊരു തുകയായിരുന്നു. കുറച്ചുകാലംമാത്രം സാംസ്‌കാരികവകുപ്പിന്റെ മേധാവിയായി ഒരു മദാമ്മയുണ്ടായിരുന്നു. അവര്‍ ദേഷ്യക്കാരിയായിരുന്നു. എല്ലാവരെയും ഉച്ചത്തില്‍ ശകാരിച്ചുകൊണ്ട് അവര്‍ ഓഫീസിലെ നീണ്ട ഇടനാഴിയിലൂടെ ധൃതിയില്‍ നടക്കും. ആരെയെങ്കിലും ശകാരിച്ചാല്‍ എംബസിയിലെ ഡ്യൂട്ടി ഫ്രീ സ്റ്റോറില്‍ പോയി സ്വിസ് ചോക്ലേറ്റുകള്‍ വാങ്ങി കൊണ്ടുവന്ന് കൊടുക്കും. അതുകൊണ്ട് അവരുടെ ശകാരം കേള്‍ക്കുവാന്‍ എല്ലാവരും കാത്തിരുന്നു.
ഒരു ദിവസം മദാമ്മ എന്നോടും ഭയങ്കരമായി ദേഷ്യപ്പെട്ടു. അവര്‍ ഡ്യൂട്ടി ഫ്രീ സ്റ്റോറില്‍ പോയി ചോക്ലേറ്റ് വാങ്ങിക്കൊണ്ടുവരുന്നത് ഞാന്‍ കാത്തിരുന്നു. ശ്രീജയ്ക്ക് ചോക്ലേറ്റ് വലിയ ഇഷ്ടമാണ്. ഞാന്‍ ഫ്രാന്‍സിലും ദുബായിലുമൊക്കെ പോയി വരുമ്പോള്‍ അവള്‍ക്ക് കൈനിറയെ ചോക്ലേറ്റുകള്‍ കൊണ്ടുവന്ന് കൊടുക്കും. പക്ഷേ, മദാമ്മ ഡ്യൂട്ടി ഫ്രീ സ്റ്റോറില്‍ പോയില്ല. പകരം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.
''നമുക്ക് ഒന്നിച്ച് ഡിന്നര്‍ കഴിക്കാം.''
-മദാമ്മ പറഞ്ഞു.
''ഞാന്‍ നിനക്ക് ഒരു നല്ല പുഡ്ഡിങ് ഉണ്ടാക്കിത്തരാം.''
-മദാമ്മ തുടര്‍ന്നു.
മദാമ്മയ്ക്ക് ഇംഗ്ലീഷ് നല്ല വശമുണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരു ഉയര്‍ന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവരെ കാണാന്‍ വന്നു. അയാള്‍ക്ക്
കൈകൊടുത്തുകൊണ്ട് മദാമ്മ പറഞ്ഞു: ''ഐ വോസ് ആന്‍ക്ഷിയസ്ലി വെയിറ്റിം ഫോര്‍ യൂ.''
അതുകേട്ട് ഞാന്‍ ചൂളിപ്പോയി. പിന്നീട് ആ വാക്യത്തില്‍ അവര്‍ ഉപയോഗിച്ച ക്രിയാവിശേഷണപദം കുഴപ്പം പിടിച്ചതാണെന്ന് ഞാന്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുത്തു. അന്നേരം മദാമ്മ പറഞ്ഞു :
''നീയെന്നെ നല്ല ഇംഗ്ലീഷ് പറയാന്‍ പഠിപ്പിക്കണം.''
ചീത്ത ഇംഗ്ലീഷുപോലും ഒട്ടും അറിയാത്ത ഞാനെങ്ങനേയാണ് മദാമ്മയെ നല്ല ഇംഗ്ലീഷ് പഠിപ്പിക്കുക?
അടുത്ത ദിവസം ഞാന്‍ മദാമ്മയുടെ വീട്ടില്‍ അത്താഴം കഴിക്കുവാന്‍ പോയി. അവര്‍ തനിച്ചായിരുന്നു താമസം. ഭര്‍ത്താവ് മരിച്ചുപോകുകയോ വിവാഹമോചനം ചെയ്യുകയോ ചെയ്തിരുന്നു. രണ്ട് പെണ്‍മക്കളും അമ്മയും ഫ്രാന്‍സിലാണ് താമസം. നിറയെ പൂക്കളും ചെടികളുമുള്ള സാന്ദ്രമായ പച്ചപ്പുകള്‍ക്കിടയിലായിരുന്നു അവരുടെ വീട്. ഹൗസ് ഖാസ് ബസ് സ്റ്റോപ്പില്‍നിന്ന് നടന്നുപോകുവാനുള്ള ദൂരമേയുണ്ടായിരുന്നുള്ളൂ ഗുല്‍മോഹര്‍ പാര്‍ക്കിലെ അവരുടെ വീട്ടിലേക്ക്. സന്ധ്യകഴിഞ്ഞിരുന്നു ഞാന്‍ അവിടെ എത്തുമ്പോള്‍. ഞാന്‍ ഇരിപ്പുമുറിയിലെ പതുപതുത്ത സോഫയില്‍ ഇരുന്നു. മദാമ്മ എനിക്ക് കുടിക്കാന്‍ ഒരു ഗ്ലാസ് തണുത്ത അവോക്കാഡോ ജ്യൂസ് തന്നു. ''എനിക്കെന്റെ ദേഷ്യം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഞാനെന്ത് ചെയ്യും.''
-മദാമ്മ പറഞ്ഞു.
അതുകേട്ട് എനിക്ക് സഹതാപം തോന്നി. ''നിനക്കൊരിക്കലും ദേഷ്യം വരാറില്ലേ? നിന്നെ ഞാന്‍ ദേഷ്യംപിടിച്ച് കണ്ടിട്ടില്ല.''
ഞാന്‍ ഒന്നും പറഞ്ഞില്ല. ഉള്ളില്‍ നിറയെ ക്ഷോഭവും പുറമെ ശാന്തതയുമായി നടക്കുന്ന ഒരു ആള്‍മാറാട്ടക്കാരനാണ് ഞാന്‍.
''എപ്പോഴും ക്ഷോഭിക്കുന്ന എന്നെക്കുറിച്ച് ഇന്ത്യന്‍ സ്റ്റാഫിന്റെ അഭിപ്രായം എന്താണ്? നിങ്ങളെല്ലാവരും എന്നെ വെറുക്കുന്നുണ്ടോ?''
എനിക്ക് സങ്കടം തോന്നി.
''ഇല്ല, ഇല്ല, ഒരിക്കലുമില്ല.'' ഒന്നു നിര്‍ത്തിയിട്ട് ഞാന്‍ തുടര്‍ന്നു: ''എപ്പോഴും ഞങ്ങള്‍ക്ക് കൈനിറയെ ചോക്ലേറ്റ് വാങ്ങിത്തരുന്ന നിങ്ങളെ ഞങ്ങള്‍ സ്നേഹിക്കുന്നു.''
മദാമ്മ പൊട്ടിച്ചിരിച്ചു. എനിക്ക് സന്തോഷം തോന്നി. എന്റെ വായനക്കാരെ ഞാനൊരിക്കലും ചിരിപ്പിച്ചിട്ടില്ല. ഒരു മദാമ്മയെയെങ്കിലും ചിരിപ്പിക്കുവാന്‍ കഴിഞ്ഞല്ലോ.
അതിനിടയില്‍ വേറെ ചിലര്‍കൂടി വന്നു. അഞ്ചാറ് പേരുണ്ടായിരുന്നു. ഒരാളൊഴിച്ച് എല്ലാവരും ഫ്രഞ്ചുകാര്‍. അവര്‍ എംബസിയുടെ വിവിധ വിഭാഗങ്ങളില്‍ പണിയെടുക്കുന്നവരായിരുന്നു. ഇന്ത്യക്കാരന്‍ ടൈംസ് ഓഫ് ഇന്ത്യയുടെ പത്രാധിപര്‍ ദിലീപ് പഡ്ഗാവോങ്കര്‍ ആയിരുന്നു. ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. അദ്ദേഹം, ബാബരി മസ്ജിദ് പൊളിച്ചതിനെയും ഹിന്ദു ദേശീയതയെയും കഠിനമായി വിമര്‍ശിച്ചിരുന്നു. അതിന്റെ പേരില്‍ സ്വന്തം പത്രത്തിന്റെ മാനേജ്മെന്റിന്റെ അപ്രീതി നേടിയിരുന്നു.
ഇടയ്ക്ക് എന്തോ പറയുന്ന കൂട്ടത്തില്‍ മദാമ്മ ചോദിച്ചു:
''ഭൂതകാലവും ഭാവികാലവും കൃത്യമായി പറയുന്ന ഒരു ജോത്സ്യന്‍ ഡല്‍ഹിയിലുണ്ടെന്ന് കേട്ടു. നിനക്ക് അയാളെ അറിയാമോ?''
എനിക്ക് ഭാവികാലം പ്രവചിക്കുന്ന ഒരു പക്ഷിയെ അറിയാം.
തലശ്ശേരിയിലെ അമ്മമ്മ മരത്തിന് ചുവട്ടിലിരിക്കുന്ന പക്ഷിശാസ്ത്രക്കാരന്റെ കുരുത്തംകെട്ട തത്ത. ഞാനൊന്നും മിണ്ടിയില്ല. മദാമ്മ ആ ജോത്സ്യനെക്കുറിച്ചുതന്നെ സംസാരിക്കാന്‍ തുടങ്ങി. നയതന്ത്രജ്ഞരുടെ നിശാവിരുന്നുകളില്‍ അയാള്‍ ഒരു സംസാരവിഷയമാണ്. യുക്തിവാദികളായ പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ ജ്യോതിഷത്തില്‍ എങ്ങനെ വിശ്വാസംവന്നു ആവോ.
''നീ അയാളെക്കണ്ട് എനിക്കൊരു അപ്പോയന്റുമെന്റ് വാങ്ങിത്തരണം'' -ഞാന്‍ തല കുലുക്കി.
ഞങ്ങള്‍ നേരത്തേ അത്താഴം കഴിക്കാനിരുന്നു. മദാമ്മ ഒരു വിശിഷ്ടമായ ഡസര്‍ട്ട് തയ്യാറാക്കിയിരുന്നു. ക്രേം ബൂലേ എന്നായിരുന്നു ആ പുഡ്ഡിങ്ങിന്റെ പേര്.
''ഇതെങ്ങനെയാണ് തയ്യാറാക്കുന്നത്?''
''എന്താ, നിനക്ക് കുക്കിങ്ങില്‍ ഇന്ററസ്റ്റുണ്ടോ?
''എന്റെ ഭാര്യക്കുണ്ട്.''
''കാല്‍ കപ്പ് പഞ്ചസാര. മൂന്ന് സ്പൂണ്‍ ചോളപ്പൊടി (ഗോതമ്പ് പൊടി പാടില്ല) രണ്ടുകപ്പ് പാല്‍, രണ്ട് മുട്ടയുടെ മഞ്ഞ. രണ്ട് സ്പൂണ്‍ ഉപ്പില്ലാത്ത വെണ്ണ. ഒന്നരക്കപ്പ് വാനിലയുടെ സത്ത്...'' മദാമ്മ വിവരിച്ചു.
രാത്രി ഒമ്പതുമണിക്ക് ഒരു ബ്ലാക്ക് കോഫികൂടി കഴിച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങി.
മദാമ്മ പറഞ്ഞ ജോത്സ്യനെ കണ്ടുപിടിക്കാന്‍ എനിക്കൊട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. ദയാനന്ദ് കോളനിയില്‍ താമസിക്കുന്ന പ്രതാപനാണ് അത്. ഗഡി ആര്‍ട്ടിസ്റ്റ് വില്ലേജിലേക്ക് ഞാന്‍ നടന്നുപോകാറുള്ളത് ദയാനന്ദ് കോളനിയിലെ അയാളുടെ വീടിനുമുമ്പിലൂടെയാണ്. ശ്രീനിവാസ് പുരിയിലെ സബ്ജി മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍വേണ്ടി ഞാന്‍ പോയിരുന്നതും അതേ വഴിയിലൂടെയാണ്. ശ്രീനാരായണീയനായ പ്രതാപന്‍ എസ്.എന്‍.ഡി.പി. പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. വളരെ തിരക്കുപിടിച്ച ഒരു ജോത്സ്യനായിരുന്നു അയാള്‍. പ്രതാപന്റെ ഇടപാടുകാരില്‍ ഏറെയും
ഉത്തരേന്ത്യക്കാരോ വിദേശികളോ ആയിരുന്നു. ഒരു അപ്പോയന്റ്്മെന്റ് കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കണം.
''മോളിപ്പോള്‍ എവിടെയാണ്? യു.എസ്സില്‍ തന്നെയാണോ?''
-പ്രതാപന്‍ ചോദിച്ചു.
മകളുടെ ജാതകംനോക്കി അവള്‍ വിവാഹം കഴിഞ്ഞ് വിദേശത്ത് പോകുമെന്ന് പ്രതാപന്‍ പ്രവചിച്ചിരുന്നു. പ്രതാപന്‍ പറഞ്ഞ അതേവര്‍ഷം അവളുടെ വിവാഹം നടന്നു. അയാള്‍ പറഞ്ഞതുപോലെ അവള്‍ വിദേശത്ത് പോകുകയുംചെയ്തു.
പക്ഷികള്‍ക്ക് തെറ്റും, പ്രതാപന് തെറ്റില്ല.
''എന്റെ കൗണ്‍സലര്‍ മദാമ്മയ്ക്ക് ഒരു അപ്പോയന്റുമെന്റ് വേണം.''
''ഈ ആഴ്ച ഫ്രീയല്ല''
-ഡയറിയില്‍ നോക്കി പ്രതാപന്‍ പറഞ്ഞു.
''അതുപറ്റില്ല. നാളെത്തന്നെ വേണം.''
-ഞാന്‍ മര്‍ക്കടമുഷ്ടി പിടിച്ചു.
തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: M. Mukundan writes Astrologer's prediction on his life