'ഇമ്മാനുവല്‍ മാക്രോണ്‍ ചെയ്തതുപോലെ നമ്മുടെ ഏതെങ്കിലുമൊരു മുഖ്യമന്ത്രിക്ക് ചെയ്യുവാന്‍ കഴിയുമോ?'

ഞാന്‍ എംബസിയില്‍ ജോലിയില്‍ ചേര്‍ന്നപ്പോള്‍ ഒരാള്‍ മാത്രമായിരുന്നു. അതായത്, ഞാന്‍ മുകുന്ദന്‍ മാത്രം. ഇപ്പോള്‍ ഞാന്‍ പെരുകിപ്പെരുകി പത്താളുകളായി മാറിയിരിക്കുന്നു. ഇതാ ഇങ്ങനെ: ഞാന്‍ മുകുന്ദന്‍, ഭാര്യ ശ്രീജ, മകന്‍ പ്രീതീഷ്, മകള്‍ ഭാവന, പ്രീതീഷിന്റെ ഭാര്യ സിന്ധു, ഭാവനയുടെ ഭര്‍ത്താവ് രഞ്ജിത്ത്, പ്രീതീഷിന്റെ മകള്‍ ലാര, മകന്‍ രാജ്, ഭാവനയുടെ മകന്‍ നിഖില്‍, മകള്‍ റിയ. അങ്ങനെ പത്തുപേര്‍. ഇങ്ങനെയും ഒരാള്‍ക്ക് പെരുകി പലരാകാന്‍ കഴിയുമോ എന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു.
''ഇതാ, ഈ പുസ്തകം റിയക്ക് കൊടുക്കണം.'' -പ്രശസ്ത നോവലിസ്റ്റ് വിക്രം സേത്ത് പറഞ്ഞു.
ഡല്‍ഹിയില്‍നിന്ന് വിക്രം ഒരു യാത്രയുടെ ഭാഗമായി മയ്യഴി കാണാന്‍ വന്നതായിരുന്നു. അദ്ദേഹം ഡല്‍ഹിയിലെ നോയിഡയിലാണ് ജനിച്ചുവളര്‍ന്നത്. ഇപ്പോള്‍ കൂടുതല്‍ സമയവും താമസം ഇംഗ്ലണ്ടിലെ സാലിസ്ബറിയിലെ വീട്ടിലാണ്. മുമ്പ് കവി ജോര്‍ജ് ഹെര്‍ബേര്‍ട്ട് താമസിച്ച വീടാണത്.
വിക്രം സേത്ത് എന്റെ കൊച്ചു മകള്‍ റിയക്ക് നല്‍കിയത് സംഗീതത്തെക്കുറിച്ച് അദ്ദേഹം എഴുതിയ കുറിപ്പുകളുടെയും അഭിമുഖങ്ങളുടെയും ഒരു പുസ്തകമായിരുന്നു. അതില്‍ മ്യൂസിക് നോട്ടുകളുമുണ്ടായിരുന്നു. ഫോര്‍ റിയ വിത്ത് ലവ് എന്ന കുറിപ്പോടെ.
''ഇത് റിയ പ്ലേ ചെയ്യട്ടെ.''
-വിക്രം സേത്ത് തുടര്‍ന്നു.
പതിന്നാലു വയസ്സുകാരിയായ റിയ മിന്നസോട്ട യൂത്ത് ഓര്‍ക്കസ്ട്രയില്‍ വയലിനിസ്റ്റാണ്.
''അച്ഛച്ഛാ, എന്റെ യുട്യൂബ് ചാനലിന് ആയിരം സബ്സ്‌ക്രൈബേഴ്സ് ആയി.''-ഒരു ദിവസം എന്റെ കൊച്ചുമകന്‍ രാജ് ഫോണില്‍ പറഞ്ഞു.
ഈയിടെയാണ് പന്ത്രണ്ടു വയസ്സുള്ള രാജ് ആരുടെയും സഹായമില്ലാതെ സ്വന്തമായി അവന്റെ യുട്യൂബ് ചാനല്‍ തുടങ്ങിയതും പതിവായി വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും. അവന്‍ മെസ്സിയുടെ ആരാധകനാണ്. കഴിഞ്ഞ വേള്‍ഡ് കപ്പില്‍ മെസ്സി അടിച്ച എല്ലാ ഗോളുകളുടെയും രീതിശാസ്ത്രം അവന് മനഃപാഠമാണ്. ബോസ്റ്റണ്‍ ആഷ്ലാന്‍ഡില്‍ അവന്റെ വീടിനടുത്ത് ഒരു മൈതാനമുണ്ട്.
വൈകുന്നേരം അവന്‍ ഫുട്ബോളുമായി അവിടേക്ക് പോകുമ്പോള്‍ കൂടെ ഞാനും പോകും. അവന്‍ സമപ്രായക്കാരായ കുട്ടികളുടെ കൂടെ ഫുട്ബോള്‍ കളിക്കുമ്പോള്‍ ഞാന്‍ പാര്‍ക്കിന് ചുറ്റും നടക്കും. അവിടെ നടക്കാന്‍വേണ്ടി വരുന്ന അമേരിക്കക്കാര്‍ എന്നെ കണ്ടാല്‍ ഒരു ഹെല്ലോ പറഞ്ഞ്, മറ്റൊന്നും ഉരിയാടാതെ കടന്നുപോകും. ചിലപ്പോള്‍ ശ്രീജയും എന്റെ കൂടെ നടക്കാന്‍ വരും. അവളോടും അമേരിക്കക്കാര്‍ ഹെല്ലോ പറയും.
എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനുമുമ്പ് അരമണിക്കൂര്‍ രാജ് പുസ്തകം വായിക്കും. അത് നിര്‍ബന്ധമാണ്.
പണ്ട് കൗമാരപ്രായത്തില്‍ എല്ലാ ദിവസവും മണ്ണെണ്ണവിളക്ക് കരിന്തിരികത്തി കെടുന്നതുവരെ ഞാന്‍ പുസ്തകം വായിക്കുമായിരുന്നു.
''റിയാ, നീയിപ്പോള്‍ എന്ത് പുസ്തകമാണ് വായിക്കുന്നത്?''
-ഞാന്‍ ചോദിച്ചു.
''കേച്ചര്‍ ഇന്‍ ദ് റൈ'' - റിയ പറഞ്ഞു.
ഞാന്‍ നാല്‍പ്പത് വയസ്സ് കഴിഞ്ഞപ്പോഴാണ് ജെ.ഡി. സാലന്‍ജറുടെ ആ നോവല്‍ വായിച്ചത്. അവള്‍ പതിന്നാല് വയസ്സില്‍ത്തന്നെ അത് വായിക്കുന്നു. കൗമാരക്കാരെ കലഹിക്കാന്‍ പഠിപ്പിച്ച ഒരു പുസ്തകമാണല്ലോ അത്.
ഞാന്‍ കലഹിക്കാന്‍ പഠിച്ചത് കൗമാരപ്രായം കഴിഞ്ഞ് യൗവനത്തിലെത്തിയപ്പോഴാണ്. യൗവനം അസ്തമിച്ച് കുറെക്കാലമായെങ്കിലും ഇപ്പോഴും എന്നാലാവും വിധം ഞാന്‍ കലഹിക്കുന്നുണ്ട്.
കോവിഡ് കാലത്ത് ധാരാളം ആളുകള്‍ ഉള്‍ക്കിടിലത്തോടെ വായിച്ച ഒരു നോവലാണ് ലോറി ഹാല്‍സ് ആന്‍ഡേഴ്സന്റെ 'ഫീവര്‍ 1793'. പക്ഷേ, ഞാന്‍ അത് വായിച്ചത് കോവിഡ് കാലത്തിനുശേഷമാണ്. 'ദ് പ്ലോട്ട് റെയിജസ് ലൈക് ദി എപ്പിഡമിക് ഇറ്റ്സെല്‍ഫ്' എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ബുക്ക് റെവ്യൂ ഈ നോവലിനെ വിശേഷിപ്പിച്ചത്. ഈ പുസ്തകം എനിക്ക് വായിക്കാന്‍ തന്നത് റിയയാണ്.
അമേരിക്കയില്‍ പോകുമ്പോഴൊക്കെ നല്ല നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്ക് അവസരം ലഭിക്കാറുണ്ട്. ബാന്‍സ് ആന്‍ഡ് നോബ്ള്‍ ബുക്ക് സ്റ്റോറില്‍ ചെന്നാല്‍ എത്ര പുസ്തകങ്ങള്‍ വേണമെങ്കിലും ദിവസം മുഴുവനും അവിടെയിരുന്നു സൗജന്യമായി വായിക്കാന്‍ കഴിയും. ചൂടുകാപ്പിയോ ഹോട്ട് ചോക്ലേറ്റോ വാങ്ങി കുടിക്കാം. അത് ഫ്രീയല്ല. പൈസ കൊടുക്കണം.
കഴിഞ്ഞ യാത്രയില്‍ ഞാന്‍ വായിച്ച ഒരു പ്രധാനപ്പെട്ട പുസ്തകം ജാണ്‍ ലാനിയര്‍ രചിച്ച '10 arguments for deleting your social media accounts' ആണ്. ഫെയ്സ്ബുക്ക് പോലുള്ള സാമൂഹികമാധ്യമങ്ങളില്‍ മുഴുകുന്നവര്‍ക്ക് അവരുടെ സ്വതന്ത്ര ഇച്ഛാശക്തി (freewill) നഷ്ടപ്പെടുന്നു. സ്വന്തം ജീവിതത്തിന്മേല്‍ അവര്‍ക്കുള്ള നിയന്ത്രണവും നഷ്ടപ്പെടുന്നു. അവരുടെ വിരലുകളുടെ ഓരോ ചലനവും അവരുടെ ഓരോ നോട്ടവും മാത്രമല്ല, അവരുടെ മുഖഭാവംപോലും അവരറിയാതെ ദൂരെ ഒരിടത്ത് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അവരില്‍ ആത്മരതി വളരുന്നു. നമ്മളില്‍ ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത് നമ്മളറിയാതെയാണ്. ഇതൊക്കെ ശാസ്ത്രീയമായ പഠനത്തിനുശേഷം തെളിവുകളോടെയാണ് ലാനിയര്‍ പറയുന്നത്. ഞാന്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമല്ല. എന്നിട്ടും ജാറണ്‍ ലാനിയറുടെ പുസ്തകം വായിച്ചപ്പോള്‍ എന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് പൂട്ടാന്‍ തോന്നി.
പാശ്ചാത്യനാടുകളില്‍ ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്ന ഒരു നോവലാണ് ടെസ് ഗണ്ടിയുടെ 'ദ് റാബിറ്റ് ഹച്ച്'. അതിലെ ഒരു കഥാപാത്രമായ എല്‍സി ജെയിന്‍ ജീവിതാനുഭവങ്ങളില്‍നിന്ന് താന്‍ പഠിച്ച ഇരുപത്തിരണ്ട് പാഠങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പതിനേഴാമത്തെ പാഠം ഇതാണ് സാമൂഹിക മാധ്യമങ്ങളെ ഉപേക്ഷിക്കുക.
അമേരിക്കന്‍ യാത്രയില്‍ പല പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് എംബസിക്കാലത്ത് ഇടയ്ക്കിടെ അമേരിക്ക കടന്നുവരുന്നത്? എന്റെ ഉള്ളില്‍ ചില രാജ്യങ്ങളുണ്ട്. ഞാന്‍ ആ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയല്ല, ആ രാജ്യങ്ങള്‍ എന്നെ സന്ദര്‍ശിക്കുകയാണ് ചെയ്തത്. ഒരു വിനോദസഞ്ചാരിയെപ്പോലെ എന്റെ ഉള്ള് സന്ദര്‍ശിച്ച് ആ രാജ്യങ്ങള്‍ തിരികെ പോകുമ്പോള്‍ പലതും അവിടെ ഉപേക്ഷിക്കുന്നു. ഞാന്‍ അതൊക്കെ ശേഖരിച്ച് എന്റെ ആന്തരിക പ്രവാസാനുഭവങ്ങളാക്കി മാറ്റുന്നു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മാത്രമല്ല, ആ രാജ്യങ്ങളിലെ പൗരന്മാര്‍ ഇങ്ങോട്ടുവരുമ്പോഴും എന്നില്‍ പ്രവാസാനുഭവങ്ങള്‍ പെരുകുന്നു.
ഒരു കൊച്ചനുഭവം ഇതാണ്.
ഒരിക്കല്‍ ഞാന്‍ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോള്‍ അവിടെനിന്ന് വാങ്ങിയ സാധനങ്ങള്‍ പൊതിഞ്ഞുതന്നത് ഒരു മലയാളിയാണ്. എന്നെ കണ്ടപ്പോള്‍ എന്തുകൊണ്ടോ ഞാനൊരു മലയാളിയാണെന്ന് അയാള്‍ക്കുതോന്നി. അയാള്‍ ചോദിച്ചു:
''വൈഫ് ഏത് ഹോസ്പിറ്റലിലാണ്?''
ഞാന്‍ ഒരു നഴ്സിന്റെ ഭര്‍ത്താവാണെന്നാണ് അയാള്‍ കരുതിയത്. അയാളുടെ ഭാര്യ അവിടെ ഒരു ഹോസ്പിറ്റലില്‍ നഴ്സാണ്. അമേരിക്കയിലെ നഴ്സുമാര്‍ ധനികരാണ്. അതുകൊണ്ട് അവരുടെ ഭര്‍ത്താക്കന്മാര്‍ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ ചീട്ടുകളിച്ചും വിസ്‌കികുടിച്ചും ജീവിതം ആസ്വദിക്കുന്നു. അവരില്‍ ഒരാളാണ് ഞാനെന്ന് അയാള്‍ കരുതി.
ഡല്‍ഹിയിലെയും മയ്യഴിയിലെയും എന്റെ മൂന്ന് സുഹൃത്തുക്കള്‍ നഴ്സുമാരെ വിവാഹം ചെയ്ത് അമേരിക്കയില്‍ പോയി അവിടെ ആഡംബരജീവിതം നയിച്ചുവരുന്നു. എഴുത്തുകാര്‍ അമേരിക്കയില്‍ പോയി ജീവിക്കരുത് എന്ന പക്ഷക്കാരനാണ് ഞാന്‍. ഡല്‍ഹിയില്‍ ജീവിച്ചിരുന്ന, കേരള ക്ലബ്ബിലെ സാഹിതീ സഖ്യത്തിലെ സ്ഥിരസാന്നിധ്യമായിരുന്ന കവി ചെറിയാന്‍ കെ. ചെറിയാന്‍ അമേരിക്കയില്‍ പോയതോടെ എഴുത്ത് പടിയിറങ്ങിപ്പോയി. അങ്ങനെ നമുക്ക് ഒരു വലിയ കവിയെ നഷ്ടപ്പെട്ടു.
ഗാനഗന്ധര്‍വന്‍ യേശുദാസിനെപ്പോലെ ഞാന്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാത്തത് അതുകൊണ്ടാണ്. ഞാന്‍ എന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. കുടുംബം എനിക്ക് വളരെ വിലപിടിച്ചതാണ്. എല്ലാ എഴുത്തുകാരും അച്ഛനും അമ്മയും ഭാര്യയും മക്കളുമായി കുടുംബജീവിതം നയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എഴുത്തുകാരന്‍ അവിവാഹിതനാണെങ്കില്‍ അച്ഛന്റെയും അമ്മയുടെയും സഹോദരീ സഹോദരന്മാരുടെയും കൂടെ താമസിക്കണം. കുടുംബം ഉപേക്ഷിച്ചിട്ടുള്ള ഒരു കളിയും വേണ്ട.
വളരെക്കാലം മുമ്പ് ഒരു വായനക്കാരന്‍ എനിക്കെതിരേ ഒരു ആരോപണം ഉന്നയിച്ചു. ഹര്‍ഷന്‍ എന്നാണ് അയാളുടെ പേരെന്നാണ് ഓര്‍മ. ചിലപ്പോള്‍ അയാളുടെ പേര് മറ്റെന്തെങ്കിലും ആകാം. എനിക്ക് കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ല. അത് അപ്രസക്തമാണ്. ആ കത്തിലെ വരികള്‍ ഏകദേശം ഇങ്ങനെയാണ് നിങ്ങള്‍ സാര്‍ത്രിന്റെ സ്വാധീനത്തില്‍ എഴുതി വളര്‍ന്ന ആളാണ്. എക്‌സിസ്റ്റന്‍ഷ്യലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്ന് വ്യക്തിസ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ വേണ്ടിയാണ് സാര്‍ത്ര് വിവാഹം ചെയ്യാതിരുന്നത്. താങ്കളാണെങ്കില്‍ ഭാര്യയും കുട്ടികളുമായി സുഖമായി ജീവിക്കുന്നു. ഇത് കാപട്യമല്ലേ?
ഞാന്‍ ഓഫീസില്‍ ജോലിചെയ്ത്, വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് മാന്യനായി നടക്കുന്നത് എന്റെ ചില വായനക്കാര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ എന്നെക്കൊണ്ട് എംബസിയിലെ ജോലി രാജിവെപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു.
''സാറിനെന്തിനാ ജോലി? റോയല്‍റ്റികൊണ്ട് സുഖമായി ജീവിച്ചുകൂടേ ?''
എന്നും അങ്ങനെ പറയാറുണ്ടായിരുന്നു, ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ഡല്‍ഹിയിലെ എന്റെ ഒരു ആത്മസുഹൃത്ത്.
ഞാന്‍ താടിയും മുടിയും വളര്‍ത്തി, കാല്‍ക്കാശിന് ഗതിയില്ലാതെ, ചാരായക്കടയുടെ സമീപത്തും തെരുവിലും അലഞ്ഞുനടക്കുന്നത് കാണാന്‍ ചില വായനക്കാര്‍ ആഗ്രഹിച്ചിരുന്നു.
കാലംമാറി. ഇന്ന് അതുപോലുള്ള വായനക്കാരില്ല. ഞാനും മാറി. എഴുത്തുകാരന് ഒരിടത്ത് അധികനേരം ഇരിക്കാന്‍ കഴിയില്ല. എഴുത്തുകാരന്‍ സഞ്ചാരിയാണ്. എന്തൊക്കെയോ അന്വേഷിച്ചുകൊണ്ട് എഴുത്തുകാരന്‍ ദൂരെ ദൂരേക്ക് സഞ്ചരിക്കുന്നു.
''എവിടെ വേണമെങ്കിലും നിനക്ക് പോകാം. ലോകം മുഴുവന്‍ നിനക്ക് യാത്ര ചെയ്യാം. പക്ഷേ, തിരിച്ചുവരുമ്പോള്‍ നിന്നെ കാത്ത് ഒരു വീടുണ്ടാകണം. അതില്‍ ഒരു കുടുംബമുണ്ടാകണം.'' -ഞാന്‍ അങ്ങനെ സ്വയം പറഞ്ഞിട്ടുണ്ട്, എത്രയോ തവണ. ഈ വാര്‍ധക്യത്തിലും അതുതന്നെ പറയുന്നു. പക്ഷേ, എഴുത്തുകാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സഞ്ചാരങ്ങള്‍ അപഥസഞ്ചാരങ്ങളായി മാറാന്‍ അനുവദിക്കരുത്. അത് അപകടം വിളിച്ചു വരുത്തും.
എന്റെ സുഹൃത്തും സ്‌നേഹിതനും ചങ്ങാതിയും തോഴനുമായ ഒരു എഴുത്തുകാരന് ജാഗ്രതക്കുറവുകൊണ്ട് അത് സംഭവിച്ചു. ദീര്‍ഘമായ ഒരു അപഥസഞ്ചാരം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ എഴുത്തുകാരന്‍ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ ആരും വന്ന് വാതില്‍ തുറന്നില്ല. വാതില്‍ താഴിട്ട് പൂട്ടിയിരുന്നു. എഴുത്തുകാരന്‍ നഗരത്തില്‍ ചെന്ന് ഹോട്ടലില്‍ ഒരു മുറിയെടുത്ത് അവിടെ താമസം തുടങ്ങി. അപഥസഞ്ചാരം നടത്തുന്ന എല്ലാ എഴുത്തുകാരും ഇതില്‍നിന്ന് ഒരു പാഠം പഠിക്കേണ്ടതുണ്ട്.
ഹര്‍ഷന്‍ എന്ന വായനക്കാരന്റെ ആരോപണത്തിന് ഞാന്‍ നല്‍കിയ മറുപടി ഇതായിരുന്നു: സാര്‍ത്ര് തന്റെ വ്യക്തിസ്വാതന്ത്ര്യം നിലനിര്‍ത്താന്‍ വേണ്ടി സിമോന്‍ ദ് പൂവ്വാറിനെ വിവാഹം ചെയ്തില്ല. ഞാന്‍ എന്റെ വ്യക്തിസ്വാതന്ത്ര്യം നിലനിര്‍ത്താന്‍ വേണ്ടി ശ്രീജയെ വിവാഹം ചെയ്തു. എന്റെ മറുപടിക്ക് ഹര്‍ഷന്‍ മറുപടി പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല.
കുടുംബം കേന്ദ്രപ്രമേയമായി വരുന്ന ഒരു നോവലുണ്ട് ഫ്രഞ്ചുഭാഷയില്‍. ഫ്രാന്‍സില്‍ ജീവിക്കുന്ന മൊറോക്കന്‍ വംശജയായ ലൈല സ്ലിമാനി എഴുതിയ ഷാംസോന്‍ ദൂസ് (CHANSON DOUCE - മധുരപ്പാട്ട്) ആണത്. പാരീസില്‍ ജീവിക്കുന്ന പോള്‍-മറിയം ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അച്ഛനും അമ്മയും ജോലിക്ക് പോകുന്നതുകൊണ്ട് കുട്ടികളെ നോക്കാന്‍ അവര്‍ ഒരു നാന്നിയെ വെക്കുന്നു. ലൂയിസ് എന്നാണ് അവളുടെ പേര്. അവള്‍ കുട്ടികളെ പൊന്നുപോലെ നോക്കുന്നു. കുട്ടികള്‍ക്ക് അച്ഛനമ്മമാരെക്കാള്‍ കൂടുതല്‍ ഇഷ്ടം ലൂയിസിനോടാണ്. അവള്‍ അടുത്തുണ്ടെങ്കില്‍ മാത്രമേ അവര്‍ ഉറങ്ങുകയുള്ളൂ. കുട്ടികളോടുള്ള സ്‌നേഹം കാരണം ലൂയിസ് ഒരിക്കലും അവധിയെടുക്കുന്നില്ല. പോളിനും മറിയത്തിനും വളരെ ആശ്വാസമായി. അങ്ങനെയിരിക്കവേ ലൂയിസ് രണ്ട് കുട്ടികളെയും കൊല്ലുന്നു. അവള്‍ ഒരു മനോരോഗിയാണെന്ന് പിന്നീടാണ് വെളിപ്പെടുന്നത്.
ഫ്രാന്‍സിലെ എറ്റവും വലിയ സാഹിത്യപുരസ്‌കാരമായ പി. ഗോന്‍കൂര്‍ (PRIX GONCOURT ) ഈ നോവലിന് ലഭിക്കുന്നു. THE PERFECT NANNY എന്ന ശീര്‍ഷകത്തിലാണ് അതിന്റെ വിവര്‍ത്തനം അമേരിക്കയില്‍ പ്രസിദ്ധീകരിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ എത്രയോ ആയിരം കോപ്പികളാണ് വിറ്റഴിഞ്ഞത്. ഫ്രാന്‍സിലുടനീളം നോവല്‍ ചര്‍ച്ചാവിഷയമായി.
ഫ്രഞ്ച് പ്രസിഡന്റ് ഉടനെ ലൈല സ്ലിമാനിയെ വിളിക്കുന്നു:
''ഇത് പ്രസിഡന്റ് എമ്മാനുവല്‍ മക്രോന്‍ ആണ്. ഹൃദയപൂര്‍വമായ അഭിനന്ദനങ്ങള്‍. ഈ നോവലിലൂടെ നിങ്ങള്‍ ഫ്രഞ്ച് ഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യമായ സംഭാവനയാണ് നല്‍കിയിരിക്കുന്നത്. ഫ്രാന്‍സ് നിങ്ങളുടെ പേരില്‍ അഭിമാനം കൊള്ളുന്നു. ഞാന്‍ നിങ്ങളെ എന്റെ ഗവണ്‍മെന്റില്‍ മന്ത്രിയായി ചേരാന്‍ ക്ഷണിക്കുന്നു. സാംസ്‌കാരിക വകുപ്പിന്റെ ചുമതല നല്‍കാം.''
മുകളില്‍ പറഞ്ഞത് യാഥാര്‍ഥ്യമാണ്.
ഇനി പറയാന്‍ പോകുന്നത് ഒരു സങ്കല്പവും.
ഞാന്‍ ഒരു ഗംഭീരനോവല്‍ എഴുതുന്നു. അതിന് അന്തര്‍ദേശീയ പുരസ്‌കാരം ലഭിക്കുന്നു. അത് ആഗോളതലത്തില്‍ ചര്‍ച്ചാവിഷയമാകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരത്തോളം കോപ്പികള്‍ വിറ്റു പോകുന്നു.
മുഖ്യമന്ത്രി ഉടനെ എന്നെ ഫോണില്‍ വിളിക്കുന്നു.
ഇത് മുഖ്യമന്ത്രി വിജയനാണ്. ഹൃദയപൂര്‍വമായ അഭിനന്ദനങ്ങള്‍. ഈ നോവലിലൂടെ നിങ്ങള്‍ മലയാളഭാഷയ്ക്കും സാഹിത്യത്തിനു അമൂല്യമായ സംഭാവനയാണ് നല്‍കിയിരിക്കുന്നത്. കേരളം നിങ്ങളുടെ പേരില്‍ അഭിമാനം കൊള്ളുന്നു. പക്ഷേ, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോന്‍ ചെയ്തതുപോലെ നിങ്ങളെ എന്റെ മന്ത്രിസഭയിലേക്ക് ക്ഷണിക്കാനും സാംസ്‌കാരിക വകുപ്പിന്റെ ചുമതല നല്‍കുവാനും എനിക്ക് കഴിയില്ല. ഇവിടെ സജി ചെറിയാന്‍ ഇരിപ്പുണ്ട്.''
ഫ്രാന്‍സുപോലെത്തന്നെ സാംസ്‌കാരിക പ്രബുദ്ധതയുള്ള ഒരു നാടാണ് കേരളം. എന്നാല്‍, എമ്മാനുവല്‍ മക്രോന്‍ ചെയ്തതുപോലെ നമ്മുടെ ഏതെങ്കിലും ഒരു മുഖ്യമന്ത്രിക്ക് ചെയ്യുവാന്‍ കഴിയുമോ? ഒരു നൂറ് വര്‍ഷത്തേക്ക് അതിനുള്ള സാധ്യത ഞാന്‍ കാണുന്നില്ല.
തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: M. Mkundan, Emmanual Macron, President of France, Ente embassykkalam