ഴാന്‍ ലൂയി നൂ പറഞ്ഞു:'വധിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ദിര ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കുമായിരുന്നു!'

എന്റെ എംബസിക്കാലം
#എം. മുകുന്ദൻ | m.mukundan@gmail.com
ഇന്ദിരാഗാന്ധി, എം. മുകുന്ദന്‍ | ഫയല്‍ ഫോട്ടോ: മാതൃഭൂമി
ഇന്ദിരാഗാന്ധി, എം. മുകുന്ദന്‍ | ഫയല്‍ ഫോട്ടോ: മാതൃഭൂമി

ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മാത്രമേ അറിയൂ. അച്ഛന്‍ നെഹ്റുവിനെപ്പോലെ പുസ്തകങ്ങള്‍ എഴുതാന്‍ അറിയില്ല. അങ്ങനെയാണ് പലരും ധരിച്ചിരുന്നത്. അത് തെറ്റിദ്ധാരണയാണെന്ന് വൈജ്ഞാനികര്‍ക്കും സാക്ഷരരായ നേതാക്കള്‍ക്കും അറിയാം. ഞാന്‍ വൈജ്ഞാനികനോ നേതാവോ അല്ലെങ്കിലും എനിക്കും അതറിയാം. ഇന്ദിരാഗാന്ധിയുടെ ആത്മകഥയായ 'മൈ ട്രൂത്ത്' ഇന്ത്യയിലും ഫ്രാന്‍സിലും ഒരേസമയത്താണ് പ്രസിദ്ധീകരിച്ചത്. പ്രശസ്ത ഇന്തോളജിസ്റ്റായ എമ്മാനുവേല്‍ പുഷ്പദാസാണ് ആ പുസ്തകം ഫ്രഞ്ചില്‍ മൊഴിമാറ്റം ചെയ്തത്. 1980-ലായിരുന്നു അത്. 

'മഹാത്മാഗാന്ധിയുടെ മടിയിലിരുന്ന് കളിച്ചാണ് ഇന്ദിരാഗാന്ധി വളര്‍ന്നത്. അവരുടെ ജീവിതദര്‍ശനം ഈ പുസ്തകത്തിലുണ്ട്'. -ഒരിക്കല്‍ സംസാരമധ്യേ പ്രൊഫ. ഗ്രോ പറഞ്ഞു. അദ്ദേഹവും ഒരു വിഖ്യാത ഇന്തോളജിസ്റ്റായിരുന്നു. 1975 വരെ ഞാന്‍ ഇന്ദിരാഗാന്ധിയെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ആ വര്‍ഷമായിരുന്നല്ലോ അവര്‍ അടിയന്തരാവസ്ഥ കൊണ്ടുവന്നത്. അതോടെ ഇന്ദിരാഗാന്ധിയോടുള്ള ആദരവ് ഞാനറിയാതെ, തിരിഞ്ഞുനോക്കാതെ പടിയിറങ്ങിപ്പോയി.

ഞാന്‍ ഡല്‍ഹിയില്‍ എത്തുന്ന കാലത്ത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു താമസിച്ചത് തീന്‍മൂര്‍ത്തിഭവനിലായിരുന്നു. അതിനുമുമ്പിലൂടെ എത്രയോതവണ ഞാന്‍ നടന്നുപോയിട്ടുണ്ട്. കുട്ടികളായ രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും അവിടെ പുല്‍ത്തകിടിയിലിരുന്ന് കളിക്കുന്നുണ്ടാകും. അവരെ ഒരു നോക്കുകാണാന്‍വേണ്ടി ഞാന്‍ കാല്‍വിരലുകളില്‍നിന്നുകൊണ്ട് ഏന്തിനോക്കുമായിരുന്നു. പക്ഷേ, കാണാന്‍ കഴിഞ്ഞില്ല. തീന്‍മൂര്‍ത്തിഭവനു മുമ്പില്‍ ആര്‍ക്കും കടന്നുചെല്ലാന്‍കഴിയാത്ത, ഒരു എഴുത്തുകാരന്‍ നോട്ടത്തിനുപോലും തെന്നിവീഴാന്‍ കഴിയാത്തവിധം എല്ലാറ്റിനെയും അകറ്റിനിര്‍ത്തുന്ന ഒരു വലിയ ഗേറ്റുണ്ടായിരുന്നു.

പിന്നീട് ദ്വാരകയിലേക്ക് താമസം മാറ്റിയപ്പോള്‍ ഞാന്‍ എന്നും ഔറംഗ്സീബ് റോഡിലെ ഓഫീസിലേക്ക് പോയിരുന്നത് തീന്‍മൂര്‍ത്തിഭവനു മുമ്പിലൂടെയായിരുന്നു. അപ്പോഴേക്ക് എന്റെ കൈയില്‍ ഇത്തിരി കാശുവന്നിരുന്നു. അതുകൊണ്ട് ഞാന്‍ ഒരു ചെറിയ മാരുതികാര്‍ വാങ്ങി. അതോടിച്ചുകൊണ്ടായിരുന്നു ഓഫീസിലേക്ക് പോയത്. അതിനിടയില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പ്രായം മുപ്പതോടടുത്തെത്തി. അവര്‍ തീന്‍മൂര്‍ത്തിയില്‍നിന്ന് മറ്റിടങ്ങളിലേക്ക് താമസംമാറ്റിയിരുന്നു. എങ്കിലും ചിലപ്പോള്‍ അതിലെ കടന്നുപോകുമ്പോള്‍ ഒരു വെള്ളപ്രാവിനെ പറപ്പിച്ചുകൊണ്ട് നെഹ്റു അവിടെ ഗേറ്റില്‍ നില്‍ക്കുന്നതായി എനിക്കുതോന്നുമായിരുന്നു.

ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയുടെ പേരില്‍ ഒരു റോഡുണ്ട്. അക്കാലത്തെ എന്റെ താമസസ്ഥലമായ ലജ്പത് നഗറിന് അടുത്തുള്ള ആ റോഡിലൂടെ ഞാന്‍ നടക്കാറുണ്ടായിരുന്നു. അപ്പോഴേക്ക് ഫിറോസ് ഗാന്ധി മരിച്ചിരുന്നു. അതുകൊണ്ടാണല്ലോ അദ്ദേഹം ഒരു റോഡായി മാറിയത്. ഫിറോസ്ഗാന്ധിറോഡിലൂടെ ഞാന്‍ പോയത് അദ്ദേഹത്തെ ഓര്‍ക്കാന്‍ വേണ്ടിയായിരുന്നില്ല. ചിത്രകാരനും ശില്പിയും ഡിസൈനറുമായ സതീഷ് ഗുജ്റാള്‍ അവിടെയായിരുന്നു താമസിച്ചത്. ഗുജ്റാളിന്റെ വീട് വീണ്ടുംവീണ്ടും കാണാന്‍ വേണ്ടിയായിരുന്നു ഞാനതിലെ പോകുകയും വരുകയും ചെയ്തത്. ഒരു വാസ്തുവിദ്യാ വിസ്മയമാണ് സതീഷ് ഗുജ്റാള്‍ സ്വയം ഡിസൈന്‍ ചെയ്ത ആ സൗധം.
''ഗുജ്റാള്‍ എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തത്?''
-അംബാസഡര്‍ ചോദിച്ചു.
 

പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍

ഒരു എംബസി അത്താഴവിരുന്നില്‍ ഗുജ്റാള്‍ അംബാസഡറുടെ മേശ പങ്കിട്ടിരുന്നു. ഔപചാരികവിരുന്നുകളില്‍ ഓരോ മേശയിലും ആരൊക്കെ ഇരിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരിക്കും. ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളാണ് അംബാസഡറുടെ കൂടെ ഇടതും വലതും ഇരിക്കുക. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിരിക്കുന്ന പതിവില്ല. ഭാര്യ മറ്റുള്ളവരുടെ കൂടെ മറ്റേതെങ്കിലും ഒരു മേശ പങ്കിടും. ഒരിക്കല്‍ നാലുപേര്‍ക്കിരിക്കാവുന്ന അംബാസഡറുടെ മേശയില്‍ ഒരാള്‍ കടന്നുകയറി ഇരുന്നു. അത് ഒരു ഉദ്യോഗസ്ഥപ്രമുഖനായിരുന്നു. അയാള്‍ക്ക് ഇരിക്കാന്‍വേണ്ടിയുള്ള ഇടം മറ്റൊരു മേശയിലായിരുന്നു. അതവിടെ അടയാളപ്പെടുത്തിയിരുന്നു. എന്നിട്ടും അയാള്‍ അംബാസഡറുടെ മുമ്പില്‍വന്നിരുന്നു. അംബാസഡര്‍ക്ക് അതൊട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.

അംബാസഡറുടെ അരികില്‍ രണ്ടുമണിക്കൂറോളം ഇരുന്നിട്ടും സതീഷ് ഗുജ്റാള്‍ ഒന്നും മിണ്ടിയിരുന്നില്ല. സംസാരിച്ചത് മുഴുവന്‍ മേശപങ്കിട്ടിരുന്ന മറ്റു രണ്ടുപേരായിരുന്നു. ഔദ്യോഗികവിരുന്നുകള്‍ ഷാമ്പെയിന്‍ കുടിക്കാനോ ഫ്രഞ്ച് ഷെഫുമാര്‍ പാചകം ചെയ്യുന്ന വിശിഷ്ട ഭക്ഷണം കഴിക്കാനോ മാത്രമുള്ളതല്ലല്ലോ. അവിടെ ചര്‍ച്ചകള്‍ നടക്കും. ചിലപ്പോള്‍ സംവാദങ്ങള്‍ പോലുമുണ്ടാകും. എന്നിട്ടും സതീഷ് ഗുജ്റാള്‍ എന്താണ് ഒന്നും മിണ്ടാതിരുന്നത്?
''സതീഷ് ഗുജ്റാളിന് സംസാരിക്കുവാന്‍ കഴിയില്ല. എട്ടാമത്തെ വയസ്സില്‍ വന്ന രോഗമാണ് അതിനുകാരണം.'
-ഞാന്‍ പറഞ്ഞു.
കുട്ടിക്കാലത്ത് സതീഷ് ഗുജ്റാളിന് കേള്‍വിക്കുറവും കാലിന് സ്വാധീനക്കുറവുമുണ്ടായിരുന്നു. രോഗം കാരണം അദ്ദേഹം ഏകാന്തതടവിലായിരുന്നു.
''ഞാനും അങ്ങനെയായിരുന്നു. രോഗങ്ങള്‍ എന്റെ ബാല്യം കൊത്തിക്കൊണ്ടുപോയിരുന്നു.''
-ഞാന്‍ സ്വയം പറഞ്ഞു.

രോഗാവസ്ഥ സര്‍ഗാത്മകതയെ ജ്വലിപ്പിക്കും എന്ന വിശ്വാസത്തെ ബലപ്പെടുത്തുന്നതാണ് സതീഷ് ഗുജ്റാളിന്റെ ജീവിതകഥ. അദ്ദേഹം അവ്യക്തമായും ആംഗ്യഭാഷയിലുമാണ് ആശയവിനിമയം ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യ കിരന്‍ ഗുജ്റാള്‍ അത് മൊഴിയാക്കി നല്‍കും. സതീഷ് ഗുജ്റാളിന്റെ ശബ്ദം അദ്ദേഹത്തിന്റെ ഭാര്യയുടെ കൈകളിലായിരുന്നു. പിന്നീട് എല്ലാ വിരുന്നുകളിലും സതീഷ് ഗുജ്റാളും പത്‌നിയും ഒന്നിച്ചാണ് ഇരുന്നത്. അദ്ദേഹം സംസാരിക്കും. ഭാര്യ വ്യാഖ്യാനിക്കും. അവര്‍ ഒരിക്കലും പിരിയാന്‍ കഴിയാത്ത ഇണകളായിരുന്നു. പെയിന്ററും ശില്‍പിയും വാസ്തുശില്‍പിയും കവിയുമായ സതീഷ് ഗുജ്റാള്‍ 2020-ല്‍ അന്തരിച്ചു. അപ്പോള്‍ തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭാരതീയമായ മോട്ടിഫുകള്‍ പാശ്ചാത്യമായി പരിഷ്‌കരിച്ച് അവതരിപ്പിക്കുന്ന രീതിയായിരുന്നു സതീഷ് ഗുജ്റാളിന്റേത്. അത് ലോകശ്രദ്ധയാകര്‍ഷിച്ചു. നമുക്ക് ഇന്ദിരാഗാന്ധിയിലേക്ക് മടങ്ങാം.

ഇന്ദിരാഗാന്ധിയോട് എനിക്ക് വീണ്ടും ആദരവും ഇഷ്ടവും തോന്നിയത് അവര്‍ ദാരുണമായി വധിക്കപ്പെട്ടതോടെയായിരുന്നു.
''വധിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ദിര ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കുമായിരുന്നു.'' - ഴാന്‍-ലൂയി നൂ (JEAN-LOUIS NOU) പറഞ്ഞു.
അദ്ദേഹം ആഗോളതലത്തില്‍ അറിയപ്പെടുന്ന പ്രശസ്തനായ ഒരു ഫ്രഞ്ച് ഫോട്ടോഗ്രാഫറായിരുന്നു. ഛായാഗ്രഹണകലയെക്കുറിച്ച് ഒരുപാട് സംഗതികള്‍ എനിക്ക് അദ്ദേഹത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഴാന്‍ ലൂയി നൂവും ഇന്ദിരാഗാന്ധിയും ഒന്നിച്ച് ഒരു പുസ്തകം രചിക്കുകയുണ്ടായി. 'ഇറ്റേണല്‍ ഇന്ത്യ' എന്ന ആ പുസ്തകത്തിലെ എഴുത്ത് ഇന്ദിരാഗാന്ധിയുടെയും ഫോട്ടോകള്‍ ഴാന്‍ ലൂയി നൂവിന്റേതുമായിരുന്നു. അതുപോലെ ശശി തരൂരും ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അതെന്റെ ബുക്ക് ഷെല്‍ഫിലുണ്ട്. എം.എഫ്. ഹുസൈന്റെ പെയിന്റിങ്ങുകളും ശശി തരൂരിന്റെ എഴുത്തും ചേര്‍ന്നതായിരുന്നു അത്.
''വാ, നമുക്കൊരു ചായ കുടിക്കാന്‍ പോകാം.''
- നൂ പറഞ്ഞു.

ഇന്ത്യയില്‍ വരുമ്പോഴെല്ലാം നൂ ഇന്ത്യന്‍ സര്‍ക്കാരിന്റെ അതിഥിയായിരിക്കും. അതുകൊണ്ട് താമസം പഞ്ചനക്ഷത്രഹോട്ടലില്‍. അനാര്‍ഭാടജീവിതം ഇഷ്ടപ്പെടുന്ന ഒരു കലാകാരനായിരുന്നു അദ്ദേഹം. എന്റെ ഓഫീസിനു പിറകില്‍, ഔറംഗ്സീബ് ലെയിനില്‍ പാവങ്ങളുടെ, ഇത്തിരിപ്പോന്ന ഒരു ചായക്കടയുണ്ടായിരുന്നു. തൂപ്പുകാരും മറ്റും അവിടെയിരുന്ന് ചായകുടിക്കും. ഞങ്ങള്‍ അവരോടൊപ്പം ഇരുന്ന് ചായകഴിച്ചു.

നൂ സഞ്ചാരിയായ ഒരു ഛായാഗ്രാഹകനായിരുന്നു. പല രാജ്യങ്ങളിലും സഞ്ചരിച്ച് ഫോട്ടോകളെടുത്തിട്ടുണ്ട്. ഒട്ടേറെ വലിയ ക്യാമറകളും ലെന്‍സുകളും ഒരു പോര്‍ട്ടബിള്‍ ജനറേറ്ററുമായാണ് സദാ യാത്ര. ജനറേറ്റര്‍ വെളിച്ചത്തിനുവേണ്ടിയാണ്. അജന്ത ചുമര്‍ച്ചിത്രങ്ങളുടെ ഏറ്റവും മികച്ചതായ ഒരു വലിയ ശേഖരം നൂവിന്റെ കൈവശമുണ്ടായിരുന്നു. ചുമര്‍ച്ചിത്രങ്ങള്‍ പകര്‍ത്തുന്നതിലായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്ധ്യം. ഇന്ത്യയിലെ വിദൂരമായ ഉള്‍പ്രദേശങ്ങളില്‍പ്പോലും നൂ ഫോട്ടോ പിടിക്കാനായി പോകും. അദ്ദേഹം ഒരു വിദേശിയായതുകൊണ്ട് അതിനൊക്കെ അനുവാദം വാങ്ങണം. അതിനായി സര്‍ക്കാരിലെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് മുന്‍കൂറായി അപേക്ഷകള്‍ നല്‍കണം. അതൊക്കെ ശരിയാക്കിക്കൊടുത്തത് ഞാനായിരുന്നു.
''നീയില്ലെങ്കില്‍ ഞാന്‍ കുഴങ്ങിയേനേ.''
- ഒരിക്കല്‍ നൂ പറഞ്ഞു. 

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: M. Mukundan, Ente embassykkalam, Indira Gandhi, Jean Louis Nou