എം.ജി.എസ് നാരായണനും പ്രൊഫ. എം.പി. ശ്രീധരനും; ചരിത്രം കുറിച്ച സൗഹൃദം

ഡോ. എം.ജി.എസ് നാരായണനും പ്രൊഫ. എം.പി. ശ്രീധരനും, എം.ജി.എസ്. (ഫയല്‍ച്ചിത്രം), മാതൃഭൂമി
ഡോ. എം.ജി.എസ് നാരായണനും പ്രൊഫ. എം.പി. ശ്രീധരനും, എം.ജി.എസ്. (ഫയല്‍ച്ചിത്രം), മാതൃഭൂമി

ശനിയാഴ്ച അന്തരിച്ച ഡോ.എം.ജി.എസ് നാരായണനും 26 വര്‍ഷം മുമ്പ് ഓര്‍മയായ പ്രൊഫ. എം.പി. ശ്രീധരനും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തെക്കുറിച്ച്...

ഡോ. എം.ജി.എസ് നാരായണനും പ്രൊഫ. എം.പി. ശ്രീധരനും. കാലം കാത്തുവെച്ച അപൂര്‍വ സൗഹൃദംകൊണ്ട് തുന്നിയതായിരുന്നു വര്‍ഷങ്ങള്‍ നീണ്ട അവരുടെ സ്‌നേഹബന്ധം. രണ്ടു പേരും കേരളം കണ്ട ഏറ്റവും വലിയ ചരിത പണ്ഡിതര്‍. ഏറെക്കാലം ചരിത്ര കോണ്‍ഗ്രസിനെ ഒന്നിച്ചു നയിച്ചവര്‍. 

1957-ല്‍ ഇരുവരും കോഴിക്കോട്ട് ചരിത്രാധ്യാപകരായി ജോലി ചെയ്തിരുന്നു. എം.പി.ശ്രീധരന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും എംജിഎസ് ഗുരുവായൂരപ്പൻ കോളേജിലും. ഈ കാലഘട്ടമാണ് ഇരുവരുടെയും അഗാധസൗഹൃദത്തിന് ഊടുംപാവും നെയ്തത് ചരിത്രമെന്ന വിജ്ഞാനശാഖ തന്നും ഒന്നിപ്പിച്ച രണ്ട് സുഹൃത്തുക്കളായിരുന്നു ഇരുവരും. 1950 കളില്‍ കോഴിക്കോട് നിന്നാരംഭിച്ച ആ സൗഹൃദവൃക്ഷം പിന്നീടുള്ള വര്‍ഷങ്ങളില്‍ വളര്‍ന്നു പന്തലിക്കുകയായിരുന്നെന്ന് പ്രൊഫ. എം.പി. ശ്രീധരന്റെ മകനും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് റിട്ട. ചരിത്രാധ്യാപകനുമായ എം.സി. വസിഷ്ഠ് പറയുന്നു. ചരിത്രം കുറിച്ച ആ സൗഹൃദത്തിലേക്ക് അക്കാലത്ത് വന്നു ചേര്‍ന്ന മഹാ പ്രതിഭയായിരുന്നു പ്രശസ്ത സാഹിത്യകാരനായ ഒ.വി.വിജയന്‍. കോഴിക്കോടന്‍ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഡോ.എം.ജി.എസ്. നാരായണനും പ്രൊഫ. എം.പി.ശ്രീധരനും ഒ.വി.വിജയനും ഉള്‍പ്പെട്ട സൗഹൃദ കൂട്ടായ്മ.

ഡോ. എം.ജി.എസ്. നാരായണന്റെ ചിരകാല സുഹൃത്തോ മനഃസാക്ഷി സൂക്ഷിപ്പുകാരനോ ഒക്കെയായിരുന്നു പ്രൊഫ. എം.പി.ശ്രീധരന്‍. ചരിത്രം മാത്രമല്ല തത്വശാസ്ത്രം, സാഹിത്യം മുതല്‍ സിനിമ, സ്‌പോര്‍ട്‌സ് വരെ അവരുടെ ചര്‍ച്ചകള്‍ക്ക് വിഷയമായിരുന്നു. ഡോ. എം.ജി.എസ്. നാരായണന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക്തട്ടകം മാറിയപ്പോള്‍ ആ സൗഹൃദം അങ്ങോട്ടേക്കും വ്യാപിക്കുകയാണുണ്ടായത്. യൂണിവേഴ്‌സിറ്റിയിലെ ഈ സൗഹൃദ കൂട്ടായ്മയിലേക്ക് പിന്നീടെത്തിയ പ്രമുഖരായിരുന്നു ഡോ.എം.ആര്‍. രാഘവ വാരിയര്‍, ഡോ. കെ.കെ.എന്‍. കുറുപ്പ്, ഡോ. കേശവന്‍ വെളുത്താട്ട്, പ്രൊഫ. പി.പി.സുധാകരന്‍ തുടങ്ങിയവര്‍. ഒട്ടേറെ യുവഗവേഷകരും സൗഹൃദത്തില്‍ കണ്ണി ചേര്‍ന്നതോടെ അപൂര്‍വമായൊരു ചരിത്രകൂട്ടായ്മ തന്നെ കോഴിക്കോട്ട് രൂപംകൊണ്ടു.

ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിനെ ഏറെക്കാലം മുന്നോട്ടു നയിച്ചതും മലയാളികളായ ഈ സുഹൃത്തുക്കളായിരുന്നു. എല്ലാ വര്‍ഷവും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനങ്ങളിലേക്ക് നടത്തിയ അക്കാദമിക യാത്രകള്‍ ഡോ. എം.ജി.എസ്. നാരായണന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ തീര്‍ഥയാത്രകള്‍ കേരളത്തിലെ ചരിത്രമെന്ന വിജ്ഞാനശാഖയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതല്ല.

യുവഗവേഷകര്‍ക്ക് ചെറുപ്പത്തില്‍ തന്നെ വലിയ ചരിത്രകാരന്മാരുമായി ഇടപഴകാനും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പോലുള്ള വലിയ ചരിത്ര സമ്മേളനങ്ങളില്‍ തങ്ങളുടെ വിഷയങ്ങള്‍ അവതരിപ്പിക്കാനും സംവാദങ്ങള്‍ നടത്താനുമുള്ള സാഹചര്യം ഇവര്‍ സൃഷ്ടിച്ചു. ദീര്‍ഘകാലം ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായിരുന്നു ഡോ. എം.ജി.എസ്. അദ്ദേഹത്തിന് താങ്ങും തണലുമായി അതിന്റെ ട്രഷറര്‍ സ്ഥാനത്തിരുന്നത് പ്രൊഫ. എം.പി.ശ്രീധരനും. അങ്ങിനെ അഖിലേന്ത്യാ തലത്തില്‍ കേരളത്തില്‍ ചരിത്രം എന്നൊരു വിജ്ഞാനശാഖയ്ക്ക് വളരെ ഗൗരവമായ അന്വേഷണവും പഠനവും നടക്കുന്നുണ്ട് എന്ന് അറിയിക്കാന്‍ ഈ സൗഹൃദ കൂട്ടായ്മക്ക് കഴിഞ്ഞു.

വ്യക്തിപരമായും ഏറെ അടുപ്പമുള്ള അവരുടെ കുടുംബങ്ങളും ഈ സൗഹൃദ കൂട്ടായ്മയുടെ ശക്തിയായി. പ്രൊഫ. എം.പി.ശ്രീധരന്‍ 1999 ഡിസംബര്‍ 27-ന് കാലയവനികക്കുള്ളില്‍ മറഞ്ഞുവെങ്കിലും ഡോ. എം.ജി.എസ്. നാരായണനുമായിട്ടുള്ള കുടുംബത്തിന്റെ സൗഹൃദം ശക്തമായിത്തന്നെ തുടര്‍ന്നു. ഇപ്പോഴിതാ ചരിത്രകാരന്‍ എന്നതിലുപരി സമൂഹത്തിന്റെ സമസ്തമേഖലകളിലും സജീവ ഇടപെടല്‍ നടത്തി ശ്രദ്ധേയനായ എം.ജി.എസും ഓര്‍മയായിരിക്കുന്നു. കോഴിക്കോട്ടെ ചരിത്ര ബുദ്ധിജീവികള്‍ക്ക് താങ്ങും തണലുമായിരുന്ന ഒരു സൗഹൃദ കൂട്ടായ്മയിലെ അവസാനത്തെ കണ്ണിയാണ് ഇപ്പോള്‍ വിട ചൊല്ലിയിരിക്കുന്നത്.

Content Highlights: Friendship between MGS And MP Sreedharan