'അമ്മ വിളിച്ചിരുന്നത് കുട്ടികൃഷ്ണാ എന്നാണ്, അമ്മ വിളിക്കുന്നതാണ് പേര്'; മാതൃത്വവും മാരാരുടെ സന്ധിയും

കുട്ടികൃഷ്ണമാരാരുടെ 125-ാം ജന്മദിനത്തില്‍ എം.എന്‍ കാരശ്ശേരി എഴുതുന്നു...
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ബിഎ വിദ്യാര്‍ഥിയായിരിക്കേ, കേരളപാണിനീയത്തിലെ ദിത്വസന്ധി പഠിപ്പിക്കുമ്പോള്‍ ഞങ്ങള്‍ 'തമ്പുരാന്‍' എന്നു വിളിച്ചിരുന്ന പി.സി. ഏട്ടനുണ്ണിരാജയോട് ഞാന്‍ ഒരു സംശയം ചോദിച്ചു.
''സര്‍, കുട്ടി+കൃഷ്ണന്‍ എന്നത് സന്ധിയനുസരിച്ച് കുട്ടിക്കൃഷ്ണന്‍ എന്നാവും. പക്ഷേ, വ്യാകരണപണ്ഡിതന്‍ കുട്ടികൃഷ്ണമാരാര്‍ സ്വന്തം പേര് സന്ധിതെറ്റിച്ച് കുട്ടികൃഷ്ണമാരാര്‍ എന്നെഴുതുന്നത് എന്തുകൊണ്ടാണ്?''
തന്റെ സുഹൃത്തായ മാരാരെക്കുറിച്ചുള്ള ചോദ്യം ഗുരുനാഥന് ഇഷ്ടമായി: ''ഞാന്‍ ഈ ചോദ്യം മാരാരോടു നേരിട്ട് ചോദിക്കുക ഉണ്ടായിട്ടുണ്ട്. എന്നെ അമ്മ വിളിച്ചിരുന്നത് കുട്ടികൃഷ്ണാ എന്നാണ്, കുട്ടിക്കൃഷ്ണാ എന്നല്ല. അമ്മ വിളിക്കുന്നതാണ് പേര്. അതുകൊണ്ടാ അങ്ങനെ എഴുതുന്നത് എന്നാണ് എനിക്ക് മറുപടി കിട്ടിയത്.''
എല്ലാ വ്യാകരണവിധികളെയും അതിവര്‍ത്തിച്ചുപോകുന്നവയാണ് മനുഷ്യബന്ധങ്ങള്‍ എന്ന ആഴമേറിയ പാഠം ആ ഉത്തരമാണ് എനിക്കുനല്‍കിയത്. വ്യക്തിജീവിതത്തില്‍ എന്നപോലെ, സുപ്രശസ്തമായ തന്റെ സാഹിത്യനിരൂപണസഞ്ചാരത്തിലും മാരാരില്‍ പുലര്‍ന്നുപോന്ന മാതൃഭക്തിയിലേക്കു ഞാന്‍ കണ്ണുതുറക്കുന്നത് ആ വഴിക്കാണ്.
നമ്മുടെ പാരമ്പര്യത്തില്‍ എക്കാലത്തും സജീവമായിരുന്ന ആണ്‍കോയ്മയ്‌ക്കെതിരായി ഒരു നൂറ്റാണ്ടുമുന്‍പേ ചിന്തിക്കാന്‍ മാരാരെ പ്രാപ്തനാക്കിയത് ഈ മാതൃപൂജയാകണം. സ്ത്രീപക്ഷത്തുനിന്നുകൊണ്ട് പുരുഷാധിപത്യത്തിനെതിരായി രചിക്കപ്പെട്ട ഇതിഹാസങ്ങളാണ് വാല്മീകി രാമായണവും വ്യാസഭാരതവും എന്ന് അദ്ദേഹം നീളെ വാദിച്ചുപോന്നു. സുഹൃത്ത് വി.ടി. ഭട്ടതിരിപ്പാട് (1896-1982) തുടങ്ങിവെച്ച കേരളത്തിലെ ആദ്യത്തെ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെകൂടെ 1929 അദ്ദേഹം നിലകൊണ്ടത് സ്വാഭാവികം.
ഉന്മേഷഭരിതമായ വിമര്‍ശന കാലം
മലയാളത്തിലെ വിമര്‍ശനത്തോട് തന്റേടം ആര്‍ജിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നമ്മുടെ കവിത രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നവോത്ഥാനത്തിലേക്ക് ഉണര്‍ന്നത്. അക്കൂട്ടത്തില്‍ 'കവിത്രയം' എന്നറിയപ്പെട്ട കുമാരനാശാന്‍ (1873-1924), വള്ളത്തോള്‍ നാരായണമേനോന്‍ (1878-1958), ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (1877-1949) എന്നിവരുടെ കൃതികള്‍തന്നെ പ്രധാനം.
ആ സാഹചര്യത്തോട് സര്‍ഗാത്മകമായി സംവദിക്കാന്‍ പ്രാപ്തിനേടിയ ഒരു നിരൂപകത്രയം അന്ന് ഭാഷയില്‍ ഉയര്‍ന്നുവരുകയുണ്ടായി-കേസരി ബാലകൃഷ്ണപിള്ള (18891960), കുട്ടികൃഷ്ണമാരാര്‍ (1900-1973), ജോസഫ് മുണ്ടശ്ശേരി (1903-1977) എന്നിവര്‍.
സാഹിത്യപരിഗണനകളിലുള്ള രുചിഭേദം കണക്കാക്കിയാല്‍ ഇവര്‍ക്കിടയില്‍ പുലര്‍ന്നിരുന്ന പാരമ്പര്യം എളുപ്പം തിരിഞ്ഞുകിട്ടും -മാരാര്‍ ഭൂതകാലത്തിലേക്കും മുണ്ടശ്ശേരി വര്‍ത്തമാനകാലത്തിലേക്കും കേസരി ഭാവികാലത്തിലേക്കും ദൃഷ്ടിയുറപ്പിച്ചു നിന്നു.
പ്രധാനമായും കാവ്യനിരൂപകരായിരുന്ന ഇവരുടെ കാലത്താണ് നമ്മുടെ വിമര്‍ശനം ഏറ്റവും ഉന്മേഷഭരിതമായിരുന്നത്.
ഇന്നത്തെ മലപ്പുറം ജില്ലയില്‍ തിരൂരിനുസമീപം തൃപ്രങ്ങോട്ട് കാരിക്കാത്തുമാരാത്ത് കൃഷ്ണമാരാരുടെയും കിഴക്കേ മാരാത്ത് ലക്ഷ്മിക്കുട്ടി മാരാസ്യാരുടെയും പുത്രനായി 1900 ജൂണ്‍ 14-നാണ് മാരാര്‍ ജനിച്ചത്. പട്ടാമ്പിയില്‍ പുന്നശ്ശേരി നീലകണ്ഠശര്‍മയുടെ ശിഷ്യനായി സംസ്‌കൃതം പഠിച്ച് 'സാഹിത്യശിരോമണി' പാസായി. നീണ്ട പതിനഞ്ചുകൊല്ലം വള്ളത്തോളിന്റെ കൂടെയായിരുന്നു. കൃതികള്‍ക്ക് വ്യാഖ്യാനമെഴുതിയും അവയുടെ പ്രസാധനച്ചുമതല നിര്‍വഹിച്ചും മറ്റും.
പിന്നെ മാതൃഭൂമിയില്‍ അച്ചുപിഴ പരിശോധകനായി (1938-1961). അതോടെ കോഴിക്കോട്ടുകാരനായിത്തീര്‍ന്നു. ഇക്കാലത്താണ് പ്രധാനപ്പെട്ട സാഹിത്യപരിശ്രമങ്ങളെല്ലാം. 1950-ല്‍ പുറപ്പെട്ട 'ഭാരതപര്യടനം' സാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നല്‍കി. തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമായ 'കല ജീവിതം തന്നെ' (1965) എന്ന പുസ്തകത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കി ആദരിച്ചു. 72-ാം വയസ്സില്‍ 1973 ഏപ്രില്‍ ആറാം തീയതി കോഴിക്കോട്ട് അന്തരിച്ചു.
യുക്തിഭദ്രമായ നിലപാടുകള്‍
1937-ല്‍ പിറവികൊണ്ട ജീവത് സാഹിത്യസംഘത്തെ തുടക്കത്തില്‍ എന്നപോലെ അതു പുരോഗമന സാഹിത്യപ്രസ്ഥാനമായി മുതിര്‍ന്ന കാലത്തും എതിര്‍ത്തവരില്‍ പ്രമുഖന്‍ കുട്ടികൃഷ്ണമാരാരായിരുന്നു. പ്രധാന പ്രതിയോഗി മുണ്ടശ്ശേരിയും. കല കലയ്ക്കുവേണ്ടിയോ കല ജീവിതത്തിനുവേണ്ടിയോ എന്ന ചര്‍ച്ച മറ്റനേകം ഭാഷകളില്‍ എന്നപോലെ മലയാളത്തിലും കൊടുമ്പിരിക്കൊണ്ട കാലമാണത്. ജീവിതത്തെ ചിലത് പഠിപ്പിക്കുകയാണ് കലയുടെ ലക്ഷ്യം എന്ന കാര്യത്തില്‍ യോജിച്ചുവെങ്കിലും പഠിപ്പിക്കേണ്ട പാഠം എന്ത് എന്നതില്‍ മാരാര്‍ പുരോഗമന സാഹിത്യപ്രസ്ഥാനക്കാരോട് തീര്‍ത്തും വിയോജിച്ചു. അവരില്‍നിന്ന് ഭിന്നമായി അഹിംസ, സ്‌നേഹം തുടങ്ങിയ ശാശ്വതമൂല്യങ്ങളില്‍ അദ്ദേഹത്തിന് അഗാധമായ വിശ്വാസമുണ്ടായിരുന്നു. സമകാലിക രാഷ്ട്രീയത്തെ പിന്തുണയ്ക്കുക എന്ന 'സാമുദായികച്ചുമതല' കലയ്ക്കും ഇല്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 'പുരോഗമന'ത്തിന്റെ അനുയായികളില്‍നിന്ന് പഴഞ്ചന്‍, പിന്തിരിപ്പന്‍, മൂരാച്ചി തുടങ്ങിയ ഏപ്പപ്പേരുകള്‍ ചാര്‍ത്തിക്കിട്ടിയത് അങ്ങനെയാണ്.
അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് രൂപംകൊടുത്തതില്‍ ദേശീയപ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. മാരാര്‍ ഗാന്ധിജിയുടെ ആരാധകനായിരുന്നു.
കുരു-പാണ്ഡവയുദ്ധം ഒഴിവാക്കുന്നതിന് ശ്രീകൃഷ്ണന്‍ ഹസ്തിനപുരിയിലേക്ക് ദൂതുപോകുന്നതിനെക്കുറിച്ച് എഴുതുമ്പോള്‍ ഹിന്ദു-മുസ്ലിം ലഹള ശമിപ്പിക്കുന്നതിന് ഗാന്ധിജി നവഖാലിയിലേക്ക് യാത്രപോകുന്നത് അദ്ദേഹത്തിന് ഓര്‍മ്മയാവുന്നു; 'ആ ദ്വാപരയുഗ മഹാത്മാവില്‍നിന്ന് ഈ കലിയുഗ മഹാത്മാവില്‍ കാണുന്ന' വളര്‍ച്ച എന്തെന്ന് വിശദീകരിക്കുന്നുമുണ്ട്.
മാരാരുടെ സമകാലികത പുറത്തുകൊണ്ടുവന്ന സാഹചര്യങ്ങളിലൊന്ന് സൃഷ്ടിച്ചത് 'പാവങ്ങള്‍' പരിഭാഷയാണ്. ചങ്ങാതിയും ഗുരുനാഥനും അമ്മാവനും ആയി മാരാര്‍ കണക്കാക്കിയിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ (1887-1954) ആണ് പരിഭാഷകന്‍. ആ നോവലിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ് ആദരിക്കാന്‍ ഈ കാവ്യനിരൂപകന് പരിമിതിയേതും ഉണ്ടായില്ല. രാമായണവും മഹാഭാരതുംപോലെ വിളക്കുവെച്ചു വായിക്കേണ്ട കൃതികള്‍ മറ്റു ഭാഷകളിലും ഉണ്ട് എന്ന് തനിക്ക് ബോധ്യമാക്കിത്തന്നത് പാവങ്ങള്‍ ആണ് എന്ന് അദ്ദേഹം പില്‍ക്കാലത്തെഴുതുന്നുണ്ട്.
കേരളത്തിലെ രചനാമണ്ഡലത്തെയും ആസ്വാദകബോധത്തെയും വിമര്‍ശനമേഖലയെയും ഒരുപോലെ നവീകരിച്ച 'പാവങ്ങള്‍' പരിഭാഷ (1925)യ്ക്ക് ഇപ്പോള്‍ നൂറുവര്‍ഷമാവുകയാണ്. അതിനെ 'മഹാകാവ്യം' എന്നുകൊണ്ടാടിയ മാരാരുടെ 125-ാം ജന്മവാര്‍ഷികവും ഒന്നിച്ചുവന്നത് കൗതുകകരമാണ്!
മലയാളത്തെ നവീകരിച്ച പാണ്ഡിത്യം
രാമായണത്തെ രാഷ്ട്രീയത്തിന്റെ പേരില്‍ പുച്ഛിക്കുകയും വിശ്വാസത്തിന്റെ പേരില്‍ പൂജിക്കുകയും ചെയ്യുന്ന രണ്ടു കൂട്ടരെയും വകഞ്ഞുമാറ്റി ഇതിഹാസത്തെ സാഹിത്യകൃതിയായി സമീപിച്ച, രാമന്‍ എന്ന കഥാപാത്രത്തെ കര്‍ക്കശബുദ്ധിയോടെ അപഗ്രഥിക്കുന്ന മാരാരുടെ 'വാല്മീകിയുടെ രാമന്‍' മലയാളത്തിലെ എണ്ണംപറഞ്ഞ വിമര്‍ശനരചനകളിലൊന്നാണ്.
ഒരുലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതം ലോകസാഹിത്യത്തിലെത്തന്നെ ബൃഹത്തായ കൃതിയാണ്. അതിലെ കഥാമുഹൂര്‍ത്തങ്ങള്‍ അത്യന്തം ശ്രദ്ധയോടെ തിരഞ്ഞെടുത്ത് വികാരതീവ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് 'ഭാരതപര്യടനം'. ആ യുദ്ധകഥയില്‍നിന്ന് വകതിരിച്ചെടുക്കാനുള്ള മൂല്യബോധം ആണ് അന്വേഷിക്കുന്നത്. ആ ധാര്‍മികവിമര്‍ശകന്‍ തന്റെ മൂല്യ പക്ഷപാതത്തിനനുസരിച്ച് കഥാസന്ദര്‍ഭങ്ങളെ വ്യാഖ്യാനിക്കുന്നു; കഥാപാത്രങ്ങളെ വിശകലനം ചെയ്യുന്നു. യുക്തിഭദ്രമായി വാദിച്ചുകേറുന്ന ആ മലയാളഗദ്യം പുതുമ മങ്ങാത്തതാണ്.
മലയാളികളെ മാരാര്‍ കടപ്പെടുത്തിയ മറ്റൊരു മേഖല കാളിദാസ സാഹിത്യമാണ്. 'അഭിജ്ഞാനശാകുന്തളം' മുതലായ കൃതികള്‍ക്ക് നമുക്ക് ധാരാളം പരിഭാഷകളുണ്ട്. പക്ഷേ, മാരാര്‍ ആ ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനസഹിതം തയ്യാറാക്കിയ ഗദ്യപരിഭാഷകള്‍ സംസ്‌കൃതത്തിലോ സാഹിത്യത്തിലോ പാണ്ഡിത്യമില്ലാത്തവര്‍ക്കുകൂടി രുചിക്കുന്നതാണ്. ജീവിതത്തിന്റെ വലിയൊരുഭാഗം ആ നിരൂപകന്‍ ചെലവാക്കിയത് കാളിദാസനെ നമുക്കുവേണ്ടി പാകപ്പെടുത്തുന്നതിനാണ്.
മലയാളഗദ്യം നവീകരിക്കുന്നതില്‍ ആ പണ്ഡിതന്‍ ചെലുത്തിയ സ്വാധീനം എടുത്തുപറയണം. അത്രയും യുക്തിഭദ്രമായി ആരും നമ്മുടെ നാട്ടില്‍ ഗദ്യം എഴുതിയിട്ടില്ല. കഴിയുന്നതും കുറച്ചക്ഷരംകൊണ്ട് വെടിപ്പായി കാര്യംപറയാന്‍ സമകാലികര്‍ക്ക് പ്രാപ്തിനല്‍കുന്ന രണ്ട് പുസ്തകങ്ങള്‍ അദ്ദേഹം 1942-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 'മലയാളശൈലിയും' 'ഭാഷാപരിചയവും'. അവ എത്രമേല്‍ പ്രസക്തമാണ് എന്ന് ഓരോ ദിവസവും ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ്, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ ഗദ്യത്തിന്റെ പോക്ക്.
യുക്തിയും സൗന്ദര്യബോധവും ഉയര്‍ത്തിപ്പിടിച്ച്, സത്യവും അഹിംസയും ലക്ഷ്യമാക്കി കുട്ടികൃഷ്ണമാരാര്‍ സാഹിത്യത്തില്‍ നടത്തിയ തീര്‍ഥയാത്ര സാക്ഷാത്കരിക്കാന്‍ പരിശ്രമിച്ചിരുന്നത് സ്‌നേഹത്തെയാണ്. സീതയിലൂടെയും ദമയന്തിയിലൂടെയും നളിനിയിലൂടെയും യുധിഷ്ഠിരനിലൂടെയും മെത്രാനിലൂടെയും ഴാങ് വാല്‍ ഴാങ്ങിലൂടെയും ആ സ്‌നേഹാന്വേഷണം നീണ്ടുനീണ്ടു പോകുന്നു...
ഭാരതപര്യടനം
ഭാഷയിലെ പ്രധാനപ്പെട്ട വിമര്‍ശനഗ്രന്ഥം ഏതാണെന്ന് ചോദിച്ചാല്‍ 'ഭാരതപര്യടനം'(1950) എന്നു ഞാന്‍ ഉത്തരം പറയും. അത്രയധികം ആളുകള്‍ വായിച്ചതോ അത്രയധികം പതിപ്പുകള്‍ ഇറങ്ങിയതോ,അത്രയധികം പരിഭാഷകള്‍ വന്നതോ ആയ മറ്റൊരു പുസ്തകവും നമ്മുടെ നിരൂപണ സാഹിത്യത്തില്‍ ഇല്ല. കഴിഞ്ഞ 75 കൊല്ലംകൊണ്ട് അതിന്റെ ഒരു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം കോപ്പി വിറ്റുപോയിരിക്കുന്നു! ഇപ്പോള്‍ കോഴിക്കോട്ടെ മാരാര്‍ സാഹിത്യപ്രകാശം പ്രസിദ്ധീകരിച്ചിരിക്കുന്നത് 65-ാം പതിപ്പാണ്. അതിന് ഇംഗ്ലീഷ്, സംസ്‌കൃതം, ഹിന്ദി പരിഭാഷകള്‍ ഇറങ്ങിയിട്ടുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട നോവലുകള്‍ക്കുപോലും എത്തിപ്പിടിക്കാനാവാതെപോയ ജനപ്രീതിയാണ് അതിനു കൈവന്നത് എന്നര്‍ഥം.
Content Highlights: malayalam critic kuttikrishna marar 125th birth anniversary mn karassery article