ഒരു കമ്മ്യൂണിസ്റ്റുകാരൻ മഹാത്മജി എന്നു വിളിക്കുമ്പോൾ; എം.എ ബേബിയുടെ ഗാന്ധിപക്ഷങ്ങൾ

#എം.എ ബേബി
ചിത്രത്തിന് കടപ്പാട്: റേഡിയോ ഓപ്പണ്‍ സോഴ്‌സ്‌
ചിത്രത്തിന് കടപ്പാട്: റേഡിയോ ഓപ്പണ്‍ സോഴ്‌സ്‌

ബോൾഷെവിസത്തെ ഗാന്ധിജി നിരീക്ഷിച്ചതെങ്ങനെയായിരുന്നുവെന്നും ഗാന്ധിജിയെയും അംബേദ്കറെയും പുതിയകാലഘട്ടത്തിൽ പഠിക്കേണ്ടതെങ്ങനെയെന്നും സിപിഎം പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കുന്നു.

മഹാത്മജിയെന്നും ഗാന്ധിജിയെന്നും ഓർമിപ്പിക്കപ്പെടുന്ന നമ്മുടെ രാഷ്ട്രപിതാവ്, വിശേഷണങ്ങൾ കൊണ്ട് നിർവചിക്കാൻ പ്രയാസമുള്ള വ്യക്തിത്വമാണ്. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞു: 'മജ്ജയും മാംസവുമായി ഇങ്ങനെ ഒരാൾ ഭൂമിയിൽ ജീവിച്ചിരുന്നു എന്നു വിശ്വസിക്കുവാൻ വരുംതലമുറകൾ പ്രയാസപ്പെടും!' മഹാത്മജി സ്വന്തം ജീവിതം നിരന്തരം ഒരു പരീക്ഷണമായി മാറ്റി. സത്യം അന്വേഷിക്കുന്ന പരീക്ഷണം. സത്യം വ്യത്യസ്ത രൂപങ്ങളിൽ വരും എന്നതു കൊണ്ടുതന്നെ അദ്ദേഹം അഭിപ്രായങ്ങളും പലപ്പോഴും നിസ്സങ്കോചം മാറ്റുവാൻ തയ്യാറായി. വ്യക്തിയുടെ സഹനസത്യാഗ്രഹം എന്ന സമരമുറ കണ്ടുപിടിച്ചു പ്രയോഗിച്ചു. അതേസമയം ബഹുജനങ്ങളെ മഹാസമരങ്ങളിലേക്ക് ആകർഷിച്ചു. അഹിംസയിൽ നിന്ന് വ്യതിചലിച്ച കുറ്റത്തിന് പൊടുന്നനെ അനേകരെ നിരാശപ്പെടുത്തി സമരം പിൻവലിക്കുന്നതും ചരിത്രം. സമരം, ഒത്തുതീർപ്പ്, സമരം എന്നൊരു സമരസമ്പ്രദായം വികസിപ്പിച്ചു. ചമ്പാരൻ കൃഷിക്കാരുടെ പ്രശ്‌നം ഏറ്റെടുത്തുകൊണ്ട് ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ട ചരിത്രത്തിൽ ഗാന്ധിജി തുടക്കം കുറിച്ചു.

ഒരുപിടി വറ്റോ, ഒരു റൊട്ടിയോ വായിൽവെക്കുമ്പോൾ ഏതു മനുഷ്യനും കൂടിയേതീരൂ എന്നൊരു വസ്തു ഉപ്പാണ്. ഉപ്പുകുറുക്കൽ എന്നത് സമരലോകം കണ്ട ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്നാണ്. 1917-ൽ ലെനിൻ അപ്പം, ഭൂമി, സമാധാനം' എന്ന് മൂന്നു മുദ്രാവാക്യങ്ങളായി റഷ്യൻ വിപ്ലവ സമരതന്ത്രം ആവിഷ്‌ക്കരിച്ചതുപോലെ ഉപ്പുകുറുക്കൽ സമരത്തെ ഒരുപക്ഷേ ഓർമിക്കാം.

അദ്ദേഹം കടുത്ത ദൈവവിശ്വാസി ആയിരുന്നു. എന്നാൽ അന്നത്തെ വ്യത്യസ്ത ദൈവവിശ്വാസത്തർക്കങ്ങൾ കൊണ്ടുകൂടിയാവാം, അവസാനം അത്യന്തം വിപ്ലവകരമായ ഒരു ദൈവഭാവന മഹാത്മജി അവതരിപ്പിച്ചു: Truth is God. സത്യം എന്താണോ, അതത്രെ ദൈവം! പ്രപഞ്ചവും പ്രപഞ്ച പ്രതിഭാസങ്ങളിലെ സത്യങ്ങളും എന്തൊക്കെയാണോ അതൊക്കെത്തന്നെയാണ് ദൈവം. അതിൽ നിന്ന് ഭിന്നമായി ഒരു ദൈവമില്ല എന്നല്ലേ ഗാന്ധിജിയുടെ ദൈവസങ്കല്പത്തെ മനസ്സിലാക്കേണ്ടത്.

സാമ്പത്തിക-സാമൂഹിക വ്യവസ്ഥകൾ സംബന്ധിച്ച് മഹാത്മജിയുടെ ധാരാളം നിരീക്ഷണങ്ങൾ ഉണ്ട്. എനിക്കു വളരെ ശ്രദ്ധേയമായി തോന്നുന്ന ഒരുഭാഗം ഉദ്ധരിക്കട്ടെ!

'ബോൾഷെവിസത്തിന്റെ അർഥം എനിക്കിനിയും പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിക്കുന്നു. സ്വകാര്യസ്വത്ത് സമ്പ്രദായം തുടച്ചുനീക്കലാണ് അതിന്റെ ലക്ഷ്യം എന്നുമാത്രം എനിക്കറിയാം. അപരിഗ്രഹം എന്ന സദാചാരപരമായ ആദർശത്തിന്റെ അർഥശാസ്ത്രരംഗത്തുള്ള പ്രയോഗം മാത്രമാണിത്. ഈ ആദർശജനങ്ങൾ സ്വമനസ്സാലെ സ്വീകരിക്കുകയോ സമാധാനപരമായ പ്രേരണയിലൂടെ ജനങ്ങളെക്കൊണ്ടു സ്വീകരിപ്പിക്കുകയോ ചെയ്താൽ അതിനെക്കാളും ശ്രേഷ്ഠമായ മറ്റൊന്നില്ല. പക്ഷേ ബോൾഷെവിസം അതിനെപ്പറ്റി എനിക്കറിയാവുന്നിടത്തോളം ബലപ്രയോഗം നിരോധിച്ചിട്ടില്ലെന്നുമാത്രമല്ല സ്വകാര്യസ്വത്ത് കൈവശപ്പെടുത്താനും അത് രാഷ്ട്രത്തിന്റെ ഉടമയിലാക്കി നിലനിർത്താനും തടവില്ലാതെ ബലംപ്രയോഗിക്കാമെന്ന് അനുശാസിക്കുന്നുമുണ്ട്; അങ്ങനെയാണതിന്റെ സ്വഭാവമെങ്കിൽ ബോൾഷെവിസം അതിന്റെ ഇപ്പോഴത്തെ രൂപത്തിൽ നീണ്ടുനിൽക്കുകയില്ല എന്ന് പറയുവാനെനിക്കുമടിയില്ല. കാരണം നീണ്ടുനിൽക്കുന്നതൊന്നും തന്നെ ഹിംസയുടെ മേൽ പടുത്തുയർത്തുവാൻ ആവില്ലെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു.ഇങ്ങനെയെല്ലാമായാലും ആദർശത്തിനുവേണ്ടി സർവ്വവും ത്യജിച്ച അസംഖ്യം സ്ത്രീപുരുഷന്മാരുടെ ത്യാഗത്തിന്മേൽ കെട്ടിപ്പടുത്ത ബോൾഷെവിക്ക് ആദർശം, ലെനിനെപ്പോലെയുള്ള ചൈതന്യധന്യന്മാരുടെ ത്യാഗങ്ങൾ കൊണ്ട് അനുഗൃഹീതമായ ആദർശം, നിഷ്ഫലമായിപ്പോവുകയില്ല എന്ന വസ്തുത വളരെയാർക്കും ചോദ്യം ചെയ്യാനാവില്ല. അവരുടെ ത്യാഗത്തിന്റെ മഹത്തായ മാതൃക സദാ സമുജ്ജ്വലിക്കുകയും കാലക്രമേണ അവരുടെ ആദർശത്തിന്റെ പവിത്രീകരണം ത്വരിതപ്പെടുത്തുകയും ചെയ്യും.' (യങ് ഇന്ത്യ - 15-11-1928)

ബോൾഷെവിസത്തെപ്പറ്റി പൂർണമായി താൻ മനസ്സിലാക്കിയിട്ടില്ലെന്ന് വിനയപൂർവ്വമാണ് ഗാന്ധിജി തുടങ്ങുന്നത്. തുടർന്ന് ബലപ്രയോഗം സംബന്ധിച്ച് ബോൾഷെവിക്കുകൾക്ക് പ്രത്യേക താത്പര്യം ഉണ്ട്; അവിടെയാണ് തന്റെ തർക്കം എന്ന് അഭിപ്രായപ്പെടുന്നു. ബലപ്രയോഗത്തിലൂടെ സ്ഥാപിതമാകുന്നത്- നിലനിർത്താൻ ബലപ്രയോഗത്തെ ആശ്രയിക്കുന്നത്-ദീർഘകാലം അതേരൂപത്തിൽ നിലനിൽക്കില്ല എന്നും ഗാന്ധിജി മടികൂടാതെ പറയുന്നു.

ഇത്രയും വിമർശനങ്ങൾക്കുശേഷം മറ്റൊരു സാദ്ധ്യതയാണ് മഹാത്മജി അവതരിപ്പിക്കുന്നത്. ബോൾഷെവിസത്തിന് ആദർശത്തിനുവേണ്ടി സർവ്വവും ത്യജിച്ച അസംഖ്യം സ്ത്രീപുരുഷന്മാരും ലെനിനെപ്പോലുള്ള ഈ ചൈതന്യധന്യന്മാരുമുണ്ട്. അവരുടെ ത്യാഗങ്ങൾ കൊണ്ട് അനുഗ്രഹീതമായ ആദർശം നിഷ്ഫലമായിപ്പോവില്ല. കാരണം ത്യാഗത്തിന്റെ മഹത്തായ മാതൃക സദാസമുജ്ജ്വലിപ്പിക്കും. കാലക്രമേണ പ്രസ്തുത ആദർശത്തിന്റെ പവിത്രീകരണം നടക്കും.

വിമർശനം ഉന്നയിക്കുകയും അതേസമയം അത് മറികടക്കുവാൻ ബാധ്യത ഉണ്ടെന്ന് ചിന്തിക്കുകയും ചെയ്യുന്ന ഒരുതരം വൈരുദ്ധ്യാത്മകത ഗാന്ധിജിയുടെ നിലപാടുകളിൽ കാണാവുന്നതാണ്.

ഇവിടെ വിനയപൂർവം ചൂണ്ടിക്കാട്ടാനുള്ള ഒരു കാര്യം ബലപ്രയോഗം സംബന്ധിച്ചാണ്: സമത്വപൂർണമായ ഒരു സമൂഹസൃഷ്ടിക്കായി നടത്തുന്ന സാമൂഹികവിപ്ലവം സമാധാനപരമായ മാറ്റങ്ങളിലൂടെ പൂർത്തീകരിക്കുവാൻ തൊഴിലാളികളും കർഷകരും ചൂഷിതരുമടങ്ങുന്ന സാധാരണ ജനത തയ്യാറായിരിക്കും. എന്നാൽ, ഭരണാധികാരം ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ സമരമുന്നേറ്റത്തെ മാനിച്ചുകൊണ്ട് അവർക്ക് വിട്ടുകൊടുക്കാൻ ഭരണവർഗങ്ങൾ-ന്യൂനപക്ഷം വരുന്ന ചൂഷകരുടെ സംരക്ഷകർ - ചരിത്രത്തിൽ ഒരിക്കലും സന്നദ്ധരായിട്ടില്ല. സമാധാനപരമായ ബഹുജനപ്രക്ഷോഭത്തെ മൃഗീയമായി അടിച്ചമർത്താൻ ഭരണാധികാരികൾ ശ്രമിച്ചുവെന്നും വരാം. അത്തരം സാഹചര്യത്തെ അഭിമുഖീകരിക്കുവാൻ ബോൾഷെവിക്കുകൾ മുൻകരുതലെടുക്കുമെന്നു മാത്രം. മറ്റൊരുഭാഷയിൽ പറഞ്ഞാൽ ബലപ്രയോഗം ഒരിക്കലും ബോൾഷെവിക്കുകൾ തുടങ്ങില്ല. യഥാർഥത്തിൽ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിൽ വലിയ രക്തച്ചൊരിച്ചിൽ ഉണ്ടായില്ല എന്നതാണ് ചരിത്രം. (എന്നാൽ 1905-ലെ ഒന്നാം റഷ്യൻ വിപ്ലവത്തിൽ വലിയ കൂട്ടക്കുരുതിയാണ് സാർ ചക്രവർത്തി ഭരണം നടത്തിയത്). ബോൾഷെവിസവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഇവിടെ ഉദ്ധരിച്ച നിരീക്ഷണങ്ങൾ നടത്തിയിട്ട് ഒരു നൂറ്റാണ്ടു തികയാൻ ഇനി രണ്ടുവർഷങ്ങളേ വേണ്ടൂ. നമ്മുടെ മുന്നിലുള്ള അനുഭവം എന്താണ്? നിലനിൽക്കാൻ ബലപ്രയോഗം ആവശ്യമുള്ള ഒരു വ്യവസ്ഥ പ്രതിസന്ധിയിലാവും എന്ന മഹാത്മജിയുടെ 1928-ലെ നിരീക്ഷണം പ്രവർത്തിച്ചതുകൊണ്ടുകൂടിയാണോ 1991 ഡിസംബർ 26-ന് സോവിയറ്റ് യൂണിയൻ ശിഥിലീകൃതമായത്? സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ സംരക്ഷകരാവാൻ ആവേശത്തോടെ സോവിയറ്റ് ജനത അണിനിരക്കാത്തവിധം അവിടെ സോവിയറ്റ് ജനതയും ഭരണസംവിധാനങ്ങളും തമ്മിൽ ഒരു വിടവുണ്ടായതിന്റെ കാരണങ്ങൾ എന്താവാം?

അവ അപഗ്രഥിക്കുമ്പോൾ സോവിയറ്റ് വ്യവസ്ഥ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വപരമായി ജീർണിച്ചാലും തിരിച്ചറിയപ്പെട്ടതാണ്. തൊഴിലാളിവർഗ നേതൃത്വത്തിലുള്ള ജനങ്ങളുടെ സമ്പൂർണജനാധിപത്യമായി ആ വ്യവസ്ഥ വേണ്ടത്ര വികസ്വരമായില്ല എന്നു വ്യക്തം.

റഷ്യൻ വിപ്ലവം നടന്ന് 11 വർഷം കഴിഞ്ഞപ്പോഴാണ് ഗാന്ധിജി ബോൾഷെവിസത്തെ വിമർശനവിധേയമാക്കിയത്. ആ നിരീക്ഷണങ്ങളുടെ അവസാനഭാഗത്ത് അവരുടെ ത്യാഗത്തിന്റെ മഹത്തായ മാതൃക സദാസമുജ്ജ്വലിക്കുകയും കാലക്രമേണ അവരുടെ ആദർശത്തിന്റെ പവിത്രീകരണം ത്വരിതപ്പെടുത്തുകയും ചെയ്യും എന്ന ശുഭപ്രതീക്ഷ ഗാന്ധിജി പങ്കുവെക്കുന്നുണ്ട്. എന്നിട്ടും ആ വരികൾ കുറിച്ച് 63 വർഷം പിന്നിട്ടപ്പോൾ സോവിയറ്റ് യൂണിയൻ ശിഥിലമായി. അവിടങ്ങളിൽ മുതലാളിത്ത ചൂഷണവ്യവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടു.

സർവ്വരുടെയും ഉദയം (സർവ്വോദയം) സ്വപ്‌നം കണ്ട മഹാത്മജിയെ അദ്ദേഹത്തിന്റെ 157-ാം ജന്മദിനത്തിൽ അനുസ്മരിക്കുമ്പോൾ ഒരു കാര്യം നിസ്സംശയമാണ്. മഹാത്മജിയുടെയും അംബേദ്കറുടെയും നിരീക്ഷണങ്ങളും വിമർശനങ്ങളും കൂടി വിമർശനപരമായി പരിഗണിച്ചുകൊണ്ടുവേണം പുതിയ കാലഘട്ടത്തിൽ സമത്വത്തിനും സാമൂഹികനീതിക്കും വേണ്ടിയുള്ള ഇടപെടലുകളും പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും മുന്നോട്ടുകൊണ്ടുപോകുവാൻ ശാസ്ത്രീയ സോഷ്യലിസത്തിന്റെ പാത പിന്തുടരുന്നവർ ഇന്ത്യയിൽ ശ്രമിക്കേണ്ടത്. പ്രകൃതിയെയും മനുഷ്യനെയും അനിയന്ത്രിതമായും ആഭാസകരമായും കൊള്ളയടിച്ച് ചീർക്കുന്ന ക്രോണി കാപിറ്റലിസത്തിനെതിരായി പൊരുതുവാൻ ഇന്ത്യയിൽ കാൾമാർക്‌സിന്റെ ചിന്തയ്ക്ക് ഗാന്ധിജിയുടെയും അംബേദ്കറിന്റെയും ആശയാവലികളും കർമപരിപാടികളുമായിക്കൂടി സർഗാത്മക ചർച്ച വേണ്ടിവരും. ആ ലക്ഷ്യത്തിലെത്തുവാൻ ഒന്നാമത് ആവശ്യം ഗാന്ധിജിയുടെ ഘാതകരുടെ പിന്മുറക്കാർ ആപൽക്കരമാംവിധം ഇന്ത്യൻ സമൂഹത്തിലും അതിന്റെ മർമപ്രധാനസ്ഥാനങ്ങളിലും സ്വാധീനവും ആധിപത്യവും സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നത് തടയുന്നതിനുള്ള സമരങ്ങളാണ്. സർവരേയും ഉൾക്കൊള്ളുന്ന ജനത ഇന്ത്യ എന്ന ആശയത്തിനുവേണ്ടി ജീവിക്കുകയും ജീവാർപ്പണം നടത്തുകയും ചെയ്ത മഹാത്മജിയുടെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സന്ദേശം. അതിൽ നിന്ന് ഈ കാലഘട്ടത്തിൽ പ്രസക്തമായവ സ്വീകരിച്ചുപ്രവർത്തിക്കാനും പൊരുതാനും നമുക്ക് കടമയുണ്ട്.