'കണ്ണൂരില്‍ രാഷ്ട്രീയക്കളി കളിക്കുന്നവരെപ്പോലെ നല്ല ഫുട്ബോള്‍ കളിക്കാരുമുണ്ടായിരുന്നു'

ഫ്രാന്‍സിന്റെ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ കാണാന്‍ എംബസിയുടെ മുന്നില്‍ വലിയ സ്‌ക്രീന്‍ ഒരുക്കിയിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ക്കായി വീഞ്ഞും ചീസുമുണ്ടായിരുന്നു. ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് കാണുമ്പോള്‍ മനസ്സ് മയ്യഴിയിലേക്ക് തിരിച്ച് കുതിക്കുകയായിരുന്നു. ഫ്രഞ്ച് സ്‌കൂളിന്റെ മുറ്റത്തെ പഴയ ഫുട്ബോള്‍ മാച്ചിലേക്ക്...
1998-ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരം നടന്നത് ഫ്രാന്‍സിലായിരുന്നു. അവിടത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ സ്താദ് ദ് ഫ്രാന്‍സില്‍. ഫ്രാന്‍സും ബ്രസീലും തമ്മിലുള്ള ഐതിഹാസിക ഫൈനല്‍ മത്സരം കാണാന്‍ ഞാനും പോയിരുന്നു. ഫ്രാന്‍സിലല്ല, ചാണക്യപുരിയില്‍ എംബസിയുടെ മുറ്റത്ത്. അവിടെ വലിയൊരു സ്‌ക്രീനില്‍ മത്സരം തത്സമയം കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. ടെലിവിഷന്‍ സാങ്കേതികവിദ്യ ഇന്നത്തേതുപോലെ വളര്‍ന്നിട്ടില്ലാത്ത ആ നാളുകളില്‍, വലിയ സ്‌ക്രീനിലെ കാഴ്ച ഒരു വിസ്മയമായിരുന്നു.
നമ്മുടെ പ്രിയ കഥാകാരന്‍ അര്‍ജന്റീനക്കാരന്‍ ഹോര്‍ജെ ലൂയിസ് ബോര്‍ജെസിന് ഫുട്ബോള്‍ കളി ഇഷ്ടമല്ലായിരുന്നു. ബോര്‍ജെസ് ഫുട്ബോളിനെ വെറുത്തിരുന്നു. നമ്മുടെ പ്രിയ മാര്‍ക്‌സിസ്റ്റ് തത്ത്വചിന്തകന്‍ ഇറ്റലിക്കാരന്‍ അന്റോണിയോ ഗ്രാംഷിക്ക് ഫുട്ബോള്‍ കളി ഇഷ്ടമായിരുന്നു. ഗ്രാംഷി എപ്പോഴും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ പോയിരുന്നു. ഫുട്ബോള്‍ പ്രത്യയശാസ്ത്രത്തിലെ ദ്വന്ദ്വമായിരുന്നു ഗ്രാംഷിയും ബോര്‍ജെസും.
ഠേ!
എന്റെ നെഞ്ചില്‍ ഒരു വെടികൊണ്ടതായിത്തോന്നി. കണ്ണുകളില്‍ ഇരുട്ട് കയറി. വീഴാതിരിക്കാന്‍ വേണ്ടി ഞാന്‍ ആരുടെയോ ചുമലില്‍ കയറിപ്പിടിച്ചു.
വെടികൊണ്ട് മരിക്കുന്നതിലാണ് എനിക്ക് താത്പര്യം. മാറാരോഗം വന്നും ഹൃദയസ്തംഭനം വന്നും റോഡപകടത്തില്‍പ്പെട്ടും മരിക്കാം. മഹാകവി കുമാരനാശാനെപ്പോലെ തീബോട്ട് മറിഞ്ഞ് ശ്വാസകോശങ്ങളില്‍ പുഴവെള്ളം നിറഞ്ഞ് മരിക്കാം. സഖാവ് പി. കൃഷ്ണപിള്ളയെപ്പോലെയും ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയെപ്പോലെയും പാമ്പുകടിച്ച് മരിക്കാം.
അട്ടപ്പാടിയിലെ മധുവിനെപ്പോലെ ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായി മരിക്കാം. എം.എന്‍. വിജയന്‍ മാഷെപ്പോലെ മൈക്കിനുമുമ്പില്‍ പ്രസംഗിച്ചുകൊണ്ട് നിന്ന് മരിക്കാം. നടന്‍ ജയനെപ്പോലെ ഹെലികോപ്റ്ററില്‍ തൂങ്ങി അഭ്യാസം കാണിക്കുമ്പോള്‍ താഴെവീണു മരിക്കാം. ചങ്ങമ്പുഴയുടെ രമണനെപ്പോലെ തൂങ്ങിമരിക്കാം. വെള്ളിത്തിരയില്‍ അഭിനയിച്ച് മനസ്സുകളെ മോഹിപ്പിച്ച റാണി ചന്ദ്രയെപ്പോലെ വിമാനാപകടത്തില്‍ മരിക്കാം. 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ പെട്ടിട്ടെന്നപോലെ വാളിനും ശൂലത്തിനും ഇരയായി മരിക്കാം. കല്പന ചാവ്ളയെപ്പോലെ ബഹിരാകാശത്തില്‍ പേടകം പൊട്ടിത്തെറിച്ച് വെന്തുമരിക്കാം...
അങ്ങനെ പല ശൈലികളില്‍ മരിക്കാം; കാല്പനിക ശൈലിയിലും റിയലിസ്റ്റിക് ശൈലിയിലും ആധുനിക ശൈലിയിലും ഉത്തരാധുനിക ശൈലിയിലും. എന്റെ നാട്ടുകാരനായ മിച്ചിലോട്ട് മാധവന്‍ നെഞ്ചില്‍ വെടിയേറ്റാണ് മരിച്ചത്. മാധവന്‍ ഉപരിപഠനത്തിനായി പാരീസില്‍ പോയതായിരുന്നു. ഹിറ്റ്ലര്‍ ഫ്രാന്‍സില്‍ അധിനിവേശം നടത്തിയപ്പോള്‍ പ്രതിരോധപ്രവര്‍ത്തനം നടത്തിയ മാധവനെ നാസി പട്ടാളം പിടിച്ചു കൊണ്ടുപോയി വെടിവെച്ചുകൊന്നു.
ആരും ആഘോഷിക്കാത്ത രണ്ട് പാവം രക്തസാക്ഷികള്‍ മയ്യഴിയിലുണ്ട്. ഫ്രഞ്ച് അധിനിവേശത്തിനെതിരേ പൊരുതി നെഞ്ചില്‍ വെടിയേറ്റു മരിച്ച സഖാക്കള്‍ അച്യുതനും അനന്തനും.
മിച്ചിലോട്ട് മാധവനെയും സഖാക്കള്‍ അച്യുതനെയും അനന്തനെയുംപോലെ വെടിയേറ്റ് മരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് നെഞ്ചില്‍ വെടികൊണ്ട് കണ്ണില്‍ ഇരുട്ട് നിറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. പക്ഷേ, എന്റെ നെഞ്ചില്‍ കൊണ്ടത് വെടിയുണ്ടയായിരുന്നില്ല, ഫുട്ബോള്‍ ആയിരുന്നു. കൊണ്ടോടി ചന്ദ്രന്‍ പോസ്റ്റിലേക്കടിച്ച ഗംഭീരം അടി ഉന്നം തെറ്റി എന്‍ നെഞ്ചില്‍ കൊണ്ടു. വിശുദ്ധ തെരേസമ്മ പള്ളിയുടെ മുമ്പിലെ ഞങ്ങളുടെ ഫ്രഞ്ച് സ്‌കൂളിന്റെ മുറ്റത്ത് ഞാന്‍ മറ്റു കുട്ടികളുമായി ഫുട്ബോള്‍ കളിക്കുകയായിരുന്നു. ഞാന്‍ ആദ്യമായിട്ടായിരുന്നു ഫുട്ബോള്‍ കാലുകൊണ്ട് തൊടുന്നത്. അതുവരെ ഞാന്‍ ചെറിയ കാല്‍പ്പന്തുകൊണ്ടാണ് കളിച്ചിരുന്നത്.
അങ്ങനെയിരിക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് ഫുട്ബോള്‍ കളിക്കാനൊരു മോഹം. ഫുട്ബോള്‍ വാങ്ങാന്‍ പൈസയില്ല. എന്റെ അയല്‍ക്കാരനായ കുടുക്കി നാഥന് ഒരു ഐഡിയ തോന്നി.
''നമ്മക്ക് പൈശ പിരിപ്പിക്കാം.''
-കുടുക്കി നാഥന്‍ പറഞ്ഞു.
ഇന്ന് രാഷ്ട്രീയപ്പാര്‍ട്ടികളാണ് കേരളയാത്രയ്ക്കും ഭാരതയാത്രയ്ക്കും മറ്റും ആയി പണം പിരിക്കുന്നത്. അറുപത് വര്‍ഷം മുമ്പുതന്നെ ഒരു ഫുട്ബോള്‍ വാങ്ങാന്‍ വേണ്ടി ഞങ്ങള്‍ മയ്യഴിയിലെ കുട്ടികള്‍ വീടുതോറും കയറിയിറങ്ങി പണം പിരിച്ചിരുന്നു. സമ്പദ്വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്താനുള്ള എളുപ്പവഴി പിരിവെടുക്കലാണെന്ന് കേരളരാഷ്ട്രീയം നമുക്ക് പറഞ്ഞുതരുന്നു. പിരിവെടുത്തുകൊണ്ടാണ് കേരളം ഭാവിയിലേക്ക് കുതിക്കാന്‍ പോകുന്നത്. -ഞാന്‍ പറഞ്ഞു.
അങ്ങനെ പിരിവെടുത്ത് വാങ്ങിയ ഫുട്ബോള്‍കൊണ്ട് കളിക്കുമ്പോഴാണ് വെടിയുണ്ടപോലെ ബോള്‍ എന്റെ നെഞ്ചില്‍ കൊണ്ടത്. ഞാന്‍ അനാരോഗ്യവാനായ കുട്ടിയായിരുന്നു. ഒരിക്കല്‍ ബോള് കളിക്കുമ്പോള്‍ എന്റെ മൂക്കില്‍നിന്നും വായില്‍നിന്നും ചോര വന്നു. കളിക്കാന്‍ പോകരുതെന്ന് വിലക്കുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ ഒളിച്ചുപോയി കളിച്ചു. ആനവാതുക്കല്‍ ടീമിലായിരുന്നു ഞാന്‍. മുണ്ടോക്ക് ടീമുമായുള്ള വാശിയേറിയ മത്സരത്തില്‍ ഞാന്‍ ഡിഫന്‍ഡറായിരുന്നു. അതുകൊണ്ട് മുണ്ടോക്ക് ടീമിന് എളുപ്പത്തില്‍ ആനവാതുക്കല്‍ ടീമിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞു.
അന്നും ഇന്നും ഫുട്ബോള്‍ എന്റെ പ്രിയപ്പെട്ട കളിയാണ്.
''ഞാന്‍ ബോര്‍ജെസിന്റെ ഭാഗത്തല്ല, ഗ്രാംഷിയുടെ ഭാഗത്താണ്.''
-ഞാന്‍ ഒന്നാമന്‍ ഞാന്‍ രണ്ടാമനോട് പറഞ്ഞു.
കണ്ണൂരില്‍, രാഷ്ട്രീയക്കളി കളിക്കുന്നവരെപ്പോലെത്തന്നെ നല്ല ഫുട്ബോള്‍ കളിക്കാരുമുണ്ടായിരുന്നു. സ്പിരിറ്റഡ് യൂത്ത്സ് എന്നും ലക്കി സ്റ്റാര്‍ എന്നും പേരുള്ള രണ്ട് ഗംഭീരന്‍ ഫുട്ബോള്‍ ടീമുകള്‍ അവിടെ ഉണ്ടായിരുന്നു. ഒരിക്കല്‍ അവരുടെ കളി കാണാന്‍വേണ്ടി കൗമാരക്കാരനായ ഞാന്‍ അമ്മയുടെ കൈയില്‍നിന്ന് കാശുവാങ്ങി ഒരു ചങ്ങാതിയുടെ കൂടെ കണ്ണൂരില്‍ പോയിരുന്നു.
സ്പിരിറ്റഡ് യൂത്തിലെ മോരക്കണ്ടി ഭരതനും ബ്രദേഴ്സ് ക്ലബ്ബിലെ സി.എം. ചിദാനന്ദനുമായിരുന്നു അന്നത്തെ എന്റെ ഹീറോകള്‍. കാലില്‍ പന്തുമായി എതിരാളികളുടെ ഗോള്‍ വലയത്തിലേക്ക് ചിദാനന്ദന്‍ പറക്കുന്നത് കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു. പിന്നീട് മോഹന്‍ ബഗാനിലെ ചുനി ഗോസ്വാമിയും ആന്ധ്രാ പോലീസിലെ സുല്‍ഫിക്കര്‍ അലിയും യൂസഫ് ഖാനുമായിരുന്നു എന്റെ ഹീറോകള്‍. അതിനുശേഷം ബ്രസീലിന്റെ പെലെയും ഫ്രാന്‍സിലെ പ്ലറ്റിനിയുമായിരുന്നു എന്റെ മഹാഹീറോകള്‍.
പക്ഷേ, എക്കാലത്തും ഞാന്‍ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഫുട്ബോള്‍ താരം സിനദിന്‍ സിദാനാണ്.
''എന്തുകൊണ്ട്?''
-ഞാന്‍ രണ്ടാമന്‍ ഞാന്‍ ഒന്നാമനോട് ചോദിച്ചു.
ഞാന്‍ ഒന്നാമന്‍ അന്വേഷിയാണ്. രണ്ടാമന്‍ സന്ദേഹിയും. അവര്‍ രണ്ടുപേരും കൂടിച്ചേരുമ്പോഴാണ് ഞാനുണ്ടാകുന്നത്.
''സിനദിന്‍ സിദാന്‍ ഫുട്ബോളിലെ വംശവെറിയുടെ ഇരയാണ്.''
-ഞാന്‍ പറഞ്ഞു.
ലോകം കണ്ട മികച്ച ഫുട്ബോള്‍ കളിക്കാരനായ സിദാന്റെ കളിജീവിതം ഒരു ദുരന്തമാക്കി മാറ്റിയത് വംശവെറിയാണ്. കണ്ണില്‍ ഇരുട്ടാണെങ്കിലും അന്ധനായ ബോര്‍ജെസ് അത് മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം.
''നമുക്ക് ഫുട്ബോള്‍ കളി കാണാന്‍ പോകാം.''
-രാഘവേട്ടന്‍ പറഞ്ഞു. രാഘവേട്ടന്‍ നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നു.
എന്റെ അനുജന്‍ ബാലനും നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. ലോകകപ്പ് മത്സരം ടി.വി.യില്‍ കണ്ടതിനുശേഷം ഉറങ്ങാന്‍ കിടന്ന അവന്‍ ഉറക്കത്തില്‍ ഹൃദയസ്തംഭനംവന്ന് മരിച്ചു.
ഡല്‍ഹിയില്‍ പ്രശസ്തമായ രണ്ട് ടൂര്‍ണമെന്റുകള്‍ ഉണ്ടായിരുന്നു. ഡി.സി.എം. ട്രോഫിയും ഡ്യൂറന്റ് കപ്പും. ഞാന്‍ ഡല്‍ഹിയില്‍ എത്തിയ കാലത്ത് പതിവായി മേച്ചുകള്‍ കാണാന്‍ പോകുമായിരുന്നു. ഡല്‍ഹി ഗേറ്റിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലാണ് പ്രധാനപ്പെട്ട ഫുട്ബോള്‍ മേച്ചുകളെല്ലാം നടക്കുന്നത്.
1964-ല്‍ ഡി.സി.എം. ട്രോഫിക്കുവേണ്ടിയുള്ള ഫൈനല്‍ മത്സരം കാണാനാണ് ഞാന്‍ ആദ്യമായി രാഘവേട്ടന്റെ കൂടെ അവിടെപ്പോയത്. ഫൈനലില്‍ കല്‍ക്കത്തയിലെ മൊഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങും ആന്ധ്ര പോലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യ പകുതിയില്‍ കളി ഡ്രോ ആയിരുന്നെങ്കിലും എക്സ്ട്രാ ടൈമില്‍ മൊഹമ്മദന്‍ സ്‌പോര്‍ട്ടിങ് ഒരു ഗോളടിച്ച് കപ്പ് നേടി.
കളി കഴിഞ്ഞപ്പോള്‍ പതിനായിരക്കണക്കിന് കാഴ്ചക്കാര്‍ റോഡുകളിലേക്ക് പ്രവഹിച്ചു. ബസുകള്‍ വിരളമായിരുന്നു. ഒരു മണിക്കൂറിലേറെ കാത്തുനിന്നിട്ടും ബസ് കിട്ടിയില്ല. ഞങ്ങള്‍ ഇന്ത്യാ ഗേറ്റുവരെ നടന്നു. അവിടെനിന്ന് കിട്ടി.
പിന്നീട് ഡല്‍ഹി ഗേറ്റ് സ്റ്റേഡിയത്തില്‍ കളി കാണാന്‍ ഞങ്ങള്‍ പോയത് ലാജ്പത് നഗറില്‍നിന്ന് ലോക്കല്‍ ട്രെയിന്‍ പിടിച്ചാണ്. മിന്റോ ബ്രിജ് സ്റ്റേഷനില്‍ വണ്ടിയിറങ്ങും. ലോക്കല്‍ ട്രെയിന്‍ നിറയെ ഫുട്ബോള്‍ കളി കാണാന്‍ പോകുന്നവരായിരിക്കും.
''എല്ലാരും വാ. പാതാറില്‍പ്പോയി
കമന്ററി കേള്‍ക്കാം.''
-അമ്മാവന്‍ സി.പി. കുമാരന്‍ പറഞ്ഞു. കോഴിക്കോട് നാഗ്ജി ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സമയമായിരുന്നു. രാഘവേട്ടനെപ്പോലെ അമ്മാവനും ഗംഭീരം ഫുട്ബോള്‍ കളിക്കാരനായിരുന്നു.
മാഹി സ്‌പോര്‍ട്സ് ക്ലബ്ബ് ലൈബ്രറിയില്‍ ഇരുന്ന് വായിക്കുന്നവരും രാഷ്ട്രീയം പറഞ്ഞ് തര്‍ക്കിക്കുന്നവരുമെല്ലാം കൂട്ടത്തോടെ പാതാറിലേക്ക് ചെന്നു. കൂട്ടത്തില്‍ ജാപ്പ് നാണുവേട്ടനും കൊപ്പര നാണുവേട്ടനും അപ്പക്കൂട് നാഥേട്ടനും ഉണ്ടായിരുന്നു. പാതാറില്‍ ഫ്രഞ്ചുകാര്‍ സ്ഥാപിച്ച ബിബ്ലിയോത്തേക്ക് പ്യൂബ്ലിക്ക് എന്ന ലൈബ്രറിയില്‍ ഒരു റേഡിയോ ഉണ്ടായിരുന്നു. നിരത്തിനപ്പുറം മരത്തിനുമുകളില്‍ കെട്ടിയ കോളാമ്പി സ്പീക്കറിലൂടെ റേഡിയോയിലെ കമ്മന്ററി ഉച്ചത്തില്‍ കേള്‍ക്കാം. അവിടെ വലിയ ആള്‍ക്കൂട്ടം കമന്ററി കേള്‍ക്കാനായി എത്തിയിരുന്നു. ഗോവ വാസ്‌കോഡ ഗാമയും കണ്ണൂര്‍ ലക്കിസ്റ്റാറും തമ്മിലായിരുന്നു മത്സരം. രാമേട്ടന്റെ ചടുലമായ കമന്ററി കേള്‍ക്കുമ്പോള്‍ കളി കണ്‍മുമ്പില്‍ കാണാം.
അതേ, ബോര്‍ജെസ് ഫുട്ബോളിനെ വെറുത്തിരുന്നു.
''എന്തുകൊണ്ട്?''
-ഞാന്‍ രണ്ടാമന്‍ ചോദിച്ചു.
അര്‍ജന്റീനക്കാരുടെ പൊതുബോധത്തിന്റെ ഭാഗമായി മാറിയിരുന്നു ഫുട്ബോള്‍. ഫുട്ബോള്‍ അവരുടെ മതവും ദേശീയ വികാരവുമായിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ ജയിക്കുക എന്നത് അവര്‍ക്ക് രാജ്യാഭിമാനത്തിന്റെ പ്രശ്‌നമായി മാറി. ഫുട്ബോളിനോടുള്ള ഈ അന്ധമായ വൈകാരികാഭിനിവേശം അര്‍ജന്റീനയില്‍ വളര്‍ന്നുവരുന്ന ഫാസിസത്തോടും ആന്റി സെമിറ്റിസത്തോടും ചേര്‍ന്ന് വലിയൊരു ഭവിഷ്യത്തായി മാറുമെന്ന് ബോര്‍ജെസ് ആശങ്കപ്പെട്ടു. ഫുട്ബോള്‍ മത്സരങ്ങള്‍ ആള്‍ക്കൂട്ടകലാപത്തിന്റെ കളികളായി മാറുന്നുണ്ടായിരുന്നു. അര്‍ജന്റീനയിലെ പട്ടാള സ്വേച്ഛാധിപത്യ ഭരണകൂടം ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി. അന്ധമായ ഫുട്ബോള്‍ വികാരം ആളിക്കത്തിച്ച് അവര്‍ അവരുടെ ക്രൂരകൃത്യങ്ങള്‍ക്ക് മറയുണ്ടാക്കി. ബോര്‍ജെസ് അതെല്ലാം കാണുന്നുണ്ടായിരുന്നു.
-ഞാന്‍ ഒന്നാമന്‍ പറഞ്ഞു.
ബോര്‍ജെസ് ഫുട്ബോളിനെ മാത്രമല്ല, ബോര്‍ജെസിനെയും വെറുത്തിരുന്നു. അര്‍ജന്റീനയിലെ ഏറ്റവും വലിയ ഈ എഴുത്തുകാരന്‍ 1978-ല്‍ ചെയ്ത ഒരു പ്രഭാഷണത്തില്‍ ഇങ്ങനെ പറയുന്നു:
''ബോര്‍ജെസ് ആയി ഇനിയും ജീവിക്കേണ്ടിവരുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു. എനിക്ക് എന്നെ മടുത്തിരിക്കുന്നു. എന്റെ പേരും പ്രശസ്തിയും മടുത്തിരിക്കുന്നു. അതില്‍നിന്നെല്ലാം എനിക്ക് മോചനം വേണം.''
1978-ല്‍ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ അര്‍ജന്റീനയില്‍ നടക്കുമ്പോഴായിരുന്നു ബോര്‍ജെസിന്റെ ഈ പ്രഭാഷണം.
''എങ്ങനെയാണ് ഗ്രാംഷി ഒരു ഫുട്ബോള്‍ പ്രേമിയായത്?''
-ഞാന്‍ എന്നോടുതന്നെ ചോദിച്ചു.
1998-ലായിരുന്നു ഫ്രാന്‍സ് ആദ്യമായി വേള്‍ഡ് കപ്പ് ജയിച്ചത്. 1930-ലെ വേള്‍ഡ് കപ്പില്‍ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയെ തോല്‍പ്പിച്ചതോടെ ഫ്രാന്‍സിന് ആത്മവിശ്വാസം കൈവന്നിരുന്നു. പക്ഷേ, ഗ്രൂപ്പ് ഒന്ന് മേച്ചുകളില്‍ അര്‍ജന്റീനയോടും ചിലിയോടും തോറ്റതോടെ ഫ്രാന്‍സ് പുറത്തായി. 1958-ലും 1982-ലും 1986-ലും സെമി ഫൈനലില്‍ എത്തിയെങ്കിലും ഫൈനലില്‍ കടക്കാതെ തോറ്റു പുറത്തായി. പതിറ്റാണ്ടുകള്‍ ശ്രമിച്ചിട്ടും വേള്‍ഡ് കപ്പ് നേടുക എന്ന ഫ്രാന്‍സിന്റെ സ്വപ്നം സഫലമായില്ല. പ്ലറ്റിനി ടീമില്‍ ഉണ്ടായിട്ടും. കോച്ച് എമേ ഴക്കേയാണ് (AIME JACQUET) ഫ്രഞ്ച് ഫുട്ബോളിനെ ഒരു വഴിത്തിരിവിലേക്ക് നയിച്ചത്. അതുവരെ കാണികളെ ത്രില്ലടിപ്പിച്ച് ഗോള്‍ സ്‌കോര്‍ ചെയ്യുന്ന ഗ്ലാമര്‍ കളിയാണ് ഫ്രഞ്ച് ടീം കളിച്ചത്. ഴക്കേ ആ ശൈലി മാറ്റി. പ്രതിരോധത്തിന് പ്രാധാന്യം നല്‍കുന്ന ഒരു പ്രായോഗിക രീതി അയാള്‍ നടപ്പാക്കി. അത് ഫലം കണ്ടു. പാരഗ്വായ്യെ 1-0-ന് തോല്‍പ്പിച്ചു.
ഡെന്‍മാര്‍ക്കിനെ 2-1-ന് തോല്‍പ്പിച്ചു. ഇറ്റലിയെ 4-3-ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. സെമിഫൈനലില്‍ ക്രോയേഷ്യയെ 2-1-ന് തോല്‍പ്പിച്ചു. അങ്ങനെ ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ എത്തി. ഫൈനലില്‍ എതിരാളി റൊണാള്‍ഡോയുടെ ബ്രസീല്‍ ആയിരുന്നു.
ആര് ജയിക്കും?
എല്ലാവരും വാതുവെച്ചു. കള്‍ച്ചറല്‍ കൗണ്‍സലര്‍ ഫ്രാന്‍സ് ജയിക്കുമെന്നും സയന്റിഫിക് കൗണ്‍സലര്‍ ബ്രസീല്‍ ജയിക്കുമെന്നും വാതുവെച്ചു. ഞാന്‍ ആരുമായും ബെറ്റ് വെച്ചില്ല. ഫ്രാന്‍സ് തോല്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാന്‍ ഒരു അശുഭദര്‍ശിയാണ്.
ഫ്രാന്‍സ്-ബ്രസീല്‍ ഫൈനല്‍ മത്സരം വലിയ സ്‌ക്രീനില്‍ കാണാന്‍ അംബാസഡര്‍ ഞങ്ങള്‍ എല്ലാവരെയും ചാണക്യപുരിയിലെ എംബസി മുറ്റത്തേക്ക് ക്ഷണിച്ചു. നൂറിലേറെ വി.ഐ.പി.കളെയും ക്ഷണിച്ചിരുന്നു. എല്ലാവരും രാത്രി എംബസിയിലെത്തി.
എന്തുകൊണ്ടാണ് ഗ്രാംഷി ഫുട്ബോള്‍ കളി ഇഷ്ടപ്പെട്ടത്?'' - ഞാന്‍ രണ്ടാമന്‍ ചോദ്യം ആവര്‍ത്തിച്ചു.
അന്റോണിയോ ഗ്രാംഷി അപ്പോള്‍ ജീവിച്ചിരിപ്പില്ലായിരുന്നു. അല്ലെങ്കില്‍ ഗ്രാംഷിയും സ്താദ് ദ് ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ കളി കാണാന്‍ വരുമായിരുന്നു. ഗ്രാംഷിയുടെ അരികിലിരുന്ന് സിനദിന്‍ സിദാന്‍ ഗോളടിക്കുന്നത് കാണാന്‍ എന്ത് രസമായിരിക്കും. ഞാന്‍ അങ്ങനെ ആത്മഗതം ചെയ്തു.
ഫുട്ബോള്‍ കളിയെക്കുറിച്ച് ഗ്രാംഷി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഫുട്ബോള്‍ കളിയിലുള്ള ജനങ്ങളുടെ അഭിനിവേശം സാമൂഹികവും സാംസ്‌കാരികവുമായ ഗതിവിജ്ഞാനീയത്തെ മനസ്സിലാക്കാന്‍ ഗ്രാംഷിയെ സഹായിച്ചിരുന്നു. ജനഹിത സംസ്‌കാരത്തിന്റെ ആവിഷ്‌കാരമായി ഗ്രാംഷി ഫുട്ബോള്‍ കളിയെ വ്യഖ്യാനിച്ചു. അധികാരവര്‍ഗത്തിന്റെ നിയന്ത്രണത്തിലുള്ള ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷനില്‍ നടക്കുന്ന അഴിമതിയെയും കെടുകാര്യസ്ഥതയെയും ഗ്രാംഷി വിമര്‍ശിച്ചു. തൊഴിലാളികളുടെ ഫുട്ബോള്‍ ക്ലബ്ബുകളെ ഗ്രാംഷി പ്രശംസിച്ചു.
ഇറ്റാലിയന്‍ വരേണ്യതയാണ് ലോകംകണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളായ സിനദിന്‍ സിദാനെ നശിപ്പിച്ചത്.
ബ്രാവോ !
- ആദ്യ പകുതിയില്‍ സിനദിന്‍ സിദാന്‍ ഹെഡ് ചെയ്ത ബോള്‍ ബ്രസീലിന്റെ ഗോള്‍ വലയത്തില്‍ പറന്നുചെന്നു വീണു.
Content Highlights: M. Mukundan writes Ente embassykkalam on football world cup