എംബസികാലം എന്റെ രാഘവേട്ടന്; എല്ലാം തന്ന് തലോടി ഒപ്പംനിന്നത് അദ്ദേഹമാണ് -എം. മുകുന്ദന്‍

എം. മുകുന്ദന്‍ എന്ന എഴുത്തുകാരനെയും ഫ്രഞ്ച് എംബസിയിലെ ഉന്നത ഉദ്യോഗസ്ഥനെയും സൃഷ്ടിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് ജ്യേഷ്ഠനും കഥാകൃത്തുമായ എം. രാഘവനാണ്. മുകുന്ദന്റെ പ്രശസ്ത നോവലുകളടക്കമുള്ള ആദ്യകാല രചനകളിലെല്ലാം ജ്യേഷ്ഠന്റെ സ്‌നേഹസ്പര്‍ശമുണ്ട്. പിന്നീട് അനുജന്‍ തന്നെക്കാള്‍ മുന്നില്‍ ദൂരദൂരം പോയപ്പോള്‍ മാറിനിന്ന് സന്തോഷിച്ചു, ഈ ജ്യേഷ്ഠന്‍. തനിക്ക് ജീവിതംതന്ന എംബസിക്കാലത്തെ ഓര്‍മ്മകള്‍ അവസാനിക്കുമ്പോള്‍ മുകുന്ദന്‍ തൊട്ടിരിക്കുന്നതും നന്ദിപറയുന്നതും പ്രിയപ്പെട്ട രാഘവേട്ടനോടാണ്.
പൂമുഖത്തുനിന്ന് ജ്യേഷ്ഠന്റെ മെലിഞ്ഞ കൈപിടിച്ച് മുറ്റത്തേക്കിറക്കുമ്പോള്‍ എം. മുകുന്ദനില്‍ കരുതലിനൊപ്പം കടപ്പാടുമുണ്ടായിരുന്നു, കടലോളം. കാരണം എം. രാഘവന്‍ എന്ന ഈ ജ്യേഷ്ഠനില്ലെങ്കിലും എം. മുകുന്ദന്‍ എന്ന മനുഷ്യനുണ്ടാവുമായിരിക്കും പക്ഷേ, എഴുത്തുകാരനുണ്ടാവില്ല. മയ്യഴിപ്പുഴയുടെ തീരങ്ങളിലും ദൈവത്തിന്റെ വികൃതികളുമുണ്ടാവില്ല. സ്വയം അറിയപ്പെടുന്ന ഒരു കഥാകൃത്തായിട്ടും അനുജന്റെ എഴുത്തിലും വളര്‍ച്ചയിലുമായിരുന്നു ഈ ജ്യേഷ്ഠന്റെ ശ്രദ്ധമുഴുവന്‍. തന്നെയും കടന്ന് അനുജന്‍ ദൂരദൂരം മുന്നേറിയപ്പോഴും ജ്യേഷ്ഠന്‍ ആശീര്‍വാദങ്ങളുമായി ഒപ്പംനിന്നു...
ഇന്ന് തൊണ്ണൂറ്റിനാലാം വയസ്സിലും അനുജന്റെ എഴുത്തിനെക്കുറിച്ച് ചോദിച്ചാല്‍ എം. രാഘവന്റെ ക്ഷീണിച്ച കണ്ണുകളില്‍ പ്രകാശംപരക്കും. 'തന്റെ അനിയനാണ് മുകുന്ദന്‍ എന്നതിനെക്കാള്‍ മുകുന്ദന്റെ ജ്യേഷ്ഠനാണ് താന്‍' എന്നറിയപ്പെടാനാണ് അദ്ദേഹത്തിനിഷ്ടം. അനസൂയാവിശുദ്ധമായ സ്‌നേഹം അവര്‍ക്കിടയില്‍ അനുസ്യൂതം തുടരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം. മുകുന്ദന്‍ ആദ്യമെഴുതുന്നത് തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ്. അതിനകം അറിയപ്പെടുന്ന കഥാകൃത്തായി മാറിക്കഴിഞ്ഞിരുന്ന ജ്യേഷ്ഠന്റെ സ്വാധീനംകൂടിയുണ്ടായിരുന്നു ആ സാഹസത്തിന് പിന്നില്‍. എഴുതിയ നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എന്‍.വി. കൃഷ്ണവാരിയര്‍ക്ക് അയച്ചുകൊടുത്തു. നോവല്‍ വായിച്ച എന്‍.വി. പറഞ്ഞു: 'കഥയും കഥാപാത്രങ്ങളുമെല്ലാം ഗംഭീരമാണ്. പക്ഷേ, നോവല്‍ ശരിയായിട്ടില്ല.'
മുകുന്ദന് കടുത്തനിരാശ തോന്നി. അദ്ദേഹമത് കത്തിച്ചുകളഞ്ഞു. രണ്ടുവര്‍ഷത്തിനുശേഷം ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ ജോലികിട്ടി, വിവാഹിതനായശേഷമാണ് തന്റെ മാസ്റ്റര്‍പീസ് നോവല്‍ എഴുതാന്‍ അദ്ദേഹം വീണ്ടും തുനിയുന്നത്.
''എനിക്കും മുന്നേ ഫ്രഞ്ച് എംബസിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്ന രാഘവേട്ടനൊപ്പം ഒരേ വീട്ടിലാണ് അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. മയ്യഴി വീണ്ടുമെഴുതാന്‍ തുടങ്ങിയപ്പോള്‍ വല്ലാത്തൊരു ആവേശമായിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് ഭാര്യ ശ്രീജ ഉറങ്ങിക്കിടക്കുന്ന സമയത്ത് ഞാന്‍ ഇരുന്ന് എഴുതുകയായിരിക്കും. എന്റെ മുറിയില്‍ വെളിച്ചം കണ്ട് രാഘവേട്ടന്‍ വന്നുനോക്കും. ഒന്നും മിണ്ടാതെ പോവും. ഞാന്‍ എഴുതുന്നതില്‍ അത്രയ്ക്ക് താത്പര്യമായിരുന്നു അദ്ദേഹത്തിന്.'' -മുകുന്ദന്റെ വാക്കുകളില്‍ തെളിയുന്നത് എഴുത്തിലും ജീവിതത്തിലും അനിയന്റെ വളര്‍ച്ചയ്ക്ക് തണലായി നിന്ന ജ്യേഷ്ഠന്റെ ചിത്രം.
അനിയന്‍ വലിയ എഴുത്തുകാരനായി മാറുന്നതില്‍ ഏറെ അഭിമാനിച്ചു എഴുത്തുകാരന്‍ കൂടിയായ എം. രാഘവന്‍. മുകുന്ദനെക്കാള്‍ 12 വയസ്സിന് മുതിര്‍ന്ന മണിയമ്പത്ത് രാഘവന്‍ കാലത്തിനും അനുജന്റെ അക്ഷരവളര്‍ച്ചയ്ക്കും സാക്ഷിയായി ഇപ്പോഴും മയ്യഴിയിലെ വീട്ടിലുണ്ട്. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്റെ എംബസിക്കാലത്തില്‍ ജ്യേഷ്ഠന്റെ സ്‌നേഹവാത്സല്യങ്ങളെക്കുറിച്ച് വികാരവായ്‌പോടെയാണ് മുകുന്ദന്‍ എഴുതിയിരിക്കുന്നത്.
ചെറിയപ്രായത്തിലേ തുടങ്ങി എഴുപതിലധികം കഥകളും നാല് നോവലുകളുമെഴുതിയ രാഘവന്‍, ഫ്രഞ്ച് എംബസിയില്‍ ജോലി കിട്ടിയതോടെ എഴുത്തിന്റെ വഴിയില്‍നിന്നകന്ന് ഔദ്യോഗികജീവിതത്തിന്റെ തിരക്കുകളിലേക്ക് ആണ്ടിറങ്ങുകയായിരുന്നു. ''എനിക്കെന്നും ഏട്ടനൊരു മാതൃകയായിരുന്നു, എഴുത്തിലും ജീവിതത്തിലുമെല്ലാം. എംബസിക്കാലത്തും എനിക്ക് തണലായത് രാഘവേട്ടന്‍ തന്നെയാണ്.'' -മുകുന്ദനിത് പറയുമ്പോള്‍ ചുണ്ടില്‍ ഒരു നേര്‍ത്ത ചിരിയുമായി നിറഞ്ഞ മനസ്സോടെ ചാരെയിരിക്കുന്നുണ്ടായിരുന്നു രാഘവന്‍.
ഫ്രഞ്ചുകാര്‍ ഭരിച്ചിരുന്ന മയ്യഴിയില്‍ ഹോട്ടലുടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന് എട്ട് മക്കളായിരുന്നു. അതില്‍ മൂന്നാമനായിരുന്നു രാഘവന്‍. മുകുന്ദന്‍ അഞ്ചാമനും. 'മൂത്തത് ചേച്ചിയായിരുന്നു, കൗസല്യ. ഞങ്ങള്‍ കൗസുവേച്ചിയെന്ന് വിളിച്ചു. പത്താംക്ലാസ് പാസായപ്പോള്‍ അധ്യാപികയായി ജോലികിട്ടി. അതോടെ കുടുംബം രക്ഷപ്പെട്ടെന്ന് എല്ലാവരും കരുതി. പക്ഷേ, ജോലിക്ക് ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ കൗസുവേച്ചി മരിച്ചു. അന്നുവീണ കണ്ണീര്‍ ഉണങ്ങാന്‍ ഒരുപാട് കാലം വേണ്ടിവന്നു. കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു. അപ്പോഴാണ് വിമോചകനായി രാഘവേട്ടന്‍ വരുന്നത്. കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വം ഏട്ടന്‍ സ്വന്തംചുമലില്‍ ഏറ്റെടുത്തു.'
മയ്യഴിലെ അന്നത്തെ പത്താംക്ലാസ് പരീക്ഷയായ ബ്രവേ നല്ല മാര്‍ക്കോടെ പാസായി, പതിനെട്ടാം വയസ്സില്‍ മുംബൈയിലേക്ക് വണ്ടി കയറിയ രാഘവന് ഫ്രഞ്ച് കോണ്‍സുലേറ്റിലെ സാംസ്‌കാരികവിഭാഗത്തിലാണ് ജോലി കിട്ടിയത്. പിന്നീട് ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയിലേക്ക് മാറി. പതിന്നാലാം വയസ്സില്‍ കഥകളെഴുതിത്തുടങ്ങിയ രാഘവന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സ്ഥിരം എഴുത്തുകാരനായി. എന്‍.വി. കൃഷ്ണവാരിയര്‍ക്ക് വലിയ മതിപ്പുള്ള കഥാകൃത്തുമായിരുന്നു. എന്നാല്‍, ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ വര്‍ധിച്ചതോടെ പതുക്കെ വായനയില്‍നിന്നും എഴുത്തില്‍നിന്നും അദ്ദേഹം മാറിപ്പോയി.
ഫ്രഞ്ച് എംബസിയില്‍ രാഘവന്‍ ഉയര്‍ന്ന പദവിയിലെത്തിയ സമയത്താണ് മുകുന്ദന് അവിടെ ജോലികിട്ടുന്നത്. അനിയന് ഔദ്യോഗിക കാര്യങ്ങളിലും ജ്യേഷ്ഠന്റെ തണല്‍ ഉണ്ടായിരുന്നു. ജ്യേഷ്ഠന്റെ നല്ല സൗകര്യങ്ങളുള്ള വീട്ടിലായിരുന്നു മുകുന്ദന്‍ താമസിച്ചിരുന്നത്. ഓഫീസിലേക്കുള്ള യാത്രയൊക്കെ ഒരുമിച്ച് കാറിലായിരുന്നു. 1983-ല്‍ അമ്പത്തിമൂന്നാം വയസ്സില്‍ ഔദ്യോഗിക പദവിയുടെ ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കേ രാഘവന്‍ ജോലിയില്‍നിന്ന് സ്വയംവിരമിച്ച് മയ്യഴിയിലേക്ക് മടങ്ങി.
ഡല്‍ഹിയില്‍ സാഹിത്യത്തിന്റെ മുഖ്യധാരയില്‍നിന്ന് രാഘവന്‍ മാറിനിന്നപ്പോള്‍ മുകുന്ദന്‍ ഒരേസമയം രണ്ട് ജീവിതങ്ങള്‍ ജീവിച്ചു. പകല്‍ മുഴുവന്‍ ഓഫീസില്‍ ഔദ്യോഗിക കൃത്യങ്ങളില്‍ മുഴുകും. വൈകീട്ട് വീട്ടിലെത്തിയാല്‍ വായിക്കും, കഥകളും നോവലുകളും എഴുതും. എഴുതാതിരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഉറക്കമിളച്ചും എഴുതി. ഒ.വി. വിജയന്‍, വി.കെ.എന്‍, കാക്കനാടന്‍, രാജന്‍ കാക്കനാടന്‍, ആനന്ദ്, സക്കറിയ തുടങ്ങിയ എഴുത്തുകാരുമായുള്ള സൗഹൃദക്കൂട്ടായ്മകളില്‍ മുഴുകി.
'എന്റെ എംബസിക്കാലം' മുഴുവന്‍ ഭാഗങ്ങളും ഇവിടെ വായിക്കാം.
അക്കാലത്തെ ഡല്‍ഹി, മുകുന്ദനെന്ന എഴുത്തുകാരന് അനുയോജ്യമായിരുന്ന ഭൂമികതന്നെയായിരുന്നു. ചെറുപ്പത്തില്‍ എഴുതിയതിന്റെ തുടര്‍ച്ച ആഗ്രഹിക്കാത്തതുകൊണ്ടോ എന്തോ രാഘവന്‍, മയ്യഴിയിലെ സാംസ്‌കാരിക കൂട്ടായ്മകളിലൊക്കെ സജീവമായെങ്കിലും കഥകള്‍ക്കും നോവലുകള്‍ക്കും വേണ്ടി അധികസമയം മാറ്റിവെച്ചില്ല. പകരം അനിയന്റെ വളര്‍ച്ച കണ്ട് ആഹ്ലാദിച്ചു. അതിനെക്കുറിച്ച് മുകുന്ദന്‍ പറയുന്നതിങ്ങനെയാണ്:
'എനിക്കെന്റെ മന്ദമാരുതന്‍ മതി. കൊടുങ്കാറ്റുകള്‍ നിനക്കുള്ളതാണ്.-രാഘവേട്ടന്‍ അങ്ങനെ പറയുന്നതായി തോന്നി. പോയി കൊടുങ്കാറ്റുകളെ കെട്ടിയിട്ട് ജയിച്ചു വരൂ... എന്റെ അതിജീവനത്തില്‍ രാഘവേട്ടന് വിശ്വാസമുണ്ടായിരുന്നു. ആധുനികസാഹിത്യം ഒരു യുദ്ധക്ഷേത്രമായിരുന്നു. രാഘവേട്ടന്‍ ആഗ്രഹിച്ചപോലെ എന്റെ നെഞ്ചിന് നേരേ വന്ന ശരങ്ങളെ ഞാന്‍ തടുത്തിട്ടു. ശിരച്ഛേദനത്തിനായി വന്ന ബ്രഹ്‌മാസ്ത്രങ്ങളെ ഞാന്‍ മുനയൊടിച്ചിട്ടു. അതൊക്കെക്കണ്ട് രാഘവേട്ടന്‍ ആഹ്ലാദിച്ചിരുന്നിരിക്കണം. എനിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചപ്പോള്‍ എന്നെക്കാള്‍ ഏറെ സന്തോഷിച്ചത് രാഘവേട്ടനായിരുന്നു. ഷെവലിയര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് ബഹുമതി ലഭിച്ചപ്പോഴും കൂടുതല്‍ ആഹ്ലാദിച്ചത് അദ്ദേഹം തന്നെയായിരുന്നു...'
അധിനിവേശത്തിന്റെ നോവും നൊമ്പരവുമറിഞ്ഞ മണ്ണില്‍ ജനിച്ച്, കമ്യൂണിസത്തെ നെഞ്ചോടുചേര്‍ത്ത് വളര്‍ന്ന് അക്ഷരങ്ങളെ ഉപാസിച്ച് മലയാള ഭാഷയ്ക്ക് വലിയ സംഭാവനകള്‍ ചെയ്ത ഈ സഹോദരങ്ങള്‍ ലോകസാഹിത്യത്തില്‍ത്തന്നെ അപൂര്‍വതയാവും.
രാഘവേട്ടന്റെ കൈപിടിച്ച് താന്‍ എത്തിച്ചേര്‍ന്ന ഫ്രഞ്ച് എംബസിയിലെ ദീര്‍ഘമായ ജീവിതഗാഥ എഴുതിത്തീരുമ്പോള്‍ എം. മുകുന്ദന്റെ കണ്ണുകള്‍ ഈറനണിയുന്നു. എല്ലാം തന്ന് തലോടി ഒപ്പംനിന്ന ജ്യേഷ്ഠനെക്കുറിച്ച് മുകുന്ദന്‍ പറഞ്ഞു: ''എന്റെ എംബസിക്കാലം രാഘവേട്ടനുള്ളതാണ്.''
അതുകേട്ട് ദൂരെ വെള്ളിയാങ്കല്ലില്‍ തുമ്പികള്‍ നൃത്തം വെച്ചിട്ടുണ്ടാവാം.
Content Highlights: M. Mukundan's column Ente embassykkalam ends