കെ.പി ഉമ്മര്‍ ഒരു വികാരജീവി തന്നെയായിരുന്നില്ലേ....

ചിത്രീകരണം- കെ ഷെരീഫ്‌
ചിത്രീകരണം- കെ ഷെരീഫ്‌

''ഹലോ, ഞാന്‍ കെ.പി. ഉമ്മര്‍.''
 ''ആര്?'' ''സിനിമയില് ജോലിചെയ്യുന്ന കെ.പി. ഉമ്മര്‍.''
 ഞാന് ചിരിച്ചു: ''എടാ, കാദറേ, നീ  ഈ ജോലിത്തിരക്കിനിടയില്  മിമിക്രി കളിച്ച് ശല്യപ്പെടുത്തല്ലേ. വൈകീട്ട് കാണാം.'' ഫോണ് കട്ട്‌ചെയ്ത് ജോലിയിലേക്ക് തിരിഞ്ഞതും വീണ്ടും ബെല്ലടിച്ചു......

 ''ഹലോ, താലോലം ചില്‍ഡ്രന്‍സ് മാഗസിന്റെ ഓഫീസ് തന്നെയല്ലേ?'' ദേ, വീണ്ടും കെ.പി. ഉമ്മര്‍. ഞാന്‍ കെ.പി. ഉമ്മറിന്റെ സിനിമയിലെ ഡയലോഗുകള്‍ ഓര്‍ത്തു: ''ശോഭേ ഞാനൊരു വികാരജീവിയാണ്...'' അങ്ങേത്തലക്കല്‍ കെ.പി. ഉമ്മര്‍ പറയുന്നു: ''നിങ്ങള് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാന്‍ കെ.പി. ഉമ്മര്‍തന്നെയാണ്. ഹോട്ടൽ മഹാറാണിയിലുണ്ട്.'' തരിച്ചുനില്‍ക്കേ ഞാന്‍ ആലോചിച്ചു. ജീവിതത്തില്‍ ഒരിക്കല്‍പോലും പരിചയപ്പെട്ടിട്ടില്ലാത്ത കെ.പി. ഉമ്മര്‍ എന്നെ വിളിക്കുകയോ?  ഉമ്മുക്ക പറഞ്ഞു: ''നിങ്ങളുടെ മാസികയില്‍ വരുന്ന ഒരു കാര്‍ട്ടൂണ്‍ പംക്തിയില്ലേ, പങ്ക്രുവും ചങ്ക്രുവും, എനിക്കത് വലിയ ഇഷ്ടമാണ്. ഇടയ്ക്ക് അമേരിക്കയില്‍ പോകേണ്ടിവന്നു. രണ്ട് ലക്കം മിസ്സായി. അതൊന്ന് സംഘടിപ്പിച്ചുതരാമോ? ഞാന് ആളെ അയയ്ക്കാം.'' അദ്ഭുതത്താല്‍ ഞാന്‍ പരിഭ്രാന്തനായി.  അതിന് കുറേ ആരാധകരുണ്ടെങ്കിലും കെ.പി. ഉമ്മറിനെപ്പോലൊരാള് അതിന്റെ സ്ഥിരം വായനക്കാരനാവുക? ഞാന്‍ സ്വപ്നംകാണുകയാണോ? ഞാന്‍ പറഞ്ഞു: ''ഉമ്മുക്കാ, കഴിഞ്ഞ  രണ്ട്  ലക്കവുമായി ഞാന് അങ്ങോട്ട് വരാം, ഇപ്പോള്‍തന്നെ.'' എനിക്ക് സന്തോഷവും അമ്പരപ്പും കാരണം തൊണ്ടയിടറി.

-മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 ഫെബ്രുവരി ലക്കത്തല്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ 'കെ.പി ഉമ്മര്‍' എന്ന കഥയില്‍ നിന്ന്.

കഥ വായിച്ചപ്പോള്‍ സാക്ഷാല്‍ ഉമ്മുക്കയെന്ന കെ.പി ഉമ്മറേയും അദ്ദേഹത്തിന്റെ  വായനാലോകവും എന്തെന്ന്  അല്‍പമെങ്കിലും അടുത്തറിഞ്ഞ ആളെന്ന നിലയ്ക്ക് കഥാകൃത്തിനെ തേടിപ്പിടിച്ച് വിളിക്കണമെന്ന് തോന്നി.

''സത്യത്തില്‍ താങ്കള്‍ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുണ്ടോ.''? എന്റെ ചോദ്യം ബഹ്രൈനില്‍ താല്‍കാലിക സന്ദര്‍ശനത്തിന് പോയ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനോടാണ്. കഥാകൃത്ത് പറഞ്ഞു.''എനിക്ക് അടുത്ത് പരിചയമുണ്ടായിരുന്നു. കഥയുടെ ആദ്യ ഭാഗത്തെ ഉമ്മുക്കയും പത്രപ്രവര്‍ത്തകനുമൊക്കെ സാക്ഷാല്‍ എന്റെ ജീവിതത്തിലെ അനുഭവമാണ്.. .'' അതായത് കഥാകൃത്ത് മെനഞ്ഞെടുത്ത സാങ്കല്‍പ്പിക സന്ദര്‍ഭങ്ങളോ കഥാപാത്രങ്ങളോ അല്ലേത്ര കഥയുടെ ആദ്യഭാഗത്ത്. സാക്ഷാല്‍ കെ.പി ഉമ്മറും ചില്‍ഡ്രന്‍സ് മാഗസിന്റെ ഓഫീസ് മുറിയും സ്വന്തം ജീവിതത്തില്‍ നിന്ന് കടമെടുത്തതെന്ന്  സാരം.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

അദ്ദേഹം ജീവിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു കഥ അച്ചടിച്ച് വന്നിരിന്നതെങ്കില്‍ എന്താകുമായിരുന്നു കഥ . 'കെ.പി ഉമ്മര്‍' വായിച്ച് ഏതാണ് ഈ കഥാകൃത്ത് എന്ന് അന്വേഷിച്ച് ഉറപ്പായും സാക്ഷാല്‍ കെ.പി ഉമ്മര്‍ എത്തിയിരിക്കും. അത് സിനിമയിലെ കഥാപാത്രങ്ങളെ പോലെ ഇടിച്ച് താഴെയിടാനല്ല. തന്നെ കഥാപാത്രമാക്കിയ കഥാകൃത്തിന്റെ സാങ്കല്‍പിക ലോകത്തെ എല്ലാ വികാരജീവിയെന്ന നിലിയിലും അഭിനന്ദിക്കാന്‍. മനസിലെ സന്തോഷം ഒട്ടും മറച്ചുവെയ്ക്കാത ആ നീല കോട്ടുകാരന്‍ കെ.പി ഉമ്മര്‍ ഉറക്കെയുറക്കെ ചിരിച്ച് കൊണ്ട് അഭിനന്ദിച്ച് കൊണ്ടോയിരിക്കും. ഒരുപേക്ഷ ചൈന്നെയില്‍ ആഴ്ചപ്പതിപ്പ് എത്തി അധികം മണിക്കൂര്‍ കഴിയും മുന്‍പ് അന്വേഷണം എത്തുമായിരുന്നെന്ന് ഉറപ്പ്. സ്വന്തം വീട്ടില്‍ വരുന്ന ആഴ്ചപ്പതിപ്പിലേ അദ്ദേഹം താന്‍ കഥാപാത്രമായ മാതൃഭൂമിയിലെ 'കെ.പിഉമ്മര്‍'വായിക്കാന്‍ തരമുള്ളൂ. വീട്ടില്‍ കിട്ടാവുന്ന എല്ലാ പ്രസിദ്ധീകരണവും വരുത്തിയിരുന്നു. കിട്ടാത്തവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കടയില്‍ നിന്ന് വാങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്.

ആ മഹാനടന്റെ പുസ്തകവായന വളരെ അടുത്ത് നിന്ന് കാണാന്‍ മാത്രമല്ല പലപ്പോഴും പുസ്തകം എത്തിച്ചുകൊടുക്കാനും ഞാനൊരു കണ്ണിയായത് സ്‌കൂള്‍ പഠനകാലത്താണ്. കെ.എസ്.ഇ.ബിയില്‍ എന്‍ജിനീയറും കലാകാരനുമായ അച്ഛന്‍, 'കാട്ടുപോത്ത്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ച കാലത്താണ് അദ്ദേഹം കുടുംബ സുഹൃത്തായത്. അന്ന് മദ്രാസില്‍  ഇത്രയൊന്നും മലയാള പുസ്തകങ്ങള്‍ വാങ്ങാന്‍ കിട്ടാത്ത കാലം. ആവശ്യമായ പുസ്തകങ്ങളുടെ ഒരു പട്ടിക എന്റെ മേല്‍വിലാസത്തിലേക്ക് അദ്ദേഹം അയച്ച് തരും. അത് കൃത്യമായി റെയില്‍വേ സ്റ്റേഷന് മുന്‍വശത്തുള്ള ബുക്ക് സ്റ്റാളില്‍ എത്തിച്ചാല്‍ മതി. അവര്‍ വി.പി.പി ആയി പുസ്തകം അയച്ച് കൊടുക്കും. പലപ്പോഴും 600-700 രൂപയുടെ പുസ്തകങ്ങളുണ്ടാകും. പുതിയതായി ഇറങ്ങിയ കഥകളും യാത്രാവിവരണങ്ങളും അടങ്ങുന്ന മലയാള സാഹിത്യ മേഖലയിലെ ഒട്ടുമിക്ക പുസ്തങ്ങളും ആ പട്ടികയില്‍ കൃത്യമായി ഉണ്ടായിരുന്നു.

രണ്ടാഴ്ച കൂടുമ്പോള്‍ അദ്ദേഹത്തിന്റെ കത്തുകള്‍ മദ്രാസിലെ മഹാലിംഗപുരത്തെ മേല്‍വിലാസത്തില്‍ നിന്ന് കോട്ടയം കഞ്ഞിക്കുഴിയിലെ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സ് മേല്‍വിലാസത്തില്‍ തേടിയെത്തുമായിരുന്നു. സ്‌നേഹാന്വേഷണത്തില്‍ അച്ഛനും അമ്മയും ചേച്ചിയും അനിയനുമൊക്കെയുണ്ട്. നന്നായി പഠിക്കണം. വായിക്കണം എന്ന് തുടര്‍ച്ചയായ ഓര്‍മ്മപ്പെടുത്തലുണ്ട്. ആ മേല്‍വിലാസത്തില്‍ വന്ന നൂറ്കണക്കിന് കത്തുകള്‍ എല്ലാം ഭദ്രമായി എത്രയോ കാലം സൂക്ഷിച്ചു. പിന്നീട് എപ്പോഴോ എല്ലാം ഒന്നിച്ച് നഷ്ടമായി. എങ്കിലും ആ ഓര്‍മ്മകള്‍ വളരെ സുന്ദരമാണ്. ഇത്ര സുന്ദരമായി മനുഷ്യരെ മനസിലാക്കുന്ന വ്യക്തികള്‍ കുറയും. ജീവിതം ലാളിത്യത്തിന്റേതാണെന്ന് വിശ്വസിച്ച, വിശ്വസിപ്പിച്ചയാള്‍. തിരുനക്കര അമ്പലത്തില്‍ വെച്ച് നടന്ന ചേച്ചിയുടെ വിവാഹത്തിനും എന്റെ സുഹൃത്ത് ലെനുവിന്റെ പപ്പയുടെ അടുത്ത സുഹൃത്തായ അദ്ദേഹം ലെനുവിന്റെ ചേച്ചിയുടെ വിവാഹത്തിലും ഉടനീളം പങ്കെടുത്ത ഓര്‍മയും മായില്ല. കോട്ടയത്തെത്തിയാല്‍ വീട്ടില്‍ വരുന്ന പതിവും തെറ്റിക്കില്ല. പുട്ടും ഇടയിപ്പവും താറാവ് മുട്ടൈഫ്രയും സ്‌പെഷ്യലായി വേണമെന്ന് വിളിച്ച് പറഞ്ഞിരിക്കും.

അദ്ദേഹത്തിന്റെ ജീവിതം വീക്കിപ്പീഡിയ ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്:
കോഴിക്കോട് തെക്കേപ്പുറത്ത് 1929 ഒക്ടോബര്‍ 11-ന് കെ.പി. ഉമ്മര്‍ ജനിച്ചു. കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളിലുടെ നടനായി . 1965-ല്‍ എം.ടിയുടെ മുറപ്പെണ്ണിലൂടെ ചലച്ചിത്രത്തിലേയ്ക്ക്. 1965 മുതല്‍ 1995 വരെ  മലയാളസിനിമയില്‍ സജീവമായിരുന്നു. നസീറിന്റെ എതിരാളിയായിട്ടായിരുന്നു കൂടുതല്‍ ചിത്രങ്ങളിലും. ഭാര്യമാര്‍ സൂക്ഷിക്കുക, മരം, തെറ്റ്, കണ്ണൂര്‍ ഡീലക്‌സ്, സി.ഐ.ഡി നസീര്‍, അര്‍ഹത, ആലിബാബയും 41 കള്ളന്‍മാരും, ഓര്‍ക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിവയിലെ അഭിനയം ശ്രദ്ധേയമാണ്. അവസാന കാലത്ത് ടി.വിയില്‍ പേയിംഗ് ഗസ്റ്റ് എന്ന സീരിയലിലും അദ്ദേഹം ഒരു കൈ നോക്കി. 72-ാം  വയസ്സില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് 2001 ഒക്ടോബര്‍ 29-ന് ചെന്നൈയില്‍ അന്ത്യം. വിവരണം ഈ വിധം അവസാനിക്കുന്നു.

'മൂലധനം' എന്ന ചിത്രത്തില്‍ കെ.പി ഉമ്മര്‍ ശാരദയോട് പറയുന്ന സംഭാഷണത്തിലാണ് പുതുതലമുറ അദ്ദേഹത്തെ ഇപ്പോള്‍ ഓര്‍ക്കുന്നതെന്ന് തോന്നുന്നു. ''ശോേഭ, ഞാന് പ്രേമത്തിന്റെ ആരാധകനായ ഒരു വികാരജീവിയാണ്.' മിമിക്രിക്കാർ ഈ ഡയലോഗ് ഏറ്റെടുത്തതോടെ കെ.പി ഉമ്മര്‍ എന്ന നായകനൊപ്പം .. സുന്ദരനായ വില്ലനുമായി ആരുടെയും മനസിൽ ഈ സംഭാഷണം വന്നു നിറയും. മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളെ നായക പ്രാധാന്യത്തിലെത്തിച്ച കെ.പി ഉമ്മറിനെ ഒരു കഥാപാത്രമായി ഓര്‍ക്കാനാണ് കൂടുതല്‍ ഇഷ്ടം. മനസില്‍ സ്‌നേഹത്തിന്റെ കാര്‍ക്കശ്യം മാത്രം സൂക്ഷിക്കുന്ന അവറാച്ചനായിട്ട്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'കാര്യം നിസാര'ത്തിലെ പ്രേം നസീര്‍ ചെയ്ത ഉണ്ണിത്താന്റെ അയല്‍ക്കാരന്‍ കൊമ്പന്‍ മീശക്കാരന്‍ അവറാച്ചന്‍. ആ കൊമ്പന്‍മീശക്കാരനെ പോലെ ആകാരത്തില്‍ മാത്രമേ ജീവിതത്തിലും കെ.പി ഉമ്മര്‍ ചേര്‍ന്ന് നില്‍ക്കുന്നുള്ളൂ. മനസ് എപ്പോഴും അവറാച്ചനെ പോലെ നിര്‍മ്മലമാണ്. ആ നൈര്‍മ്മല്യം മൂലമാണ് അദ്ദേഹം പലരോടും എത്രയോ സുന്ദരമായ സൗഹൃദം കാത്തുസൂക്ഷിച്ചത്. അവിടെ അദ്ദേഹം സിനിമാ നടനല്ല. പ്രായവും ജാതിയും മതവും സമ്പത്തും കണക്കെടുക്കപ്പെട്ടില്ല. ഒരു സാധാരണ മനുഷ്യന്‍. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന ലാളിത്യം. ആ ലാളിത്യമാണ് എപ്പോഴും കണ്ടത്.

ഇടയ്ക്ക് കത്തയക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോണ്‍ ചെയ്യും. നാട്ടില്‍ ഷൂട്ടിങുമായി ബന്ധപ്പെട്ട് എത്തിയാലും ആ കോള്‍ മുടങ്ങില്ല. ''ഞാനിപ്പോള്‍ തിരുവനന്തപുരത്താണ്. ഞാന്‍ പോന്നപ്പോള്‍ മദ്രാസിലെ വീട്ടില്‍ സന്തോഷ് ട്രോഫിയാണ്.'' തിരുവനന്തപുരത്ത് നിന്ന് വിളിക്കുമ്പോള്‍ ഒരിക്കല്‍ പറഞ്ഞ തമാശ കേട്ടപ്പോള്‍ സംശയമായി. മദ്രാസിലാണോ സന്തോഷ് ട്രോഫി. അപ്പോഴെത്തി വിശദീകരണം.'' ഉമ്മായ്ക്ക് എപ്പോഴും മകന് ബിരിയാണി വെച്ച് കൊടുക്കണമെന്നാണ്. ഞാന്‍ ഉള്ളപ്പോള്‍ അത്ര സമ്മതിക്കില്ല. അത് കൊണ്ട് ഞാന്‍ പോന്ന് കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ സന്തോഷ് ട്രോഫിയാണ്.'' തമാശ പറഞ്ഞ് ഉറക്കെയുറക്കെ ചിരിക്കുന്ന കെ.പി ഉമ്മര്‍. ഈ തമാശ അടുത്തയിടെ അദ്ദേഹത്തിന്റെ ചൈന്നെയിലുള്ള മകന്‍ റഷീദിനോട് പറയുമ്പോഴും ബാപ്പയുടെ അതേ നിഷ്‌കളങ്കമായ നിര്‍മ്മലമായ ചിരിയായിരുന്നു മറുപടി.

1993 കാലം. സിനിമാസെറ്റില്‍ കണ്ടുമുട്ടിയ ചില പത്രപ്രവര്‍ത്തകസുഹൃത്തുക്കളോട് അദ്ദേഹം അന്വേഷണം പറഞ്ഞ് വിട്ടു. ഫോണ്‍ വിളികളും കത്തുകളും അറിഞ്ഞോ അറിയാതെയോ എവിടെയാ മുറിഞ്ഞുവെങ്കിലും അദ്ദേഹം ആരേയും അത്ര പെട്ടെന്ന് മറക്കില്ല. അത് സ്‌നേഹമുള്ള മനുഷ്യത്വത്തിന്റെ ആള്‍രൂപമെന്ന് അടുത്തറിയുന്നവര്‍ക്കറിയാം. അവസാനമായി കാണുന്നത് കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ്. വൈകിട്ടത്തെ 'മദ്രാസ് മെയിലി'ല്‍ പോകുന്ന മടക്കയാത്ര. പിന്നീട് ജീവിതത്തില്‍ നിന്ന് തന്നെ....

പക്ഷേ ഇപ്പോഴും അദൃശ്യമായി ആ സ്‌നേഹം ഒപ്പമുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ഓണക്കാലത്ത് ഫഹദ് ഫാസില്‍ നായകനായ'അതിരന്‍' സിനിമ കാണുന്നതിന് പോയതാണ്. കോട്ടയം ധന്യ തീയേറ്ററില്‍ ആദ്യ ഷോയ്ക്ക് അല്പം മുമ്പേ എത്തി. സിനിമാ പഠനഭാഗമായി മകന്‍ ആദ്യമായി സംവിധാനസഹായിയായി പ്രവര്‍ത്തിച്ച സിനിമ കാണാനെത്തിയത്. തീയേറ്റര്‍ തുറന്നിട്ടില്ല. കാത്തിരിപ്പിനായി പോംവഴി സോഡാ നാരങ്ങവെള്ളമായി കണ്ടെത്തി. അടുത്ത ബേക്കറിയില്‍ മനസില്ലാ മനസോടെ നാരങ്ങാ വെള്ളത്തിന് മുന്നില്‍. തൊട്ടടുത്ത മേശയില്‍ ഇരിക്കുന്നത് രണ്ട് സ്ത്രീകളും പുരുഷനുമാണ്. അവരുടെ സംസാരം തൊട്ടടുത്ത ആയുര്‍വേദ ആശുപത്രിയിലെ ചികിത്സാ ഗുണങ്ങളെക്കുറിച്ചാണ്. പക്ഷേ പുരുഷന്‍ പലവട്ടമായി  ശ്രദ്ധിക്കുന്നു. ഓരോ വട്ടവും വിചാരിച്ചു. ''എന്തിനാണ് ഇങ്ങനെ നോക്കുന്നതെന്ന്''ചോദിക്കണമെന്നുണ്ട്. പക്ഷേ അടുത്ത നിമിഷം അദ്ദേഹം  ചോദിച്ചു. ''പണ്ട് കെ.പി ഉമ്മറിന് വേണ്ടി പുസ്തകങ്ങളുടെ ലിസ്റ്റ് കൊണ്ടുത്തന്നിരുന്ന കുട്ടിയല്ലേ. റെയില്‍വേ സ്റ്റേനിലെ ആ ബുക്ക് സ്റ്റോറിലെ മാനേജറായിരുന്നു ഞാന്‍.''പെട്ടെന്ന് ഉമ്മുക്കയുടെ സ്‌നേഹം വന്ന് തൊട്ടു. അദ്ദേഹത്തിന്റെ അനുഗ്രഹം ഒപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. 

ആഴ്ചപ്പതിപ്പ് വാങ്ങാം

എന്റെ മകന്‍ ആദ്യമായി പ്രവര്‍ത്തിച്ച സിനിമ തീയേറ്ററില്‍ എത്തുന്ന നിമിഷം. അവിചാരിതമായി ആ സാമീപ്യം എന്നെത്തേടിയെത്തിയത് കാലം കാത്തുവെച്ച അനുഗ്രഹമാകണം. ആ സ്‌നേഹം... കരുതല്‍... ഒരു ബുക്ക് സ്റ്റോര്‍ മാനേജറിന്റെ രൂപത്തില്‍..... അത് എങ്ങനെയും വന്ന് മനസില്‍ തൊട്ടല്ലേ പറ്റൂ. ആ സ്‌നേഹം ആരെയാണ് വികാരജീവിയാക്കാത്തത്ത്. ഞാനൊരു വികാരജീവിയാണ്''...അദ്ദേഹം അങ്ങനെ പറഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ. അതും സിനിമയില്‍ മാത്രമല്ല. ജീവിതത്തിലും. നല്ല ബന്ധങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം വികാരജീവി തന്നെയായിരുന്നില്ലേ..... അറിയുന്നവര്‍ പറയൂ.

Content Highlights: KP Ummer Memory by Rashmi Raghunath

Content Highlights: