കെ കെ ഭാസ്‌കരന്‍ പയ്യന്നൂര്‍; ചേസിനെ ചേസ് ചെയ്ത ഏക മലയാളി, ഉദ്വേഗങ്ങളുടെ വിവര്‍ത്തകന്‍

#മരിയ റോസ്
കെ.കെ ഭാസ്കരൻ പയ്യന്നൂർ, ജെയിംസ് ചേസ്
കെ.കെ ഭാസ്കരൻ പയ്യന്നൂർ, ജെയിംസ് ചേസ്

ഉദ്വേഗത്തിന്റെ നൂലില്‍ കോര്‍ത്ത്, മുതിര്‍ന്നവര്‍ക്കുള്ള ഫെയറിക്കഥകളും ഗുണപാഠകഥകളും പറഞ്ഞ ധാരാളം എഴുത്തുകാര്‍ നമ്മുടെ സാഹിത്യത്തിലുണ്ട്. ഉന്നതസാഹിത്യത്തിന്റെ അളവുകോല്‍ ഉപയോഗിച്ച് അളക്കുന്നവര്‍ക്ക് ബോധ്യമല്ലെങ്കിലും, ആകാംക്ഷ നിറഞ്ഞ കഥകള്‍ ആസ്വദിക്കാന്‍ തല്‍പരരായ വായനക്കാര്‍ എക്കാലത്തും അവരുടെ രചനകള്‍ ഇഷ്ടപ്പെട്ടു. അക്കൂട്ടത്തില്‍ അഗ്രഗണ്യനായിരുന്നു ഇംഗ്ലീഷ് എഴുത്തുകാരനായ ജെയിംസ് ഹാഡ്ലി ചേസ്. ലോകത്ത് ഏറ്റവുമധികം വായനക്കാര്‍ വായിച്ചിട്ടുള്ള പുസ്തകങ്ങളാണ് ചേസിന്റെ ത്രില്ലറുകള്‍. വാളെടുത്തവന്‍ വാളാല്‍, കനകം മൂലം കാമിനി മൂലം എന്നിങ്ങനെ ചില ഫോര്‍മുലകളില്‍ എഴുതിയ ഏതാണ്ട് തൊണ്ണൂറോളം ത്രില്ലറുകളാണ് ചേസ് എഴുതിയിട്ടുള്ളത്. ഉദ്വേഗകഥകളില്‍ എന്നും തല്‍പരനായിരുന്ന മലയാളിയുടെ വായനയിലും ജെയിംസ് ചേസിന്റെ ത്രില്ലറുകള്‍ ഇടം നേടിയിരുന്നു. മലയാളിയ്ക്ക് ചേസിനെ പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് ഇക്കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത വിവര്‍ത്തകന്‍ കെ കെ ഭാസ്‌കരന്‍ പയ്യന്നൂരാണ്.

രണ്ടുരീതിയില്‍ വിവര്‍ത്തനത്തെ സമീപിക്കുന്നവരുണ്ട്. പ്രസാധകര്‍ ചുമതല ഏല്‍പ്പിക്കുന്നത് കൊണ്ട് വിവര്‍ത്തനം ചെയ്യുന്നവര്‍. ഒരു പ്രത്യേകകൃതിയിലുള്ള താല്‍പര്യം നിമിത്തം അത് കൂടുതല്‍ വായനക്കാരില്‍ എത്തിക്കണം എന്ന ആഗ്രഹം കൊണ്ട് ആ രചനാപ്രക്രിയയില്‍ ഭാഗഭാക്കാകുന്നവര്‍. കെ കെ ഭാസ്‌കരന്‍ പയ്യന്നൂര്‍ രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെട്ട ഒരാളാണ്. ചേസ് രചനകളുടെ ആരാധകനായിരുന്നു അദ്ദേഹം. ചേസിന്റെ സവിശേഷമായ ഭാഷാശൈലിയ്ക്ക് അനുയോജ്യമായ മലയാളത്തില്‍ ആ ലോകം പുനര്‍സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ഈ രചനാരീതിയാണ് പയ്യന്നൂരിന്റെ വിവര്‍ത്തനത്തെ മലയാളത്തില്‍ ജനപ്രിയമാക്കിത്തിര്‍ത്തത്. ഒരു പാശ്ചാത്യരചന മലയാളത്തില്‍ വായിക്കുമ്പോള്‍, ആ രചനയെ ഒരു മലയാള നോവലെന്നോണം വായിക്കാനല്ല വായനക്കാരന്‍ ആഗ്രഹിക്കുന്നത്. മറിച്ച്, ന്യൂയോര്‍ക്കിലും ലോസാഞ്ചലസിലും ഹോംകോംഗിലും നടക്കുന്ന കഥയെ മലയാളത്തില്‍ അറിയാനാണ്. ആ കഥാപാത്രങ്ങളുടെ ഭാഷണങ്ങള്‍ മലയാളത്തില്‍ എഴുതുമ്പോള്‍ വായനക്കാരന്‍ മൂലകൃതിയില്‍ അവര്‍ പറയുന്ന ഇംഗ്ലീഷിന്റെ മുഴക്കം അനുഭവപ്പെടും. ഈ ശൈലിയായിരുന്നു വിവര്‍ത്തനത്തില്‍ കെ കെ ഭാസ്‌കരന്‍ പയ്യന്നൂരിന്റെ മുഖമുദ്ര. ഒരൊഴിവ് ദിനത്തില്‍ അദ്ദേഹത്തിന്റെ മൊഴിമാറ്റത്തില്‍ ഒരു ചേസ് രചനയുമായി ചാരുകസേരയിലമര്‍ന്ന്, ' ന്യൂയോര്‍ക്ക് നഗരത്തില്‍ മഞ്ഞു പെയ്തുതുടങ്ങി. ഞാന്‍ പാരഡൈസ് സിറ്റിയിലെ സ്പാനിഷ്‌ബേ ഹോട്ടലില്‍ താമസം തുടങ്ങിയിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു..'' എന്ന് വായിച്ചു തുടങ്ങുമ്പോള്‍ നാം ആ മഞ്ഞു കാലത്തേയ്ക്ക് പോകുകയായി.

1945 സെപ്തംബറില്‍ പയ്യന്നൂരിനടുത്തുള്ള അന്നൂരിലാണ് ജനനം. സര്‍വോദയപ്രവര്‍ത്തകനും കവിയുമായ ഇ വി ശ്രീകണ്ഠപ്പൊതുവാളാണ് പിതാവ്. അമ്മ ദേവകിയമ്മ. വളരെ നന്നേ ചെറുപ്പത്തിലെ എഴുതിത്തുടങ്ങി. കവിതയിലായിരുന്നു അക്കാലത്തെ താല്ലര്യം. മലയാളത്തിലെ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലായി കവിതകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമൃതചുംബനം, ഇരുട്ടുമുറിയിലെ പ്രേതം എന്നീ നോവലുകളും രചിച്ചു. സവിശേഷമായൊരു ഘട്ടത്തില്‍ വായനയിലേയ്ക്ക് കടന്നുവന്ന ജെയിംസ് ഹാഡ് ലി ചേസിന്റെ നോവലുകളാണ് അദ്ദേഹത്തിന്റെ പില്‍ക്കാല സാഹിത്യജീവിതത്തെ എക്കാലത്തേയ്ക്കും അടയാളപ്പെടുത്തിയത്. റെനെ ലോഡ്ജ് പബ്രാബസോണ്‍ റെയ്മണ്ട് എന്ന പേരില്‍ ജനിച്ച ചേസ് 1939-ലാണ് വിഖ്യാതമായ No Orchids for Miss Blandish എന്ന നോവലെഴുതുന്നത്. ജെയിംസ് എം കെയ്ന്‍ എഴുതിയ Postman Always Rings Twice എന്ന നോവലായിരുന്നു പ്രചോദനം. ഒരേ സമയം പ്രശംസയും വിമര്‍ശനങ്ങളും നേടിയെങ്കിലും പില്‍ക്കാലത്ത് ത്രില്ലര്‍ എന്ന രചനാവിഭാഗത്തിന്റെ കിരീടം വയ്ക്കാത്ത രാജാവായി മാറുകയായിരുന്നു ചേസ്. ചേസിന്റെ രചനകളില്‍ ആകൃഷ്ടനായ ഭാസ്‌കരന്‍ പയ്യന്നൂര്‍ സാക്ഷാല്‍ ചേസുമായി ബന്ധപ്പെടുകയും തന്റെ നോവലുകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാനുള്ള അവകാശം ചേസ് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. ചേസ് രചിച്ച രചനകള്‍ ഏതാണ്ട് പൂര്‍ണമായും തന്നെ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു എഴുത്തുകാരന്റെ എല്ലാ രചനകളും ഒരേ ഒരു വിവര്‍ത്തകന്‍ വിവര്‍ത്തനം ചെയ്യുക എന്നാല്‍ സാഹിത്യത്തില്‍ അതൊരു അപൂര്‍വതയാണ്.

മലയാളജനപ്രിയസാഹിത്യത്തിന്റെ ചരിത്രത്തില്‍  കെ കെ ഭാസ്‌കരന്‍ പയ്യന്നൂരിനു സവിശേഷമായ ഒരു സ്ഥാനമുണ്ട്. സി ഐ സി സി ബുക്ക് ഹൗസ്, എറണാകുളം, ഡിസി ബുക്‌സിന്റെ ഇംപ്രിന്റ് ആയ കൈരളി മുദ്രാലയം കോട്ടയം, ഡോണ്‍ ബുക്‌സ് കോട്ടയം, മാതൃഭൂമി ബുക്‌സ് തുടങ്ങിയ പ്രമുഖ പ്രസാധനശാലകള്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചേസ് രചനകള്‍ക്ക് പുറമേ ചാള്‍സ് ജെ ഡട്ടണ്‍ രചിച്ച പ്രശസ്ത കുറ്റാന്വേഷണ നോവല്‍ Murder in a Library യും അദ്ദേഹം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. (ലൈബ്രറിയിലെ കൊലപാതകം, മാതൃഭൂമി ബുക്‌സ്) മല്ലിക സാരാഭായിയുടെ ലേഖനം: ''ഭക്ഷണം ആത്മകഥാരൂപത്തില്‍'' എന്ന ലേഖനവും അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. 

അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍സില്‍ 30 വര്‍ഷത്തിലധികവും ഗുജറാത്ത് വിദ്യാപീഠത്തില്‍ മലയാളം വകുപ്പ് മേധാവിയായും ജോലി ചെയ്തിരുന്നു.

2014-ല്‍ അക്ഷയ നാഷണല്‍ അവാര്‍ഡ് അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകള്‍ക്കുള്ള അംഗീകാരമായി. അനേകം വായനക്കാരെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനകൃതികള്‍ കാരണമായിട്ടുണ്ട്. അറ്റം പിഞ്ചിപ്പൊടിഞ്ഞും കവര്‍ പേജുകള്‍ നഷ്ടപ്പെട്ടും നമ്മുടെ വായനശാലകളില്‍ കാണപ്പെടുന്ന ഭാസ്‌കരന്‍ പയ്യന്നൂരിന്റെ വിവര്‍ത്തനകൃതികള്‍ ഒരു കാലത്തെ സാധാരണക്കാരായ വായനക്കാര്‍ ലോകം കണ്ടിരുന്ന മാന്ത്രികത്തേരുകള്‍ ആയിരുന്നു. അനേകലക്ഷം അത്തരം വായനക്കാരുടെ ഹൃദയത്തിലാണ് അദ്ദേഹം ജീവിച്ചിരിക്കുന്നത്. 

Content Highlights: translator kk bhaskaran passed away maria rose pays homage