ജേസീ വര്ഗീസിനും ശങ്കരാടിക്കും സാഫല്യമാകാതെപോയ പൊന്നമ്മയെന്ന പ്രണയവും ജീവിതമെന്ന നാടകവും

സാഹിത്യകാരന്മാരോട് ഭ്രാന്തിനുതുല്യമായ ആരാധനയുള്ള, ഉന്നത കുടുംബത്തില് പിറന്ന ഒരു പെണ്കുട്ടി. പണ്ട് കോളേജില് വെച്ച് പിറകെ നടന്നു ശല്യപ്പെടുത്തിയ സഹപാഠി പിന്നീട് എഴുത്തുകാരനായി തീര്ന്നെന്നും അയാള് താന് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു നോവലിന്റെ കര്ത്താവാണെന്നും കൂടി അറിയുമ്പോള് എഴുത്തിനോടുള്ള ഇഷ്ടം എഴുത്തുകാരനിലേക്ക് സംക്രമിക്കുന്നു. താനൊരു 'വികാര ജീവി'യാണെന്ന് സ്വയം പ്രഖ്യാപിച്ച ആ മനുഷ്യന് വെറുമൊരു നീചനും വഞ്ചകനുമാണെന്ന് ഒടുവില് തിരിച്ചറിയുമ്പോള് അവളാകെ തകര്ന്നുപോകുകയാണ്.
1950-കളുടെ ഒടുവില് പി ജെ ആന്റണിയും അഡ്വ. ജെ സി പാത്താടനും ചേര്ന്ന് കൊച്ചി ആസ്ഥാനമാക്കി രൂപം കൊടുത്ത പ്രതിഭാ ആര്ട്ട്സ് ക്ലബ്ബാണ് ആന്റണിയുടെ 'ഇന്ക്വിലാബിന്റെ മക്കളും' തോപ്പില് ഭാസിയുടെ 'വിശക്കുന്ന കരിങ്കാലി'യുമൊക്കെ അവതരിപ്പിച്ചത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്ട്ടി നിയന്ത്രണമേറ്റെടുത്ത പ്രതിഭ അന്പതുകളുടെ ഒടുവില് കരുനാഗപ്പള്ളിയിലേക്ക് ആസ്ഥാനം മാറ്റി. പ്രതിഭാ ആര്ട്ട്സ് ക്ലബ്ബിനു വേണ്ടി 1958-ല് തോപ്പില് ഭാസി എഴുതിയ മൂലധനം എന്ന നാടകത്തിലെ രണ്ട് ഉപനായികമാരില് ഒരാളായിരുന്നു മാലതിയെന്ന നിഷ്ക്കളങ്കയും സ്വപനജീവിയുമായ പെണ്കുട്ടി. നാടകത്തിന്റെ സംവിധായകന് കൂടിയായ തോപ്പില് ഭാസി തന്നെ നായകവേഷവും കൈകാര്യം ചെയ്യുന്ന മൂലധനത്തില് നായികയായ ശാരദയുടെ വേഷത്തില് സുധര്മ്മയെയും വേറൊരു ഉപനായികയായ നബീസയുടെ റോളില് രാജകുമാരിയെയും നിശ്ചയിച്ചുകഴിഞ്ഞു. നാടകത്തിലെ പാട്ടുകളിലേറെയും പാടുന്നത് മാലതിയെന്ന കഥാപാത്രമാണ്. കെപിഎസിയില് സുലോചന ചെയ്യുന്നതുപോലെ പാടാനും അഭിനയിക്കാനും ഒരുപോലെ കഴിവു പ്രകടിപ്പിക്കുന്ന ഒരു പെണ്കുട്ടിയെ അന്വേഷിച്ച് ഭാസിയും കേശവന് പോറ്റിയും സമിതിയുടെ സെക്രട്ടറിയും നടനുമായ സിഎം ശങ്കരാടിയും കൂടി ഒരുപാടലഞ്ഞു. ഒടുവില് അഭിനയിക്കാന് മാത്രം അറിയുന്ന ഒരാളെ കിട്ടി. ഇനി പാട്ടുകാരിയെ വേണം. തിരുവല്ലയ്ക്ക് അടുത്തൊരിടത്ത് താമസിക്കുന്ന ടി സി പൊന്നമ്മ എന്നൊരു പെണ്കുട്ടി നന്നായി പാട്ടുപാടുമെന്നറിഞ്ഞ് അങ്ങോട്ടേക്ക് പോയി. കവിയൂര് എന് എസ് എസ് ഹൈസ്കൂളില് സെക്കന്റ് ഫോമില് (ഇന്നത്തെ ഏഴാം ക്ലാസ്) പഠിക്കുന്ന അവളുടെ സ്വപ്നം എം എസ് സുബ്ബലക്ഷ്മിയെപ്പോലെ വലിയൊരു പാട്ടുകാരിയാകണമെന്നാണ്. ഭാസിക്കും പോറ്റി സാറിനും ശങ്കരാടിയ്ക്കും അവളുടെ പാട്ടും പ്രകൃതവുമൊക്കെ ഇഷ്ടമായി. പക്ഷേ, നാടകത്തിന്റെ സംഗീത സംവിധായകനായ പരവൂര് ജി ദേവരാജന് കൂടി കേട്ട് ഇഷ്ടപ്പെട്ടാല് മാത്രമേ അവസാന തീരുമാനമെടുക്കാന് പറ്റൂ. പൊന്നമ്മയെ ക്യാമ്പില് കൊണ്ടുവന്ന് പാടിച്ചു കേട്ടപ്പോള്, ഒരു കടും പിടുത്തക്കാരനായി പൊതുവെ അറിയപ്പെടുന്ന ദേവരാജനും നന്നായി ബോധിച്ചു. ദേവരാജന് അവളെ നേരത്തെ അറിയാമായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെയന്ന് തിരുവനന്തപുരത്തെ പാളയത്ത് രാഷ്ട്രപതിയുടെ മുന്നില് പാടാനണിനിരന്ന നവയുഗ ഗായകരുടെ കൂട്ടത്തില് ഈ കൗമാര പ്രായക്കാരിയുമുണ്ടായിരുന്നു. ദേവരാജന്റെ കരചലനങ്ങള്ക്കനുസരിച്ച് അന്നവര് എല്ലാവരും ചേര്ന്ന് ഒരേ സ്വരത്തില് പാടി:
'ബലി കുടീരങ്ങളെ...'
Content Highlights: kaviyoor ponnamma life of kerala theatre music and film baiju chandran writes