'സഖാവേ എന്നുമാത്രം വിളിച്ചാല്‍ എഴുന്നേറ്റുവരുക പി. കൃഷ്ണപിള്ള മാത്രമാവും'; മായാതെ ആ കാല്‍പ്പാട്

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയെ മുന്‍നിര്‍ത്തിയുള്ള ഒരു ആലോചനയാണ് ഇത്. പി. കൃഷ്ണപിള്ള എന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ ഉജ്ജ്വലമായ ജീവിതത്തിലേക്ക് വര്‍ത്തമാനകാല രാഷ്ട്രീയയാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ കൗതുകമാര്‍ന്ന ചിരിയോടെ തിരിഞ്ഞുനോക്കുകകൂടി ചെയ്യുന്നു ലേഖകന്‍.
കറകളഞ്ഞ കമ്യൂണിസ്റ്റ് എന്ന പ്രയോഗം മലയാളിമനസ്സില്‍ ആദ്യം സൃഷ്ടിക്കുന്ന പ്രതിരൂപം പി. കൃഷ്ണപിള്ളയുടേതായിരിക്കും (കറകളഞ്ഞ കോണ്‍ഗ്രസുകാരന്‍ കെ. കേളപ്പനും പ്രതീകങ്ങളും പ്രതിച്ഛായകളുമൊക്കെ പഴകി ഉപയോഗശൂന്യമായിരിക്കുന്നു). കേരളത്തിന്റെ മണ്ണില്‍ നിലയുറപ്പിക്കാന്‍ നടത്തിയ ന്യായയുക്തവും ധീരവുമായ പോരാട്ടത്തിന്റെ നാളുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനപ്രസിഡന്റ് ആയിരുന്നു കൃഷ്ണപിള്ള. അതിലുപരി നഖശിഖാന്തം സഖാവായിരുന്നു സഖാവ്. സഖാവേ എന്നുമാത്രം വിളിച്ചാല്‍ എഴുന്നേറ്റുവരുക പി. കൃഷ്ണപിള്ള മാത്രമാവും. 'വിമര്‍ശനമുണ്ട്, ആത്മവിമര്‍ശനമില്ല' എന്ന 'ഗുരു'തരമായ വാക്യത്തോടെ അന്നത്തെ മാത്രമല്ല പില്‍ക്കാലത്തെ വ്യതിയാനങ്ങളെയും താക്കീതുചെയ്തുവിരമിച്ച കൃഷ്ണപിള്ളയുടെ ചിത്രം കേരള രാഷ്ട്രീയത്തില്‍ ക്രമേണ മങ്ങുകയാണ്. കൃഷ്ണപിള്ളയുടെ തകര്‍ക്കപ്പെട്ട പ്രതിമയ്ക്ക് പ്രതീകാത്മകത കൂടുതലുണ്ട്, ആത്മവിമര്‍ശനത്തിന്റെ അഭാവം ശക്തമായ പുതിയകാലത്ത്. പക്ഷേ, കൃഷ്ണപിള്ളയെ മുഴുവനുമായി എക്കാലത്തേക്കുമായി പ്രതിപാദിക്കുന്ന മനോഹരമായ ഒരു കഥാശില്പമുണ്ട്, ബഷീറിന്റേതായി. കാല്‍പ്പാട് എന്ന ചെറുകഥ. അക്ഷരങ്ങളില്‍ രൂപപ്പെടുത്തിയതിനാല്‍, ബഷീര്‍ തന്റെ അദ്ഭുത 'കരം'കൊണ്ടാണ് രൂപംനല്‍കിയത് എന്നതിനാല്‍ പ്രതിമ തകര്‍ക്കപ്പെടുമ്പോലെ എളുപ്പല്ല ഈ വാഗ്ശില്പം തകര്‍ക്കുക. സംവേദനശേഷിയുള്ളവരോട് അത് സംവദിച്ചുതീരുകയില്ല.
കഥയിങ്ങനെ: ആത്മമിത്രങ്ങളായ ഒരു രാഷ്ട്രീയനേതാവും ഒരെഴുത്തുകാരനും. രാഷ്ട്രീയ നേതാവ് പതിനെട്ടാം വയസ്സില്‍ പൊതു പ്രവര്‍ത്തനത്തിനിറങ്ങിയതാണ്. ഏറെ അടികൊണ്ടു. പലപ്പോഴായി ഒമ്പതുവര്‍ഷം ജയിലില്‍ക്കിടന്നു. വികാരോജ്ജ്വലമായി പ്രസംഗിക്കും. സ്ത്രീകള്‍ വളകളും മാലകളും അഴിച്ചെടുത്ത് സഖാവിന് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നല്‍കിയിട്ടുണ്ട്. വലിയ വായനക്കാരന്‍. ജനിച്ചത് പാവപ്പെട്ട വീട്ടില്‍. വളരെ മുമ്പുമുതല്‍ ഈ വിപ്‌ളവകാരിയും എഴുത്തുകാരനും തമ്മിലറിയും. ഒരുമിച്ച് ജയിലില്‍ക്കിടന്നിട്ടുണ്ട്. ഇരുവരും ഒരുപോലെ നട്ടപ്പൊരി ദാരിദ്ര്യത്തില്‍. തന്നെ എഴുത്തുകാരനാക്കിയ അതേ സിദ്ധി, സ്ഥിതി വിശേഷങ്ങളാണ് സഖാവിനെ രാഷ്ട്രീയക്കാരനുമാക്കിയതെന്ന് എഴുത്തുകാരന്‍ പറയുന്നുണ്ട്. അവരിരുവരും തമ്മിലൊരു വ്യത്യാസമേയുള്ളൂ. എഴുത്തുകാരനെല്ലാം തമാശയിലെടുക്കും. രാഷ്ട്രീയക്കാരനെല്ലാം ഗൗരവത്തിലും. സാഹിത്യകാരന്‍ കറുകറുമ്പനായ രാഷ്ട്രീയനേതാവിനെ കളിയാക്കും, ''നേതാവേ താങ്കളുടെ കണ്ണുകളുടെ വെള്ളയും പല്ലും മാത്രമേ വെളുത്തതായിട്ടുള്ളൂ.'' എഴുത്തുകാരന്‍ ചിരിച്ചുകൊണ്ട് തുടരുന്നു; ''ഷര്‍ട്ടോ മുണ്ടോ ഒക്കെ തരാം, പക്ഷേ, നിങ്ങളെപ്പോലുള്ള കറുത്തവര്‍ മുഖത്തിടുന്ന കറുത്തപൗഡര്‍ വേണമെങ്കില്‍ ബുദ്ധിമുട്ടാണ്.'' എഴുത്തുകാരന്റെ പരിഹാസത്തിലൊന്നും സഖാവിന് പരിഭവമില്ല. ആ വാക്കുകളിലെ കാവ്യഭംഗിയോര്‍ത്ത് രസിക്കും. വിമര്‍ശനം അയാള്‍ക്കിഷ്ടവുമാണ്. ആത്മാനുരാഗിയോ ആത്മാനുരോഗിയോ അല്ലല്ലോ അയാള്‍.
ഒരു രാത്രിയില്‍ എഴുത്തുകാരന്റെ വാടകമുറിയുടെ വാതിലില്‍ മുട്ടുന്നു നേതാവ്. പതിവ് കളിതമാശകള്‍ക്കൊടുവില്‍ സാഹിത്യകാരന്‍ മുറി തുറന്നുകൊടുക്കുന്നു. ''ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വേഷം. ഷര്‍ട്ടില്ല, മുണ്ടില്ല, ഒരു കീറത്തോര്‍ത്താണുടുത്തിട്ടുള്ളത്.'' ഒരു ഷര്‍ട്ടും മുണ്ടും വേണമെന്നുപറഞ്ഞ നേതാവിന് അയാള്‍ പെട്ടിതുറന്ന് ഒരു പുതിയ ഷര്‍ട്ടും പുതിയ മുണ്ടും കൊടുക്കുന്നു. 'വിശപ്പും ദാഹവും ഉണ്ടെന്ന് ലേശം പാരവശ്യത്തോടെ പറഞ്ഞ നേതാവിന് ഹോട്ടലില്‍നിന്ന് പകര്‍ച്ച വാങ്ങിക്കൊണ്ടുവന്നു കൊടുക്കുന്നു. നേതാവ് ചോദിക്കുന്നു: ''എന്തായിരുന്നു വാതിലടച്ചു ചെയ്തുകൊണ്ടിരുന്നത്?'' സാഹിത്യകാരന്‍ പറയുന്നു: ''ഒരു പ്രണയലേഖനത്തിന് മറുപടി എഴുതുകയായിരുന്നു.''
ഒരു യുവതി അവളുടെ കഥ തിരുത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ട് ഒരു കവര്‍ കൈയില്‍ തന്നു. തുറന്നുനോക്കുമ്പോള്‍ പത്തിന്റെ അഞ്ച് നോട്ട്. അവള്‍തന്ന പ്രണയ ലേഖനമുപയോഗിച്ച് വാടകക്കുടിശ്ശിക നല്‍കി, ഷര്‍ട്ടും മുണ്ടും വാങ്ങി, അതാണ് താങ്കള്‍ക്ക് തന്നത്. ഇനിയും ആറുരൂപ ബാക്കിയുണ്ട്. അതില്‍നിന്ന് രണ്ടുരൂപ നേതാവാവശ്യപ്പെട്ടു. കൊടുത്തു. തുടര്‍ന്ന് നേതാവ് പറയുകയാണ്: ''ഞാനും ഒരു പ്രണയത്തിലകപ്പെട്ടിരിക്കുന്നു.'' ''കറുകറുപ്പനായ താങ്കളെ ഒരുവള്‍ പ്രേമിക്കുകയോ?'' നേതാവ് പറഞ്ഞു: ''മാത്രമല്ല അവള്‍ അതീവ സുന്ദരിയുമാണ്, ജയിലില്‍ക്കഴിയുമ്പോള്‍ എന്റെ ബന്ധുവാണെന്ന് ജയിലധികൃതരെ ധരിപ്പിച്ച് അവള്‍ എനിക്ക് ഭക്ഷണം കൊണ്ടുതരും. ആ അടുപ്പം ശക്തിപ്പെടുകയായിരുന്നു.'' ഓര്‍മയില്‍നിന്ന് സാഹിത്യകാരന്‍ പിന്നീട് പറയുന്നു, തന്റെ പ്രണയം പൂവിട്ടില്ല. പക്ഷേ, നേതാവ് ആ സുന്ദരിയെ വിവാഹംചെയ്തു. പാര്‍ട്ടി സന്തോഷിച്ചില്ല, പക്ഷേ കല്യാണം നടന്നു.
പക്ഷേ, ഈ വേഷത്തിന്റെ, ഏറെ ദൂരം നടന്നുള്ള ഈ വരവിന്റെ, ഈ പാരവശ്യത്തിന്റെ പൊരുള്‍? അതോ, നേതാവ് ഒരു കഥാരൂപത്തില്‍ പറയുന്നു. പാര്‍ട്ടി ഓഫീസിലെ ലഘുവായ സൗകര്യങ്ങളില്‍ കഴിയുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍. ഒരു പായയും തലയണയുമാണ് കിടപ്പിന്റെ വക. ആകപ്പാടെ സ്വന്തമായുള്ളത് ഒരു ഷര്‍ട്ടും മുണ്ടും. അന്ന് രാത്രി പാര്‍ട്ടി ഓഫീസിലെ തിരക്കൊഴിഞ്ഞപ്പോള്‍ അയാളത് അലക്കി തോരാനിടുകയാണ്. അതുണങ്ങിയിട്ടു വേണം അടുത്തദിവസം ഉടുക്കാന്‍. അപ്പോഴതാ ഒരു സന്ദര്‍ശകന്‍. പട്ടണത്തിലെന്തോ തൊഴിലന്വേഷിച്ച് വന്നതാണ്. രാത്രി കഴിച്ചുകൂട്ടണം. നേതാവ് തന്റെ പായയും തലയണയും അതിഥിക്കുനല്‍കി. ഇതുപോലുമില്ലാതെ എത്രപേര്‍ എവിടെയെല്ലാം കിടന്നുറങ്ങുന്നു എന്ന ചിന്തയുടെ പുറത്ത് ദിനപത്രം വിരിച്ച് അതില്‍ കിടന്നുറങ്ങി. ഉപകരിക്കപ്പെട്ടതിന്റെ സുഖംകൊണ്ടായിരിക്കണം അയാള്‍ രാവിലെ എട്ടുമണിവരെ ഉറങ്ങി. ഉണര്‍ന്നുനോക്കിയപ്പോള്‍ അതിഥി സ്ഥലംവിട്ടിരിക്കുന്നു. അയാള്‍ പറയാതെ പോയതിലൊന്നും സഖാവിനൊരസ്വസ്ഥതയും തോന്നിയില്ല. പക്ഷേ, തീരാത്ത അസ്വസ്ഥതയ്ക്ക് കാരണമായ ഒന്നയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. കിടക്കാന്‍ കൊടുത്ത പായ മടക്കിയിട്ടിരുന്നില്ല. 'അതിന്റെ ഒത്ത നടുക്ക്, ആ പായുടെ ഹൃദയത്തിലെന്നോണം ചെമ്മണ്ണിന്റെ ഒരു കാല്‍പ്പാട്.' പിറ്റേന്നുടുക്കാനായി തലേന്നാറിയിട്ട മുണ്ടും ഷര്‍ട്ടും മോഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
കാലം പിന്നെയും മുന്നോട്ടുനീങ്ങി. ഒരുദിവസം രാവിലെ പത്രം നിവര്‍ത്തിയപ്പോള്‍ ആ സഖാവിന്റെ മരണവാര്‍ത്ത. കഥാകാരന്‍ അതിങ്ങനെ എഴുതിയിരിക്കുന്നു. 'ആ കറമ്പനായ രാഷ്ട്രീയപ്രവര്‍ത്തകനെപ്പറ്റി ഞാനിപ്പോള്‍ ഓര്‍ക്കാനുണ്ടായ കാരണമെന്താണെന്നോ? പഴയ പോലീസുകാര്‍ പുതിയ ഗവണ്‍മെന്റിനുവേണ്ടി തല്ലിക്കൊന്നതോ എന്തോ, പാമ്പുകടിയേറ്റാണെന്നും പറയുന്നു, അദ്ദേഹം മിനിയാന്നു രാത്രി മരിച്ചു പോയതായി ഞാന്‍ ഇന്നലത്തെ പത്രത്തില്‍ വായിച്ചപ്പോള്‍ എന്റെ കണ്‍മുന്നില്‍ തെളിഞ്ഞുവന്നു.... ആ ചെമ്മണ്ണിന്റെ കാല്‍പ്പാട്.'
ബഷീര്‍ സംശയിക്കുമ്പോലെ പുതിയ ഗവണ്‍മെന്റിനുവേണ്ടി പഴയ പോലീസ് തല്ലിക്കൊന്നതാവില്ല കൃഷ്ണപിള്ളയെ.
തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: Kalpetta Narayanan writes about P. Krishna Pillai