'രൗദ്രസാത്വികം' സമാനതകളില്ലാത്ത കൃതി; സരസ്വതീസമ്മാനിന് അര്‍ഹമാകുന്നതെങ്ങനെ?

2023-ലെ സരസ്വതീസമ്മാനിന് പ്രഭാവര്‍മയുടെ ആഖ്യാനകാവ്യമായ 'രൗദ്രസാത്വികം' മലയാളഭാഷാസമിതി ഐകകണ്‌ഠ്യേന ശുപാര്‍ശചെയ്തത് പ്രാഥമികമായി കൃതിയുടെ അനന്യതയും സൃഷ്ടിപരമായ മികവും പരിഗണിച്ചാണ്.
അതിശയകരമായ രചനാവൈഭവംകൊണ്ട് മലയാളകാവ്യലോകത്ത് അനിഷേധ്യമായ സ്ഥാനംനേടിയിട്ടുള്ള എഴുത്തുകാരനാണ് പ്രഭാവര്‍മ. അദ്ദേഹത്തിന്റെ ശ്രദ്ധേയകൃതിയായ 'ശ്യാമമാധവം' കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 'ശ്യാമമാധവ'ത്തെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കരുതുന്ന ആരാധകരെപ്പോലും അദ്ഭുതപ്പെടുത്തുന്ന കാവ്യമാണ് 'രൗദ്രസാത്വികം'.
വിപ്ലവകവിയായ കാലിയേവിന്റെ വിഭ്രമകരമായ ജീവിതമാണ് കൃതിയുടെ ഇതിവൃത്തം. നായകന്റെ അസ്വസ്ഥവും വേദനാജനകവുമായ ജീവിതയാത്രയുടെ അസാധാരണമായ ചിത്രീകരണമായി അത് വേറിട്ടുനില്‍ക്കുന്നു. കാലിയേവിന്റെ സ്വകല്പിതപ്രവാസവും അലഞ്ഞുതിരിയലും ആരംഭിക്കുന്നത് റഷ്യയിലെ സാര്‍ ചക്രവര്‍ത്തിക്കുനേരെ ബോംബെറിയാനുള്ള അദ്ദേഹത്തിന്റെ പരാജിതശ്രമത്തോടെയാണ്. ആ ബോംബേറില്‍ സ്വന്തം മകനെ നഷ്ടപ്പെട്ട ഒരമ്മ തന്നോടുകാണിച്ച കരുണയില്‍ കാലിയേവ് സ്വയം കണ്ടെത്തുന്നു.
ഒരു നവജാതശിശുവിനെ ബലിയര്‍പ്പിക്കാന്‍പോകുന്നത് അയാള്‍ക്ക് കാണേണ്ടിവരുന്നു. നാവികരും അടിമകളുമായിപ്പോകുന്ന ഒരു കപ്പലില്‍ അടിമപ്രക്ഷോഭത്തിനും സാക്ഷ്യംവഹിക്കുന്നു. യതിയെയും പുരോഹിതനെയും മുഖാമുഖം കണ്ടുമുട്ടുന്നു. എന്നിട്ടും അവന്റെ തകര്‍ന്ന ആത്മാവിന് ആശ്വാസം കണ്ടെത്താനാവുന്നതേയില്ല. ഒടുവില്‍ അവന്‍ ജന്മനാട്ടിലേക്ക് മടങ്ങുന്നു. അവിടെ താന്‍ നായകനായി വാഴ്ത്തപ്പെട്ടെന്നും തന്റെ രക്തസാക്ഷിത്വത്തിന്റെ സ്മരണയ്ക്കായി പട്ടണചത്വരത്തില്‍ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും നിരാശയോടെ അറിയുന്നു.
നായകന്റെ ജീവിതസന്ദര്‍ഭങ്ങളല്ല, മറിച്ച് അവന്‍ നേരിടുന്ന മനസ്സംഘര്‍ഷങ്ങളും ആത്മപീഡനവുമാണ് കാവ്യത്തിന്റെ യഥാര്‍ഥസത്ത. ജീവിതത്തിലെ ബാഹ്യാനുഭവങ്ങള്‍ കൂടുതല്‍ തീവ്രമായ അന്തഃക്ഷോഭങ്ങളെ ഉണര്‍ത്താനുള്ള അവസരങ്ങള്‍ മാത്രമാണ്. രൂപകങ്ങളും വൈരുധ്യകല്പനകളും അര്‍ഥകല്പനകളുമടങ്ങിയ ആഖ്യാനത്തിലൂടെ കാവ്യം വായനക്കാരനെ അതിന്റെ കേന്ദ്രതന്തുവില്‍ വിലയിച്ചുനിര്‍ത്തുന്നു. സ്വതന്ത്രേച്ഛയും വിധി, യാഥാര്‍ഥ്യം, മിഥ്യ എന്നിവയും തമ്മിലുള്ള സംഘര്‍ഷമാണ് ആ കേന്ദ്രതന്തു. പലഭാഗങ്ങളും 'ആത്മാവിന്റെ ഇരുണ്ട രാത്രി'യെ ജ്വലിപ്പിക്കുന്ന നിമിഷങ്ങളാണ്.
കവിതയുടെ രാഷ്ട്രീയമാനങ്ങളും കാണാതെപോകാനാകില്ല. വിപ്ലവവും അക്രമവും രാഷ്ട്രീയ അസ്ഥിരതയ്ക്കുള്ള ഉത്തരമാണോ? വിപ്ലവത്തിന്റെ പേരില്‍ അധികാരികള്‍ക്കുനേരെ ബോംബെറിയുന്നതിനെക്കാള്‍ വളരെ വെല്ലുവിളി നിറഞ്ഞ ജോലിയാണ് അന്വേഷണവാഞ്ഛയും വൈകാരികദാര്‍ഢ്യവും നിലനിര്‍ത്തുക എന്നത്. സ്ഥൂലത്തില്‍നിന്ന് സൂക്ഷ്മത്തിലേക്ക് നീങ്ങാന്‍ ഈ കവിത വായനക്കാരനെ പ്രേരിപ്പിക്കുന്നു; രാഷ്ട്രീയമായതില്‍നിന്ന് ആത്മീയമായതിലേക്കും.
ഒരു റഷ്യന്‍ വിപ്ലവകവിയുടെ സ്വഭാവത്തെ സാര്‍വത്രികമാക്കാനുള്ള കഴിവാണ് കവിതയുടെ വിജയം. അയാള്‍ ലോകത്തെ ഓരോ മനുഷ്യനുമായി മാറുന്നു. കാലിയേവിന്റെ പ്രതിമ ചൂണ്ടിക്കാണിച്ചുള്ള കവിയുടെ വിരുദ്ധോക്തി കലര്‍ന്ന ചിരിയും അയാളുടെ തുടരുന്ന വേദനയോടുള്ള വ്യവസ്ഥിതിയുടെ അനുതാപമില്ലായ്മയും വിരല്‍ചൂണ്ടുന്നത് ചരിത്രശക്തികള്‍ അവലംബിക്കുന്ന തത്ക്ഷണപരിഹാരങ്ങളിലേക്കും പ്രായോഗിക കുറുക്കുവഴികളിലേക്കുമാണ്.
ശൈലിയിലും സമീപനത്തിലും ഉത്കൃഷ്ടത സൂക്ഷിക്കുന്നതാണ് 'രൗദ്രസാത്വിക'ത്തിന്റെ ആഖ്യാനം. ഭാവാത്മകവും കാവ്യാത്മകവുമായ മികവിന്റെ സാക്ഷ്യമാണത്. കവി തിരഞ്ഞെടുത്ത വൃത്തങ്ങള്‍, ഉപയോഗിച്ച രൂപകങ്ങള്‍, പ്രാസത്തിലും വൃത്തത്തിലുമുള്ള അദ്ദേഹത്തിന്റെ ഗ്രാഹ്യം, കാവ്യത്തിന്റെ വൈകാരികഘടന എന്നിവ 'രൗദ്രസാത്വിക'ത്തെ അനിഷേധ്യമായ പ്രാധാന്യവും കാവ്യതീവ്രതയുമുള്ള ഒരു സൃഷ്ടിയാക്കുന്നു.
എല്ലാ മഹത്തായ കവിതകളും ചെയ്യുന്നതുപോലെ, 'രൗദ്രസാത്വിക'വും സാര്‍വത്രികതയുടെ ഒരു പുതിയതലം സ്പര്‍ശിക്കുന്നു. സരസ്വതീസമ്മാനിന് തികച്ചും അര്‍ഹമാണ് സമാനതകളില്ലാത്ത ഈ കൃതി.
Content Highlights: Write up on Prabhavarma's Roudra Sathwikam’