മകള്‍ക്കായി, 'കത്തെഴുത്തിനെ' ഒരേസമയം കലയും ദര്‍ശനവും സംവാദവുമാക്കിയ നെഹ്റു

ഇന്ന് ശിശുദിനം. പണ്ഡിറ്റ് നെഹ്റുവിന്റെ ജന്മദിനം. മകള്‍ ഇന്ദിരാപ്രിയദര്‍ശിനിക്ക് അദ്ദേഹം തന്റെ പുസ്തകശാലയില്‍നിന്നും തടവറകളില്‍നിന്നും അയച്ച കത്തുകളുടെ ദാര്‍ശനികവും കാല്പനികവുമായ മാനങ്ങളെക്കുറിച്ച് ഒരു അവലോകനം. രാജ്യത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും മാനവികതയെക്കുറിച്ചും യുവാക്കള്‍ക്ക് ഹൃദയത്തില്‍ ചേര്‍ക്കാനുള്ള പ്രത്യാശാനിര്‍ഭരമായ, ഉള്‍ക്കാഴ്ചയുള്ള കുറിപ്പുകളാണവയോരോന്നും...
അനന്യമായ ലാവണ്യഭാഷയിലൂടെ 'കത്തെഴുത്തിനെ' ഒരേസമയം കലയും ദര്‍ശനവും സംവാദവും ഹൃദയസ്പര്‍ശിയായ സംഭാഷണവുമാക്കിയ അപൂര്‍വം ചില മനുഷ്യര്‍ മാത്രമാണ് സമീപകാല ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. ജവാഹര്‍ലാല്‍ നെഹ്റു ഒരുപക്ഷേ, അതിലെ ആദ്യ പേരുകാരനായിരിക്കും. മനുഷ്യചരിത്രവും ശാസ്ത്രബോധവും പ്രകൃതിസ്നേഹവും സ്വാതന്ത്ര്യവാഞ്ഛയും സാഹസികതയും അഹിംസയും സമത്വബോധവുമൊക്കെ നെഹ്റുവിന്റെ കത്തുകളില്‍ നമ്മള് വായിക്കുന്നത് വരണ്ടഗദ്യമായിട്ടല്ല, മറിച്ച് കാവ്യാത്മകവും കാല്പനികവും പ്രത്യാശാനിര്‍ഭരവുമായ സ്വപ്നങ്ങളായിട്ടാണ്.
'ഹാരോ'വിലെ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന നാളുകളില്‍ അച്ഛനായ മോത്തിലാല്‍ നെഹ്റുവില്‍നിന്നു തുടങ്ങി ഭാര്യയായ കമലയിലൂടെയും മകളായ ഇന്ദുവിലൂടെയും ഗാന്ധിജിയിലൂടെയും ദേശീയപ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകരിലൂടെയും കടന്ന് റോമൈന്‍ റോളണ്ടിലും ലും ബര്‍ട്രാന്‍ഡ് റസലിലും ബെര്‍ണാഡ് ഷായിലും ഐന്‍സ്റ്റൈനിലും ഹാരോള്‍ഡ് ലാസ്കിയിലും റൂസ്വെല്റ്റിലും ഫിഡല്‍ കാസ്ട്രോയിലും ചെ ഗുവേരയിലും ഹോചിമിനിലും എത്തിനില്‍ക്കുന്ന ആയിരക്കണക്കിനു കത്തുകള്‍കൂടി ഉള്‍പ്പെട്ടതാണ് നെഹ്റുവിന്റെ അതിവിപുലമായ രചനാലോകം. ആധുനികതയുടെ ഏറ്റവും സൗന്ദര്യാത്മകവും നൈതികവുമായ മാനങ്ങള്‍ പ്രതിഫലിക്കുന്ന കത്തുകളായിരുന്നു അവയില്‍ ഭൂരിപക്ഷവും.
ആദ്യപാഠങ്ങള്‍
നെഹ്റു, ഇന്ദിരാപ്രിയദര്ശിനിക്കെഴുതിയ കത്തുകളുടെ സമാഹാരമായ 'ഒരച്ഛന് മകള്‍ക്കയച്ച കത്തുകളാ'ണ്, അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഏറ്റവുമധികം വായിക്കപ്പെട്ടത്. ഏകദേശം തൊണ്ണൂറ്റിയാറു വര്‍ഷങ്ങള്‍ക്കുമുന്‍പ് 1928-ല്‍ എഴുതപ്പെട്ടതാണെങ്കിലും വിവിധ ഭാഷകളിലേക്ക് തര്‍ജമചെയ്യപ്പെട്ട 'ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍' ഇപ്പോഴും ലോകമെമ്പാടുമുള്ള കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട്. അപ്രതിരോധ്യവും വൈകാരികവുമായ വന്‍പ്രതിഷേധത്തിന്റെ ഭൂകമ്പങ്ങളില്‍ ഇന്ത്യ ആടിയുലഞ്ഞുകൊണ്ടിരുന്ന കാലത്തായിരുന്നു പത്തുവയസ്സുകാരിയായ മകള്‍ക്ക് നെഹ്റു ആ കത്തുകള്‍ എഴുതിയത്.
അക്കൊല്ലത്തെ വേനലില്‍ പതിവുപോലെ നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ മസൂറിയില്‍ ഒഴിവുകാലം ചെലവഴിക്കാന്‍ പോയപ്പോള്‍, 'നെഹ്റു കമ്മിറ്റി' റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം മോത്തിലാല്‍ നെഹ്റുവും ജവാഹര്‍ലാല്‍ നെഹ്റുവും അവരോടൊപ്പം പോയിരുന്നില്ല. ഇന്ദിര അന്ന് അലഹാബാദിലെ സെയ്ന്റ് മേരീസ് കോണ്‍വെന്റ് സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു. ആ യൂറോപ്യന്‍ വിദ്യാലയത്തിലെ രീതികളില്‍ ഒട്ടും തൃപ്തനല്ലാതിരുന്ന നെഹ്റു, മകള്‍ക്ക് പ്രകൃതിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ആദ്യപാഠങ്ങള്‍ പകര്ന്നുനല്കാന് വേണ്ടിയാണ്, ചുട്ടുപൊള്ളുന്ന വേനല്‍ക്കാല രാത്രികളില്‍, തന്റെ ലൈബ്രറിയില്‍ ഇരുന്നുകൊണ്ട് മനോഹരമായ കത്തുകള്‍ എഴുതിത്തുടങ്ങിയത്. തുടര്‍ച്ചയായ മുപ്പതു കത്തുകള്‍.
രാഷ്ട്രീയമായും വൈയക്തികമായും ജവാഹര്‍ലാല്‍ ഏറെ വേദനിച്ച ഒരു കാലമായിരുന്നു അത്. കോണ്‍ഗ്രസിലെ പാരമ്പര്യവാദികള്‍ക്ക് കീഴടങ്ങുന്നു എന്ന വിമര്‍ശനം സുഭാഷ് ചന്ദ്ര ബോസ് അടക്കമുള്ള റാഡിക്കല്‍ ചിന്താഗതിക്കാര്‍ ആരോപിച്ചപ്പോള്‍, കോണ്‍ഗ്രസിനെ അപക്വവും അപ്രായോഗികവുമായ 'പൂര്‍ണസ്വരാജ്' ആശയങ്ങളാല്‍ വഴിതെറ്റിക്കാന്‍ നോക്കുന്നു എന്ന് രാജേന്ദ്രപ്രസാദും രാജഗോപാലാചാരിയും കുറ്റപ്പെടുത്തിയ കാലം. അച്ഛനും ബാപ്പുവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മറ്റൊരുവശത്ത്. രോഗിയായ കമലയുടെയും ഇന്ദുവിന്റെയും പരിഭവങ്ങളില്ലാത്ത ഏകാന്തജീവിതവും അദ്ദേഹത്തെ അഗാധമായ കുറ്റബോധത്തിലാഴ്ത്തി. അപ്പോഴൊക്കെ വന്ചുഴികളും ഗര്‍ത്തങ്ങളും ഉള്ളില്‍ കൊണ്ടുനടക്കുന്ന മഹാസമുദ്രംപോലെ ശാന്തനായിനില്ക്കാന് നെഹ്റുവിന് കരുത്തുനല്കിയത് നൊമ്പരത്തീയില്നിന്നുകൊണ്ട് ഹൃദയത്തില്‍നിന്നു മകള്‍ക്കായി കോറിയിട്ട കത്തുകളാണ്.
എഴുത്തുകളുടെ അനന്യത
അച്ഛനും മകളും തമ്മിലുള്ള ഊഷ്മളമായ പാരസ്പര്യം ഈ പുസ്തകത്തിലുടനീളം നമുക്ക് കാണാന്‍ കഴിയും. പ്രകൃതിയുടെ പുസ്തകം എന്നു പേരിട്ടിരിക്കുന്ന ആദ്യകത്തില്‍ തുടങ്ങി, ഇതിഹാസങ്ങളില്‍ അവസാനിക്കുന്ന 30 കത്തുകളില്‍ പ്രാചീനചരിത്രവും ഭൂമിയുടെ പിറവിയും ജീവന്റെ ഉദ്ഭവവും മനുഷ്യപരിണാമവും തൊഴില്‍വിഭജനങ്ങളും മതങ്ങളുടെ കടന്നുവരവും രാജാധികാരത്തിന്റെ ചൂഷണസ്വഭാവവും നാഗരികതയും കച്ചവടവും ഭാഷകളുടെ വികാസവും അടങ്ങുന്ന മാനവികചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലുകള്‍ അതിസ്വാഭാവികമായും ലളിതമായും നെഹ്റു വിവരിച്ചതായിക്കാണാം. ഈ എഴുത്തുകളുടെ അനന്യത, കത്തുകളിലുടനീളം നെഹ്റു പുലര്‍ത്തിയിരിക്കുന്ന ലാളിത്യവും ശാസ്ത്രബോധവും മതാതീതമായ മാനവികബോധവുമാണ്.
നവീനശിലായുഗത്തില്‍ മെഡിറ്ററേനിയന്‍ കടല്‍ ഉണ്ടായിരുന്നില്ലെന്നും യൂറോപ്പിനും ആഫ്രിക്കയ്ക്കും ഇടയിലുള്ള കര ഒഴുകിപ്പോയപ്പോള്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ ജലം ആ വിടവിലേക്ക് കയറിയാണ് മെഡിറ്ററേനിയന്‍ കടല്‍ ഉണ്ടായതെന്നും രസകരമായെഴുതിയത് വായിക്കുമ്പോള്‍, അതുപോലൊരു ഭൂമിശാസ്ത്ര അധ്യാപകനെ ആരും ആഗ്രഹിച്ചുപോകും. മകളുമായുള്ള സംഭാഷണങ്ങള്‍ പോലെയാണ് നെഹ്റുവിന്റെ കത്തുകള്‍. സ്വാഭാവികമായും, ഇന്ത്യയിലും യൂറോപ്പിലും അവര്‍ സന്ദര്‍ശിച്ച മ്യൂസിയങ്ങളെക്കുറിച്ചും സാരനാഥിലെ സ്തംഭത്തെക്കുറിച്ചും ജനീവയില്‍വെച്ച് നേരില്‍ക്കണ്ട ജഗദീഷ് ചന്ദ്ര ബോസിനെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
പ്രതിബദ്ധമായ സാമൂഹികബോധം
ജനങ്ങളുടെ നിറത്തിന് സൗന്ദര്യവുമായി ബന്ധമില്ലെന്നും താമസിക്കുന്ന പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായാണ് ഓരോരുത്തരിലും നിറമുണ്ടാകുന്നത് എന്നും പറയുമ്പോള്‍ വര്ണവിവേചനത്തിന് അതീതമായ സാമൂഹികബോധം മകളില്‍ രൂപപ്പെടുത്തിയെടുക്കുന്ന ശ്രദ്ധാലുവായ പിതാവിനെ നമുക്കുകാണാം. സങ്കുചിതവും ഹിംസാത്മകവുമായ ദേശീയബോധം രാജ്യങ്ങള്‍ തമ്മിലുള്ള സ്പര്‍ധയിലേക്കും മഹായുദ്ധത്തിലേക്കും നയിക്കുമെന്ന് ഒന്നാം ലോകയുദ്ധത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം മകളോടു പറയുന്നുണ്ട്. അതുപോലെ, സാമൂഹികനീതിയുടെയും സമത്വബോധത്തിന്റെയും സഹഭാവത്തിന്റെയും മൂല്യങ്ങളും മകള്‍ക്ക് പകര്ന്നുകൊടുക്കുന്നതുകാണാം. രാജാക്കന്മാര് കൊട്ടാരങ്ങളില്‍ സുഖജീവിതം നയിക്കുമ്പോള്‍, നികുതികൊടുക്കുന്ന കര്‍ഷകരും തൊഴിലാളികളും ചൂഷണത്തിലും അടിമത്തത്തിലും ജീവിക്കുന്നതിന്റെ വൈരുധ്യം മനോഹരമായി അദ്ദേഹം വരച്ചുകാട്ടുന്നുണ്ട്.
നമ്മുടെ രാജ്യം എന്നും അടിമത്തത്തിലായിരിക്കില്ലെന്ന പ്രത്യാശയോടൊപ്പം, ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പൈതൃകത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം പങ്കുവെക്കുന്നു. അന്ധവിശ്വാസങ്ങളെയും സങ്കുചിത മതബോധത്തെയും അനീതിയെയും അധികാര കേന്ദ്രീകരണത്തെയും വംശീയബോധത്തെയും പാടെ തള്ളിക്കളയുന്ന രീതിയാണ് ഈ കുറിപ്പുകളില്‍ നെഹ്റു സ്വീകരിച്ചിരിക്കുന്നത്. സ്വാഭാവികമായും അത് അദ്ദേഹത്തിന്റെ ജീവിതാവബോധത്തിന്റെ പ്രതിഫലനമായിക്കാണണം. നെഹ്റുവിന്റെ മറ്റെല്ലാ കൃതികളിലെയും പോലെ യൂറോപ്യന്‍ നവോത്ഥാനമൂല്യങ്ങളും ശാസ്ത്രചിന്തയും യുക്തിബോധവും രാജ്യാതിര്‍ത്തികള്‍ അതിലംഘിക്കുന്ന സാര്വദേശീയചിന്തയും ഓരോ കത്തിലും കൈയൊപ്പുപോലെ പതിഞ്ഞുകിടക്കുന്നത് കൗതുകകരമാണ്.
തുറന്നുകൊടുത്ത വാതില്‍
ധാതുക്കളുടെയും ഫോസിലുകളുടെയും മണ്ണിന്റെയും മരങ്ങളുടെയും മനുഷ്യഗോത്രങ്ങളുടെയും ജനപഥങ്ങളുടെയും മഹാസാമ്രാജ്യങ്ങളുടെയും വന്യുദ്ധങ്ങളുടെയും അധികാരനിരാസങ്ങളുടെയും അടിമകളുടെയും വ്യവസായവിപ്ലവത്തിന്റെയും രസകരമായ ചരിത്രം ചുരുള്വിടര്ത്തുന്ന അച്ഛന്റെ രസകരമായ ഈ എഴുത്തുകളായിരുന്നു 'ഇന്ദു'വിന് ലോകത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തത്. അവയോരോന്നും വായിച്ച് മറന്നുപോകാനുള്ള കേവലമായ എഴുത്തുകളായിരുന്നില്ലെന്നും മറിച്ച് പ്രകൃതിയെ വിഭിന്നമാനങ്ങളുള്ള ഒരു മഹാഗ്രന്ഥമായി വീക്ഷിക്കാനുള്ള ഉള്‍ക്കാഴ്ച പകര്‍ന്നുതന്ന ഹൃദയഭാഷണങ്ങള്‍ ആയിരുന്നെന്നുമാണ് പ്രിയദര്‍ശിനി പിന്നീട് അതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.
ഓരോ പുല്ക്കോടിയിലും മഞ്ഞുതുള്ളിയിലും കല്ലിലും മണ്ണിലുമൊക്കെ ഇന്ദു പരിണാമത്തിന്റെയും പ്രകൃതിയുടെയും അംശങ്ങള്‍ തിരയാന്തുടങ്ങിയത് അതിനുശേഷമാണ്. ജീവിതകാലം മുഴുവന്‍ ഇന്ദിരയെ പ്രകൃതിസ്നേഹിയും ശാസ്ത്രകുതുകിയും സോഷ്യലിസ്റ്റും ആക്കിയത് കുഞ്ഞുനാളില്‍ കിട്ടിയ ഈ അറിവുകളാണ്. ഈ അറിവുകള്‍ നല്കിയ ഉദാത്തമായ മാനവികതയുടെയും ആത്മബോധത്തിന്റെയും കരുത്തിലാണ്, സെയ്ന്റ് മേരീസ് കോണ്‍വെന്റ് സ്കൂളിലെ മതില്‍ക്കെട്ടിനകത്ത് പരുക്കന്‍ ഖാദി മാത്രം ധരിക്കുന്ന ഏകവിദ്യാര്ഥിനിയായി അധ്യാപകരുടെ പരിഹാസപാത്രമായപ്പോഴും ആ പത്തുവയസ്സുകാരി സധൈര്യം നിവര്‍ന്നുനിന്നത്.
സാര്‍ഥകമായ മഷിപ്പാടുകള്‍
വര്‍ഷങ്ങള്‍ക്കുശേഷം പ്രധാനമന്ത്രിയായപ്പോള്‍, അവരുടെ പൊതുനയങ്ങളുടെ അടിത്തറയായതും അച്ഛന് എഴുത്തുകളിലൂടെ പകര്‍ന്നുതന്ന സാമൂഹിക-രാഷ്ട്രീയ-മാനവിക ബോധമായിരുന്നുവെന്ന് ഇന്ദിരാഗാന്ധി സുഹൃത്തായ ഡൊറോത്തി നോര്‍മനോട് പറയുന്നുണ്ട്. വനസംരക്ഷണനിയമം, പരിസ്ഥിതിസംരക്ഷണം, സ്റ്റോക്ഹോം സമ്മേളനത്തിലെ പ്രസംഗം, പ്രിവിപഴ്സു നിരോധനം, ബാങ്ക് ദേശസാത്കരണം, ദേശീയ പാര്‍ക്കുകളുടെ സംരക്ഷണം, മതനിരപേക്ഷത തുടങ്ങിയ ഓരോ സവിശേഷ നയപരിപാടിയിലും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഏകാകിയായ ഒരച്ഛന് ധീരയും സാഹസികയുമായ മകള്‍ക്കയച്ച കത്തുകളിലെ മഷിപ്പാടുകള്‍ കാണാന്‍കഴിയും.
നെഹ്റുവിന്റെ ഓരോ കത്തും ഓരോ കവിതയാകുന്നത് അവയുടെ ആഖ്യാനചാരുതയും ആത്മാര്‍ഥതയും കാരണമാണ്. ബാപ്പുമുതല് ജിന്നവരെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം അയച്ച മിക്കവാറും കത്തുകളിലെല്ലാം ഈ സത്യസന്ധത തൊട്ടറിയാന്പറ്റും. ഒരര്‍ഥത്തില്‍, ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ ഒട്ടേറെ അടരുകളും തലങ്ങളുമുള്ള 'നിരന്തരസംഭാഷണങ്ങളാക്കി' പരിവര്‍ത്തനപ്പെടുത്തുകയായിരുന്നു ബാപ്പുവും നെഹ്റുവും ഹൃദയസ്പര്‍ശിയായ ആ കത്തുകളിലൂടെ ചെയ്തത്. 'അച്ഛന് മകള്‍ക്കയച്ച കത്തുകളു'ടെ തുടര്‍ച്ചയായിട്ടാണ്, ഇന്ദുവിന്റെ പതിമ്മൂന്നാം പിറന്നാളിന് നെഹ്റു നൈനി സെന്‍ട്രല്‍ ജയിലില്‍നിന്നു വീണ്ടും കത്തുകള്‍ എഴുതാന്‍ തുടങ്ങിയത്. പല ജയിലുകളില്‍നിന്നായി എഴുതിയ ആ 196 കത്തുകളാണ് പിന്നീട് വിശ്വചരിത്രാവലോകം എന്ന പ്രശസ്തമായ പുസ്തകമായിമാറിയത്.
Content Highlights: jawahar lal nehru letters for indira gandhi