‘മർനെയ്ൻ എഴുതുമ്പോൾ വാക്കുകൾ അരുവികളുടെ രൂപമെടുക്കുന്നു, ഒഴുകുന്നു, നിൽക്കാതെ ഒഴുകുന്നു..’

#ജോജോ ആൻറണി
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ലൈലാക് പുഷ്പങ്ങൾ അലങ്കരിച്ച മുറിയിലേക്ക് കടക്കുമ്പോൾ ആ ബാലൻ ശ്രദ്ധിച്ചത് അവയുടെ തീക്ഷ്ണ സുഗന്ധമല്ല, അതവൻ അറിഞ്ഞതു പോലുമില്ല, പകരം പൂക്കൾക്ക് ചുറ്റും വയലറ്റ് നിറത്തിൽ, പൊടി പാറിയതുപോലെ, പറന്നു നടക്കുന്ന നീർത്തുള്ളികളെയാണ്. 'ജെറാൾഡ്, എന്ത് നല്ല സുഗന്ധം അല്ലേ?', ആരോ ചോദിച്ചു, പക്ഷെ അവനാ ചോദ്യം മനസ്സിലായില്ല. അപ്പോഴും വയലറ്റ് തുള്ളികളിലായിരുന്നു അവന്റെ ശ്രദ്ധ. കാലങ്ങൾ കഴിഞ്ഞതിന് ശേഷമാണ് എന്തേ ആ സുഗന്ധം അറിയാതെ പോയതെന്ന് തിരിച്ചറിവുണ്ടായത്.

അവന് congenital anosmia എന്ന ശാരീരികാവസ്ഥ ഉണ്ടായിരുന്നു, ഗന്ധങ്ങൾ തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നില്ല, എങ്കിലും ഗന്ധങ്ങൾ തുള്ളികളായി പാറി നടക്കുന്നത് കാണാനാകുമായിരുന്നു. 'അദൃശ്യമെങ്കിലും നാശം വരാത്ത ലൈലാക് പൂക്കൾ' (Invisible Yet Enduring Lilacs) എന്ന കൃതിയിൽ ഈ രോഗത്തെ കുറിച്ചുള്ള പരാമർശമുണ്ട്, കൂടെ, ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന ഈ നോവലിലും.

17-ാം വയസ്സിൽ പുരോഹിതനാകാനുള്ള തീരുമാനവുമായി ജെറാൾഡ് സെമിനാരിയിൽ ചേർന്നു, വർഷം 1957. സെമിനാരിയിലെ ദൈവപഠനങ്ങൾക്കിടയിലും കുർബ്ബാനകൾക്കിടയിലും ഞായറാഴ്ചകളിലെ കുതിരപ്പന്തയങ്ങളായിരുന്നു അവന്റെ മനസ്സിൽ. പുരോഹിതനായിരിക്കുക എന്നാൽ ആ കുതിരപ്പന്തയങ്ങളിൽ നിന്ന് വിട്ടു നിൽക്കുക എന്നാണർത്ഥം എന്ന് തിരിച്ചറിഞ്ഞ അവൻ സെമിനാരിയിലെ പഠനം നിർത്തി, പന്തയങ്ങൾ കാണാൻ സാദ്ധ്യത തരുന്ന അധ്യാപകവൃത്തി സ്വീകരിക്കാനുള്ള ശ്രമം തുടങ്ങി, അതിൽ വിജയിക്കുകയും ചെയ്തു. 1966-ൽ കാത്തിയെ വിവാഹം ചെയ്ത ശേഷവും അവൻ പഠനം തുടർന്നു, മെച്ചപ്പെട്ട അധ്യാപന തസ്തികകളിലേക്ക് കയറിക്കൊണ്ടുമിരുന്നു. ഇതിനിടയിൽ, 1974-ൽ, തന്റെ 35-ാമത്തെ വയസ്സിൽ ജെറാൾഡ് മർനെയ്ൻ ആദ്യ കൃതി പ്രസിദ്ധീകരിച്ചു- ഭാഷയുടെ പുതിയ തുറസ്സുകളിലേക്ക് വാതിലുകൾ തുറക്കുന്ന 'ടാമറിസ്‌ക് റോ' (Tamarisk Row) എന്ന നോവൽ.

ഓട്ടോഫിക്ഷൻ എന്ന് വേണമെങ്കിൽ പറയാവുന്ന ഈ കൃതി, ഒരിക്കലും വിമാനത്തിൽ കയറാത്ത, സമുദ്രം തിന്മയാണെന്ന് കരുതിയ ഒരാൾക്ക് ചേരും വിധം, ഓസ്‌ട്രേലിയയുടെ ഉൾഭാഗങ്ങളിൽ നടന്ന ചില കാര്യങ്ങളുടെ ഓർമകളെ നീണ്ട് നീണ്ട് പോകുന്ന വാചകങ്ങളിൽ വെളിവാക്കുന്നു. തുടർന്നുവന്ന കൃതികളുടേയും ഭൂമിക മറ്റൊന്നല്ല. 1988-ൽ നാലാമതായി പുറത്തു വന്ന നോവലിന്റെ പേരു തന്നെ 'ഉൾനാട്' (Inland) എന്നായിരുന്നു. ഇതിൽ മർനെയ്ൻ എഴുതുന്നു, 'അരുവികളും പട്ടണങ്ങളും സമതലങ്ങളും കൊണ്ട് നിറഞ്ഞ വിശാലമായ ഈ കരയുള്ളപ്പോൾ എനിക്ക് കടലിനെ കുറിച്ച് ഓർക്കുകയേ വേണ്ട.' (1) ഈ കൃതിയേയാണ് ജെ എം കൂറ്റ്‌സി 'ഉന്നതമായ ലക്ഷ്യബോധമുള്ളതും, സുസ്ഥിരവും, കരുത്തുറ്റതുമായ രചന' (2) എന്ന് വിളിച്ചത്.

ഹങ്കറിയിലെ സോൾനോക് കൗണ്ടിയിൽ, പോപ്ലാർ മരങ്ങൾ നിറഞ്ഞ പാടങ്ങൾക്കിടയിലെ ഒരു വീടിനുള്ളിലെ മുറിയിൽ, പുസ്തകങ്ങളുടെ നടുക്കിരുന്ന്, ഒരു എഴുത്തുകാരൻ, തന്റെ മനസ്സിൽ ഭാരമായി തുടരുന്ന വാക്കുകളെ ഇറക്കിവയ്ക്കാനെന്ന വണ്ണം എഴുതാനിരിക്കുന്നു. ഇടയ്ക്കയാൾ മുറിയിലെ ഒരു ജനാലയിലേക്ക് നടന്ന്, പുറത്ത് കാണാനാകുന്ന പാടത്തേയ്ക്ക്, പാടത്തിന് നടുക്കുള്ള കിണറിലേക്ക്, നോക്കുന്നുണ്ട്, അല്ലെങ്കിൽ നോക്കുന്നു എന്ന് സ്വപ്നം കാണുന്നുണ്ട്.

നോട്ടത്തിൽ കണ്ട കാഴ്ചകളാണോ, കാഴ്ചകളുടെ ഓർമകളാണോ, അതോ നോക്കി എന്ന് സ്വപ്നം കണ്ടതാണോ എന്ന് വേർതിരിച്ചറിയാൻ വായനക്കാരെ സഹായിക്കാൻ ശ്രമിക്കാം എന്ന വാഗ്ദാനവുമായാണ് മർനെയ്ൻ 'ഉൾനാട്' എന്ന നോവൽ തുടങ്ങുന്നത്. അവിടെ, എഴുത്തുകാരന്റെ- മർനെയ്ൻ അല്ല ഈ എഴുത്തുകാരൻ, മർനെയ്ൻ ഓസ്‌ട്രേലിയയ്ക്ക് പുറത്ത് പോയിട്ടില്ല- ഭാര്യയേയും മകളേയും കൂടാതെ, വിവർത്തകയും എഡിറ്ററുമായ ആൻ ക്രിസ്റ്റലി ഗുണ്ണാർസെൻ എന്ന സ്ത്രീയും ശാസ്ത്രജ്ഞനായ അവരുടെ ഭർത്താവും കഥയിലേക്ക് ചേരാനായി കാത്തുനിൽക്കുന്നു- എന്നാൽ, ഇവരെല്ലാം സാങ്കൽപിക കഥാപാത്രങ്ങളാണെന്ന കാര്യം വായനക്കാർ തിരിച്ചറിയണമെന്ന് മർനെയ്‌നിന് നിർബന്ധമില്ല.

ജെറാൾഡ് മർനെയ്ൻെറ പുസ്തകങ്ങൾ

മർനെയ്ൻ എഴുതുമ്പോൾ വാക്കുകൾ ഉൾനാടുകളിൽ കാണുന്ന അരുവികളുടെ രൂപമെടുക്കുന്നു, ഒഴുകുന്നു, ഒഴുക്കിനിടയിൽ കൊച്ചു കൊച്ചു ചുഴികളിൽ വട്ടം കറങ്ങുന്നു, നിൽക്കാതെ ഒഴുകുന്നു. ഈ വരികൾ നോക്കുക: 'ഹിന്റർലാൻഡ് എന്ന പുസ്തകത്തിന്റെ താളുകളിലേക്ക് സ്വയം നോക്കിയിരിക്കുന്നതായി അയാൾ ചിന്തിച്ചു കൊണ്ടിരുന്നു; ഒപ്പം, അമേരിക്കയിൽ നിന്ന് ഒരുപാടകലെയുള്ള പുൽമേടുകളെ കുറിച്ചും ആ പുൽമേടുകളിൽ കാണുന്ന മാളികവീടുകളെ കുറിച്ചും, ഓരോ മാളികവീട്ടിലുമുള്ള ലൈബ്രറിയിൽ, കാറ്റ് വീശുമ്പോൾ മെല്ലെ ഉലയുന്ന പാളികളുള്ള ജനാലക്കരികിലെ മേശയ്ക്ക് മുന്നിൽ, ഒറ്റയ്ക്കിരിക്കുന്ന ഒരു മനുഷ്യനെ കുറിച്ചും.' (3) പുൽമേടുകൾക്കിടയിലുള്ള ഒരു മാളിക വീടിന്റെ ലൈബ്രറിയിൽ, കാറ്റിലാടുന്ന പാളികളുള്ള ജനലരികത്തുള്ള ഒരു മേശയ്ക്ക് മുന്നിലിരുന്നാണ് എഴുത്തുകാരന്റെ ഈ ചിന്തകൾ, എഴുത്തുകാരന്റെ ജീവിതം എഴുത്തിലേക്കിറങ്ങി വന്ന് ചുഴിയിലകപ്പെട്ടതുപോലെ വട്ടം തിരിയുന്നു.

അല്ലെങ്കിൽ ഈ വരികൾ: 'ആൻ ക്രിസ്റ്റലി ഗൂണ്ണാർസെന്നിന്റെ പേരിലേക്ക് കുറച്ചു നേരം സൂക്ഷിച്ചു നോക്കിയാൽ കാണാം, ആ പേരിലെ N കളും S കളും പുൽച്ചെടികളായി രൂപം മാറുന്നതും കാറ്റടിച്ചാലെന്ന വണ്ണം അവ ഉലയുന്നതും'(4) - വാക്കുകൾ തീർക്കുന്ന ചുഴികൾ കൃതിയിലുടനീളം നിലയ്ക്കാതെ തിരിഞ്ഞു കൊണ്ടിരിക്കുന്നു. ആ ഒഴുക്കിനിടയിൽ, ചിത്രങ്ങൾ അനുഭവങ്ങളാകുന്നു, ചിന്തകൾ കാഴ്ചകളാകുന്നു, സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള വേർതിരിവ് മാഞ്ഞു മാഞ്ഞില്ലാതാവുന്നു.

ഈ നോവലിന് തൊട്ട് മുമ്പ് പുറത്തിറങ്ങിയ 'സമതലങ്ങൾ' (The Plains) എന്ന നോവലിലും സംഭവങ്ങൾ അധികമില്ല, എന്നാൽ കഥാപാത്രങ്ങൾ കുറച്ചു പേരുണ്ട്, അവരൊക്കെ കൂടുതലും യാഥാർഥ്യത്തിന്റെ അതിരുകൾക്കുള്ളിൽ വ്യാപരിക്കുന്നവരുമാണ്. എന്നാൽ ഈ കൃതിയിലെത്തുമ്പോൾ മർനെയ്ൻ തിരഞ്ഞെടുക്കുന്നത് ഭൂമിയിലോ, വാക്കുകളിലോ, ചിന്തയിലോ, സ്വപ്നങ്ങളിലോ, ഇവയിലെവിടെയെന്ന് ഉറപ്പിച്ചു പറയാനാകാത്ത, അല്ലെങ്കിൽ ഇവയിലെവിടെയുമാകാവുന്ന, അതുമല്ലെങ്കിൽ ഇവയിലൊന്നിലുമല്ലാത്ത മൂന്ന് നാല് കഥാപാത്രങ്ങളെയാണ്.

നോവലിന്റെ വായന അത് തിരിച്ചറിയാനുള്ള ഒരു ശ്രമമായി മാറുന്നു, വ്യർത്ഥമാണ് ആ ശ്രമം എങ്കിൽ കൂടി. മറ്റൊന്നു കൂടി ഈ ശ്രമത്തിന്റെ ആയാസം കൂട്ടുന്നുണ്ട്. ഈ നോവലിന്റെ ഭൂമിക, ഓരോരോ സ്ഥലങ്ങളുടെ പേരുകൾ പറയുമ്പോൾ പോലും, മണ്ണിന് മുകളിലല്ല, എഴുത്തുകാരന്റെ മനസ്സിനുള്ളിലാണ്. അവിടെ സ്ഥലവും മനുഷ്യരും ചിന്തകൾക്കുള്ളിൽ മാത്രം വർത്തിക്കുന്നവരാണ്. ആ ചിന്തയുടെ സൗന്ദര്യം കാണാനാണ് മർനെയ്ൻ വാചനക്കാരെ ക്ഷണിക്കുന്നത്- ക്ഷണിക്കുന്നു എന്നെഴുതിയത് ഭംഗിവാക്കായല്ല, വായനക്കാരനെ നേരിട്ട് അഭിസംബോധന ചെയ്യുന്ന മട്ടിലാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.

ഒരു ജനുവരിയിൽ, ഒരുപാട് മരണങ്ങൾക്ക് കാരണമായതും മെൽബൺ കൗണ്ടി അന്നോളം കണ്ടിട്ടില്ലാത്തത്ര തീവ്രമായതുമായ ഒരു കാട്ടുതീയ്ക്ക് പുറകെ വന്ന ഫെബ്രുവരിയിലെ ജനനം തൊട്ട് ജീവിതം കടന്നുപോയ വഴികളെ കുറിച്ച് മർനെയ്ൻ പറയുന്നുണ്ട്. എന്നാൽ വായനക്കാരന്റെ മനസ്സിൽ ബാക്കിയാകുക, ആ കഥകളല്ല, പകരം ആ കഥകളെത്തിച്ചു തരുന്ന എഴുത്തിന്റെ സൗന്ദര്യമാകും. അവ കഥകളല്ല, ഓർമകളാണെന്ന്, ഓർമകളെ കുറിച്ചുള്ള ഭാവനകളാണെന്ന്, ആ എഴുത്ത് നമ്മെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു വൈദികജീവിതത്തിനും തനിക്കുമിടയിൽ കുറുകെ നിന്ന കുതിരപ്പന്തയത്തെ ഒരു വിനോദമായി കാണാൻ മർനെയ്ൻ മടിച്ചിരുന്നുവെന്ന് ചിലരെങ്കിലും എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ സമ്പന്ധിച്ചിടത്തോളം രൂപക്രമങ്ങളും പേരുകളും സംഖ്യകളും കൂടിച്ചേരുന്ന ഒരു വ്യവസ്ഥാപദ്ധതി ആയിരുന്നു കുതിരപ്പന്തയം. അതിനെ അപഗ്രഥിച്ച് അദ്ദേഹം വാതുവയ്പ്പിൽ ജയിക്കുന്നതിന് സഹായകമായ സിദ്ധാന്തങ്ങളും ആവിഷ്‌ക്കരിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ശ്രദ്ധയെ പതറാനനുവദിക്കാതെ സൂക്ഷ്മമായി തിരയുന്നതിനും സൂചനകളെ തിരിച്ചറിയുവാനും അതുവഴി അധികമാരും നടക്കാത്ത ഒരു സാഹിത്യപാത ഒരുക്കിയെടുക്കുവാനും ഗാഢമായ ഈ ബന്ധം മർനെയ്‌നിനെ സഹായിച്ചിട്ടുണ്ട്.

Tamarisk Row, Border Districts, A Shining, Inland തുടങ്ങിയ കൃതികളുടെ വായനയ്ക്ക് ശേഷം ഇത് തിരിച്ചറിയുന്ന വായനക്കാരൻ, കുതിരപ്പന്തയം എന്ന വിനോദത്തോട് ഒരു പ്രത്യേക സ്‌നേഹം കരുതിവച്ചാൽ അതിൽ ആർക്കും അത്ഭുതം തോന്നില്ല.

1. The land itself is so vast and so richly patterned with streams and towns and prairies that I will have little time for sea

2. 'most ambitious, sustained and powerful piece of writing' - J. M. Coetzee

3. He was thinking of himself looking at the pages of Hinterland and thinking of grasslands far away from America and on those grasslands manor-houses and in each of those manor-houses a man sitting alone at a table in a library with window-sash that bumps faintly in the wind.

4. If I look at Anne Kristaly Gunnarsen's name for long enough, all her enns and esses turn into grass stems and all the grass stems lean as though a wind is blowing over them.

Content Highlights: Explore Gerald Murnane`s `Inland,` a novel blurring lines between memory, reality, and imagination. Discover its unique autofictional style and captivating prose.