പ്രപഞ്ചത്തോളം വിശാലമായിത്തീർന്ന ഹൃദയത്തിനുടമ നൂറിന്റെ നിറവിലേക്ക്...

ചിങ്ങത്തിലെ ഭരണി നക്ഷത്രത്തിൽ മലയാളത്തിന്റെ ഒരേയൊരു ലീലാവതി ടീച്ചർ നൂറിന്റെ നിറവിലേക്ക് കാലെടുത്തുവെക്കുകയാണ്. പതിനായിരങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയും മലയാളസാഹിത്യത്തിൽ തന്റേതായ സിംഹാസനത്തിൽ ദശാബ്ദങ്ങൾക്കുമുമ്പേ അമർന്നിരുന്ന നിരൂപകയുമായ ലീലാവതി ടീച്ചർ പകർന്നു തന്ന സ്നേഹത്തെക്കുറിച്ച്, പിടിച്ചുകയറ്റിയ പുതുജീവിതത്തെക്കുറിച്ച് ലീലാവതി ടീച്ചറുടെ വിദ്യാർഥിയും എഴുത്തുകാരിയുമായ ഗ്രേസി എഴുതുന്നു.
ഭരണിനക്ഷത്രത്തിന്റെ വെളിച്ചം
ചൂരലിന്റെ സീൽക്കാരത്തിൽ പുളയുന്ന സ്കൂൾകാലവും വിദ്യാർഥികളിൽനിന്ന് കഴിയുന്നത്ര അകലംപാലിക്കണം എന്ന് വിശ്വസിച്ച അധ്യാപകരോടൊത്തുള്ള പ്രീഡിഗ്രിക്കാലവും സാഹിത്യം വെറുമൊരു പാഠ്യവിഷയംമാത്രമാണെന്ന് ധരിച്ചുവശായ അധ്യാപകരോടൊത്തുള്ള ബിരുദകാലവും താണ്ടി മഹാരാജാസിലെ മലയാളം എം.എ. ക്ലാസിലെത്തിയപ്പോഴാണ് പുതിയൊരു ലോകം മലർക്കെ തുറന്നുകിട്ടിയത്. പ്രഗല്ഭരായ ഒരുകൂട്ടം അധ്യാപകരുടെ നിരതന്നെയുണ്ടായിരുന്നു അവിടെ. ലീലാവതി ടീച്ചർ, സാനുമാഷ്, ഡി. വിനയചന്ദ്രൻ എന്നിങ്ങനെ ചിലർ ആ നിരയുടെ നേർമധ്യത്തിൽ തലയെടുപ്പോടെ നിന്നു. ശിഷ്യരെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച ലീലാവതിടീച്ചറാണ് എന്നെ ഏറ്റവും വിസ്മയിപ്പിച്ചത്. ടീച്ചറുടെ വിരൽത്തുമ്പിൽ പിടിച്ചുനടന്നാണ് ആശാൻകവിതയുടെ ഏണും കോണും ഞാൻ തിരിച്ചറിഞ്ഞത്. ഒരു കാരണവശാലും ഒരു ക്ലാസും മുടക്കാത്ത അധ്യാപികയായിരുന്നു ലീലാവതിടീച്ചർ. എന്തെങ്കിലും കാരണവശാൽ ക്ലാസ് മുടങ്ങിപ്പോയാൽ സ്പെഷ്യൽ ക്ലാസെടുത്തും ടീച്ചർ സ്വന്തം പാഠ്യഭാഗം തീർക്കുകതന്നെ ചെയ്യും. ടീച്ചറെപ്പോലെ അധ്യാപനത്തോട് ഇത്രയേറെ പ്രതിബദ്ധതയുള്ളവർ ഗുരുകുലത്തിൽ വേറെയാരും ഉണ്ടാവുകയില്ല.
മാതൃവാത്സല്യം
അക്കാലത്ത് മാതൃതുല്യമായൊരു സ്നേഹം എനിക്ക് ടീച്ചറോടുണ്ടായിരുന്നു. പഠിപ്പുകഴിഞ്ഞ് എവിടെയുമെത്താതെ ജീവിതംതന്നെയും വെറുത്ത് എല്ലാറ്റിൽനിന്നും ഓടിയൊളിച്ചപ്പോൾ കൈവിട്ടുപോയ ബന്ധങ്ങളിലൊന്നായിത്തീർന്നു അതും. ഏഴുകൊല്ലം കഴിഞ്ഞ്, ടീച്ചർ സബ്ജക്ട് എക്സ്പർട്ടായ ഒരു ഇന്റർവ്യൂ ബോർഡിന്റെ മുന്നിലെത്തിയപ്പോൾ ഭൂമി പിളർന്ന് അപ്രത്യക്ഷമാകാൻ ഞാൻ കൊതിച്ചു. എന്നാൽ, കാരുണ്യമൂറുന്ന ഒരു മന്ദസ്മിതംകൊണ്ട് ടീച്ചർ എന്റെ ആത്മവിശ്വാസം വീണ്ടെടുത്തുതന്നു. പക്ഷേ, ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന മാനേജ്മെന്റ് പ്രതിനിധിയുടെ 'ഇക്കൊല്ലം എത്രദിവസം പള്ളിയിൽ പോയിട്ടുണ്ട്' എന്ന വിചിത്ര ചോദ്യംകേട്ട് ഞാൻ ഹതാശയായിത്തീർന്നു. അപ്പോൾ ടീച്ചർ എന്റെ കാവൽമാലാഖയായി. 'ഒരു കവിതചൊല്ലി ക്ലാസെടുക്കൂ' എന്ന് ടീച്ചർ എന്നെ ഉത്തേജിപ്പിച്ചു. 'ചോറൂണ്' എന്ന ഒ.എൻ.വി.കവിതയിലെ കുറച്ചുവരികൾ ചൊല്ലി വ്യാഖ്യാനിച്ച് ഞാൻ ആ കടമ്പ കടന്നെങ്കിലും പുറംജാതിക്കാരനെ കല്യാണം കഴിച്ചതുകൊണ്ട് തിരസ്കൃതയായി. കൊല്ലമൊന്ന് തികയുംമുൻപേ മറ്റൊരു കോളേജിൽ ജോലിതരപ്പെട്ടെങ്കിലും എന്റെ അപകർഷബോധം ഒഴിഞ്ഞുപോയില്ല. ജോലികിട്ടാൻ വൈകിയത് മാത്രമായിരുന്നില്ല കാരണം. പഠനകാലത്ത് കഥയെഴുത്തിൽ സജീവമായിരുന്ന എന്റെ എഴുത്ത് നിലച്ചുപോയി എന്നതായിരുന്നു അതിനെക്കാൾ മുന്നിട്ടുനിന്ന കാരണം.
ജീവിതാനുഭവങ്ങളുടെ പൊലിമ
വൈകിയാണെങ്കിലും ഞാൻ എഴുത്ത് തിരികെപ്പിടിച്ചു. ആദ്യ കഥാസമാഹാരമായ 'പടിയിറങ്ങിപ്പോയ പാർവ്വതി' വായനാലോകം എങ്ങനെ സ്വീകരിക്കുമെന്ന് ഞാൻ ശങ്കാകുലയായി. എന്നാൽ, അതിന്റെ പ്രകാശനം നിർവഹിക്കേണ്ടത് ലീലാവതി ടീച്ചർതന്നെയാവണം എന്ന കാര്യത്തിൽ എനിക്ക് ശങ്കയേതുമുണ്ടായില്ല. എന്റെ അഭ്യർഥന മാനിച്ച് ടീച്ചർ സന്തോഷപൂർവം ആ ചടങ്ങ് നിർവഹിച്ചു. ഞാൻ അമ്മൂമ്മയായപ്പോൾ ഒരദ്ഭുതംപോലെ സംഭവിച്ച ആദ്യബാല സാഹിത്യകൃതിയായ 'വാഴ്ത്തപ്പെട്ട പൂച്ച'യുടെ പ്രകാശനം തികച്ചും യാദൃച്ഛികമായിട്ടാണെങ്കിലും നിർവഹിച്ചത് ടീച്ചർതന്നെയായിരുന്നു എന്നത് മറ്റൊരദ്ഭുതം! ഒരു ചാനൽ ടീച്ചറെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കിയപ്പോൾ ചോദ്യങ്ങൾ ചോദിക്കാൻ എന്നെയാണ് തിരഞ്ഞെടുത്തത്. അഭിമാനകരമായ ഒരനുഭവമായിരുന്നു അത്. എന്റെ ചെറിയ ചോദ്യങ്ങളെ വലിയ ജീവിതാനുഭവങ്ങൾക്കൊണ്ട് ടീച്ചർ പൊലിപ്പിച്ചെടുക്കുന്നത് ഞാൻ കൗതുകത്തോടെ കേട്ടിരുന്നു. ഞാനപ്പോൾ പഴയ എം.എ. ക്ലാസിലെ കുട്ടിയായിത്തീർന്നു. ഇത് എന്റെമാത്രം അനുഭവമല്ല. ടീച്ചറെ കാണുമ്പോഴും ഓർക്കുമ്പോഴും ഏത് പദവിയിലിരിക്കുന്ന ശിഷ്യരും പഴയ ക്ലാസ് മുറിയിലേക്ക് മടങ്ങിപ്പോകും. അതിന്റെ തെളിവാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ടീച്ചർ സ്വീകരിച്ചപ്പോൾ നിറഞ്ഞുകവിഞ്ഞ് പുറത്തേക്ക് തൂവിയ സദസ്സ്.
മാതൃഹൃദയം
പൊതുവേ സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന നിരൂപണരംഗത്തേക്ക് ടീച്ചർ കടന്നുവന്നതുതന്നെ ലബ്ധപ്രതിഷ്ഠനായ കുട്ടികൃഷ്ണമാരാരെ വിമർശിച്ചുകൊണ്ടാണ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 'നിമിഷം' എന്ന കവിതയ്ക്കെതിരേ മാരാർ ഉന്നയിച്ച വാദങ്ങളെ യുക്തിയുക്തമായി ഖണ്ഡിച്ചെഴുതിയ ആ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് അച്ചടിച്ചുവന്നത്. ഭാഷാശൈലിയുടെ കരുത്തുകണ്ട് ലീലാവതി എന്ന കള്ളപ്പേരിൽ ഏതോ പുരുഷനെഴുതിയ ലേഖനമാണെന്നുപോലും ചിലർ കരുതുകയുണ്ടായി. പിന്നീട് മാരാർ ചില പുരാണകഥാപാത്രങ്ങളെ വിശകലനംചെയ്തപ്പോൾ അതിനൊക്കെയും ഒരു മറുവശമുണ്ടെന്ന നിലപാടാണ് ടീച്ചർ അവലംബിച്ചത്. ഏറ്റവും ഒടുവിലെഴുതിയ 'ഭാരതാലോക'മാകട്ടെ ടീച്ചറുടെ നിരൂപണപ്രതിഭയുടെ തിളക്കം കുറഞ്ഞിട്ടില്ലെന്നുതന്നെ സാക്ഷ്യപ്പെടുത്തുന്നു. മഹാഭാരതത്തിലെ ചില കഥാപാത്രങ്ങൾ നീതിയുടെയും ധർമത്തിന്റെയും പക്ഷത്ത് ഉറച്ചുനിന്ന് ആത്മാർഥമായി ശ്രമിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു മഹാഭാരതയുദ്ധം എന്ന് ടീച്ചർ സമർഥിക്കുന്നുണ്ട്. ഏതുയുദ്ധവും വിനാശകാരിയായിത്തീരുന്നതിനെക്കുറിച്ചും തുടർന്ന് സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടിവരുന്ന ഹൃദയഭേദകമായ അവസ്ഥയെക്കുറിച്ചും വ്യാകുലപ്പെടുന്ന ഒരു മാതൃഹൃദയം ആ കൃതിയിലാകെ തുടിച്ചുനിൽക്കുന്നുണ്ട്. ഭരണി നക്ഷത്രത്തിന്റെ വെളിച്ചത്തിൽ പിറന്ന് പ്രപഞ്ചത്തോളം വിശാലമായിത്തീർന്ന ആ ഹൃദയത്തിന്റെ മുന്നിൽ ഞാൻ പ്രണാമമർപ്പിക്കുന്നു.