'ഭൂമി ഉറക്കത്തിൽ ചരിഞ്ഞുകിടക്കുന്നത് പ്രേമിക്കുന്നവരിലൂടെ...'

വായിച്ചറിയും മുൻപേ കേട്ടറിയുകയും, കേട്ട് കേട്ട് ഇഷ്ടപ്പെടുകയും, ഇഷ്ടം വലിയ ആരാധനയാവുകയുമായിരുന്നു. മേതിൽ! ഒരു മന്ത്രം പോലെ കാതിൽ മുഴങ്ങി കേട്ട വാക്ക്. ആരാധന മൂത്താണ് വായിക്കാനൊരുങ്ങുന്നത്. ഞാനന്ന് പത്താം ക്ലാസ്സിലാണ്. ഒരു വെള്ളിയാഴ്ച്ച ഉച്ച നേരത്ത് ഞാനാരുറുമ്പായി മാറി. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളിലെമ്പാടും അരിച്ചു പെറുക്കി നടന്നു. പുസ്തകത്തിലേക്കല്ല, എഴുത്തുകാരനിലേക്കായിരുന്നു എത്തിച്ചേരേണ്ടിരുന്നത്, മേതിൽ... മേതിൽ... എന്നുമാത്രം തിരഞ്ഞു. ഒടുവിലൊരു മൂലയ്ക്ക് കണ്ടെടുത്തു.
'സംഗീതം ഒരു സമയകലയാണ്' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. പക്ഷെ, വായന തുടങ്ങിയപ്പോൾ തല പെരുത്തു! ഓരോ വാക്യവും കഠിനം! അർത്ഥങ്ങൾ തലച്ചോറിന്റെ നാനാ കോണുകളെയും ഷോക്കടിപ്പിക്കുന്നു. ഇതെങ്ങനെ വായിച്ചു തീർക്കുമെന്നറിയാതെ പത്താം ക്ലാസ്സുകാരി കുഴങ്ങി. തലകുത്തി നിന്നും വായിച്ചേ മതിയാകൂ... എനിക്ക് മേതിലിനെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞാൽ എന്തുകൊണ്ടെന്ന മറുചോദ്യം വരും. മറുപടി പറയാനായി
മേതിലിനെയറിഞ്ഞേ തീരൂ...!
അതായിരുന്നു ആദ്യത്തെ ശ്രമം. പരാജയമായിരുന്നു ഫലം. പക്ഷെ, പിൻമാറാനൊരുക്കമല്ലായിരുന്നു. പതിനൊന്നിൽ പഠിക്കുമ്പോൾ സംസ്ഥാന
സ്കൂൾ കലോത്സവത്തിൽ മലയാളം കഥാരചനക്ക് സമ്മാനം കിട്ടി. സ്കൂളും നാടും അനുമോദിച്ചു. എൻഡോവ്മെന്റ് കിട്ടി. ആ പൈസക്ക് ഡിലൻ
തോമസിന്റെ പന്ത് വാങ്ങി. തിരിച്ചും മറച്ചും നോക്കി. ഉരുട്ടി നോക്കി. പയ്യെ തട്ടി നോക്കി. ഓരോ ഏറിലും കൂടുതൽ ശക്തമായി ബൗൺസ് ബാക്ക്
ചെയ്യുന്ന പന്ത്!
ഭൂമിയേയും മരണത്തേയും കുറിച്ച് വായിച്ചു. വരികളിൽ വെന്തു.
'ഭൂമി ഉറക്കത്തിൽ ചരിഞ്ഞു കിടക്കുന്നത് പ്രേമിക്കുന്നവരിലൂടെയാണ്...'
പെൻസില് കൊണ്ട് അടിവരയിട്ടു. എന്തൊക്കെയോ കുറെ കുറിച്ചു വച്ചു. സ്വയമുരുകലിന്റെ ചാലകശക്തിയിൽ ചരിക്കുന്നൊരു പ്രതിഭാസമാണ് മേതിലിന് കവിത.
'അന്യമായൊരു ഉന്ത് അതിനാവശ്യമില്ല. നിങ്ങളുടെ ഐസ് ക്യൂബ് അതില്ലാതെ ചലിക്കുന്നില്ലെങ്കിൽ ദയവു ചെയ്ത് അതിനെ തൊഴിക്കാതിരിക്കുക.
പകരം അതെടുത്ത് ഒരു ഗ്ലാസിലിടുക. പിന്നെ ദയനീയമായ പരാജയം മറന്ന് നമുക്കൊരുമിച്ച് പറയാം: ചിയേഴ്സ്!' എന്ന് മേതിലെഴുതുന്നു.മേതിലിലേക്കുള്ള ദൂരം.... അടുക്കുന്തോറും അതറ്റത്തേക്ക് നീളുകയാണോ...!? മേതിൽ എന്നാൽ 'ഭൂമിയിൽ' എന്നാണത്രെ അർത്ഥം.
ഭൂമിയെ അറിയാൻ തുനിഞ്ഞാൻ നമ്മളൊരു 'മൺതരിയാ'ണെന്ന തിരിച്ചറിവിലേക്കല്ലേ എത്തിചേരുകയുള്ളൂ!
'ഞാൻ അത്രമേൽ
ചെറുതാകയാൽ
എനിക്ക് ഭൂമിയുടെ
ഒരൊറ്റ രോമകൂപം മതി
ഉള്ളിലേക്ക് വിയർത്തടങ്ങാൻ' എന്നിട്ടും 'വലിയ' മേതിൽ ഇപ്രകാരം ചെറുതാകുന്നു.
പിന്നീട്, വിക്ടോറിയ കോളേജിൽ പഠിക്കമ്പോഴാണ് മേതിലിന്റെ നോവലുകൾ വായിക്കാൻ ശ്രമിക്കുന്നത്. വത്സൻ മാഷോടുള്ള അടുപ്പവും ഞങ്ങളുടെ സാഹിത്യ- ജീവിത ചർച്ചകളുമാണ് വീണ്ടും മേതിലിലേക്കെത്തിക്കുന്നത്. മാഷ്ടെ വർത്തമാനങ്ങളിലെന്നും മേതിലൊരു കാറ്റ് പോലെ കടന്നുവരും. അങ്ങനെ സൂര്യവംശം വായിച്ചു. ഭാഷയുടെ സൂഫീ നൃത്തങ്ങളിൽ ഉടലുരുക്കിയൊഴിച്ച് വിയർത്തു. ഭൂമി, ജീവനെയും പ്രണയത്തെയും മരണത്തെയും ഓർമ്മകളെയും ക്രാഫ്റ്റ് ചെയ്യുന്ന വിധം -
അതാണ് മേതിലിന്റെ ഭാഷ! ഒരേ സമയം ലളിതവും സങ്കീർണ്ണവുമാണ് അതിന്റെ ഘടന. ഹിച്ച്കോക്കിന്റെ ഇടപെടൽ, ബ്രാ, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം... അങ്ങനെ വായന നീണ്ടു. 2020ൽ കെ.ഗോപിനാഥനും കെ.ജി. ജയനും ചേർന്നൊരുക്കിയ മേതിൽ എന്ന ഗംഭീര മലയാളം ഡോക്യുമെന്ററി വന്നു. അതിലുടനീളം മേതിൽ വേലിയേറ്റങ്ങൾ. വേലിയിറക്കങ്ങൾ. മാതൃഭൂമിയിൽ മേതിലും ഷബിതേച്ചിയും തമ്മിലുള്ള സംഭാഷണം വന്നു. നോവുകളിൽ പലവുരു അതെടുത്തു കണ്ടു. പെട്ടെന്നൊരു മാത്രയിൽ ആ മനുഷ്യൻ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമെന്നും വിറയാർന്ന കൈകളോടെ ഞാനദ്ദേഹത്തെ കെട്ടിപ്പിടിക്കുമെന്നും ഓർത്തു.
'എന്റെ രാഷ്ട്രീയം
ഒരു വിത്തിൽ നിന്ന്
നേരിട്ട് കിളിർക്കുന്നു;
എന്റെ രാഷ്ട്രീയം
ഭൗമീകമാണ്.
എല്ലാ രാഷ്ട്രങ്ങളും
കൊഴിഞ്ഞാലും
ഒരൊറ്റ പുഴുവിന്റെ
അവകാശത്തിന് വേണ്ടി
അത് തുടർന്നുകൊണ്ടിരിക്കും.'
എന്നദ്ദേഹം പതിവു നിസ്സംഗതയിൽ മഞ്ഞൊച്ചയിൽ പിറുപിറുത്തു.
എല്ലായ്പ്പോഴും എന്റെ ആത്മാവിന് തണുത്തു. എല്ലാ തലമുറയിലെയും എഴുത്തുകാർക്കിടയിലെ വിമത ഭാഷയാണ് മേതിൽ. അറിയാനടുക്കുന്തോറും
ഞാനെത്രയകലെയാണെന്ന് എന്നെയോർമിപ്പിക്കുന്ന മാന്ത്രികൻ. ഭൂമിപോലെ ഒരേയൊരു മേതിൽ!
'ഞാൻ മരണത്തിന് എതിരാണ്
എന്റെ ഭൂമിയെപ്പോലെ!' എന്നപോലെ.
Content Highlights: A personal recount of discovering the complex and fascinating works of author Maythil Radhakrishnan., Exploration of key literary pieces like 'Sangeetham Oru Samayakalayanu' and 'Sooryavamsham'., Insights into Maythil's unique linguistic style, poetic philosophy, and earthly politics.