ഇന്ത്യയെന്ന പൊരുള്‍; ഏകീകൃത ഘടനയിലേക്ക് കീഴപ്പെടുത്താനാകില്ല ഈ സങ്കരസംസ്‌കാരങ്ങളെ!

#ദാമോദര്‍ പ്രസാദ്
പ്രതീകാത്മക ചിത്രം/മാതൃഭൂമി
പ്രതീകാത്മക ചിത്രം/മാതൃഭൂമി

ദേശമാകുന്ന പൊരുള്‍ പലമയായാണ് ആകാരപ്പെടുന്നത്. ഇത് ഇന്ത്യയുടെ സവിശേഷതയാണ്. സംസ്‌കൃതിപരമായ സവിശേഷത. ഈ സവിശേഷതയെ ആധാരമാക്കിയാണ് ദേശ-രാഷ്ട്രം രൂപപ്പെടുന്നത്. ആധുനികമായ ദേശ-രാഷ്ട്രം നിര്‍മിതിയാണ്. നിര്‍മിതിക്ക് നിദാനമായത് ദേശീയ പ്രസ്ഥാനത്തിലൂടെ രൂപപ്പെടുത്തപ്പെട്ട രാഷ്ട്ര സങ്കല്പവും. ഈ രാഷ്ട്രസങ്കല്പത്തിന്റെ സംസ്‌കൃതിപരമായ അസ്തിത്വത്തിന്റെ പൊരുള്‍ എന്തെന്ന് അന്വേഷിക്കുകയുമായിരുന്നു ദേശീയ പ്രസ്ഥാനത്തിലെ അമരക്കാര്‍ ചെയ്തത്. അതിലേറ്റവും മികവാര്‍ന്ന ദൃഷ്ടാന്തമാണ് ജവാഹര്‍ലാല്‍ ലാല്‍ നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍'. കണ്ടെത്തല്‍ എന്ന പ്രയോഗത്തില്‍ അന്വേഷണവും അന്വേഷണത്തിലൂടെയുള്ള അനാവരണവും ലക്ഷ്യമാകുന്നു. ഈ അന്വേഷണാത്മകയും കണ്ടെത്തലും ഇന്ത്യയുടെ മൂന്നാം ജ്ഞാനനോദയത്തിന്റെ ചേതോഹാരിതയാണ്. ഇന്ത്യയുടെ ജ്ഞാനോദയങ്ങളുടെ പൂര്‍വപാരമ്പര്യങ്ങളോട് ഈ അന്വേഷണാത്മകത സംവദിക്കുന്നു, ശ്രീബുദ്ധനിലൂടെയാണ് ഇന്ത്യയുടെ ജ്ഞാനോദയത്തിന്റെ ആദ്യഘട്ടം. ജ്ഞാനമാര്‍ജ്ജനം തന്നെയായിരുന്നു ശ്രീബുദ്ധന്‍ തുടക്കം കുറിച്ച ജ്ഞാനോദയത്തിന്റെ കേന്ദ്രസ്ഥാനത്ത്. അറിവിന്റെ ആര്‍ജ്ജനത്തിലൂടെ സാമൂഹികമായ തിന്മകളെയും ഉച്ചനീചത്വങ്ങളെയും മറികടക്കുക എന്നതായിരുന്നു. ഒരു ജനതയുടെ ആത്മീയമായ ഉണര്‍വാണ് ശ്രീബുദ്ധന്റെ മോക്ഷമാര്‍ഗം സാര്‍ത്ഥകമാക്കിയത്. ഇത് ഏഷ്യയ്ക്കാകെ വെളിച്ചമായി. ബുദ്ധഭിക്ഷുക്കളിലൂടെ ഒരു ഭൂഖണ്ഡമാകെ ഇത് പകര്‍ന്നു. സംസ്‌കൃതിപരമായ ജ്ഞാനോദയാമായിരുന്നു. ഏകശിലരൂപത്തിലേക്ക് ഭൂഖണ്ഡത്തെ പുനര്‍നിര്‍വചിക്കുകയായിരുന്നില്ല. 

രണ്ടാമത്തെ ജ്ഞാനോദയവും ആത്മീയപ്രദാനമായിരുന്നുവെങ്കിലും ഭൗതികജീവിതത്തിന്റെ ദുഷിപ്പുകള്‍ക്കെതിരെയും ജാതീയതക്കുമെതിരെയുള്ള  സൂക്ഷ്മതല പ്രവര്‍ത്തനമായിരുന്നു. ഭക്തിപ്രസ്ഥാനമെന്നാണ് ആധുനികതയുടെ ഭാഷയില്‍ ഇത് നിര്‍വചിക്കപ്പെട്ടത്. ഈ പ്രസ്ഥാനത്തിന് സവിശേഷമായ ഒരു കേന്ദ്രസ്ഥാനമില്ല. കബീറൂം നാനക്കും രാമാനുജന്‍ എഴുത്തച്ഛനും ഈ പ്രസ്ഥാനത്തിന്റെ വ്യത്യസ്ത ഉറവിടങ്ങളാണ്. ഓരോ ഉറവിടത്തില്‍ നിന്നും പകര്‍ന്ന അറിവിന്റെ വ്യാപ്തിയും വ്യതിരിക്തമാണ്. ബ്രിട്ടീഷ് ചരിത്രകാരന്മാരാല്‍ വിഭജിതമായ ഇന്ത്യയുടെ ചരിത്ര കാലഘട്ടങ്ങളിലെ മധ്യകാലമാണ് രണ്ടാം ജ്ഞാനോദയത്തിന്റെ സമയകാലം. കവിതയുടെ വാങ്മയത്തിലൂടെയാണ് ജനതയ്ക്ക് ഉണര്‍വ് പകര്‍ന്നത്. ഭാഷകളും സവിശേഷമാകും വിധം വേറിട്ടൊരു സ്വത്വം പ്രകാശിപ്പിക്കുകയായിരുന്നു ഈക്കാലയവളവില്‍. ഇസ്ലാമിന്റെ ആത്മീയപ്രസ്ഥാനമായ സൂഫിസിന്റെ വമ്പിച്ച സ്വാധീനവും ആതമീയമായ ഉണര്‍വിനും സ്വത്വപരമായ പ്രകാശനത്തിനും കാരണമായി. ഉത്തരേന്ത്യയില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായി ലോകത്തിലെ വ്യത്യസ്തമായ ആത്മീയധാരകള്‍ സമ്മേളിച്ചിരുന്നു. ഓരോ ആത്മീയധാരയും അവരുടെ ദൈവശാസ്ത്രപരമായ വ്യതിരിക്തത നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് പരസ്പരം സംവദിച്ചിരുന്നത്. ദക്ഷിണേന്ത്യയിലും ചിത്രം വ്യത്യസ്തമല്ല. മലയാളഭാഷയില്‍ പാനയുടെ പാരമ്പര്യം ഇതിന് ദൃഷ്ടാന്തമാണ്. ഈയൊരു സംസ്‌കൃതിപരമായ ജ്ഞാനോദയ പാരമ്പര്യത്തിന്റെ വലിയ തുടര്‍ച്ചയാണ് ശ്രീനാരായണ ഗുരുവിന്റേത്. ഗുരുവിനെ അറിഞ്ഞവരും പഠിച്ചവരും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും തന്നെ ഏകീകൃതമായ സാംസ്‌കാരികദേശീയതയെ സൃഷ്ടിക്കാനല്ല ഉദ്യമിച്ചത്.

ചിത്രീകരണം: വിജേഷ് വിശ്വം

 ടോള്‍സ്റ്റോയ് 'സൂറത്തിലെ കാപ്പിക്കട'(Coffee-house of Surat) എന്ന കഥയില്‍ ഇന്ത്യന്‍ ആത്മീയതയ്ക്ക് ഈശ്വരാന്വേഷണങ്ങളോടുള്ള പാശ്ചാത്യേതരമായ ആദരവ് കൂടിയാണ് സൂചിപ്പിക്കുന്നത്. കോഫീ ഹൗസുകള്‍ യൂറോപ്യല്‍ സിവില്‍ സമൂഹത്തിന്റെ രൂപീകരണത്തില്‍ വഹിച്ച പങ്കിനെക്കുറിച്ച് യുര്‍ഗന്‍ ഹേബര്‍മാസ് എഴുതുന്നത് എത്രയോ പിന്നീടാണ്. യുക്തിപരമായ സംവാദങ്ങളുടെ ഭൂമിക എന്ന നിലയില്‍ ബൂര്‍ഷ്വാ അധികാരം സ്റ്റേറ്റും സിവില്‍ സമൂഹവുമായി വേര്‍തിരിയുന്നതും യുക്തിപരമായ വിമര്‍ശനങ്ങള്‍ സര്‍വാധികാരത്തിന്റെ പരിധികള്‍ നിശ്ചയിക്കുന്നതിനും ഹേതുവായെന്നും യൂറോപ്പിലെ സംവാദവേദിയുടെ പ്രത്യേകത. പൗരസ്ത്യ രാജ്യങ്ങളില്‍ കോഫി ഹൗസുകള്‍ ആത്മീയവിഷയങ്ങളുടെ സംവാദകേന്ദ്രങ്ങളായിരുന്നു. ടോള്‍സ്റ്റോയെ സംബന്ധിച്ചടത്തോളം ആദര്‍ശാത്മകമായ ഇടം എന്ന നിലയിലാണ് ഇത്തരത്തിലുള്ള പൗരസ്ത്യവേദി സംവാദ ഭൂമികയാകുന്നത്. ബെര്‍ണാഡിന്‍ സെയ്ന്റ് പിയറെയുടെ ഫ്രഞ്ച് കഥയുടെ സ്വതന്ത്ര വിവര്‍ത്തനമാണ് ടോള്‍സ്റ്റോയിയുടെ കഥ. സെന്‍സര്‍ഷിപ്പിനെ മറികടക്കാന്‍ വേണ്ടിയാണ് ഈ കഥയില്‍ മാറ്റങ്ങള്‍ വരുത്തിയത്.  ഇസ്ലാം, യഹൂദ, ഹിന്ദു ബ്രാഹ്‌മണനും, പ്രൊട്ടസ്റ്റന്റ് മതവിശ്വാസികള്‍ നടത്തുന്ന ആത്യന്തികമായ മോക്ഷ മാര്‍ഗത്തെക്കുറിച്ചുള്ള സംവാദവും ഇവരുടെ സംവാദം ശ്രവിക്കുന്ന കണ്‍ഫ്യൂഷ്യനായ ചൈനക്കാരന്റെ പ്രതികരണവുമാണ് കഥയില്‍. കണ്‍ഫ്യൂഷ്യനായ  ചൈനയില്‍ നിന്നുള്ള സഞ്ചാരിയുടെ മറുപടിയിലുമുണ്ട് ലോകവൈവിധ്യങ്ങളുടെ പരിപ്രേക്ഷ്യത. കഥയുടെ അന്ത്യത്തില്‍ ശാസ്ത്രമാണ് പ്രകാശിക്കുന്നത്. ഓരോ രാജ്യക്കാരന്റെയും ദുരഭിമാനബോധ്യങ്ങള്‍ക്കുമുള്ള തീര്‍പ്പുമാകുന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രബുദ്ധതയ്ക്ക് നിദാനമാകുന്നത് ശാസ്ത്രജ്ഞാനത്താല്‍ പ്രചോദിതമായ വിമര്‍ശനവബോധമാണ്. ഇന്ത്യയിലെ ജ്ഞാനനോദയ പാരമ്പര്യങ്ങള്‍ക്കും അന്തര്‍ലീനമായുളളത് വിമര്‍ശനവബോധമാണ്. വിമര്‍ശനവബോധം രാഷ്ട്രത്തെയാകട്ടെ വ്യക്തികളെയാകട്ടെ വിഗ്രഹവല്‍ക്കരിച്ച് പൂജിക്കുന്നതിനെതിരെയുള്ള പ്രബുദ്ധതയാണ് ഉണര്‍ത്തിയത്. 

പ്രബുദ്ധതയ്‌ക്കെതിരെ അധികാരവും ആധികാരികതയും നഷ്ടപ്പെട്ട പ്രമാണിവര്‍ഗം പ്രതിപ്രബുദ്ധതയുടെ വിദ്വേഷഭരിതമായ വാഗ്വാദങ്ങളുമായി നഷ്ടപ്പെട്ട അധികാരം പുനസ്ഥാപിക്കുകയും ചെയ്തതിട്ടുണ്ടെന്നു ചരിത്രം തന്നെ സാക്ഷി. എങ്കില്‍ തന്നെയും, പ്രബുദ്ധതയുടെ, അതായത്, വിമര്‍ശനവബോധത്തിന്റെ ഉറവകളെ വറ്റിക്കാന്‍ കഴിഞ്ഞിട്ടില്ല. വികേന്ദ്രിതമാണ് വിമര്‍ശനവബോധത്തിന്റെ സംസ്‌കാരം. സാംസ്‌കാരിക ഓര്‍മകളെ കോളനീകരണം നാശോന്മുഖമാക്കിയതാണ്. എങ്കിലും ഓര്‍മകളുടെ സ്വച്ഛന്ദമായ വീണ്ടെടുപ്പുകള്‍ ഇരുപതാം നോറ്റാണ്ടിലെ ഇന്ത്യയിലെ പ്രബുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജമായിട്ടുണ്ട്. പക്ഷെ യുക്തിപരമായ വിശകലനത്തെ നിര്‍വീര്യമാക്കി പൗരനികതയിലേക്ക് തിരിച്ചുപോക്കായിരുന്നില്ല ഇത്. ഉള്ളതും ഇല്ലാത്തതും ഭാവനനിര്‍മിതവുമായ പൗരാണികതയിലേക്കുള്ള തിരിച്ചുപോക്ക് ദേശീയ പ്രസ്ഥാനത്തിന്റെ അതേകാലയളവില്‍ യൂറോപ്പില്‍ പ്രത്യേകിച്ചും മറ്റിടങ്ങളിലും വംശീയവാദ പ്രസ്ഥാനങ്ങള്‍ക്ക് പിറവി നല്‍കി. ഇതിന്റെ സ്വാധീനം ഭാരതത്തിലും പ്രകടമായിരുന്നു. വംശീയമായ ഏകീകൃതസ്വഭമുള്ള ദേശത്തെക്കുറിച്ചുള്ള ലോകവീക്ഷണം അതുക്കൊണ്ടാണ് ഇറക്കുമതി ചെയ്യപ്പട്ട ആശയമാണെന്ന് പറയുന്നത്. നാടിന്റെ മണ്ണില്‍ വേരോട്ടമില്ലാത്ത ജൈവികമമല്ലാത്ത ആശയം. ദേശീയപ്രസ്ഥാനത്തിലെ പ്രമുഖധാര ഇതിനെ ശക്തിയുക്തം ചെറുത്തിട്ടുള്ളതാണ്. എത്രമേല്‍ ഏകീകൃതമാണോ ദേശീയതയുടെ ഭൂമിക അത്രതന്നെ സങ്കോചപ്പെട്ടതായിരിക്കും സ്വാതന്ത്ര്യത്തിന്റെ ഭൂമിക എന്നും ദേശീയപ്രസ്ഥാനത്തിന്റെ അമരത്തുള്ളവര്‍ തിരിച്ചറിഞ്ഞിരുന്നു.

സങ്കരമായ ദേശീയാവബോധമാണ് നമുക്ക് പ്രചോദനമായത്. ദേശം തന്നെ ബൃഹത്തായ കോസ്‌മോപോളിസായി സങ്കല്പിക്കുന്നതാണ് ഈ അവബോധം. അശോക് വാജ്‌പേയി ഈയിടെ സാഹിത്യോല്‍സവത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞൊരു കാര്യം ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലനുസരിച്ചു 4,600 സാമൂഹ്യശാസ്ത്രപരമായി നിര്‍വചിക്കപ്പെട്ട കമ്മ്യൂണിറ്റികള്‍ ഇന്ത്യയിലുണ്ടെന്നും എന്നാല്‍ വംശീയമായ ശുദ്ധിയാകാശപ്പെടാന്‍ ഒരു വിഭാഗത്തിനും സാധ്യമല്ല എന്നുള്ള വാസ്തവമാണ്. ഇന്ത്യ എന്നാല്‍ അശുദ്ധാവസ്ഥയുടെ നിലയ്ക്കാത്ത ആഘോഷമാണെന്നാണ് (Ceaseless celebration of impurity)  അശോക് വാജ്‌പേയി പറഞ്ഞത്. ശുദ്ധിയെക്കുറിച്ചുള്ള എല്ലാ ഗീര്‍വാണങ്ങളും വ്യാജമാണ്. വംശീയതയെ ആധാരമാക്കിയുള്ള ഒരേകശില സംസ്‌കാരം നിര്‍മിക്കുക അസാധ്യമാണ്. ഏകീകൃതമായ ഘടനയിലേക്ക് കീഴപ്പെടുത്താനാവുന്നതല്ല സങ്കരമായ ഈ സംസ്‌കാരങ്ങളെ. ബഹുലമായ ആത്മീയാന്വേഷണങ്ങളാലും വിമര്‍ശനവബോധത്താലും സമ്പുഷ്ടമാണ് സാംസ്‌കാരിക ധാരകള്‍. ഇന്ത്യയുടെ പൊരുള്‍ ആകാരമാകുന്നത് ഈ വ്യതിരിക്തവും സങ്കരവുമായ പലമയിലാണ്. നമ്മുടെ സ്വാതന്ത്ര്യസങ്കല്പത്തിന്റെയും നൈതിക ലോകവീക്ഷണത്തിന്റെയും പൊരുള്‍കൂടിയാകുന്നു ഈ പ്രബുദ്ധത. 

Content Highlights: Damodar Prasad, Diversities in India