അന്ന് ഈച്ചരവാര്യരോടൊപ്പം രാജനെ അന്വേഷിച്ച് കേരളം ചുറ്റി; മഹാരാജാസിന്റെ സ്വന്തം ഓമനക്കുട്ടന്‍ മാഷ്

ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും 150-ലേറെ കഥകളും എഴുതിയിട്ടുണ്ട് ഓമനക്കുട്ടന്‍ മാഷ്. നാടകം സിനിമ, ഹാസസാഹിത്യം തുടങ്ങി അദ്ദേഹം കൈവക്കാത്ത മേഖലകള്‍ ചുരുക്കമായിരുന്നു. കോട്ടയം തിരുനക്കരയില്‍ ജനിച്ച സി.ആര്‍. ഓമനക്കുട്ടന്‍ കോട്ടയം സി.എം.എസ്., കൊല്ലം എസ്.എന്‍., ചങ്ങനാശേരി എസ്.ബി. കോളേജുകളിലെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് മീഞ്ചന്ത ഗവ.കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അവിടെ ഒരു കൊല്ലത്തിലേറെ പഠിപ്പിച്ച ശേഷമാണ് എറണാകുളം മഹാരാജാസിലേക്ക് മാറ്റം കിട്ടുന്നത്. 22 കൊല്ലത്തിലേറെ കാലം മഹാരാജാസില്‍ ജോലി ചെയ്തു. പ്രശസ്തരും അല്ലാത്തവരുമായി ഓമനക്കുട്ടന്‍മാഷിന്‍റെ ശിഷ്യന്‍മാര്‍ അനവധിയായിരുന്നു.
14-ാം വയസ്സിലാണ് ഓമനക്കുട്ടന്‍ ആദ്യത്തെ കഥ എഴുതിയത്. ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലറുടെ ജീവിതമായിരുന്നു ആദ്യകഥയ്ക്ക് വിഷയമായത്. കോട്ടയത്തെ തിരുനക്കരയില്‍ താമസിച്ചിരുന്നപ്പോള്‍ അയല്‍വാസിയായിരുന്ന കാരൂര്‍ നീലകണ്ഠപ്പിള്ളയാണ് കഥയെഴുതുന്ന കാര്യം അറിഞ്ഞ് പ്രോത്സാഹിപ്പിച്ചതും ആനുകാലികത്തിലേക്ക് അയച്ചുകൊടുത്തതും. തന്നിലെ കഥാകൃത്തിനെ ഹാസസാഹിത്യത്തിലേക്ക് നയിച്ചത് ബഷീര്‍ കൃതികളുടെ സ്വാധീനമാണെന്ന് സി.ആര്‍. ഓമനക്കുട്ടന്‍ ഒരിക്കല്‍ എഴുതിയിരുന്നു. കോഴിക്കോട്ടെ ജോലിക്കാലത്ത് ബഷീര്‍ ഉള്‍പ്പടെയുള്ള എഴുത്തുകാരുമായി അടുപ്പമുണ്ടായിരുന്നു. 2010-ല്‍ 'ശ്രീഭൂതനാഥവിലാസം' എന്ന കൃതിയിലൂടെ ഹാസസാഹിത്യത്തിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 'ശവംതീനികള്‍', 'തിരഞ്ഞെടുത്ത കഥകള്‍' എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത് അദ്ദേഹത്തിന്റെ അധ്യാപനകാലത്ത് മഹാരാജാസില്‍ പഠിച്ചിരുന്ന നടന്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ശിഷ്യനായ നടന്‍ സലിംകുമാറുമായിരുന്നു.
ഓമനക്കുട്ടന്‍ മാഷിന്റെ ജീവിതത്തിലെ വിസ്‌ഫോടനമായി മാറിയ ഒരേടായിരുന്നു രാജനും പ്രൊഫ. ഈച്ചരവാര്യരും. മീഞ്ചന്ത കോളേജില്‍ അധ്യാപകനായി ജോലിക്കെത്തിയപ്പോള്‍ ഓമനക്കുട്ടന്‍ മാഷിന് റൂംമേറ്റായി കിട്ടിയത് പ്രൊഫ.ടി.വി. ഈച്ചരവാര്യരെ ആയിരുന്നു. മുറിയില്‍ ഈച്ചരവാര്യരെ കാണാനെത്തിയിരുന്നവരില്‍ എസ്.കെ. പൊറ്റെക്കാട്ടും തിക്കോടിയനും വൈക്കം മുഹമ്മദ് ബഷീറുമുണ്ടായിരുന്നു. എല്ലാ ആഴ്ചയിലും അദ്ദേഹത്തെ കാണാനായി മുറിയില്‍ വന്നിരുന്ന മകന്‍ രാജനുമായി ഓമനക്കുട്ടന്‍ മാഷും പെട്ടെന്ന് അടുപ്പത്തിലായി. മനോഹരമായി പാട്ടുകള്‍ പാടുന്ന, തമാശപറയുന്ന രാജന്‍ മാഷിനും ഏറെ പ്രിയപ്പെട്ടവനായിരുന്നു. അതിനിടയിലാണ് രാജന്റെ അപ്രതീക്ഷിത തിരോധാനമുണ്ടാകുന്നത്. അതോടെ മാനസികമായി തകര്‍ന്ന പ്രൊഫ. ഈച്ചരവാര്യരെ ആശ്വസിപ്പിച്ചും മകനെ അന്വേഷിച്ചുള്ള അദ്ദേഹത്തിന്റെ യാത്രകളില്‍ അനുഗമിച്ചും ദിവസങ്ങളോളം കേരളത്തിലാകെ ഓമനക്കുട്ടനും അലഞ്ഞു. രാജന്റെ തിരോധാനം പശ്ചാത്തലമാക്കി പിന്നീട് എഴുതിയ 'ശവംതീനികള്‍' അടിയന്തരാവസ്ഥക്കാലത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍കൂടിയായി മാറി. രാജന്‍കേസ് വിചാരണ നടന്നുകൊണ്ടിരിക്കെ തന്നെ പരമ്പരയായാണ് 'ശവംതീനികള്‍' പ്രസിദ്ധീകൃതമായത്. കണ്ണോ കയ്യോ നഷ്ടപ്പെട്ടാണെങ്കിലും മകന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ഈച്ചരവാര്യരോട് രാജന്‍ മരണപ്പെട്ടു എന്ന യാഥാര്‍ഥ്യം പറയേണ്ട ഉത്തവാദിത്വവും തനിക്കുവന്നുചേര്‍ന്നത് ഓമനക്കുട്ടന്‍ മാഷ് പിന്നീട് ഓര്‍ത്തെടുത്തു.
മഹാരാജാസിന് ഒരു അധ്യാപകനിലും അപ്പുറത്തായിരുന്നു ഓമനക്കുട്ടന്‍ മാഷ്. വിരമിച്ചതിന് ശേഷവും മഹാരാജാസിലെ നിറസാന്നിധ്യമായിരുന്നു. മികച്ച പ്രഭാഷകന്‍ കൂടിയായിരുന്ന അദ്ദേഹം കൊച്ചിയുടെ സാംസ്‌കാരിക വേദികളിലും സജീവമായിരുന്നു. ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ്, പബ്ലിക് റിലേഷന്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഭരണസമിതി, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ഉപദേശക സമിതി, മഹാത്മാഗാന്ധി സര്‍വകലാശാല പാഠ്യപദ്ധതി പരിഷ്‌കരണ സമിതി എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാജാസില്‍ ജോലി ലഭിച്ചശേഷം കൊച്ചിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. കൊച്ചിയിലെ വീടിന് 'തിരുനക്കര' എന്ന് പേരിട്ട് സ്വന്തം നാടിനെയും അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുവെച്ചു.
Content Highlights: CR Omanakuttan, Maharajas, Rajan case