അഡോള്‍ഫ് ഹിറ്റ്‌ലറെ കൊണ്ട് മാപ്പുപറയിച്ച ധീരനായൊരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു

മഹാനായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയും ദേശസ്നേഹിയുമായ ഡോ. ചെമ്പകരാമന്‍പിള്ളയുടെ ജന്മവാര്‍ഷിക ദിനമാണ് മെയ് 26. ഇന്ത്യക്ക് എതിരായി പ്രസംഗിച്ച ജര്‍മനിയിലെ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറെ കൊണ്ട് മാപ്പ് പറയിച്ച ധീരന്‍, ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ 1915 ല്‍ കാബൂള്‍ ആസ്ഥാനമാക്കി ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപിച്ചപ്പോള്‍ അതിലെ വിദേശകാര്യമന്ത്രി, മര്‍ദിത ജനങ്ങളുടെ വിമോചനത്തിന് എമേഴ്‌സനുമായി ചേര്‍ന്ന് 'ലീഗ് ഓഫ് ദ ഒപ്രസ്ഡ് പീപ്പിള്‍' എന്ന സംഘടന ഉണ്ടാക്കി പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യക്ക് പുറത്ത് ഒരു സേന രൂപവത്കരിക്കാന്‍ സുഭാഷ് ചന്ദ്രബോസിന് മാര്‍ഗനിര്‍ദ്ദേശം നല്‍കിയ സ്വാതന്ത്ര്യപ്രേമി, അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വിത്സനെ കണ്ട് നീഗ്രോകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്ത നേതാവ്, ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് പേടിസ്വപ്നമായ എംഡന്‍ എന്ന കപ്പലില്‍ പ്രവര്‍ത്തിച്ച ധീരന്‍, ഗാന്ധിജി, സുഭാഷ്ചന്ദ്ര ബോസ്, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ കണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെപ്പറ്റി ചര്‍ച്ച ചെയ്ത നേതാവ് തുടങ്ങി ഡോ. ചെമ്പകരാമന്‍പിള്ളയ്ക്ക് വിശേഷണങ്ങള്‍ ഏറെയാണ്.
1891 സെപ്റ്റംബര്‍ 15-ന് പോലീസുകാരനായ ചിന്നസ്വാമി പിള്ളയുടെ മകനായി തിരുവനന്തപുരത്ത് ജനിച്ച ചെമ്പകരാമന്‍, സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പതിനഞ്ചാം വയസ്സില്‍ ജര്‍മനിക്ക് പോയി. തിരുവനന്തപുരം നഗരത്തില്‍ വച്ച് പരിചയപ്പെട്ട ജര്‍മന്‍കാരന്റെ സഹായത്താലാണ് അദ്ദേഹം അവിടെയെത്തിയത്. ജര്‍മന്‍ ഭാഷ പഠിച്ച അദ്ദേഹം അറിയപ്പെടുന്ന ബ്രിട്ടീഷ് വിരുദ്ധനായി മാറി. ഇത് ജര്‍മന്‍ ഭരണാധികാരികളുമായി സൗഹൃദം സ്ഥാപിക്കാന്‍ ഉപകരിച്ചു.
ഹര്‍ദയാല്‍, ടി.കെ. ചന്ദ്ര, താരകാനാഥ് ദാസ്, ബര്‍ക്കത്തുള്ള, ഹേരംബലാല്‍ ഗുപ്ത എന്നിവരുമായി ചേര്‍ന്ന് ബ്രിട്ടീഷ് വിരുദ്ധ പ്രചാരണം ഊര്‍ജിതമാക്കിയ അദ്ദേഹം, ഇതിനുവേണ്ടി സൂറിച്ചില്‍ നിന്ന് ഒരു പത്രവും ആരംഭിച്ചു. വ്യവസായവത്ക്കരണത്തിലൂടെ ഇന്ത്യയെ ഉയര്‍ത്താന്‍ കഴിയുമെന്ന് ആഗ്രഹിച്ച അദ്ദേഹം അതിനുവേണ്ടി ജര്‍മ്മന്‍ സഹായത്തോടെ പല പദ്ധതികളും ആസൂത്രണം ചെയ്തു.
'എംഡന്‍' എന്ന യുദ്ധക്കപ്പലില്‍ ഉപക്യാപ്റ്റനായ പിള്ള ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യന്‍ തീരങ്ങളില്‍ ഇംഗ്ലീഷ്‌കാരുടെ പേടിസ്വപ്നമായി മാറി. പിന്നീട് ഒരു മത്സ്യത്തൊഴിലാളിയുടെ വേഷം ധരിച്ച് പിള്ള കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഇറങ്ങിയതായും രഹസ്യമായി കൊച്ചി മഹാരാജാവിനെ സന്ദര്‍ശിച്ചതായും പറയുന്നുണ്ട്. പിള്ളയുടെ തലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ വന്‍പ്രതിഫലം പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തെ തൊടാന്‍ കഴിഞ്ഞില്ല. പിള്ളയെ പിടിക്കാന്‍ 'മാതാഹരി' എന്ന ചാരസുന്ദരിയെ ഇംഗ്ലീഷ്‌കാര്‍ നിയോഗിച്ചിരുന്നതായും പറയുന്നു. എന്നാല്‍ പിള്ളയുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ എല്ലാം നിഷ്ഫലമായി.
യൂറോപ്പാകെ സഞ്ചരിച്ച് അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധത പരത്തി. ഇതിനിടയില്‍, ജര്‍മനിയിലെത്തിയ മണിപ്പൂരുകാരി ലക്ഷ്മിയുമായി അദ്ദേഹത്തിന്റെ വിവാഹം ബര്‍ലിനിലെ ആന്‍ഡന്‍ ഹോട്ടലില്‍ വച്ച് സുഹൃത്തുക്കള്‍ നടത്തി. ഒന്നാം ലോകയുദ്ധം തുടങ്ങുംമുമ്പുതന്നെ ജര്‍മനിയാകെ അറിയപ്പെടുന്ന ഭാരതീയനായി വളര്‍ന്നിരുന്നു അദ്ദേഹം. ഈ ബന്ധം ഉപയോഗിച്ച് ജര്‍മന്‍ സഹായത്തോടെ ഇന്ത്യയെ ആക്രമിച്ച്, ബ്രിട്ടീഷുകാരെ തുരത്താനുള്ള ശ്രമം അദ്ദേഹം കൊണ്ടുപിടിച്ചു നടത്തി.
1915-ല്‍ കാബൂള്‍ ആസ്ഥാനമായി രൂപവത്കരിച്ച പ്രവാസി ഇന്ത്യ ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു ചെമ്പകരാമന്‍ പിള്ള. ഒന്നാംലോക യുദ്ധാനന്തരം ജര്‍മനി ഹിറ്റ്ലറുടെ ഭരണത്തില്‍ വന്‍ ശക്തിയായി വളര്‍ന്നു. ഹിറ്റ്ലറുമായി സൗഹൃദമുണ്ടാക്കി ചെമ്പകരാമന്‍ പിള്ള. നേതാജി സുഭാഷ് ചന്ദ്രബോസിന് ഹിറ്റ്ലറെ കാണാന്‍ അവസരമുണ്ടാക്കിയതും ചെമ്പകരാമന്‍ പിള്ളയായിരുന്നു. ജര്‍മനിയില്‍ 1920-ല്‍ 'ലീഗ് ഓഫ് ദി ഒപ്രസ്ഡ് പീപ്പിള്‍' എന്ന സംഘടന രൂപവത്കരിച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെമ്പകരാമന്‍ പിള്ള ആക്കംകൂട്ടി.
ഇക്കാലത്ത് നാസികളുമായി സൗഹൃദത്തിലായിരുന്ന ചെമ്പകരാമനെ 1923-ല്‍ കേരളത്തില്‍ നിന്ന് നാലുപേര്‍ സന്ദര്‍ശിച്ചു. എം.എന്‍. തമ്പി, ഡോ. ജോര്‍ജ്, പുനലൂര്‍ നരസിംഹ അയ്യര്‍, കരുണാകരന്‍ ഉണ്ണിത്താന്‍ എന്നിവരായിരുന്നു അവര്‍. ജവഹര്‍ലാല്‍ നെഹ്റു ജര്‍മനി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയ ചെമ്പകരാമന്‍, 1933-ല്‍ നേതാജി ജര്‍മനിയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പം ജര്‍മന്‍ അധികാരികളുമായി ഭാരതത്തിന്റെ സ്വാതന്ത്ര്യം ചര്‍ച്ചചെയ്തു.
ആര്യ വംശജരല്ലാത്ത ഇന്ത്യക്കാരെ ബ്രിട്ടീഷുകാര്‍ ഭരിക്കുന്നെങ്കില്‍ അത് അവരുടെ വിധിയാണെന്ന് ഹിറ്റ്‌ലര്‍ പറഞ്ഞതോടെ (1931 ഓഗസ്റ്റ് 10 ലെ പത്രസമ്മേളനം) പിള്ള ഇടഞ്ഞു. അദ്ദേഹം ഹിറ്റ്‌ലര്‍ക്ക് കത്തെഴുതി. പരാമര്‍ശം പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും പിള്ള ആവശ്യപ്പെട്ടു. ഒടുവില്‍ ഹിറ്റലര്‍ തന്റെ സെക്രട്ടറിയെ പിള്ളയുടെ അടുത്ത് നേരിട്ട് അയച്ച് ഖേദം അറിയിച്ചു. പിന്നീട് ഓഫീസ് വഴിയും ഹിറ്റ്‌ലര്‍ ഖേദം പ്രകടിപ്പിച്ചു.
നാസികളുടെ ക്രൂരതകളെ തുറന്നെതിര്‍ത്തതിന്റെ പേരില്‍ അവര്‍ക്ക് ചെമ്പകരാമന്‍ പിള്ള അനഭിമതനായി. ഭാരതത്തെക്കുറിച്ച് തെറ്റായി പ്രസംഗിച്ച ഹിറ്റ്ലറുടെ നടപടിക്ക് എതിരെ നേരത്തെതന്നെ പിള്ള പ്രതിഷേധിച്ചിരുന്നു. ആ ശത്രുത കൂടി കൊണ്ടിരുന്നു. ഇവരുടെ പീഡനങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ വഷളാക്കി. 1934 മേയ് 26-ന് തന്റെ 43ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ബര്‍ലിനടുത്തുള്ള 'വിന്‍മെന്‍ഡോര്‍' ശ്മശാനത്തില്‍ ആ ദേശാഭിമാനിയുടെ ഭൗതികശരീരം ഹിന്ദു ആചാരപ്രകാരം സംസ്‌കരിച്ചു. പഞ്ചാബി സുഹൃത്തായ താരാചന്ദ് റോയി ആയിരുന്നു കാര്‍മികന്‍.
ഇന്ത്യന്‍ പതാക പാറുന്ന കപ്പലില്‍ നാടിലേക്കു മടങ്ങണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ജീവിതകാലത്തു സാധിച്ചില്ല. 1935 ല്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം ഭാര്യ മുംബയില്‍ കൊണ്ടു വന്നു. 1966 സെപ്റ്റംബര്‍ 19 ഐ.എന്‍.എസ്. ഡല്‍ഹി എന്ന യുദ്ധകപ്പലില്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം കേരളത്തില്‍ കൊണ്ടു വന്നു. 1966 ഒക്ടോബര്‍ 2ന് അത് കന്യകുമാരിയില്‍ ഒഴുക്കപ്പെട്ടു.
Content Highlights: Chempakaraman Pillai birth anniversary
Content Highlights: