അവകാശവാദങ്ങളുടെ ആള്‍മുഴക്കങ്ങളില്‍നിന്ന് അകന്ന്‌ നടന്നൊരാള്‍; വേണ്വേട്ടന്‍ എന്ന സ്‌നേഹദ്വീപ്

#കെ.പി. മോഹനൻ|kpmohanan@yahoo.com
ചെലവൂർ വേണു | Photo: മാതൃഭൂമി ആർക്കൈവ്സ്
ചെലവൂർ വേണു | Photo: മാതൃഭൂമി ആർക്കൈവ്സ്

അന്തരിച്ച ചെലവൂര്‍ വേണു സൗഹൃദത്തിന്റെയും അപൂര്‍വമായൊരു സൗഹൃദകാലത്തിന്റെയും കേന്ദ്രബിന്ദുവായിരുന്നു. സൗഹൃദസംഘങ്ങളെ നയിക്കുമ്പോഴും വേറിട്ട ചിന്തകളിലൂടെ വേണു വ്യത്യസ്തനായി. അസാധാരണമായ ലാളിത്യത്തിന്റെ ആള്‍രൂപമായി. ഇതൊരു ആത്മസുഹൃത്തിന്റെ ഓര്‍മയാണ്. 

സാമ്പത്തികശാസ്ത്രം ബി.എ. പരീക്ഷ നല്ലമാര്‍ക്കില്‍ പാസായിട്ടും മാനേജ്മെന്റിന്റെ രേഖകളില്‍ 'സ്ഥിരം സമരക്കാരന്‍' എന്ന വിശേഷമുദ്രയടിച്ചതിനാല്‍ എനിക്ക് കണ്ണൂര്‍ ശ്രീനാരായണ കോളേജില്‍ എം.എ.യ്ക്ക് പ്രവേശനം കിട്ടിയില്ല. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലാണ് ചേര്‍ന്നത്. കോഴിക്കോട്ടെയും കേരളത്തിലാകെത്തന്നെയുമുള്ള സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ പില്‍ക്കാലത്ത് അറിയപ്പെടുകയും മന്ത്രിപദവി ഉള്‍പ്പെടെയുള്ള സേവനമേഖലകളില്‍ സചേതനനാവുകയുംചെയ്ത, എഴുത്തുകാരനും ചിത്രകാരനുംകൂടിയായ എ. സുജനപാല്‍ അപ്പോള്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ ബിരുദപഠനത്തിലായിരുന്നു. കോളേജിലും കോഴിക്കോട്ടും എനിക്കുള്ള ഏറ്റവുമടുത്ത സുഹൃത്ത്. 

കോളേജില്‍ ചേര്‍ന്ന ആദ്യ ആഴ്ചയില്‍ത്തന്നെ സുജന്‍ പറഞ്ഞു: ''മോഹന്‍, ഒരാളെ പരിചയപ്പെടുത്താം. ഇന്ന് വൈകുന്നേരം നഗരത്തിലേക്കുവരണം''. 
'ആരെയാണ്' എന്നുചോദിച്ചപ്പോള്‍ 'ഇപ്പോള്‍ പറയുന്നില്ല. നേരില്‍ക്കാണുമ്പോള്‍ മതി' എന്നായിരുന്നു സുജന്റെ മറുപടി. 

കോഴിക്കോട് മാനാഞ്ചിറയില്‍ ബസ്സിറങ്ങി കടല്‍ത്തീരത്തേക്കുള്ള റോഡിലൂടെ ഇരുപതുമിനിറ്റോളം നടന്ന് മൂന്നാലുങ്കല്‍ എന്നിടത്തെത്തി. കോഴിക്കോട് കോര്‍പ്പറേഷന്റെ ആസ്ഥാനമന്ദിരം അല്പമകലെ കടല്‍ത്തീരത്തിനടുത്താണെന്നുപറഞ്ഞ് സുജന്‍ അവിടെ ഒരുനിമിഷം നിന്നു. 

തൊട്ടടുത്തുള്ള പാതയോരത്ത് പഴയ ഒരുനിലക്കെട്ടിടം. മേല്‍ക്കൂരയില്‍ ഏതാനും ഓടുകള്‍ ഇപ്പോള്‍ത്തന്നെ ഇളകിവീണേക്കാമെന്ന മട്ടിലാണ്. കെട്ടിടത്തിനുമുന്നിലും ചുറ്റിലും ഒരു തിരക്കുമില്ല. എതിര്‍വശത്ത് ചെറിയ ഒരു ചായക്കട. സുജന്റെ വേഷം മുണ്ടും കൈമുട്ടുവരെ ചുരുട്ടിവെച്ച ഷര്‍ട്ടും. എന്റേത് ജുബ്ബയും മുണ്ടും; ഖദറാണ്. 

അകത്ത് മൂന്നുനാലുപേര്‍. പരിചയപ്പെടുത്താമെന്ന് സുജന്‍ പറഞ്ഞ ആള്‍ ഇവരിലൊരാളാകുമെന്ന് കരുതി ഞാന്‍ അല്പം പരുങ്ങലോടെ നിന്നു. അപ്പോഴാണ്, 'വരൂ, അടുത്ത മുറിയിലേക്ക് പോകാം' എന്ന് സുജന്‍ പറഞ്ഞത്. 

മേശപ്പുറത്ത് നിറയെ പുസ്തകങ്ങള്‍. പത്രങ്ങള്‍, ആനുകാലികങ്ങള്‍. കസേരയുടെ കൈകളില്‍ചേര്‍ത്ത് എഴുതാനുള്ള കടലാസുവെച്ച കാര്‍ഡ്ബോര്‍ഡ്. 'പത്രാധിപര്‍ തിരക്കിലാണ്' എന്നുപറഞ്ഞുകൊണ്ട് സുജന്‍ ശ്രദ്ധക്ഷണിച്ചു. ''വൈകി. ഇന്നുരാത്രിതന്നെ പൂര്‍ത്തിയാക്കി പ്രസില്‍ കൊടുക്കണം'' -കാര്യഗൗരവത്തിനിടയില്‍ പുഞ്ചിരിയോടെ മറുപടി. 

''ഒരാളെ പരിചയപ്പെടുത്തുന്നു, മോഹനന്‍. ഗുരുവായൂരപ്പന്‍ കോളേജില്‍ എം.എ.യ്ക്ക് ചേര്‍ന്നു, കുറച്ചുദിവസങ്ങളായി. കണ്ണൂരില്‍നിന്നാണ്'' -സുജന്റെ വാക്കുകള്‍. 
എന്നോടായി, ''വേണ്വേട്ടന്‍. ചെലവൂര്‍ വേണു.'' പത്രാധിപര്‍ കസേരയില്‍നിന്ന് എഴുന്നേറ്റ് എന്റെ കൈപിടിച്ച് സൗഹൃദം പ്രകടിപ്പിച്ചു. 

അക്കാലത്തെ ഒരു ടെറിക്കോട്ടണ്‍ ഷര്‍ട്ട്. മെലിഞ്ഞ കൈകളുള്ള, മുട്ടിനുമേല്‍ കുറഞ്ഞവീതിയില്‍ ചുരുട്ടിയുള്ള ഷര്‍ട്ടിന്റെ കൈകള്‍. കൂട്ടാനും കുറയ്ക്കാനുമില്ലാതെ, കണക്കുകള്‍ക്കും കാര്യങ്ങള്‍ക്കും മെരുക്കിയെടുക്കാന്‍ പറ്റാത്ത ഒരാള്‍- ഉള്ളിലപ്പോള്‍ അങ്ങനെയാണ് തോന്നിയത്. അരനൂറ്റാണ്ടുകൊണ്ട് തുണിത്തരങ്ങളിലും പാന്റുകളും ഷര്‍ട്ടുകളും തയ്ക്കുന്ന ഫാഷനുകളിലും എത്രയോ മാറ്റമുണ്ടായി. പക്ഷേ, വേണ്വേട്ടന്‍ അന്നുകണ്ടതുപോലെ ഇന്നും. ഷര്‍ട്ടിന്റെ കൈകള്‍ മടക്കിച്ചുരുട്ടിവെക്കുന്ന 'തനിമ'യില്‍പ്പോലും തെല്ലുംമാറ്റമില്ല. ലാളിത്യത്തെ അദ്ഭുതപ്പെടുത്തുന്ന നേര്‍മ!

'കോളേജ് ഹോസ്റ്റലിലേക്ക് രാത്രിവൈകാതെ മടങ്ങിയെത്തേണ്ടതാണല്ലോ' എന്നുപറഞ്ഞുകൊണ്ട് ആ കൂടിക്കാഴ്ചയ്ക്ക് സുജന്‍ വിരാമമിട്ടു. പിന്നീടിങ്ങോട്ട് അവിരാമം തുടരുന്ന സൗഹൃദത്തിന്റെ ആദ്യനിമിഷങ്ങള്‍. ചെലവൂര്‍ വേണു എന്ന നേരനുഭവം എന്റെ ജീവിതത്തിന്റെയും ഭാഗമാവുകയായിരുന്നു. 

*****
പഴയ പലപ്രയോഗങ്ങളും മറ്റുഭാഷകളിലെന്നതുപോലെ നമ്മുടെ ഭാഷയിലും വേരുറച്ചുപോയിട്ടുണ്ട്. അതിലൊന്നാണല്ലോ 'അതികായന്‍'. ഏതെങ്കിലും ഒരു മേഖലയില്‍, രംഗത്ത്, പ്രതിഭയില്‍, കരുത്തില്‍, കഴിവില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്നവരെ 'അതികായന്‍' എന്നുവിശേഷിപ്പിക്കുന്നു. വിവിധ മേഖലകളില്‍ ഒരേപോലെ തിളങ്ങിനില്‍ക്കുന്നവരെയും ഈ വിശേഷണംചാര്‍ത്തി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഒന്നോര്‍ത്താല്‍ ഈ പ്രയോഗം വാക്കിന്റെ ധ്വനിപോലെ 'കായിക'മാണ്. വലിയശരീരമുള്ളവന്‍ എന്ന അര്‍ഥത്തില്‍. ഭീമസേനനെ ഓര്‍ക്കാം. ഈ വഴിക്ക് ചിന്തിച്ചാല്‍ ചെലവൂര്‍ വേണു 'ലഘുകായ'നോ 'മിതകായ'നോ ആണ്. എന്നാല്‍, ഹൃദയത്തിന്റെയും മനസ്സിന്റെയും അളവുകളില്‍ വേണ്വേട്ടന്‍ അടുത്തറിഞ്ഞവര്‍ക്കെല്ലാം 'അതികായന്‍'തന്നെ. ഏത് പ്രതികൂലസാഹചര്യത്തിലും ഏത് വമ്പന്റെ മുമ്പിലും പതറാതെ നില്‍ക്കുന്ന തലപ്പൊക്കം വഴങ്ങാത്തവന്റെ തഴക്കമാണ്. 

വേണ്വേട്ടന്‍ പൊതുവേ ശാന്തനാണ്. എന്നാല്‍, വെറുതേ ബഹളംകൂട്ടി, ശബ്ദമുയര്‍ത്തി ചങ്ങാതിക്കൂട്ടത്തില്‍ പെരുമചമയുന്നവരെ വിരലനക്കങ്ങളാല്‍ ഒതുക്കാനറിയാം. അളകാപുരി ഹോട്ടല്‍ ഉദ്യാനത്തിലും ബീച്ച് ഹോട്ടലിന്റെ മട്ടുപ്പാവിലും കൂട്ടായ്മകളുടെ ഉത്സവസ്ഥലങ്ങളിലുമൊക്കെ ഇതുകണ്ടിട്ടുണ്ട്. 'ഛെ, എന്താ നിങ്ങളിങ്ങനെ പരിസരബോധമില്ലാതെ?'' എന്നര്‍ഥംവരുന്ന ഒരു നോട്ടം, ഒരു വിരലനക്കം. തന്റെ മൂന്നിരട്ടി ഭാരമുള്ളവരെയും ഏറെ പൊക്കമുള്ളവരെയും സൗഹൃദത്തിന്റെ ബലംകൊണ്ട് വേണ്വേട്ടന്‍ ഒതുക്കുന്നു, മെരുക്കുന്നു. തനിക്ക് ഒട്ടും യോജിക്കാന്‍പറ്റാത്ത നിലയില്‍ ചങ്ങാതിക്കൂട്ടം ഇളകിയാടുമ്പോള്‍, 'എന്താ ഇത്' എന്ന രണ്ടേരണ്ട് വാക്കുകള്‍കൊണ്ട് സ്ഥിതി ശാന്തമാക്കാന്‍ കഴിയുന്ന സ്‌നേഹായുധധാരി. 

ആറുപതിറ്റാണ്ടിനിടയില്‍ ചെലവൂര്‍ വേണു പ്രധാനമായും ശ്രദ്ധയൂന്നിയത് അക്ഷരങ്ങളുടെയും ആശയങ്ങളുടെയും സര്‍ഗസാധ്യതകളിലാണ്. യുവഭാവന പത്രം പ്രസിദ്ധീകരണനേതൃത്വങ്ങളില്‍ ആദ്യത്തേതായിരുന്നു. കോട്ടയത്തോടൊപ്പം പത്രപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി ഖ്യാതിനേടിയ കോഴിക്കോട്ട്, സ്വന്തമായി മൂലധനമോ പണക്കാരുടെ പിന്തുണയോ ഇല്ലാതെ 'എഴുതാന്‍ എത്രയെങ്കിലും കാര്യങ്ങളുണ്ട്. വായിക്കാന്‍ ആളുകളുണ്ടാവും' എന്ന ആത്മവിശ്വാസം അടിസ്ഥാനമാക്കി, ഏതാനും കൂട്ടുകാരുടെ പ്രോത്സാഹനം ഉള്‍ക്കരുത്താക്കി ചെലവൂര്‍ വേണു തന്റെ പത്രപ്രവര്‍ത്തന സാഹസികതയ്ക്ക് തുടക്കമിട്ടു. പിന്നീടിങ്ങോട്ട് പത്രപ്രവര്‍ത്തന-പ്രസിദ്ധീകരണ മേഖലയില്‍ സാഹസികമായ മറ്റുതുടക്കങ്ങള്‍. 

മലയാളത്തില്‍ ഇക്കാലത്ത് സ്‌പോര്‍ട്സ് പ്രസിദ്ധീകരണങ്ങള്‍ കുറെയുണ്ട്. എന്നാല്‍, അരനൂറ്റാണ്ടുമുമ്പ് സ്റ്റേഡിയം എന്ന സ്‌പോര്‍ട്സ് മാസിക ചെലവൂര്‍ വേണു പ്രസിദ്ധീകരിച്ചപ്പോള്‍ അത് ആ രംഗത്തെ ആദ്യസംരംഭമായി. പുതിയ ആശയങ്ങളുടെ സാക്ഷാത്കാരം വേണ്വേട്ടന് എന്നും ഹരമാണ്. തന്റെ പ്രസിദ്ധീകരണസാഹസവുമായി വന്‍കിട പ്രസ്സുകളെ സമീപിക്കുമ്പോഴും ചെലവൂരിന്റെ കീശയില്‍ ചെലവിനുള്ള പണംപോലും ഉണ്ടാകുമായിരുന്നില്ല. 'ശരിയാകും, അല്ലെങ്കില്‍ ശരിയാക്കാം' എന്ന വിശ്വാസമാണ് എന്നും വേണ്വേട്ടന്റെ സാമ്പത്തികശാസ്ത്രത്തിന്റെ പ്രഥമസിദ്ധാന്തം. 

മലയാളത്തിലെ ആദ്യ മനഃശാസ്ത്രമാസികയായ സൈക്കോ തുടങ്ങാന്‍ ധൈര്യപ്പെട്ടപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍പോലും 'വേണോ ഈ സാഹസം' എന്ന് കാര്യമായി ചോദിച്ചു. വേണ്വേട്ടന്റെ മനസ്സിന്റെ പണിപ്പുരയില്‍ സൈക്കോ അപ്പോഴേക്കും രൂപപ്പെട്ടിരുന്നു. വലുപ്പത്തില്‍ ഒരു കൈപ്പുസ്തകംപോലെ. മനസ്സിന്റെ ജൈവസങ്കീര്‍ണതകളുടെ ചുഴിക്കുത്തുകള്‍ സൂചിപ്പിക്കുംവിധമുള്ള പ്രതീകാത്മക മുഖചിത്രങ്ങള്‍. കറുപ്പിന്റെയും വെളുപ്പിന്റെയും പ്രകാശനസാധ്യതകളില്‍ തെളിഞ്ഞ താളുകള്‍. മനസ്സിന്റെ കാണാക്കയങ്ങളില്‍ മുളപൊട്ടുന്ന ഭ്രമരൂപികളായ ചോദ്യങ്ങള്‍ക്ക് ഉത്തരംതേടി ആയിരക്കണക്കിന് വായനക്കാര്‍ സൈക്കോയുടെ പുതിയ ലക്കത്തിന് കാത്തിരിക്കുന്ന കാലം. 

സൈക്കോയുടെ പല ലക്കങ്ങളുടെയും ഒരുക്കങ്ങള്‍ക്കിടയില്‍ വേണ്വേട്ടനെ കാണാന്‍പോയ ഓര്‍മകളുണ്ട്. പിരിമുറുക്കം പ്രകടമാക്കുന്ന ചലനങ്ങളും ശരീരഭാഷയുമായിരുന്നു പത്രാധിപരുടേത്. മനഃശാസ്ത്രവിഷയങ്ങള്‍ എഴുതുന്നവര്‍ അന്ന് വളരെക്കുറവായിരുന്നു മലയാളത്തില്‍. ഇംഗ്ലീഷിലുള്ള മനഃശാസ്ത്രഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും കഴിയുന്നത്ര വായിച്ച് ഓരോ ലക്കത്തിലും പുതിയ അറിവുകള്‍ ഉള്‍പ്പെടുത്താന്‍ വേണ്വേട്ടന്‍ പുലര്‍ത്തിയ ശ്രദ്ധയും ജാഗ്രതയും എടുത്തുപറയേണ്ടതാണ്. പലപ്പോഴും തോന്നിയിട്ടുണ്ട്, അക്കാലത്ത് വേണ്വേട്ടന് ഊണിനെക്കാളും ഉറക്കത്തെക്കാളും പ്രധാനം സൈക്കോയുടെ ഓരോ ലക്കത്തിന്റെയും സാക്ഷാത്കാരമായിരുന്നു.

അതിനുമുമ്പ് മറ്റാരുംചെയ്യാത്ത കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അനുഭവപ്പെടുന്ന ഒരു പ്രധാനപ്രശ്‌നം, താരതമ്യംചെയ്തുനോക്കാന്‍ ഉദാഹരണങ്ങളോ മാതൃകകളോ ഇല്ലെന്നതാണ്. മലയാളത്തില്‍ വേണ്വേട്ടന്‍ തുടക്കമിട്ട ഓരോ പ്രസിദ്ധീകരണത്തെയും അക്ഷരമേഖലയിലെ സാഹസികതകളായി ഓര്‍മിക്കുന്നത് ഇതുകൊണ്ടാണ്. നൂറുകണക്കിന്  യുവതീയുവാക്കളില്‍ മനഃശാസ്ത്രപരമായ വായനശീലവും തുടര്‍ന്ന്,  എഴുതാനുള്ള ആത്മവിശ്വാസവും ഉണര്‍ത്തി നിലനിര്‍ത്താന്‍ സൈക്കോവിലൂടെ ചെലവൂര്‍ വേണുവിന് കഴിഞ്ഞു. ജന്മഗ്രാമത്തിന്റെ പേര് സ്‌നേഹാക്ഷരങ്ങളായി പേരിന്റെ തുടക്കത്തില്‍ ചേര്‍ത്തിരുന്നില്ലെങ്കില്‍ വേണ്വേട്ടന്‍ 'സൈക്കോ വേണു' എന്നറിയപ്പെട്ടേനെ! 

മലയാളത്തിലെ ഒട്ടുമിക്ക ദിനപത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ഭാഗമായി വനിതകള്‍ക്കായി പ്രത്യേകം ആഴ്ചപ്പതിപ്പുകളോ ദ്വൈവാരികകളോ മാസികകളോ ഇക്കാലത്തുണ്ട്. സ്ത്രീ എന്ന പദത്തിന്റെ പര്യായപദങ്ങളെടുത്താല്‍ മിക്കതും ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പേരുകളാണ്. 1970-കളുടെ ആദ്യത്തില്‍ മലയാളത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി ആനുകാലികപ്രസിദ്ധീകരണങ്ങളുണ്ടായിരുന്നില്ല എന്നാണ് ഓര്‍മ. ആ മേഖലയിലും കന്നിക്കൈ കുറിച്ചത് ചെലവൂര്‍ വേണുവാണ്. മനോജ്ഞമായ പേര് രൂപകല. സൈക്കോ കറുപ്പിലും വെളുപ്പിലുമായിരുന്നെങ്കില്‍, രൂപകല ബഹുവര്‍ണങ്ങളിലായിരുന്നു അച്ചടിച്ചത്. കേരളത്തിലെ അച്ചടിമാധ്യമരംഗത്തെ മഹാമന്ദിരങ്ങളില്‍പ്പോലും രൂപകല ശ്രദ്ധിക്കപ്പെട്ടു. പ്രസിദ്ധീകരണത്തിന്റെ മികവിനൊത്തുള്ള ഗണ്യമായ ചെലവും വിറ്റുവരവ് പിരിച്ചെടുക്കുന്നതിലെ സങ്കീര്‍ണതകളും വെല്ലുവിളിയുയര്‍ത്തിയെങ്കിലും രൂപകലയുടെ പ്രചാരത്തില്‍ വേണ്വേട്ടന്‍ തൃപ്തനായിരുന്നു. 

ചെലവൂർ വേണു ‌| ഫോട്ടോ: കൃഷ്ണപ്രദീപ്/ മാതൃഭൂമി

തുടര്‍ന്നുള്ള കാലത്താണ് വര്‍ത്തമാനം എന്ന സായാഹ്നദിനപത്രവും കോഴിക്കോട് നഗരത്തിനുമാത്രമായുള്ള സിറ്റി മാഗസിനും സെര്‍ച്ച് ലൈറ്റ് എന്ന രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള വാരികയും വേണ്വേട്ടന്‍ പ്രസാധകനും പത്രാധിപരുമായി ഇറങ്ങുന്നത്. സിറ്റി മാഗസിന്‍ ഇറങ്ങിയിരുന്ന കാലത്ത് വേണ്വേട്ടനെ കാണാന്‍ ഒരു വൈകുന്നേരം പോയപ്പോള്‍ അടുത്ത ലക്കത്തിന്റെ ധൃതിയിലായിരുന്നു. ''മോഹന്‍. കാര്യങ്ങളൊക്കെ പിന്നീടുസംസാരിക്കാം. കോഴിക്കോട് നഗരത്തെപ്പറ്റി ഒരു ലേഖനം വേണം. എഴുതാന്‍ തുടങ്ങിക്കോളൂ. എട്ടുമണിയോടെ പ്രസ്സിലേക്ക് അയക്കണം''. 1969-ല്‍ ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ഥിയായ കാലംതൊട്ട്, ഇങ്ങോട്ടുള്ള അനുഭവങ്ങള്‍ ഓര്‍മകളുടെ അക്ഷരക്കൂട്ടില്‍ കുറിച്ചുകൊടുത്തു. 

''ലളിതമായ വാക്കുകളില്‍, അലങ്കാരക്കൊഴുപ്പില്ലാതെ കാര്യം നേരേ പറയുന്നു. നന്നായി''. ഒമ്പതുമണിയോടെ ഓഫീസ് അടച്ചു. ''നമുക്ക് ബീച്ചിലേക്കുപോകാം. മോഹന്‍ കോഴിക്കോട്ടു വന്നിട്ട് കുറച്ചുകാലമായല്ലോ'' - കടല്‍ത്തീരത്ത് ആള്‍ക്കൂട്ടം ഒഴിഞ്ഞുതുടങ്ങിയിരുന്നു. നഗരപ്പഴമയുടെ നിഴലുകള്‍ കാറ്റുകൊള്ളാനെത്തുന്ന കടല്‍പ്പാലത്തിന്റെ തുടക്കത്തില്‍ ഇളകിത്തുടങ്ങിയ തൂണും പിടിച്ച് വേണ്വേട്ടന്‍ പറഞ്ഞു: 
''പ്രസിദ്ധീകരണമേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസംതന്നെ. വലിയ സ്ഥാപനങ്ങള്‍, സംവിധാനങ്ങള്‍. അവര്‍ക്കുമാത്രമേ സാധ്യതയുള്ളൂ. അല്ലെങ്കില്‍ രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ പിന്തുണവേണം''. 
''ശരി, നമുക്കുമടങ്ങാം. എന്തെങ്കിലും കഴിക്കേണ്ടേ. എല്ലാം ശരിയാകും. അല്ലെങ്കില്‍ ശരിയാക്കാം.'' 

***
മലയാള മാധ്യമരംഗത്ത് അറുപതുകൊല്ലത്തോളം പ്രവര്‍ത്തിച്ച, പല ആദ്യസംരംഭങ്ങളുടെയും അവതാരകനായ ചെലവൂര്‍ വേണു ആരുടേയും ശമ്പളക്കാരനായിരുന്നില്ല. മറ്റുള്ളവര്‍ നടത്തിയ സ്ഥാപനങ്ങളിലെ ജീവനക്കാരനുമായിരുന്നില്ല. സാഹസികമായി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ മൂലധനശേഷിയില്ലാത്ത ഉടമയും പ്രസാധകനും പത്രാധിപരും സബ് എഡിറ്ററും പ്രൂഫ് റീഡറുമൊക്കെയായിരുന്നു. കോവിഡ് മഹാമാരി തുടങ്ങുംമുമ്പ് തിരുവനന്തപുരത്ത് വന്നപ്പോള്‍ വേണ്വേട്ടന്‍ പറഞ്ഞു:  
''പത്രപ്രവര്‍ത്തക പെന്‍ഷന്‍ കിട്ടാന്‍ സാധ്യതയുണ്ടോ എന്നന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, പത്രജീവനക്കാരനാണെന്ന സാക്ഷ്യപത്രമില്ലെങ്കില്‍ പെന്‍ഷന്‍ കിട്ടാനിടയില്ല എന്നാണ്. ഇനി... അല്ലെങ്കില്‍ വേണ്ട.'' 

സാങ്കേതികനിര്‍വചനങ്ങളും നിയമവ്യവസ്ഥകളും നടപടിച്ചട്ടങ്ങളും മറ്റും ഉദ്ധരിച്ച് നീതിയും ന്യായവും വ്യാഖ്യാനിക്കുന്ന ഉദ്യോഗസ്ഥപ്രമുഖരും ഭരണസാരഥികളും -അവരില്‍ പലരും ചെലവൂര്‍ വേണുവിന്റെ സഹപാഠികളും സംഘടനാരംഗത്തെ സഹപ്രവര്‍ത്തകരുമൊക്കെയായിരുന്നവരാണ്. അവകാശവാദങ്ങളുടെ ആള്‍മുഴക്കങ്ങളില്‍നിന്നെല്ലാം ഏറെ അകന്നുനടക്കുന്ന ചെലവൂര്‍ വേണു സുഹൃദ്ബന്ധങ്ങളോ അടുത്തപരിചയമോ വ്യക്തിപരമായ കാര്യങ്ങള്‍ക്കുവേണ്ടി ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ല. 

കോഴിക്കോട് തളിയിലും ബീച്ച് റോഡിലുള്ള മൂന്നാലിങ്കലിലും ചെറൂട്ടിറോഡിലുള്ള ഇരുനിലക്കെട്ടിടത്തിലും നഗരത്തിരക്കില്‍നിന്ന് അല്പം അകന്നുള്ള എരഞ്ഞിക്കലിലും... അങ്ങനെ ഓരോ കാലത്തും ഓരോ ഇടങ്ങളിലുമായി മാറിമാറിയുള്ള പ്രവര്‍ത്തനം. വേണ്വേട്ടന്‍ എവിടെ, ഏത് കെട്ടിടത്തിലായാലും വിദ്യാര്‍ഥിജീവിതകാലം തൊട്ടുള്ള ചങ്ങാതിമാര്‍, കൂട്ടുകാര്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍ അവിടങ്ങളിലെത്തും. പലരും വന്ന്, കണ്ട്, കുശലം പറഞ്ഞ് പോകുന്നതായിരുന്നില്ല പതിവ്. മണിക്കൂറുകളായി തമ്പടിക്കും. വേണ്വേട്ടന്‍ ജോലിചെയ്യുന്നുണ്ടാകും. ഓഫീസ് കാര്യങ്ങള്‍ നടക്കുന്നുണ്ടാകും. ഒന്നോ രണ്ടോ സ്റ്റാഫും ചിലപ്പോള്‍ അതിലേറെയുംപേര്‍ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ മുഴുകുകയാകാം. എന്നാലും വേണ്വേട്ടനെ കാണാനെത്തുന്നവര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. 

സ്വന്തംവീടുകളിലും ജോലിസ്ഥലങ്ങളിലും പാര്‍ട്ടികളുടെ ഓഫീസുകളിലും മറ്റുമില്ലാത്ത സ്വാതന്ത്ര്യം ആസ്വദിച്ച് അവരൊക്കെ മണിക്കൂറുകളോളം അവിടെ കഴിയും. ''രാത്രി വളരെ ഇരുട്ടി, ഇനി മടങ്ങാം.'' എന്ന് അഥവാ വേണ്വേട്ടനോ കൂടെയുള്ളവരോ ഓര്‍മപ്പെടുത്തിയാല്‍ ''ഓ, ഞാനെങ്ങോട്ടുമില്ല. ഇന്നിവിടെ ഉറങ്ങാം.'' എന്നായിരിക്കും ചിലരുടെ നിലപാട്. വേണ്വേട്ടന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓഫീസില്‍ വരുന്ന ഓരോരുത്തരും കരുതുന്നത് താനാണ് ചെലവൂര്‍ വേണുവിന്റെ ഏറ്റവുംവേണ്ടപ്പെട്ട ചങ്ങാതി എന്നാണ്. ഈ കരുതല്‍ അമിത സ്വാതന്ത്ര്യമായും താന്തോന്നിത്തമായും മറ്റുള്ളവര്‍ക്ക് ശല്യമാകുന്നെന്ന് കണ്ടാല്‍മാത്രം വേണ്വേട്ടന്‍ ഇടപെടും. അപ്പോഴും അത്തരക്കാരോട് സ്ഥലംവിടാന്‍ പറയില്ല. തോളില്‍ കൈവെച്ച് അവരോടൊപ്പം, അല്ലെങ്കില്‍ അയാളോടൊപ്പം േേവണ്വട്ടനും ഇറങ്ങും. സ്വച്ഛസ്വതന്ത്രമായ ഒരിടം തേടി. 

അല്പംകൂടി സൗകര്യമുള്ള കെട്ടിടത്തില്‍ വേണ്വേട്ടന്റെ ഓഫീസ് മാറിയപ്പോഴൊക്കെ ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്കും വീട് തൊട്ടടുത്താണെങ്കിലും ഇന്നിവിടെയാകാം അന്തിയുറക്കം എന്നുവാശിപിടിക്കുന്നവര്‍ക്കും വേണ്ടി രണ്ടോ മൂന്നോ പായകള്‍ കരുതിയിട്ടുണ്ടാകും. സാമ്പത്തികപ്രയാസങ്ങള്‍കൊണ്ട് പ്രസിദ്ധീകരണങ്ങളൊക്കെ നിര്‍ത്തേണ്ടിവന്നപ്പോഴും കോഴിക്കോട് നഗരത്തില്‍ വേണ്വേട്ടന്‍ ഓഫീസ് കെട്ടിടം നിലനിര്‍ത്തും. സൗഹൃദത്തിന്റെ ദ്വീപ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരിക്കും ഇവിടെയെത്തുക. വേണ്വേട്ടന്‍ ഇല്ലെങ്കിലും പ്രധാനവാതിലിന്റെ താക്കോല്‍ എവിടെയാണെന്ന് സുഹൃത്തുക്കളായ സന്ദര്‍ശകര്‍ക്കെല്ലാം അറിയാം. ചെലവൂര്‍ വേണുവിന്റെ ഓഫീസ് അങ്ങനെ 'സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ' എന്നുതന്നെ വിളിക്കാവുന്ന ഒരു ജൈവദ്വീപായി!

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: Memory of Chelavoor Venu