'പ്രിയ വീരേന്ദ്രകുമാർ, കാലത്തിരശ്ശീലയിൽ മറഞ്ഞവര്‍ക്ക് കാലം പിന്നെയും പോകെ എന്താണ് സംഭവിക്കുന്നത്?'

എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതിവാദിയും വാഗ്മിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിന് അഞ്ച് വര്‍ഷം തികയുന്നു. എം.പി വീരേന്ദ്രകുമാറിനെക്കുറിച്ചുള്ള ദീപ്തസ്മരണകള്‍ സി. രാധാകൃഷ്ണന്‍ പങ്കുവെക്കുന്നു.
എം.പി വീരേന്ദ്രകുമാറിൻെറ വിയോഗത്തിന് വീണ്ടും ഒരാണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മ എന്റെ ബോധത്തില്‍ തെളിയിക്കുന്ന ഒരു ചോദ്യത്തിരി ഇതാണ്: കാലത്തിരശ്ശീലയില്‍ മറഞ്ഞവര്‍ക്ക് കാലം പിന്നെയും പോകെ എന്താണ് സംഭവിക്കുന്നത്?
കണ്‍മറയാത്തവര്‍ക്ക് എന്തു സംഭവിക്കുന്നു എന്ന കാര്യം നമ്മുടെ മുന്നിലുണ്ട്: നാളുകള്‍ പോകേ ചിന്താശേഷിയുടെ നാളം മങ്ങുന്നു, ശരീരം ദുര്‍ബലമാവുന്നു, നിലനില്‍പ്പിന്റെ വൃത്തപരിധി ചുരുങ്ങിച്ചുരുങ്ങി വരുന്നു.
ഒരാള്‍ അനിവാര്യമായ അന്ത്യം എന്ന അതിര്‍ത്തി കടന്നാല്‍ അയാള്‍ പ്രസരിപ്പിച്ചുകൊണ്ടിരുന്ന ചിറ്റോളങ്ങള്‍ ചിലപ്പോള്‍ പെട്ടെന്ന് അടങ്ങുന്നു, മറ്റു ചിലരുടെ കാര്യത്തില്‍ കുറച്ചുകൂടി സമയം എടുക്കുന്നു, അപൂര്‍വ്വം ചിലരുടെ കാര്യത്തിലോ ഏറെക്കാലം നിലനില്‍ക്കുന്നു. എന്നു മാത്രമല്ല നിത്യമായ ചാലകശക്തിയായി പ്രവര്‍ത്തിക്കുക വരെ ചെയ്യുന്നു.
മനുഷ്യരുടെ കാര്യത്തില്‍ മാത്രമേ ഈ വ്യത്യാസം ഉള്ളൂ. തുഞ്ചന്റെ തത്ത എന്നപോലെ ചില സാങ്കല്‍പ്പിക സങ്കേതങ്ങളും ഗുരുവായൂര്‍ കേശവന്റെയൊക്കെ വടിവില്‍ ഏതാനും അപൂര്‍വ്വ മൃഗജന്മങ്ങളും നീക്കുപോക്കുകള്‍.
നാലു കാലുള്ള മൃഗങ്ങള്‍ക്ക് അവയുടെതായ രീതിയില്‍ നിലനില്‍പ്പ് അയത്‌നസിദ്ധമാണ്. രണ്ടു കാലേ ഉള്ളൂ എങ്കിലും ചിറകുകള്‍ കൂടി ഉള്ളതുകൊണ്ട് പക്ഷികള്‍ക്കും അതെ. ഉരഗങ്ങളുടെയും ഷഡ്പദങ്ങളുടെയും ഒക്കെ അവസ്ഥ ഇതുതന്നെ.
സ്വജീവനെക്കുറിച്ച് ചിന്തിക്കാന്‍ ശേഷിയുള്ള ഏകജീവി ആയതുകൊണ്ട് മനുഷ്യന്‍ ഒന്ന് പ്രത്യേകം തന്നെ. ഈ പ്രത്യേകത ഉപയോഗിക്കുന്നതിന്റെ തോതനുസരിച്ചാണ് ആത്മബോധം വികസിക്കുന്നതും നിലനില്‍പ്പ് കാലാതിവര്‍ത്തിയാകുന്നതും.
ഗുരുകാരണവന്മാരുടെ അനുഗ്രഹമായി പ്രത്യക്ഷപ്പെടുന്ന ജന്മാന്തര പുണ്യമാണ് ഈ ഉപലബ്ധിയുടെ പ്രത്യക്ഷ കാരണം.
വീരന്‍ ജനിക്കുന്ന കാലത്ത് വയനാട് ഏകാകികളുടെ വിളനിലം ആയിരുന്നു. ഏറെ ചെന്നാല്‍ മാത്രം മറ്റൊരു മനുഷ്യനെ കാണുന്ന ഏകാന്തതയുടെ നാട്. ഭാവനാസമ്പന്നനായ കുട്ടി സ്വാഭാവികമായും അന്തര്‍മുഖനായി, തന്നെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ചിന്താധീനനാകുന്നു. തത്വശാസ്ത്രം പഠന വിഷയമായി തിരഞ്ഞെടുക്കുന്നു. അതില്‍ത്തന്നെ സ്വാമി വിവേകാനന്ദന്‍ എന്ന കെട്ടുകുറ്റി കണ്ടെത്തുന്നു. രാജയോഗം ശീലിക്കുന്നു. കൂട്ടിന് ഉള്ളതോ സിദ്ധാര്‍ത്ഥ ബുദ്ധനും!
ഇതാണ് വീരേന്ദ്രകുമാറിന്റെ കാതല്‍. ഇതിന്റെ കൂടെ ശാസ്ത്രം കത്തിക്കയറുന്ന കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന യാഥാര്‍ത്ഥ്യബോധവും.
ഈശാവാസ്യ ഉപനിഷത്തും മൂലധനവും ജനിപ്പിച്ച സമത്വബോധം ബുദ്ധകാരുണ്യം കുതിര്‍ത്ത ഭൂമിയില്‍ അഹിംസാധിഷ്ഠിതമായ സോഷ്യലിസം ആയി വിളഞ്ഞു. അധികമായി പഠിച്ച ബിസിനസ് മാനേജ്‌മെന്റിന്റെ സഹായത്തോടുകൂടി അത് പ്രചരിപ്പിക്കാന്‍ പരിശ്രമിച്ചു. അതിന്റെ കൂടെ വായിച്ചുതള്ളിയതിന് കണക്കില്ല. സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി ഒരു ജീവന്‍ദാനി!
പാരമ്പര്യമായി കിട്ടിയ ഒരു പത്രം കൂടി ഈ യജ്ഞത്തില്‍ ഉപയോഗപ്പെടുത്തി. അതിന്റെ വേരുകള്‍ ഇതേ ആശയത്തില്‍ പണ്ടേ ഊന്നിയതായിരുന്നല്ലോ.
പുത്രദുഃഖം പോലുള്ള മഹാസങ്കടങ്ങളില്‍ സ്വയം നീറി അതിശുദ്ധി നേടി. ജീവിതം എന്ന തപസ്സിന്റെ അവസാനഘട്ടത്തില്‍ വിവേകാനന്ദം കണ്ടുകിട്ടുവോളം ആ രാജര്‍ഷിയുടെ ജീവിതം നിധിധ്യാസനം ചെയ്തു. സ്ഫുടം ചെയ്ത് അത് അനന്യമായി ആവിഷ്‌കരിക്കുക കൂടി ചെയ്തു.
താന്‍ ജീവിച്ച കാലത്തെ മനുഷ്യവംശത്തിന്റെ വഴിയിലെ തടസ്സങ്ങളായ സമസ്യകള്‍ക്ക് പരിഹാരം കാണാന്‍ ഫലപ്രദമായി ശ്രമിച്ചത് കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവശ്ശേഷി പ്രസരിപ്പിച്ച അലകള്‍ ഇപ്പോഴും സജീവമായിരിക്കുന്നത്. പുതിയ മനുഷ്യത്വത്തിന്റെ ഉയിര്‍പ്പിന്അവ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു
ഏകാന്തതയുടെ തീയിന്റെ ചൂടറിഞ്ഞവന്റെ ആര്‍ത്തിയോടെ സ്‌നേഹംകൊണ്ട് ധാരാളിത്തം കാണിച്ച സഹോദര സുഹൃത്തിന് സ്മൃത്യഭിവാദനം! ധന്യം അങ്ങയുടെ ജന്മം.
Content Highlights: c radhakrishnan memoir about mp veerendrakumar 5th death anniversary