ജീവിതം എല്ലാ അര്‍ഥത്തിലും ആഘോഷിച്ചുതീര്‍ന്നപ്പോള്‍ വന്നുചേര്‍ന്ന ആ പുസ്തകം!- ബോബി ചെമ്മണ്ണൂര്‍

ബോബി ചെമ്മണ്ണൂര്‍ (ഫോട്ടോ/ സാജന്‍ വി നമ്പ്യാര്‍)
ബോബി ചെമ്മണ്ണൂര്‍ (ഫോട്ടോ/ സാജന്‍ വി നമ്പ്യാര്‍)

ലോക പുസ്തകദിനത്തില്‍ ബോബി ചെമ്മണ്ണൂര്‍ എഴുതുന്നു.

ന്റെ വായനയില്‍ ഏറ്റവും കൂടുതല്‍ ഓര്‍മയുള്ളയത് മദര്‍ തെരേസയുടെ പുസ്തകങ്ങളാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധതിരിക്കാന്‍ പ്രധാനപ്പെട്ട കാരണവും മദര്‍തെരേസയാണ്. ജീവിതത്തില്‍ ലഭിക്കേണ്ടതായ എല്ലാ സന്തോഷങ്ങളും ലഭിക്കുകയും ആഘോഷിക്കേണ്ടതായിട്ടുള്ള എല്ലാം കൊണ്ടാടുകയും ജീവിതത്തിന്റെ എല്ലാ വശങ്ങളും ജീവിച്ചുതന്നെ തീര്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല എന്ന തോന്നലില്‍ നിന്നാണ് എന്റെ ജീവിതം മറ്റൊരു ഗിയറിലേക്ക് ഞാന്‍ മാറ്റുന്നത്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന ചിന്തയ്ക്ക് ഉത്തരം തന്നത് മദര്‍തെരേസയുടെ പുസ്തകങ്ങളാണ്. ശരിയായ സന്തോഷവും സ്‌നേഹവും ജീവകാരുണ്യത്തിലൂടെ എന്ന സന്ദേശം 'ഹാര്‍ട്ട് ഓഫ് ജോയ്' എന്ന പുസ്തകം എനിക്കു പകര്‍ന്നുതന്നു. കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷമായി എന്നെ നയിക്കുന്ന സന്ദേശമതാണ്. 

മദര്‍ തെരേസ

ഞാന്‍ വലിയ ഒരു വായനക്കാരനല്ല. നോവലുകളും കഥകളുമെല്ലാം ആരെങ്കിലും വായിച്ചുതരികയാണ് പതിവ്. എനിക്ക് വെറുതേയിരുന്ന് പുസ്തകത്തെ കേള്‍ക്കുന്നതാണ് ഇഷ്ടം. 'ആടുജീവിതം' അതുപോലെ ഞാന്‍ വായിച്ചുകേട്ട നോവലാണ്. അടുത്തിരുന്ന് ഒരാള്‍ വായിച്ചുതരുന്നതാണ് ഇപ്പോഴും ഇഷ്ടം. ഷെര്‍ലക് ഹോംസ് സീരീസിലെ കഥകളും അങ്ങിനെ കേട്ടതാണ്. കഥകള്‍ എനിക്കിഷ്ടമാണ്. സിനിമ കാണാന്‍ പ്രചോദനമാകുന്നതും അതായിരിക്കാം. വലിയ വായനക്കാരനല്ലാത്ത ഞാന്‍ എന്റെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മറഡോണയെക്കുറിച്ച് ഒരു പുസ്തകവുമെഴുതി. ലോകം പുസ്തകദിനമാഘോഷിക്കുമ്പോള്‍ ഒരു പുസ്തകം ചെലുത്തിയ സ്വാധീനത്തില്‍ ജീവിതത്തിന് അര്‍ഥം കണ്ടെത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍.
 

Content Highlights: boby chemmannur writes world book day 2024