'കോഴിക്കോട്ടേക്ക് ജീവിതത്തെ പറിച്ചുനടാന്‍ തീരുമാനമെടുത്ത നിമിഷത്തെ നമസ്‌കരിക്കുന്നു'

താന്‍സനും ബൈജു ബാവ്രയുംമുതല്‍ ഉസ്താദ് അംജദ് അലിഖാന്‍വരെയുള്ള മഹാന്മാരായ സംഗീതജ്ഞരുടെ ജന്മംകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഗ്വാളിയറിനെ ഇന്ത്യയിലെ ഒരേയൊരു സംഗീതനഗരമായി പ്രഖ്യാപിച്ച യുനെസ്‌കോ, അതോടൊപ്പം നമ്മുടെ കോഴിക്കോടിനെ ഇന്ത്യയിലെ ഏക സാഹിത്യനഗരമായും തിരഞ്ഞെടുത്തപ്പോള്‍ ആനന്ദം എന്റെ ഹൃദയത്തെ ഞെരിച്ചു.
കാല്‍നൂറ്റാണ്ടുമുമ്പ് കോഴിക്കോട്ടേക്ക് ജീവിതത്തെ പറിച്ചുനടാന്‍ തീരുമാനമെടുത്ത നിമിഷത്തെ ഞാന്‍ നമസ്‌കരിച്ചു. ഒരു മലയാളി എന്ന നിലയ്ക്കുമാത്രമല്ല, ഒരു കോഴിക്കോടന്‍ എന്ന നിലയ്ക്കും എനിക്കിപ്പോള്‍ ആനന്ദിക്കാമല്ലോ.
ആപാദമധുരമായ ഗ്വാളിയര്‍സംഗീതം യുനെസ്‌കോയുടെ കാതില്‍പ്പെട്ട അത്ര എളുപ്പത്തിലാവില്ല ആലോചനാമൃതമായ കോഴിക്കോടന്‍ സാഹിത്യം അവരുടെ കണ്ണില്‍പ്പെട്ടതെന്ന് ഉറപ്പ്. സംഗീതത്തില്‍ താന്‍സനെന്നതുപോലെ സാഹിത്യത്തില്‍ നമുക്കൊരു ബഷീറുണ്ടെന്ന് പറഞ്ഞാല്‍ താന്‍സനെ കേട്ടിട്ടേയില്ലെങ്കിലും ബഷീറിനെ വായിച്ചിട്ടേയില്ലെങ്കിലും മലയാളി മുഖം ചുളിച്ചേക്കും.
സംഗീതത്തെയും സാഹിത്യത്തെയും ഒരുപോലെ പ്രണയിക്കുന്ന ഒരാളെന്ന നിലയില്‍ പറയട്ടെ- ഒരദ്ഭുതവും വേണ്ടാ. സര്‍ഗാത്മകതയുടെ ദൈവം താന്‍സനോടൊപ്പം തന്റെ സദസ്സിലിരുത്താന്‍ തിരഞ്ഞെടുത്തിട്ടുള്ള എത്രയോ മുന്തിയ എഴുത്തുകാര്‍ ഈ കോഴിക്കോടന്‍ മണ്ണില്‍ ഉണ്ടായിരുന്നു, ഉണ്ട്, ഇനി ഉണ്ടാവുകയും ചെയ്യും.
കോഴിക്കോട്ടെ മായനാട്ട് അല്പം മണ്ണുവാങ്ങി വീടുവെക്കാനൊരുങ്ങുമ്പോഴാണ് ജ്ഞാനവൃദ്ധനായ അയല്‍ക്കാരന്‍ പറഞ്ഞത്: ''അറിയുമായിരിക്കും, എസ്.കെ.യുടെ ഒരു ദേശത്തിന്റെ കഥയില്‍ ഇലഞ്ഞിപ്പൊയില്‍ എന്നുപറയുന്ന പ്രദേശം ഇതാണ്!''. ബസ്യാത്രയില്‍ പരിചയപ്പെട്ട സഹയാത്രികരും പറഞ്ഞു: ''നമ്മളീ കടന്നുപോകുന്ന സ്ഥലങ്ങളെല്ലാം ചേര്‍ന്നതാണ് എസ്.കെ. എഴുതിയ നോവലിലെ ദേശം.''
മാതൃഭൂമി ഓഫീസില്‍ ഉച്ചസമയത്ത് പരിചയപ്പെട്ട സമപ്രായക്കാരനായ യുവഎന്‍ജിനിയര്‍ അനീസ് ബഷീര്‍ എന്നു പേരുപറഞ്ഞപ്പോള്‍ ഹൃദയം പിന്നെയും ത്രസിച്ചു. ബഷീറിന്റെ മകന്‍! രണ്ടു ദശകങ്ങള്‍ക്കുമുന്‍പ് തിക്കോടിയനെ അഭിമുഖം ചെയ്യാന്‍ നിയോഗിച്ചപ്പോള്‍ അരങ്ങുകാണാത്ത ആ നടന്റെ മുന്നിലിരുന്ന് വിസ്മയിച്ചു- ദൈവമേ, അക്കിത്തവും എം.ടി.യുമെല്ലാം തിക്കു എന്നു വിളിച്ചിരുന്ന ആ വലിയ മനുഷ്യന്‍.
ആശുപത്രിയില്‍, കോര്‍പ്പറേഷന്‍ ഓഫീസില്‍, ആകാശവാണിയില്‍, ഹോട്ടലില്‍, ബാറില്‍, അമ്പലത്തില്‍, എന്തിന് ബസില്‍ കയറിയാല്‍പ്പോലും ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ മുന്നില്‍വരും.
വീടിനുതൊട്ടടുത്തുള്ള, കാഴ്ചയില്‍ വലിയ പത്രാസൊന്നുമില്ലാത്ത ചെറിയ വായനശാലയില്‍ ആദ്യമായി ചെന്നപ്പോള്‍ അതിന്റെ നടത്തിപ്പുകാരന്‍ പറഞ്ഞു: ''കേട്ടിട്ടുണ്ടാവും. ഈ ആനന്ദദായിനി വായനശാല നടത്തിയിരുന്ന നാടകങ്ങളില്‍ ബാലന്‍ കെ. നായരും കുട്ട്യേടത്തി വിലാസിനിയും കുഞ്ഞാണ്ടിയും കുതിരവട്ടം പപ്പുവുമൊക്കെ സ്ഥിരമായി അഭിനയിച്ചിരുന്നു!''
നൂറ്റാണ്ടുകള്‍ക്കുമുമ്പ്, മഴപെയ്യുന്ന മാസങ്ങളൊന്നില്‍ ഭട്ടസ്ഥാനത്തിനുവേണ്ടി ഇന്ത്യന്‍ പണ്ഡിതര്‍ മത്സരിച്ചിരുന്ന രേവതി പട്ടത്താനം നടന്ന അതേ നഗരത്തില്‍ പുതിയൊരാവേശം കൊടിയേറുകയാണ്. കോഴിക്കോടിന്റെ അഭിമാനം മുഴുവന്‍ മലയാളികളിലേക്കും മഴയെ തോല്‍പ്പിച്ച് പ്രസരിക്കുന്ന ദിവസം പുലരുകയാണ്.
കേരളപ്പിറവിക്ക് അമ്പതുവര്‍ഷം തികഞ്ഞ വേളയില്‍ എം.ടി. സാറിനെ അഭിമുഖം ചെയ്യാനിരുന്നപ്പോള്‍ ചോദിച്ചു: ''കോഴിക്കോട് നഗരത്തെക്കുറിച്ചുള്ള ഏത് ഓര്‍മയില്‍ തുടങ്ങണം?''
ലക്ഷക്കണക്കിനു വാക്കുകളെ പെറ്റ ആ വലംകൈവിരലുകള്‍ വായുവില്‍ ഓര്‍മകളെ തപ്പി. ''ഞാനന്ന് ട്രെയിനിയായിരുന്നു. പണിയെടുക്കുന്നതിനിടയില്‍ പുറത്ത് വലിയൊരു ഘോഷം കേട്ടു. ഞങ്ങള്‍ ചെന്നുനോക്കുമ്പോള്‍ കേരളസംസ്ഥാനം പിറന്നതിന്റെ ഘോഷയാത്ര മാനാഞ്ചിറ ചുറ്റി കടന്നുപോവുകയാണ്. മാതൃഭൂമിക്കുകൂടി വലിയ പങ്കുള്ള ഒരു നേട്ടമാണ്. അതുകൊണ്ട് അന്നത് ഞങ്ങളുടെയും ആഘോഷമായി മാറി.''
Content Highlights: Author Subhash Chandran writes about Kozhikode city of literature