'മനുഷ്യാന്തസ്സിനെയും ആത്മാഭിമാനത്തെയും അച്ഛന്‍ ഏതിനും മീതെ ആദരിച്ചിരുന്നു'

#ശ്രീകുമാർ കക്കാട്|sreekumarkakkad@gmail.com
എന്‍.എന്‍ കക്കാട്
എന്‍.എന്‍ കക്കാട്

എന്‍.എന്‍. കക്കാട് എന്ന കവിയെയും അച്ഛനെയും മകന്‍ ഓര്‍ക്കുകയാണ്. കവിതയ്ക്കപ്പുറം ഒരുപാട് സവിശേഷതകള്‍ കക്കാടിലുണ്ടായിരുന്നു എന്ന് മകന്റെ ഓര്‍മകള്‍ പറഞ്ഞുതരുന്നു. പാണ്ഡിത്യവും സംഗീതവും കൃഷിയും താളപ്രേമവുമെല്ലാം ഒടുവില്‍ ഒഴുകിനിറഞ്ഞത് കവിതയില്‍. 

1960- ൽ ആണ് എന്റെ ജനനം. അതേ  വർഷം അച്ഛൻ  എൻ.എൻ. കക്കാടും അമ്മ ശ്രീദേവിയും  കോഴിക്കോട്ട്  കോട്ടൂളി എന്ന സ്ഥലത്തേക്ക് താമസം മാറ്റി. മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറിയിലേക്ക് രാസവസ്തുക്കളും  മുളയും മറ്റും കൊണ്ടുപോകുന്നതിനായി നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള ചതുപ്പുകളും വയലുകളും വകഞ്ഞ് നികത്തിയെടുത്ത് ഉണ്ടാക്കിയതാണ് മാവൂർ റോഡ്. ഇതിലൂടെ 3 കിമീറ്ററോളം ചെന്നാലാണ് കോട്ടൂളി.

ചിത്രീകരണം: ശ്രീകുമാര്‍ കക്കാട്‌

താഴെ കൊച്ചു പലചരക്ക് കടയും മുകളിൽ കോൺഗ്രസ് പാർട്ടി ആപ്പീസും ചേർന്നുള്ള ഒരു ഇരുനിലക്കെട്ടിടം മാത്രമാണ്  മാവൂർ റോഡിൽ കോട്ടൂളിയുടെ അടയാളം. റോഡിന്റെ വലതുവശത്ത്, ഇല്ലിമുള്ളുവേലി അതിരായി ഒരു ഇടവഴി. അതിലൂടെ നടന്ന് കൊച്ചു തോടിനു കുറുകെ  കടന്നാൽ ഞങ്ങളുടെ വീടായി. എൻ. എൻ. കക്കാട് - ശ്രീദേവി ദമ്പതിമാർ ‘ശ്രീതിലകം’ എന്ന് പേരിട്ട ആ മൂന്നുമുറി വാടകവീട്ടിൽ ആയിരുന്നു 15  കൊല്ലത്തോളം ഞങ്ങൾ താമസിച്ചത്. 1963, വജ്രകുണ്ഡല ,  പാതാളത്തിന്റെ മുഴക്കം എന്നിവ എഴുതിയത് ഈ വീടിന്റെ കോലായിൽ ഇരുന്നാണ്.

ഈ കോലായിലിരുന്ന് നോക്കിയാൽ ഇടവഴിയ്ക്ക് അപ്പുറം മാവൂർ റോഡ് കാണാം . നേരെ മുൻപിൽ ബസ് സ്റ്റോപ്പ് ഉള്ളതിനാൽ അച്ഛനും അമ്മയ്ക്കും ജോലിക്കു പോകാനും വരാനും എളുപ്പമായിരുന്നു. എനിക്ക് ഓർമ്മ  ഉറയ്ക്കുന്ന പ്രായമാകുമ്പോഴേക്ക്, ധാരാളമായിട്ടില്ലെങ്കിലും വിഷമംകൂടാതെ നഗരത്തിൽ എത്താവുന്നത്ര സിറ്റി ബസ്സുകൾ മാവൂർ റോഡിൽ സർവീസ് നടത്തിയിരുന്നു. മെഡിക്കൽ കോളേജിൽ നിന്നാണ് അവ ഓട്ടം തുടങ്ങുന്നത്. നമ്പർ 3 ബീച്ചിലേക്ക്, നമ്പർ 21 ,22 സിറ്റി ബസ് സ്റ്റാന്റ് വരെ, നമ്പർ 36 സിറ്റിയിൽ നിന്ന് മെഡിക്കൽ കോളേജും കടന്ന് കാരന്തൂര് വരെ, നമ്പർ 12 കുതിരവട്ടത്തുനിന്നു പുറപ്പെട്ട് തിരുവണ്ണൂർ വരെ.  

മൂന്നുമൂന്നര വയസ്സായപ്പോൾ എന്നെ ഒരു  നഴ്സറിയിൽ ചേർക്കാൻ ശ്രമം നടന്നു. തലേന്നേ വാടകയ്ക്ക് കൊണ്ടുവന്നുവച്ച സൈക്കിളിൽ പിറ്റേന്ന് രാവിലെ എന്നേയും കൊണ്ട് അച്ഛൻ പുറപ്പെട്ടു;  കുതിരവട്ടം മാനസികാരോഗാശുപത്രിക്കും  പറയഞ്ചേരി ഗവൺമെൻ്റ്   സ്കൂളിനും  ഇടയ്ക്ക് ഒരു യശോദടീച്ചർ നടത്തിയിരുന്ന ലിറ്റിൽ സ്റ്റാർ നേഴ്സറി സ്‌കൂളിലേക്ക്. എന്റെ കരച്ചിലും വാശിയും കാരണം തിരിച്ചുപോന്നു എന്നാണ് ഓർമ്മ. ഇറക്കത്തിൽ അച്ഛൻ  സൈക്കിൾ സ്പീഡിൽ പറത്തി വിട്ടത് എനിക്ക് വലിയ ഇഷ്ടമായി. എന്നാൽ നഴ്സറി അത്ര പന്തിയായില്ല. അച്ഛൻ നിർബ്ബന്ധിച്ചുമില്ല എന്ന് തോന്നുന്നു. ജീവിതത്തിൻ്റെ ഒരു ഘട്ടത്തിലും ഒരു കാര്യത്തിനും അച്ഛൻ നിർബ്ബന്ധം ചെലുത്തിയിരുന്നില്ല എന്ന് തന്നെയാണ് അച്ഛനെക്കുറിച്ചുള്ള എൻ്റെ ഓർമ്മ. 

ചിത്രീകരണം: ശ്രീകുമാര്‍ കക്കാട്‌

പകൽ അച്ഛനും അമ്മയും ജോലിയ്ക്കു പോകും. ദേശാഭിമാനി പത്രത്തിൽ പ്രൂഫ്‌റീഡിങ്‌ വിഭാഗത്തിലായിരുന്നു അമ്മ. അച്ഛൻ ആകാശവാണിയിലും. എന്നെ നോക്കാനായി അവിടനല്ലൂർക്കാരി, നാണി എന്ന ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.

വൈകുന്നേരം ഒറ്റത്തടിപ്പാലം കടന്ന് ചിരിച്ചുകൊണ്ടുള്ള, അച്ഛൻ്റെയും അമ്മയുടെയും വരവ് എനിക്ക് വലിയ സന്തോഷം ആയിരുന്നു. കൂടെ മിക്കവാറും അതിഥികൾ  ആരെങ്കിലുമൊക്കെ വരും. അച്ഛൻ അവരുമായി രസമായി സംസാരിച്ചിരിക്കും. നല്ല മുഴക്കമുള്ള ശബ്ദമായിരുന്നു. ഇടയ്ക്കിടെ അതിലും മുഴക്കത്തിൽ  പൊട്ടിച്ചിരിയ്ക്കും. ഏതൊരു വിഷയത്തിലും തൻ്റേതായ നിലപാട് എടുക്കുവാൻ പ്രാപ്തൻ ആക്കുന്ന തരത്തിൽ ആഴവും പരപ്പും ഉള്ള വായനാശീലം ചർച്ചകളിൽ അച്ഛനെ വേറിട്ട് നിർത്തി. മുതിർന്നവർക്കിടയിൽ ജ്ഞാനം കൊണ്ടും ചെറുപ്പക്കാർക്കിടയിൽ  നൂതനത്വം കൊണ്ടും  അച്ഛൻ മതിപ്പുനേടി.

അറുപതുകളും എഴുപതുകളും ഒക്കെ പുസ്തകങ്ങളുടെയും വായനയുടെയും ഒക്കെ കാലം ആയിരുന്നല്ലോ. പുസ്തകങ്ങൾ സുലഭമായിരുന്നു വീട്ടിൽ. അതിവിപുലമായ ആ  ലൈബ്രറിയുടെ ഒരുശതമാനം പോലും വായിച്ചിട്ടില്ല എങ്കിലും  ധ്വന്യാലോകം, പ്രക്രിയാസർവസ്വം, പാണിനീയം  പോലുള്ള വലിയ വലിയ പേരുകൾ  അവയ്ക്കിടയിൽ കണ്ടത് എൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ ഉണ്ട്. രാമായണം - വാൽമീകിയുടേതും  എഴുത്തച്ഛൻ്റേതും ഫാദർ കാമിൽ ബുൽക്കെയുടേതും ; മഹാഭാരതം - വ്യാസൻ്റേതും കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റേതും. നാടകങ്ങളിൽ,  കാളിദാസനും ഭാസനും  ഷേക്സ്പിയറും ഗെയ്ഥെയും ബ്രഹ്തും.  ഗ്രീക്ക് സാഹിത്യത്തിൽ ഹോമറും വെർജിലും ഏസ്കിലസും യൂറിപ്പിഡിസും അരിസ്റ്റോട്ടിലും  പ്ലേറ്റോയും. വിൽ ഡ്യൂറാണ്ട്ൻ്റെ സ്റ്റോറി ഓഫ് ഫിലോസഫി, യുങ്ങിൻ്റെയും ഫ്രോയിറ്റിൻ്റെയും മനശ്ശാസ്ത്രഗ്രന്ഥങ്ങൾ, രാഹുൽ സംകൃത്യായൻ്റെ വോൾഗ മുതൽ ഗംഗ വരെ  ചാൾസ് ഡാർവിൻ്റെ ഒറിജിൻ ഓഫ് സ്പീഷീസ് പോലുള്ള  അപൂർവ എഡിഷനുകൾ. ആധുനിക യൂറോപ്യൻ - ലാറ്റിൻ അമേരിക്കൻ സാഹിത്യം. ആൽവിൻ ടോഫ്‌ലർ, ഇസാക്ക് അസിമൊവ്, ഫ്രിജോഫ് കാപ്ര മുതൽപേരുടെ ഫ്യൂച്ചറിസ്റ്റിക് രചനകൾ. പറഞ്ഞാൽ തീരില്ല:  ചിത്രകല .ആയുർവേദം. ആധുനിക വൈദ്യശാസ്ത്രം... അവസാനിക്കുന്നില്ല ലിസ്റ്റ്.  അമൂല്യമായിരുന്നു ആ പുസ്തക ശേഖരം.

മുന്നിലെ വീതികുറഞ്ഞ കോലായിൽ ഇരുന്നാണ് അച്ഛൻ്റെ എഴുത്ത്. ആ സമയം കടുത്ത ഗൗരവമാണ്. രാത്രിയിൽ ഗ്ലാസ്സു ചിമ്മിനിയുള്ള മണ്ണെണ്ണ വിളക്ക് കത്തിക്കും. ചെറുതും വലുതുമായി അവ മൂന്നുനാലെണ്ണം ഉണ്ടായിരുന്നു. കറണ്ടും ഫാനും റേഡിയോയും ഒക്കെ വരുന്നത് എനിയ്ക്ക് ആറേഴുവയസ്സ് ആകുമ്പോഴാണ്. എഴുതുമ്പോഴത്തെ ഗൗരവം അത് കഴിഞ്ഞാൽ ഇല്ല. തമാശ പറയും - പൊട്ടിച്ചിരിയ്ക്കും, ധാരാളമായി. ഒഴിവുള്ളപ്പോൾ പുരാണങ്ങളിലേയും ക്‌ളാസ്സിക്കുകളിലേയും ഒക്കെ കഥകൾ പറഞ്ഞുതരാറുണ്ട്. പഞ്ചതന്ത്രം കഥകളും ഐതിഹ്യമാലയും ആയിരത്തിയൊന്ന് രാവുകളും ഉണ്ട് ഇക്കൂട്ടത്തിൽ . അക്കിത്തത്തിൻ്റെ കുട്ടിക്കവിതകളുടെ സമാഹാരം ആയ  ' ഒരു കുല മുന്തിരിയി ' ൽ നിന്നുള്ള രസകരങ്ങളായ കവിതകളും ഇടശ്ശേരിയുടെ പൂതപ്പാട്ടും അച്ഛൻ എന്നെ  ചൊല്ലിക്കേൾപ്പിച്ചു. 

ചിത്രീകരണം: ശ്രീകുമാര്‍ കക്കാട്‌

ആയിടയ്ക്ക് അച്ഛന്റെ മുതിർന്ന സുഹൃത്തും കവിയും ആയ കെ. പി.ആർ മേനോൻ Adventures of Huckleberry Finn എന്ന തടിച്ച ഇംഗ്ലീഷ് നോവൽ എനിക്ക് സമ്മാനിച്ചു. അച്ഛനും അമ്മയും ഇത് വായിച്ച് മലയാളത്തിലാക്കി  പറഞ്ഞുതന്നുകൊണ്ടിരുന്നു. പിന്നീട് വായിക്കാറായപ്പോൾ റഷ്യൻ ചിത്രകഥകളും എൻ.ബി.എസ്സിന്റെ  സമ്മാനപ്പെട്ടിയും (പുസ്തകങ്ങൾ )  വാങ്ങിത്തന്നു . 

വീട്ടിൽ റേഡിയോ വന്ന ശേഷമാണ് ആകാശവാണി കേട്ടുതുടങ്ങിയത്. കാർഷികരംഗത്തിൽ  അച്ഛൻ അവതരിപ്പിച്ചുകൊണ്ടിരുന്ന "ശങ്കുണ്യാര് " ഞങ്ങൾ സ്‌ഥിരമായി രസിച്ചു കേട്ട പരിപാടിയായിരുന്നു. അമരവാണി, നിറമാല എന്നീ പ്രതിവാര-മാഗസിനുകളും ഞങ്ങൾക്ക് അച്ഛന്റെ ശബ്ദം കേൾക്കാനുള്ള അവസരമായി. റേഡിയോ നാടകോത്സവങ്ങൾക്കു വേണ്ടി അച്ഛൻ എത്രയോ നാടകങ്ങൾ എഴുതി;  ഗ്രീക്ക് ദുരന്ത നാടകങ്ങളും സംസ്കൃത നാടകങ്ങളും മറ്റും പരിഭാഷ ചെയ്ത് അവതരിപ്പിച്ചു. കൂടാതെ സംഗീത ശില്പങ്ങളും, കുറെയേറെ ലളിതഗാനങ്ങളും. വളരെ അത്ഭുതത്തോടും ആഹ്ലാദത്തോടും കൂടി ഇതെല്ലാം ഞങ്ങൾ റേഡിയോയിൽ കേട്ടു. കൂടാതെ ഓണക്കാലത്തെ ആകാശവാണി സ്റ്റേജ് സംഗീത പരിപാടികളിൽ രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഒന്നോ രണ്ടോ ഗാനങ്ങൾ അച്ഛൻ്റേതായിട്ടുണ്ടാവും. അച്ഛൻ ഞങ്ങളുടെ സ്റ്റാർ ആയിരുന്നു! 

ആകാശവാണി സഹപ്രവർത്തകർ എല്ലാവരും ഞങ്ങളുടെ കുടുംബ സുഹൃത്തുക്കൾ കൂടി ആയിരുന്നു.  അതുകൊണ്ടുതന്നെ അച്ഛന്റെ ഓഫീസിൽ പോകുന്നത് പരിചയക്കാരുടെ വീട്ടിൽ പോകുന്നതുപോലെ സ്വാഭാവികമായിരുന്നു. തിക്കോടിയനും അക്കിത്തവും കെ. എ. കൊടുങ്ങല്ലൂരും ഉറൂബും രാഘവൻ മാസ്റ്ററും ഒക്കെ അവരുടെ ഇരിപ്പിടങ്ങളിലോ സ്റ്റുഡിയോയുടെ  ഇടനാഴികളിലോ ഒക്കെ കണ്ടുമുട്ടുക പതിവാണ്.  അപൂർവമായി അവിടത്തെ ക്യാൻ്റീനിലെ പലഹാരങ്ങളും കിട്ടി. എല്ലാവരുടെയും സ്നേഹം  അതിലേറെ കിട്ടി. 

മുതിർന്നു തുടങ്ങിയപ്പോൾ വൈകുന്നേരങ്ങളിൽ ഷട്ടിൽബാഡ്മിന്റൻ  കളിക്കുവാൻ ഞാനും അനുജനും ആകാശവാണിയിൽ പോകാനാരംഭിച്ചു. അച്ഛൻ നല്ല പ്ലെയർ ആയിരുന്നു. കോർട്ട് നിറഞ്ഞു കളിക്കും. ഷോട്ടുകളും സ്മാഷുകളും ഒക്കെ കണ്ടുനിന്നുപോകും . അൻപതുവയസ്സ് പിന്നിട്ട കാലത്തും  സിംഗിൾസ് കളിക്കാൻ അച്ഛന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ആകാശവാണിയിൽ ഷട്ടിൽ ടീം രൂപീകരിച്ചത് അച്ഛൻ്റെ നേതൃത്വത്തിൽ ആയിരുന്നു.  ടീമിൽ ഐസക്ക്,  കേശവൻ നമ്പീശൻ,  ബേബി, ജോഷ്വ,  ഉറൂബിൻ്റെ മകളുടെ ഭർത്താവ് സുധാകരൻ എന്നിവരെ ഞാൻ ഓർക്കുന്നു. വനിതാ അംഗങ്ങളും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. 

അന്നൊക്കെ കൂടുതലും വുഡൻ റാക്കെറ്റുകൾ ആയിരുന്നു. ഗട്ട്  എന്നു വിളിക്കുന്ന  സ്ട്രിങ്ങുകളും വേറെതരം ആയിരുന്നു. താനുപയോഗിക്കുന്ന ബാറ്റിന്റെ ഗട്ട് അയഞ്ഞു പോകാതെ നല്ല ടെൻഷനിൽ സ്വയം മുറുക്കി വയ്ക്കും. ഉപയോഗിച്ച് പൊട്ടിത്തുടങ്ങുമ്പോൾ മുഴുവൻ അഴിച്ചു റീഗട്ട് ചെയ്യും. പണി തീർന്ന ബാറ്റ് ചെവിയോടടുപ്പിച്ചു വിരൽകൊണ്ട് "മീട്ടി" തൃപ്തി വരുത്തും. അർബുദരോഗത്തിന്റെ ഒന്നുംരണ്ടും ഘട്ടങ്ങളുടെ ഇടയിൽ രോഗം കുറെയൊക്കെ ഭേദമായപ്പോൾ (പ്രായം ഏകദേശം അന്പത്തിയാറ്‌)  അച്ഛൻ കേന്ദ്രഗവൺമെൻറ് ജീവനക്കാരുടെ ഇന്റർ ഡിപ്പാർട്മെന്റൽ മത്സരത്തിൽ വെറ്ററന്‍സ്‌ ഡബിൾസിലും പങ്കെടുത്തു. 

ചിത്രീകരണം: ശ്രീകുമാര്‍ കക്കാട്‌

ചെറുപ്പത്തിൽ, വടക്കൻ മലബാർ ഗ്രാമങ്ങളിലെ അക്കാലത്തെ പതിവ് പോലെ  കളരിയും ഉഴിച്ചിലും ഒക്കെ ശീലിച്ച അച്ഛന് സ്വതെ നല്ല മെയ്‌വഴക്കം ഉണ്ടായിരുന്നു.  ഞങ്ങൾക്ക് സംഭവിക്കുന്ന ഉളുക്ക് പോലുള്ള ചെറിയ പരിക്കുകൾ  എണ്ണയിട്ട് ഉഴിഞ്ഞ് ചികിത്സിക്കുവാനും  മർമ്മാണി ഗുളിക അരച്ച് മുട്ടയുടെ വെള്ളക്കരു ചേർത്ത് പ്ലാസ്റ്റർ ഉണ്ടാക്കി കെട്ടുവാനും ഒക്കെ വശമായിരുന്നു. ഒരിക്കൽ, വീടിനു മുൻവശത്തെ തോട്ടിൽ വെള്ളം വറ്റിയകാലത്ത് വീണ് കുറച്ച് കുഴപ്പത്തിലായ അനുജൻ ഉണ്ണിയെ ( ശ്യാം)  ഉഴിഞ്ഞ് ശരിപ്പെടുത്തുകയും ഉണ്ടായി. 

ശ്യാമിനെ ആദ്യമായി തൊഴുവിക്കാൻ ഗുരുവായൂർ പോയപ്പോൾ  അച്ഛൻ എനിയ്ക്ക് ഒരു ചെറിയ ചെണ്ട വാങ്ങിത്തന്നു.  ഇന്നത്തേക്കാൾ നല്ല കുട്ടിച്ചെണ്ടകൾ അന്ന് കിട്ടിയിരുന്നു. മരക്കുറ്റിയും തുണിക്കയർ വരിച്ചിലും, മുറുക്കാനായി തുകൽച്ചുറ്റുകളും ഉള്ള മിനി-ചെണ്ട. ഇതും അച്ഛൻ മുറുക്കി വയ്ക്കും.  രണ്ടുകാലുകൊണ്ടും ചവുട്ടിപ്പിടിച്ചു കയർ വരിഞ്ഞുമുറുക്കി തുകൽചുറ്റുകൾ  കയറ്റിയും ഇറക്കിയും നാദം വരുത്തും. തായമ്പക കൊട്ടുകയും ചെയ്യും. നാട്ടിൽനിന്ന് ചെറിയച്ഛൻ നല്ല ചെണ്ടക്കോലുകളും തരപ്പെടുത്തിക്കൊണ്ടുവന്നിരുന്നു. ചെണ്ടയുടെ കാലാവധി തീർന്നപ്പോഴും അച്ഛന്റെ തായമ്പക തുടർന്നു; മരസ്റ്റൂളും കസേരക്കൈയ്യും ഒക്കെ ധാരാളമായിരുന്നു.  ഒന്നുകൂടി വലുതായപ്പോൾ എന്നേയും അനിയനേയും കൊട്ട് പഠിപ്പിക്കാനും ഉത്സാഹിച്ചു. നാട്ടിൽനിന്ന് പുളിമുട്ടി കൊണ്ടുവന്ന് കൈക്കുഴ ഉരുട്ടി സാധകം ചെയ്യിച്ചു. ഇതിനൊക്കെ എപ്പോഴാണ് സമയം കിട്ടിയത് എന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോന്നും . അത്രയ്ക്ക് തിരക്കുള്ള ആളായിരുന്നു അച്ഛൻ.  

ചിത്രീകരണം: ശ്രീകുമാര്‍ കക്കാട്‌

ബാലുശ്ശേരിയിൽ നിന്ന് അച്ഛന് വളരേ അടുപ്പമുള്ള ഒരു തായമ്പകക്കാരൻ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. പഴയമട്ടിൽ ‘കാഴ്ചയായി’  എന്തെങ്കിലുമൊക്കെ പൊതികെട്ടിക്കൊണ്ടേ വരൂ. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും കൊട്ടുകാര്യങ്ങളും ഒക്കെ ബഹുസന്തോഷമായി അച്ഛനുമായി സംസാരിയ്ക്കും. അച്ഛനെക്കാൾ ഉറക്കെച്ചിരിയ്ക്കും. രാവുണ്ണിക്കുട്ടി എന്ന ആ തായമ്പകക്കാരനെ കുട്ടിക്കാലത്തു ഞാൻ ‘രാവുണ്ണിക്കാരൻ’ എന്നാണ് വിളിയ്ക്കാറ് .

കോഴിക്കോട് തളി ക്ഷേത്രത്തിൽ ഉത്സവ കാലത്ത് മുടങ്ങാതെ തായമ്പക കേൾക്കാൻ പോകുമായിരുന്നു. അത്രയ്ക്ക് കമ്പമായിരുന്നു അച്ഛന് മേളം. പിന്നെപ്പിന്നെ കവി ആർ. രാമചന്ദ്രൻ മാഷും അച്ഛൻ്റെ താളക്കമ്പത്തിൽ പങ്കാളിയായി. തൃത്താല കേശവൻ്റെ തായമ്പക കേട്ട് അതിൽ മൃദംഗത്തിൻ്റെ താളഘടന തിരിച്ചറിയുന്നതിൽ മാഷും പാലക്കാട് മണി അയ്യരുടെ മൃദംഗ വാദനത്തിൽ മേളകലയുടെ പ്രയോഗസ്വാധീനം  കണ്ടെത്തുന്നതിൽ അച്ഛനും രസം കണ്ടെത്തിയിരുന്നു. നാട്ടിലെ ഉത്സവത്തിന് ഉൽസാഹമായി തായമ്പക കൊട്ടുകയും ചെയ്യും. അതിനുവേണ്ട സാധകവും ജ്ഞാനവും ക്ഷമതയും അച്ഛൻ നിലനിർത്തിപ്പോന്നിരുന്നു. വയ്യാതെ കിടക്കുമ്പോൾ , അയൽപക്കത്തെ ഡോ. നാരായണൻ നമ്പൂതിരി കൊടുത്ത ടേപ് റെക്കോർഡിൽ തായമ്പക ക്യാസെറ്റ്  ഇട്ടുകേൾക്കുക അച്ഛന് വലിയ ഇഷ്ടമായിരുന്നു. 

ആകാശവാണിയിലെ സംഗീതവിദ്വാൻ ഗുരുവായൂർ ജി.എസ്.ശ്രീകൃഷ്ണന്റെ ശിക്ഷണത്തിൽ പുല്ലാങ്കുഴൽ വായിക്കുവാനും അച്ഛൻ പഠിച്ചിരുന്നു. നല്ല ഭംഗിയുള്ള ഒരു കൊച്ചുമരപ്പെട്ടിയിൽ അടച്ച ഓടക്കുഴൽ പുസ്തകഷെൽഫിൽ വൃത്തിയായി വച്ചിരുന്നു . ഇടയ്ക്ക് എടുത്തു വായിയ്ക്കും. നല്ല ജ്ഞാനസ്‌ഥൻ ആയിരുന്നു . പക്ഷേ അപൂർവമായേ പ്രയോഗം പതിവുള്ളു.  

റേഡിയോ ദേശീയസംഗീതസമ്മേളനം നടക്കുന്ന ദിവസങ്ങളിൽ മിക്കവാറും മുടങ്ങാതെ തന്നെ പ്രഗത്ഭരുടെ പരിപാടികൾ കേൾക്കാറുണ്ടായിരുന്നു. സംഗീതജ്ഞരെക്കുറിച്ചും ഗോട്ട് വാദ്യം, സരോദ്, രുദ്രവീണ, എന്നീ സവിശേഷ വാദ്യങ്ങളെക്കുറിച്ചും എനിക്ക് പ്രാഥമികമായ അറിവുകൾ കിട്ടാൻ ഇത് ഇടയാക്കി. കുമാർ ഗന്ധർവയെക്കുറിച്ചും എം. ഡി.രാമനാഥനേക്കുറിച്ചും ഒക്കെ ആദ്യമായി ഞാൻ കേൾക്കുന്നത് അച്ഛനിൽ നിന്നാണ്. എന്തരോ മഹാനുഭാവുലു ശ്രീരാഗം ആണെന്നും ജഗദോദ്ധാരണ കാപ്പി രാഗം ആണെന്നും കർണാടകസംഗീത താളങ്ങളുടെ വിരലും വീശും എല്ലാം എന്താണെന്നും ഒക്കെ  പിടി കിട്ടിയതും അവിടന്ന് തന്നെ . വീട്ടിൽ അദ്ഭുതം ആയി ഒരു ടേപ്പ് റെക്കോർഡർ വന്നുവെങ്കിലും സംഗീത കാസറ്റുകൾ ഒന്നും തന്നെ വാങ്ങിയിരുന്നില്ല. ഒരിക്കലേ അച്ഛൻ ഒരു കാസറ്റ് വീട്ടിൽ കൊണ്ടുവന്നിട്ടുള്ളൂ എന്നാണ് എൻ്റെയോർമ്മ;   ചിട്ടി ബാബു , കെ.എസ് ഗോപാലകൃഷ്ണൻ, ടി.എൻ. കൃഷ്ണൻ എന്നീ മാസ്റ്റേഴ്‌സിൻ്റെ വീണ-വേണു-വയലിൻ ട്രയോ. 

അച്ഛന്റെ സംസ്‌കൃത ശിക്ഷണവും ഞങ്ങൾക്ക്‌ ഇടയ്ക്കൊക്കെ കിട്ടിക്കൊണ്ടിരുന്നു. അമരകോശത്തിലും സിദ്ധരൂപത്തിലും അടിസ്‌ഥാനം ഉറപ്പിയ്ക്കുവാനുള്ള ശ്രമം നടന്നു. തുടർച്ചയായി നടക്കാത്തകാരണം അത് വേണ്ടപോലെയായില്ല എന്നുപറയാം. എന്നാൽ പിൽക്കാലത്ത് എനിയ്ക്കു വലിയ അനുഗ്രഹമായിത്തീർന്ന ഒരു കാര്യം ഇടയ്ക്കുണ്ടായി. എന്റെ പ്രീഡിഗ്രിക്കാലത്തോമാറ്റോ രഘുവംശത്തിലെ കുറച്ചുശ്ലോകങ്ങൾ അന്വയിച്ച്‌ അർത്ഥം പറഞ്ഞുതന്ന് പഠിപ്പിച്ചു. വിരലിൽ എണ്ണാവുന്ന ദിവസങ്ങളേ ലഭിച്ചുള്ളൂ എങ്കിലും സംസ്കൃതത്തിന്റെ പ്രകൃതം കുറച്ചെങ്കിലും മനസ്സിലാക്കാൻ ഇത് എന്നെ വളരേയധികം സഹായിച്ചു.

കോട്ടൂളിയിലെ ഞങ്ങളുടെ വാടകവീടിനുചുറ്റും മുറ്റം കഴിഞ്ഞാൽ ചതുപ്പായിരുന്നു. മഴക്കാലത്തു വെള്ളം കെട്ടിനിൽക്കും. ആകാശവാണിയിലെ കാർഷികരംഗം പ്രൊഡ്യൂസർ ആയിരുന്ന അച്ഛൻ സമയം കിട്ടുമ്പോൾ കൈക്കോട്ടും കൊണ്ട് മുറ്റത്തിറങ്ങി ചാലുവെട്ടി, വെള്ളം തിരിച്ച്‌, തടംകോരി കയ്പ്പയും പയറും അമരയ്ക്കയും ചേമ്പും ഒക്കെ കൃഷി ചെയ്യാറുണ്ട്. നാട്ടിൽ നിന്ന് മരച്ചീനിക്കമ്പും കൊണ്ടുവന്ന്‌ കുത്തി; വാഴ നട്ടു. വള്ളികളിൽ കായ പിടിച്ചുതുടങ്ങുമ്പോൾ ഈച്ചയും പുഴുവും വരാതിരിയ്ക്കാൻ പൊതിഞ്ഞുകെട്ടും. ഈർച്ചപ്പൊടി അടുപ്പ് കത്തിച്ച വെണ്ണീറും ശീമക്കൊന്നയും ഒക്കെ വളമായി ചേർക്കും. ഞങ്ങളും കൂടും.  

ചിത്രീകരണം: ശ്രീകുമാര്‍ കക്കാട്‌

ഇല്ലത്തു ഭാഗം കഴിഞ്ഞപ്പോൾ അച്ഛന്റെ ഓഹരിയിൽ കിട്ടിയത് വയലാണ്. അന്യാധീനപ്പെട്ടുകിടന്ന വയൽ ഒഴിപ്പിച്ചു കൃഷിയിറക്കി. ഞങ്ങളുടെ ബന്ധു ഇടക്കുന്നം കൃഷ്ണേട്ടൻ (ഇപ്പോളില്ല) ആയിരുന്നു മുഴുവൻ നടത്തിപ്പ്ചുമതല. ആദ്യകൊയ്ത്തുകാണാൻ ഞങ്ങളെല്ലാവരും കൂടി ഇടക്കുന്നത്തു പോയി. പിന്നീട് , സഹായി ബാലൻ ഇടയ്ക്കിടയ്ക്ക് ചാക്കിൽ അരിയുമായി വന്നുകൊണ്ടിരുന്നു. അങ്ങിനെ വീട്ടിൽ, ചെറിയരി കൊണ്ടുള്ള ഉപ്പുമാവും ഉണ്ടാക്കിത്തുടങ്ങി.  ഉത്സാഹം തോന്നുമ്പോൾ ചുട്ട മുളക് ഉപ്പും വെളിച്ചെണ്ണയും കൂട്ടി ഉടച്ച് തൈര് ചേർത്ത് കുഴച്ച ചോറ് വലിയ ഉരുളകളാക്കിയും പ്രാതലിന്  അച്ഛൻ ഞങ്ങൾക്ക് തരാറുണ്ട് . അതിന് ബഹുസ്വാദായിരുന്നു. കഴിക്കുന്ന ഓരോ വറ്റും അച്ഛന് ആഹ്ലാദിക്കാൻ ഉള്ളതായിരുന്നു.

നിലം ഉടമസ്ഥതയിൽ വന്ന നാളുകളിൽ ഒന്നിൽ വയൽച്ചെളിയിൽ കാൽകളൂന്നി ജന്മഗ്രാമത്തിൻ്റെ ആത്മാംശം ആയി താൻ കരുതിയിരുന്ന "തുരുത്തമല " യിലേക്ക് ആവേശപൂർവ്വം നോക്കിയ അനുഭവം അച്ഛൻ "കുങ്കുമം" വാരികയിൽ എഴുതിയിരുന്നു. 

ആദ്യമായി ഫോൺ വന്നതും വാടകവീട്ടിൽത്തന്നെയായിരുന്നു.  60979 എന്ന നമ്പറിന് അച്ഛൻ ‘ധീസന്ധാനോസ്‌തു’ എന്ന പരൽപ്പേര് ( സംഖ്യകളെ വാക്കുകൾ ആക്കി ഓർമ്മിക്കുന്ന രീതി )  നൽകി . ‘കടപയാദി’ സംഖ്യാക്രമം നല്ല വശമായിരുന്നു. ഏതു സംഖ്യയും,. കേട്ടാൽ ഉടനേ വാക്കുണ്ടാക്കും. 1976 -ൽ സ്വന്തം വീട്ടിലേക്കുമാറിയപ്പോൾ  ക്ലീം എന്ന പേര് നൽകി. വീട്ടുനമ്പർ ആയ 9 ൻ്റെ സൂചനയും, ക്ലീം എന്ന താന്ത്രികമന്ത്രാക്ഷരത്തിൻ്റെ സൂചനയും ഇതിലുണ്ട്. കോഴിക്കോട് വയനാട് ഭാഗങ്ങളിൽ ഉള്ള നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്നു മുത്തച്ഛൻ. താന്ത്രികവൃത്തിയായിരുന്നു കക്കാട്ടില്ലത്തിൻ്റെ കുലത്തൊഴിൽ. അച്ഛൻ്റെ തൊഴിൽതുറ  വ്യത്യസ്തം ആയിരുന്നു എങ്കിലും ഭാവുകത്വപരമായി  താന്ത്രികകൽപനകളുടെ  ഗൂഢസൗന്ദര്യത്തെ അച്ഛൻ ഉപാസിച്ചിരുന്നു. 

കോട്ടൂളിയിലെ താമസക്കാലത്ത് തന്നെയാണ്  അച്ഛൻ്റെ  സൗഹൃദവലയം വികസിച്ചുവരുന്നതും  ദൃഢതയാർജ്ജിക്കുന്നതും. എൻ്റെയും അനുജൻ്റെയുമൊക്കെ വളർച്ചയിൽ ആ സൗഹൃദം  പിൽക്കാലത്ത് ചൂടും വെളിച്ചവും തണലും ഒക്കെയായി. എൻ.വി., അക്കിത്തം, വിഷ്ണുനാരായണൻ നമ്പൂതിരി ,  ആർ. രാമചന്ദ്രൻ മാസ്റ്റർ, പി. വത്സല,  സി.രാധാകൃഷ്ണൻ , മാധവൻ അയ്യപ്പത്ത്, പാലൂർ, കെ. വി. രാമകൃഷ്ണൻ, എം. ആർ. രാഘവ വാരിയർ, എം. എം. ബഷീർ, പി എം.നാരായണൻ, പി പി ശ്രീധരനുണ്ണി, പോൾ കല്ലാനോട്  എന്നിങ്ങനെ. 

അതിനിടെ, രണ്ടാണ്മക്കൾ മാത്രമുള്ള അച്ഛനമ്മമാർക്ക് മകളായി പ്രേമ മേനോനും ( എഴുത്തുകാരി പ്രേമ ജയകുമാർ ) ഞങ്ങളുടെ വീട്ടിലെ സ്ഥിരസന്ദർശകയായി. ഞങ്ങളുടെ കുടുംബം വിപുലമായി.  ഞങ്ങൾക്ക് ബന്ധുബലമേറി. കോട്ടൂളി താമസക്കാലത്തായിരുന്നു ഇവരൊക്കെ ഏറ്റവുമധികം വീട്ടിൽ വന്നുപോയിട്ടുള്ളത് എന്ന് തോന്നുന്നു; തനിച്ചും  കുടുംബസമേതവും. വിഷ്ണുനാരായണൻ നമ്പൂതിരിയുടെയും  കക്കാടിൻ്റെയും  സൗഹൃദബന്ധം പരസ്പരാദരത്തിൽ ഊന്നിയ ആഴത്തിലുള്ള  ഈടുറ്റ ആത്മബന്ധം ആയി പരിണമിച്ചു. ഒരേ കുടുംബമായി.  ആഹ്ലാദത്തിലും ദുഃഖത്തിലും പങ്കാളികൾ ആയി. അദ്ദേഹത്തിൻ്റെ  മകൾ അപർണ്ണ എൻ്റെ വധുവും ആയി.

അന്നൊക്കെ വീട്ടിൽ  പലരും വന്നുപോകാറുണ്ട്. എങ്കിലും ഒരാളെ ഞാൻ പ്രത്യേകമായി ഓർക്കുന്നു. ഏതോ ഒരു വഴിപോക്കൻ .ഒരു ദേശാടകൻ. മുഖത്ത് നരച്ച കുറ്റിത്താടി. സന്ധ്യാനേരം. ഒരു പരിചയവും ഇല്ലാത്ത അയാളെ വിളിച്ചിരുത്തി. അയാള് അയാളുടെ യാത്രയെപ്പറ്റി പറഞ്ഞു. അച്ഛൻ അമ്മയോട് എന്തെങ്കിലും കഴിക്കാൻ കൊണ്ടുവരാമോ എന്ന് ചോദിച്ചു. ആദ്യം കൊണ്ടുകൊടുത്ത ചായ അയാൾക്ക് ഇറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒന്നും കഴിക്കാത്തതുകൊണ്ട് ആണ് , പതുക്കെ കഴിച്ചോളൂ എന്ന് അച്ഛൻ അയാളോട് പറഞ്ഞു. അച്ഛൻ്റെ കണ്ണ് നനയുന്നതായി കണ്ടു. 'കനകാംബരം '  എന്ന കവിതയിൽ സദൃശമായ ഒരു അനുഭവം ആത്മാരാമൻ  അച്ഛനെപ്പറ്റി പറയുന്നുണ്ട്.  കേവലമനുഷ്യൻ്റെ  അടിസ്ഥാനപരമായ അന്തസ്സിനെയും  ആത്മാഭിമാനത്തേയുംഅച്ഛൻ ഏതിനും മീതെ ആദരിച്ചിരുന്നു  

സാഹിത്യകാരൻ ആയിരുന്ന അച്ഛന് ഞങ്ങളെ വേണ്ടപോലെ ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ല എന്നതായിരുന്നു ഇത് എഴുതാൻ  ഇരിയ്ക്കുന്നതുവരെ എന്റെ വിചാരം. ഇത്രയും എഴുതിയപ്പോൾ എനിയ്ക്കു മനസ്സിലായി, കിട്ടിയത് കുറച്ചാണെങ്കിലും അത് വളരെ ധാരാളമാണെന്ന്; അതിലുംകൂടുതൽ കൊള്ളുന്ന പാത്രമൊന്നും എന്റെ പക്കൽ ഇല്ല എന്നും.

Content Highlights: Author N.N. Kakkad memories shares son Sreekumar Kakkad