ആത്മകഥ എഴുതുന്നതിനൊപ്പം അതിന് വരയ്ക്കുകയും ചെയ്ത ലോകത്തെ ഒന്നാമത്തെ രേഖാചിത്രകാരന്‍!

#എന്‍.പി വിജയകൃഷ്ണന്‍
ആര്‍ടിസ്റ്റ് നമ്പൂതിരി
ആര്‍ടിസ്റ്റ് നമ്പൂതിരി

ലോകത്തെ മുഴുവന്‍ 'ചാരുചിത്രപടഭംഗികളായി' നോക്കിക്കാണാനുള്ള കണ്ണുകളായിരുന്നു നമ്പൂതിരിയുടേത്. ജന്മനാ ക്യാമറവെച്ച കണ്ണ് എന്നുംപറയാം
ചിത്രം വരയ്ക്കാനുള്ളതല്ല എഴുതാനുള്ളതാണ്; കാണാനുള്ളതല്ല വായിക്കാന്‍കൂടി ഉള്ളതാണ് എന്നതായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാസങ്കല്പം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടങ്ങി പല കാലങ്ങളിലായി നാല് ആനുകാലികങ്ങളില്‍ അദ്ദേഹം ചിത്രങ്ങള്‍ എഴുതി. കഥകള്‍ക്കും നോവലുകള്‍ക്കും നമ്പൂതിരിച്ചിത്രങ്ങള്‍ അലങ്കാരങ്ങള്‍ക്കപ്പുറം അതിന്റെ ആത്മാവ് ആവാഹിച്ചെടുത്ത ദൃശ്യവാങ്മയങ്ങളായി നിലകൊണ്ടു. നമ്പൂതിരിയിലെ മികച്ച വായനക്കാരന്‍ രചനകള്‍ സൂക്ഷ്മമായി വായിക്കുന്നു. അതിലെ പശ്ചാത്തലവും സംഭാഷണവും സന്ദര്‍ഭങ്ങളുമെല്ലാം രേഖാചിത്രങ്ങളായി മനസ്സില്‍ സ്വയം വരഞ്ഞുകൊണ്ടായിരുന്നു വായന. തുടര്‍ന്ന് അതില്‍ സ്വയം തൃപ്തിതോന്നിയ രംഗങ്ങള്‍ ഡ്രോയിങ് പേപ്പറില്‍ വരയ്ക്കുന്നു. വായനയ്ക്കിടയില്‍ നമ്പൂതിരി തനിക്ക് പരിചിതമായ ഒരു മുഖത്തെ, ശരീരഭാഷയെ ആവാഹിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു. കൃതിയിലെ കഥാപാത്രങ്ങളുടെ മനോനിലയിലേക്കും മനോഭാവത്തിലേക്കും നമ്പൂതിരിയുടെ വിരലുകള്‍ സഞ്ചരിക്കുന്നു. അക്ഷരസൃഷ്ടിക്ക് സമാന്തരവും അനുയോജ്യവുമായ രേഖാചിത്രം പിറക്കുന്നു.

രേഖാചിത്രണകലയുടെ അപൂര്‍വഖനിയായിരുന്നു നമ്പൂതിരിയുടെ ഉള്ള്. ലോകത്തെ മുഴുവന്‍ 'ചാരുചിത്രപടഭംഗികളായി' നോക്കിക്കാണാനുള്ള കണ്ണുകളായിരുന്നു നമ്പൂതിരിയുടേത്. ജന്മനാ ക്യാമറവെച്ച കണ്ണ് എന്നുംപറയാം. പകര്‍ത്തിവരയ്ക്കാന്‍ വിമുഖനായിരുന്നു നമ്പൂതിരി. മറ്റൊന്നിന്റെ പകര്‍പ്പാവരുത് സ്വന്തം കവിത എന്നു ശഠിച്ച ഇടശ്ശേരിയുടെ ദര്‍ശനം നമ്പൂതിരിയുടെ വരകളിലും ഉണ്ടായിരുന്നു. വാദ്യകലയിലും സംഗീതത്തിലും കഥകളിയിലും അതീവതത്പരനായിരുന്നു നമ്പൂതിരി. ഈ കാഴ്ചയുടെയും കേള്‍വിയുടെയും സംസ്‌കാരം നമ്പൂതിരിച്ചിത്രങ്ങള്‍ക്ക് മറുമാനം നല്‍കി. ഏത് മതത്തിന്റെ ഏത് സമുദായത്തിന്റെ വേഷം, ശരീരഭാഷ, നില്‍പ്പ്, നടപ്പ്, ഇരിപ്പ്, കിടപ്പ് എല്ലാം നമ്പൂതിരിക്ക് ഹൃദിസ്ഥമായിരുന്നു. വരകളില്‍ അതിന്റെ കൃത്യത ഭദ്രമായിരുന്നു.

മരം, മണ്ണ്, കല്ല്, ലോഹം എന്നിവയില്‍ നമ്പൂതിരി സാക്ഷാത്കരിച്ച ശില്പങ്ങളില്‍ അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളുടെ പകര്‍ന്നാട്ടം കാണാം. മികച്ച ചൊല്ലിയാട്ടശിക്ഷണം ലഭിച്ച കഥകളിനടന്റെ അരങ്ങിലെ 'നില'കളുടെ സൗന്ദര്യം; കള്ളക്കോലില്ലാതെ വൃത്തിയായി സാധകംചെയ്ത് തായമ്പകകൊട്ടുന്ന കലാകാരന്റെ ഉരുളുകോലിന്റെ സുഖം, ശ്രുതിശുദ്ധമായിമാത്രം പാടുന്ന സംഗീതകാരന്റെ കേള്‍വിക്ഷമത, രസാഭിനയപ്രഭുവായ ചാക്യാരുടെ കൂടിയാട്ടം അരങ്ങിന്റെ സമ്പന്നത എന്നിവയുടെ സമാകലനമാണ് നമ്പൂതിരിച്ചിത്രങ്ങളുടെ അടിസ്ഥാനം. ഈ നന്മകളുടെ സമ്പൂര്‍ണത പല പ്രകാരത്തില്‍ നമ്പൂതിരിയുടെ വരകളില്‍ കുടികൊള്ളുന്നു.

മുക്കാല്‍ നൂറ്റാണ്ടോളം മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം വരച്ചുനിന്നതാണ് നമ്പൂതിരിയുടെ എതിരില്ലായ്മ. കെ.സി.എസ്. പണിക്കരുടെ ശിഷ്യരില്‍ വരയില്‍ വരിഷ്ഠനായി ആര്‍ട്ടിസ്റ്റ് നമ്പൂതിരി കുറുകിയ ദേഹപ്രകൃതിയിലും അതികായനായി നിലകൊണ്ടു.

ആത്മകഥ എഴുതുന്നതിനൊപ്പം അതിന് വരയ്ക്കുകയും ചെയ്ത ലോകത്തെ ഒന്നാമത്തെ രേഖാ ചിത്രകാരനും നമ്പൂതിരിതന്നെ. നൂറിലധികം അധ്യായങ്ങള്‍, ആയിരത്തിലധികം ചിത്രങ്ങള്‍- അതായിരുന്നു നമ്പൂതിരിയുടെ ജീവിതചിത്രമെഴുത്ത്. 2023-ല്‍ 98-ാം വയസ്സില്‍ ഓര്‍മ്മയാവുന്നതുവരെ നമ്പൂതിരി നിത്യവരയില്‍ ശ്രദ്ധിച്ചു. രാവിലെ ഡ്രോയിങ് പുസ്തകത്തില്‍ ഒരു കാക്ക, അല്ലെങ്കില്‍ ആന, അതുമല്ലെങ്കില്‍ കഥകളിവേഷം, അതുംകഴിഞ്ഞ് ഒരു ചെണ്ടകലാകാരനെ വരച്ചുകൊണ്ടായിരിക്കും നമ്പൂതിരിയിലെ ചിത്രകലാ വിദ്യാര്‍ഥി ചിത്രാരംഭം തുടങ്ങുക. പിന്നെ വരകളുടെ അതിദ്രുതവര്‍ഷമാണ്. അഞ്ചുമിനിറ്റുകൊണ്ട് ഒരു സ്ത്രീചിത്രം വരയ്ക്കുന്നു. കണ്‍കോണിലും പുരികത്തിലും ചിലകോറലുകള്‍കൊണ്ട് ലാസ്യദീപ്തമാക്കുന്നു.

ആത്മവര ഒന്നു സ്വയം വായിക്കുന്നു. തൃപ്തികരമല്ലെങ്കില്‍ നിഷ്‌കരുണം ഉപേക്ഷിക്കുന്നു. വരച്ച ചിത്രങ്ങളുടെ ഇരട്ടിയിലധികം അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ടാവണം.

വാര്‍ധക്യത്തില്‍ അവശതയിലും മനസ്സിനോ വിരലുകള്‍ക്കോ വിറയലില്ലാതെ നമ്പൂതിരി വരച്ചു. എം.ടി.യുടെ 'പള്ളിവാളും കാല്‍ച്ചിലമ്പും' എന്ന കഥയിലെ വെളിച്ചപ്പാടിന്റെ രൗദ്രത വെട്ടിവെളിച്ചപ്പെടുന്ന രേഖാചിത്രമാണ് നമ്പൂതിരി അവസാനമായി വരച്ച ചിത്രം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടങ്ങി അതേ ആഴ്ചപ്പതിപ്പില്‍ കലാശിച്ചവര എന്നതും കാലത്തിന്റെ ചിത്രനീതി.

നമ്പൂതിരി എന്നുകേള്‍ക്കുമ്പോള്‍ അദ്ദേഹം വരച്ച ലക്ഷത്തിലധികം ചിത്രങ്ങളുടെ ഓര്‍മ്മ മലയാളിയില്‍ വേലിയേറ്റംപോലെ അനുഭവപ്പെടും. ഇന്ന് നമ്പൂതിരിയുടെ നൂറാം ജന്മദിനം. മലയാളത്തിന് വരകള്‍കൊണ്ട് ലക്ഷാര്‍ച്ചനചെയ്ത ഈ അതുല്യപ്രതിഭയുടെ ഓര്‍മ്മ കാലാതിവര്‍ത്തിയാകുന്നു.


 

Content Highlights: Artist Namboothiri 100th birth Anniversary N.P Vijayakrishnan Writes