'ഭൂലോകം ബാലന്‍' പറഞ്ഞുതന്ന വിദ്യ; പഴയ മാലാഖമാര്‍ ഇപ്പോഴും അതേപോലെ നൃത്തംചെയ്യുന്നു!

#ആലങ്കോട് ലീലാകൃഷ്ണൻ
ആലങ്കോട് ലീലാകൃഷ്ണൻ
ആലങ്കോട് ലീലാകൃഷ്ണൻ

വള്ളുവനാട്ടിലെ ഒരു കുന്നില്‍ക്കയറിനിന്ന് പുഴയും മഴയും കണ്ട അനുഭവമാണിത്. ഓരോ ദേശത്തിന്റെയും നോട്ടത്തറകളായ കുന്നുകള്‍ ഓരോന്നോരോന്നായി മനുഷ്യന്റെ ആര്‍ത്തി കവര്‍ന്നെടുത്തുപോകുമ്പോള്‍ ഈയനുഭവത്തില്‍ ഇത്തിരി വിഷാദച്ഛവി കലരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വലിയകുന്നിനടുത്തുള്ള മങ്കേരിക്കുന്നത്തു പോവാനിടവന്നു. മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയില്‍ ഇരിമ്പിളിയം പഞ്ചായത്തിലാണ് ഈ വലിയ കുന്നിന്‍പുറം.

നിറയെ കുടികിടപ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും വലിയ കെട്ടിടങ്ങളും നിറഞ്ഞ് ആ പ്രദേശമാകെ ഇന്ന് കണ്ടാലറിയാത്തവിധം മാറിയിരിക്കുന്നു.

മങ്കേരിക്കുന്നത്ത് പണ്ട്, പലതവണപോയിട്ടുണ്ട്. നിളയെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി അലഞ്ഞകാലത്തായിരുന്നു അത്. ഞാനാണ് ഈ കുന്ന് കണ്ടുപിടിച്ചത് എന്ന അഹങ്കാരത്തോടെ, ഭൂമിയുടെ കിരീടത്തില്‍ ചവിട്ടി എന്ന അഭിമാനത്തോടെ പലപ്പോഴും ഈ കുന്നിന്‍പുറത്തു നിന്നിട്ടുണ്ട്. വാസ്തവത്തില്‍ എം.ടി. വാസുദേവന്‍ നായരുടെ അടുത്തബന്ധുവായിരുന്ന എം.ടി. പ്രഭാകരേട്ടനാണ് എന്നെ ആദ്യം ഈ കുന്നിന്‍പുറത്തു കൊണ്ടുപോയത്. മങ്കേരിക്കുന്നിന്റെ താഴ്വരയിലാണ് ­പ്രഭാകരേട്ടന്‍ താമസിച്ചിരുന്നത്.

മങ്കേരിക്കുന്നത്തുനിന്നാല്‍ കുമ്പിടി, ഉമ്മത്തൂര്‍ വളവുതൊട്ട് തൃത്താല തിരിയുവോളം ഭാരതപ്പുഴയുടെ സിരാപടലം തെളിഞ്ഞുകാണാം. പുഴയോരപ്രകൃതിയുടെ വിദൂരവിസ്താരത്തിലേക്കു തുറന്നിട്ട ഇത്രയും മനോഹരമായ ഒരു ദൃശ്യകവാടം നിളാതീരത്ത് മറ്റെങ്ങുമില്ല. തൂതപ്പുഴ നിളാനദിയില്‍ ചെന്നുചേരുന്നതിനുമുന്‍പ് പുഴയുടെ കരകളെ ബന്ധിപ്പിക്കുന്ന കരണ്ണൂര്‍ റെയില്‍പ്പാലം കുന്നിനു നേരേതാഴെയാണ് ('കരണ്ണൂര്‍' എന്നറിയപ്പെട്ട കരിയന്നൂര്‍കര ഇന്നും ഒറ്റപ്പെട്ട പ്രദേശമാണ്).

നിലാപ്പിശുക്കില്ലാത്ത ഓരേകാന്തരാത്രിയില്‍. മങ്കേരിക്കുന്നത്തുനിന്ന് വാസന്തപഞ്ചമികളുടെ നിലാവുമുഴുവന്‍ നിന്നുവറ്റിപ്പോയ നിളാമണപ്പുറം നോക്കിനിന്നിട്ടുണ്ട്. കാറ്റലകള്‍ ഞൊറിഞ്ഞിട്ട ഒരു പീതാംബരപ്പരപ്പുപോലെയായി അപ്പോള്‍ പുഴയോരം.

മങ്കേരിക്കുന്നു കൂടാതെ രായിരനെല്ലൂരിലെ ഭ്രാന്തന്‍കുന്ന്, എം.ടി.യുടെ താന്നിക്കുന്ന്, മുത്തുവിളയുംകുന്ന്, പറക്കുളംകുന്ന്, നരിമാളന്‍കുന്ന്, ഓടുപാറക്കുന്ന്, കൂരടക്കുന്ന്, മുടവന്നൂര്‍കുന്ന്, അയ്യപ്പന്‍കുന്ന് തുടങ്ങിയ എണ്ണമറ്റ കുന്നുകളുണ്ട് ഇടനാട്ടില്‍ നിളാതീരത്ത്. അപാരമായ അഴകുകളിലേക്കും അറിവുകളിലേക്കും കാഴ്ചകള്‍ തുറന്നുവെച്ചാണ് ഈ കുന്നുകളെല്ലാം നിന്നത്. അവ, ജ്ഞാനത്തിന്റെ പലനിലകളുള്ള നോട്ടത്തറകളായിരുന്നു. വികാരവിചാരങ്ങളുടെ പലതലത്തിലുള്ള കയറ്റിറക്കങ്ങളായിരുന്നു.

ഈ കുന്നുകളൊന്നും തീര്‍ത്തും ദുര്‍ഗമവിജനപ്രദേശങ്ങളായിരുന്നില്ല. ഗ്രാമീണര്‍ക്ക് കാലിമേക്കാനും വിറകൊടിക്കാനും ഔഷധച്ചെടികള്‍ പറിക്കാനുമൊക്കെ എപ്പോഴും കയറിവരാമായിരുന്നു. കുട്ടികള്‍ പൂപറിക്കാനും കലാകാരന്മാര്‍ ഏകാന്തതയില്‍ സ്വപ്നംകാണാനും ഈ കുന്നിന്‍പുറങ്ങളില്‍ വന്നു. ചില കുന്നുകളില്‍ തീണ്ടല്‍പ്പാടില്ലാത്ത നാട്ടുദൈവങ്ങള്‍ കുടിയിരുന്നു. വേലപൂരങ്ങള്‍ അരങ്ങേറി. തിറപൂതങ്ങള്‍ കുന്നു വലംവെച്ചു. കുന്നിന്‍ചെരുവുകളില്‍ പുള്ളോര്‍ക്കുടങ്ങള്‍ മുറുകിമൂളി.

കുന്നത്തൊരു കാവുണ്ട്,
കാവിനടുത്തൊരു മരമുണ്ട്
മരത്തില്‍ നിറയെ പൂവുണ്ട്,
പൂ പറിക്കാന്‍ പോരാമോ,
പൂങ്കുയിലേ, പെണ്ണാളേ...

എന്നും
കുന്നത്തുനിന്നതാ ചൂട്ട്യാണുന്നു
കുഞ്ഞമ്പൂന്റച്ഛനോ മറ്റാരാനോ...

എന്നുമൊക്കെ വള്ളുവനാടന്‍ പാട്ടുകളില്‍ കുന്നുകള്‍ കഥാപാത്രങ്ങളായി വരുന്നതുകാണാം. ഗ്രാമീണജീവിതവും കുന്നുകളും തമ്മില്‍ ഇവിടെ ആഴമേറിയ ജൈവബന്ധങ്ങളുണ്ടായിരുന്നു. കുന്നിന്‍പുറത്തേക്കു കല്ലുരുട്ടിവന്ന ഭ്രാന്തനെ ജ്ഞാനിയെന്നുതന്നെയാണ് പഴയസമൂഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഉയരത്തില്‍ കയറിനോക്കിയാല്‍ ദൂരങ്ങള്‍ക്കും കാലങ്ങള്‍ക്കുമപ്പുറത്തേക്കു കാണാമെന്നും എത്രസങ്കീര്‍ണമായ മായക്കാഴ്ചകളുടെയും പൊരുളറിയാമെന്നുമുള്ള നാട്ടറിവുകള്‍ നമുക്കുതന്നത് നമ്മുടെ കുന്നിന്‍പുറങ്ങളാണ്. കുന്നുംമലയും കയറിപ്പോയ സത്യാന്വേഷകര്‍ കുന്നിറങ്ങിവന്നപ്പോള്‍ കൊണ്ടുവന്നത് കലകളും സാഹിത്യവും തത്ത്വചിന്തകളും നാട്ടുസൗന്ദര്യവും സംസ്‌കാരവുമായിരുന്നു. വീടും നാടുമുപേക്ഷിച്ച് മരുത്വാമല കയറിപ്പോയ ശ്രീനാരായണന്‍ നവോത്ഥാന മാനവദര്‍ശനവുംകൊണ്ട് ലോകഗുരുവായി തിരിച്ചിറങ്ങിവന്നതുപോലെ.

കുന്നുകള്‍ അങ്ങനെ നമുക്ക് മാനവസംസ്‌കാരവികാസത്തിന്റെ പലനോട്ടത്തറകളും ദര്‍ശനങ്ങളും തന്നു. താഴെനിന്നുനോക്കിയാല്‍ പലതായി കാണപ്പെടുന്നതൊക്കെ ഏറ്റവും മുകളില്‍നിന്നുനോക്കിയാല്‍ ഒന്നാണെന്നു കാണിച്ചുതന്നതും കുന്നുകളുടെ ദര്‍ശനൗന്നത്യമാണ്.

പല കുന്നുകളും പില്‍ക്കാലത്ത് ജെസിബികള്‍ മാന്തിയെടുത്തുകൊണ്ടുപോയി. മങ്കേരിക്കുന്നത്തുനിന്ന് ഞാന്‍ പല ഋതുക്കളും ആസ്വദിച്ചിട്ടുണ്ട്. ഋതുക്കളെയെല്ലാം അവിടെ നമുക്ക് തൊട്ടറിയമായിരുന്നു. എന്നാല്‍, മഴയാണ് ഈ കുന്നത്തുനിന്നനുഭവിച്ച ഏറ്റവും തീവ്രമായ പ്രകൃത്യാനുഭവം.

ഒരിക്കല്‍ പ്രഭാകരേട്ടനോടൊപ്പം കുന്നിന്‍പുറത്തു സംസാരിച്ചുനിന്നപ്പോഴാണ് മഴവന്നത്. ആദ്യം നേര്‍ത്തൊരിരമ്പമേ കേട്ടുള്ളൂ. ഉമ്മത്തൂര്‍വളവു തിരിഞ്ഞ് പതുക്കെയാണ് മഴ വന്നുകൊണ്ടിരുന്നത്. മഴയുടെ നിഴല്‍, മഴയ്ക്കു മുന്‍പേതന്നെ പുഴയില്‍ പതിയാന്‍തുടങ്ങി. നിഴലില്‍ അപ്പോള്‍ പലവര്‍ണങ്ങള്‍ മാറിമാറിവന്നതായിരുന്നു പ്രതീക്ഷിക്കാത്ത ഒരദ്ഭുതം. ചിലപ്പോള്‍ നീലനിറത്തില്‍, ചിലപ്പോള്‍ ഇളം ചുവപ്പുരാശിയില്‍, മറ്റുചിലപ്പോള്‍ ഇരുണ്ട കരിനിഴലായി മഴനിഴല്‍ പുഴയില്‍ മാറിമാറി പതിഞ്ഞുകൊണ്ടിരുന്നു. പിന്നാലെ മഴ താഴേക്കു ചെരിഞ്ഞുവീണു. കാലവര്‍ഷത്തിന്റെ വെളുത്തമഴ. മഴയ്ക്ക് മറ്റുനിറഭേദങ്ങളൊന്നുമുണ്ടായില്ല. മാനത്തുനിന്നു ചെരിഞ്ഞുപതിക്കുന്ന മഴയുടെ വെള്ളിനൂലുകള്‍ ഒരു ജലച്ചാമരംപോലെയായിരുന്നു. പിന്നെ ചൂഴ്ന്നുവീശിയ കാറ്റില്‍ മഴപറന്നു. പുഴയില്‍നിന്ന് അപ്പോള്‍ മഴയിലേക്കു കൂട്ടത്തോടെ പറന്നുപൊങ്ങിയ നീര്‍പ്പക്ഷികളുടെ ചിറകിന്നടിഭാഗം വെള്ളിയുരുക്കിയൊഴിച്ചതുപോലെ തിളങ്ങുന്നതുകാണാമായിരുന്നു.

ചെറിയ ക്‌ളാസില്‍ പഠിക്കുന്നകാലത്ത് കൂട്ടുകാരനായിരുന്ന 'ഭൂലോകം ബാലന്‍' (അന്നേ ഭൂലോകത്തുള്ള എല്ലാമറിയുന്ന ആളായി ഭാവിച്ചിരുന്നതുകൊണ്ട് അവനെ ഞങ്ങള്‍ 'ഭൂലോകം ബാലനെ'ന്നാണ് വിളിച്ചത്) പറഞ്ഞുതന്ന ഒരു വിദ്യ ഓര്‍മ്മവന്നു. രണ്ടുകണ്ണുകളുടെയും മേല്‍പ്പോളകള്‍ കുറച്ച് ഉള്ളിലേക്കമര്‍ത്തി മഴയിലേക്കു സൂക്ഷിച്ചുനോക്കിയാല്‍ മഴയില്‍ മാലാഖമാര്‍ നൃത്തംവെക്കുന്നതുകാണാം.

കുട്ടിക്കാലത്തിന്റെ ഓര്‍മ്മയില്‍ ഞാന്‍ കണ്‍പോളകളമര്‍ത്തി മഴയിലേക്കു സൂക്ഷിച്ചുനോക്കി.

അദ്ഭുതം! പഴയ മാലാഖമാര്‍ ഇപ്പോഴും അതേപോലെ നൃത്തംചെയ്യുന്നു.

മങ്കേരിക്കുന്നത്തെ ആദ്യത്തെ മഴ പനിനീരുതളിക്കുന്നതുപോലെ ഞങ്ങള്‍ക്കുമേല്‍ വീശിപ്പോയതേയുള്ളൂ. മഴ തിരിച്ച് തൂതപ്പുഴയുടെ മുകളിലേക്ക് വഴിപിരിഞ്ഞുപോകുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. ഒരു വലിയ കാന്‍വാസിലെന്നതുപോലെ രണ്ടുപുഴകള്‍ അതിരിട്ട ഇടനാടന്‍ പ്രകൃതിയിലെ ചെറുതും വലുതുമായ പച്ചത്തുരുത്തുകളിലൂടെ മഴയങ്ങനെ ചെരിഞ്ഞുസഞ്ചരിക്കുന്നത് ഒരു മിസ്റ്റിക് കാവ്യദൃശ്യം പോലെയായിരുന്നു. 'ചാഞ്ഞുപെയ്യുന്ന മഴ സമതലങ്ങളെ നനയ്ക്കുന്നില്ല' എന്നത് അപ്പോള്‍ കാവ്യാനുഭവം പോലെത്തന്നെയുള്ള യാഥാര്‍ഥ്യമായി.

രണ്ടാമത്തെ മഴ പക്ഷേ, കനത്തമഴതന്നെയായിരുന്നു. ഇരുണ്ടുകറുത്ത് വളരെവേഗത്തിലാണ് ആ മഴ പുഴയ്ക്കക്കരെനിന്ന് ഇരമ്പിപ്പെയ്തുവന്നത്. കുടവുമായിവന്ന ആ വര്‍ഷമേഘസുന്ദരി ഞങ്ങളെ ആകെ കുളിപ്പിച്ചു.

നിരാധാരനായിനിന്നു നനയുകയായിരുന്നു. ഭൂമിയുടെ ആദിമമായ ജലവര്‍ഷത്തില്‍ അങ്ങനെ വിശുദ്ധമായി സ്‌നാനപ്പെട്ടുനില്‍ക്കുമ്പോള്‍ ഓര്‍ത്തു, ഭൂമിയില്‍ ആദ്യത്തെ മനുഷ്യന്‍ പിറക്കുന്നതിനുമുന്‍പേ മഴ പിറന്നിരുന്നു. നെരൂദ ഒരിക്കല്‍ പാടിയതുപോലെ വചനങ്ങളുടെയെല്ലാം ആദിമസ്രോതസ്സാണ് ജലം.

ആദിമമനുഷ്യന്‍തൊട്ട് ഇന്നോളമുള്ള മനുഷ്യവംശമത്രയും അറിഞ്ഞ പ്രാക്തനമായ അറിവുകളും അനുഭൂതികളും മഴയില്‍ നിറഞ്ഞു. ശുഭശകുനംപോലെ, പ്രണയസംഗീതംപോലെ, പ്രപഞ്ചത്തിന്റെ പൊട്ടിച്ചിരിപോലെ, ദുരന്തഗീതംപോലെ, അലമുറപോലെ, പാവനമായ അമൃതധാരപോലെ, ശ്യാമവര്‍ഷംപോലെ, അജ്ഞാതലോകങ്ങളെയും അജ്ഞേയവിസ്മയങ്ങളെയും ആഴത്തില്‍ അനുഭവിപ്പിച്ച് മഴ...മഴ മാത്രം.

ഒരുകാലത്തും മറക്കാനാവാത്ത ഒരനുഭവമായിരുന്നു മങ്കേരിക്കുന്നത്തെ ആ മഴ.

ഇന്ത്യന്‍ മണ്‍സൂണിന്റെ അഴകുകളും അറിവുകളും തേടി കേരളത്തില്‍നിന്ന് അസംവരെ മഴയോടൊപ്പം യാത്രചെയ്ത അലക്‌സാണ്ടര്‍ ഫ്രൈറ്റര്‍ തന്റെ Chasing the Mansoon എന്ന ഗ്രന്ഥത്തിലെഴുതിയ വരികള്‍ ഹൃദയത്തില്‍ മുഴങ്ങി.

'എന്നെ മുന്നോട്ടും പിന്നോട്ടും നയിക്കുന്ന ഒരു വാഹനമായിമാറി മണ്‍സൂണ്‍'

പിന്നീട് ഒരാഴ്ച ഞാന്‍ പനിപിടിച്ചുകിടന്നു.

വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. പ്രഭാകരേട്ടന്‍ യാത്രപറയാതെ പോയി. പഴയ മങ്കേരിക്കുന്ന് വേഷം മാറി. കാലവര്‍ഷത്തിന്റെ സ്വഭാവവും മാറി. എന്നിട്ടും ഈ ഇടവപ്പാതിക്കാലത്ത് മങ്കേരിക്കുന്നു കയറുമ്പോള്‍ വയലാര്‍ രാമവര്‍മ ചെവിയില്‍ മൂളി.

കിന്നരബാലികമാരുടെ കനക-
സ്യന്ദനമോടിയ വീഥികളില്‍
ദൈവമിറങ്ങിനടക്കാറുള്ളൊരു
പാവനവാനവമേഖലയില്‍
കറുകറെ മുണ്ടും തലയില്‍ക്കെട്ടി
കരിമേഘങ്ങളണഞ്ഞല്ലോ
കടലിന്‍നെടുവീര്‍പ്പുറഞ്ഞുകൂടിയ
കരിമേഘങ്ങളണഞ്ഞല്ലോ

ചിത്രീകരണം: ലിജീഷ് കാക്കൂര്‍

Content Highlights: alankode leelakrishnan memoir mansoon