'ബിഗ്‌ബോസിന്റെ ഷൂട്ടിനിടെ വിളിച്ച് ലാല്‍ സാര്‍ പറഞ്ഞു:ഞാനിതില്‍ സ്‌നേഹം മാത്രമേ കാണുന്നുള്ളൂ...'

വലിയ വരകളിലെ ഏറ്റവും വലിയ പേര്! ആര്‍ട്ടിസ്റ്റ് നമ്പൂതിരി. നൂറാം ജന്മവാര്‍ഷികം കടന്നുപോകുമ്പോഴും നമ്പൂതിരിയില്ലായ്മ അറിയിക്കാതെ പതിറ്റാണ്ടുകളുടെ ഗാംഭീര്യമുള്ള സാഹിത്യസൃഷ്ടികള്‍ക്കൊപ്പം ഗരിമയോടെ നില്‍ക്കുന്നു നമ്പൂതിരിച്ചിത്രങ്ങള്‍. പ്രായം തന്റെ കലയ്‌ക്കോ, മനസ്സിനോ, ഓര്‍മയ്‌ക്കോ മങ്ങലേല്‍പിക്കുന്നില്ല എന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി വിളംബരം ചെയ്തത് തൊണ്ണൂറ്റിയാറാം വയസ്സില്‍ വരച്ച 'ഗന്ധര്‍വന്‍' ചിത്രങ്ങളിലൂടെയായിരുന്നു. ഇഷ്ടനടന്‍ മോഹന്‍ലാലിനായി കരുതിവെച്ച ആ ഗന്ധര്‍വന്‍ ചിത്രങ്ങള്‍ മറ്റൊരു പ്രതിഭാസമാഗമത്തിനായിരുന്നു വഴിയൊരുക്കിയത്. നമ്പൂതിരി-ലാല്‍ സംഗമം പകര്‍ത്താന്‍ നിയോഗിക്കപ്പെട്ടതാവട്ടെ സംവിധായകന്‍ അഖില്‍ സത്യനും. ആ മഹാസംഗമം സംവിധാനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചതിനെ ഒരു വിസ്മയമായി അഖില്‍ നോക്കിക്കാണുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ച് അഖില്‍ സത്യന്‍ എഴുതുന്നു...
ഈയടുത്തായി കണ്ണാടിയില്‍ നോക്കുമ്പോള്‍ അങ്ങിങ്ങായി നര കണ്ടുതുടങ്ങിയിരിക്കുന്നു. ഉടനെയൊന്നും മഴ പെയ്യില്ലെന്ന് കരുതി പുറത്തിറങ്ങുമ്പോള്‍ പതിയെ വീഴുന്ന മഴച്ചാറല്‍ പോലെയാണ് ഈ നര തുള്ളികള്‍. അതു കണ്ട്, ഒരാള്‍ക്ക് പ്രായമാകാന്‍ അത്ര വലിയ സമയമൊന്നും വേണ്ട എന്ന ഭയം എന്നെ നനച്ചു തുടങ്ങുമ്പോള്‍ ഞാന്‍ മനസ്സിനകത്ത് ഒരു കുട ചൂടും. ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന കുട. വാര്‍ദ്ധക്യത്തിന്റെ ചൈതന്യം ഞാന്‍ നേരിട്ടറിഞ്ഞത് അദ്ദേഹത്തിലൂടെയാണ്. പ്രായമാകുന്നു എന്ന പേടിയില്‍ പിന്നെ ഞാന്‍ നനയാറില്ല.
യാതൊരു മുന്നറിയിപ്പുമില്ലാതെ എനിക്ക് വന്ന ഒരു ഫോണ്‍കോളിലാണ് നമ്പൂതിരി സാറിന്റെ ലോകത്തേക്ക് എനിക്കുള്ളൊരു പിന്‍വാതില്‍ തുറക്കുന്നത്. കുടുംബ സുഹൃത്തും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ഉണ്ണി വാര്യര്‍ എന്നെ വിളിച്ച് പെട്ടന്ന് തന്നെ കാര്യമവതരിപ്പിക്കുകയാണുണ്ടായത്. 'ആര്‍ട്ടിസ്റ്റ് നമ്പൂതിരി മോഹന്‍ലാല്‍ സാറിന് വേണ്ടി ഒരു ചിത്രം വരച്ചിട്ടുണ്ട്. ലാല്‍ സര്‍ അത് നമ്പൂതിരി സാറിന്റെ വീട്ടില്‍ നേരിട്ട് വന്ന് കൈപ്പറ്റുന്നത് ഒന്ന് ഷൂട്ട് ചെയ്യണം. വേറെ ആളും ബഹളവും ഒന്നും പാടില്ല. നീ മതിയെന്ന് ഞാന്‍ ലാല്‍ സാറിനോട് പറഞ്ഞിട്ടുണ്ട്.' തിടുക്കത്തില്‍ ഇത്രയും പറഞ്ഞ് ഉണ്ണിയേട്ടന്‍ ഫോണ്‍ വെച്ചപ്പോള്‍, സ്വാഭാവികമായ ഭയം കൊണ്ട് ആദ്യം ഒന്ന് പകച്ചെങ്കിലും ഒരു ബമ്പര്‍ ലോട്ടറി പുറകെ വന്നടിക്കുമ്പോള്‍ അതങ്ങ് കൊണ്ടേക്കാമെന്ന് കരുതി ഞാനതിന് സമ്മതിച്ചു.
വളരെ കുറച്ച് നേരം മാത്രം സംഭവിച്ച സ്വകാര്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. സ്വന്തം വീട്ടില്‍വെച്ച്, തന്റെ തൊണ്ണൂറ്റിയാറാം വയസ്സില്‍ നമ്പൂതിരി സര്‍ ലാല്‍ സാറിനായി വലിയൊരു കാന്‍വാസില്‍ വരച്ച 'ഗന്ധര്‍വ്വന്‍' എന്ന ചിത്രം കൈമാറുന്ന ഒരു നിമിഷമാണ് അതിന്റെ കാതല്‍. അന്നവിടെ തെളിഞ്ഞ അവരുടെ സ്നേഹവും സൗഹൃദവും ഞാനും സുഹൃത്തും ക്യാമറാമാനുമായ ശരണ്‍ വേലായുധനും ഫോക്കസും ആരാധനയും വകവെയ്ക്കാതെ ഒപ്പിയെടുത്തു. പെട്ടെന്ന് ഓര്‍ത്തെടുത്തതെല്ലാം ചോദിച്ച് കൂടെ അതും പകര്‍ത്തി, ഒരാഴ്ച കൊണ്ട് ഞാനത് 'ഗന്ധര്‍വ്വന്‍' എന്ന പേരില്‍ തന്നെ ഒരു കുഞ്ഞ് ഡോക്യുമെന്ററിയാക്കി എഡിറ്റ് ചെയ്തു. 'കളര്‍ കറക്ഷനോ സിനിമാറ്റിക്ക് ഭംഗിയോ ഒന്നുമില്ലാതെ അതിന്റെ ഏറ്റവും ഒറിജിനല്‍ ഫോമിലാണ് ഞാനിത് ചെയ്തിരിക്കുന്നത്, അതൊരു പ്രശ്‌നമാകുമോ?'എന്ന് ജോലിയേല്പിച്ച ഉണ്ണി വാര്യരോട് ചോദിച്ചു. 'എടാ, നാസയില്‍ നിന്ന് കിട്ടുന്ന നക്ഷത്രങ്ങളുടെ ചിത്രങ്ങള്‍ക്ക് കളര്‍ കറക്ഷനോ ഫോട്ടോഗ്രാഫിയുടെ സൗന്ദര്യമോ ഉണ്ടെന്ന് ആരെങ്കിലും തിരക്കാറുണ്ടോ! അപൂര്‍വ്വമായി കാണുന്ന എന്തിനും അതിന്റെ കലര്‍പ്പില്ലാത്ത ഭംഗി തന്നെ ധാരാളം.' എന്നായിരുന്നു അദ്ദേഹം പറഞ്ഞ മറുപടി. അതൊരു തിരിച്ചറിവായിരുന്നു. 'ഗന്ധര്‍വ്വന്‍' എന്ന ഹാന്‍ഡ്-മെയ്ഡ് ഡോക്യുമെന്ററി എന്റെ ഏറ്റവും പ്രിയപ്പെട്ടതായി മാറുന്നതും ഈ നക്ഷത്രങ്ങളുടെ അപൂര്‍വ്വമായ ഒത്തുചേരല്‍ കൊണ്ടായിരിക്കാം.
ഇന്റര്‍നെറ്റും ഇന്‍സ്റ്റാഗ്രാമും ഇല്ലാത്ത കാലത്ത് കേരളത്തെ ലോകത്തിന് മുന്നില്‍ തന്റെ വിരല്‍ത്തുമ്പ് കൊണ്ട് വരച്ചിട്ട ഇതിഹാസ കലാകാരനായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എക്കാലത്തും അദ്ദേഹത്തിന് ആരാധകരുണ്ടായിരുന്നു. എം.ടിയുടെ രണ്ടാമൂഴത്തിന്റെ വായനാനുഭവം പതിന്മടങ്ങാക്കുന്നതും വി.കെ.എന്നിന്റെ വരികളിലെ ഉള്‍ച്ചിരികള്‍ ഒരല്പം കൂടുതല്‍ മുഴക്കുന്നതും അതിലെ നമ്പൂതിരി ചിത്രങ്ങളാണ്. മലയാള സാഹിത്യത്തിന്റെ സുവര്‍ണകാലം അടയാളപ്പെടുത്തുമ്പോള്‍ അതില്‍ സ്വര്‍ണ്ണത്തേക്കാള്‍ തിളക്കത്തില്‍ കറുപ്പുനിറമുള്ള നമ്പൂതിരി വരകളുമുണ്ട്.
ഡോക്യുമെന്ററി കണ്ടയുടന്‍ ബിഗ്‌ബോസിന്റെ തിരക്കുപിടിച്ച ഷൂട്ടില്‍ നിന്നും വിളിച്ച് ലാല്‍ സാര്‍ പറഞ്ഞ വാക്കുകള്‍ 'ഞാനിതില്‍ നിറയെ സ്‌നേഹം മാത്രമേ കാണുന്നുള്ളൂ' എന്നായിരുന്നു. അച്ഛന്റെ ഫോണിലേക്ക് നെടുമുടിയങ്കിളിന്റെ ഒരു മെസേജ് വന്നു: 'ഔചിത്യം, അതാണ് ആദ്യം എടുത്തുപറയേണ്ടത്. കുറഞ്ഞ സമയത്തിനുള്ളില്‍ സിനിമയുടെ ഭാഷയില്‍ എല്ലാം പറഞ്ഞുവെച്ചു. (പിള്ളേര് തലയ്ക്കുമീതെ പറക്കുമോ?..)' അച്ഛന്‍ ആ മെസേജ് നേരെ എനിക്ക് ഫോര്‍വാഡ് ചെയ്തു. എന്റെ ഉള്ള് നിറഞ്ഞു. ആ മെസേജിന്റെ സ്ക്രീന്‍ഷോട്ട് ഇന്നും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ ഇതുവരെ അയച്ചതില്‍ ഏറ്റവും മനോഹരമായ മെസ്സേജുകളില്‍ ഒന്നും 'ഗന്ധര്‍വ്വന്‍' എന്ന ഡോക്യുമെന്ററി കണ്ടിട്ടായിരുന്നു. നിവിന്‍ പോളിയോടൊപ്പം 'സര്‍വ്വം മായ' എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ ഷൂട്ടിനിടയില്‍ ഒരു പ്രധാനപ്പെട്ട സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് ഞാന്‍ മാറിയിരുന്ന് ചെവിയില്‍ ഹെഡ് ഫോണ്‍ തിരുകി ഒരു ധൈര്യത്തിനായി ഈ ഡോക്യുമെന്ററി കണ്ടിരുന്നു. ഇന്ന് ആ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനുകളില്‍ ഒന്ന് അതുതന്നെയാണ്.
എന്തായിരിക്കാം നമ്പൂതിരി സര്‍ അറിയാതെ എന്നില്‍ പകര്‍ന്ന അനുഗ്രഹം എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഒരു കലാകാരന് പ്രായം ഒരു പരിധിയല്ല എന്നതാണ് അതില്‍ ഒന്നാമത്തേത്. പ്രശസ്തിയുടെ പ്രസക്തി മാറ്റി വച്ച് ശാന്തമായി മനസ്സിനിഷ്ടമുള്ള കലാസൃഷ്ടികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുക എന്നതാണ് അതില്‍ അടുത്തത്. നമ്പൂതിരി സാറിന്റെ വലിയൊരു ആരാധകനായ അച്ഛന്‍ ഈ പ്രായത്തിലും തന്റെ അമ്പത്തിയെട്ടാമത്തെ ചിത്രവും സൂപ്പര്‍ ഹിറ്റാക്കി അന്തിക്കാട് സമാധാനത്തോടെയിരുന്ന് തന്റെ അടുത്ത കഥകള്‍ ചിന്തിച്ച് അത് തെളിയിക്കുന്നുമുണ്ട്. അതുകൊണ്ട്, ഇനി പ്രായത്തെ പേടിയില്ല.
Content Highlights: Akhil Sathyan documentary capturing a heartwarming moment between Artist Namboodiri and Mohanlal