വിദേശ രാജ്യങ്ങളിലായിരുന്നുവെങ്കില്‍ വേലായുധന്‍ പണിക്കശ്ശേരിയെ തേടിവരുമായിരുന്ന ഡോക്ടറേറ്റുകള്‍!

#അജീഷ് ജി ദത്തന്‍
വേലായുധന്‍ പണിക്കശ്ശേരി
വേലായുധന്‍ പണിക്കശ്ശേരി

ഈ വര്‍ഷം നവതിയുടെ നിറവിലായിരുന്നു വേലായുധന്‍ പണിക്കശ്ശേരി. ഭൂതകാലത്തിന്റെ ഇടവഴികളിലൂടെ ചരിത്ര സത്യങ്ങള്‍ തേടി നടത്തിയ യാത്രയായിരുന്നു ആ ജീവിതം ഉടനീളം. വെറും പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന വേലായുധന്‍ അക്കാദമിക് ചരിത്രരചനയുടെ രീതിശാസ്ത്രങ്ങള്‍ക്കു വെളിയിലായിരുന്നു എന്നും. അത്തരത്തില്‍ നോക്കുമ്പോള്‍ കേസരിയുടെയും മറ്റും പാരമ്പര്യത്തിന്റെ തുടര്‍ച്ചയില്‍ വരുന്നയാളാണ് വേലായുധന്‍ പണിക്കശ്ശേരി. എന്നിട്ടും അദ്ദേഹത്തിന്റെ പന്ത്രണ്ടോളം കൃതികള്‍ കേരളത്തില സര്‍വ്വകലാശാലകളില്‍ പാഠപുസ്തകങ്ങളായി മാറി. 'ചേറ്റുവ' എന്ന ഗ്രാമത്തിലെ നാട്ടിടവഴികളിലൂടെ ചരിത്രം തേടി നടന്ന വേലായുധന്‍ പണിക്കശ്ശേരി ഏഴെട്ടു പതിറ്റാണ്ടുകള്‍ കൊണ്ട് നല്‍കിയ സംഭാവനകള്‍ അവിസ്മരണീയവും പകരം വെക്കാനില്ലാത്തതുമാണ്.

 കേരളചരിത്രത്തില്‍ അനേകം ശൂന്യസ്ഥലങ്ങളുണ്ട്. അവിടേക്കാണ് നിതാന്തമായ അന്വേഷണവുമായി വേലായുധന്‍ ഇറങ്ങിത്തിരിച്ചത്. മുസ്സിരിസ്സിനെപ്പോലെ തന്നെ പ്രാധാന്യമേറിയ തന്റെ ജന്മനാടായ ചേറ്റുവയില്‍ നിന്നും കേട്ട നിറംപിടിപ്പിച്ച കഥകളും കാഴ്ചകളുമാണ് ഈ ഗ്രാമീണനെ  ചരിത്രകുതുകിയാക്കിത്തീര്‍ത്തത്. അവിടുന്ന് ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലേക്കുള്ള യാത്രയായിരുന്നു പിന്നീട് ഉടനീളം ഈ മനുഷ്യന്റെ ജീവിതം. അറുപതില്‍പ്പരം പുസ്തകങ്ങള്‍ ഈ യാത്രയുടെ തെളിവുകളായി നമുക്കു മുന്നിലുണ്ട്. അയിരൂര്‍ സ്വരൂപത്തിന്റെ കീഴിലായിരുന്ന ചേറ്റുവ  സാമൂതിരിമാരുടെ മുതല്‍ പോര്‍ച്ചുഗീസുകാരുടെയും ബ്രിട്ടീഷുകാരുടെയും ടിപ്പു സുല്‍ത്താന്റെയുമൊക്കെ പടയോട്ടങ്ങള്‍ കണ്ട ചരിത്രമുറങ്ങുന്ന ഭൂപ്രദേശം കൂടിയാണ്. ഈ ദേശത്തിന്റെ കഥകള്‍ കേട്ടുവളര്‍ന്ന പണിക്കശ്ശേരി ചരിത്രത്തില്‍ അതീവ തത്പരനായതില്‍ അത്ഭുതമേതുമില്ല. 

സമപ്രായക്കാരായ കുട്ടികളുടെ ഒപ്പമായിരുന്നില്ല അദ്ദേഹത്തിന്റെ സൗഹൃദങ്ങള്‍. കച്ചവടക്കാരനായിരുന്ന അച്ഛന്റെ ശേഖരത്തിലുള്ള നാണയങ്ങളായിരുന്നു അദ്ദേഹത്തിന്റെ കളിപ്പാട്ടങ്ങള്‍. വിപുലമായ വായന, മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങള്‍, സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ കേസരി എ. ബാലകൃഷ്ണപിള്ളയുമായി ഉണ്ടായിരുന്ന സൗഹൃദം....ഇതൊക്കെ തന്നെ ചരിത്രരചനയിലേക്ക് ആനയിച്ചു എന്നദ്ദേഹം പലകുറി സൂചിപ്പിച്ചിട്ടുണ്ട്. വടക്കന്‍ പറവൂരില്‍ നേരിട്ടുപോയി ബാലകൃഷ്ണപിള്ളയാല്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട ചരിത്രം പണിക്കശ്ശേരിക്കുണ്ട്. 'കേരളം 600 കൊല്ലം മുന്‍പ്' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ പുസ്തകം. എന്‍.ബി. എസ്സായിരുന്നു വിതരണം. പൈസ കൊടുക്കാനില്ലാത്തതു കൊണ്ട് കാരൂരിന്റെ മേശപ്പുറത്തു കിടന്നിരുന്ന പുസ്തകം എ.ഡി. ഹരിശര്‍മ്മയുടെ ഉത്സാഹത്തിലാണ് പുറത്തുവന്നത്. അതിനുശേഷം പിന്നീടൊരിക്കലും വേലായുധന്‍ പണിക്കശ്ശേരിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

 1955- ലാണ് പണിക്കശ്ശേരിയുടെ ഒരു ലേഖനം ആദ്യമായി അച്ചടിക്കപ്പെടുന്നത്. തകഴി ശിവശങ്കരപ്പിള്ളയുടെ തൂലികാചിത്രമായിരുന്നു അത്. പൂണെ മലയാളി വിശേഷാല്‍ പ്രതിയിലായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ടത്. കൊല്ലത്തു നിന്നിറങ്ങിയിരുന്ന ജനയുഗം വാരികയില്‍ ആദ്യകാലത്ത് രണ്ടു പംക്തികള്‍ അദ്ദേഹം എഴുതിയിരുന്നു. 'തൂലികാചിത്രങ്ങള്‍' എന്ന പേരില്‍ ജീവിച്ചിരിക്കുന്ന സാഹിത്യകാരന്മാരെപ്പറ്റിയും 'പോയ തലമുറ' എന്ന പേരില്‍ മണ്‍മറഞ്ഞു പോയ എഴുത്തുകാരെപ്പറ്റിയും ആയിരുന്നു ഈ രണ്ട് പംക്തികള്‍. ഈ ലേഖനങ്ങളാണ് പിന്നീട് 'കാരൂര്‍ മുതല്‍ കോവിലന്‍ വരെ' എന്ന പേരില്‍ സമാഹരിക്കപ്പെട്ടത്. 

 'ചരിത്രം സാധാരണക്കാരിലെത്തിച്ച വ്യക്തി'യെന്ന് ഒറ്റവാചകത്തില്‍ വേലായുധന്‍ പണിക്കശ്ശേരിയെ അടയാളപ്പെടുത്തുന്നതില്‍ തെറ്റില്ല. ജനകീയമായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലി. സാധാരണക്കാര്‍ക്കും യുവജനങ്ങള്‍ക്കും വളരെ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പോലും പരിചിതമായിരുന്നു അദ്ദേഹത്തിന്റെ കേരളചരിത്രത്ത സംബന്ധിച്ചുള്ള കൃതികള്‍. യുവാക്കളെ ചരിത്രത്തില്‍ ജിജ്ഞാസുക്കളാക്കുന്നതില്‍ വലിയ പങ്കാണ് പണിക്കശ്ശേരി കൃതികള്‍ വഹിച്ചത്. ഇളംകുളം കുഞ്ഞന്‍പിള്ളയുമായുള്ള ബന്ധം അദ്ദേഹത്തിന് കേരള ചരിത്ര രചനയില്‍ മാര്‍ഗ്ഗദര്‍ശകമായി ഭവിച്ചു. പൊതുവെ ഇരുളടഞ്ഞ കാലമെന്ന് പാശ്ചാത്യ ചരിത്രകാരന്മാരടക്കം രേഖപ്പെടുത്തിയ കാലത്തിലേക്കാണ് വേലായുധന്‍ പണിക്കശ്ശേരി ആദ്യം തന്നെ ശ്രദ്ധ പതിപ്പിച്ചത്. ഇത് അദ്ദേഹത്തിന്റെ മൗലികമായ മുന്നേറ്റമായിരുന്നു. പാശ്ചാത്യ ചരിത്രകാരന്മാരുടെ പൗരാണികം, മധ്യം, ആധുനികം എന്ന ഘട്ടവിഭജനത്തില്‍, പൗരാണികഘട്ടത്തില്‍ എടുത്തു പറയത്തക്ക ചരിത്രമൊന്നും നമുക്കില്ല എന്നു പറയാനുള്ള വ്യഗ്രത കാണാന്‍ പ്രയാസമില്ല. എന്നാല്‍ രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും മാത്രം കഥകളല്ല ചരിത്രമെന്നും, അതിനപ്പുറം സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെയാണ് ചരിത്രത്തിന്റെ അകം പുറങ്ങള്‍ തേടേണ്ടതെന്നുമുള്ള നിലപാടായിരുന്നു പണിക്കശ്ശേരിക്കുണ്ടായിരുന്നത്. 

അധികാര കേന്ദ്രങ്ങളെ രേഖപ്പെടുത്തുന്നതിനൊപ്പം നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ചരിത്രം കൂടിയാണ് അദ്ദേഹം എഴുതിയത്. സഞ്ചാരികള്‍ കണ്ട കേരളം, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍, ഇബ്ന്‍ ബത്തൂത്ത കണ്ട കേരളം, മാര്‍ക്കോ പോളോ കണ്ട കേരളം, ക്ലിയോപാട്ര മലയാളിപ്പെണ്ണാണ് തുടങ്ങിയ കൃതികളുടെയൊക്കെ ആശയാടിത്തറ ഇതായിരുന്നു. ഏറ്റവും ആദ്യത്തെ ജനവാസ കേന്ദമായിരുന്നു ദക്ഷിണ ഭാരതം. ഏറ്റവും പഴയ നാവിക സംസ്‌കാരവും ഇവിടെയുണ്ടായിരുന്നു. ദ്രാവിഡ സംസ്‌കാരം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട് എന്നെല്ലാം അദ്ദേഹം നിരീക്ഷിക്കുന്നു. പ്രാചീന കേരളവും ഈജിപ്റ്റ് അടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തിന് നിരവധി തെളിവുകള്‍ അദ്ദേഹം മുന്നോട്ടു വെയ്ക്കുന്നുണ്ട്. നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പ്രവാഹം വടക്കുനിന്ന് തെക്കോട്ടു മാത്രമാണെന്ന ധാരണകളെ അദ്ദേഹം പലപ്പോഴും ശക്തമായി ചോദ്യം ചെയ്യുന്നു. അതുകൊണ്ടു തന്നെ പ്രാചീനകേരളത്തിന്റെ വൈദേശിക ബന്ധങ്ങളെ അദ്ദേഹം കൂടുതലായി പഠനവിധേയമാക്കിയെന്നു കാണാം. ഇരുളടഞ്ഞ കാലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതുകൊണ്ടു തന്നെ ആ മേഖലയിലെ ഒറ്റയാനായി അദ്ദേഹം മാറിത്തീര്‍ന്നു. 1963-ല്‍ തന്നെ അദ്ദേഹത്തിന്റെ 'കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍' കേരള സര്‍വകലാശാലയില്‍ പാഠപുസ്തകമായി മാറി. അങ്ങനെ ചരിത്രരചനയുടെ മണ്ഡലത്തില്‍ ഏറ്റവും ജനപ്രിയമായ പേരായി വേലായുധന്‍ പണിക്കശ്ശേരി മാറിത്തീര്‍ന്നു. 

 ചരിത്രരചനകള്‍ക്കൊപ്പം തന്നെ ജീവചരിത്ര രചനകളിലും കുട്ടികള്‍ക്ക് വേണ്ടിയുള്ള എഴുത്തിലും അദ്ദേഹം മികവുറ്റ രചനകള്‍ സംഭാവന ചെയ്തിട്ടുണ്ട്. അയ്യന്‍കാളി മുതല്‍ വി.ടി.വരെ, നവകേരള ശില്പികള്‍ എന്ന പേരില്‍ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നവോത്ഥാന നായകരെപ്പറ്റിയും അദ്ദേഹം രചിച്ച ജീവചരിത്രങ്ങള്‍, ആയിരം കടംകഥകള്‍, പതിനായിരം പഴഞ്ചൊല്ലുകള്‍, ശൈലീ നിഘണ്ടു, പര്യായനിഘണ്ടു തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹത്തിന്റെ കനപ്പെട്ട സംഭാവനകളായി നിലകൊള്ളുന്നു. 'ഓര്‍മ്മയിലെ കയ്പ്പും മധുരവും' എന്ന പേരിലുള്ള സ്മരണകളില്‍ അദ്ദേഹത്തിന്റെ ജീവിത ചിത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ സമര്‍പ്പിത ജീവിതത്തിന്റെ വൈപുല്യം ഇവിടെ തെളിഞ്ഞുകാണാം. 

'വിദേശ രാജ്യങ്ങളിലായിരുന്നുവെങ്കില്‍ ഒന്നിലധികം പിഎച്ച്.ഡികള്‍ വേലായുധന്‍ പണിക്കശ്ശേരിയെ തേടി വന്നേനെ' എന്ന നടരാജഗുരുവിന്റെ പ്രശംസ ഒട്ടും അതിശയോക്തിയല്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് പത്താം ക്ലാസിനപ്പുറം പഠിക്കാന്‍ കഴിയാതിരുന്ന ഈ മനുഷ്യന്‍ തന്റെ നിരന്തരമായ അന്വേഷണങ്ങളും വായനയും എഴുത്തുംകൊണ്ട് സ്വഗൃഹം ഒരു 'നളന്ദ'യാക്കിത്തീര്‍ത്തു. ആ 'നളന്ദ'യില്‍ നിന്ന് പ്രവഹിച്ച അറിവിന്റെ വെളിച്ചം അണഞ്ഞിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ കൃതികള്‍ ഇനിയും അനേകര്‍ക്ക് വഴി വെളിച്ചമാകുമെന്നതില്‍ സംശയമേതുമില്ല.

Content Highlights: ajeesh g dathan pays homage to historian velayudhan panikkassery