അയ്യപ്പനപ്പോഴും ഒരു വരാന്തയെച്ചൊല്ലിയും ആധി കൊള്ളാതെ നിത്യതയിൽ പുഞ്ചിരിക്കുന്നു

#മായ കടത്തനാട്‌
എ. അയ്യപ്പന്‍/ ഫോട്ടോ വി. സിനോജ്‌
എ. അയ്യപ്പന്‍/ ഫോട്ടോ വി. സിനോജ്‌

പ്രണയം കുടിച്ചായിരിക്കാം കവി എ. അയ്യപ്പൻ മരിച്ചത്. മരണകാരണം ആന്തരാവയവങ്ങളിൽ ദഹിക്കാതെ കിടന്ന കവിതകളുമായിരിക്കാം. ജീവിച്ചിരുന്ന കാലത്ത് അയ്യപ്പനെന്ന ഭൗതികസാന്നിധ്യത്തെ അത്ര കാണാതെ നടിച്ച 'സൊസൈറ്റി' ഇന്ന് അയ്യപ്പക്കവിതകളെ ഏറ്റെടുത്ത് ജീവിതത്തോട് ചേർത്തുനിർത്തുന്നു. അയ്യപ്പന്റെ അക്ഷരങ്ങൾ വാർത്തെടുത്ത അമ്മയെ തേടുന്നു. കാണാതായ കുട്ടിയും/ കണ്ടെത്താനാവാത്ത അമ്മയുടെ മനസ്സും എനിക്കോർമ വരുന്നു എന്നെഴുതിയ അയ്യപ്പനോട് കണ്ടെത്താനാവാത്ത അമ്മ മനസ്സിനെച്ചൊല്ലി നമ്മൾ ഐക്യപ്പെടുന്നു. ബാല്യകാലത്തുതന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിനാലാവാം അയ്യപ്പന്റെ എക്കാലത്തെയും കവിതകളിൽ ആവർത്തനവിരസതയേതുമില്ലാതെ അമ്മ എന്ന പരമാർഥം പലഭാവങ്ങളിൽ വന്നുംപോയുമിരുന്നത്.

അയ്യപ്പൻ തന്ന അമ്മഭാവങ്ങളെല്ലാം മൗനംപേറുന്നവയായിരുന്നു. പിറക്കുംമുമ്പ് അമ്മ സമ്മാനിച്ച / ആയുസ്സിന്റെ രേഖയാർന്ന കൈ / നെറ്റിയിൽ നിന്ന് പനിമാറ്റിയ കൈ / നെഞ്ചിൽനിന്ന് വ്യഥ മാറ്റിയ കൈ / ദുരന്തസ്വപ്നത്തെ തുടച്ചുമാറ്റിയ കൈ/ അഭിലാഷത്തിനുപോലും നോവിക്കുവാൻ / അമ്മ തരാത്ത അല്ലിയും ഇതളുകളും നിറഞ്ഞ കൈ/ അണ്ണാറക്കണ്ണന്റെ വരകൾ പോലെ / ഉള്ളുനിറയെ നിന്റെ തലോടലിന്റ കൈപ്പാടുകൾ. ദുരവസ്ഥ എന്ന കവിതയിൽ അയ്യപ്പൻ അമ്മക്കരത്തിന്റെ അതിവിസ്തൃതിയിലേക്ക് എത്ര അനായാസമാണ് നടന്നുകയറുന്നത്. ജീവിതത്തിന്റെ കുത്തൊഴുക്കിലെവിടെയോ അമ്മയെ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ അടക്കിപ്പിടിച്ച കരച്ചിലാണ് അയ്യപ്പൻ അമ്മയെ അക്ഷരങ്ങളാക്കുമ്പോൾ കവിതയ്ക്കു ലഭിക്കുന്നത്.

അമ്മയ്ക്ക് എതിർവശം നിൽക്കുന്നത് അയ്യപ്പൻ കവിതകളിലെ വിശപ്പാണ്. വിശപ്പിന്റെ അലച്ചിൽ അവസാനമഷി വരെ ആനന്ദത്തോടെ അനുഭവിക്കുന്നു കവി. അമ്മയ്ക്ക് നേർവിപരീതമായി വിശപ്പിനെ നിർത്തുമ്പോൾ അമ്മയില്ലായ്മയുടെ അരക്ഷിതാവസ്ഥയും തെളിയുന്നു. കത്തുന്ന വിശപ്പിന്/ ചോറിൽനിന്നു മാറ്റി / ഒരു കല്ലും / ഒരു നെല്ലും (വരദാനം, എ.അയ്യപ്പൻ) വിശപ്പുള്ളവനെ /വെയിൽ തൊടില്ല / മഴ തൊടില്ല / ഒരു ഋതുവും തൊടില്ല (ഇര, എ.അയ്യപ്പൻ).

വിശപ്പിനെ വെല്ലുവിളിക്കാൻ അക്ഷരങ്ങൾ ഒരുമ്പെട്ടിറങ്ങിയ കാലത്തെ കവിയാണ് എ. അയ്യപ്പൻ. കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനം സാധാരണക്കാരന്റെ ജീവിതവും ഭാഷയും സാമൂഹികാവസ്ഥയും വളച്ചുകെട്ടില്ലാതെ വിളിച്ചുപറയുന്ന കാലത്തെ കവിയും. വിശപ്പായിരുന്നു അക്കാലത്തെ സാഹിത്യത്തിന്റെ മുഖ്യമതം. സ്‌നേഹമായിരുന്നു വിശപ്പിന്റെ പ്രചാരകർ. മനുഷ്യബന്ധങ്ങളുടെ ഉപാധിയില്ലാക്കയങ്ങളിൽ അയ്യപ്പൻ വിരാജിച്ചത്ര ആരുണ്ടാവും?

അയ്യപ്പൻകാലത്തെ ഓരോ വ്യക്തിക്കും അവനവന്റെതായ അയ്യപ്പനെ ചേർത്തുപിടിക്കാനുണ്ടാവും, മാറ്റിയകറ്റി നിർത്താനുമുണ്ടാവും. ജീവിതത്തിന്റെ, ഉന്മാദത്തിന്റെ, ലഹരിയിൽ അകപ്പെട്ട മനുഷ്യനുമേൽ അക്ഷരം കൂടി അടയിരിക്കുമ്പോൾ സംഭവിച്ച സാഹിത്യം വീര്യം കൂടിയതുതന്നെയായിരുന്നു. അയ്യപ്പൻ പാടിയ അമ്മ, അയ്യപ്പൻ ഓർത്ത അച്ഛൻ, അയ്യപ്പൻ പറഞ്ഞ പെങ്ങൾ, അയ്യപ്പൻ തൊണ്ടയിൽ അടക്കിപ്പിടിച്ചുനിർത്തിയ പ്രണയി... എത്ര പെട്ടെന്നാണ് അയ്യപ്പനെപ്പോലെ തന്നെ ഇവർക്കെല്ലാം പുനർജന്മമുണ്ടായിരിക്കുന്നത്! മരണമെപ്പോഴും വരും / പുനർജനിക്കണം/ പൂവുപോലെ നീ. (മഴവില്ലിന്റെ നിറം) എന്ന് എത്ര ദീർഘവീക്ഷണത്തോടെയാണ്, എത്ര നിസ്സാരമായാണ് തന്റെ മരണാനന്തരഭാവിയെ അയ്യപ്പൻ കവിതയാക്കി പ്രവചിച്ചത്!

അമ്മയും വിശപ്പും നേർക്കുനേർ സാക്ഷ്യം വഹിച്ച കവിതകൾ പോലെ തന്നെയായിരുന്നു പെങ്ങളും പ്രണയിയും അയ്യപ്പൻ കവിതകളിൽ നിറഞ്ഞുനിന്നത്. പെങ്ങൾ എന്ന വാക്കിനാൽ കനപ്പെട്ട് അയ്യപ്പൻ കവിതകൾ അകിടുവീങ്ങി. അമ്മയില്ലായ്മയ്ക്ക് പകരം നിന്ന വാക്കായിരുന്നു അയ്യപ്പൻ കവിതകളിലെ പെങ്ങൾ. പക്ഷേ, പെങ്ങളേക്കാൾ ആഘോഷിക്കപ്പെട്ടത് പ്രണയമായിരുന്നു. എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് / ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്/ എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് /ഒരു പൂവുണ്ടായിരിക്കും; ജിജ്ഞാസയുടെ ദിവസങ്ങളിൽ / പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞുതന്നവളുടെ/ ഉപഹാരം. (എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്) എന്നെഴുതിയ അയ്യപ്പൻ പ്രണയത്തെ തൊടുമ്പോൾ തടസ്സമില്ലാതെ ഒഴുക്കിവിട്ടതത്രയും നിരാസങ്ങളുടെ ശബ്ദതാരാവലിയായിരുന്നു. ഓർമകളുടെ വേലിയിറക്കങ്ങളായിരുന്നു.

* നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിക്ക് പ്രേമകാവ്യമായിരുന്നു
പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റ പച്ച ഞരമ്പുകളെ ഓർമിപ്പിക്കുന്നു.
അതിന്റെ സുതാര്യതയിൽ ഇന്ന് നിന്റെ മുഖം കാണുന്നു.

* കാതു മുറിച്ച് പ്രേമഭാജനത്തിന് കൊടുത്തിട്ട്
കോമാളിയെപ്പോലെ ചോരയിൽ കുളിച്ചുനിന്ന വാൻഗോഗ്
എന്റെ ലില്ലിച്ചെടിയിൽ പൂത്ത പൂവ്
നിന്റെ ഓർമയ്ക്ക് ഞാൻ ഇറുക്കുന്നില്ലേ?
നീ സ്‌നേഹിച്ചകാലം നിനക്ക് ദു:സ്വപ്‌നമായിരുന്നു
പ്രേമത്തിനർപ്പിച്ച ബലി നിന്റെ കേൾവിയായിരുന്നു.

*കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ
പകുതിയും കൊണ്ടുപോയ്
ലഹരിയുടെ പക്ഷിക
ൾ

* സ്‌നേഹിക്കുന്നതിനുമുമ്പ് നീ കാറ്റും
ഞാനിലയുമായിരുന്നു.
കൊടുംവേനലിൽ പൊള്ളിയ കാലം
നിനക്കുകരയാനും
ഒരു മഴയാകാവും കഴിഞ്ഞിരുന്നു

രണ്ടാളിൽ ഒരാളുടെ ഭ്രാന്ത് ഭേദമാകുമ്പോൾ പ്രണയം മരിക്കുന്നുവെന്ന് എഴുതിയ കവി പ്രണയത്തെ എഴുതിത്തോൽപിച്ചു. ''പിന്നീട് എന്റെ കറുത്ത ലോകത്തിൽ ഇടിത്തീ വീണു. പ്രണയം മഴകൊണ്ട് എഴുതി. മഴകൊണ്ടു മാഞ്ഞ നിരാസത്തിന്റെ ഒരുലബ്ധി. രൂപവതി ആയിരുന്നു എന്റെ കാമുകി. അഹന്ത എന്ന സിംഹാസനം അവൾക്കുണ്ടായിരുന്നു. ഒരു ദിവസം കാമുകി പറഞ്ഞു- ഞാൻ നിന്റെ മുറിയിൽ വരാം. ഒരു കനാൽ താണ്ടി വേണം വരേണ്ടത്. ഞാൻ പറഞ്ഞു, വേണ്ട ഞാൻ അങ്ങോട്ടുവരാം. ഉള്ളിൽ കടക്കണം. ജനൽപ്പഴുതിലൂടെ എന്തു പ്രണയം? ആരെയും കടിക്കുന്ന ഒരു പട്ടിയുണ്ട് അവളുടെ വീട്ടിൽ. ഞാൻ ധൈര്യപൂർവം അവളുടെ വീട്ടിൽ ചെന്നു. ഭീരുത പ്രണയത്തിനില്ല. ഞാൻ ചെന്നപ്പോൾ പട്ടി എന്നെ അവളുടെ മുറിയിൽ കൊണ്ടുവിട്ടു. സിംഹം(അവളുടെ അച്ഛൻ)ഉറങ്ങുമ്പോൾ പട്ടി കാവൽ. എനിക്ക് അവളോടുള്ള പ്രണയത്തിന്റെ ആഴം പട്ടിക്കു മനസ്സിലായി. ഇപ്പോൾ ഞാൻ ഓർക്കുന്നത് അവളെയല്ല, ആ പട്ടിയെ ആണ്.

ഞങ്ങളുടെ പ്രണയം അവളുടെ വീട്ടിലറിഞ്ഞു. അവളുടെ അച്ഛനെ ബോധിപ്പിക്കാൻ ഒരു ദിവസം ഞാൻ കെ. ബാലകൃഷ്ണനെയും കൊണ്ട് അവളുടെ വീട്ടിൽ ചെന്നു. പഴയ എം.പിയും സി. കേശവന്റെ മകനുമൊക്കെയാണല്ലോ ബാലണ്ണൻ. പിറ്റേ ദിവസം ഞാൻ നാട്ടിലെ കുളത്തിൽ കുളി കഴിഞ്ഞുമടങ്ങുന്നു. ലുങ്കിയും പഴയ തോർത്തും വേഷം. ആ വേഷത്തിൽ അവളുടെ അച്ഛൻ എന്നെ വീട്ടിൽ കൊണ്ടുപോയി. വൈൽ ഡ്രസ്ഡ് ഓൾഡ് സ്‌പൈസ് കാമുകന്റെ മുഖം യഥാർഥ കാമുകി കണ്ടു. ഞാൻ ഉളുപ്പില്ലാതെ അയാളുടെ മുന്നിലിരുന്നു.

അയാൾ പറഞ്ഞു:
അയ്യപ്പന് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നറിയാം. എന്നാലും ഇതുപോലുള്ള തെണ്ടികളെ വിളിച്ചുകൊണ്ടു വരരുത്.

തെണ്ടിത്തരം പറയുന്നത് ആരാണെന്ന് ഞാൻ പറയുന്നില്ല.
ഞാൻ മറുപടി പറഞ്ഞു.

പിന്നീട് കാമുകി പറഞ്ഞു:
നമ്മുടെ ബന്ധം വീട്ടുകാർക്കും നാട്ടുകാർക്കും അറിയാം.

നീ എന്നെ സ്‌നേഹിച്ചിരുന്നു, ഞാൻ നിന്നെയും.

എങ്കിൽ ഇപ്പോൾ ഒരുമിച്ചു പോണം.

ഇനി തുടരണ്ടാ, ആ വഴി പോകുന്നതാണ് നല്ലത്.

പോകാൻ അവൾക്കു താത്പര്യം ഉണ്ടായിരുന്നു. ജീവിതമാണ് മനുഷ്യന് വേണ്ടത്. റൊമാന്റിക് ഡെത്ത് അല്ലല്ലോ.

ഞാൻ: ഒരു ഉമ്മ കൂടി വേണം.
അവൾ: ഉമ്മ മാത്രം പോരാ.

എന്റെ സ്വപ്‌നങ്ങളെ ചിലർ തെറ്റിദ്ധരിപ്പിച്ചു. യഥാർഥം സ്വപ്‌നമാണ് എന്നുപറഞ്ഞു. സുമംഗലി, ആലില തുടങ്ങിയ കവിതകൾ നനവാർന്ന പ്രണയത്തിന്റെ പച്ചയിലാണ് ഞാനെഴുതിയത്. ഞാൻ എന്റെ പ്രണയത്തിന് വെള്ളമൂടുന്നു, ചിത കൊളുത്തുന്നില്ല.'' (മാതൃഭൂമി ബുക്‌സ്, എ.അയ്യപ്പൻ സമ്പൂർണം) അയ്യപ്പനുപേക്ഷിക്കാത്ത പ്രണയം അക്ഷരങ്ങളുടെ കനൽക്കൂടിലെരിഞ്ഞ്് തലമുറകളിലേക്ക് പടർന്നു. തലമുറ ഉറച്ച ഉച്ചാരണശുദ്ധിയോടെ അയ്യപ്പവചനങ്ങളെ ആവർത്തിച്ചു; 'കിണറിനെ സ്‌നേഹിക്കണം/ മരിച്ച പ്രണയം/ ഈ ആഴത്തിലാണ് '(ഇടവേളകൾ, എ. അയ്യപ്പൻ)

എണ്ണ തിളങ്ങുന്ന പെണ്ണും
എല്ലാം തരുന്ന വീടും..
പടിവിട്ടിറങ്ങുമ്പോൾ
പച്ചത്തത്തകൾ പറഞ്ഞു:
അരുത്
അരുത്

(ആസക്തിയുടെ വീട്, എ. അയ്യപ്പൻ)

ആസക്തിയുടെ വീടിനെ വിട്ടുപോകരുതെന്ന് മാലോകരോട് സ്വന്തം ജീവിതത്തെ വെളിച്ചത്തുനിർത്തി അയ്യപ്പൻ ഉറക്കെപ്പറഞ്ഞു. ഏതു വരാന്തയും തനിക്ക് വീടാണെന്നു പറഞ്ഞ അയ്യപ്പൻ വീടുവിട്ടിറങ്ങുന്നവർക്കെല്ലാം അനുഭവങ്ങളുടെ മുന്നറിയിപ്പു നൽകി. അതേ അയ്യപ്പൻ സ്വന്തം നിസ്സഹായത നിവർത്തിയത് ഇങ്ങനെയാണ്- 'ഒരു മന്ത്രിസഭ എനിക്കു വീടുവെച്ചുതരാമെന്നു പറഞ്ഞു. ഞാൻ വേണ്ടെന്നും. എനിക്ക് ഒരു വീട്ടിലും ഒരു ദിവസത്തിൽക്കൂടുതൽ ഉറങ്ങാൻ പറ്റില്ല. കുബേരന്മാരായ ബന്ധുക്കളുടെ വീട്ടിലും നേമത്ത് പെങ്ങളുടെ വീട്ടിലും ഒരു ദിവസത്തിൽക്കൂടുതൽ വയ്യ. എനിക്ക് മരണംവരെ ഓരോ ദിവസം ഓരോ വീട്ടിൽ ഉറങ്ങണം. സ്വന്തമായ ഒരു വീട് ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു വരാന്ത എനിക്കു വീടാണ്. ഒരു റെയിൽവേ പ്ലാറ്റ്‌ഫോം എനിക്ക് വീടാണ്.'

പതിമൂന്ന് വർഷം മുമ്പത്തെ ഒക്ടോബർ 21-ന് ജീവിതത്തിനും ഉന്മാദത്തിനുമിടയിലുള്ള ഏതോ ഒരു നിമിഷം നിശബ്ദമായപ്പോൾ, അയ്യപ്പൻ നിലച്ചു. അപ്പോഴും മടക്കുനിവരാത്ത കൈകൾക്കുള്ളിലെ രണ്ടുവരികൾ അയ്യപ്പന്റെ ഐഡന്റിറ്റിയറിയിച്ചു. പൂച്ച തട്ടിത്തൂവിയ ചായം/സ്വയം ഒരു ഭൂപടമായി രൂപം കൊണ്ടതിൽ/ഒരു പ്രസക്തിയുമില്ല (കുറ്റപത്രങ്ങൾ, എ അയ്യപ്പൻ) എന്നെഴുതി അയ്യപ്പൻ സ്വയം ഒരു കവിതയായി രൂപം കൊണ്ടതിൽ ഒരു പ്രസക്തിയുമില്ല എന്ന് ഓർമിപ്പിച്ചുകൊണ്ട് കാലാതീതനാവുന്നു. അയ്യപ്പൻ പല അടരുകളായി പടർന്നുകൊണ്ടേയിരിക്കുന്നു. ജീവിതകാലമത്രയും തനിക്കു ചുറ്റുമുള്ളതിനെച്ചൊല്ലി തീ പിടിച്ചു നടന്നൊരു മനുഷ്യന്റെ വാക്കുകൾ സ്‌നേഹത്തിന്റെ, വിരഹത്തിന്റെ, ജീവിതത്തിന്റെ, വിപ്ലവത്തിന്റെ, കാലത്തിന്റെ തന്നെ ലായനിയായി പടർന്നുകൊണ്ടേയിരിക്കുന്നു. അയ്യപ്പനപ്പോഴും ഒരു വരാന്തയെച്ചൊല്ലിയും ആധി കൊള്ളാതെ നിത്യതയിൽ പുഞ്ചിരിക്കുന്നു.

വണ്ടി വരുന്നെന്ന് തോന്നുന്നു
സുഷുമ്‌നയിൽ കൊത്തിയ സർപ്പം
കവിതയുടെ മകുടിയൂത്തുകേട്ട്
തിരിച്ചുപോകുന്നു
തിരിച്ചുപോകുന്നു

(ശിരോലിഖിതത്തിന്റെ കാർബൺ പതിപ്പുകൾ, എ. അയ്യപ്പൻ)