വ്യത്യസ്ത ഇനങ്ങള്‍ ഇണ ചേരുന്നില്ലെന്ന പ്രകൃതിനിയമം വംശങ്ങള്‍ക്കും ബാധകമാക്കിയ ഹിറ്റ്‌ലര്‍

അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയായ 'മെയിന്‍ കാംഫ്' പുറത്തിറങ്ങിയിട്ട് നൂറ് വര്‍ഷം തികയുന്നു. പുസ്തകത്തെക്കുറിച്ച് ഡോ. പ്രഭാഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.
ലോകചരിത്രത്തിന്റെ പാതി സ്നേഹ ചരിത്രമാണെന്നാണ് ദാര്‍ശനികനും എഴുത്തുകാരനുമായ റോബര്‍ട്ട് മുസില്‍ പറയുന്നത്. അങ്ങനെയെങ്കില്‍, അതിന്റെ മറുപാതി വെറുപ്പിന്റെതാണല്ലോ. ചരിത്രം സ്നേഹത്തെയും വെറുപ്പിനെയും പരസ്പരം ബന്ധിപ്പിച്ച് കടന്നുപോകുന്നു, പകലിനെയും രാത്രിയെയും കൂട്ടിയിണക്കുന്ന സൂര്യനെപ്പോലെ. ഇതുകൊണ്ടാവണം വെറുപ്പിന്റെ പ്രവാചകന്മാരുടെ തടവറയില്‍ കഴിയുമ്പോഴും എഴുത്തുകാര്‍ സ്നേഹത്തെയും പ്രതീക്ഷയെയും കുറിച്ച് എഴുതുന്നത്. ഓര്‍മ്മവരുന്നത് ജര്‍മന്‍ ഗാനരചയിതാവ് ബ്രൂണോ ബാല്‍സിന്റെ ജീവിതാനുഭവമാണ്. ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ പാര്‍പ്പിച്ചിരുന്ന ബാല്‍സിനെ ദ ഗ്രേറ്റ് ലൗ എന്ന ചലച്ചിത്രത്തിന്റെ പാട്ടെഴുതാന്‍ ഒരു ദിവസത്തേക്ക് ഗീബല്‍സ് മോചിപ്പിക്കുകയും ഗസ്റ്റപ്പൊയുടെ കാവലില്‍ അദ്ദേഹം രണ്ട് മഹത്തായ ഗാനങ്ങള്‍ രചിക്കുകയും ചെയ്തു: ''എന്നെങ്കിലും ഒരു മഹാദ്ഭുതം സംഭവിക്കുമെന്ന് എനിക്കറിയാം...'', ''ഇത് ലോകാവസാനമല്ല...''
സമഗ്രാധിപത്യത്തിലും സ്നേഹമുണ്ടെന്നര്‍ഥം. പക്ഷേ, അത് എഴുത്തുകാരുടെ മനസ്സിനുള്ളിലും ഭരണകൂടത്തെ സ്നേഹിക്കാനുള്ള ജനങ്ങളുടെ കടമയിലും ഒതുങ്ങുന്നു. ശേഷിക്കുന്നത് അളവില്ലാത്ത വിദ്വേഷവും വെറുപ്പും അരക്ഷിതാവസ്ഥയുമാണ്. 1933 ജനുവരി 30-ന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ചാന്‍സലര്‍ ആയി ചുമതലയേറ്റ ദിവസം, രാജ്യത്തെ രണ്ട് പ്രമുഖര്‍ ജോസഫ് ഗീബല്‍സും ക്ലാസ് മനും (Klaus Mann, തോമസ് മന്നിന്റെ മകന്‍) അവരുടെ ഡയറിയില്‍ കുറിച്ചതില്‍ ഇതിന്റെ ലാഞ്ഛനയുണ്ട്. ''ഹിറ്റ്‌ലര്‍ ചാന്‍സലറായി, യക്ഷിക്കഥയിലെന്നപോലെ'', എന്ന് ഗീബല്‍സും ''ഹിറ്റ്‌ലര്‍ റീച്ച് ചാന്‍സലര്‍. ഞെട്ടിപ്പിക്കുന്നു. തികച്ചും അപ്രതീക്ഷിതം. അളവില്ലാത്ത സാധ്യതകളുടെ നാട്'' എന്ന് മനും കുറിച്ചു. യക്ഷിക്കഥകളില്‍പോലും കാണാത്ത അളവറ്റ വെറുപ്പിന്റെ മുടിയഴിച്ചാട്ടമാണ് പിന്നീട് സംഭവിച്ചത്. ഫലമോ, ഒരു വ്യാഴവട്ടത്തോടെ ജര്‍മന്‍സംസ്‌കാരം ശിഥിലമായി. എണ്‍പത് ദശലക്ഷം മനുഷ്യരെ കളവിലൂടെയും ആത്മവഞ്ചനയിലൂടെയും വിഡ്ഢിത്തത്തിലൂടെയും യാഥാര്‍ഥ്യത്തില്‍നിന്ന് അദ്ദേഹം അകറ്റിനിര്‍ത്തി. ദസ്തയേവ്‌സ്‌കിയുടെ കാരമസോവ് സഹോദരന്മാരിലെ കുറ്റവിചാരകന്റെ ഭാഷയില്‍ പറഞ്ഞാല്‍, '' ജര്‍മന്‍ ജനങ്ങള്‍ അവരുടെ സ്വാതന്ത്ര്യം ഹിറ്റ്‌ലറുടെ മുന്നില്‍ അടിയറവെച്ചുകൊണ്ട് പറഞ്ഞു, 'ഞങ്ങളെ അടിമകളാക്കുക, ഞങ്ങള്‍ക്ക് അന്നം തരുക...' ഭയചകിതരായ മനുഷ്യര്‍ അയാളുടെ പക്കല്‍ അഭയംതേടി. 'അവര്‍ എന്നെ ദൈവത്തെപ്പോലെ കരുതും. ഞാന്‍ അവരെ വഞ്ചിക്കും', അയാള്‍ പറഞ്ഞു.''
ഇതിനെല്ലാം കളമൊരുക്കിയ നാസിസത്തിന്റെ 'വേദപുസ്തക'മാണ് നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന മെയിന്‍ കാംഫ്.
രാഷ്ട്രീയത്തെ മതവും വിശ്വാസവും ആക്കിമാറ്റുന്ന സമഗ്രാധിപതികള്‍ക്ക് തങ്ങളുടെ ഭരണത്തിന്റെ കേന്ദ്രബിന്ദുവായി ഒരു പുസ്തകത്തെ അവരോധിക്കേണ്ടത് ആവശ്യമാണ്. രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനുമപ്പുറം അത് അവരുടെ 'ഭരണഘടന'യും 'വിശുദ്ധ' ഗ്രന്ഥവുമാണ്. മുഅമ്മര്‍ ഗദ്ദാഫിയുടെ (ലിബിയ) ദ ഗ്രീന്‍ ബുക്കും മാവോയുടെ ലിറ്റില്‍ റെഡ് ബുക്കും നാസറുടെ (ഈജിപ്ത്) ദ ഫിലോസഫി ഓഫ് ദ റെവല്യൂഷനും ഇതിന്റെ ഉദാഹരണങ്ങളാണ്. ഇവ പാര്‍ട്ടി അംഗങ്ങള്‍ക്കും ജനങ്ങള്‍ക്കും വ്യാപകമായി വിതരണംചെയ്യപ്പെടുന്നു; താമസിയാതെ വധൂവരന്മാര്‍ക്കുള്ള വിവാഹസമ്മാനമായും. സുപ്രധാന സാമൂഹിക രാഷ്ട്രീയ ഭരണ ചടങ്ങുകള്‍ക്ക് നിയമസാധുതയും ഗൗരവവും നല്‍കുന്ന ഒന്നായി ഇത്തരം പുസ്തകങ്ങള്‍ മാറുന്നു. അവ അധികമാരും വായിച്ചെന്ന് വരില്ല. വായിച്ചാല്‍തന്നെ മനസ്സിലാകണമെന്നുമില്ല. ഒരുവേള ആര്‍ക്കും ഒന്നും മനസ്സിലാകാത്തതാണ് നല്ലതും. ഇതോടെ അവര്‍ക്ക് (സമഗ്രാധിപതികള്‍ക്ക്) തോന്നുംവിധം പുസ്തകത്തെ വ്യാഖ്യാനിക്കാനും തങ്ങളുടെ ബുദ്ധിശക്തിയുടെ തെളിവായി അതിനെ ഉയര്‍ത്തിക്കാട്ടാനുമാവും. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മെയിന്‍ കാംഫ് (My Struggle)
മെയിന്‍ കാംഫിന്റെ ചരിത്രം
ഹിറ്റ്‌ലര്‍ ഒരു വലിയ വായനക്കാരനും പുസ്തകപ്രേമിയുമാണെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. മരിക്കുമ്പോള്‍ 16,000 പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തില്‍ ഉണ്ടായിരുന്നത്. അവയില്‍ പലതും ആദ്യ പതിപ്പും. ഇവയില്‍നിന്ന് ലഭിച്ച ആശയങ്ങളുടെ ക്രോഡീകരണമാണ് മെയിന്‍ കാംഫ്. എന്നാല്‍ കടംകൊണ്ട ആശയങ്ങളുടെയും വസ്തുതകളുടെയും ഉറവിടം അദ്ദേഹം വെളിപ്പെടുത്തുന്നുമില്ല. മൗലികത തീരെ ഇല്ലാത്തതാണ് മെയിന്‍ കാംഫ് എന്നര്‍ഥം. അഥവാ അത്തരത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ആശയപ്രചാരണത്തിന്റെ (Propaganda) കാര്യത്തില്‍ മാത്രമാണ്.
'ജര്‍മനിയിലെ ഏറ്റവും അപകടകാരികളായ മൂന്നുപേരില്‍ ഒരാള്‍' എന്ന് ദ ടൈംസ് ഹിറ്റ്‌ലറെ വിശേഷിപ്പിക്കുമ്പോള്‍ (മേയ് 22, 1923) അദ്ദേഹം ഏറ്റവും അപകടകരമായ പുസ്തകത്തിന്റെ രചനയില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നുവെന്നത് കേവലം യാദൃച്ഛികമാകാം. ആഭ്യന്തരകലാപം നടത്തിയതിന് ജയില്‍ശിക്ഷ അനുഭവിക്കുമ്പോഴാണ് അതിന്റെ ആദ്യവാല്യം തയ്യാറാക്കുന്നത്. 'അസത്യങ്ങള്‍ക്കും വിഡ്ഢിത്തത്തിനും ഭീരുത്വത്തിനും എതിരായ നാലരവര്‍ഷത്തെ പോരാട്ടം' എന്നായിരുന്നു പുസ്തകത്തിന്റെ ആദ്യതലക്കെട്ട്. എന്നാല്‍, സുഹൃത്തും പ്രസാധകനുമായ മാക്സ് അമന്റെ നിര്‍ദേശപ്രകാരം കൈയെഴുത്തുപ്രതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും മെയിന്‍ കാംഫ്: എ റെക്കണിങ് (Mein Kampf: A Reckoning) എന്നപേരില്‍ 1925 ജൂലായ് 18-ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.
തുടക്കത്തില്‍ പുസ്തകത്തിന്റെ സ്വീകാര്യത നന്നേ കുറവും അവലോകനങ്ങള്‍ പ്രതികൂലവുമായിരുന്നു. 10,000 കോപ്പിയില്‍ 1500 എണ്ണമാണ് വിറ്റുപോയത്. ഫ്രാങ്ക്ഫര്‍ട്ടര്‍ സെയ്റ്റങ് അതിനെ വിശേഷിപ്പിച്ചത് 'രാഷ്ട്രീയ ആത്മഹത്യ' എന്നാണ്. പോരെങ്കില്‍, പാര്‍ട്ടിനേതൃത്വത്തിനുപോലും കൃതിയുടെ ഉള്ളടക്കം ദുര്‍ഗ്രാഹ്യമായിരുന്നു. ഇതിനിടയില്‍ 'ദ നാഷണല്‍ സോഷ്യലിസ്റ്റ് മൂവ്‌മെന്റ്' എന്നപേരില്‍ അതിന്റെ രണ്ടാം വാല്യവും (1926, ഡിസംബര്‍ 11) പിന്നീട് (1930ല്‍) രണ്ടും ചേര്‍ത്ത് ഒറ്റപ്പുസ്തകമായി മെയിന്‍ കാംഫ് എന്ന ചുരുക്കപ്പേരിലും പ്രസിദ്ധീകരിച്ചു. 1928-ല്‍ മറ്റൊരു പുസ്തകം തയ്യാറാക്കിയെങ്കിലും അത് വെളിച്ചം കാണുന്നത് 1961-ലാണ്: സെക്കന്‍ഡ് ബുക് അഥവാ ഫോറിന്‍ പോളിസി ക്ലാരിഫിക്കേഷന്‍ ആഫ്റ്റര്‍ ദ പാര്‍ലമെന്റ് ഇലക്ഷന്‍സ്, ജൂണ്‍/ ജൂലായ് 1928. മെയിന്‍ കാംഫിലേക്ക് തിരികെ വന്നാല്‍, നാസി പാര്‍ട്ടിയുടെ ജനസമ്മതി വര്‍ധിച്ചതനുസരിച്ച് അതിന്റെ വില്‍പ്പനയും വര്‍ധിച്ചതായി കാണാം. 1945-ഓടെ ജര്‍മന്‍ ഭാഷയില്‍ മാത്രം 1122 പതിപ്പുകളിലായി 12.4 ദശലക്ഷം പ്രതികളാണ് വിറ്റഴിഞ്ഞത് (Andrew Pettegree, The Book at War, Libraries and Readers in an Age of Conflict). മറ്റുഭാഷകളില്‍ വിറ്റഴിക്കപ്പെട്ട പ്രതികള്‍ ഇതിന്റെ എത്രയോ മടങ്ങാണ്. 1944-ല്‍ത്തന്നെ കൃതിയുടെ തമിഴ് പതിപ്പ് ഇറങ്ങിയിരുന്നുവെന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വില്‍പ്പനയും ജര്‍മനിയില്‍ നിരോധിക്കപ്പെട്ടു. അമേരിക്കന്‍ അധിനിവേശസേന അതിന്റെ പകര്‍പ്പവകാശം പ്രസാധകരില്‍നിന്ന് പിടിച്ചെടുക്കുകയും അത് ബവേറിയന്‍ ഫ്രീ സ്റ്റേറ്റിന് കൈമാറുകയുംചെയ്തു. ജര്‍മന്‍ നിയമമനുസരിച്ച് ഗ്രന്ഥകര്‍ത്താവ് മരിച്ച് 70 വര്‍ഷം തികയുമ്പോഴാണ് പുസ്തകത്തിന്റെ പകര്‍പ്പവകാശം ഇല്ലാതാവുന്നത്. തന്മൂലം 2016 ജനുവരി ഒന്നിനാണ് പുസ്തകം ജര്‍മനിയില്‍ പുനഃപ്രസിദ്ധീകരിച്ചത്.
ഉള്ളടക്കം
എഴുത്തുകലയെക്കാള്‍ പ്രഭാഷണകലയാണ് മെയിന്‍ കാംഫില്‍ നിഴലിക്കുന്നത്. 'സംസാരിക്കുന്നതുപോലെയുള്ള എഴുത്ത്' എന്ന് ഗീബല്‍സ് അദ്ദേഹത്തിന്റെ ഡയറിയില്‍ കുറിച്ചതാണ് (1931, മേയ് 10) ഇതിന്റെ സാക്ഷ്യപത്രം. പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് തന്നെ ഇത് പരോക്ഷമായി സമ്മതിക്കുന്നുമുണ്ട്. ''വരമൊഴിയെക്കാള്‍ വാമൊഴിക്കാണ് ആള്‍ക്കാരെ സ്വാധീനിക്കാനാവുന്നതെന്ന് ഞാന്‍ കരുതുന്നു. ഇതുതന്നെയാണ് പ്രസ്ഥാനങ്ങളുടെ കാര്യവും. എല്ലാ മഹത്തായ പ്രസ്ഥാനങ്ങളും അവയുടെ വളര്‍ച്ചയ്ക്ക് കടപ്പെട്ടിരിക്കുന്നത് എഴുത്തുകാരോടല്ല, വാഗ്മികളോടാണ്.''
സ്വന്തം നിയമോപദേഷ്ടാവിനോട് (ഹാന്‍സ് ഫ്രാങ്ക്) ഇക്കാര്യം അദ്ദേഹം കൂടുതല്‍ വ്യക്തമാക്കുന്നു: ''ഞാന്‍ എഴുത്തുകാരനല്ല... എഴുതുമ്പോള്‍ ആശയങ്ങള്‍ എന്നില്‍നിന്ന് വഴുതിപ്പോകുന്നു... പുസ്തകം ജയിലഴിക്കുള്ളിലെ ഫാന്റസിയായി തോന്നുമെങ്കിലും അതിന് അതിന്റെതായ യുക്തിയുണ്ട്. സിഫിലിസിനെക്കുറിച്ചുള്ള അധ്യായം മാത്രമേ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുള്ളൂ. അതില്‍ ഒട്ടനവധി തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്'' (Milan Hauner, Adolf Hitler's Mein Kampf). ഫലമോ, ആവര്‍ത്തനവിരസതയും അവ്യക്തതയും വൈരുധ്യങ്ങളും വ്യാകരണപ്പിശകുകളും. 'ജര്‍മന്‍ വ്യാകരണത്തിനും വാക്യഘടനയ്ക്കുമെതിരേ 1,64,000 നിയമലംഘനങ്ങളുടെ സമാഹാരം' എന്നാണ് പുസ്തകത്തെ ജര്‍മന്‍ നോവലിസ്റ്റ്, യോണ്‍ ഫോയിഷ്റ്റ്വാങ്ങര്‍ (Lion Feuchtwanger) വിശേഷിപ്പിച്ചത്.
അഡോള്‍ഫ് ഹിറ്റ്‌ലറുടെ വ്യക്തിജീവിതത്തിലേക്കും ആശയപ്രപഞ്ചത്തിലേക്കും രാഷ്ട്രീയ-സാമൂഹികനിലപാടുകളിലേക്കും ലോകവീക്ഷണത്തിലേക്കുമുള്ള കിളിവാതിലാണ് മെയിന്‍ കാംഫ്. ആദ്യവാല്യം ഒട്ടൊക്കെ അത്മകഥാപരമാണ്. രണ്ടാം വാല്യം മുഖ്യമായും നാസിപ്രസ്ഥാനത്തെയും ജര്‍മന്‍ വിദേശനയത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. ആമുഖത്തില്‍, പുസ്തകം അന്യര്‍ക്കുവേണ്ടിയുള്ളതല്ല, ഹൃദയംകൊണ്ട് പാര്‍ട്ടിയെ നെഞ്ചിലേറ്റുന്നവര്‍ക്കുവേണ്ടിയുള്ളതാണെന്ന വെളിപ്പെടുത്തലും ഉണ്ട്.
കൃതിയുടെ 567 പേജുകളില്‍ ഉടനീളം തെളിഞ്ഞുനില്‍ക്കുന്നത് കാര്യസാധ്യത്തിന് അധികാരത്തെ എങ്ങനെ ഉപയോഗിക്കാമെന്ന യൂട്ടിലിറ്റേറിയന്‍ ദര്‍ശനമാണ്. ധര്‍മാധര്‍മ ചിന്തകളൊന്നുംതന്നെ ഗ്രന്ഥകര്‍ത്താവിനെ അലട്ടുന്നില്ല. വാക്കായാലും പ്രവൃത്തിയായാലും അതിന്റെ ഉരകല്ല് വിജയം മാത്രമാണ്. ജയം നേടിത്തരുന്നതെന്തും ശരിയും സത്യവുമാണ്. ''എല്ലാ നീതിയും രാഷ്ട്രീയമാണ്'' എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ അധികാരപ്രയോഗത്തിന്റെ എല്ലാ സാധ്യതകളും അടങ്ങിയിട്ടുണ്ട്. ഒരര്‍ഥത്തില്‍, ഹോളോകോസ്റ്റ് ഉള്‍പ്പെടെ ഭാവിയില്‍ ഹിറ്റ്‌ലര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ സംക്ഷിപ്ത വിവരണമാണ് മെയിന്‍ കാംഫ്. ''രാജ്യത്തെ ദുഷിപ്പിക്കുന്ന ജൂതന്മാരില്‍ പന്ത്രണ്ടായിരമോ പതിനയ്യായിരമോ എണ്ണത്തെ യുദ്ധത്തിന്റെ (ഒന്നാം ലോകമഹായുദ്ധം) ആരംഭത്തില്‍ വിഷവാതകത്തിന് ഇരയാക്കിയിരുന്നെങ്കില്‍ നമ്മുടെ ത്യാഗം നിഷ്ഫലമാകുമായിരുന്നില്ല. ഒരുദശലക്ഷം സജ്ജനങ്ങളെയെങ്കിലും നമുക്ക് രക്ഷിക്കാനാകുമായിരുന്നു'' എന്ന് പുസ്തകത്തിന്റെ അവസാനഭാഗത്ത് (553ാം പേജ്) പറയുന്നു. തന്റെ ഭാവിപദ്ധതികള്‍ ഇത്രയും മുന്‍കൂട്ടി അവതരിപ്പിച്ച മറ്റൊരു ലോകനേതാവ് ചരിത്രത്തില്‍ ഉണ്ടോ എന്നത് സംശയമാണ്. ''നിര്‍ലജ്ജമായ സത്യസന്ധത'' എന്നാണ് ജര്‍മന്‍ ചരിത്രകാരന്‍ ഈബഹാഡ് ജാക്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നത് (Eberhard Jackel, Hitler's World View : A Blueprint for Power).
സമഗ്രാധിപത്യത്തിന്റെ കുറിപ്പടി
സമഗ്രാധിപത്യത്തിന്റെ, ഭീകരഭരണത്തിന്റെ, ചേരുവകള്‍ മെയിന്‍ കാംഫില്‍ ഉടനീളം നമുക്ക് കാണാനാവും. അതിലെ ചില പ്രയോഗങ്ങള്‍തന്നെ പ്രതീകാത്മകമാണ്: 'ഒരു രാജ്യം, ഒരു റീച്ച്, ഒരു ഫ്യൂറര്‍', 'ഒരു രക്തം, ഒരു റീച്ച്', 'ഫ്യൂറര്‍ നിയമം വ്യാഖ്യാനിക്കും', 'വന്ധ്യംകരണമാണ് മാനവരാശിയുടെ ഏറ്റവും വലിയ മാനുഷികപ്രവൃത്തി', 'ജൂതര്‍ ലോകത്തിന്റെ വംശീയ ക്ഷയരോഗം' (race tuberculosis), 'രക്തവും മണ്ണും', 'നാഷണല്‍ സോഷ്യലിസം രാഷ്ട്രീയത്തിലെ മതമാണ്', ഇങ്ങനെ പോകുന്നു അവ.
ഗ്രന്ഥകര്‍ത്താവിന്റെ കാഴ്ചപ്പാടില്‍ ഭരണകൂടം വംശാധിപത്യത്തിലും നേതൃത്വാധിപത്യത്തിലും നങ്കൂരമിട്ടുനില്‍ക്കുന്ന അധികാരവ്യവസ്ഥയാണ്. ദേശരാഷ്ട്രങ്ങള്‍ വംശങ്ങളുടെ ജന്മഭൂമിയും വംശത്തില്‍പ്പെട്ടവര്‍ അതിലെ പൗരരുമാണ്. വ്യത്യസ്ത വംശങ്ങള്‍ക്ക് ഒരു രാജ്യത്ത് സഹവസിക്കാനോ പൗരസമൂഹത്തിന്റെ ഭാഗമാകാനോ ആവില്ലെന്ന് സാരം. ചരിത്രം വംശങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും അവയുടെ ഉയര്‍ച്ചതാഴ്ചകളുടെയും കഥയാണെന്ന നിഗമനമാണ് ഇതിന്റെ പിന്നില്‍. മാനവരാശിയുടെ നിലനില്പിന്റെ ലക്ഷ്യംതന്നെ രാഷ്ട്രത്തെയോ ഭരണകൂടത്തെയോ നിലനിര്‍ത്തുകയല്ല, പിന്നെയോ വംശങ്ങളെ നിലനിര്‍ത്തുക എന്നതാണ്. ഇവിടെ വംശങ്ങളെ അദ്ദേഹം മൂന്നായി തരംതിരിക്കുന്നു സംസ്‌കാരത്തിന്റെ പ്രതിഷ്ഠാപകര്‍, വാഹകര്‍, അന്തകര്‍. ആര്യന്മാര്‍ ഇതില്‍ ആദ്യത്തെതിനെയും ജൂതന്മാര്‍ അവസാനത്തെതിനെയും പ്രതിനിധാനംചെയ്യുന്നു. രാഷ്ട്രങ്ങളുടെ വളര്‍ച്ചയ്ക്കും സംസ്‌കാരത്തിന്റെ സംരക്ഷണത്തിനും വംശശുദ്ധി നിലനിര്‍ത്തേണ്ടത് അനുപേക്ഷണീയമാണെന്ന മറ്റൊരു വാദത്തിലേക്കാണ് ഇത് വായനക്കാരെ കൊണ്ടുപോകുന്നത്. ഇതിലൂടെ, ജന്തുലോകത്ത് വ്യത്യസ്ത ഇനങ്ങള്‍ (സ്പീഷീസ്) തമ്മില്‍ ഇണചേരുന്നില്ലെന്ന പ്രകൃതിനിയമം വംശങ്ങള്‍ക്കും ബാധകമാക്കുകയാണ് ഹിറ്റ്‌ലര്‍. വംശങ്ങളുടെ പരിപാലനം മനുഷ്യാവകാശമാണത്രേ, ഭരണകൂടനിയമങ്ങളെ കവച്ചുവയ്ക്കുന്ന അവകാശം. 'മനുഷ്യാവകാശങ്ങള്‍ ഭരണകൂടനിയമങ്ങളെ ഉല്ലംഘിക്കുന്നു' എന്ന വാക്കുകളിലൂടെ ഇക്കാര്യം അവതരിപ്പിക്കുന്നു.
ഇതിന്റെ പരിണതഫലമാണ് ജൂതര്‍ക്കെതിരേയുള്ള കടന്നാക്രമണം. ആര്യന്മാരെ (ജര്‍മന്‍ ജനതയെ) അശുദ്ധമാക്കുന്ന ആന്റി റെയ്‌സായാണ് (antirace) അവരെ അവതരിപ്പിക്കുന്നത്. ജൂതസമൂഹം ഒരു മതവിഭാഗമല്ല, ഒരു വംശമാണ്, എല്ലാ തിന്മകളുടെയും പ്രതീകം, ജര്‍മനിയുടെ തീരാകളങ്കം. ''അവര്‍ കലയെയും സാഹിത്യത്തെയും ദുഷിപ്പിക്കുന്നു, മനുഷ്യസഹജമായ വികാരങ്ങളെ അപഹസിക്കുന്നു, ഉത്കൃഷ്ടമായ എല്ലാറ്റിനെയും ഇല്ലായ്മചെയ്യുന്നു... അവരെ പരിഷ്‌കൃതലോകത്തേക്ക് നയിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. ചേരിപ്രദേശത്താണെങ്കിലും വാള്‍സ്ട്രീറ്റിലാണെങ്കിലും അവരുടെ ലക്ഷ്യവും രീതിയും ഒന്നുതന്നെയായിരിക്കും...ജര്‍മനി ഒരു മനുഷ്യശരീരമാണെങ്കില്‍ അതിനെ ഗ്രസിച്ചിരിക്കുന്ന പകര്‍ച്ചവ്യാധിയാണ് യഹൂദന്മാര്‍,'' ഇങ്ങനെപോകുന്നു മെയിന്‍ കാംഫിലെ പരാമര്‍ശങ്ങള്‍. വെളിപാടുപുസ്തകത്തിലെന്നപോലെ അത് വീണ്ടും സൂചിപ്പിക്കുന്നു: ''ജര്‍മനി ഒരു വലിയ അസ്തിത്വപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒന്നുകില്‍ സര്‍വനാശം അല്ലെങ്കില്‍ സര്‍വ ഐശ്വര്യം.'' ഒടുവില്‍ സൂചിപ്പിച്ചതാണ് ജര്‍മന്‍ജനത കാംക്ഷിക്കുന്നതെങ്കില്‍ രാജ്യത്തിന്റെ ശത്രുക്കളെ ഉന്മൂലനംചെയ്യേണ്ടതുണ്ട്. ഇവിടെ ശത്രുക്കളുടെ പട്ടിക ജൂതന്മാരില്‍നിന്ന് സ്ലാവുകളിലേക്കും റോമാക്കാരിലേക്കും കമ്യൂണിസ്റ്റ് ട്രെയ്ഡ് യൂണിയന്‍ പ്രവര്‍ത്തകരിലേക്കും ഭിന്നശേഷിക്കാരിലേക്കും നീളുന്നു. ''ശത്രുക്കളെ ഉന്മൂലനംചെയ്യാനുള്ള മനസ്സുണ്ടായാല്‍ പോര, അത് ചെയ്യുകയും വേണം'' എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പുസ്തകം സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ നേടാനും അതിനായി പൗരാവലിയെ സജ്ജരാക്കാനും ഒരു 'ബഹുജന' പ്രസ്ഥാനവും നേതാവും ('ദൈവത്തിന്റെ പകരക്കാരന്‍') ആവശ്യമാണ്.
ആല്‍ഫ്രഡ് ചെക്കിനെ അഭിവാദ്യം ചെയ്യുന്ന ഹിറ്റ്‌ലര്‍
നേതൃത്വത്തെക്കുറിച്ചുള്ള പുസ്തകത്തിലെ വിവരണം 'പ്രതിഭാശാലിയെ'പ്പറ്റിയുള്ള (genius) 19ാം നൂറ്റാണ്ടിലെ കാല്പനിക ധാരയുമായും അതിന് പില്‍ക്കാലത്ത് സംഭവിച്ച അര്‍ഥവിലോപവുമായും ചേര്‍ന്നുപോകുന്നതാണ്. തുടക്കത്തില്‍, പ്രതിഭാശാലിയുടെ വിശേഷണം അനിതരസാധാരണമായ മേധാശക്തിയുള്ള ചിന്തകന്‍, സര്‍ഗവൈഭവമുള്ള കലാമര്‍മജ്ഞന്‍ എന്നൊക്കെയായിരുന്നത് ക്രമേണ പ്രതിലോമകരമായ ലോകത്തെ സ്വേച്ഛയ്ക്ക് കീഴ്‌പ്പെടുത്തുന്നയാള്‍ എന്നായിമാറിയല്ലോ (Arthur Schopenhauer, The World as Will and Representation). ഇതിന് പറ്റിയ ആളാണ് ഹിറ്റ്‌ലര്‍ എന്ന് ജര്‍മന്‍ വലതുപക്ഷം 1920- കളില്‍തന്നെ തിരിച്ചറിഞ്ഞിരുന്നു. 1921 ഡിസംബറില്‍ നാസി പത്രത്തില്‍ വന്ന ലേഖനത്തിലാണ് ആദ്യമായി അദ്ദേഹത്തെ 'ഫ്യൂറര്‍' എന്ന് വിശേഷിപ്പിക്കുന്നത്. ഹിറ്റ്‌ലറില്‍നിന്ന് ഫ്യൂററിലേക്കുള്ള പരിണാമം ഇവിടെ തുടങ്ങി.
മെയിന്‍ കാംഫിന്റെ രണ്ടാം വാല്യത്തിലാണ് നേതൃത്വത്തെക്കുറിച്ചുള്ള ആശയം അദ്ദേഹം വിശദീകരിക്കുന്നത്. ഭൂരിപക്ഷത്തിന്റെ ചിന്തയിലല്ല, നേതാവിന്റെ വ്യക്തിത്വത്തിലാണ് രാജ്യത്തെ താന്‍ കെട്ടിപ്പടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. ജനങ്ങളും നേതാവും തമ്മിലുള്ള ഈ ദ്വന്ദ്വമാണ് പുസ്തകത്തിലൂടെ ചുരുള്‍നിവരുന്ന നേതൃത്വ സങ്കല്പത്തിന്റെ അടിത്തറ. സ്വേച്ഛയിലൂടെ യാഥാര്‍ഥ്യത്തെ കീഴടക്കുന്നയാള്‍ക്ക് മാത്രമേ ക്രിയാത്മകമായി ചിന്തിക്കാനും ഉറച്ച തീരുമാനങ്ങള്‍ എടുക്കാനും കഴിയൂ. ഇതാണ് പില്‍ക്കാലത്ത് നാസി പാര്‍ട്ടിയുടെ 'നേതൃത്വ തത്ത്വമായി' രൂപംകൊണ്ടത്. ഇതനുസരിച്ച്, നാസി ഭരണകൂടത്തില്‍ അധികാരം ഒഴുകുന്നത് മുകളില്‍നിന്ന് താഴോട്ടും ഉത്തരവാദിത്വം താഴെനിന്ന് മുകളിലോട്ടുമാണ്. നേതാവിനെ അടയാളപ്പെടുത്തുന്നത് അയാള്‍ കൈവരിക്കുന്ന നേട്ടത്തിന്റെ പേരിലാണ്, മാര്‍ഗം എന്തുതന്നെ ആയാലും. അയാള്‍ക്ക് കീഴടങ്ങുക എന്നതാണ് പൗരധര്‍മം.
ഭരണകൂടത്തിന്റെ (നേതാവിന്റെ) അധികാരം ഉറപ്പിക്കാന്‍ പ്രധാനമായും മൂന്ന് മാര്‍ഗങ്ങളാണ് പുസ്തകം മുന്നോട്ടുവയ്ക്കുന്നത്: ബഹുജന പ്രസ്ഥാനം, ഹിംസ, പ്രൊപ്പഗാന്‍ഡ. രാഷ്ട്രീയവും മതവും ഹിംസയും ചേര്‍ന്ന വിചിത്രരൂപിയെയാണ് ബഹുജനപ്രസ്ഥാനം എന്ന് വിളിക്കുന്നത്. 'മോക്ഷം', 'പുനര്‍ജന്മം', 'ചെകുത്താന്‍', 'നാസ്തികന്‍', തുടങ്ങി മതവുമായി ബന്ധപ്പെട്ട പല വാക്കുകളും ബഹുജനപ്രസ്ഥാനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നതായി കാണാം. മറ്റൊരിടത്ത് ജൂതന്മാരുടെ രാഷ്ട്രീയപാര്‍ട്ടികളില്‍നിന്ന് അത് വേറിട്ടുനില്‍ക്കുന്നതായും അവകാശപ്പെടുന്നുണ്ട്, തത്ത്വദര്‍ശനവും രാഷ്ട്രീയ പരിപാടികളും വിളക്കിച്ചേര്‍ത്ത ഒന്ന്. ''പാര്‍ട്ടികള്‍ ഒത്തുതീര്‍പ്പുകള്‍ക്കും എതിരാളികളുമായി സന്ധിചെയ്യാനും തുനിയുമ്പോള്‍ ദര്‍ശനങ്ങള്‍ അതിന് വഴങ്ങാതെ സ്വന്തം അപ്രമാദിത്വം പ്രഖ്യാപിക്കുന്നു... ഈ ആശയം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനം പൊതുജനാഭിപ്രായത്തിന് മുകളിലും അതിന്റെ നേതാവ് തെറ്റുകള്‍ക്ക് അതീതനുമാണ്. അത്തരമൊരു പ്രതിഭാശാലിയുടെ താത്പര്യം സംരക്ഷിക്കുകയാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം'', അദ്ദേഹം പറയുന്നു. ചുരുക്കത്തില്‍, ഇംഗ്ലീഷ് തത്ത്വചിന്തകന്‍ തോമസ് ഹോബ്‌സിന്റെ ലെവിയത്താനാണ് (Leviathan) മെയിന്‍ കാംഫ് പ്രതിപാദിക്കുന്ന ബഹുജന പ്രസ്ഥാനം.
''മനുഷ്യമനസ്സിനെ പിച്ചിച്ചീന്തി ഇഷ്ടാനുസരണം പുനഃസൃഷ്ടിക്കുന്നതിലാണ് അധികാരം കുടികൊള്ളുന്നത്'' എന്ന് ഓര്‍വെല്ലിയന്‍ കഥാപാത്രം (O'Brien, Nineteen Eighty Four) പറയുന്നതാണ് മെയിന്‍ കാംഫില്‍ ഹിംസയുടെയും പ്രൊപ്പഗാന്‍ഡയുടെയും പങ്ക്. ശത്രുക്കളെ രാജ്യദ്രോഹികളാക്കി ഇല്ലായ്മചെയ്യുന്നതും സ്വപക്ഷക്കാരുടെ ഐക്യം ഉറപ്പിക്കുന്നതും മാത്രമല്ല, ചെറുത്തുനില്പിന്റെയും ആവശ്യമില്ലാത്ത ആഗ്രഹങ്ങളുടെയും മുനയൊടിച്ചുകളയുന്നതും ഹിംസയുടെ ഉദ്ദേശ്യംതന്നെ. ''എതിരാളിയെ അടിച്ചമര്‍ത്താനും ആത്മവീര്യം കെടുത്താനുമുള്ള രാഷ്ട്രീയ നാടകമാണ് സ്റ്റോം ട്രൂപ്പേഴ്‌സിന്റെ തെരുവ് യുദ്ധങ്ങള്‍'' എന്ന പറച്ചില്‍ അര്‍ഥഗര്‍ഭമാണ്. അതേസമയം, ഹിംസയെ രക്ഷാപ്രവര്‍ത്തനമായി വേണം പൊതുജനമധ്യേ അവതരിപ്പിക്കേണ്ടതെന്നും അല്ലാത്തപക്ഷം സമൂഹത്തിന്റെ പിന്തുണ അതിന്റെ ഇരകള്‍ക്കനുകൂലമാകുമെന്നും സൂചിപ്പിക്കുന്നുമുണ്ട്. ശത്രുക്കളെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയും ഹിംസയെ ന്യായീകരിക്കുന്നൊരു ജീവിതവീക്ഷണം (weltanschauung) അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന് പരിഹാരമായി നിര്‍ദേശിക്കുന്നത്. ഇവിടെയാണ് പ്രൊപ്പഗാന്‍ഡ പ്രസക്തമാകുന്നത്.
ജനങ്ങളെ നിഷേധാത്മകമായി ശത്രുക്കള്‍ക്കെതിരേ സംഘടിപ്പിക്കാന്‍ അനായാസമാണെന്ന് പുസ്തകം നിരീക്ഷിക്കുന്നു. സാങ്കല്പികശത്രുവിന്റെ ഉമ്മാക്കികാട്ടി അവരെ ഭയപ്പെടുത്തുക, വൈകാരികമായി ഇളക്കി എല്ലാ തിന്മകളോടും സന്ധിചെയ്യാന്‍ പാകപ്പെടുത്തുക, അവരുടെ മനസ്സിനെ, ഓര്‍മ്മയെ, ചിന്താശക്തിയെ, മൃദുലവികാരങ്ങളെ ആഗിരണംചെയ്ത് ബ്ളീച്ചാക്കുക, മനോഹത്യ ഇതാണ് ലക്ഷ്യം. ഇത് മനുഷ്യരില്‍ ഒരുതരം 'ക്രൂവല്‍ ഓപ്റ്റിമിസം' (cruel optimism) സൃഷ്ടിക്കുമെന്നാണ് കള്‍ച്ചറല്‍ തിയറിസ്റ്റ് ലോറെന്‍ ബെര്‍ലന്റെ അഭിപ്രായം. ഈ ഉത്തരവാദിത്വമാണ് പ്രൊപ്പഗാന്‍ഡയുടെത്. ആരെ ഉദ്ദേശിച്ചാണോ അത് തയ്യാറാക്കുന്നത് അവരുടെ ബൗദ്ധികനിലവാരവുമായി ചേര്‍ന്നുപോകുന്നതാവണം അതിന്റെ ഉള്ളടക്കം. സത്യധര്‍മാദികളോ മാനുഷിക പരിഗണനകളോ, ഒന്നും അതിന്റെ പരിഗണനാവിഷയമാകാനും പാടില്ല. ''അത് സത്യമായതുകൊണ്ട് ജനങ്ങള്‍ വിശ്വസിക്കുന്നു, ജനങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ട് അത് സത്യമാകുന്നു'' എന്നാണ് ഹിറ്റ്‌ലറുടെ നിലപാട്. വാമൊഴിക്കാണ് പ്രൊപ്പഗാന്‍ഡയില്‍ സ്ഥാനം. അതിലൂടെ മാത്രമേ 'വികാരത്തിന്റെ പ്രതിരോധത്തെ'(resistance of emotions) കീഴടക്കാനാവൂ എന്നും പ്രൊപ്പഗാന്‍ഡയുടെ ഉള്ളടക്കം വ്യക്തവും ഹ്രസ്വവും പെന്‍സില്‍മുനപോലെ കൂര്‍ത്തതും (ഫോക്കസ്ഡ് എന്ന് വായിക്കുക) ആയിരിക്കണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ഫലമോ, ഇന്ദ്രജാലക്കാരനെപ്പോലെ ജനങ്ങളെ അദ്ദേഹം സ്വന്തം മാസ്മരവലയില്‍ വീഴ്ത്തി. വ്യക്തിത്വത്തിന്റെ ചിറകരിഞ്ഞ് ആള്‍ക്കൂട്ടമാക്കി, ഭയവും വെറുപ്പും അരക്ഷിതാവസ്ഥയും സംയോജിപ്പിച്ച് ഉന്മാദാവസ്ഥയിലാക്കി, തന്റെ പരക്ഷേമകാംക്ഷയിലും കഴിവിലും സത്യസന്ധതയിലും മൂഢമായി വിശ്വസിപ്പിച്ച് ശത്രുനിഗ്രഹം അവരുടെ കടമയാക്കി മാറ്റി. ഇതുമൂലമാവണം ചരിത്രം എപ്പോഴെങ്കിലും കാപട്യത്തിന്റെ കടമ ജര്‍മന്‍കാരെ ഏല്‍പ്പിച്ചാല്‍ അവര്‍ അതിന്റെ എക്കാലത്തെയും ഉത്തമ മാതൃകയായിരിക്കുമെന്ന് പോളിഷ് നോവലിസ്റ്റ് ആന്‍ട്രെ ഷെപിയോസ്‌കി എഴുതിയത് (Andrzej Szczypiorski, The Beautiful Mrs. Seidenman).
മതം, കല, സംസ്‌കാരം
ഇവിടെയും മെയിന്‍ കാംഫിന്റെ നിരീക്ഷണങ്ങളില്‍ വംശീയതയുടെ അംശം കാണാം. ഉദാഹരണമായി, വിശ്വാസത്തിലധിഷ്ഠിതമായ സദാചാരനിഷ്ഠയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കടന്നുവരുന്നത് മതമല്ല, വംശവും നാസിസവുമാണ്. രണ്ടിനെയും വിശ്വാസത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നു എന്ന് മാത്രം. ഇതിനര്‍ഥം ഫ്യൂററെയല്ലാതെ മറ്റൊരു അധികാര കേന്ദ്രത്തെയും നാസിസം അംഗീകരിക്കുന്നില്ല എന്നാണ്. ലോകത്തിന്റെ രാഷ്ട്രീയ, വംശീയ ഭൂപടം മാറ്റിവരയ്ക്കാനുള്ള തത്രപ്പാടില്‍ മതവുമായുള്ള ഭിന്നതകള്‍ താത്കാലികമായി മൂടിവെച്ചു എന്നേ ഉള്ളൂ. അപ്പോഴും ക്രൈസ്തവസഭയുടെ വളര്‍ച്ചയും ആധിപത്യവും ഹിറ്റ്‌ലറെ അലട്ടിയിരുന്നു എന്ന് അദ്ദേഹത്തിന്റെ ചില സംഭാഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ''മനുഷ്യന്റെ നൈസര്‍ഗിക ജീവിതത്തിന് എതിരാണ് ക്രൈസ്തവസഭ'' എന്ന് 1941-ല്‍ തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. തൊട്ടടുത്ത വര്‍ഷം ഇത് ഹെയ്ന്റിച്ച് ഹിംലറോട് നേരിട്ട് വ്യക്തമാക്കുന്നു ''പുരോഹിതവര്‍ഗവുമായുള്ള കണക്ക് തീര്‍ക്കേണ്ട കാലം വിദൂരത്തല്ല, എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന അധ്യായം.'' ഇതിനിടയില്‍ ക്രിസ്തുമതത്തിന് പുതിയൊരു വ്യാഖ്യാനം ചമച്ച് 'പോസിറ്റീവ് ക്രിസ്ത്യാനിറ്റി, ജൂതന്മാര്‍ക്കെതിരായുള്ള നീക്കത്തില്‍ ഉപയോഗിക്കുന്നുമുണ്ട്. ''ക്രിസ്തു യഹൂദ വിരുദ്ധനാണെന്നും അദ്ദേഹം അവശേഷിപ്പിച്ച് പോയ കര്‍ത്തവ്യം താന്‍ പൂര്‍ത്തീകരിക്കുന്നു'' എന്നായിരുന്നു അവകാശവാദം.
കൈയില്‍ ആയുധമുള്ളവര്‍ വാക്കുകളിലും ആര്‍ദ്രതയിലും സമയം പാഴാക്കരുത്, ആരുമായും സന്ധിചെയ്യാനോ ആരേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനോ തുനിയരുത്, യുദ്ധത്തിലൂടെയേ ജീവിക്കാനാകൂ, രാജ്യാതിര്‍ത്തികള്‍ മനുഷ്യസൃഷ്ടിയാണെങ്കില്‍ അവര്‍ക്ക് അത് മാറ്റുകയുംചെയ്യാം, രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കണമെങ്കില്‍ യുദ്ധം ഒരു ധാര്‍മിക ഉത്തരവാദിത്വമാണ്, സമാധാനവും മാനുഷിക പരിഗണനകളുമൊക്കെ യുദ്ധാനന്തര ചര്‍ച്ചാവിഷയങ്ങളാണ്, ഇങ്ങനെ പോകുന്നു യുദ്ധത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ നിലപാട്. ജര്‍മനിയെ സംബന്ധിച്ചിടത്തോളം രണ്ട് കാര്യങ്ങള്‍ സുപ്രധാനമാണെന്ന് അത് കരുതുന്നു: ജനസംഖ്യാവര്‍ധനവ്, ജീവിക്കാനാവശ്യമായ സ്ഥലം. രണ്ടും ആര്യന്‍ വംശത്തിന്റെ നിലനില്പിന് ഒഴിച്ചുകൂടാനാകാത്തതാണ്. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ സൈനിക നടപടിയിലൂടെ പിടിച്ചെടുക്കുക എന്ന പോംവഴിയാണ് ഇതിന് നിര്‍ദേശിക്കുന്നത്. രാജ്യത്തിന്റെ ശത്രുക്കളുടെ വംശനാശം മാത്രമല്ല, മറ്റൊരു മഹായുദ്ധത്തിന്റെ സാധ്യതകൂടി മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഹിറ്റ്‌ലര്‍ പുസ്തകരചന നടത്തിയത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.
എല്ലാ മനുഷ്യസംസ്‌കാരവും കലയും സാഹിത്യവും ശാസ്ത്രവും സാങ്കേതികവിദ്യയും ആര്യന്മാരുടെ സംഭാവനയാണെന്ന് പറഞ്ഞുകൊണ്ടാണ് സംസ്‌കാരത്തെക്കുറിച്ചുള്ള ഭാഗം ആരംഭിക്കുന്നത്. അവരെ 'മാനവ സംസ്‌കാരത്തിന്റെ പ്രോമിത്യൂസ്' ആയും ജൂതന്മാരെ, പതിവുപോലെ, അതിന്റെ അന്തകരായും അവതരിപ്പിച്ചിരിക്കുന്നു. മോഡേണ്‍ ആര്‍ട്ടിനെ 'ഡീജനറേറ്റ് ആര്‍ട്ട്' എന്നാണ് വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നതെന്തും, പുസ്തകത്തെ സംബന്ധിച്ചിടത്തോളം, പ്രതിലോമപരവും തന്മൂലം ഡീജനറേറ്റുമാണ്. ഡാഡായിസം, ക്യൂബിസം, എക്‌സ്പ്രഷനിസം, ഇംപ്രഷനിസം... തുടങ്ങിയവയെല്ലാം ഈവിധം അപകീര്‍ത്തിക്ക് പാത്രമായി. ഇത്തരം ധാരണകളാണ്, പില്‍ക്കാലത്ത്, സിനിമയും മാധ്യമങ്ങളും ഉള്‍പ്പെടെ സാംസ്‌കാരിക ജീവിതത്തിന്റെ സമസ്ത മേഖലകളെയും ശുദ്ധീകരിക്കണമെന്ന ചിന്തയിലേക്ക് ഹിറ്റ്‌ലറെ നയിച്ചതും.
സ്വാഭാവികമായും, അധികാരത്തിലെത്തിയ ഹിറ്റ്‌ലറുടെ പ്രഥമ പരിഗണനയില്‍ ഒന്ന് ഇതായി മാറി. അദ്ദേഹത്തിന്റെ സുഹൃത്തും പെയ്ന്ററുമായിരുന്ന അഡോള്‍ഫ് സീഗ്ലെറെയാണ് ഈ ചുമതല ഏല്പിച്ചത്. ഇതോടെ, ഫ്യൂററുടെ വീക്ഷണത്തോട് ചേരാത്തതിനെയെല്ലാം 'അണ്‍ജര്‍മന്‍' എന്ന് തിലകം ചാര്‍ത്തി പുറന്തള്ളി.
1937-ല്‍ സീഗ്ലെര്‍ ഒരു 'ഡീജനറേറ്റ്' ആര്‍ട്ട് എക്‌സിബിഷന്‍തന്നെ സംഘടിപ്പിച്ചു. മോഡേണ്‍ ആര്‍ട്ടിനെ പരിഹസിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതായതിനാല്‍, സൃഷ്ടികളെ പരമാവധി വികൃതമായിട്ടാണ് പ്രദര്‍ശിപ്പിച്ചത്. മോശപ്പെട്ട ലൈറ്റിങ് സംവിധാനം, അടുക്കുംചിട്ടയുമില്ലാതെ കലാരൂപങ്ങളെ നിരത്തിവെയ്ക്കുക, പ്രകോപനപരവും അശ്ലീലച്ചുവയുള്ളതുമായ അടിക്കുറിപ്പുകള്‍... മറുവശത്ത്, ഇതിന് സമാന്തരമായി, 'ഗ്രേറ്റ് ജര്‍മന്‍ ആര്‍ട്ട്' എന്ന മറ്റൊരു
എക്‌സിബിഷനിലൂടെ കലയിലെ 'ശരിയും തെറ്റും' ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമവുംനടന്നു. രണ്ട് ദശലക്ഷം സന്ദര്‍ശകര്‍ ആദ്യ എക്‌സിബിഷന്‍ കാണാനെത്തിയപ്പോള്‍ അതിന്റെ മൂന്നിലൊന്നുപേര്‍ പോലും സമാന്തര പ്രദര്‍ശനത്തിന് എത്തിയില്ലെന്നത് മറ്റൊരു കാര്യം. അനുബന്ധമായി, 'ഡീജനറേറ്റ് മ്യൂസിക്' എന്ന പേരില്‍ മൂന്നാമതൊരു പ്രദര്‍ശനവും സീഗ്ലെര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ചിരുന്നു. ബാഹ്, ഹാന്‍ഡല്‍, മൊസാര്‍ട്ട്, ബിഥോവന്‍, ഷുബെര്‍ട്ട്, വാഗ്‌നര്‍ തുടങ്ങിയവരുടെ സംഗീതത്തിന്റെ സെന്‍സര്‍ഷിപ്പിലാണ് ഇത് കലാശിച്ചത്. ഹിറ്റ്‌ലറുടെ സ്വകാര്യ ശേഖരത്തില്‍ ഇവരുടെ പ്രത്യേകിച്ച് ബിഥോവന്റെയും വാഗ്‌നറുടെയും ആയിരക്കണക്കിന് ശബ്ദലേഖനങ്ങള്‍ ഉണ്ടായിരുന്നപ്പോഴാണ് ഇതൊക്കെ സംഭവിച്ചത് എന്നത് ആലോചനാമൃതമാണ്.
ഇന്ത്യക്കാരേയും ദേശീയപ്രസ്ഥാനത്തെയുംകുറിച്ച് ചില മോശമായ പരാമര്‍ശങ്ങളും ഗ്രന്ഥത്തില്‍ കാണാം (വാല്യം 2, അധ്യായം 14). കാപട്യക്കാരും പൊങ്ങച്ചക്കാരുമെന്നാണ് പുസ്തകം ഇന്ത്യക്കാരെ വിശേഷിപ്പിക്കുന്നത്. 'അവസാന തുള്ളി രക്തംപോലും ചിന്താന്‍ തയ്യാറും ശക്തിയുമുള്ളൊരു രാജ്യത്തെ (ബ്രിട്ടണ്‍) 'അംഗപരിമിതരുടെ മുന്നണിക്ക് ഒന്നും ചെയ്യാനാവില്ല' എന്നാണ് സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാന്ധിജിയേയും അദ്ദേഹത്തോടൊപ്പമുള്ള നേതാക്കളെയും വധിച്ചാല്‍ തീരുന്നതേയുള്ളൂ സ്വാതന്ത്ര്യസമരമെന്ന് ഹിറ്റ്‌ലര്‍, ഹാലിഫാക്‌സ് പ്രഭുവിനോട് പറഞ്ഞതായും സൂചനയുണ്ട്. 1942-ല്‍ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ മെയിന്‍ കാംഫിലെ പരാമര്‍ശത്തെക്കുറിച്ച് വ്യക്തത തേടാന്‍ സുഭാഷ് ചന്ദ്രബോസ് ശ്രമിച്ചെങ്കിലും ഹിറ്റ്‌ലര്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. 'ഇന്ത്യയിലേതുപോലുള്ള സഹനസമരം തേര്‍ഡ് റീച്ചിന് ആവശ്യമില്ല' എന്ന ഒഴുക്കന്‍ മറുപടിയില്‍ അദ്ദേഹം ചര്‍ച്ച അവസാനിപ്പിച്ചു (Sugata Bose, His Majetsy's Opponent: Subhas Chandra Bose and Indian Struggle against Empire).
മെയിന്‍ കാംഫില്‍നിന്ന് ഊറിവരുന്നത് സമഗ്രാധിപത്യത്തിന്റെ വിഷത്തുള്ളികളാണ്. ജയിലറയില്‍വെച്ച് ചിന്തിച്ചുറപ്പിച്ച് എഴുതിത്തുടങ്ങിയ പുസ്തകം, മനുഷ്യരാശിയുടെ തടവറ തീര്‍ത്തു എന്നത് യാദൃച്ഛികമാകാം. മെയിന്‍ കാംഫ് ഇരുപതാം നൂറ്റാണ്ടില്‍ ഇറങ്ങിയ സമഗ്രാധിപത്യത്തിന്റെ ആദ്യ പുസ്തകമാണെങ്കിലും അതിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ട സമാന കൃതികളില്‍നിന്ന് ഒരു കാര്യത്തില്‍ വേറിട്ടുനില്‍ക്കുന്നു. അത് ബീജാവാപം ചെയ്ത ഭരണം അസ്തമിച്ചിട്ടും ഗ്രന്ഥവും ഗ്രന്ഥകര്‍ത്താവും ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു.
ഇന്ത്യയിലും അമേരിക്കയിലും യൂറോപ്പിലും ഉള്‍പ്പെടെ, രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ വംശീയത വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നത് ഇതിന്റെ ദൃഷ്ടാന്തമാണ്. ഹിറ്റ്‌ലര്‍ക്ക് സ്വീകാര്യത നല്‍കുന്ന പല കാര്യങ്ങളും ഇവിടങ്ങളില്‍ സംഭവിക്കുന്നുണ്ട്. ഇന്ത്യയുടെ കാര്യംതന്നെ എടുത്താല്‍, 1980 മുതല്‍ മെയിന്‍ കാംഫിന്റെ സര്‍ക്കുലേഷന്‍ വര്‍ധിക്കുകയും 2010 ആയതോടെ അത് ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടംപിടിക്കുകയും ചെയ്തു. വി.ഡി. സവര്‍ക്കറുടെയും എം.എസ്. ഗോള്‍വല്‍ക്കറുടെയും കൃതികളുടെ പ്രചാരം വര്‍ധിക്കുന്നതും ഏതാണ്ട് ഇക്കാലത്താണ്. 2002-ല്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിലെ ഒരു കണ്ടെത്തലും ശ്രദ്ധേയമാണ്. രാജ്യത്തെ പ്രമുഖ കലാലയങ്ങളിലെ (സെയ്ന്റ് സ്റ്റീഫന്‍സ്, ലേഡി ശ്രീറാം ഡല്‍ഹി, സെയ്ന്റ് സേവിയേഴ്‌സ് മുംബൈ, പ്രസിഡന്‍സി കൊല്‍ക്കത്ത, മൗണ്ട് കാര്‍മലും ക്രൈസ്റ്റും ബെംഗളൂരു) വിദ്യാര്‍ഥികളില്‍ 17%, ബോസിനും ലിങ്കണിനും മണ്‍ഡേലയ്ക്കും മുകളില്‍, തങ്ങളുടെ ഇഷ്ട നേതാവായി തിരഞ്ഞെടുത്തത് ഹിറ്റ്‌ലറെയായിരുന്നു! ഗാന്ധിജിക്ക് കിട്ടിയത് 23% വോട്ടാണെന്നുകൂടി അറിയുക (Manoj Joshi, Hitler as Hero : Society without a Moral Compas, ToI, 26 December). വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഹിറ്റ്‌ലര്‍ പ്രതിനിധീകരിക്കുന്നത് 'കാര്യക്ഷമതയെയും അച്ചടക്കത്തെയും ദേശീയതയെയുമാണ്'!
ജര്‍മനിക്ക് പുറത്തുള്ള പലര്‍ക്കും ഹിറ്റ്‌ലര്‍ ഒരു ഹാസ്യകഥാപാത്രമായിരുന്നു, തുടക്കത്തിലെങ്കിലും. പക്ഷേ, നാം മനസ്സിലാക്കേണ്ടത്, ഹാസ്യകഥാപാത്രമാണെങ്കിലും അല്ലെങ്കിലും, അനിയന്ത്രിത അധികാരം ഒരാളില്‍ വന്നുചേരുമ്പോള്‍ ഭരണസമ്പ്രദായവും അതിനെ നയിക്കുന്ന പ്രത്യയശാസ്ത്രവും ഏതായാലും അയാള്‍ സ്വേച്ഛാധിപതിയാകും എന്നതാണ്. 'ഹിറ്റ്‌ലര്‍ + അധികാരം ക്രൂരതയും ഹിറ്റ്‌ലര്‍ അധികാരം = കോമഡിയും' എന്ന് പ്രസിദ്ധ ടര്‍ക്കിഷ് ജര്‍മന്‍ ഹാസ്യനടന്‍ സെര്‍ദാര്‍ സൊമങ്കു പറഞ്ഞതില്‍ കഴമ്പുണ്ട്. തന്റെ കാലഘട്ടത്തിലെ ജര്‍മന്‍ സമൂഹത്തില്‍ അധികാരത്തിലേറാനാവശ്യമായ ഒരു യോഗ്യതയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മറുവശത്ത്, പരിചാരകന്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍, സൂര്യപ്രകാശത്തെയും നിലാവിനെയും ഭയപ്പെട്ട, മദ്യവും പുകവലിയും മാംസഭക്ഷണവും വര്‍ജിച്ച, അമ്മയെ സ്നേഹിക്കുകയും അവരുടെ ചിത്രം സദാ കീശയിലിട്ട് നടക്കുകയും ചെയ്ത സാധാരണക്കാരനായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍. ഒടുവില്‍ ഒരു ജനതയെ മുഴുവനും അടക്കിവാണു. കിരാതമായ വംശഹത്യ നടത്തി. അദ്ദേഹം വ്യക്തിപരമായി ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പും സന്ദര്‍ശിച്ചിട്ടില്ല. പക്ഷേ, അദ്ദേഹത്തിനുവേണ്ടി മറ്റുള്ളവര്‍ അവ ഒരുക്കി.
അധികാരത്തോട് സത്യം വിളിച്ചുപറയാന്‍ ആരുമുണ്ടായില്ല. അസോസിയേഷന്‍ ഫോര്‍ ദ ഡിഫന്‍സ് ഓഫ് ജര്‍മന്‍ ഓഥേഴ്‌സ് എന്ന സംഘടനയുടെ അവസാന യോഗത്തില്‍ പങ്കെടുത്തുകൊണ്ട് കമ്യൂണിസ്റ്റായിരുന്ന എറിക്ക് മ്യൂസാം പറഞ്ഞത് അനീതിക്കെതിരെയുള്ള ഏത് പോരാട്ടത്തിന്റെയും കാതലാണ്: 'ഇവിടെ കൂടിയിരിക്കുന്നവരില്‍ പലരും ഇനി പരസ്പരം കണ്ടെന്നുവരില്ല. തോല്‍ക്കാന്‍ പോകുന്ന യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് നാം. തേര്‍ഡ് റീച്ചിന്റെ തടവറകളില്‍ ഒരായിരംതവണ മരിക്കേണ്ടി വന്നാലും സത്യം വിളിച്ചുപറയണം, പരസ്യമായി പ്രതിഷേധിക്കണം'. ഇതില്‍ ജര്‍മന്‍ സമൂഹം പരാജയപ്പെട്ടിടത്തുനിന്നാണ് ഹിറ്റ്‌ലറുടെ പടയോട്ടം ആരംഭിക്കുന്നത്. ഇത് അവരുടെ മാത്രം പ്രശ്നവുമല്ല. മാനവരാശിയുടെ മുഴുവന്‍ പ്രതിസന്ധി ഇതില്‍ നിഴലിക്കുന്നു. ജീവിതം ദുസ്സഹവും പ്രതീക്ഷയറ്റുപോവുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെടുകയും അവര്‍ 'രക്ഷകരെ' അന്വേഷിച്ച് തുടങ്ങുകയും ചെയ്യും. അങ്ങനെയെത്തുന്ന 'രക്ഷകരാണ്' പില്‍ക്കാല സമഗ്രാധിപത്യത്തിന്റെ പ്രതിഷ്ഠാപകര്‍. അതിന്റെ (സമഗ്രാധിപത്യത്തിന്റെ) ആദ്യ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് ജനാധിപത്യത്തിലാണെന്നര്‍ഥം. ജനാധിപത്യത്തില്‍ ഉറങ്ങുന്നവര്‍ സമഗ്രാധിപത്യത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കും. അതുകൊണ്ടുതന്നെ നാസിസം മരിക്കുന്നില്ല. അത് മയക്കത്തിലാണ്ടുകിടക്കും, അനുകൂല സാഹചര്യം വരുമ്പോള്‍ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍. ലോകചരിത്രത്തിന്റെ പാതി മാത്രമേ സ്നേഹ ചരിത്രമാകുന്നുള്ളൂ, മറുപാതി വെറുപ്പിന്റെതാണെന്ന് തുടക്കത്തില്‍ പറഞ്ഞത് അന്വര്‍ഥമാണ്. ആ വെറുപ്പിന്റെ ഓര്‍മപ്പുസ്തകമാണ് മെയിന്‍ കാംഫ്.
(കേരള യൂണിവേഴ്‌സിറ്റി മുന്‍ പ്രോ- വൈസ് ചാന്‍സലറും പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറുമാണ് ലേഖകന്‍.)
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷന് ഇവിടെ ക്ലിക് ചെയ്യൂ
Content Highlights: 100th year of hitler autobiography mein kampf dr prabhash writes