ട്രാക്കിലൂടെ കുറേദൂരം നടന്നു, ബാഗില്‍ നിന്നും കത്തെടുത്ത് പുറത്തുവെച്ചു, അവസാനിപ്പിക്കാന്‍ പോവുകയാണ്

വിനോദ് കോവൂരിന്റെ അനുഭവക്കുറിപ്പുകള്‍ 'വിനോദയാത്ര' ആരംഭിക്കുന്നു.
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍നിന്നു ഡിഗ്രി പഠിച്ചിറങ്ങിയ സമയം. എന്നെ കലാകാരനാക്കിയതില്‍ ഗുരുവായൂരപ്പന്‍ കോളേജിനു വലിയ പങ്കുണ്ട്. പഠിച്ച മൂന്നുവര്‍ഷവും ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മിമിക്രിയിലും മോണോ ആക്ടിലും നാടകത്തിലും സംഗീതത്തിലും നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. കോളേജ് വിട്ടിറങ്ങുമ്പോള്‍, 'വിനോദിനെ ഭാവിയില്‍ സിനിമാനടനായി കാണണം' എന്നു പറഞ്ഞ് അദ്ധ്യാപകരും അനുഗ്രഹിച്ചു.
സിനിമാനടനാകണം. ഞാനും ഏറെ ആഗ്രഹിച്ചു. അങ്ങനെ തുടര്‍വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാതെ മുഴുവന്‍ സമയവും കലയ്ക്കുവേണ്ടി മാറ്റിവെച്ചു. അന്നൊക്കെ പത്രങ്ങളിലും ചിത്രഭൂമി തുടങ്ങിയ സിനിമാ മാഗസിനുകളിലും വരുന്ന 'അഭിനേതാക്കളെ ആവശ്യമുണ്ട്' എന്ന സിനിമാപരസ്യങ്ങള്‍ക്കെല്ലാം അപേക്ഷിക്കും. ചിലര്‍ വിളിക്കും. ഇന്റര്‍വ്യൂ നടക്കും. പിന്നെ അറിയിക്കും, സിനിമയിലേക്കു സെലക്ട് ആയിട്ടുണ്ട്. ഇനി ക്യാമറ ടെസ്റ്റ് ഉണ്ട്. അതിനു രണ്ടായിരം രൂപയുമായി വരണം എന്ന്. അച്ഛനും അമ്മയും ഗവണ്‍മെന്റ് ജോലിക്കാരായതുകൊണ്ടും മകന്‍ സിനിമാനടനാകണമെന്നു മോഹമുള്ളതുകൊണ്ടും ചോദിക്കുമ്പോഴൊക്കെ കാശു തന്ന് സഹായിച്ചു. അങ്ങനെ പല സിനിമക്കാര്‍ക്കായി 2000 മുതല്‍ 5000 വരെ കൊടുത്തിട്ടുണ്ട്. അതൊക്കെ തട്ടിപ്പാണെന്നു പിന്നീടാണ് മനസ്സിലായത്. അച്ഛനും എനിക്കുവേണ്ടി പലരെയും പോയി കണ്ടിരുന്നു.
കെ.പി.എ.സി.യുടെ അമരക്കാരനായ തോപ്പില്‍ ഭാസി കാലുമുറിച്ച് മെഡിക്കല്‍ കോളേജില്‍ കിടക്കുമ്പോള്‍ അച്ഛനായിരുന്നു വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്തത്. ഒരു ദിവസം അച്ഛന്‍ എന്നെയുംകൊണ്ട് ആശുപത്രിയില്‍ ചെന്ന് തോപ്പില്‍ ഭാസി സാറിനു പരിചയപ്പെടുത്തി. സംസാരത്തിനിടയില്‍ എന്റെ സിനിമാ മോഹമറിഞ്ഞ തോപ്പില്‍ ഭാസി സാറ്, എം.ടി. വാസുദേവന്‍ നായര്‍ക്ക് ഒരു കത്തെഴുതി. ഈ കത്ത് എം.ടിയെ കാണിച്ചാല്‍ മതി എന്നു പറഞ്ഞു. പിറ്റേദിവസംതന്നെ ഞാനും അച്ഛനും എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ ചെന്നു. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് എം.ടിയുടെ കാലവും നാലുകെട്ടുമെല്ലാം വായിച്ച് എം.ടി. സാറിനോട് ആരാധന തോന്നിയത്. ആ എം.ടി. സാറിനെ ആദ്യമായി കാണുകയാണ്, നേരില്‍. അച്ഛന്‍ കത്തു കൊടുത്തു. കത്തു വായിച്ചശേഷം എന്നെ അടിമുടി ഒന്നു നോക്കീട്ട്, 'നന്നായ് അഭിനയിക്കുമോ?' എന്നു ചോദിച്ചു.
'ഓ' എന്നു പറഞ്ഞു. അച്ഛന്‍ കൂട്ടിച്ചേര്‍ത്തു, 'പാട്ടബാക്കി, പാഠം രണ്ട് ഭാരതം, ശകുനി, കരിനിഴല്‍, ചന്ദ്രോത്സവം തുടങ്ങിയ നാടകങ്ങളിലെല്ലാം ബാലനടനായി അഭിനയിച്ചിട്ടുണ്ട്. കാമ്പിശ്ശേരി നാടകമത്സരത്തില്‍ മികച്ച ബാലനടനുള്ള അവാര്‍ഡും കിട്ടീട്ടുണ്ട്.'
അത്രയും നേരം ഗൗരവത്തിലിരുന്ന എം.ടി. സാര്‍ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു, 'മിടുക്കന്‍, എന്തെങ്കിലും അവസരം വരുമ്പോള്‍ ഞാന്‍ അറിയിക്കാം,'
എം.ടി. സാറിന്റെ വിളിയും കാത്ത് മാസങ്ങള്‍ നീക്കി. അതിനിടയ്ക്കാണ് ചേട്ടന്‍ എല്‍.എല്‍.ബി. പാസായത്. എന്റോള്‍മെന്റിന് ഞങ്ങള്‍ കുടുംബസമേതം കൊച്ചിയില്‍ പോയി. ഈ സമയത്ത് എം.ടി. സാറിന്റെ വിളി വന്നു. അന്നു വീട്ടില്‍ ഫോണില്ല. അടുത്ത വീട്ടിലേക്കാണ് ഫോണ്‍ വന്നത്. അയല്‍ വീട്ടുകാര്‍ ഞങ്ങള്‍ ഇവിടെ ഇല്ല, കൊച്ചിയിലാണെന്ന് അറിയിച്ചു. രണ്ടുദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് എം.ടി. സാര്‍ വിളിച്ച കാര്യം അറിയുന്നത്. അച്ഛന്‍ എം.ടി. സാറെ വിളിച്ചു. ഒരു സിനിമയിലേക്ക് നാലു കൗമാരപ്രായക്കാരെ വേണമായിരുന്നു. കോഴിക്കോട്ട് ഹോട്ടലില്‍ മുഖാമുഖം ഉണ്ടായിരുന്നു. അതിനു വിളിച്ചതായിരുന്നു. അച്ഛന്‍ വിവരങ്ങളൊക്കെ പറഞ്ഞപ്പോള്‍, 'ശരി എന്നാല്‍ മകനെയും കൂട്ടി വരൂ' എന്നു മറുപടി. കോഴിക്കോട് ബീച്ച് ഹോട്ടലിലെ റൂമില്‍വെച്ചാണ് മുഖാമുഖം. അവിടെ എം.ടി. സാറും പ്രഗല്ഭ സംവിധായകന്‍ സേതുമാധവന്‍ സാറും. അച്ഛനോടു പുറത്തുനില്‍ക്കാന്‍ പറഞ്ഞു. എന്നെ ഇന്റര്‍വ്യൂ ചെയ്തു. പാട്ടുപാടാന്‍ പറഞ്ഞു. ഞാന്‍ പാടി. ഒരു സിറ്റുവേഷന്‍ തന്ന് അഭിനയിക്കാന്‍ പറഞ്ഞു. അഭിനയിച്ചു. ഇന്റര്‍സോണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ മോണാ ആക്ടും കാണിച്ചു.
സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാം...
മോണോ ആക്ടിലെ നര്‍മ്മം ആസ്വദിച്ച് ഇരുവരും നന്നായി ചിരിച്ചു. അച്ഛനെ വിളിച്ചു. അവന്‍ നന്നായി ചെയ്യുന്നുണ്ട്. വിവരം പ്രൊഡ്യൂസര്‍ അറിയിക്കും എന്നു പറഞ്ഞു. വീണ്ടും പ്രതീക്ഷയോടെ ഒരു മാസം. വീട്ടില്‍ കത്തു വന്നു. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സേതുമാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് വിനോദ് സെലക്ട് ആയിട്ടുണ്ട്. മൂന്നാം തീയതി ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തണം. മാക്സിമം ഡ്രസ് എടുക്കണം. ഒരുമാസം ഷൂട്ടിങ്ങാണ്. മനസ്സില്‍ സന്തോഷം അലതല്ലി. അറിഞ്ഞവര്‍ ഒക്കെ പറഞ്ഞു വലിയ ഭാഗ്യമാണ്. എം.ടിയുടെ പടം, സേതുമാധവന്റെ സംവിധാനം.
ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. വീട്ടുകാരോടും കുടുംബക്കാരോടും കൂട്ടുകാരോടും ഗുരുക്കന്മാരോടുമെല്ലാം യാത്രപറഞ്ഞ് മൂന്നാം തീയതി ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തി. ഒപ്പം അഭിനയിക്കുന്ന മൂന്നു കൂട്ടുകാരും എത്തിയിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ റൂമില്‍ വന്ന് സിനിമയുടെ കഥയും ഞങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചും പറഞ്ഞു. രാത്രി ഞങ്ങള്‍ നാലുപേരും ഒരു ഡബിള്‍ കോട്ട് കട്ടിലില്‍ നാളെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന സിനിമയെ സ്വപ്നം കണ്ടുറങ്ങി.
പിറ്റേന്ന് നേരത്തേ എഴുന്നേറ്റ് കുളിച്ച് റെഡിയായി. ഈ സമയം റൂമിലേക്ക് മറ്റൊരു കൗമാരക്കാരനും അച്ഛനും വന്നു. പ്രൊഡ്യൂസറുടെ അസിസ്റ്റന്റ് വന്നു പറഞ്ഞു: 'ഇയാള്‍ നിങ്ങളുടെ റൂമില്‍നിന്ന് ഒന്നു പെട്ടെന്നു കുളിച്ച് റെഡിയായിക്കോട്ടെ.'
അവന്‍ കുളിക്കാന്‍ കയറിയപ്പോള്‍ അവന്റെ അച്ഛനോട് ഞങ്ങള്‍ ചോദിച്ചു, 'മകന്‍ ഈ സിനിമയില്‍ ഉണ്ടോ.'
'ങ്ഹാ ഉണ്ട്.' ഞങ്ങള്‍ നാലുപേരും റൂമില്‍നിന്നു പുറത്തുവന്നു സംസാരിച്ചു. 'നാലുപേരല്ലേ സിനിമയിലെ പ്രധാനപ്പെട്ടവര്‍. അതു നമ്മള്‍ നാലുപേരല്ലേ. അപ്പൊ ഇവനെന്തായിരിക്കും വേഷം?'- എല്ലാവരും ചിന്തയിലാണ്ടു.
ഈ സമയം അസോസിയേറ്റ് വന്ന് 'വിനോദ് ഒന്നു റൂം നമ്പര്‍ ഏഴില്‍ ചെല്ലൂ. പ്രൊഡ്യൂസര്‍ കാണണമെന്നു പറഞ്ഞു.' ഞാന്‍ മറ്റു മൂന്നുപേരെയും ഒന്നു നോക്കി. ശേഷം ഏഴാം നമ്പര്‍ റൂമിലേക്കു ചെന്നു. പ്രൊഡ്യൂസറാണോ എന്നെനിക്കറിയില്ല. അദ്ദേഹത്തെ ആദ്യമായി കാണുകയാണ്. 'ങ്ഹാ, വിനോദ് ഇരിക്കൂ.'
ഞാന്‍ ഇരുന്നു.
എന്റെ മുമ്പിലേക്ക് ഒരു കസേര വലിച്ചിട്ട് അയാളും ഇരുന്നു. 'വിനോദ്, ചെറിയൊരു പ്രശ്നമുണ്ട്.' എന്റെ മനസ്സ് പതറി. ചങ്കില്‍ വെള്ളമില്ലാത്ത അവസ്ഥ, കണ്ണു നിറയുന്നപോലെ തോന്നി. അയാള്‍ പറയാന്‍ പോകുന്നതെന്താണെന്ന് എനിക്കു മനസ്സിലായി. അദ്ദേഹം തുടര്‍ന്നു, 'ശരിക്കും സെലക്ഷന്‍ കിട്ടിയത് വിനോദിനല്ല. ഇപ്പോള്‍ റൂമില്‍ വന്ന ആ പയ്യനാണ്.'
ശബ്ദം ഇടറിക്കൊണ്ട് ഞാന്‍ പറഞ്ഞു, 'സാര്‍ എനിക്കു കത്തു വന്നിരുന്നു.'
'ങ്ഹാ, അതു കത്തുവിട്ട ആള്‍ക്ക് മാറിപ്പോയതാണ്.'
അത്രയും കേട്ടപ്പോള്‍ ഞാന്‍ ശരിക്കും വിങ്ങിപ്പൊട്ടി കരഞ്ഞു. 'സാര്‍ വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ വന്നത്. എന്റെ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമെല്ലാം വലിയ പ്രതീക്ഷയിലാണ്.'
അദ്ദേഹം എന്റെ തലയില്‍ തലോടി ആശ്വസിപ്പിച്ചു. 'വിനോദ് നാലുപേരില്‍ ഇല്ലെന്നേയുള്ളൂ. മറ്റൊരു ചെറിയ വേഷമുണ്ട്. അതു വിനോദിനു തരും.' അത് എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെന്നു മനസ്സിലായി. ഞാന്‍ റൂമിലേക്കു മടങ്ങി. അപ്പോഴേക്കും അവര്‍ ലൊക്കേഷനിലേക്കു പോയിരുന്നു. റൂമില്‍ച്ചെന്ന് ഞാന്‍ ഒരുപാട് കരഞ്ഞു. വീട്ടിലേക്കു വിളിച്ച് അച്ഛനോടു വിവരം പറഞ്ഞു. എം.ടി. സാറെ വിളിച്ച് ഇക്കാര്യം പറയാന്‍ പറഞ്ഞു. എം.ടി. സാര്‍ ജ്ഞാനപീഠ പുരസ്‌കാരം വാങ്ങാന്‍ ഡല്‍ഹിയില്‍ പോയിരിക്കയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ സിനിമാ ഷൂട്ടിങ്ങിന്റെ കാഴ്ചക്കാരനായി. ഓരോ ദിവസവും അയാളുടെ അടുത്ത് ഞാന്‍ ചോദിക്കും, 'സാര്‍ ആ വേഷം ഇന്നുണ്ടോ.'
അയാള്‍ പറയും, 'കുറച്ചുദിവസം കഴിയും. വേണമെങ്കില്‍ വിനോദ് വീട്ടില്‍ പൊക്കോളൂ,'
ഞാന്‍ അവിടെ ഒരു അധികപ്പറ്റാണെന്ന് തോന്നി. സാറിനോടു ഞാന്‍ പറഞ്ഞു: 'സാര്‍, ഞാന്‍ വീട്ടിലേക്കു പോകില്ല. പകരം പാലക്കാട്ട് എന്റെ ഒരു കൂട്ടുകാരന്റെ കൂടെയുണ്ടാകും. കൂട്ടുകാരന്റെ നമ്പര്‍ തരാം. അതിലേക്കു വിളിച്ചാല്‍ മതീ.'
കൂടെ കോളേജില്‍ പഠിച്ചിരുന്ന ആനന്ദകൃഷ്ണന്‍ എന്ന കൂട്ടുകാരന്റെയും മറ്റു രണ്ടു കൂട്ടുകാരുടെയും കൂടെ ഒരു റൂമിലായിരുന്നു താമസം. സിനിമാസ്വപ്നം തകര്‍ന്ന കഥ പറഞ്ഞപ്പോള്‍ അവര്‍ എന്നെ ആശ്വസിപ്പിച്ചു. ആ പ്രൊഡ്യൂസറെ തെറിവിളിച്ചു. അവര്‍ നന്നായി മദ്യപിച്ചു. മദ്യപാനശീലമില്ലാത്ത എന്നെ അവര്‍ നിര്‍ബ്ബന്ധിച്ച് കുടിപ്പിച്ചു. മദ്യലഹരിയില്‍ ആ പ്രൊഡ്യൂസറെ പോയി തല്ലണോ എന്ന് ഒരു കൂട്ടുകാരന്‍ ചോദിച്ചതോര്‍മ്മയുണ്ട്. ഒരാഴ്ച കൂട്ടുകാരന്റെ കൂടെ കഴിഞ്ഞു. ഓരോ ദിവസവും സെറ്റിലേക്കു വിളിക്കും. ആയിട്ടില്ലെന്നു മറുപടി. ഒരുദിവസം അദ്ദേഹം വളരെ ദേഷ്യത്തോടെ ഫോണിലൂടെ സംസാരിച്ചു. അതോടെ എന്റെ മനസ്സ് പറഞ്ഞു ആ സിനിമാ സ്വപ്നം പൊലിഞ്ഞു. അന്നു വൈകുന്നേരം കൂട്ടുകാരന്റെ കൂടെയുള്ള താമസം അവസാനിപ്പിച്ച് ഞാന്‍ കോഴിക്കോട്ടേക്കു മടങ്ങാന്‍ തീരുമാനിച്ചു. യാത്രപറഞ്ഞ് ഇറങ്ങി. റെയില്‍വെ സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ വരാന്‍ ഇനിയും 40 മിനിറ്റുണ്ട്. സ്റ്റേഷനില്‍ ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പലതും ചിന്തിച്ചുകൂട്ടി. സിനിമക്കാരനാവുന്നത് സ്വപ്നം കണ്ട ഞാന്‍ അതും ആദ്യ സിനിമ എം.ടി. സാറുടെ രചനയില്‍. നാട്ടിലെത്തി വീട്ടുകാരെയും നാട്ടുകാരെയും കൂട്ടുകാരെയും എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്ത.
ഒടുവില്‍ ഒരു തീരുമാനമെടുത്തു. ഒരു പ്രതിഷേധക്കത്ത് എഴുതിവെച്ച് ആത്മഹത്യചെയ്യാം. റെയിലില്‍ തലവെക്കാം. ബാഗില്‍നിന്നു പുസ്തകമെടുത്ത് കത്തെഴുതി. ശേഷം ബാഗും തൂക്കി രാത്രിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നുനീങ്ങി. നല്ല ഇരുട്ടാണ്. കുറേദൂരം ചെന്ന് ബാഗ് ഒരിടത്തുവെച്ച് റെയിലില്‍ തലവെച്ച് കിടന്നു. അച്ഛനെയും അമ്മയെയും സഹോദരനെയും ഓര്‍ത്ത് കരഞ്ഞു. കത്ത് ബാഗിന്റെ മേലെ വെച്ച് അതിനുമേല്‍ റെയില്‍വേ ട്രാക്കിലെ ഒരു കരിങ്കല്‍കഷണം വെച്ചു. വണ്ടിയുടെ ചൂളംവിളി ദൂരെനിന്നു കേട്ടു. ശരീരം വിയര്‍ക്കാന്‍ തുടങ്ങി. ഏതോ ശക്തി എന്നെ മരണത്തില്‍നിന്നു പിന്തിരിപ്പിക്കുന്നപോലെ തോന്നി. മനസ്സു പറഞ്ഞുസിനിമാരംഗത്തെ ആദ്യ നഷ്ടമല്ലേ? പ്രായം ഇരുപതല്ലേ ആയുള്ളൂ. ഇനി എത്ര സമയം കിടക്കുന്നു. എത്ര സംവിധായകരെ കാണാന്‍ കിടക്കുന്നു. പോസിറ്റീവ് ചിന്തകള്‍ എന്നെ ട്രാക്കില്‍നിന്ന് ഉണര്‍ത്തി. ട്രാക്കില്‍നിന്ന് ഞാന്‍ എഴുന്നേറ്റ് കണ്ണു തുടച്ചു. മനസ്സിനെ ശാന്തമാക്കി. ഞാന്‍ കത്തെടുത്ത് കീറിയിട്ടു. പിന്നെ ബാഗെടുത്ത് സ്റ്റേഷനിലേക്ക് ഓടി. എനിക്കു കോഴിക്കോട്ടേക്കു പോകാനുള്ള വണ്ടിയായിരുന്നു അത്. പെട്ടെന്ന് ടിക്കറ്റെടുത്ത് ജനറല്‍ കംപാര്‍ട്ടുമെന്റില്‍ കയറി. നല്ല തിരക്കായിരുന്നു. ഇരിക്കാന്‍ സീറ്റുകിട്ടിയില്ല. കുറേ ആളുകള്‍ താഴെ പത്രം വിരിച്ച് ഇരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ബാഗ് മടിയില്‍വെച്ച് ഞാനും ഇരുന്നു. തീവണ്ടി മുന്നോട്ടുപാഞ്ഞു.
സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാം...
വര്‍ഷങ്ങള്‍ കടന്നുപോയി. ആ അനുഭവം ഞാന്‍ കുഞ്ഞുണ്ണിമാഷോടു പറഞ്ഞിരുന്നു. മാഷ് പറഞ്ഞു: 'അന്നു നീ റെയിലിനു തലവെച്ചിരുന്നെങ്കില്‍ ഇന്നത്തെ ഞങ്ങളുടെ വിനോദ് കോവൂര്‍ ഉണ്ടാകുമായിരുന്നോ?' അതുകേട്ട് ഞാന്‍ ഒരുപാട് ചിരിച്ചു.
(തുടരും)
Content Highlights: vinod kovoor experiences vinodayathra begins