കാലിലെന്തോ വരിഞ്ഞുചുറ്റി, തള്ളവിരലിൽ തീക്ഷ്ണമായ വേദന, ചോരത്തുള്ളി ഉരുണ്ടു വീണു

അമ്മയുടെ ആണ്ടായിരുന്നു. ബലിയിട്ടത് തറവാട്ടിലാണ്. നനഞ്ഞ കൈ കൊട്ടുമ്പോള്‍ ഒരു കരിങ്കാക്ക ഓലക്കയ്യില്‍ വന്നിരുന്നു. ഞാനതിനെ സൂക്ഷിച്ചുനോക്കി. ഏതോ കൂട്ടില്‍ മുട്ട വിരിഞ്ഞ്, എവിടെല്ലാമോ ചിക്കിപ്പെറുക്കി ചിറകുറച്ച ഒരു പാവം ബലിക്കാക്ക. അത് പേടിച്ചു പേടിച്ചു വന്ന് വാഴയിലയിലെ ചോറുരുള ഒരു കൊത്തു കൊത്തി. എവിടേയ്‌ക്കോ പാറിപ്പോയി.
ബലിയിടല്‍ പൂര്‍ത്തിയായി. രക്തബന്ധു നനഞ്ഞ കൈകള്‍ കൊട്ടുന്ന ഒച്ച മരണത്തിന്റെ നീലനദിയ്ക്കപ്പുറത്തെവിടെയോ പ്രതിധ്വനിക്കുന്നു. അതുകേട്ട് ചിറകാഞ്ഞു വീശിക്കൊണ്ട് ഒരാത്മാവു പുറപ്പെടുന്നു. കൂട്ടില്‍ നിന്നു തീറ്റ തേടിയിറങ്ങുന്ന ഒരു കരിങ്കാക്കയിലാവേശിക്കുന്നു. ഉറ്റവര്‍ സമര്‍പ്പിക്കുന്ന ബലിപിണ്ഡത്തില്‍ നിന്നൊരു വറ്റ് അതിന്റെ പരലോകവിശപ്പാറ്റുന്നു, ഓട്ടക്കണ്ണിട്ടു നോക്കി അത് പ്രിയപ്പെട്ടവരെ കാണുന്നു.. പിന്നെ പരോള്‍ കഴിഞ്ഞ ജയില്‍പ്പുള്ളിയെപ്പോലെ കാക്കയില്‍ നിന്ന് വിഘടിച്ച് തിരികെ ഏതോ രസാതല നിഗൂഢതയിലേയ്ക്ക് പിന്‍വാങ്ങുന്നു. ഹൊ! മനുഷ്യഭാവന തരണം ചെയ്യാത്ത ഏതു വൈതരണിയാണുള്ളത്! പക്ഷേ, ഭാവനയാല്‍ ലഘൂകരിക്കപ്പെടാത്ത വേദനയാണ് മരണം!
Content Highlights: A chilling account of a snake bite and the ensuing chaos, blending personal experience with folklore