'നളിനി' അപൂര്‍വമായ ഒരു പ്രതിഭാസം, ലീല ഓരോ വീട്ടിലും തുടരാവുന്ന ഒരു സാദ്ധ്യത | അടരടരായി ആശാന്‍

'ഒന്നല്ലി കൈയ്യിഹ രചിച്ചിതു നമ്മെയെല്ലാം' എന്ന ബോധം, അബോധവും, പങ്കിടുന്നുണ്ട് നളിനിയും ലീലയും സീതയും സാവിത്രിയും മാതംഗിയും വാസവദത്തയും. എന്നാല്‍, ചില നിരൂപകര്‍ 'ദുരവസ്ഥ'യും 'ചണ്ഡാലഭിക്ഷുകി'യും ആശാന്‍ ഇടംകൈ കൊണ്ടെഴുതിയതാണെന്നും വിലക്ഷണ രചനകളാണെന്നും കരുതി. ദളിത് പക്ഷപാതികളായ ചിലരാകട്ടെ, 'നളിനി'യും 'ലീല'യും വരേണ്യഭാവുകത്വമാണ് പ്രകടിപ്പിക്കുന്നതെന്നും ആശാന്റെ വലതുപക്ഷ നിലപാടാണവയില്‍ പ്രതിഫലിക്കുന്നതെന്നും എന്നാല്‍, 'ദുരവസ്ഥ'യും 'ചണ്ഡാലഭിക്ഷുകി'യും ആശാന്റെ ഇടതുപക്ഷ രചനകളാണെന്നും അവകാശപ്പെട്ടു. അവ പരസ്പരം റദ്ദാക്കുന്നില്ലെന്നും പരസ്പരം സാധൂകരിക്കുന്നതേയുള്ളുവെന്നും അവയിലൊന്നൊഴിയാതെ പ്രകടമാകുന്ന സ്ത്രീപക്ഷരാഷ്ട്രീയവും 'ദുരവസ്ഥ'യിലും 'ചണ്ഡാലഭിക്ഷുകി'യിലും പ്രവര്‍ത്തിക്കുന്ന ദളിത് പക്ഷരാഷ്ട്രീയവും പരസ്പരം നന്നായറിയുമെന്നും 'ചിന്താവിഷ്ടയായ സീത'യില്‍ അവ പ്രകടമായിത്തന്നെ രണ്ടല്ലെന്നും കാണാം. 'നിരുപിക്കില്‍ മയക്കി ഭൂപനെത്തരുണീ പാദജഗര്‍ഹിണി സ്മൃതി' എന്ന സീതയുടെ ആരോപണം നളിനിക്കും ലീലയ്ക്കുമെന്നപോലെ സാവിത്രിക്കും മാതംഗിക്കും ചേരും. ആശാന്റെ നായികമാരിലാര്‍ക്കും ഇണങ്ങുന്ന ആത്മഗതം ആണ് 'കരുതുവതിഹ ചെയ്യ വയ്യ ചെയ്യാന്‍/ വരുതി ലഭിച്ചതില്‍ നിന്നിടാവിചാരം 'എന്നത്. ചിലരതിന് കീഴടങ്ങുന്നു, ചിലരതിനെ മറികടക്കുന്നു. എല്ലാവരും അതില്‍ വിമ്മിട്ടപ്പെടുന്നു. ആശാന്റെ രാഷ്ടീയം ഒന്ന് തന്നെയായിരിക്കെ ഓരോ കൃതിയിലും അത് ഓരോ വടിവെടുക്കുന്നു.
'കരുതുവതിഹ ചെയ്യവയ്യ ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം
പരമ ഹിതമറിഞ്ഞുകൂടയായു
സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം' എന്ന അവസ്ഥ (വ്യവസ്ഥ) 'നളിനി'യിലേക്കാള്‍ തീക്ഷ്ണമായി പ്രതിഫലിക്കുന്നൊരു സന്ദര്‍ഭം ആരാഞ്ഞാണ് ആശാന്‍ 'ലീല'യിലെത്തിയത്. സൗമ്യഗന്ധമുള്ള താമരയാണ് നളിനിയെങ്കില്‍ തീക്ഷ്ണഗന്ധമുള്ള ചെമ്പകമാണ് ലീലയെന്നാശാന്‍ ആമുഖത്തില്‍ പറയുന്നുണ്ട്. നളിനി ഏകാന്തമായൊരു സ്വപ്നമാണെങ്കില്‍ ലീലയില്‍ പ്രതിബിംബിക്കുന്നത് സ്ത്രീജന്മമെടുത്ത ഏവരും ഏറിയോ കുറഞ്ഞോ പങ്കിടുന്ന ഒരു ദുരന്തത്തി ന്റെ അനുഭവസത്യമാണ്. കരുതുവതിഹചെയ്യ വയ്യ എന്ന അവസ്ഥയോട് സാഹസികമായി ഒറ്റയ്ക്ക് പൊരുതി ജയിക്കുന്നു നളിനിയെങ്കില്‍ ലീല തോല്‍വി സമ്മതിക്കുകയാണ്. നളിനി അഭിമുഖീകരിക്കാന്‍ വിസമ്മതിച്ചതിന് ലീല വഴങ്ങുന്നു. ഗേഹവും സുഖവുമൊക്കെ വിട്ട് ഉള്ളില്‍ 'കരുതിയത് ' ചെയ്തു നളിനിയെങ്കില്‍ ലീലയ്ക്ക് ഉള്ളില്‍ കരുതിയത് ചെയ്യാനുള്ള ത്രാണിയുണ്ടായില്ല. ഗുരുജനവചനത്തേയും കുലക്രമത്തേയും താനൊരാള്‍ വിചാരിച്ചാല്‍ ഭഞ്ജിയ്ക്കാന്‍ കഴിയാത്ത തലമുറകളായിത്തുടരുന്ന സ്ത്രീയവസ്ഥയേയും കരുതി ആ 'കുലസുത' അവള്‍ക്കായി നീക്കിവെച്ചതിനെ അനിഷ്ടത്തോടെയാണെങ്കിലും സ്വീകരിച്ചു. ധ്വജാഗ്രത്തില്‍ വക തെറ്റിയേറ്റുവാന്‍ നളിനി വിസമ്മതിച്ചുവെങ്കില്‍ ലീല സമ്മതിച്ചു.
Content Highlights: Kalpetta Narayanan, Adaradarayi Asan, Nalini, Leela, Mathrubhumi