ചിത്രൻ നമ്പൂതിരിയെ അറസ്റ്റ് ചെയ്തപ്പോൾ കിട്ടിയ 50 രൂപ;യൂണിഫോമിന്റെ മധുവിധു അവസാനിച്ച ബലാത്സംഗക്കേസ്

ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ കയറിയ ജോര്‍ജ് അറക്കല്‍ തന്റെ സേവന കാലയളവില്‍ പ്രമാദമായ നിരവധി കൊലപാതകങ്ങള്‍ തെളിയിച്ചുകൊണ്ട് മികച്ച പോലീസ് ഉദ്യോഗസ്ഥനുള്ള അവാര്‍ഡുകള്‍ നിരവധി തവണ നേടിയിട്ടുണ്ട്. പോലീസ് സൂപ്രണ്ടായി വിരമിക്കുമ്പോള്‍ ജോര്‍ജ് അറയ്ക്കലിന്റെ സേവനമികവുകള്‍ പതക്കങ്ങളായും പുരസ്‌കാരങ്ങളായും നിറഞ്ഞുനില്‍പുണ്ടായിരുന്നു. തന്റെ സര്‍വീസ് കാലയളവില്‍ കണ്ടുമുട്ടിയ പ്രമാദമായ കൊലപാതകങ്ങളെക്കുറിച്ച് എഴുതുകയാണ് ഓപ്പൺ ഫയൽ എന്ന പുതിയ കോളത്തിൽ അദ്ദേഹം.
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ താലൂക്കിലെ ചേന്ദമംഗലം പഞ്ചായത്തില്‍ പെട്ട ഗോതുരുത്ത് എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു സ്ഥലമാണ് ഗോതുരുത്ത്. ഇപ്പോള്‍ ഗോതുരുത്തിന്റെ കിഴക്കേ അറ്റത്ത് വടക്കുപുറം എന്ന് സ്ഥലത്തേയ്ക്ക് ഒരു പാലവും പടിഞ്ഞാറു ഭാഗത്ത് മൂത്തകുന്നം എന്ന സ്ഥലത്തേക്ക് മറ്റൊരു പാലവും ഉണ്ട്. ഗോതുരുത്തിന്റെ മദ്ധ്യഭാഗത്തായി സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്കപള്ളിയും അതിനോട് ചേര്‍ന്ന തന്നെ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂളും നൂറ്റാണ്ടുകളായി നിലവിലുണ്ടായിരുന്നു. സമീപ പ്രദേശങ്ങളായ ചാത്തേടം, കോട്ടപ്പുറം, കൂട്ടുകാട്, കൊച്ചുതുരുത്ത് എന്നിവിടങ്ങളിലുള്ള കുട്ടികള്‍ എല്ലാം വിദ്യാഭ്യാസത്തിന് ഗോതുരുത്ത് ഹൈസ്‌കൂളിലാണ് വന്നിരുന്നത്. ഞാനും ഗോതുരുത്ത് സ്‌ക്കൂളിലാണ് പഠിച്ചത്. സ്‌ക്കൂള്‍ പഠനകാലത്ത് എനിക്ക് പോലീസിനെ പേടിയായിരുന്നു. ഒരിക്കല്‍ യൂണിഫോമിട്ട ഒരു പോലീസുകാരന്‍ ഗോതുരുത്തുകാരനായ ഒരു ചേട്ടനെ പിടികൂടുന്നതും അയാളെ വളരെ ക്രൂരമായി മര്‍ദിക്കുന്നതും കാണാന്‍ ഇടയായതോടെ ആ പേടി ഇരട്ടിച്ചു.
Content Highlights: george arakkal memoir case diary of retired sp