‘ഏഴുവാഴപ്പഴം താഴെ വീഴുന്നു’; 'ഴ' വീണ്ടും വീണ്ടും എഴുതിച്ചതും ഇന്നലെക്കഴിഞ്ഞപോലെ ഓർമയുണ്ട്’

വെയിലാറുമ്പോള്‍
#എം.എന്‍. കാരശ്ശേരി
എം.എന്‍. കാരശ്ശേരി|ഫോട്ടോ: മധുരാജ്
എം.എന്‍. കാരശ്ശേരി|ഫോട്ടോ: മധുരാജ്

കാരശ്ശേരി അന്നും ഇന്നും വളരെ ചെറിയൊരു അങ്ങാടിയാണ്. അങ്ങാടി എന്നൊക്കെ ഞാൻ ഒരു കുളൂസിന് പറഞ്ഞതാണ്. ആകെ നാലഞ്ച് പീടികകളേ ഉള്ളൂ. ഒന്ന് മസാലപ്പീടിക. മറ്റൊന്ന് റേഷൻ ഷാപ്പ്. ബാക്കിയൊക്കെ ഞങ്ങൾ 'മക്കാനി' എന്നു പറയുന്ന ചായപ്പീടികകളാണ്. അടുത്തടുത്താണ് ഇവയൊക്കെ. മസാലപ്പീടികയുടെ തൊട്ടടുത്ത് സർവോദയ ഗ്രന്ഥാലയം. ഈ കെട്ടിടത്തിന് മുകളിലാണ് ബീഡിതെറുപ്പ് കേന്ദ്രം, വായനശാല മുതലായവ. ചെറുപ്പക്കാർ തമാശ പറയാനോ തെറി പറയാനോ എന്തെങ്കിലും സ്വാതന്ത്ര്യം അനുഭവിക്കുന്നത് അവിടെയാണ്. വായനശാലയിലെ പ്രധാനപ്പെട്ട പണി കാരംബോർഡ് കളിയാണ്; പിന്നെ പരദൂഷണം.

മതം, രാഷ്ട്രീയം മുതലായവയെപ്പറ്റിയുള്ള വാശിമൂത്ത തർക്കങ്ങൾ. ഒച്ച പൊങ്ങാതെ കള്ളഗർഭങ്ങളെപ്പറ്റിയും കള്ളപ്പുതിയാപ്പിളമാരുടെ വിക്രസുകളെപ്പറ്റിയും രസംപിടിപ്പിക്കുന്ന ചർച്ചകൾ. പീടികച്ചുമരുകളിൽ ആരോ രാവിൽ കരിക്കട്ട കൊണ്ടെഴുതിയ 'ന്യൂസു'കളിൽ വെളിപ്പെടുന്ന സ്വവർഗരതിയുടെ വർത്തമാനം കൊണ്ടുവരുന്ന കളിയും ചിരിയും അങ്ങനെ രഹസ്യമാക്കി വെക്കാറില്ല. ഇതിന്റെ പിന്നാമ്പുറത്തും ഇടയിലുമായി ഞങ്ങളുടെ സ്‌കൂളും മദ്രസ എന്ന മതപാഠശാലയും മുസ്ലിംപള്ളിയും നിന്നു. അങ്ങാടിയിലെ പ്രധാന കഥാപാത്രം 'മുക്കിലെ പീടിക' യാണ്. ഗ്രാമത്തിന്റെ ഹൃദയം തുടിക്കുന്നത് അവിടെയാണ്. അവിടെ നിരത്ത് വടക്കോട്ട് മുക്കത്തേക്കും കിഴക്കോട്ട് കറുത്തപറമ്പിലേക്കും തെക്കോട്ട് കൊടിയത്തൂരിലേക്കും വഴിപിരിയുന്നു. വഴിയുടെ നടുക്ക് ഒരു ചീനിമരമുണ്ട്. അങ്ങനെയാണ് 'മുക്ക്' എന്നുപേരായത്. തൊട്ടടുത്താണ് ഇരുവഞ്ഞിയിലെ ചീപ്പാൻകുഴിക്കടവ്.

മുക്കിലെ പീടികയ്ക്കുനേരേ എതിർ വശത്താണ് 'നടുക്കണ്ടിയിൽ' എന്നു പേരായ ഞങ്ങളുടെ വീട്. കോലായിലിരുന്നാൽത്തന്നെ ആരാവാരങ്ങളെല്ലാം കേൾക്കാം. ചങ്ങാതികൾ ഒത്തുകൂടുന്നതും ഹരം പറയുന്നതും തർക്കിക്കുന്നതും അവിടെത്തന്നെ. അവിടത്തെ ഒരു പണി പത്രം വായനയാണ്. ഒരാൾ വായിക്കും മറ്റുള്ളവർ കേട്ടിരിക്കും. എല്ലാവർക്കും വായിക്കാനറിഞ്ഞുകൂടല്ലോ. വായന തടസ്സപ്പെടുത്തിക്കൊണ്ട് കേൾവിക്കാർക്കിടയിൽനിന്ന് അപ്പപ്പോൾ വാദപ്രതിവാദങ്ങൾ ഉയരും. ചിലത് പിണക്കങ്ങളിലേക്കും അത്യപൂർവമായി ചിലത് കൈയാങ്കളിയിലേക്കും നീളാം.

ഇതൊക്കെ കണ്ടും കേട്ടും ആണ് ഞാൻ പുറംലോകത്തേക്ക് കണ്ണു മിഴിക്കുന്നത്. വീടിന്റെ വിശാലമായ കോലായിൽ കൈയുള്ള ചാരുകസേരയിലിരുന്ന് ബാപ്പ കൂട്ടുകാരെയും നാട്ടുകാരെയും പരിഹസിച്ചു ചിരിക്കുന്നതിന്റെ ഘോഷം വേറെ. എന്റെ ചുറ്റിലും കുരുന്നുപ്രായത്തിൽത്തന്നെ ഒച്ചയും ബഹളവും ഉണ്ടായിരുന്നു; വാദവും പ്രതിവാദവും ഉണ്ടായിരുന്നു; ചോദ്യവും മറുചോദ്യവും ഉണ്ടായിരുന്നു. 'ഞായം പറച്ചിലു'കാർക്കിടയിലാണ് ഞാൻ വളർന്നത്. അന്ന് ഇടയ്ക്കിടെ കേട്ടിരുന്ന ഒരു തത്ത്വം ഞാൻ ഓർത്തുവെച്ചിരുന്നു: 'ന്യായം പറയുമ്പോൾ ന്യായം പറയണം'.

ഇത്തരം ബഡായികളാണ് മുഖ്യം. ആർക്കും കാര്യമായി പണിയും തൊരവും ഇല്ല; ജോലിയും കൂലിയും കമ്മി. കൊല്ലത്തിൽ പാടത്തും പറമ്പിലും ഏതാനും ചില ആഴ്ചകളിലെ കൃഷിപ്പണിയാണ് ആകെയുള്ളത്. അല്ലാത്തനേരം അധികവും ആണുങ്ങൾ പീടികക്കോലായകളിലാണ്.

ചായപ്പീടികകളിലെ ബെഞ്ചിന്മേൽ വരച്ചുവെച്ച കളത്തിൽ 'പതിനഞ്ചുനായും പുലിയും' കളിക്കുകയാണ് ഒരു നേരമ്പോക്ക്. പതിനഞ്ചു ചെറിയ കല്ലുകളാണ് നായ്ക്കൾ. തീപ്പെട്ടിക്കൊള്ളി മുറിച്ചുണ്ടാക്കിയ മൂന്ന് കഷണങ്ങളാണ് പുലികൾ. അവർ തമ്മിലുള്ള മത്സരത്തിൽ ആരു ജയിക്കും എന്നതാണ് പ്രശ്‌നം. പുലിപിടിക്കാതെ നായ്ക്കളെ കാക്കാൻ പണി. ഒരിനം ചതുരംഗം എന്നു പറയാം.

'ഈച്ചയ്ക്ക് ബീഡി ഇടുന്ന'താണ് മറ്റൊരു നേരമ്പോക്ക്. നാലോ അഞ്ചോ പേർ ഒരു ബെഞ്ചിൽ ഓരോ ബീഡി ഇടുന്നു. ആരുടെ ബീഡിയിലാണോ ആദ്യം ഈച്ച വന്നിരിക്കുന്നത് അയാൾക്ക് മറ്റു ബീഡികൾ സ്വന്തമാക്കാം- 'ഈച്ച ഭാഗ്യം' കാത്തിരിക്കുന്ന കളി. ഇത്തരം അലസതകളാണ് ആ ക്ഷാമകാലത്തിന്റെ മുദ്രകൾ.

മഴക്കാലത്ത് സ്‌കൂളുതുറക്കുമ്പോൾ ഉള്ള ദൃശ്യങ്ങൾ കൗതുകകരമാണ്. മഹാഭൂരിഭാഗത്തിനും ഉള്ളത് പനയോലകൊണ്ടുണ്ടാക്കിയതും തലയിൽ ഉറപ്പിക്കുന്നതുമായ 'തൊപ്പിക്കുട'യാണ്. മഴവെള്ളം ക്ലാസിലാവാതെ നോക്കുന്നതിന് കുട്ടികൾ തൊപ്പിക്കുടകൾ വരാന്തയിൽത്തന്നെ വെയ്ക്കണം. ക്ലാസിലിരിക്കുന്ന നേരത്ത് അധികവും വിദ്യാർഥികളുടെ കണ്ണ് തൊപ്പിക്കുടയിലാവും -പശുവോ ആടോ അത് തിന്നുകളയാതെ കാക്കണമല്ലോ.

ചിലർക്ക് തൊപ്പിക്കുടയും ഇല്ല. അവർ വാഴയിലയോ വലിയ ചേമ്പിന്റെ ഇലയോ തലയ്ക്കുമീതെ ഉയർത്തിപ്പിടിച്ചുകൊണ്ടാകും വിദ്യാലയത്തിലേക്കു വരുന്നത്. അവരുടെ കുപ്പായം നനയുകയില്ലേ എന്ന് പേടിക്കാനില്ല. കാരണം കുപ്പായം ഇല്ല. ഉള്ളത് ട്രൗസറോ മാടിക്കെട്ടിയ തുണിയോ മാത്രം. അവരുടെ പുസ്തകം നനയുകയില്ലേ എന്നും പേടിക്കാനില്ല. കാരണം പുസ്തകം ഇല്ല. ഉള്ളത് ഒരു സ്ലേറ്റുമാത്രം. ചിലർക്ക് ആ സ്ലേറ്റുതന്നെയാണ് കുട!

ശീലക്കുടകൾ അപൂർവം. അവയ്ക്ക് മരക്കാലുകളാണ്. കുട കളവുപോകുന്നത് പതിവായതുകൊണ്ട് അവയിൽ പേരെഴുതിക്കുന്നത് ചെറിയൊരു രക്ഷാമാർഗമായിരുന്നു - ആരാന്റെ പേരെഴുതിയ കുടയുമായി ആരും നടക്കുകയില്ലല്ലോ. മുക്കം ചന്തയിൽ 'കുടയിൽ പേരെഴുതാം' എന്ന ബോർഡിനു പിറകിൽ, നിരത്തിൽ ചെരിപ്പുകുത്തിയെപ്പോലെ കുത്തിയിരിക്കുന്ന എഴുത്തുകാരനെക്കൊണ്ടാണ് പേരെഴുതിക്കുക. അതിന് ഒരണ കൂലിയാണ്. കുടയുടെ ഉൾഭാഗത്ത് വെള്ളിനിറത്തിൽ നല്ല സ്‌റ്റൈലായി പേരെഴുതിക്കാണുന്നത് വലിയ അന്തസ്സായിരുന്നു.

ശീലക്കുടയുടെ മരക്കാല് പ്രശ്‌നമാണ്. കുറച്ചുകഴിയുമ്പോൾ നനഞ്ഞ് ചീർക്കും. അപ്പോൾ തുറക്കാൻ പാടാകും. ചിലപ്പോൾ കാലിൽ ഉറപ്പിച്ച 'കുതിരകൾ' ഇളകിപ്പോരും. പിന്നെ ചന്തയിലെ 'കുട നന്നാക്കുന്നവരെ'ക്കൊണ്ട് മാറ്റിച്ചാലേ ശരിയാകൂ.

നല്ല മിനുത്ത ശീലയും നനുത്ത സ്റ്റീലിന്റെ കാലും ഉള്ള കുടകൾ അത്യപൂർവം. ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപകനും പരിഷ്‌കാരിയും തെക്കനുമായ കെ.ടി. ഫിലിപ്പ് മാസ്റ്റർക്ക് അത്തരം ഒരു കുടയുണ്ടായിരുന്നു. അതിനെ ഞങ്ങൾ 'അല്പാക്കിന്റെ കുട' എന്നുവിളിച്ചു. പുറത്തേക്കുവിടുന്ന നേരത്തൊക്കെ കുട്ടികൾ അതിന്റെ കറുത്ത മിനുത്ത തുണിയും വെള്ളിനിറത്തിൽ തിളങ്ങുന്ന സ്റ്റീലിന്റെ കാലും തൊട്ടുനോക്കി രസിച്ചു. അപ്പോൾ അനുഭവപ്പെട്ട തണുപ്പ് ഇപ്പോഴും എന്റെ വിരൽത്തുമ്പിലുണ്ട്.

ഞങ്ങളുടെ സ്‌കൂളിന് അന്ന് ഇസ്സത്തുൽ ഇസ്ലാം എ.യു.പി. സ്‌കൂൾ എന്നായിരുന്നു പേര്. സാരിയും മുഖമക്കനയും അണിഞ്ഞ കുഞ്ഞുപാത്തുമ്മ ടീച്ചർ ആയിരുന്നു പ്രധാനാധ്യാപിക. ഒന്നിലും നാലിലും ഞങ്ങളുടെ ക്ലാസ് ടീച്ചർ അവരായിരുന്നു. പക്ഷേ, ഞങ്ങൾ കൂടുതൽ സ്‌നേഹിച്ചിരുന്നത് രണ്ടാംതരത്തിൽ ക്ലാസ് ടീച്ചർ ആയിരുന്ന ഗോപി മാഷെയാണ്. എപ്പോഴും ചിരിക്കുന്ന നല്ല മനുഷ്യൻ. കറുത്തിട്ടാണ്. സുന്ദരൻ. വെളുത്ത ഷർട്ടും മുണ്ടും. കൈയിൽ വടി കാണുമെങ്കിലും അടിക്കില്ല. ചന്തമുള്ള കടലാസ് പൂക്കളുണ്ടാക്കും ചിത്രം വരയ്ക്കും. ആ ചിരി കാണാൻ എന്തു ഭംഗിയായിരുന്നു!

ഒരുദിവസം രാവിലെ വന്നപ്പോഴാണ് മൂപ്പരെ സ്‌കൂളിൽനിന്നു പുറത്താക്കി എന്നറിയുന്നത്. യു.പി. ക്ലാസിൽ കൈവേല പഠിപ്പിക്കുന്ന തങ്കമ്മ ടീച്ചറെ പ്രേമിച്ചതാണ് കാരണം എന്നു കേട്ടു. 'പ്രേമം' എന്നൊരു സംഗതി ആദ്യം കേൾക്കുകയായിരുന്നു. അത് എന്താണെന്നോ അതുകൊണ്ടുള്ള കുഴപ്പം എന്താണെന്നോ എനിക്കും കൂട്ടുകാർക്കും ഒരെത്തുംപിടിയും കിട്ടിയില്ല. മാഷ് ഹിന്ദുവും ടീച്ചർ ക്രിസ്ത്യാനിയും ആണ് എന്നൊരു വിശദീകരണവും കേട്ടു. തങ്കമ്മ ടീച്ചർ തെക്കത്തിയാണ്. നാട്ടിൽ സാരിയുടുക്കുന്ന ഒരേയൊരു സ്ത്രീ. ഹിന്ദു-ക്രിസ്ത്യാനി എന്നൊക്കെപ്പറഞ്ഞാൽ എന്താണ് വ്യത്യാസം എന്നു തിരിഞ്ഞുകിട്ടിയില്ല. പ്രേമിക്കുന്നത് കൊണ്ട് എന്താണ് പ്രശ്‌നം? ആരോടു ചോദിക്കും? ഏതായാലും ഞങ്ങൾക്ക് ഇഷ്ടപ്പെട്ട മാഷെ നഷ്ടപ്പെടുത്തിയ എന്തോ ഏടാകൂടമാണ് പ്രേമം എന്നുമാത്രം മനസ്സിലായി.

രണ്ടാംതരത്തിലേക്കു പിന്നെ വന്നത് എ.കെ. അബ്ദുറഹിമാൻകുട്ടി മാഷാണ്. എല്ലാവരും എ.കെ. മാഷ് എന്നു വിളിക്കും. കുട്ടികളെ വലിയ സ്‌നേഹമായിരുന്നു. തെറ്റുകണ്ടാൽ കർശനമായി ശിക്ഷിക്കും. കാണാപ്പാഠം പഠിക്കാത്തതിനോ, കണക്കു തെറ്റിക്കുന്നതിനോ ബെഞ്ചിൽ കയറ്റി നിർത്തും; അല്ലെങ്കിൽ ചുട്ട അടി തരും. ഞങ്ങൾക്ക് മൂപ്പരെ പേടിയായിരുന്നു; ഇഷ്ടവുമായിരുന്നു.

അദ്ദേഹത്തിന്റെ ഇഷ്ടവിഷയം കണക്ക് ആണ്. അന്ന് ഗുണകോഷ്ഠം പഠിക്കണം- അതായത് പെരുക്കപ്പട്ടിക. തെക്കന്മാർ എഞ്ചുവടി എന്നുപറയും. 16-ന്റെ വരെയുള്ള ഗുണനം മനഃപാഠം ആക്കണം. 9-നെ 8-കൊണ്ട് ഗുണിച്ചാൽ 72 കിട്ടും എന്ന കാര്യം 'ഒമ്പയ്‌റ്റെട്ട് എഴുപത്തിരണ്ട്' എന്നു ചൊല്ലിപ്പഠിക്കണം. ഇതു കാണാതെ പഠിക്കുന്നതാണ് അന്നൊക്കെ പ്രധാനപ്പെട്ട പഠിപ്പ്.

അക്കാലത്ത് മാതാപിതാക്കൾക്കോ വിദ്യാർഥികൾക്കോ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിഞ്ഞുകൂടാ. കൈയക്ഷരം നന്നാക്കാൻ കോപ്പി എഴുതുന്നതിനു മാതൃകയായി പല വാക്യങ്ങളും സ്‌കൂളിലെ വാതിലുകൾക്കും ജനലുകൾക്കും മുകളിൽ രേഖപ്പെടുത്തിവെച്ചിരുന്ന കൂട്ടത്തിൽ 'വിദ്യാധനം സർവധനാൽ പ്രധാനം' എന്നുണ്ടായിരുന്നു. അതിന്റെ വാസ്തവമായ മൂല്യം രക്ഷിതാക്കൾ തിരിച്ചറിഞ്ഞിരുന്നില്ല. പഠിത്തത്തിൽനിന്ന് വിട്ടുപോകുന്ന കുട്ടികളെ ശാസിക്കാനും തിരിച്ചുകൊണ്ടുവരാനും എ.കെ. മാസ്റ്റർക്ക് വലിയ ശുഷ്‌കാന്തിയായിരുന്നു. പഠിക്കാനുള്ള മടിയും ദാരിദ്ര്യവും ആയിരുന്നു കാരണം.

പലരും ഇളംപ്രായത്തിൽ കന്നുമേയ്ക്കാനോ ചായപ്പീടികയിൽ സഹായത്തിനോ ചൂണ്ടയിട്ടു മീൻപിടിക്കാനോ അണ്ടിപൊറുക്കാനോ പോവും. അന്ന് മസാലപ്പീടികയിൽ സാധനങ്ങൾ പൊതിയാനുള്ള തേക്കില പറിച്ചുകൊടുത്താലും എന്തെങ്കിലും കിട്ടും- ശർക്കരയോ ചായപ്പൊടിയോ ഉപ്പോപോലെ വല്ലതും. കട്ടിയുള്ള പുല്ലാഞ്ഞിവള്ളി മുറിച്ചെടുത്ത് വട്ടത്തിലാക്കി തെങ്ങോലയുടെ ഈർക്കിൽ കുത്തി 'കൂടക്കെണി' ഉണ്ടാക്കും. അതിന്റെ നടുവിൽ ജീവനുള്ള കൂറയെ കെട്ടിത്തൂക്കും. കെണിച്ചുവെച്ച കൂട്ടിൽകടന്ന് കൊത്ത്ള്, കാട തുടങ്ങിയ പറവകൾ കൂറയെ കൊത്തുന്നതോടെ കൂട് താഴ്ന്ന് അകത്ത് പെടും. ഈ പക്ഷികളെ വിറ്റാലും ചില്ലറ പൈസ കിട്ടും. ഇത്തരം കലാപരിപാടികളുമായി ചുറ്റിത്തിരിയുന്ന വീരന്മാരെ പിടികൂടുന്നതിൽ എ.കെ. മാഷ് വിദഗ്ധനായിരുന്നു. കുട്ടികളുടെ ഈ പഠിത്തവിരോധത്തിന് 'കളവ് കാണിക്കുക' എന്നായിരുന്നു പേര്.

തൊട്ടടുത്ത നാടായ കക്കാടിലെ മമ്മദിന്റെ വിദ്യാലയവിരോധം ബഹുജോറായിരുന്നു. കക്ഷി എന്നും കൃത്യസമയത്ത് പുരയിൽനിന്നും ഇറങ്ങും. കൃത്യസമയത്ത് മടങ്ങിയെത്തും. ഒരിക്കലും സ്‌കൂളിലെത്തിയിരുന്നില്ല. അവൻ എവിടെപ്പോകുന്നു എന്ന് ആർക്കും ഒരു പിടിയും കിട്ടിയില്ല. അവന്റെ വീടിനും സ്‌കൂളിനും ഇടയിൽ ഒരു ചെറിയ കാടുണ്ട്. മമ്മദ് ഒരു മരത്തിൽ കയറി ഒളിച്ചിരിക്കും. വൈകുന്നേരം വീട്ടിലേക്കുപോകും. ഇതു കണ്ടെത്തിയ എ.കെ. മാഷ് അവനെ ഭീഷണിപ്പെടുത്തി: ''ഇറങ്ങി വാ, അല്ലെങ്കിൽ ഞാൻ നിന്നെ എറിഞ്ഞു വീഴ്ത്തും'' അവൻ ഇറങ്ങി. പിന്നെ കൃത്യമായി സ്‌കൂളിൽ വന്നു. അവന് അതോടെ 'കാട്ടിലെ മമ്മദ്' എന്നു പേരായി!

എ.കെ. മാഷ് കോൺഗ്രസായിരുന്നു. ഗാന്ധിജിയെപ്പറ്റിയും നെഹ്റുവിനെപ്പറ്റിയുമൊക്കെ ഇടയ്ക്ക് ചില കഥകൾ പറയും. മൂപ്പരുടെ കൂറ്റ് നല്ലതാണ്. അതുകൊണ്ട് ഇടയ്ക്ക് പാട്ടും പാടും. ഞങ്ങളുടെ ഉച്ചാരണം വെടിപ്പാക്കണം എന്ന് വലിയ നിഷ്‌കർഷയായിരുന്നു. 'ഏഴ് വാഴപ്പഴം താഴെ വീഴുന്നു' എന്ന് ഞങ്ങളെക്കൊണ്ട് ആവർത്തിച്ചു പറയിപ്പിച്ചതും 'ഴ' വീണ്ടും വീണ്ടും എഴുതിച്ചതും എനിക്ക് ഇന്നലെക്കഴിഞ്ഞപോലെ ഓർമയുണ്ട്. 'ക്ഷ' ഉച്ചരിക്കാനും എഴുതാനും പഠിപ്പിച്ച ശേഷം ഒരിക്കൽ ക്ലാസ് തുടങ്ങിയ ഉടനെ പറഞ്ഞു: ''തേക്ഷ മണ്ണിന്മേൽ പൂക്ഷ കയറി''. എനിക്കും തിരുവാലൂര് ഇല്ലത്തെ കൃഷ്ണനും അതിലെന്തോ കുഴപ്പമുണ്ട് എന്നു തോന്നി. മറ്റുള്ളവർ അത് ആവർത്തിച്ചു. പിന്നെയാണ് 'ക്ഷ'യും 'ച്ച'യും തമ്മിലുള്ള വ്യത്യാസം ഞങ്ങൾക്കു പറഞ്ഞുതന്നത്.

മാസ്റ്റർ വലിയ ഭക്തനായിരുന്നു: യാഥാസ്ഥിതികനായിരുന്നില്ല. നൃത്തം, നാടകം മുതലായ കലകൾ ഞങ്ങളുടെ നാട്ടിന് പരിചയപ്പെടുത്താൻ മുൻകൈയെടുത്തത് അദ്ദേഹമാണ്. മൗനവായനയും മനക്കണക്കും മനഃപാഠമാക്കലും ആ ഇളംപ്രായത്തിൽത്തന്നെ അദ്ദേഹം ഞങ്ങളെ പരിശീലിപ്പിച്ചു.

വൃത്തി മൂപ്പർക്ക് വലിയ നിർബന്ധമായിരുന്നു. പല്ലുതേക്കാതെയും കുളിക്കാതെയും വന്ന ദരിദ്ര ബാലന്മാരെ സ്‌കൂൾ കിണറിന് അടുത്തു നിർത്തി അദ്ദേഹം വെടിപ്പാക്കുന്ന ദൃശ്യം ഇപ്പോഴും കൺമുൻപിലുണ്ട്. പല്ലുതേപ്പിക്കാനുള്ള ഉമിക്കരിയും നാവുവടിപ്പിക്കാനുള്ള ഈർക്കിലും എപ്പോഴും മേശവലിപ്പിൽ സ്റ്റോക്കുണ്ടാവും. എ.കെ. മാസ്റ്റരുടെ കണ്ണുകൾ കോപംകൊണ്ടു ചുവക്കുന്നത് എല്ലാ പ്രായക്കാരും പേടിച്ചിരുന്നു.

കാരശ്ശേരിയിൽ പിന്നീട് മദ്രസ്സയും മുസ്ലിം പള്ളിയും സ്ഥാപിക്കാൻ എന്റെ മൂത്താപ്പ കോയക്കുട്ടി ഹാജിക്ക് പ്രധാന പിൻബലം അന്യനാട്ടുകാരനായ ഈ അധ്യാപകനായിരുന്നു. പല തലമുറകളെ പഠിപ്പിച്ച ഈ മനുഷ്യന് നൽകിയ ആദരം മറ്റൊരു അധ്യാപകനും ഞങ്ങൾ നൽകിയിട്ടില്ല. എന്നെ സ്വാധീനിച്ച ആദ്യത്തെ ഉസ്താദിന്റെ സ്മരണയ്ക്കാണ് എന്റെ ആദ്യകാല പുസ്തകങ്ങളിലൊന്നായ കാഴ്ചവട്ടം (1997) സമർപ്പിച്ചത്.

തുടരും

Content Highlights: Reflective journey into the social fabric of Karassery village., Insight into the unique bond between teachers and students in the past., Cultural evolution of local gathering spots like tea shops and libraries., Personal anecdote regarding the pedagogical methods of A.K. Master.