'വിറ്റുപോകാതിരുന്ന ബോണ്ടയും ഉള്ളിവടയും മടക്കും അപ്പനൊരിക്കല്‍ പാതി വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്നു'

1979 ഫെബ്രുവരി മാസത്തിന്റെ രണ്ടാം പാതിയിലെ ഒരു ഞായറാഴ്ച. കോട്ടയത്ത് നിന്നും മെത്രാനച്ചന്‍ വന്നു കൂദാശചെയ്ത തെള്ളിത്തോട് പള്ളിയില്‍ ഉച്ചമണി അടിച്ചിരുന്നു. മണിയൊച്ചയുടെ മുഴക്കം നിന്നുപോകുംമുന്‍പേ ആരെങ്കിലുമൊക്കെ 'കര്‍ത്താവിന്റെ മാലാഖ' ചൊല്ലി പ്രാര്‍ത്ഥിച്ചിരിക്കണം. ഞങ്ങളുടെ വീട്ടില്‍ അന്ന് ആരും കുരിശു വരച്ചില്ല; പ്രാര്‍ത്ഥിച്ചില്ല. അന്ന് അപ്പന്‍ അമ്മയേയും ഞങ്ങള്‍ നാലു മക്കളേയും ഉപേക്ഷിച്ചു പോകുമ്പോള്‍ എനിക്ക് അഞ്ചു വയസ്സ് പൂര്‍ത്തിയായിരുന്നില്ല. അനുജത്തിക്കുട്ടി ബിന്ദുവിന് രണ്ടു വയസ്സ്. മേച്ചില്‍പ്പുല്ലുകൊണ്ട് മേഞ്ഞ, മഴയത്ത് ചോര്‍ന്നൊലിച്ച ഞങ്ങളുടെ വീടിന്റെ പിറകിലെ മണ്‍ഭിത്തി വിണ്ടുകീറിയിട്ടുണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാനായി തയ്യാറെടുത്തിരുന്ന ഞങ്ങളുടെ വീടിന്റെ ഭിത്തികളും ഞങ്ങളെപ്പോലെതന്നെ അപ്പന്റെ യാത്ര നിസ്സഹായതയോടെ നോക്കിനിന്നു. ചില നേരങ്ങളില്‍ തൂവിപ്പോയ കണ്ണീര്‍ത്തുള്ളികള്‍ക്ക് ഭണ്ഡാരത്തില്‍ വീഴുന്ന ചില്ലറത്തുട്ടുകളുടെ വില പോലും കര്‍ത്താവും കല്‍പ്പിക്കുകയില്ല.
മുറ്റത്തുനിന്നും നടവഴിയിറങ്ങി അപ്പന്‍ പോകുമ്പോള്‍ എനിക്ക് സന്തോഷമായിരുന്നു. വീട്ടില്‍ പതിവായി ഉണ്ടായിരുന്ന രാത്രിമേളങ്ങള്‍ കാരണമാകാം ഞാന്‍ അങ്ങനെ ചിന്തിച്ചതും സന്തോഷിച്ചതും. പതിവായി രാത്രി മദ്യപിച്ചെത്തുന്ന അപ്പന്‍ തെള്ളിത്തോട് പള്ളിയുടെ മുമ്പിലെത്തുമ്പോള്‍ മുതല്‍ തെറിപ്പാട്ട് വീട്ടില്‍ കേള്‍ക്കാം. പള്ളിയുടെ മുമ്പിൽ മണ്‍വഴിയുടെ ഓരംപറ്റി നിന്നിരുന്ന നീലകുരിശും അതിനുമുന്നിലുണ്ടായിരുന്ന നേര്‍ച്ചഭണ്ഡാരവും വഴിവിളക്കുകള്‍ ഇല്ലാതിരുന്നിട്ടു പോലും അപ്പന്റെ രാത്രിസഞ്ചാരങ്ങള്‍ക്ക് സാക്ഷികളായി. കുരിശടിക്ക് മുകളില്‍ പുതിയതായി പണിതീര്‍ത്ത ദേവാലയത്തിന്റെ അള്‍ത്താരയ്ക്ക് മുന്നില്‍ യൗസേപ്പിതാവ് തന്റെ അനിഷ്ടമെല്ലാം വെളിവാക്കാനെന്നപോലെ ഒരു കയ്യില്‍ ഉണ്ണിമിശിഹയേയും മറ്റേക്കയ്യില്‍ ലില്ലിപ്പൂക്കളും പിടിച്ചു തറയിലേക്ക് കണ്ണുംനട്ട് നിന്നു. രാത്രി ഏറെ വൈകി എത്തുന്ന അപ്പന്‍ അമ്മയുമായി വഴക്കുണ്ടാക്കുന്നതും അടിപിടിയില്‍ കലാശിക്കുന്നതുമൊക്കെ വളരെ ചെറുപ്പത്തില്‍തന്നെ എനിക്ക് ശീലമായിരുന്നു. അത്തരം രാത്രികളില്‍ അമ്മയും ഞങ്ങള്‍ നാലു മക്കളും ഉറങ്ങിയിരുന്നത് വീടിനു മുകളിലെ തൊടിയില്‍ കാട് പിടിച്ചു കിടന്ന ഭാഗത്തിന്റെ ഒത്ത നടുക്ക് വെട്ടിത്തെളിച്ച്, കുട്ടിച്ചാക്കുകളും കീറിയ പായയുമൊക്കെ വിരിച്ച് ഞങ്ങള്‍ത്തന്നെ സൃഷ്ടിച്ച ഒരു ഒളിസങ്കേതത്തിലാണ്.
Content Highlights: babu abrahams Childhood Memories From Parathot to Paris