എന്‍.എസ്. തന്റെ കഥാലോകത്തിലൂടെ എം.ടിയുടെ സാഹിത്യത്തെ സമ്പന്നമാക്കുകയായിരുന്നു എന്നാലോചിച്ചു നോക്കൂ

അക്ഷരംപ്രതി
#കരുണാകരൻ
എം.ടി, എൻ.എസ് മാധവൻ
എം.ടി, എൻ.എസ് മാധവൻ

ലാരചയിതാക്കളും എഴുത്തുകാരും തങ്ങളുടെ മുന്‍തലമുറയിലെ എഴുത്തുകാരെ ''കവര്‍ച്ച'' ചെയ്യുന്നതിനെപ്പറ്റിയും അങ്ങനെ തങ്ങളുടെ തീര്‍ത്തും വ്യത്യസ്തമായൊരു പെയിന്റിംഗ്/സാഹിത്യം നിര്‍മിക്കുന്നതിനെപ്പറ്റിയും ആലോചിക്കാന്‍ അവസരം തരുന്ന അഭിമുഖമുണ്ട് Art Thefts  (Conversation with Tullio Pericoli) ഇതാലോ കാല്‍വിനോയുടെ (Italo Calvino) ലേഖനങ്ങളും അഭിമുഖങ്ങളും സമാഹരിച്ച The Written World and the Unwritten World (Translated from Italian  by Ann Goldstein) എന്ന പുസ്തകത്തില്‍. ഏതെങ്കിലുമൊരു ശൈലിയോ കൃതിയോ അല്ല അങ്ങനെ ആവിഷ്‌ക്കരിക്കപ്പെടുന്നതെന്ന് അവര്‍ പറയുന്നു. മുമ്പത്തെ ഒരു കൃതിയുടെ ആവര്‍ത്തനവുമല്ല സംഭവിക്കുന്നത്. മറിച്ച്, കലയുടെയും സാഹിത്യത്തിന്റെയും അര്‍ഥവത്തായ പുനരുപയോഗമാണ് സംഭവിക്കുന്നത്. ഓര്‍മയെക്കാള്‍, പാരമ്പര്യത്തെക്കാള്‍, കലയുടെയും സാഹിത്യത്തിന്റെയും സര്‍ഗാത്മകമായ വര്‍ത്തമാനത്തെ അത് നിര്‍മിക്കുന്നു. ഏതെങ്കിലും സ്വാധീനത്തെയല്ല, അങ്ങനെ തോന്നുമെങ്കിലും, അത് പ്രകടിപ്പിക്കുന്നത്. പകരം, സ്വാധീനങ്ങളില്‍ നിന്നും വേര്‍പ്പെടുകയും സ്വയം കണ്ടെത്തുകയും ചെയ്യുന്ന ഒരു ജൈവ സമ്പന്നതയാണ് അത്തരം ചിത്രങ്ങളോ, കൃതികളോ ആവിഷ്‌ക്കരിക്കുന്നത്.    

ഇതാലോ കാല്‍വിനോ

'ക്ലീയില്‍ (Paul Klee) നിന്ന് ശരിക്കും കവര്‍ച്ച ചെയ്യാന്‍, എനിക്ക് അദ്ദേഹത്തിന്റെ കണ്ടെത്തല്‍ അനുധാവനം ചെയ്യേണ്ടിവന്നു, അദ്ദേഹത്തിന്റെ സൃഷ്ടിയുടെ ഏറ്റവും പുരോഗമിച്ചതും ഏറ്റവും തിളക്കമുള്ളതുമായ പോയിന്റ്- അത് എന്നോടൊപ്പം കൊണ്ടുപോകുക', ടുലിയൊ പെരികോളി പറയുന്നു. സ്വന്തം ചിത്രങ്ങളെ കണ്ടെത്തിയ വിശ്രുതനായ ചിത്രംവരക്കാരനാണ് പെരികോളി. തന്റെ വരയെ സമകാലികരായ എഴുത്തുകാര്‍ സ്വാധീനിച്ചതിനെപ്പറ്റി അദ്ദേഹം പറയുന്നുമുണ്ട്  നാട്ടുകാര്‍ മാത്രമല്ല, വിദേശികളും അതില്‍ പെടുന്നു. ഇതാലോ കാല്‍വിനോയെ നമുക്ക് വളരെ മുമ്പേ അറിയാം. അടുത്ത ആയിരം വര്‍ഷവും സാഹിത്യം തഴച്ചുവളരുമെന്ന് വിശ്വസിച്ച എഴുത്തുകാരനാണ്, ഒരു പക്ഷെ ഏതുകാലത്തും വായിക്കാന്‍ പുതിയ ഒരു കൃതി കരുതിവെച്ചപോലെ എഴുതിയ കാല്‍വിനോ. ഈ സംഭാഷണത്തിനിടയ്ക്ക് പലപ്പോഴും കാല്‍വിനോ ഓര്‍മിക്കുന്നതും വിവര്‍ത്തനത്തെക്കുറിച്ചുമാണ്: വായനയുടെ പരമമായ ഒരു വ്യവസ്ഥ എന്നുവരെ വിവര്‍ത്തനത്തെ കാല്‍വിനോ പരിചയപ്പെടുത്തുന്നു. 

ഞാന്‍ നമ്മുടെ കലയുടെയും സാഹിത്യത്തിന്റെയും സമകാലിക സന്ദര്‍ഭങ്ങള്‍ ഓര്‍ത്തു.
ഈയിടെ അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ നമ്പൂതിരിയെ അദ്ദേഹത്തിന്റെ സമകാലികരായ എഴുത്തുകാര്‍ ബഷീറും എം.ടി. വാസുദേവന്‍ നായരും വി.കെ. എന്നും സ്വാധീനിച്ചത് മലയാളികളുടെ ദൃശ്യപാഠങ്ങളുടെ ഓര്‍മയാണ്. ഒരുപക്ഷെ  അദ്ദേഹത്തിന്റെ മരണത്തിനുശേഷം വന്ന അനുസ്മരണക്കുറിപ്പുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തതും ആ വരയിലെ പ്രകടമായ സാഹിത്യപരതയുമായിരുന്നു. എം.ടിയുടെ 'രണ്ടാമൂഴം' പോലുള്ള ഒരു നോവലിന്റെ സാഹിത്യജീവിതം നമ്പൂതിരിയുടെ ഭാവനയെ എന്തുമാത്രം പ്രചോദിപ്പിച്ചിരുന്നു എന്ന് പലരും  ഓര്‍മ്മിക്കുന്നുണ്ടായിരുന്നു. എന്നാല്‍, നമ്പൂതിരി, തന്റെ 'ചോള മണ്ഡല' കാലത്തും നിന്നും സമകാലികരായ കഥാകൃത്തുക്കളില്‍ നിന്നും 'കവര്‍ച്ച' ചെയ്യുകയും തന്റേതാക്കുകയും ചെയ്ത കല അതുല്യമായ ഒന്നായിരുന്നു എന്നാണ് വാസ്തവം. പിന്നീട് നമ്മള്‍ അത് 'നമ്പൂതിരിയുടെ വര'യായി മാത്രം കണ്ടെത്തുകയായിരുന്നു. 

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇ. ഹരികുമാറിന്റെ തിരഞ്ഞെടുത്ത ചില കഥകളുടെ ഒരു സമാഹാരം (സുവര്‍ണ കഥകള്‍,ഇ. ഹരികുമാര്‍, ഗ്രീന്‍ ബുക്‌സ്) പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം വന്നു. മറ്റൊരു തലമുറയുടെ കാലത്തുനിന്നും ഇപ്പോള്‍ കിട്ടിയ ക്ഷണംപോലെ. കഥയുടെ സാമൂഹികാന്തരീക്ഷവും കഥയുടെ സമകാലികതയും വളരെ മാറിയെങ്കിലും നമ്മുടെതന്നെ ജീവിതത്തിന്റെ ഓര്‍മ്മ പോലെ ചില തുരുത്തുകള്‍ ബാക്കിയായി നില്‍ക്കുന്നുണ്ടായിരുന്നു. പുസ്തകത്തിന് അവതാരിക എഴുതിയ കഥാകൃത്ത് അഷ്ടമൂര്‍ത്തിയും അന്ന് വേദിയിലുണ്ട്. 'ആധുനികത'യുടെ തിരയൊഴുക്കില്‍ നിരൂപണശ്രദ്ധ വേണ്ടത്ര കിട്ടാതെപോയ കഥാകൃത്താണ് ഹരികുമാര്‍ എന്ന് അവതാരികയില്‍ അഷ്ടമൂര്‍ത്തി പറയുന്നുമുണ്ട്. അത് ശരിയുമാണ്. അല്ലെങ്കിലും, നമ്മള്‍ 'ആധുനികത'യുടെ നഗരകാലം മാത്രം ഓര്‍ക്കുന്നു. 

ഇ.ഹരികുമാർ

തീര്‍ച്ചയായും, സവിശേഷമായ ഒരു കാലത്തിന്റെ പൊതുസന്ദര്‍ഭം ഹരികുമാറിന്റെ കഥകള്‍ക്കുമുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച മലയാളകഥയുടെ 'ആധുനികത'യുടെ ഘട്ടമാണ് അത്. തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, ലളിതാംബിക അന്തര്‍ജ്ജനം, ഉറൂബ്, ബഷീര്‍, തുടങ്ങിയവരില്‍ നിന്നും എം. ടി. വാസുദേവന്‍ നായര്‍വരെയുള്ള ഒരു കാലത്തിന്റെ ഇങ്ങേ ഘട്ടമാണ്, വളരെ സാധാരണമായി മനസ്സിലാക്കിയാല്‍, മേപ്പറഞ്ഞ മലയാള കഥയുടെ  ''ആധുനികത''യുടെ  സാംസ്‌കാരിക സന്ദര്‍ഭം.  കുറേക്കൂടി 'കടന്നു പറഞ്ഞാല്‍' കേരളീയ ജീവിതത്തിലേക്ക് എത്തിയ നഗരവിശേഷങ്ങളിലെ ചില  ഘടകങ്ങള്‍- അസ്തിത്വവാദം, സാമൂഹികജീവിതത്തെ സംശയിക്കല്‍, കുടുംബ ബന്ധങ്ങളില്‍ നിന്നുമുള്ള വേര്‍പെടല്‍ തുടങ്ങി അക്കാലത്തെ കഥകളെ വ്യത്യസ്തമായൊരു അനുഭവത്തിലേക്ക് കൊണ്ടുപോകുന്ന പ്രമേയങ്ങള്‍ പലരുടെയും കഥകളില്‍ ഉണ്ടായിരുന്നു. അതിന് നമ്മളിട്ട ഓമനപ്പേരും പ്രസിദ്ധമാണ്: 'ഡല്‍ഹി കഥകള്‍'. ഹരികുമാര്‍ എഴുതുന്നത് കഥയുടെ ഈ 'നഗരകാല'ത്താണ്. പക്ഷെ അതിന്റെ 'സ്വരം' നേരെത്തെ സൂചിപ്പിച്ച വിധം 'ആധുനികത'യുടെ പ്രകടമായ ലക്ഷണങ്ങളിലായിരുന്നില്ല. അല്ലെങ്കില്‍, എം.ടിയുടെ ഇതിവൃത്തങ്ങളോടുള്ള സാധര്‍മ്യം ഹരികുമാറിന്റെ കഥകളെ 'മുഴുവനായും ആധുനികത'യുടെ കാലത്തിലേക്ക് വേര്‍പ്പെടുത്തുന്നുമുണ്ടായിരുന്നില്ല. എന്നാല്‍, അദ്ദേഹം എം.ടി യില്‍ നിന്നും നടന്നുപോരുകയും ചെയ്തു. എം.ടി യില്‍ അപൂര്‍വമായ 'നഗരവാസം' ഹരികുമാറില്‍ പലപ്പോഴും പ്രകടമായിരുന്നു. വാസ്തവത്തില്‍, ഹരികുമാര്‍ 'ആധുനികത'യുടെ എഴുത്തുകാരന്‍ തന്നെയായിരുന്നു. അയാളില്‍ ഏറിയും കുറഞ്ഞും 'ആധുനികത'യുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൃത്യമായി വേര്‍പെടുന്ന വിധം, എം. ടി നിര്‍മ്മിച്ചെടുത്ത വിധം, തന്റെ എഴുത്തിന്റെ ഒരു സാംസ്‌കാരിക ഘട്ടം ഹരികുമാര്‍ നിര്‍മിക്കുന്നില്ല, അല്ലെങ്കില്‍ അദ്ദേഹം അതില്‍ തല്‍പ്പരനായിരുന്നില്ല.

ഈയൊരു പശ്ചാത്തലത്തില്‍ നമ്മള്‍ ചര്‍ച്ചചെയ്യുന്ന എഴുത്തുകാരുടെ 'കവര്‍ച്ച'യിലേയ്ക്കുതന്നെ ഞാന്‍ തിരിച്ചുചെല്ലട്ടെ.

പോൾ ക്ലീ

മലയാളകഥയുടെ ഓര്‍മയില്‍ അത്തരമൊരു 'കവര്‍ച്ച'യുടെ തിളക്കമുള്ള രണ്ടു സമകാലിക സന്ദര്‍ഭങ്ങള്‍ എന്തായാലുമുണ്ടെന്നു ഞാന്‍ കരുതുന്നു. അതില്‍ ഒന്ന്, എം. ടി. വാസുദേവന്‍ നായരുടെയും മറ്റൊന്ന് എന്‍. എസ്. മാധവന്റെയുമാണ്. തകഴിയുടെ കഥാലോകത്തു നിന്നും സഞ്ചരിക്കുകയും അവിടെ നിന്നും വേര്‍പെടുന്ന മറ്റൊരു ഭ്രമണപഥത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന എം.ടി., എം.ടിയുടെ ലോകത്തില്‍ നിന്നും തുടങ്ങി തന്റെ മാത്രം ഒരു കഥാലോകത്തേയ്ക്കു പ്രവേശിക്കുന്ന മാധവന്‍. സര്‍ഗാത്മകമായ ഈ രണ്ട് സന്ദര്‍ഭങ്ങള്‍ മലയാളകഥയുടെ സര്‍ഗാത്മകമായ 'കവര്‍ച്ച'യുടെയും അവസരമാകുന്നതാണ് നമ്മള്‍ കാണുന്നത്. എന്നാല്‍, മലയാളത്തില്‍ എന്തുകൊണ്ടോ ഈ ദിശയിലുള്ള ചര്‍ച്ചകളോ അന്വേഷണങ്ങളോ ഉണ്ടായില്ല. നമ്മുടെ നിരൂപണം മരിച്ചതുകൊണ്ടല്ല അങ്ങനെ സംഭവിക്കുന്നത്. ഉദാസീനമായ സാഹിത്യത്തെ തങ്ങളുടെ മോഹപ്രാപ്തിയാക്കിയ കഥാകൃത്തുക്കളുടെയും നിരൂപകരുടെയും നിര്‍മാണശാലയില്‍ ഇതെല്ലാം അധികപ്പറ്റാവുകയായിരുന്നു. ഒരു ഭാഷയിലെ സാഹിത്യം തോല്‍പ്പിക്കപ്പെടുന്ന സമയവും അതാണ്.    

കലാരചയിതാവ് ഏതെങ്കിലും ഒരാശയത്തിന്റെ ഉടമയാണ് എന്ന ആശയം പില്‍ക്കാലത്ത് വന്നതാണ് എന്നാണ് കാല്‍വിനോ പറയുക. വളരെ തുടക്കത്തില്‍ കവര്‍ച്ചയുടെ ആശയംതന്നെ നിലനിന്നിരുന്നില്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു. കാരണം 'സ്‌റ്റൈല്‍' ആയിരുന്നു പൊതുവായി ഉണ്ടായിരുന്നതും ആദര്‍ശപരമായ മോഡല്‍ ആയിരുന്നതും. എല്ലാ കലകളും മറ്റൊന്നില്‍നിന്നും ഉത്ഭവിക്കുന്നു. കാല്‍വിനോ പെരികോളിയോടു പറയുന്ന മറുപടി രസികത്തം നിറഞ്ഞതാണ്. ക്ലീയുടെ ഉദാഹരണം കാല്‍വിനോവിനു സമ്മതമാവാതെ വയ്യ. കാരണം ക്ലീ വലിയ ജനിതകശേഷിയുള്ള ഒരു കലാകാരനാണ് എന്ന് കാല്‍വിനൊ കരുതുന്നു. ക്ലീയുടെ ഓരോ ചിത്രവും വഴികള്‍ തുറക്കുന്നു. തീര്‍ച്ചയായും അതില്‍ നിന്ന് മോഷ്ടിക്കപ്പെടും. ഭാവിയുടെ കലയ്ക്ക് സ്വയം പോഷിപ്പിക്കുന്ന ഒരാളാണ് അദ്ദേഹം (പോള്‍ ക്ലീ) എന്ന് കാല്‍വിനോ പറയുന്നു.

പെരികോളി

കലാസാഹിത്യസംബന്ധിയായ ഒരു രഹസ്യമാണ് ഈ 'കവര്‍ച്ച'യുടെ പേരില്‍ നമ്മള്‍ ചര്‍ച്ചചെയ്യുന്നത് എന്ന് കാല്‍വിനോ ഇതിനിടയില്‍ പെരികോളിയോട് പറയുന്നുണ്ട്: ഏതാണ്ട് ഒരു കണ്ടുപിടുത്തത്തിന്റെ മോഷണംപോലെ. തുടര്‍ന്ന്, കാല്‍വിനൊ സാഹിത്യമെഴുത്തിനെ പരാമര്‍ശിക്കുന്നു. ടോള്‍സ്റ്റോയിയെ ഒരു ഉദാഹരണമായി അവതരിപ്പിക്കുന്നു.' ടോള്‍സ്റ്റോയ്: അദ്ദേഹം ജീവിതത്തെ നേരിട്ട് ചിത്രീകരിക്കുന്നുവെന്ന് എപ്പോഴും പറയാറുണ്ട്, എന്നാല്‍ രസകരമായത് തന്റെ കഥ നിര്‍മ്മിക്കാന്‍ അദ്ദേഹം ഉപയോഗിക്കുന്ന രീതി മനസ്സിലാക്കുക എന്നതാണ്'', കാല്‍വിനോ പറയുന്നു: ''അങ്ങനെയുള്ള ഒരു രചയിതാവില്‍ നിന്നും ഒരു പദ്ധതിയും രൂപകല്പനയും ഒരു തന്ത്രവും ഗ്രഹിച്ചുവെന്ന് തോന്നുമ്പോഴെല്ലാം, മറഞ്ഞിരിക്കുന്ന ഒരു  രഹസ്യം പിടിച്ചെടുക്കുന്നതില്‍ വിജയിച്ചതുപോലെ ഞാന്‍ സന്തോഷിക്കുന്നു.''

അല്ലെങ്കിലും, കലയിലേയും സാഹിത്യത്തിലെയും 'കവര്‍ച്ച', Art Theft, അവയുടെ സ്വപ്നശാലികളായ അനുധാവകരുടെ കണ്ടുപിടുത്തമാകണം. അവരുടെ  നിലയ്ക്കാത്ത സഞ്ചാരത്തിന്റെ രേഖകളാവണം. അവര്‍ കലയിലെയും സാഹിത്യത്തിലെയും മുറിയാത്ത കണ്ണികളെ തേടി പുറപ്പെട്ടിരിക്കുന്നു.

കലയിലെ കവര്‍ച്ച, കവര്‍ച്ചക്കാരനയും ഉടമയെയും 'സമ്പന്നമാക്കുന്നു' എന്ന വാദമാണ് പെരികോളിയുടേത്. അത് അദ്ദേഹം ഉദാഹരണങ്ങള്‍ നല്‍കി വിശദമാക്കുന്നു. ഒരു വേള, നമ്മെ അമ്പരപ്പിക്കുന്ന നിരീക്ഷണമാണ് അത്. പിക്കാസോ അങ്ങനെയൊരു കവര്‍ച്ചയിലൂടെ സെസാനെ സമ്പന്നമാക്കുകയായിരുന്നു എന്നുകൂടി പെരികോളി വാദിക്കുന്നു. ഇതിനു മറുപടി പോലെ ഒരിടത്ത് കാല്‍വിനോ ഇത്തരം 'കവര്‍ച്ച'യെ  'സ്‌നേഹിക്കലി'നോടാണ് (act of love) താരതമ്യം ചെയ്യുന്നത്. 'സ്‌നേഹിക്കല്‍' നിലനില്‍ക്കുന്നത് ഏറ്റവും വ്യക്തിപരമായ തലത്തിലാണ്. പക്ഷേ അത് അനന്തമായ ഒരു ശൃംഖലയിലെ പങ്കാളിത്തം കൂടിയാണ്. നമുക്ക് അറിയാവുന്ന ഒന്നിന്റെ ആവര്‍ത്തനഗതിയില്‍, അതിന്റെ കേന്ദ്രത്തില്‍, ഒരു ജീവിയെ പ്പോലെ പ്രവേശിക്കുന്നു. കലയുടെ കവര്‍ച്ചയിലും ഇതൊക്കെ സംഭവിക്കുന്നു എന്നാണ് കാല്‍വിനോ പറയുന്നത്.

ഭാവനയുടെ ലോകം തന്നെയാണ് ഫിക്ഷനെ പുതുക്കുന്നത്. രൂപപരമായ പരീക്ഷണ സന്നദ്ധത അതിനൊപ്പം നില്‍ക്കുന്നു. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഷയെ അപരിമിതമായ സാധ്യതകള്‍ ഉള്ള ഒന്നായി കാണുകയാണ് 'നല്ല' കഥാകൃത്തുക്കള്‍' ആദ്യം ചെയ്യുക. അവര്‍ ഭാഷയുടെ 'പരിമിതി'കളെ അവിശ്വസിക്കുന്നു. എങ്കില്‍, എന്‍. എസ്. മാധവന്‍ തന്റെ കഥാലോകത്തിലൂടെ എം.ടി.യുടെ സാഹിത്യത്തെ സമ്പന്നമാക്കുകയായിരുന്നു എന്നാലോചിച്ചു നോക്കൂ, സാഹിത്യത്തിന്റെ സമകാലികാവസരങ്ങളെ നിങ്ങള്‍ പിന്നെ വിടാതെ പിന്തുടരാന്‍ തുടങ്ങുന്നു. വഴിയില്‍ പൊട്ടി തിരിപ്പിച്ചില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പല സഞ്ചാരവഴികളിലും എത്തുന്നു. അതെ, നമ്മള്‍ 'സ്വാധീന'ങ്ങളെക്കുറിച്ചല്ല, 'കവര്‍ച്ച'കളെക്കുറിച്ചാണ് പറയുന്നത് എന്ന, കുറ്റബോധം തീണ്ടാത്ത, ഓര്‍മ വേണമെന്നുമാത്രം!    

Content Highlights: Aksharamprathi, Karunakaran, M.T Vasudevan Nair, N.S Madhavan, Mathrubhumi