അധികാരികളുടെ നോട്ടപ്പുള്ളി,യൗവനത്തില്‍ നാടുകടത്തല്‍, പുസ്തകനിരോധനം;'അറബ് ഫെമിനിസത്തിലെ ഒരേയൊരു ഹനാൻ

അക്ഷരംപ്രതി
#കരുണാകരൻ
ഹനാൻ അൽ-ഷയാക്ക് ഫോട്ടോ; ഗെറ്റി ഇമേജസ്
ഹനാൻ അൽ-ഷയാക്ക് ഫോട്ടോ; ഗെറ്റി ഇമേജസ്

'എല്ലാ അര്‍ത്ഥത്തിലും അയാളൊരു 'കുള്ളന്‍' തന്നെയാണോ?'' ചെമ്പരത്തിപ്പൂക്കള്‍ പറിച്ചുകൊണ്ടിരുന്നിരുന്ന പെണ്ണുങ്ങളിലൊരാള്‍ ഉറക്കെ അത്ഭുതപ്പെടുന്നതുകേട്ട് മറ്റു പെണ്ണുങ്ങള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. ആ  പൊട്ടിച്ചിരിയാകട്ടെ അവരുടെ കണ്ണില്‍ നിന്നും 'കുള്ളന്‍' മറയുന്നതുവരെയും  തുടരുന്നു. ''ദൈവമേ ഞങ്ങളോട് പൊറുക്കേണമേ!' എന്ന് ആ പെണ്ണുങ്ങള്‍ ഇതിനിടെ പ്രാര്‍ഥിയ്ക്കുന്നുമുണ്ട്. പ്രശസ്ത ലെബനീസ് എഴുത്തുകാരി ഹനാന്‍ അല്‍-ഷയെഖ് (Hanan Al-Shaykh) അവരുടെ ഏറെ പ്രസിദ്ധമായ കഥ 'കന്യകമാരുടെ കാവല്‍ക്കാരന്‍' തുടങ്ങുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്.   ദൈവത്തിനും ജീവിതത്തിനുമിടയില്‍ തന്റെ തന്നെ നിലനില്‍പ്പിന്റെ അര്‍ത്ഥമെന്താണ് എന്ന് തിരഞ്ഞുപോയ ഒരു 'കുള്ളനെ'പ്പറ്റിയാണ്  കഥ. ദൈവവും താനും തമ്മിലെന്ത് എന്ന് അയാള്‍ അന്വേഷിക്കുന്നു. അയാള്‍ ഒരു 'കുള്ളനുമാകുന്നു': രണ്ടു വലുപ്പങ്ങള്‍- ദൈവവും കുള്ളനും തമ്മിലുള്ള അകല്‍ച്ചയുടെയും ബന്ധത്തിന്റെയും ലയത്തിന്റെയും കഥ കൂടിയാകാം  ഇത്. അതിനയാളെ 'സഹായിക്കുന്നത്' ഒരു കന്യകാമഠവും അവിടത്തെ  കന്യാസ്ത്രീകളുമാണ്.  

 കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നിന്നും അവധിക്കെത്തിയ സുഹൃത്തുക്കള്‍ ആര്‍ദ്ര മാനസിയും കീര്‍ത്തിക്ക് ശശിധരനും സമ്മാനിച്ച 'The Art of the Story' എന്ന പുസ്തകത്തിലെ രണ്ടാമത്തെ കഥയാണ്, ''കന്യകമാരുടെ കാവല്‍ക്കാരന്‍'' (The Keeper of the Virgins). കഥ ആയിടെ തന്നെ വായിച്ചിരുന്നു. എപ്പോഴോ മറന്നും പോയിരുന്നു. ചില കഥകള്‍ നമ്മള്‍ മറന്നുപോകുന്നു. അവയോടുള്ള ഇഷ്ടത്തിനൊപ്പംതന്നെ. എന്നാല്‍, മറ്റൊരിക്കല്‍ അവ നമ്മുടെ ഓര്‍മ്മയിലേക്ക്  തിരിച്ചുനീന്തുന്നു. ഈ കുള്ളന്റെ കഥയിലേക്ക് മാസങ്ങള്‍ കഴിഞ്ഞ് ഞാനെത്തുന്നതും അങ്ങനെയായിരുന്നു. മൂന്നോ നാലോ ദിവസം മുമ്പ് ഞാനൊരു സ്വപ്നം കണ്ടു: വലിയൊരു മരത്തിന്റെ തണലില്‍ സര്‍ക്കസ്സുകളിലെ കളിക്കാരന്റെ വേഷത്തില്‍ ഒരാള്‍ കിടന്നുറങ്ങുന്നു. തൂവെള്ള നിറമുള്ള വിരിയില്‍ മലര്‍ന്നുകിടന്നുകൊണ്ട് അയാള്‍ തന്റെ അസാധാരണമായ വലുപ്പമുള്ള കൈപ്പത്തി ശൂന്യതയില്‍ മലര്‍ത്തിപ്പിടിച്ച് വായിക്കുകയാണ്. ആ കാഴ്ച്ചയെത്തന്നെ  മൂടാന്‍ എന്നവണ്ണം ചുറ്റുംനിറയുന്ന നീലാകാശത്തിന്റെ പെരുമയോ ഒച്ചയോ കേട്ടുകൊണ്ടാണ് ഞാനുണര്‍ന്നത്. ആ പുലര്‍ച്ചെ ഞാന്‍ ഹനാന്‍ അല്‍-ഷയെക്കിന്റെ  കഥയിലെ കുള്ളനെ ഓര്‍ത്തു.  

ഹനാന്‍ അല്‍-ഷയെക്ക് അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരില്‍ പ്രസിദ്ധയായ എഴുത്തുകാരിയാണ്. അവരുടെ കഥകളും നോവലുകളും മറ്റു ഭാഷകളിലും രാജ്യങ്ങളിലും ഏറെ വായിക്കപ്പെടുന്നു. സ്വന്തം ജീവിതംകൊണ്ട് തന്നെ അവര്‍ മതപൗരോഹിത്യത്തിന്റെയും ആണ്‍കോയ്മയുടെയും എതിരാളിയാണ്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളിലെയും ഭരണകൂടങ്ങളുടെയും 'നോട്ടപ്പുള്ളി'യുമാണ്. അച്ഛനും സഹോദരനും എതിരേ ആയിരുന്നു ഹനാന്റെ ബാല്യകൗമാര യുദ്ധങ്ങള്‍. പിറകെ യൗവനം വന്നു. യൗവനം അവരെ നാടുകടത്തി. അവര്‍ എഴുത്തുകാരിയായി. അവരുടെ എഴുത്ത് 'അറബ് ഫെമിനിസ'ത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും 'രാഷ്ട്രീയം' അവതരിപ്പിക്കാന്‍ തുടങ്ങി. ചില രാജ്യങ്ങള്‍ അവരുടെ പുസ്തകങ്ങള്‍ നിരോധിച്ചു.  അവരുടെ കഥകള്‍ വായിച്ചവര്‍ അവയെപ്പറ്റി പറഞ്ഞുപരത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ യുദ്ധങ്ങളും അഭയാര്‍ത്ഥികളും ഉണ്ടാവുന്ന ഒരു ഭൂപ്രദേശത്ത് നിന്ന് ഹനാന്‍ സ്വന്തം കഥകളും അനുഭവങ്ങളുമായി തന്റെ 'പ്രവാസ'ത്തെ ജന്മഭൂമിയുമാക്കി.  

 ഹനാന്റെ ഈ ചെറുകഥ, പക്ഷെ, അവരുടെ എഴുത്തിന്റെ മറ്റൊരു 'ജനുസ്സ്' പറയുന്നു. നേരത്തെ പറഞ്ഞ അവരുടെ എഴുത്തിലെ വിഖ്യാതങ്ങളായ ലക്ഷണങ്ങള്‍ ഇതില്‍ കാണില്ല. അല്ലെങ്കില്‍ അങ്ങനെ ഉച്ചത്തിലല്ല അവയൊന്നും. അറേബ്യന്‍ കഥകളുടെ പാരമ്പര്യത്തില്‍ ഈ കഥ വാമൊഴിയുടെ രൂപം സ്വീകരിക്കുന്നു.  

''കന്യകമാരുടെ സൂക്ഷിപ്പുകാരന്‍' ഒരു കുള്ളനാണ്. വാസ്തവത്തില്‍, അയാള്‍ കവിതയും കഥയും എഴുതുന്ന ആളാണ് - ഇന്നുവരെ ആരും അയാള്‍ എഴുതുന്നത് വായിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും. കുള്ളന്‍' എന്നുമാത്രമാണ് കഥയില്‍ ഉടനീളം അയാളെ പരിചയപ്പെടുത്തുന്നത്. എന്നും രാവിലെ ഒരു കൃത്യസമയത്ത് മാസികകളും പുസ്തകങ്ങളും അയാളുടെ അമ്മയുണ്ടാക്കിക്കൊടുത്ത ഉച്ചഭക്ഷണവുമായി ജോലിക്കെന്നപോലെ അയാള്‍ പുറപ്പെടുന്നു. കുറച്ചുദൂരെയുള്ള ഒരു മഠത്തിലേക്കാണ്  അയാള്‍ വരുന്നത്. അവിടെ, മഠത്തിന്റെ പ്രധാന കവാടം തുറക്കുന്നതും കാത്ത് എന്നും നില്‍ക്കുന്നു. ഒരു വര്‍ഷത്തിലധികമായി അയാള്‍ ചെയ്യുന്ന ഒരേയൊരു ജോലിയും അതാണ്. അങ്ങനെ ഗേറ്റില്‍ നിന്നുമുഷിയുമ്പോള്‍ അയാള്‍ പുസ്തകങ്ങള്‍ വായിക്കുന്നു. അങ്ങനെ തന്റെ രാജ്യത്തിലെയും ലോകത്തിലെയും വിശേഷങ്ങള്‍ മനസ്സിലാക്കുന്നു. മഠത്തിനു തൊട്ടടുത്ത് വലിയൊരു  അത്തിമരമുണ്ട്. അതിന്റെ തണലില്‍ ഒരു വിരി വിരിച്ച് മലര്‍ന്നുകിടന്നുകൊണ്ടാണ് പുസ്തകങ്ങള്‍  വായിക്കുക.  

എന്നാലെപ്പോഴും മഠത്തിന്റെ പ്രധാന ഗേറ്റിലേക്ക് ഒരു നോട്ടം 'കുള്ളന്‍' ഉറപ്പു വരുത്തുന്നു.  

ഈയൊരു വര്‍ഷത്തിനിടയ്ക്ക് പലതവണ 'കുള്ളന്‍' ആ ഗേറ്റു തുറക്കാന്‍ അതിനകത്തുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. ''ഞാനവിടമെല്ലാം അടിച്ചുവാരി വൃത്തിയാക്കാം'', ''ചെടികള്‍ക്ക് വെള്ളമൊഴിക്കാം'', ''എല്ലാ ജോലിയും ചെയ്യാം''. കുള്ളന്‍ 'അകത്തുള്ളവരോട്' ഓരോ ദിവസവും വിളിച്ചുപറഞ്ഞു. ''എനിക്ക് പ്രാര്‍ത്ഥിക്കാനാണ്'', ''എനിക്ക് കുമ്പസാരിക്കാനാണ്''.

പക്ഷേ  ഒന്നിനും മഠത്തില്‍ നിന്ന് മറുപടിയുണ്ടാവില്ല. ഒരാളും അയാളോട് ഒന്നും മിണ്ടില്ല.

അല്ലെങ്കില്‍, അയാള്‍ കേട്ട കെട്ടുകഥകളില്‍ ആ കന്യകാമഠം നിഗൂഡമായ ഒരു സ്ഥലമാണ്. കഥകളില്‍ നമ്മള്‍ പറഞ്ഞുണ്ടാക്കുന്ന പ്രദേശങ്ങള്‍ പോലെ. അങ്ങനെയാണ് മഠത്തെക്കുറിച്ച് കുള്ളന്‍ വീട്ടില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും കേട്ടിട്ടുള്ളത്. മാത്രമല്ല, തന്റെ പരിചയക്കാരിയും തന്നോട്  ദയയുമുണ്ടായിരുന്ന ജ്യോര്‍ജ്ജെറ്റ് എന്ന യുവതിയും ഒരു ദിവസം അവളുടെ വീടുപേക്ഷിച്ച് ഈ മഠത്തിലേക്കാണ് വന്നത്. ''സ്വന്തം കാലുകള്‍ മുറിയുന്നതുവരെ ജീവിതത്തിന്റെ മുള്ളുകളിലൂടെ നടക്കാന്‍ അവള്‍ തന്നെത്തന്നെ തിരഞ്ഞെടുക്കുകയായിരുന്നു''. അവള്‍ക്ക് തന്നെ അറിയാം. കുള്ളന്‍ അവളുടെ പേരുവിളിച്ചുമപേക്ഷിച്ചു. ''ഞാനവിടമെല്ലാം അടിച്ചുവാരി വൃത്തിയാക്കാം'', ''ചെടികള്‍ക്ക് വെള്ളമൊഴിക്കാം''..

ഹനാൻ അൽ-ഷയാക്ക്

പലരാലും പരിഹസിക്കപ്പെട്ട തന്റെ ദൈനംദിനപ്രവൃത്തിയെ കുള്ളന്‍ ഉപേക്ഷിച്ചതേയില്ല. ആരുകളിയാക്കിയാലും ആര് തടഞ്ഞാലും അയാള്‍ കാര്യമാക്കിയില്ല. 'ഇങ്ങനെയാണ് കുള്ളന്മാര്‍ പൊതുവെ ലോകത്തെ കാണുന്ന രീതി' എന്ന മട്ടില്‍ ആളുകളും പതുക്കെ കുള്ളനെ മറന്നു. അല്ലെങ്കില്‍  എല്ലാവരും അയാളെ അവഗണിച്ചു. പക്ഷേ, എന്നും അയാള്‍ അതേ ജോലി ചെയ്തു. എന്നും രാവിലെ മഠത്തിലേക്ക് പോയി. എന്നും മഠത്തിന്റെ ഗേറ്റില്‍ പോയി നിന്നു. തന്റെ വരവും ആവശ്യവും വിളിച്ചുപറഞ്ഞു. എന്നും അതേപോലെ അത്തിമരത്തിന്റെ തണലില്‍ കിടന്നു. എന്നും പുസ്തകങ്ങള്‍ വായിച്ചു. അപ്പോഴും മഠത്തിന്റെ ഇരുമ്പുഗേറ്റിലേക്ക് ഒരു കണ്ണുവെച്ചു. ഉറങ്ങാതിരിക്കാന്‍ ചുള്ളിക്കമ്പുകള്‍ കൂട്ടി കത്തിച്ച് ചായയുണ്ടാക്കി കുടിച്ചു. എന്നും  വൈകുന്നേരം തന്റെ 'ജോലി കഴിഞ്ഞ്' വീട്ടിലേക്കു മടങ്ങി.

 ഒരു ദിവസം രാത്രിയായിട്ടും കുള്ളന്‍ വീട്ടിലേക്ക് എത്തിയില്ല. മകനെ കാത്തുകാത്തിരുന്ന കുള്ളന്റെ അമ്മ കരയാന്‍ തുടങ്ങി. വഴിയില്‍ അവന് എന്തെങ്കിലും പറ്റിയിരിക്കും എന്ന് അവര്‍ ഉറപ്പിച്ചു. അവര്‍ മകനെ വിളിച്ച് ഉറക്കെയുറക്കെ കരഞ്ഞുകൊണ്ടേയിരുന്നു. കുള്ളന്റെ സഹോദരനാവട്ടെ, ശരിക്കും പേടിച്ചു. പട്ടണത്തില്‍ ഇപ്പോഴുള്ള സര്‍ക്കസ്സ് സംഘം തന്റെ കുള്ളനായ സഹോദരനെ പിടിച്ചുകൊണ്ടുപോയിട്ടുണ്ടാകും. അവരുടെ സംഘത്തില്‍ അവനെ ചേര്‍ത്തിട്ടുണ്ടാവും. കുള്ളന്റെ സഹോദരന്‍ ആ കന്യാമഠത്തിലേക്ക് ഓടി. 'ഉയരം വളരെ കുറഞ്ഞ ഒരാളെ' ഈ വഴിയില്‍ എവിടെയെങ്കിലും നിങ്ങള്‍ ആരെങ്കിലും കണ്ടുവോയെന്ന് ആ ഓട്ടത്തില്‍ അവന്‍ പലരോടും ചോദിച്ചു. ചിലര്‍ കൈ മലര്‍ത്തി. ചിലര്‍ അങ്ങനെ ആരെയോ ഓര്‍ത്തു. അവന്‍ കന്യാമഠത്തിന്റെ അടച്ചിട്ട ഇരുമ്പുഗേറ്റില്‍ ശക്തിയായി മുട്ടി. തന്റെ സഹോദരന്റെ പേരുപറഞ്ഞ് ഉറക്കെ പല തവണ വിളിച്ചു. അവസാനം അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കന്യാമഠത്തിന്റെയുള്ളില്‍ നിന്നും കുള്ളന്റെ മറുപടി വന്നു.

 ''എന്താ?''

''ദൈവത്തിന് നന്ദി! നീ സുരക്ഷിതനായിരിക്കുന്നുവല്ലോ...'' കുള്ളന്റെ സഹോദരന്‍ ഗേറ്റിനിപ്പുറത്ത് നിന്ന്  വിളിച്ചുപറഞ്ഞു. അവന്  സന്തോഷംകൊണ്ട് കരച്ചില്‍ വന്നു. ''വാ, നമ്മുക്ക് വീട്ടില്‍ പോകാം'' അവന്‍ പറഞ്ഞു. ''അല്ലെങ്കില്‍ നമ്മുടെ അമ്മ  എന്തെങ്കിലും ചെയ്തുകൂട്ടും''..

''വേവലാതിപ്പെടെണ്ടാ' കുള്ളന്‍ പറഞ്ഞു.''അമ്മയോട് പറയൂ, ഞാനിപ്പോള്‍ ഈ  കന്യാസ്ത്രീകളുടെ കാവല്‍ക്കാരനാണെന്ന്. സന്തോഷവാനുമാണ്.  വേവലാതിപ്പെടെണ്ടാ എന്നുപറയൂ...'

കുള്ളന്‍ കന്യാമഠത്തിനകത്ത് കയറിയത് ആരെങ്കിലും ഗേറ്റ് തുറന്നുകൊടുത്തിട്ടൊന്നുമല്ല. മതില്‍ ചാടി കടന്നതുമല്ല. (അല്ലെങ്കില്‍ ഒരു കുള്ളന് ഇതൊക്കെ എങ്ങനെ സാധിക്കും?). പകരം  ഇത്രയും നാള്‍ തന്റെ അവസരത്തിനായി കാത്തുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ആ അവസരം കുള്ളന്‍  ഉപയോഗിക്കുകയും ചെയ്തു.

പട്ടണത്തില്‍ നിന്നും എല്ലാ വര്‍ഷവും ഒരു ദിവസം കന്യാമഠത്തിലേക്ക് എത്തുന്ന ലോര്‍ഡ് ബിഷപ്പിന്റെ കൂടെ, അയാള്‍ക്കുവേണ്ടി ഗേറ്റ് തുറന്ന തക്കം നോക്കി, കുള്ളന്‍ മഠത്തിലേക്ക് ഇടിച്ചുകയറുകയാണുണ്ടായത്! അതിനുമുമ്പ് ബിഷപ്പ് മഠത്തിലേക്ക് കൊണ്ടുവന്ന വീഞ്ഞപ്പെട്ടികളിലൊന്ന് അയാളുടെ  കൈയ്യില്‍ നിന്നും കുള്ളന്‍ തട്ടിയെടുത്ത് സ്വന്തം തലയില്‍ വെച്ചു, ബിഷപ്പിന്റെ കൂടെ മഠത്തിനകത്തേയ്ക്ക് 'ചുളുവില്‍' കയറി.

തന്റെമേല്‍ ദൈവത്തിന്റെ ശ്രദ്ധ പതിയാന്‍ കുള്ളന്‍ കാത്തിരുന്നതാവണം. എല്ലാവരാലും പരിഹസിക്കപ്പെട്ട ഒരു ജീവിതത്തിന് ജീവിതംതന്നെ തിരിച്ചു കൊടുക്കുകയാകണം. അല്ലെങ്കില്‍, വിഫലമാകാവുന്ന ജീവിതത്തിന് എന്തെങ്കിലും അര്‍ത്ഥംപകരാന്‍ കഥയോളം മറ്റൊന്നില്ല എന്നാവണം. സത്യം പറഞ്ഞാല്‍, ഇക്കാലമത്രയും കുള്ളന്‍ കാത്തിരുന്നത് ഈ ദിവസത്തിനാണ് എന്നും ഇങ്ങനെയൊരു അവസരത്തിനാണ് എന്നും ഹനാന്‍ എഴുതുന്നു.    

മഠത്തിന്റെ ഉള്‍ഭാഗം ആദ്യമായി കാണുകയായിരുന്നു കുള്ളന്‍. അതാകട്ടെ, പുറംലോകത്തെ എല്ലാ കാഴ്ച്ചകളില്‍ നിന്നും വേര്‍പെട്ടുമിരുന്നു. കുള്ളനത് തീര്‍ത്തും മറ്റൊരു സ്ഥലവും കാഴ്ച്ചയുമായിരുന്നു. തന്റെ തന്നെ മറ്റൊരു ജന്മത്തെ കാണുകയായിരുന്നിരിക്കണം അയാള്‍.  

ഇപ്പോള്‍ കന്യാസ്ത്രീകള്‍ വരിയായി നിരന്നു നിന്നു. എല്ലാവരും ഒരേപോലെയായിരുന്നു. എല്ലാവരും അവരുടെ ശിരസ്സ് കുനിച്ച് പിടിച്ചിരുന്നു. എല്ലാവരും  വധുക്കളെപ്പോലെയായിരുന്നു. ചിലര്‍ അത്യധികം സുന്ദരികളും ചെറുപ്പക്കാരികളുമായിരുന്നു. അവരുടെ മുമ്പില്‍ ലോര്‍ഡ് ബിഷപ്പ് ഒരു വലിയ കറുത്ത പക്ഷിയെപ്പോലെയും നിന്നു. അല്‍പ്പം കുനിഞ്ഞ്  കന്യകമാരെ തന്റെ കൈകളില്‍ മുത്തമിടാന്‍ അനുവദിച്ചുകൊണ്ട്..

കുള്ളന് തന്റെ ശ്വാസം നിയന്ത്രിക്കാന്‍ പറ്റാതായി. എന്നല്ല, അയാള്‍ ശ്വാസം വിടുന്നതുതന്നെ ചുറ്റുമുള്ള ആര്‍ക്കും കേള്‍ക്കാവുന്ന ഒച്ചയിലുമെത്തി. ആ സമയം തന്നെത്തന്നെ ഉറ്റുനോക്കുന്ന ലോര്‍ഡ് ബിഷപ്പിനെ കുള്ളന്‍ കണ്ടു.

''ഇതാണോ ആള്‍?'' ലോര്‍ഡ് ബിഷപ്പ് ചോദിച്ചു.
കന്യാസ്ത്രീകളിലെ ഏറ്റവും മുതിര്‍ന്നയാള്‍ അതിന് മറുപടി പറഞ്ഞു:  ''അതെ, എന്റെ പ്രഭോ!''.
അത്രയും ഇഷ്ടത്തോടും വിനയത്തോടുമായിരുന്നു അവര്‍ ബിഷപ്പിനോട് അത് പറഞ്ഞത്. ലോര്‍ഡ് ബിഷപ്പ് കുള്ളന്റെ നേരെ തിരിഞ്ഞുനിന്നു.

''നിന്നെപ്പറ്റി എന്നോട് കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. നീ അനുഗ്രഹിക്കപ്പെട്ടവനാണ്. ഇവരുടെ കാര്യങ്ങള്‍ ഇനി നീ നോക്കും.''

കഥയിലെ ഉദാരമായ സ്‌നേഹത്തെപ്പറ്റി ഞാന്‍ ഇനിയും പറയുന്നില്ല. കഥ വരികളിലൂടെ പടരുന്നു. ഒരു കാലത്തെയും ഒരു ജീവിതത്തെയും കഥ   കാംക്ഷിയ്ക്കുന്നു. ഈ കഥയില്‍ കുള്ളന്‍ ക്രിസ്തുവിന്റെ തന്നെ ആളാവുകയായിരുന്നു എന്ന് നമ്മുക്ക് തോന്നും. കന്യാസ്ത്രീകള്‍ക്കും ക്രിസ്തുവിനും ഇടയിലെ ഇടനിലക്കാരനായി കുള്ളന്‍ തന്നെത്തന്നെ കാണുന്നു. കാരണം, ആ കന്യാസ്ത്രീകള്‍ അത്രമാത്രം ക്രിസ്തുവിനെ കരുതലില്‍ എടുത്തിരിക്കുന്നു.  കുരിശാരോഹിതനായ യേശുവിന്റെ പ്രതിമയ്ക്കുമുമ്പില്‍ അവര്‍ ഓരോരുത്തരായി എന്നും  മുട്ടുകുത്തുന്നു. എന്നും ആ പാദങ്ങള്‍ കഴുകുന്നു. എന്നും ആ  പാദങ്ങളില്‍ ചുംബിക്കുന്നു. അവനുമുമ്പില്‍ എന്നും മെഴുകുതിരികള്‍ കത്തിച്ചുവെയ്ക്കുന്നു. രാവും പകലും ഇല്ലാതെ അവര്‍ പ്രാര്‍ഥിക്കുന്നു. താന്‍ വായിച്ച ഒരു കഥയിലും ഒരു നോവലിലും അത്രയും സ്‌നേഹം അയാള്‍ കണ്ടിട്ടില്ല. എങ്കില്‍, ഈ കന്യാസ്ത്രീകള്‍ പ്രാര്‍ത്ഥിക്കുന്നത് എന്താണെങ്കിലും അത് നടത്തികൊടുക്കുവാന്‍ താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. കുള്ളന്‍ വിചാരിച്ചു. കുള്ളന്‍ മഠത്തിലെ എല്ലാ പണികളും ചെയ്യാന്‍ തുടങ്ങി. നിലം തൂത്തുവാരി. ചെടികള്‍ നട്ടു. അവയ്ക്ക് വെള്ളമൊഴിച്ചു. കന്യാസ്ത്രീകള്‍ക്ക് പൂക്കള്‍ പറിച്ചുസമ്മാനിച്ചു. അവര്‍ തങ്ങളുടെ കാവല്‍ക്കാരനെ സ്‌നേഹത്തോടെ നോക്കി. ചിലര്‍ കുള്ളനെ നോക്കി പുഞ്ചിരിച്ചു. പക്ഷെ,  എല്ലാവരും കുള്ളന് ഒരുപോലെ തോന്നി. അവരില്‍ ആരാണ് ജ്യോര്‍ജ്ജെറ്റ് എന്നുപോലും കണ്ടുപിടിക്കാന്‍ പറ്റാത്ത വിധത്തില്‍! എന്താന്നാല്‍, അവരെല്ലാവരും  ''ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ അവരുടെ തന്നെ ഹൃദയവും ആത്മാവും ഭക്ഷിച്ചവരായിരുന്നു''...

പിന്നെപ്പിന്നെ കുള്ളന്‍ അവരുടെ ഓരോരുത്തരുടെയും 'കിടക്കകള്‍' ശരിയാക്കി. മങ്കട്ടകള്‍ കൊണ്ടുണ്ടാക്കിയ അവരുടെ 'ബെഡ്ഡി'ല്‍  വൃത്തിയുള്ള വിരികള്‍ വിരിച്ചു.  'ക്രിസ്തുവിന് അവര്‍ പരിശുദ്ധകളാണ് എന്ന് ബോധ്യമാവേണ്ടതുണ്ട്'. കുള്ളന്‍ വിചാരിച്ചു. എങ്കിലും ആ സമയത്ത്  തന്റെ ഹൃദയത്തിന്റെ ചാട്ടം നിര്‍ത്താന്‍ കുള്ളന്‍ പാടുപെട്ടു. വിശേഷിച്ചും, നിലത്ത്  കന്യകമാരുടെ നഗ്‌നങ്ങളായ കാലടികള്‍ വളരെ പതിയെ സ്പര്‍ശിക്കുന്ന ശബ്ദം അടുത്തടുത്തു വരുമ്പോള്‍... എന്നാല്‍, കഥയുടെ അവസാനത്തിലെത്തുമ്പോള്‍  നമ്മള്‍ രണ്ട് അനുഭവങ്ങളിലേക്കാണ് ചെന്നുചേരുന്നത്. ഒരു കഥയുടെ രണ്ട് അന്ത്യങ്ങള്‍ പോലെയാണ് ഹനാന്‍ എഴുതുന്നത്. ഒരേ സമയം രണ്ടുകാഴ്ച്ചകള്‍ കാണുന്ന പോലെ നമ്മള്‍ തുടര്‍ന്നുവായിക്കുന്നു.

ഒരു ദിവസം ഏറ്റവും മുതിര്‍ന്ന കന്യാസ്ത്രീ കുള്ളനെ ഒരിടത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോവുന്നു. അവിടെ ഒരു പെട്ടിയില്‍ സൂക്ഷിച്ച, ഇപ്പോള്‍ അസ്ഥികള്‍ മാത്രമുള്ള ഒരു ശരീരം, അവര്‍ കുള്ളന് കാണിച്ചുകൊടുക്കുന്നു. അടുത്തിടെ മരിച്ച ആരുടെയോ അസ്ഥികൂടമായിരുന്നു അത്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അപ്പോഴും മാംസത്തിന്റെ അടരുകള്‍ കാണുന്നുണ്ടായിരുന്നു. അതാണ് കഥയുടെ ഒരന്ത്യം. രണ്ടാമത്തേത് കുള്ളന്റെ അമ്മയെയും സഹോദരനെയും പറ്റി പറയുന്നു. അവര്‍ മാറി മാറി കുള്ളനുവേണ്ടി, അവന്റെ മനസ്സ് മാറുന്നതും കാത്ത്, മഠത്തിന് പുറത്ത് ഗേറ്റില്‍ കാത്ത് നില്‍ക്കുകയാണ്. കുള്ളന്‍ ഇരുന്നിരുന്ന അതേ സ്ഥലത്ത് അവര്‍ എന്നും ഊഴം വെച്ച് ഇരിക്കുന്നു. എങ്കില്‍, ആ കാഴ്ച്ച കുള്ളന്‍ സങ്കല്‍പ്പിക്കുന്നതു ഇങ്ങനെയാണ്: കടുംപച്ച നിറത്തില്‍ ഇടതൂര്‍ന്നു നിന്നിരുന്ന മരങ്ങളുടെ ദിശയില്‍ നിന്ന്, കനാലില്‍ നിന്ന്, അല്ലെങ്കില്‍ എവിടെയോ ഉള്ള തരിശ് നിലത്തില്‍ നിന്ന് വന്നിരുന്ന പുഴുക്കൊത്തിയെ, അത് നിലത്തെ റൊട്ടിയുടെ പൊട്ടുംപൊടിയും തിരയുന്നത്. തന്റെ അമ്മയ്ക്കും സഹോദരനും വേണ്ടിയും അത്   വന്നിരിക്കുമോ?  കുള്ളന്‍ ചിന്തിക്കുന്നു.

ഒരു പക്ഷേ ചെറുകഥകളുടെതന്നെ രഹസ്യജീവിതമാണ് ഈ കഥ എന്ന് തോന്നും. നമ്മുടെ സകല ബോധ്യങ്ങളെയും കഥയുടെ രഹസ്യജീവിതം  പരീക്ഷിക്കുന്നു. അല്ലെങ്കില്‍, ഒരു കഥയും കഥയില്‍ സത്യമോ നുണയോ തെളിവുകളോ തേടുന്നില്ല. പകരം, വിസ്മൃതമാകാന്‍ പോകുന്ന ജീവിതത്തില്‍ നിന്ന് ചില നിമിഷങ്ങളെടുത്ത് ഓരോ കഥയും ഒരു 'ക്രമ'മുണ്ടാക്കുകയാണ്. മറന്നുപോയ ഒന്നിനെ കഥ പുനരേകീകരിക്കുകയാണ്. 'മറക്കാന്‍ പറ്റാത്ത' അവസരമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെയാണ് ചെറുകഥാകൃത്തുക്കള്‍ ദൈവത്തിന്റെ അരുമകളും പാപികളുമായി തുടരുന്നത്;സൃഷ്ടിയുടെ പങ്കുകാരായിക്കൊണ്ട്. എങ്കില്‍, ഹനാന്റെ കഥയിലെ 'കുള്ളന്‍'  ഒരു കഥാകൃത്താണ്; അയാളും മറന്നേപോയ ഒരു ജീവിതത്തിനു പിറകെ പോവുകയായിരുന്നു!

Content Highlights: Aksharamprathi, Karunakaran, Hanan al- Shayakh, Mathrubhumi